ലാഭം കൊതിക്കുക; നഷ്ടത്തെ ഭയക്കുക

ലാഭം, നഷ്ടം എന്നീ പദങ്ങള്‍ ഏവര്‍ക്കും ഏറെ സുപരിചിതമാണ്. ഇതില്‍ ആദ്യത്തേതിനെ എല്ലാവരും ഇഷ്ടപ്പെടുന്നുവെങ്കില്‍ രണ്ടാമത്തേതിനെ പാടെ വെറുക്കുന്നു എന്നതാണ് മനുഷ്യപ്രകൃതി. ഏതു മേഖലയിലും ലാഭം കൊതിക്കാത്തവരായി ആരുണ്ട്? ഒരു വിദ്യാര്‍ഥി പഠനമേഖലയിലെ ഉയര്‍ച്ചയില്‍ ലാഭം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഏത് ഉല്‍പന്നവും ഉല്‍പാദിപ്പിക്കുന്നവരുടെയും എല്ലാ കച്ചവടക്കാരുടെയു ലക്ഷ്യവും ലാഭം തന്നെ. ലാഭം കിട്ടിയാല്‍ വലിയ സന്തോഷം. നഷ്ടം സംഭവിച്ചാല്‍ കടുത്ത സങ്കടവും.

ഇതെല്ലാം ഭൗതികമായ കാര്യങ്ങള്‍. ഇസ്‌ലാം പഠിപ്പിക്കുന്ന ഏറെ ലാഭകരമായ കച്ചവടവും കൃഷിയുമുണ്ട്. അത് ഇഹലോകത്ത് ചെയ്യേണ്ടവയാണ്. അതിന്റെ ലാഭം കിട്ടുന്നേതാ പരലോകത്തും. ഇസ്‌ലാമിക പ്രബോധനം ഇത്തരത്തില്‍ പരലോകത്ത് വമ്പിച്ച ലാഭം നേടാന്‍ കഴിയുന്ന ഒന്നാണ്. പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മകള്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. എന്നാല്‍ അവയിലെല്ലാം നേര് എത്രത്തോളമുണ്ട് എന്ന പരിശോധന ആവശ്യമാണ്. സത്യത്തിലേക്കുള്ള ക്ഷണം വിശ്വാസികളുടെ ബാധ്യതയാണ്. അതിനായുള്ള കൂട്ടായ്മയില്‍ വിശ്വാസി ഭാഗഭാക്കാവേണ്ടതുണ്ട്. ഇത്തരമൊരു ഉത്തരവാദിത്തം തന്നില്‍ അര്‍പ്പിതമാണ് എന്ന് ആദ്യം തിരിച്ചറിയണം. ഭൗതികമായ യാതൊന്നും ഈ ഉത്തരവാദിത്ത നിര്‍വഹണത്തിന് തടസ്സമായിക്കൂടാ. സമയവും സമ്പത്തും ആരോഗ്യവുമെല്ലാം ദഅ്‌വത്തിനായി ഉപയോഗിച്ചാല്‍ പരലോകവിജയമാകുന്ന ലാഭം നേടാമെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ദഅ്‌വത്തുമായി ബന്ധപ്പെട്ട് വിശുദ്ധ ക്വുര്‍ആനും പ്രവാചകവചനങ്ങളും ഉണര്‍ത്തുന്ന കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ എക്കാലഘട്ടത്തിലും ദഅ്‌വത്തിനുള്ള പ്രാധാന്യവും അതിന് ലഭിക്കുന്ന അളവറ്റ പ്രതിഫലവും നമുക്ക് വ്യക്തമാകും.

ദഅ്‌വത്ത് നരകമോചനത്തിന്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ‎﴿١٠﴾‏ تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ‎﴿١١﴾‏ يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ وَمَسَٰكِنَ طَيِّبَةً فِى جَنَّٰتِ عَدْنٍ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ‎﴿١٢﴾

സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതത്രെ മഹത്തായ ഭാഗ്യം. (ഖുര്‍ആൻ:61/10-12)

അല്ലാഹുവിലും റസൂലിലും വിശ്വസിക്കുക, സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും റബ്ബിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുക തുടങ്ങിയ ‘കച്ചവട’ത്തിന് ലഭിക്കുന്ന ലാഭം നരകത്തില്‍നിന്നു രക്ഷയും പാപങ്ങള്‍ പൊറുക്കപ്പെടലും സ്വര്‍ഗപ്രവേശവുമാണെന്ന് ഈ സൂക്തങ്ങള്‍ അറിയിക്കുന്നു.

ശൈഖ് നാസ്വിറുസ്സഅദി رحمه الله ഈ വചനങ്ങളുടെ വിശദീകരണത്തില്‍ പറയുന്നു: വിശ്വസിക്കേണ്ട കാര്യങ്ങളില്‍ അല്ലാഹു കല്‍പിച്ചതുപോലെ ഉറച്ചു വിശ്വസിക്കലും അവയവങ്ങള്‍കൊണ്ട് (പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍) പ്രവര്‍ത്തിക്കലും വിശ്വാസത്തിന്റെ പൂര്‍ണതയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ പെട്ടതാണ്. അല്ലാഹുവിന്റെ ദീനിനെ സഹായിക്കുക, അവന്റെ വചനത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിന്റെ ശത്രുക്കളെ പ്രതിരോധിക്കാന്‍ നിങ്ങളുടെ ശരീരവും സമ്പത്തും നിങ്ങള്‍ ചെലവഴിക്കുക. (തഫ്‌സീറുസ്സഅദി, പേജ്: 1014)

إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ

അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. (ഖുർആൻ:49/15)

ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ശൈഖ് സഅദി رحمه الله പറയുന്നു: ഈമാനും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദും ഒരുമിപ്പിച്ച് ഒരാള്‍ ശത്രുവിനോട് പോരാടിയാല്‍ അവന്റെ ഹൃദയത്തിലുള്ള വിശ്വാസത്തിന്റെ പൂര്‍ണതയെ അത് അറിയിക്കുന്നു. (തഫ്‌സീറുസ്സഅദി, പേജ് 947).

ആദര്‍ശരംഗത്ത് വന്‍വീഴ്ചകള്‍ പറ്റിയ പല വിഭാഗവും നമ്മുടെ നാട്ടിലുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോടുമാത്രം പ്രാര്‍ഥിക്കുക എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമാണ്. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ശിര്‍ക്ക് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍… ഇസ്‌ലാമിനെ കേവല രാഷ്ട്രീയ പ്രസ്ഥാനമായി കാണുന്നവര്‍… പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചും പരിഹസിച്ചും നടക്കുന്നവര്‍… എല്ലാവരും അവകാശപ്പെടുന്നത് തങ്ങള്‍ സത്യസന്ധമായി ദഅ്‌വത്ത് ചെയ്യുന്നവരാണ് എന്നാണ്. എന്നാല്‍ യഥാര്‍ഥ ഈമാനിന്റെ അഭാവത്തില്‍ അതിനൊന്നും യാതൊരു വിലയുമില്ലെന്നാണ് ഉപരിസൂചിത ആയത്തുകള്‍ പഠിപ്പിക്കുന്നത്.

ദഅ്‌വത്ത് ശാശ്വത നഷ്ടത്തില്‍നിന്ന് രക്ഷനേടാന്‍

وَٱلْعَصْرِ ‎﴿١﴾‏ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ‎﴿٢﴾‏ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ‎﴿٣﴾‏

കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (ഖുർആൻ:103/1-3)

ശൈഖ് സഅദി رحمه الله ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ആദ്യത്തെ രണ്ടു കാര്യങ്ങള്‍ മനുഷ്യന്‍ അവനുവേണ്ടി പൂര്‍ത്തിയാക്കണം. അവസാനത്തെ രണ്ടുകാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പൂര്‍ത്തിയാക്കണം. ഈ നാലു കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ മനുഷ്യന്‍ നഷ്ടത്തില്‍നിന്ന് രക്ഷപ്പെടുകയും മഹത്തായ ലാഭംകൊണ്ട് വിജയിക്കുകയും ചെയ്യും. (തഫ്‌സീറുസ്സഅദി, പേജ്: 1103).

പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യം

പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത് അവര്‍ നിയോഗിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രബോധനം നടത്താനാണ്. സ്വര്‍ഗം നേടാനുള്ള മാര്‍ഗം, നരകത്തില്‍ അകപ്പെടാതിരിക്കാനുള്ള കാര്യങ്ങള്‍, സ്രഷ്ടാവിനെ മാത്രം ആരാധിക്കേണ്ടതിന്റെ അനിവാര്യത തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങളാണ് പ്രവാചകന്മാരഖിലവും പ്രഥമമായി പ്രബോധനം ചെയ്തത്. ‘എന്റെ സമൂഹമേ, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുക; അവനില്‍ യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്’ എന്ന് എല്ലാ നബിമാരും ജനങ്ങളെ ഉണര്‍ത്തി.

നൂഹ്‌നബി عليه السلام

قَالَ يَٰقَوْمِ إِنِّى لَكُمْ نَذِيرٌ مُّبِينٌ ‎﴿٢﴾‏ أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ ‎﴿٣﴾‏ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ ‎﴿٤﴾‏ قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا ‎﴿٥﴾‏ فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًا ‎﴿٦﴾

അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധിവരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടിക്കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു.എന്നിട്ട് എന്റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു. (ഖുർആൻ:71/2-6)

950 വര്‍ഷക്കാലം നൂഹ് നബി عليه السلام ദഅ്‌വത്ത് നടത്തി. വിമര്‍ശനങ്ങളും എതിര്‍പ്പുകളും പരിഹാസങ്ങളുമൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല.

ഇബ്‌റാഹീം عليه السلام

قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًٔا ‎﴿٤٢﴾‏ يَٰٓأَبَتِ إِنِّى قَدْ جَآءَنِى مِنَ ٱلْعِلْمِ مَا لَمْ يَأْتِكَ فَٱتَّبِعْنِىٓ أَهْدِكَ صِرَٰطًا سَوِيًّا ‎﴿٤٣﴾

അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തുടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. (ഖുർആൻ:19/42-43)

ഭരണാധികാരിയും സ്വപിതാവും അദ്ദേഹത്തിനെതിരായി. കടുത്ത പരീക്ഷണങ്ങള്‍. പക്ഷേ, അദ്ദേഹം റബ്ബിലേക്ക് ക്ഷണിക്കുന്നതില്‍നിന്ന് പിന്‍മാറിയില്ല.

ഈസാ നബി عليه السلام

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّـۧنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَٰهِرِينَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക. മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്‌റാഈല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു. (ഖുർആൻ:61/64)

ഇതിന്റെ വിശദീകരണത്തില്‍ ഇബ്‌നുകഥീര്‍ رحمه الله  പറയുന്നു:

يقول تعالى آمرا عباده المؤمنين أن يكونوا أنصار الله في جميع أحوالهم ، بأقوالهم ، وأفعالهم ، وأنفسهم ، وأموالهم ، وأن يستجيبوا لله ولرسوله ، كما استجاب الحواريون لعيسى حين قال

അല്ലാഹു വിശ്വാസികളായ തന്റെ അടിമകളോട് കല്‍പിക്കുന്നു; അവരുടെ എല്ലാ അവസ്ഥകളിലും വാക്കുകള്‍ കൊണ്ടും പ്രവൃത്തികൊണ്ടും ശരീരംകൊണ്ടും സമ്പത്ത്‌കൊണ്ടും അല്ലാഹുവിന്റെ സഹായികളായിത്തീരാനും ഈസാനബി عليه السلام യുടെ സഹായികള്‍ വിളിക്ക് ഉത്തരം നല്‍കിയപോലെ അല്ലാഹുവിന്റെയും റസൂലിന്റെയും വിളിക്ക് ഉത്തരം നല്‍കാനും. (ഇബ്‌നുകഥീര്‍ 4/430).

ശൈഖ് നാസ്വിറുസ്സഅദി رحمه الله  പറയുന്നു:അതായത് വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും. അത് അല്ലാഹുവിന്റെ ദീന്‍ നിലനിര്‍ത്തലും നിലനിര്‍ത്താനുള്ള ആഗ്രഹവും മറ്റുള്ളവര്‍ക്ക് അത് എത്തിച്ചുകൊടുക്കലുമാണ്. ശരീരംകൊണ്ടും സമ്പത്ത്‌കൊണ്ടും അതിന്റെ ശത്രുക്കളോട് പോരാടലുമാണ്. ഒരാള്‍ മതത്തിന്റെ തെളിവുകളെ തള്ളിക്കളഞ്ഞ്, സത്യത്തെ എതിര്‍ത്ത് തനിക്കുണ്ടെന്ന് വാദിക്കുന്ന അറിവുകൊണ്ട് നിരര്‍ഥകതയെ സഹായിച്ചാല്‍ അവനെ സൂക്ഷിക്കണം. അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ ചര്യയും പഠിക്കലും അതിന് പ്രേരണ നല്‍കലും നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും അല്ലാഹുവിന്റെ ദീനിനെ സഹായിക്കലാണ്. (തഫ്‌സീറുസ്സഅദി, പേജ് 1015)

മുഹമ്മദ് നബി ﷺ

قُلْ هَٰذِهِۦ سَبِيلِىٓ أَدْعُوٓا۟ إِلَى ٱللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِى ۖ وَسُبْحَٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ

(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ. (ഖുർആൻ:12/108)

ശൈഖ് സഅദി رحمه الله  പറയുന്നു: അതായത് ഞാന്‍ ക്ഷണിക്കുന്നതായ എന്റെ വഴി. അത് അല്ലാഹുവിലേക്കും സ്വര്‍ഗത്തിലേക്കും എത്തിക്കുന്ന വഴിയാണ്. അടിമകള്‍ക്ക് അവരുടെ റബ്ബിലേക്ക് എത്താനുള്ള പ്രേരണയും താല്‍പര്യവും ഞാന്‍ നല്‍കുന്നു…(തഫ്‌സീറുസ്സഅദി, പേജ് 470)

يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَٰكَ شَٰهِدًا وَمُبَشِّرًا وَنَذِيرًا ‎﴿٤٥﴾‏ وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًا مُّنِيرًا ‎﴿٤٦﴾‏

നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്. (ഖുർആൻ:33/45-46)

തങ്ങളാല്‍ കഴിയുന്ന നിലക്ക് ദഅ്‌വത്ത് നടത്തേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും അറിയിക്കുന്ന ഒരു ഹദീസ് കാണുക:

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ مَا مِنْ نَبِيٍّ بَعَثَهُ اللَّهُ فِي أُمَّةٍ قَبْلِي إِلاَّ كَانَ لَهُ مِنْ أُمَّتِهِ حَوَارِيُّونَ وَأَصْحَابٌ يَأْخُذُونَ بِسُنَّتِهِ وَيَقْتَدُونَ بِأَمْرِهِ ثُمَّ إِنَّهَا تَخْلُفُ مِنْ بَعْدِهِمْ خُلُوفٌ يَقُولُونَ مَا لاَ يَفْعَلُونَ وَيَفْعَلُونَ مَا لاَ يُؤْمَرُونَ فَمَنْ جَاهَدَهُمْ بِيَدِهِ فَهُوَ مُؤْمِنٌ وَمَنْ جَاهَدَهُمْ بِلِسَانِهِ فَهُوَ مُؤْمِنٌ وَمَنْ جَاهَدَهُمْ بِقَلْبِهِ فَهُوَ مُؤْمِنٌ وَلَيْسَ وَرَاءَ ذَلِكَ مِنَ الإِيمَانِ حَبَّةُ خَرْدَلٍ.

ഇബ്‌നുമസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്കു മുമ്പ് നിയോഗിക്കപ്പെട്ട എല്ലാ നബിമാര്‍ക്കും അവരുടെ സമുദായത്തില്‍നിന്നും അവരുടെ കല്‍പനകളെ അനുസരിക്കുകയും ചര്യ പിന്‍പറ്റുകയും ചെയ്യുന്ന ഹവാരിയ്യുകളും കൂട്ടാളികളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ക്കുശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്‍പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തലമുറ ഉടലെടുത്തു. അവരോട് ആെരങ്കിലും കൈകൊണ്ട് സമരം നടത്തിയാല്‍ അവന്‍ വിശ്വാസിയാണ്. ഹൃദയംകൊണ്ട് സമരം നടത്തുന്നവനും വിശ്വാസിയാണ്. അതിനപ്പുറം കടുക്മണിയോളം ഈമാനില്ല. (മുസ്‌ലിം)

ദഅ്‌വത്ത് വിശ്വാസികളിലൂടെ നിലനില്‍ക്കേണ്ടത്

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. (ഖു൪ആന്‍:3/104)

ശൈഖ് സഅദി رحمه الله  പറയുന്നു:അല്ലാഹുവിന്റെ സൃഷ്ടികളെ അവന്റെ ദീനിലേക്ക് വഴിനടത്തുന്ന, അവന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രതിരോധസംഘം നിങ്ങളില്‍നിന്ന് ഉണ്ടാകട്ടെ എന്ന, വിശ്വാസികള്‍ക്കുള്ള നിര്‍ദേശമാണിത്. ഇതില്‍ പണ്ഡിതരും മതം പഠിപ്പിക്കുന്നവരും ഇതര മതസ്ഥരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നവരും ഉപദേശകരും വ്യതിയാനം സംഭവിച്ചവരെ യാഥാര്‍ഥ്യത്തിലേക്ക് വിളിക്കുന്നവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവരും ഉള്‍പെടുന്നു. (തഫ്‌സീറുസ്സഅദി, പേജ് 149)

وَٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ سَيَرْحَمُهُمُ ٱللَّهُ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. (ഖു൪ആന്‍:9/71)

عَنْ أَبُو سَعِيدٍ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ‏

അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പറയുന്നത് ഞാൻ കേട്ടു: നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധകാര്യം കണ്ടാല്‍ തന്റെ കൈകൊണ്ട് അതിനെ തടയട്ടെ. അതിന് സാധ്യമല്ലെങ്കില്‍ തന്റെ നാവുകൊണ്ട്. അതിനും സാധ്യമല്ലെങ്കില്‍ ഹൃദയം കൊണ്ട്. അത് ഈമാനിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാണ്. (മുസ്‌ലിം)

ദഅ്‌വത്ത് നടത്തുന്നവന്‍ ഏറ്റവും നല്ല വാക്ക് പറയുന്നവന്‍

وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ

അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ ഉത്തമമായ വാക്ക് പറയുന്നവന്‍ ആരുണ്ട്? (ഖുർആൻ:41/33)

നബി ﷺ പറഞ്ഞു: ഒരു നല്ല കാര്യത്തിന് പ്രേരണ നല്‍കുന്നവന്ന് അത് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം പോലുള്ളത് ഉണ്ടായിരിക്കും. (മുസ്‌ലിം)

ഈ പ്രാധാന്യം ഉള്‍ക്കൊണ്ടായിരിക്കണം പ്രബോധനം നടത്തേണ്ടത്. ആദര്‍ശം കൈവിട്ടും ആദര്‍ശത്തിനെതിരായും നടത്തുന്ന ദഅ്‌വത്ത് ഒരിക്കലും യഥാര്‍ഥ ദഅ്‌വത്താകില്ല എന്നും മനസ്സിലാക്കുക.

 

അജ്മല്‍ കോട്ടയം, ജാമിഅ അല്‍ഹിന്ദ്

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *