ഇസ്ലാമിൽ പന്നിമാംസം നിഷിദ്ധം

പന്നി മാംസത്തെ ഇസ്ലാം നിഷിദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഖുർആനിന്റ ഖണ്ഡിതമായ നിയമമാണിത്. അല്ലാഹു പറയുന്നു:

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. (ഖുർആൻ:2/173)

‏ قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ

(നബിയേ) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:6/145)

പന്നിമാംസം വിരോധിച്ചതിന് പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ല. ഇവിടെ ‘അതിനു കാരണം അതു മ്ലേച്ഛമാണ്’ (فَإِنَّهُ رِجْسٌ) എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു. പന്നിമാംസം കഴിക്കുന്നവര്‍ക്കു അതു ഒരു ആസ്വാദ്യ വസ്‌തുവായി തോന്നാമെങ്കിലും അത് രോഗാംശം കലര്‍ന്നതാണെന്ന് പല വൈദ്യ വിശാരദന്മാരും സമ്മതിച്ചതാണ്‌. ഒരു പക്ഷെ, പ്രസ്‌തുത രോഗാംശങ്ങളെ പരിശോധിച്ച് നീക്കം ചെയ്‌വാന്‍ ഏതെങ്കിലും ശാസ്‌ത്രീയ പരിഹാരം ഉണ്ടെന്നു വന്നാല്‍ തന്നെയും അതൊരു മ്ലേച്ഛ വസ്‌തുവാണെന്ന്‌ അതിനെപറ്റി മനുഷ്യരെക്കാള്‍ അറിയുന്നവനായ സൃഷ്‌ടാവ് പറയുമ്പോള്‍ – ആ മ്ലേച്ഛതയെക്കുറിച്ച് നമുക്കു വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ കഴിയാതിരുന്നാല്‍ തന്നെയും – അതില്‍ നമുക്കു അജ്ഞാതമായ ചില ദോഷവശങ്ങളുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്‌. കാഷ്‌ടങ്ങള്‍ തുടങ്ങിയ മ്ലേച്ഛ വസ്‌തുക്കള്‍ തിന്നുക പതിവാക്കിയ മറ്റൊരു മൃഗത്തെ പന്നിയെപ്പോലെ വേറെ കാണുവാന്‍ പ്രയാസം. അതോടുകൂടി മ്‌ളേച്ഛത ശരീരാരോഗ്യത്തെ ബാധിക്കുന്നത് തന്നെയാവണമെന്നില്ല താനും. സ്വഭാവ വികാരാദികളെ ദുഷിപ്പിക്കുന്ന വല്ല ദോഷങ്ങളും ആയിരിക്കുവാനും സാധ്യതയുണ്ട്‌. ഇതിനുദാഹരണമായി ചില പണ്ഡിതന്മാര്‍ ചിലതൊക്കെ ചൂണ്ടിക്കാട്ടാതെയുമില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ :6/145 ന്റെ വിശദീകരണം)

മതത്തിന്റെയും മനുഷ്യപ്രകൃതിയുടെയും കണ്ണിൽ മോശമായിത്തീരുന്നതിനെ രിജ്‌സ് (رِجْسٌ) അഥവാ മ്ലേച്ഛം എന്ന് പറയാവുന്നതാണ്. പന്നിമാംസം എന്തുകൊണ്ട് ഇസ്ലാം നിഷിദ്ധമാക്കി എന്നതിന് ഈയൊരു ന്യായം തന്നെ മതിയാകുന്നതാണ്. ചില ഭക്ഷണപാനീയങ്ങളെ നിഷിദ്ധമാക്കിയതിലുള്ള പൊതുവായ യുക്തി വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുള്ളത് ഇങ്ങനെയാണ്:

وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَٰٓئِثَ

നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. (ഖുർആൻ:7/157)

ഇതേ യുക്തി തന്നെയാണ് പന്നിമാംസം നിഷിദ്ധമാക്കിയതിലും ഉള്ളത്. ഇസ്ലാമിക ശരീഅത്തിന്റെ കണ്ണിൽ പന്നിമാംസം ‘ചീത്ത വസ്തുക്കൾ’ എന്ന വകുപ്പിലാണ് എണ്ണപ്പെടുന്നത് എന്നർത്ഥം. മനുഷ്യന്റെ ആരോഗ്യത്തിലോ സമ്പത്തിലോ സ്വഭാവത്തിലോ സാരമായ വിപത്ത് ഉണ്ടാക്കുന്ന എന്തിനെയും ഈ അടിസ്ഥാനത്തിൽ ചീത്ത വസ്തുക്കൾ എന്ന് വിവക്ഷിക്കാം. ഏതെങ്കിലുമൊരു മേഖലയിൽ മോശമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന എന്തും ചീത്ത വസ്തുക്കൾ എന്ന പൊതു പരിഗണനയിലാണ് ഉൾപ്പെടുക.

മറ്റ് ജന്തുക്കളെ അപേക്ഷിച്ച് മനുഷ്യ ശരീരത്തിന് കൂടുതൽ അപകടം വരുത്തുന്ന ഉപദ്രവകാരികളായ അണുക്കളെ വഹിക്കുന്നത് പന്നിയാണെന്ന് ആധുനിക വൈദ്യശാസ്ത്ര പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുള്ളതാണ്. പാരാസൈറ്റിക് രോഗങ്ങൾ, ബാക്ടീരിയ രോഗങ്ങൾ, വൈറസ് രോഗങ്ങൾ, ഇതര പകർച്ചവ്യാധികൾ തുടങ്ങിയ സാരമായ വിപത്തുകൾ വരുത്തുന്ന രോഗാണുക്കളാണ് അവയിൽ ഭൂരിഭാഗവും.

പന്നി മുഖേനെ ഇതും ഇതുപോലെയുള്ള മറ്റു രോഗങ്ങളും ഉണ്ടാകാമെന്ന് വൈദ്യശാസ്ത്ര ഗവേഷണം അറിയിക്കുന്നത്, സർവ്വജ്ഞനായ റബ്ബ് പന്നിമാംസം ഭക്ഷിക്കുന്നത് നിഷിദ്ധമാക്കിയതിൽ മഹത്തായ യുക്തി അടങ്ങിയിട്ടുണ്ടെന്ന് തന്നെയാണ്. അതെ, നിർബന്ധമായും പരിരക്ഷിക്കപ്പെടണമെന്ന് മതം അനുശാസിക്കുന്നു. അതിസുപ്രധാന കാര്യങ്ങളിൽ ഒന്നായ ശാരീരികാരോഗ്യത്തിന്റെ പരിപൂർണ്ണ സുരക്ഷ തന്നെയാകണം അതിലടങ്ങിയ യുക്തി. الله أعلم

لَحْمَ خِنْزِيرِ (പന്നിമാംസം) സാധാരണ നിലക്ക് ഭക്ഷിക്കപ്പെടാറുള്ള മാംസമായതുകൊണ്ട് മാംസം എന്ന് പറഞ്ഞുവെങ്കിലും പന്നിയുടെ എല്ല് മുതലായ അംശങ്ങളും വിരോധിക്കപ്പെട്ടതു തന്നെ. (അമാനി തഫ്സീ൪ – ഖു൪ആന്‍ :2/173 ന്റെ വിശദീകരണം)

പന്നിമാംസമാണെന്ന് അറിയാതെ ഒരാൾ അത് കഴിച്ചു. അതിന് എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?

ലജ്നത്തുദ്ദാഇമയുടെ ഒരു ഫത്വയിൽ ഇപ്രകാരം കാണാം:

لا يلزمه شيء تجاه ذلك ولا حرج عليه؛ لكونه لا يعلم أنه لحم خنزير، وإنما يلزمه التحري والحذر في المستقبل. وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.

സംഭവിച്ച് പോയതിൽ ഇനിയൊന്നും ചെയ്യേണ്ടതില്ല. പന്നിമാംസമാണെന്ന് അറിയാതെ കഴിച്ചത് കൊണ്ട് പ്രശ്നമില്ല. ഇനിയൊരിക്കലും അങ്ങനെ ഉണ്ടാകാതിരിക്കാൻ അയാൾ ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യണം. (ലജ്നത്തുദ്ദാഇമ)

പന്നിയുടെ കൊഴുപ്പ് ചേർത്തുണ്ടാക്കിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതിന്റെ വിധിയെന്താണ്? ക്രീമിലോ ടൂത്ത് പേസ്റ്റിലോ പന്നിയുടെ കൊഴുപ്പുണ്ടെങ്കിൽ, അവ ഉപയോഗിക്കാമോ?

സഊദി അറേബ്യയുടെ ഔദ്യോഗിക പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:

إذا تأكد المسلم أو غلب على ظنه أن لحم الخنزير أو شحمه أو مسحوق عظمه دخل منه شيء في طعام أو دواء أو معجون أسنان أو نحو ذلك – فلا يجوز له أكله ولا شربه ولا الادهان به، وما يشك فيه فإنه يدعه؛ لقوله – صلى الله عليه وسلم – : دع ما يريبك إلى ما لا يريبك.

ഭക്ഷണം, മരുന്ന്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയിൽ പന്നിയുടെ ഇറച്ചിയോ കൊഴുപ്പോ അതിന്റെ എല്ലുപൊടിയോ ഒക്കെ അടങ്ങിയിട്ടുണ്ടെന്ന് ഒരു മുസ്‌ലിമിന് ഉറപ്പുണ്ടെങ്കിൽ അയാൾ അത് കഴിക്കാനോ കുടിക്കാനോ പുരട്ടാനോ പാടില്ല. മേൽപറഞ്ഞ വസ്തുക്കൾ അടങ്ങിയിട്ടുണ്ടാവാൻ കൂടുതൽ സാധ്യത തോന്നുന്നുണ്ടെങ്കിലും, അവ ഉപയോഗിക്കരുത്. ഇനി, ഒരു വസ്തുവിൽ പന്നിയുടെ എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ എന്ന സംശയമാണുള്ളതെങ്കിലും, അത് ഒഴിവാക്കുക. കാരണം, സംശയമുള്ളത് ഒഴിവാക്കിയിട്ട് സംശയമില്ലാത്തത് എടുക്കാനാണ് നബി ﷺ പറഞ്ഞത്. (തിർമിദി: 2518) (https://bit.ly/3ABV6Bp)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *