ഖബറുല്‍ ആഹാദ് : വിമര്‍ശനങ്ങളും വസ്തുതകളും

നബിചര്യ അഥവാ സുന്നത്ത് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ്. നബി ﷺ യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയാണ് സുന്നത്ത്‌ കൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ഖുര്‍ആനിന്റെ ശരിയായ വിവരണവും ഇസ്‌ലാമിന്റെ പ്രായോഗികരൂപവും വിശ്വാസികള്‍ക്ക് കിട്ടുന്നത് സുന്നത്തിലൂടെയാണ്. മൊത്തത്തില്‍ സുന്നത്ത് പ്രമാണമാണെന്ന് അംഗീകരിക്കുന്നവരില്‍തന്നെ ചിലര്‍ക്ക് ആഹാദായ ഹദീസുകളെ സംബന്ധിച്ച് വ്യത്യസ്തമായ വീക്ഷണഗതികള്‍ ഉള്ളതായി കാണാം. ആഹാദായ ഹദീസുകള്‍കൊണ്ട് ദൃഢമായ ഒരറിവ് ലഭിക്കുകയില്ലെന്നും കേവല നിഗമനങ്ങളേ അതിലൂടെ കിട്ടുകയുള്ളൂ എന്നും അതിനാല്‍ ആഹാദായ ഹദീസുകള്‍കൊണ്ട് അക്വീദ (വിശ്വാസകാര്യങ്ങള്‍) സ്ഥിരപ്പെടുകയില്ലെന്നും അതുകൊണ്ടുതന്നെ വിശ്വാസ കാര്യങ്ങള്‍ക്ക് ആഹാദായ ഹദീസുകള്‍ തെളിവാക്കാന്‍ പറ്റുകയില്ലെന്നുമാണ് മ൪കസുദ്ദഅ്വ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ചിലരുടെ വാദങ്ങളും വിമര്‍ശനങ്ങളും.

എന്താണ് ഖബര്‍ ആഹാദ്?

നബി ﷺ യുടെ ഹദീസുകള്‍ അഥവാ സുന്നത്തുകള്‍ നമുക്ക് എത്തിപ്പെട്ട റിപ്പോര്‍ട്ടുകളുടെയും നിവേദനങ്ങളുടെയും എണ്ണത്തെ അടിസ്ഥാനമാക്കി പണ്ഢിതന്മാര്‍ മൊത്തത്തില്‍ ഹദീസുകളെ രണ്ടായി തിരിച്ചിട്ടുണ്ട്:

(ഒന്ന്) കളവില്‍ ഏകോപിക്കാന്‍ സാധ്യമല്ലാത്തവിധം അസംഖ്യം പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍.

(രണ്ട്) ഒന്നോ രണ്ടോ മൂന്നോ എന്നിങ്ങനെ നിര്‍ണ്ണിതമായ പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍.

ഒന്നാമത്തേതിന് മുതവാതിറായ ഹദീസുകള്‍ എന്നാണ് സാങ്കേതിമായി പറയുന്നത്. നബിയില്‍ (സ്വ) നിന്ന് ഹദീസ് രിവായത് ചെയ്യുന്ന സ്വഹാബിമാർ തൊട്ടു ഹദീസ് രേഖപ്പെടുത്തുന്ന അവസാനത്തെ ആൾ വരെയുള്ള നിവേദക പരമ്പരയിൽ ധാരാളം റിപ്പോർട്ടർമാരുള്ള ഹദീസുകളാണ് ഇവ . എന്നാൽ മുതവാത്വിറിന്റെ അത്ര തന്നെ എണ്ണം ഇല്ലാത്ത റിപ്പോർട്ടർമാരുടെ പരമ്പരയിലൂടെ വന്ന മറ്റെല്ലാ ഹദീസുകളെയും ഉദ്ദേശിച്ചുകൊണ്ട് രണ്ടാമത്തെ ഇനത്തിന് ആഹാദായ ഹദീസുകള്‍ എന്ന് പറയുന്നു. അഥവാ മുതവാതിറല്ലാത്ത എല്ലാ ഹദീസുകള്‍ക്കും പൊതുവില്‍ പറയുന്ന പേരാണ് ‘ഖബറുല്‍ ആഹാദ്’, അല്ലെങ്കില്‍ ‘ഖബറുല്‍ വാഹിദ്’ എന്നത്. ഇത് ചിലപ്പോള്‍ ഒന്നിലധികമോ ഒരു സംഘമോ ഉദ്ദരിച്ചതാകാം. ആഹാദ് തന്നെ റിപ്പോർട്ടർമാരുടെ എണ്ണത്തിന്റെ കണക്കനുസരിച്ച് മഷ്ഹൂർ, അസീസ്‌, ഗരീബ് എന്നിങ്ങനെ വീണ്ടും തരം തിരിക്കപ്പെടുന്നുണ്ട്.

ഈ വസ്തുത അറിയാത്തതുകൊണ്ടോ ശ്രദ്ധിക്കാത്തതു- കൊണ്ടോ മലയാളത്തില്‍ എഴുതപ്പെട്ട പല വിമര്‍ശനഗ്രന്ഥങ്ങളിലും തെറ്റായ വിവരണമാണ് ഖബറുല്‍ ആഹാദിനെക്കുറിച്ച് കാണാന്‍ സാധിക്കുന്നത്. ഒരാളോ രണ്ടാളോ ആയിക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകള്‍ക്കാണ് ഏക റാവി റിപ്പോര്‍ട്ട് (ഖബറുല്‍ ആഹാദ്) എന്ന് ചിലപ്പോള്‍ പറഞ്ഞും മറ്റു ചിലപ്പോള്‍ പരമ്പരയില്‍ ഒറ്റയാള്‍ മാത്രമെ ഓരോ കണ്ണിയിലും ഉള്ളൂ എന്നും പറഞ്ഞ് ആഹാദായ ഹദീസുകളുടെ ബലത്തില്‍ സംശയം ജനിപ്പിക്കുന്ന രീതിയാണ് പലരും സ്വീകരിച്ചു കാണുന്നത്. മ൪കസുദ്ദഅ്വയുടെ ആളുകള്‍ എഴുതിയത് കാണുക:

എന്നാല്‍ പില്‍ക്കാലത്ത് വന്ന ഒറ്റപ്പെട്ട ഹദീസുകളിലൂടെ (ഖബറുല്‍ വാഹിദ്) വന്ന ഹദീസുകളെ അടിസ്ഥാനമാക്കി വ്യക്തമായ ബുദ്ധിക്ക് മനസ്സിലായ യാഥാ൪ത്ഥ്യത്തെയും ശാസ്ത്രവിജ്ഞാനത്തെയും ഉപേക്ഷിക്കേണ്ട യാതൊരു അനിവാര്യതയും ഇല്ല. (അത്തൌഹീദ് : 2003 ഏപ്രില്‍ 25)

പരമ്പരയിലെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഒരു റിപ്പോര്‍ട്ടറെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഹദീസുകള്‍ ആഹാദായ ഹദീസുകളുടെ വിവിധ രൂപങ്ങളില്‍ ഒന്നു മാത്രമാണ്. മുതവാതിറിന്റെ പരിധിയെത്താത്ത ഹദീസുകളുടെ കൂട്ടത്തില്‍ താരതമ്യേന ബലംകുറഞ്ഞ ഈ ഒരു ഇനത്തെ എടുത്തു കാണിച്ച് അതാണ് ഖബറുല്‍ ആഹാദ് എന്ന് വിശദീകരിക്കല്‍ വസ്തുതകളെ വളച്ചൊടിക്കലോ വക്രീകരിക്കലോ ആണ്. ഇത്തരം ഹദീസുകള്‍ക്ക് ഗ്വരീബായ ഹദീസുകള്‍ എന്നാണ് പറയുന്നത്. ഗ്വരീബ് എന്നത് ആഹാദായ ഹദീസുകളിലെ താരതമ്യേന ബലംകുറഞ്ഞ ഒരു ഇനം മാത്രമാണെന്നര്‍ഥം. അതുതന്നെയും പലരും പറയാറുള്ളതുപോലെ, നബി ﷺ യില്‍ നിന്ന് ഒരു സ്വഹാബി മാത്രം റിപ്പോര്‍ട്ട് ചെയ്യുക, അദ്ദേഹത്തില്‍ നിന്ന് ഒരു താബിഈ മാത്രം… ഇങ്ങനെ ഓരോ കണ്ണിയിലും ഒരാള്‍ മാത്രം വരുന്ന രീതിയുമല്ല. അതു വളരെ വിരളമാണ് ആഹാദായ ഹദീസുകളില്‍. അപ്പോള്‍ ആഹാദായ ഹദീസുകള്‍ക്ക് ‘ഏകസാക്ഷി റിപ്പോര്‍ട്ടുകള്‍’ എന്ന് വിവര്‍ത്തനം നല്‍കുന്നതും ‘പരമ്പരയില്‍ ഒറ്റ ആള്‍ മാത്രമെ ഓരോ കണ്ണിയിലും ഉള്ളൂ’ എന്ന് വിശദീകരിക്കുന്നതും വസ്തുതാപരമോ സത്യസന്ധമോ അല്ല എന്ന് സാരം.

ആഹാദായ ഹദീസുകൊണ്ട് ഖണ്ഡിതമായ അറിവ് കിട്ടുമോ?അത് വിശ്വാസ കാര്യങ്ങള്‍ക്ക് പര്യാപ്തമാണോ?

ആഹാദായ ഹദീസുകളിലൂടെ ഒരു ഖണ്ഡിതമായ അറിവ് കിട്ടുകയില്ലെന്നും ദൃഢമല്ലാത്ത ഒരറിവ് അഥവാ നിഗമനം മാത്രമെ ലഭിക്കുകയുള്ളൂ എന്നുമാണ് ഇവരുടെ ഒരു ആരോപണം. അതില്‍ സ്വഹാബത്തിന്റെ ഇജ്മാഅ് ഉണ്ടെന്നുവരെ ഇവ൪ വാദിക്കുന്നു. ഇവ൪ എഴുതിയത് കാണുക:

നബി ﷺ യുടെ സംസാരത്തില്‍ നിന്ന് നാം ഹദീസ് നേരിട്ട് കേള്‍ക്കുന്നില്ല. ഇന്ന ആള്‍ പറഞ്ഞു ഇന്ന ആളോട് ഇന്നയാള്‍ പറഞ്ഞു എന്നു തുടങ്ങുന്ന പരമ്പരയിലൂടെയാണ് നമുക്ക് ഹദീസ് ലഭിക്കുന്നത്. അതിനാല്‍ ഖബറുല്‍ വാഹിദ്(ഒറ്റപ്പെട്ട ഹദീസുകള്‍) മുഖേനെ ലഭിക്കുന്ന ഹദീസുകള്‍ കൊണ്ടും മികച്ച ഊഹം മാത്രമാണ് ലഭിക്കുന്നത്. ഉള്ള അറിവിന്റെ ഒരു ശാഖയാണെങ്കിലും ഖണ്ഢിതമായ അറിവിനെ എതി൪ക്കുവാന്‍ കഴിയില്ല, അനുഭവജ്ഞാനത്തെയും. (അത്തൌഹീദ് : 2003 ഏപ്രില്‍ പേജ് – 25)

അതേപോലെ വിശ്വാസ കാര്യങ്ങള്‍ക്ക് ആഹാദായ ഹദീസുകള്‍ പര്യാപ്തമല്ലെന്നും ഇക്കൂട്ടര്‍ പറയുന്നു. ഇവ൪ എഴുതിയത് കാണുക:

വിശ്വാസ കാര്യങ്ങള്‍ക്ക് അവലംബം ഖു൪ആനും മുതവാതിറായ ഹദീസുകളുമാണ്. (ബുഖാരി പരിഭാഷ : സലാം സുല്ലമി – 3/838 /ജിന്ന് പിശാച് സിഹ്റ് :135)

വിശ്വാസ കാര്യങ്ങള്‍ സ്ഥിരപ്പെടുവാന്‍ ഇത്തരം ഹദീഥുകള്‍(ഖബര്‍ ആഹാദ്)ക്ക് സാധ്യമല്ലെന്നു ഹദീഥ് പണ്ഡിതന്മാര്‍ ഏകോപിച്ച് പ്രഖ്യാപിക്കുന്നു. (ബുഖാരി പരിഭാഷ : സലാം സുല്ലമി)

തങ്ങളുടെ ഈ വാദം സ്ഥാപിക്കുന്നതിനുവേണ്ടി സലഫുകളില്‍ പലരും ഇതെ ആശയക്കാരായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കും വിധം സച്ചരിതരായ മുന്‍ഗാമികളില്‍ ചിലരിലേക്ക് ഈ പുത്തനാശയം ചേര്‍ത്തു പറയുന്ന രീതി കണ്ടുവരാറുണ്ട്. അത് ഗൂഢതന്ത്രവും ആരോപണങ്ങളും മാത്രമാണ്. ഈ വിഷയകമായ ചര്‍ച്ചക്കിടയില്‍ നിലവിലുള്ള വ്യത്യസ്ത വീക്ഷണങ്ങളെ അവതരിപ്പിക്കുമ്പോള്‍ അതില്‍നിന്ന് തങ്ങള്‍ക്കനുകൂലമായ ഭാഗം മാത്രം അടര്‍ത്തിയെടുക്കല്‍ വൈജ്ഞാനിക സത്യസന്ധതയും വിശ്വാസ്യതയും വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. ഇത്തരത്തിലുള്ള കൃത്രിമത്വത്തിന് ഒരു ഉദാഹരണമാണ് ചിലര്‍ മുഹമ്മദുല്‍ അമീന്‍ ഇബ്‌നുല്‍ മുഖ്താര്‍ അശ്ശന്‍ക്വീതിയുടെ(റ) പേരില്‍ എഴുതിവിട്ടത്. ‘മുദക്കിറതു ഉസ്വൂലില്‍ ഫിക്വ്ഹ്’ എന്ന ഗ്രന്ഥത്തില്‍ (പേജ് 102) അദ്ദേഹം ഈ വിഷയത്തിലെ വ്യത്യസ്ത അഭിപ്രായങ്ങളില്‍ ഒന്ന് എടുത്തു പറഞ്ഞതാണ്. തുടര്‍ന്ന് മറ്റു അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ശേഷം ആ ചര്‍ച്ച അവസാനിപ്പിക്കുന്നിടത്ത് ശൈഖ് ശന്‍ക്വീതി പറയുന്നത് കാണുക:

”അറിയുക: നിശ്ചയം ഈ വിഷയത്തില്‍ മാറ്റമില്ലാത്തതും സൂക്ഷ്മമായി സ്ഥിരീകരിച്ചതും സ്ഥിരപ്പെട്ട (സ്വഹീഹായ) ഖബറുല്‍ ആഹാദുകള്‍ മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിലും സ്വീകാര്യമാണ് എന്നുതന്നെയാണ്. അതിനാല്‍ അല്ലാഹുവിന്റെ സ്വിഫാതുകളായി (ഗുണവിശേഷണങ്ങള്‍) നബി ﷺ യില്‍നിന്ന് സ്വഹീഹായ പരമ്പരകളിലൂടെ സ്ഥിരപ്പെട്ട എല്ലാം തന്നെ അല്ലാഹുവിന്റെ പൂര്‍ണ്ണതക്കും മഹത്വത്തിനും യോജിക്കുന്ന വിധത്തില്‍ സ്ഥിരീകരിക്കല്‍ അനിവാര്യമാണ്. لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു എന്ന് അല്ലാഹു പറഞ്ഞതുപോലെ അവയെയും മനസ്സിലാക്കണം.

ഇതിലൂടെ ഇല്‍മുല്‍ കലാമിന്റെ ആളുകളും അവരെ അനുഗമിച്ചവരുമൊക്കെ വെച്ചുപുലര്‍ത്തുന്ന, ഖബറുല്‍ ആഹാദ് വിശ്വാസകാര്യങ്ങളില്‍ സ്വീകാര്യമല്ലെന്നും അത്തരം ഹദീസുകള്‍ കൊണ്ട് അല്ലാഹുവിന്റെ സ്വിഫാത്തുകളായി യാതൊന്നും സ്ഥിരപ്പെടുകയില്ലെന്നും ആഹാദായ ഹദീസുകള്‍ ദൃഢമായ അറിവ് പ്രദാനം ചെയ്യുന്നില്ലെന്നും അക്വീദക്ക് ദൃഢമായ അറിവ് അനിവാര്യമാണെന്നുമൊക്കെയുള്ള അവരുടെ ജല്‍പിത വാദങ്ങള്‍ അവലംബിക്കാന്‍ പറ്റാത്ത നിരര്‍ത്ഥകവാദമാണെന്ന് നിനക്ക് മനസ്സിലാക്കാം.” (മുദക്കിറതു ഉസ്വൂലില്‍ ഫിക്വ്ഹ് – പേജ് 105)

അബുല്‍ മുളഫ്ഫര്‍ അസ്സംആനി പറയുന്നു: ”സ്വഹീഹായ പരമ്പരയിലൂടെ നബി ﷺ യില്‍നിന്നും ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇസ്‌ലാമിക സമൂഹം അത് സ്വീകരിച്ചുവരികയും ചെയ്തിട്ടുണ്ടെങ്കില്‍ അതിലൂടെ ഖണ്ഢിതമായ അറിവ് തന്നെ കിട്ടുമെന്നാണ് സൂക്ഷ്മാലുക്കളായ ഹദീസ് പണ്ഡിതന്മാര്‍ ഒന്നടങ്കം വ്യക്തമാക്കിയിട്ടുള്ളത്. മറിച്ചുള്ള വാദഗതി ക്വദ്‌രിയ്യാക്കളും മുഅ്തസിലിയാക്കളും പടച്ചുണ്ടാക്കിയ പുത്തന്‍ വാദമാണ്.” (അല്‍ ഇന്‍തിസ്വാര്‍ ലി അഹ്‌ലില്‍ ഹദീഥ് എന്ന ഗ്രന്ഥത്തില്‍ നിന്ന്)

വാസ്തവത്തില്‍ അഹ്‌ലുസ്സുന്നയുടെ ഭൂരിഭാഗം പണ്ഢിതന്മാരും ആഹാദായ ഹദീസുകളിലൂടെ ദൃഢമായ അറിവ് ലഭിക്കും എന്ന വീക്ഷണക്കാരാണ്. മറിച്ചുള്ള ആശയം സ്വഹാബികളിലോ താബിഈങ്ങളിലോ പെട്ട ഒരാളില്‍ നിന്നുപോലും ഉദ്ധരിക്കപ്പെടുന്നില്ല. പ്രസിദ്ധരായ ഇമാമീങ്ങളില്‍ ഒരാളും ആ നിലപാടുകാരായിരുന്നില്ല. ഇമാം മാലിക്, ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, ഇമാം അഹ്മദ്, ഇമാം ഇസ്ഹാക്വ്, ഇമാം ദാവൂദ്, ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം അബൂദാവൂദ് തുടങ്ങിയ ഒരു പണ്ഡിതനും ഇത്തരം ഒരാശയം പറഞ്ഞിട്ടില്ല.

വിശ്വാസ കാര്യങ്ങള്‍ക്ക് ആഹാദായ ഹദീസുകള്‍ പര്യാപ്തമല്ലെന്ന് പറയുന്നവരോട് ചോദിക്കട്ടെ: കര്‍മ്മ കാര്യങ്ങളെയും വിശ്വാസ കാര്യങ്ങളെയും ഇങ്ങനെ വേര്‍തിരിച്ചതാരാണ്? എന്താണ് അതിന്റെ മാനദണ്ഡം? സത്യവിശ്വാസികള്‍ ആഹാദായ ഹദീസുകള്‍കൊണ്ട് ചെയ്യുന്ന ഏതൊരു കര്‍മ്മത്തിനും വിശ്വാസം അടിസ്ഥാനപരമായി ഉണ്ടെന്നല്ലേ വസ്തുത? നബി ﷺ അല്ലാഹുവില്‍നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തില്‍ പഠിപ്പിച്ച ഒരു കാര്യമാണിതെന്നും അത് അനുസരിച്ചാല്‍ അല്ലാഹു പ്രതിഫലം നല്‍കുമെന്നും വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാത്ത ആരാണ് സത്യവിശ്വാസികളില്‍ ഉള്ളത്?

ഇമാം ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു:ഈ വേർതിരിക്കൽ മുസ്‌ലിം ഉമ്മത്തിന്റെ ഇജ്‌മാഅ് കൊണ്ടുതന്നെ ബാത്വിലാണ്. വിശ്വാസപരവും കർമ്മപരവുമായ വിഷയങ്ങളിൽ അവർ ഇത്തരം ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കാറുണ്ട്. വിശേഷിച്ചു അല്ലാഹുവിനെ കുറിച്ചുള്ള വിധികൾ ഉൾക്കൊള്ളുന്ന “അല്ലാഹു ഇന്ന കാര്യം നിയമമാക്കിയിരിക്കുന്നു” ഇന്ന കാര്യം വാജിബ് ആക്കിയിരിക്കുന്നു” ഇന്ന കാര്യം അവൻ മതമായി തൃപ്തിപ്പെട്ടിരിക്കുന്നു” പോലെയുള്ളവയിൽ. അള്ളാഹുവിന്റെ ദീനും ശറഉം അവന്റെ നാമവിശേഷണങ്ങളിലേക്ക് മടങ്ങുന്നവയാണ്. സ്വഹാബത്തും താബിഉകളും തബഉതാബിഉകളും ഹദീസിന്റെയും സുന്നത്തിന്റെയും ആളുകളും വിശ്വാസ കാര്യങ്ങളിലും ഖദറുമായി ബന്ധപ്പെട്ടവയിലും അസ്‌മാഉ വ സ്വിഫാത്തുമായി ബന്ധപ്പെട്ടവയിലും മറ്റു വിധികളിലും ഇത്തരം ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കുന്നവരാണ്. കർമ്മപരമായ കാര്യങ്ങളിലല്ലാതെ, അല്ലാഹുവിനെകുറിച്ചും അസ്‌മാഉ വ സ്വിഫാത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തെളിവ് പിടിക്കാൻ പാടില്ലായെന്ന് അവരിൽ നിന്ന് ഒരാളിൽ നിന്ന് പോലും, തീരെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഈ രണ്ടു വിഷയത്തിലും (വിശ്വാസകാര്യങ്ങളും കർമ്മങ്ങളും ആയി ) വേർതിരിച്ച സലഫുകൾ എവിടെ? ഉണ്ട്, അവരുടെ സലഫുകളായി ഉള്ളത്, അല്ലാഹുവിൽ നിന്നും റസൂലിൽ നിന്നും സ്വഹാബത്തിൽ നിന്നും വന്നു കിട്ടിയതിനെ വില വെക്കാത്ത പിൽക്കാലക്കാരായ ചില മുതകല്ലിമീങ്ങളാണ്……… (അസ്സവാഇഖുൽ മുർസല)

ശൈഖ് അൽബാനി (റഹി) പറയുന്നു: വിശ്വാസപരമായ കാര്യങ്ങളിൽ ആഹാദ് ആയ ഹദീസുകൾ കൊണ്ട് തെളിവ് പിടിക്കാൻ പാടില്ല എന്നത് ആധുനികമായ ബിദ്അത്തുകളിൽ പെട്ടതാണ്. (ഹദീസുൽ ആഹാദ് ഹുജ്ജത്തുൻ ഫിൽ അഖാഇദി വൽ അഹ്‌കാം)

ഖബർ വാഹിദ് ആയ ഹദീസുകൾ സ്വഹീഹ് ആണെങ്കിൽ അഖീദക്കും അഹ്കാമിനും ഒരു പോലെ സ്വീകാര്യമാണെന്നത് ഇസ്ലാമിക പ്രമാണങ്ങള്‍ കൊണ്ടും സ്വഹാബിമാരുടെ നിലപാടുകള്‍ കൊണ്ടും തെളിയുന്നതാണ്. അതിന് രണ്ടിനുമിടയിൽ വേർതിരിക്കൽ സലഫുകൾ മനസ്സിലാക്കാത്തതാണ്. ഇക്കാര്യത്തില്‍ അഹ്’ലുസ്സുന്നയിലെ ഉലമാക്കൾക്ക് അഭിപ്രായ ഭിന്നതയെയില്ല. മുതവാതിറല്ലാത്ത ഹദീസുകൾ, അവ സ്വഹീഹാണെങ്കിൽ അഖീദയിലും അഹ്കാമിലും ഒരു പോലെ സ്വീകാര്യമാണെന്ന് ഇമാം ഇബ്നുൽ ഖയ്യിം തന്റെ الصواعق المرسلة യിൽ പത്തോളം ഇനം തെളിവുകൾ നിരത്തി സ്ഥാപിക്കുന്നുണ്ട്.

ഇമാം ഇബ്നുൽ ഖയ്യിം(റ) പറയുന്നു :

وهو انعقاد الاجماع المعلوم المتيقن على قبول هذه الأحاديث وإثبات صفات الرب تعالى بها، فهذا لا يشك فيه من له أقل خبرة بالمنقول، فإن الصحابة رضي الله عنهم هم الذين رووا هذه الأحاديث وتلقاها بعضهم عن بعض بالقبول ولم ينكرها احد منهم على من رواها، ثم تلقاها عنهم جميع التابعين من أولهم إلى آخرهم: مختصر صواعق المرسلة

ഇത്തരം ( ആഹാദായ ) ഹദീസുകൾ സ്വീകാര്യമാണെന്നതും, അവ കൊണ്ട് അല്ലാഹുവിന്റെ സ്വിഫാത്തുകൾ സ്ഥിരീകരിക്കാമെന്നതും ദൃഢമായ നിലയിൽ ഇജ്മാഉ ഉള്ള കാര്യമാണ്. പ്രമാണങ്ങളെ സംബന്ധിച്ച് ലഘുവിവരമുള്ള ആർക്കും ഇതിൽ സംശയമേയില്ല. കാരണം ഈ ഹദീസുകൾ രിവായത് ചെയ്തത് സ്വഹാബത്താണ്. അവർ പരസ്പരം തന്നെ, ഇവ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് ഇത് നിരാക്ഷേപം സ്വീകരിച്ചതുമാണ്. പിന്നീട് അവരിൽ നിന്ന് ഒന്നൊഴിയാതെ മുഴുവൻ താബിഈങ്ങളും ഇത് സ്വീകരിച്ചു. അല്ലാഹുവിന്റെ സ്വിഫാത്തുകൾ വിശ്വാസ കാര്യങ്ങളിൽ പെട്ടതാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ.

ഖബറുൽ ആഹാദായ ഹദീസുകൾ സ്വീകാര്യമാല്ലായെന്ന മുഅതസിലയുടെ വികല വാദത്തെ ഇബ്നുൽ ഖയ്യിം (റ) ശക്തമായി ഖണ്ഡിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഈ വിഷയത്തില്‍ ഇമാം ശാഫിഈ (റ) പറഞ്ഞത് കാണുക.

ഇമാം ശാഫിഈ(റ) പറയുന്നു :

ولم أحفظ عن فقهاء المسلمين أنهم اختلفوا في تثبيت خبر الواحد

മുസ്ലിം ഫുഖഹാക്കൾ, ഖബറുൽ വാഹിദ് സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിലായതായി എനിക്കറിയില്ല.(രിസാല)

ശൈഖ് അൽബാനി (റഹി) പറയുന്നു:

أنه قول مبتدع محدث، لا أصل له في الشريعة الإسلامية الغراء، وهو غريب عن هدي الكتاب وتوجيهات السنة، لم يعرفه السلف الصالح رضوان الله تعالى عليهم، ولم ينقل عن أحد منهم بل ولا خطر لهم على بال، ومن المعلوم المقرر في الدين الحنيف أن كل أمر مبتدع من أمور الدين باطل مردود ……….وإنما قال هذا القول جماعة من علماء الكلام، وبعض من تأثر بهم من علماء الأصول المتأخرين، وتلقاه عنهم بعض الكتاب المعاصرين بالتسليم دون مناقشة ولا برهان…

ഇത് പുത്തന്‍ വാദമാണ്. പവിത്രമായ ഇസ്ലാം ദീനിൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. ഖുർആനിനെയും സുന്നത്തിനെയും സംബന്ധിച്ച് ഇത് വിചിത്രമാണ്. സലഫുസ്സ്വാലിഹുകൾ ഇത് മനസ്സിലാക്കുകയോ അവരിലൊരാളിൽ നിന്ന് പോലും ഇത് രേഖപ്പെടുത്തപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അവ൪ ഇത് മനസ്സിൽ പോലും കണ്ടിട്ടില്ല. ദീനുമായി ബന്ധപ്പെട്ട മുഴുവൻ നൂതനവാദങ്ങളും തള്ളപ്പെടെണ്ടതാണ്, ഇത് ഇസ്ലാം ദീനിൽ പരക്കെ അറിയപ്പെട്ട കാര്യമാണ്…… വചനശാസ്ത്രത്തിന്റെ ആളുകളും, അവരുടെ സ്വാധീനവലയത്തിൽ പെട്ട പിൽക്കാലക്കാരായ ചില ഉസ്വൂലീ പണ്ഢിതന്മാരുമാണ് യഥാർത്ഥത്തിൽ ഈ വാദം ഉന്നയിച്ചിട്ടുള്ളത്. പ്രാമാണികത പരിശോധിക്കുകയോ, പഠനവിധേയമാക്കുകയോ ചെയ്യാതെ, ആധുനികരായ ചില എഴുത്തുകാരാണ് ഇപ്പോൾ ഇതേറ്റു് പിടിച്ചിരിക്കുന്നത്.

എന്നാല്‍ ആഹാദായ ഹദീസുകളിലൂടെ ള്വന്ന്(ഊഹം) ആണ് ലഭിക്കുക എന്ന് അഹ്‌ലുസ്സുന്നയുടെ ചില പണ്ഡിതന്മാര്‍ പറഞ്ഞത് ഖണ്ഢിതമല്ലാത്ത നിഗമനം എന്ന അര്‍ത്ഥത്തിലല്ല എന്ന് അവരുടെ വാക്കുകളും നിലപാടുകളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇമാം ഇബ്‌നു അബ്ദില്‍ ബര്‍റും ഇമാം നവവിയുമൊക്കെ പലപ്പോഴും ആഹദായ ഹദീസുകളെ അക്വീദക്ക് തെളിവാക്കിയത് അവരുടെ തന്നെ ഗ്രന്ഥങ്ങളിലൂടെ വ്യക്തമാണ്. (വിശദ വിവരത്തിന് ശൈഖ് സുലൈമാനുബ്‌നു സ്വാലിഹിന്റെ ‘മുഹമ്മദ് അമ്മാറ ഫീ മീസാനി അഹ്‌ലുസ്സുന്നഃ എന്ന ഗ്രന്ഥം, പേജ് 566 മുതല്‍ 590 വരെ കാണുക)

‘ആഹാദായ ഹദീസുകളില്‍നിന്നും ‘ള്വന്ന്’ (ഊഹം-നിഗമനം) മാത്രമെ ലഭിക്കുകയുള്ളൂ, വിശ്വാസ കാര്യങ്ങള്‍ക്ക് അത് പിന്‍പറ്റാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്’ എന്നു പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്നവര്‍ വാസ്തവത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്.

ഖുര്‍ആനും സുന്നത്തും വിലക്കിയ ‘ള്വന്ന്’ പ്രബലമല്ലാത്ത കേവല ഊഹാപോഹങ്ങളാണ്. അത് വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല യാതൊന്നിലും സ്വീകരിക്കാന്‍ പറ്റില്ലതാനും. എന്നാല്‍ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും പ്രശംസിച്ചു പറഞ്ഞതും ഊഹാപോഹങ്ങള്‍ക്കപ്പുറം അറിവും ദൃഢബോധ്യവും നല്‍കുന്ന ‘ള്വന്നി’നെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അഥവാ രണ്ടുതരം ‘ള്വന്നു’കളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒന്ന് കേവലം നിഗമനങ്ങളും ഊഹാപോഹങ്ങളും മാത്രമാണെങ്കില്‍ രണ്ടാമത്തേത് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ദൃഢബോധ്യവും സ്ഥിരീകരണവുമാണ്. അറബി ഭാഷയിലും ഈ രണ്ടു പ്രേയാഗങ്ങളും സുപരിചിതമാണ്. ആദ്യത്തേതിന് പ്രബലമല്ലാത്ത നിഗമനം (ള്വന്ന് മര്‍ജൂഹ്) എന്ന് പറയുമ്പോള്‍ രണ്ടാമത്തേതിന് പ്രബലവും ആധികാരികവുമായ നിഗമനം അഥവാ ദൃഢബോധ്യം (ള്വന്നുര്‍റാജിഹ്) എന്നാണ് പറയുക.

ദൃഢബോധ്യം എന്ന അര്‍ഥത്തില്‍ ‘ള്വന്ന്’ എന്ന പദം പ്രേയാഗിച്ചതിന് ഖുര്‍ആനില്‍നിന്ന് ചില ഉദാഹരണങ്ങള്‍ കാണുക:

إِنِّى ظَنَنتُ أَنِّى مُلَٰقٍ حِسَابِيَهْ – فَهُوَ فِى عِيشَةٍ رَّاضِيَةٍ- فِى جَنَّةٍ عَالِيَةٍ

തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു(ള്വനന്‍തു). ഞാന്‍ എന്റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്‌. അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു.ഉന്നതമായ സ്വര്‍ഗത്തില്‍. (ഖു൪ആന്‍:69/20-22)

وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُوا۟ حَتَّىٰٓ إِذَا ضَاقَتْ عَلَيْهِمُ ٱلْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوٓا۟ أَن لَّا مَلْجَأَ مِنَ ٱللَّهِ إِلَّآ إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوٓا۟ ۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ

പിന്നേക്ക് മേറ്റീവ്ക്കപ്പെട്ട ആ മൂന്ന് പേരുടെ നേരെയും (അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.) അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും (ള്വന്നൂ) ചെയ്തപ്പോള്‍. അവന്‍ വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവര്‍ ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍:9/118)

ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُوا۟ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَٰجِعُونَ

തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ (യള്വുന്നൂന) അവര്‍ (ഭക്തന്‍മാര്‍).(ഖു൪ആന്‍:2/46)

ഇവിടങ്ങളിലൊന്നും കേവല നിഗമനങ്ങള്‍, ഊഹാപോഹങ്ങള്‍ എന്ന തരത്തില്‍ ‘ള്വന്നി’ന് അര്‍ത്ഥകല്‍പന നടത്തുവാന്‍ സാധിക്കുകയില്ല തന്നെ. അതുകൊണ്ടാണ് ഭാഷയും പ്രമാണങ്ങളും മനസ്സിലാക്കിയ പണ്ഢിതന്മാര്‍ അവ രണ്ടും വേര്‍തിരിച്ച് പറഞ്ഞത്. (വിശദ വിവരത്തിന് സലീം അല്‍ഹിലാലിയുടെ ‘അല്‍അദില്ലതു വശ്ശവാഹിദ് അലാ വുജൂബില്‍ അക്വ്ദി ബി ഖബരില്‍ വാഹിദ്’ എന്ന ഗ്രന്ഥം കാണുക).

യഥാർത്ഥത്തിൽ മുഅതസില വിഭാഗക്കാരും, പ്രമാണങ്ങളെക്കാൾ ബുദ്ധിക്ക് പ്രാധാന്യം നൽകുന്ന ചില കക്ഷികളും അല്ലാതെ ഈ വാദം ഉന്നയിച്ചിട്ടില്ലായെന്നതാണ് വാസ്തവം. സ്വഹാബികളോ താബിഉകളോ വിശ്വാസ കാര്യത്തിൽ ഉള്ള ഹദീസുകൾ സ്വീകരിക്കാൻ അവ മുതവാത്വിർ ആയിരിക്കണമെന്ന നിബന്ധന വെച്ചിട്ടില്ല. അഖീദയുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ ഖബർ ആഹാദായ സനദിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖബർ ആഹാദ് ആയതിനാൽ അവ അസ്വീകാര്യമാണെന്ന് ഒരു മുഹദ്ദിസും രേഖപ്പെടുത്തിയിട്ടില്ല. എന്നല്ല, സ്വലഫുകള്‍ അഖീദയും അഹ്കാമും സ്വീകരിക്കാനായി രണ്ടു തരത്തിലുള്ള വിത്യസ്തമായ സമീപനങ്ങൾ സ്വീകരിച്ചുവെന്നതിനും യാതൊരു തെളിവുമില്ല. ചുരുക്കത്തില്‍ സച്ചരിതരായ സലഫുകളാരും ഈയൊരു ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്നില്ല, പ്രത്യുത ക്വദ്‌രിയാക്കളും മുഅ്തസിലിയാക്കളുമടങ്ങളുന്ന പില്‍ക്കാല ബിദ്ഈ ചിന്താഗതിക്കാരാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍ എന്നത് മാത്രം മതി ഈ വാദഗതിയുടെ നിരര്‍ത്ഥകത മനസ്സിലാക്കാന്‍.

ഈ വാദഗതിയുടെ പൊള്ളത്തരങ്ങള്‍

വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും നിറഞ്ഞതാണീ വാദഗതി. നബി ﷺ യുടെ അധ്യാപനങ്ങള്‍ സ്വീകരിക്കണമെന്ന് പലവുരു ആവര്‍ത്തിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിശ്വാസ-കര്‍മ്മ കാര്യങ്ങളെ തമ്മില്‍ വേര്‍തിരിക്കുകയോ സ്വീകാര്യതയുടെ വെവ്വേറെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുകയോ ചെയ്യുന്നില്ല. മറിച്ച് പ്രവാചകാധ്യാപനങ്ങള്‍ മുഴുവനും സ്വീകരിക്കുവാനാണ് ഖുര്‍ആനിന്റെ ആഹ്വാനം. ഉദാഹരണത്തിന് ചില വചനങ്ങള്‍ കാണുക.

وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ

നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. (ഖു൪ആന്‍:59/7)

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:33/36)

നബി ﷺ യുടെ സ്വഹാബികള്‍ ഒരാളുടെ നിവേദനങ്ങള്‍ തന്നെ സ്വീകരിച്ചിരുന്നു. ഒരു സംഭവം കാണുക:

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ بَيْنَا النَّاسُ بِقُبَاءٍ فِي صَلاَةِ الصُّبْحِ إِذْ جَاءَهُمْ آتٍ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَدْ أُنْزِلَ عَلَيْهِ اللَّيْلَةَ قُرْآنٌ، وَقَدْ أُمِرَ أَنْ يَسْتَقْبِلَ الْكَعْبَةَ فَاسْتَقْبِلُوهَا، وَكَانَتْ وُجُوهُهُمْ إِلَى الشَّأْمِ، فَاسْتَدَارُوا إِلَى الْكَعْبَةِ‏.‏

ഇബ്നുഉമര്‍ رَضِيَ اللَّهُ عَنْهُ നിവേദനം: ഖുബാഇല്‍ ജനങ്ങള്‍ സുബഹ് നമസ്കരിച്ച് കൊണ്ടിരിക്കുമ്പോള്‍ അവരുടെ അടുത്തു ഒരാള്‍ വന്നു പറഞ്ഞു: നിശ്ചയം ഇന്നു രാത്രിയില്‍ നബി ﷺ ക്ക്‌ ഖൂര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ കഅ്ബാലയത്തെ ഖിബ് ല: യാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അപ്പോള്‍ അവര്‍ (നമസ്കാരത്തില്‍ തന്നെ) അതിന്‍റെ നേരെ തിരിഞ്ഞു. ആദ്യം അവര്‍ ശാമിന്‍റെ നേരെ തിരിഞ്ഞാണ്‌ നമസ്കരിച്ചിരുന്നത്‌. അങ്ങനെ അവര്‍ കഅ്ബയുടെ നേരെ ചുറ്റിത്തിരിഞ്ഞു. (ബുഖാരി:403)

ഇവിടെ, അവരെ ഈ കാര്യം അറിയിച്ചത് ഒരു വ്യക്തിയായിരുന്നു. എന്നാല്‍ അവര്‍ക്കിത് അസ്വീകാര്യമായി തോന്നിയില്ല. ചുരുക്കത്തില്‍, ഹദീസുകൾ വഴി സ്വീകരിക്കപ്പെട്ട നൂറുക്കണക്കിന് മതവിധികള്‍ നിരാകരിക്കപ്പെടാനും ഇസ്‌ലാമിക ആദര്‍ശം അവ്യക്തതകളുടെ കേന്ദ്രമാക്കാനും മാത്രമേ ഇത് ഉപകരിക്കൂ.

അപ്രകാരം തന്നെ നബി ﷺ മതത്തിന്റെ പല സുപ്രധാന കാര്യങ്ങളും (വിശ്വാസ കാര്യങ്ങളടക്കം) മറ്റുള്ളവരെ അറിയിക്കാന്‍ ഒന്നോ രണ്ടോ പേരെ മാത്രം പറഞ്ഞയച്ച നിരവധി സംഭവങ്ങള്‍ ഹദീസിന്റെയും ചരിത്രത്തിന്റെയും ഗ്രന്ഥങ്ങളില്‍ കാണാം.

കര്‍മ്മങ്ങളനുഷ്ഠിക്കുവാന്‍ ആഹാദായ ഹദീസുകള്‍ പറ്റുമെന്ന് പറയുമ്പോള്‍, ആഹാദായ ഹദീസുകളില്‍ വിശ്വാസകാര്യങ്ങളും കര്‍മകാര്യങ്ങളും ഉള്‍ക്കൊള്ളുന്നവയുണ്ട്. ഉദാഹരണത്തിന് നമസ്‌കാരത്തിലെ തശഹ്ഹുദിലും മറ്റും ഖബ്‌റിലെയും നരകത്തിലെയും ശിക്ഷ, ദജ്ജാലിന്റെ ഫിത്‌ന തുടങ്ങിയ പലതില്‍ നിന്നും രക്ഷ തേടുവാന്‍ നബി ﷺ നിര്‍ദ്ദേശിക്കുന്ന ഹദീസുകള്‍. അവയനുസരിച്ച് കര്‍മ്മം ചെയ്യാം, എന്നാല്‍ അവയില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വസിക്കുവാന്‍ അവ പര്യാപ്തമല്ല എന്ന വിചിത്രമായ വാദമാണ് ഇക്കൂട്ടര്‍ക്കുള്ളത്.

ഈ വാദത്തിന്റെ പരിണിതഫലം

സ്വഹീഹായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെടുന്ന ആഹാദായ ഹദീസുകള്‍കൊണ്ട് അക്വീദ സ്ഥിരപ്പെടുകയില്ലെന്നും അതിനാല്‍ അത്തരം ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് തെളിവാക്കാന്‍ പറ്റുകയില്ലെന്നുമുള്ള വാദഗതിയിലൂടെ അപകടകരമായ പലതും വന്നുചേരുന്നു എന്നത് പലരും ചിന്തിക്കാറില്ല. ഇസ്‌ലാം മതത്തിൽ ഭൂരിഭാഗം കാര്യങ്ങളും സ്ഥിരീകരിക്കാൻ തെളിവായി സ്വീകരിച്ചത് ലഭ്യമായ ആഹാദ് ആയ ഹദീസുകളാണ്. മുതവാതിർ ആയ ഹദീസുകൾ കുറച്ച് മാത്രമേ ഉള്ളൂ. ഇസ്‌ലാമിലെ വിശ്വാസ, കർമ്മ, വിധികളുമായെല്ലാം ബന്ധപ്പെട്ടു വന്നിട്ടുള്ള ഏതാണ്ടെല്ലാ കാര്യങ്ങളിലും ആഹാദ് ആയ ഹദീസുകൾ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ഖബറുൽ ആഹാദ് ആയ ഹദീസുകൾ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പറ്റില്ലെന്ന് വരുമ്പോൾ അല്ലാഹുവിന്റെ ദീനിലെ മുക്കാൽ ഭാഗവും ഇല്ലാതാകും.

അതേപോലെ അല്ലാഹുവിനെക്കുറിച്ച് നമുക്ക് വ്യക്തമായ അറിവും വിവരണവും നല്‍കുന്ന അല്ലാഹുവിന്റെ നാമങ്ങളും ഗുണവിശേഷണങ്ങളും അവന്റെ പ്രവര്‍ത്തനങ്ങളുമൊന്നും പ്രവാചക വചനങ്ങളിലൂടെ ലഭ്യമല്ലാതാക്കുന്ന ഒരു സ്ഥിതിവിശേഷവും ഇതിലൂടെ വന്നുചേരും. അതിന് പകരം ഇത്തരം ചിന്താഗതിക്കാര്‍ക്ക് സമര്‍പ്പിക്കാനുള്ളതോ പലരുടെയും മസ്തിഷ്‌കത്തില്‍ ഉരുത്തിരിയുന്ന പലതരത്തിലുള്ള ഊഹങ്ങളും നിഗമനങ്ങളും ഭാവനകളും മാത്രമാണ്. അതാണ് വാസ്തവത്തില്‍ ഖുര്‍ആനും സുന്നത്തും ആക്ഷേപിച്ച നടേസൂചിപ്പിച്ച ‘അള്ള്വന്നുല്‍ മര്‍ജൂഹ്’ അഥവാ കേവല ഊഹാപോഹങ്ങള്‍.

അപ്രകാരം തന്നെ ഇസ്‌ലാമിക ലോകം സ്വഹാബത്തിന്റെ കാലം മുതല്‍ക്കേ തലമുറകളായി വിശ്വസിച്ചു പോന്ന പലതും ഈയൊരു ന്യായം പറഞ്ഞ് തള്ളിക്കളയുമ്പോള്‍ ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളില്‍ ആശങ്കകളുയര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുന്നു.വാസ്തവത്തില്‍ ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളില്‍ ആശങ്കകളുയര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കാനുമുള്ള ഗൂഢാലോചനയുടെ ഫലമാണ് ഇത്തരം പുത്തന്‍വാദങ്ങളെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ആ വാദഗതിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും പ്രസ്തുത വാദഗതി ആരുടെ ഉല്‍പന്നമാണ് എന്നതും ഒരുപക്ഷേ, അത് പേറിനടക്കുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല.

 

kanzululoom.com

One Response

  1. ദുർബലമായ മൗളൂആയ മുൻകറായ ഹദീസുകൾ എന്ത് കൊണ്ട് നാം മാറ്റി നിർത്തപ്പെട്ടു എന്നതിനെ കുറിച്ച് പണ്ഡിതന്മാരുടെ ഉദ്ധരിണികൾ വെച്ച് ഒരു വിഷയം പ്രതീക്ഷിക്കുന്നു.
    جزاكم الله خير الجزاء على جهودكم

Leave a Reply

Your email address will not be published. Required fields are marked *