രോഗികള്‍ സന്തോഷിക്കുക

ഒരാള്‍ക്ക് ഏതെങ്കിലും രോഗം ബാധിച്ചാല്‍പിന്നെ അയാള്‍ ആകെ നിരാശനും ദുഖിതനുമായിട്ടാണ് പൊതുവേ കാണപ്പെടാറുള്ളത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും രോഗം ബാധിക്കുന്നത് ഒരു പരീക്ഷണമായിക്കൊണ്ടാണെന്ന് ഒരുവേള അതൊരു അനുഗ്രഹമായിക്കൊണ്ടാണെന്നുള്ള വസ്തുത നാം അറിഞ്ഞിരിക്കേണ്ടതാണ്.

ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അഥവാ ഈ ജീവിതം സുഖദുഖ സമ്മിശ്രമാണ്. ചിലയാളുകളെ അല്ലാഹു സമ്പത്ത് നല്‍കി പരീക്ഷിക്കുന്നു. മറ്റ് ചിലരെ സമ്പത്ത് നല്‍കാതെ പരീക്ഷിക്കുന്നു. അതേപോലെ ചിലരെ അല്ലാഹു രോഗം നല്‍കിയും മറ്റ് ചിലരെ ആരോഗ്യം നല്‍കിയും പരീക്ഷിക്കുന്നു.അഥവാ ഇവിടെ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്ന്‍ പരിശാധിക്കുന്നതിന് വേണ്ടിയാണ് ഐഹിക ജീവിതം അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ആ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നത്.

ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)

ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ

….ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35)

ഒരാളുടെ വിശ്വാസത്തിന്റെ ആഴമളക്കുന്നതിനും ദൈവവിധിയിലുളള അവന്റെ കാഴ്ചപ്പാട് പരിശോധിക്കുന്നതിനും വേണ്ടി അല്ലാഹു മനുഷ്യരെ പലവിധ രോഗങ്ങൾകൊണ്ടും പരീക്ഷിച്ചേക്കാം. ആരെങ്കിലും തന്നെ ബാധിക്കുന്ന രോഗങ്ങളെ ക്ഷമാപൂർവം നേരിട്ടാൽ അതുമൂലം അവന് തന്റെ പാപങ്ങളിൽനിന്ന് മുക്തിനേടാനും പരലോകത്തുവച്ച് അല്ലാഹുവിന്റെ പ്രതിഫലം കരസ്ഥമാക്കാനും സാധിക്കും. എന്നാൽ മാറാരോഗങ്ങളുടെ പിടിയിലകപ്പെട്ടവർ വിധിയെ പഴിച്ചും മറ്റുളളവരെ പഴിചാരിയും കഴിഞ്ഞുകൂടിയാൽ തങ്ങളുടെ രോഗം ശമിപ്പിക്കാനോ വിധിയെ തിരുത്തിക്കുറിക്കാനോ അവർക്കാവുകയില്ല. തന്നെയുമല്ല, ഈലോകത്ത് അവരുടെ ജീവിതം നരകതുല്യമായിത്തീരുകയും അവർ ദൈവകോപത്തിന് പാത്രമാവുകയും ചെയ്യും.

രോഗം ബാധിക്കുന്നത് ഒരുവേള അനുഗ്രഹമാണെന്ന് പറഞ്ഞത് എങ്ങനെയാണെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യരെന്ന നിലക്ക് നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങളൊക്കെ സംഭവിക്കാം. എന്നാല്‍ ഇതൊക്കെ പൊറുത്തു കിട്ടിയാല്‍ മാത്രമേ നമ്മുടെ സ്വ൪ഗ്ഗ പ്രവേശനം സാധ്യമാകുകയുള്ളൂ. ഒരാള്‍ക്ക് രോഗം ബാധിക്കുമ്പോള്‍ അവന്‍ ക്ഷമ അവലംബിക്കുകയാണെങ്കില്‍ അവന്റെ പാപങ്ങളൊക്കെ പൊറുത്തു കിട്ടും.അല്ലാഹു ഈ പാപങ്ങളൊക്കെ പൊറുത്തു തരുന്നതിന് വേണ്ടിയായിരിക്കാം നമുക്ക് ഈ രോഗങ്ങളൊക്കെ തന്നിട്ടുള്ളത്. അതേ, ഈ രോഗം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അതേപോലെ എന്റെ ജീവിതത്തിലെ പാപങ്ങളെല്ലാം പൊറുത്തു തരുന്നതിന് വേണ്ടിയാണ് അല്ലാഹു ഈ രോഗങ്ങളൊക്കെ തന്നതെന്ന് വിശ്വസിക്കുമ്പോള്‍ മാത്രമാണ് നമുക്ക് നിരാശ വരാതെ ക്ഷമ അവലംബിക്കാന്‍ കഴിയുന്നത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ لا يزال البلاء بالمؤمن في نفسه وولده وماله حتى يلقى الله وما عليه خطيئة

നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തന്റെ ശരീരത്തിലും സമ്പത്തിലും സന്തതികളിലും പരീക്ഷണമുണ്ടായിക്കൊണ്ടേയിരിക്കും. അയാള്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ. അപ്പോള്‍ അയാള്‍ക്ക് യാതൊരു തെറ്റുമുണ്ടാകില്ല.(മുസ്നദ് അഹ്മദ്)

നബി(സ്വ) പറഞ്ഞു: പരീക്ഷണം ഒരു അടിമയില്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അങ്ങനെ അയാള്‍ ഭൂമിക്ക് ഉപരിയില്‍ സഞ്ചരിക്കുമ്പോള്‍ ഒരു പാപം പോലും അയാള്‍ക്കുണ്ടാകില്ല. (മുസ്നദ് അഹ്മദ്)

നബി(സ്വ) പറഞ്ഞു: വിശ്വാസിക്കുണ്ടാകുന്ന തലവേദന അല്ലെങ്കില്‍ അവന് ഏല്‍ക്കുന്ന ഒരു മുള്ള് അതുമല്ല അവന് ഉപദ്രവമായി ഭവിക്കുന്ന വല്ലതും ഇവ കാരണത്താല്‍ അല്ലാഹു അവന് അന്ത്യനാളില്‍ ഒരു പദവി ഉയ൪ത്തുകയും അതിലൂടെ അവന്റെ പാപങ്ങള്‍ അവന് പൊറുക്കുകയും ചെയ്യും.(ഇബ്നു അബിദ്ദുന്‍യാ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ

അബൂസഈദ്‌(റ) അബൂഹുറൈറ(റ) എന്നിവരിൽ നിന്ന് നിവേദനം: നബി(സ്വ) അരുളി: ഒരു മുസ്ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി.(ബുഖാരി: 5641,5642)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مِنْ مَرَضٍ فَمَا سِوَاهُ إِلاَّ حَطَّ اللَّهُ بِهِ سَيِّئَاتِهِ كَمَا تَحُطُّ الشَّجَرَةُ وَرَقَهَا

നബി(സ്വ) അരുളി: ഒരു രോഗമോ മറ്റുവല്ല ദുരിതമോ ഒരു മുസ്ലിമിന് ബാധിക്കുകയില്ല. അല്ലാഹു അതിലൂടെ അല്ലാഹു അയാളുടെ പാപങ്ങള്‍ മാക്കാതെ. ഒരു വൃക്ഷം അതിന്റെ ഇലകള്‍ കൊഴിക്കുന്നതുപോലെ.(മുസ്ലിം:2571)

قَالَ رَسُولُ اللَّهِ صلى الله عليه وسلم  : المَريضُ تَحَاتُّ خَطَايَاهُ كمَا يَتَحَاتُّ وَرَقُ الشَّجَرِ.

നബി ﷺ പറഞ്ഞു: മരങ്ങളിലെ ഇലകൾ കൊഴിഞ്ഞ് പോകുന്നത് പോലെ (ക്ഷമിക്കുന്ന) രോഗിയുടെ പാപങ്ങൾ കൊഴിഞ്ഞ് പോകുന്നതാണ്. (സ്വഹീഹുത്തർഗീബ്:3426)

عَنْ أُمِّ الْعَلاَءِ، قَالَتْ عَادَنِي رَسُولُ اللَّهِ صلى الله عليه وسلم وَأَنَا مَرِيضَةٌ فَقَالَ ‏ :‏ أَبْشِرِي يَا أُمَّ الْعَلاَءِ فَإِنَّ مَرَضَ الْمُسْلِمِ يُذْهِبُ اللَّهُ بِهِ خَطَايَاهُ كَمَا تُذْهِبُ النَّارُ خَبَثَ الذَّهَبِ وَالْفِضَّةِ ‏.‏

ഉമ്മുഅലാഇല്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: ഞാന്‍ രോഗിയായിരിക്കെ അല്ലാഹുവിന്റെ ദൂതന്‍(സ്വ) എന്നെ സന്ദ൪ശിക്കുവാന്‍ വന്നു. അപ്പോള്‍ തിരുമേനി(സ്വ) പറഞ്ഞു: ഉമ്മുഅലാഅ് സന്തോഷിക്കുക, വെള്ളിയുടെയും സ്വ൪ണ്ണത്തിന്റേയും അഴുക്ക് തീ പോക്കുന്നതുപോലെ ഒരു മുസ്ലിമിന്റെ രോഗം മൂലം അല്ലാഹു അവന്റെ പാപങ്ങള്‍ പോക്കികളയും.(അബൂദാവൂദ്:3092- അല്‍ബാനി സ്വഹീഹെന്ന് എന്ന് വിശേഷിപ്പിച്ചു)

عَنْ جَابِرُ بْنُ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم دَخَلَ عَلَى أُمِّ السَّائِبِ أَوْ أُمِّ الْمُسَيَّبِ فَقَالَ ‏”‏ مَا لَكِ يَا أُمَّ السَّائِبِ أَوْ يَا أُمَّ الْمُسَيَّبِ تُزَفْزِفِينَ ‏”‏ ‏.‏ قَالَتِ الْحُمَّى لاَ بَارَكَ اللَّهُ فِيهَا ‏.‏ فَقَالَ ‏”‏ لاَ تَسُبِّي الْحُمَّى فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ ‏”‏ ‏.‏

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ഉമ്മു സായിബിന്റെ അടുക്കല്‍ അല്ലെങ്കില്‍ ഉമ്മു മുസയ്യബിന്റെ അടുക്കല്‍ പ്രവേശിച്ചു പറഞ്ഞു: ഹേ ഉമ്മു സായിബ് അല്ലെങ്കില്‍ ഉമ്മു മുസയ്യബ് നിനക്കെന്ത് പറ്റി, നീ വിറക്കുന്നുണ്ടല്ലോ? അവ൪ പറഞ്ഞു: പനിയാണ്, അതില്‍ അല്ലാഹു ബറകത്ത് ചെയ്യാതിരിക്കട്ടെ. നബി(സ്വ) പറഞ്ഞു: നീ പനിയെ ചീത്ത പറയരുത്. ഇരുമ്പിന്റെ മാലിന്യങ്ങളെ ഉല നശിപ്പിക്കുന്നതുപോലെ മനുഷ്യന്റെ പാപങ്ങളെ പനി ഇല്ലാതാക്കും. (മുസ്ലിം:2575)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ أَتَيْتُ النَّبِيَّ صلى الله عليه وسلم فِي مَرَضِهِ وَهْوَ يُوعَكُ وَعْكًا شَدِيدًا، وَقُلْتُ إِنَّكَ لَتُوعَكُ وَعْكًا شَدِيدًا‏.‏ قُلْتُ إِنَّ ذَاكَ بِأَنَّ لَكَ أَجْرَيْنِ‏.‏ قَالَ ‏ “‏ أَجَلْ مَا مِنْ مُسْلِمٍ يُصِيبُهُ أَذًى، إِلاَّ حَاتَّ اللَّهُ عَنْهُ خَطَايَاهُ، كَمَا تَحَاتُّ وَرَقُ الشَّجَرِ ‏”‏‏.‏

അബ്ദുല്ല(റ) പറയുന്നു: നബി(ﷺ) യുടെ രോഗസമയത്ത് ഞാൻ അങ്ങയുടെ അടുക്കൽ ചെന്നു. അദ്ദേഹത്തിന് ശക്തമായ പനിയുണ്ടായിരുന്നു. ഞാൻ പറഞ്ഞു; അങ്ങേക്ക് കഠിനമായ പനിയുണ്ടല്ലോ. താങ്കൾക്ക് ഇരട്ടി പ്രതിഫലമുണ്ടാകുവാനായിരിക്കുമിത്‌. നബി(ﷺ) പറഞ്ഞു; അതെ, ഒരു മുസ്ലിമിനെ വിഷമം ബാധിച്ചാൽ, അവന്റെ പാപങ്ങൾ അല്ലാഹു പൊഴിച്ചുകൊടുക്കും; മരത്തിന്റെ ഇലകൾ പൊഴിയുന്നതുപോലെ.(ബുഖാരി: 5647)

عَنِ ابْنِ مَسْعُودٍ ـ رضى الله عنه ـ قَالَ دَخَلْتُ عَلَى النَّبِيِّ صلى الله عليه وسلم وَهْوَ يُوعَكُ فَمَسِسْتُهُ فَقُلْتُ إِنَّكَ لَتُوعَكُ وَعْكًا شَدِيدًا‏.‏ قَالَ ‏”‏ أَجَلْ كَمَا يُوعَكُ رَجُلاَنِ مِنْكُمْ ‏”‏‏.‏ قَالَ لَكَ أَجْرَانِ قَالَ ‏”‏ نَعَمْ مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مَرَضٌ فَمَا سِوَاهُ إِلاَّ حَطَّ اللَّهُ سَيِّئَاتِهِ كَمَا تَحُطُّ الشَّجَرَةُ وَرَقَهَا ‏”‏

ഇബ്നു മസ്‌ഊദിൽ (റ) നിന്ന് നിവേദനം. നബി ﷺ പനി ബാധിച്ച്‌ കിടക്കുമ്പോൾ ഞാൻ അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നു. ഞാൻ അദ്ദേഹത്തിന്റെ ശരീരം തൊട്ടുനോക്കി. “അങ്ങെയുടെ പനി അതി കഠിനമാണല്ലോ”, ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോടിപ്രകാരം പറഞ്ഞു: “നിങ്ങളിൽ പെട്ട രണ്ടു പേരുടെ‌ പനി ചേർത്തുവച്ച തീവ്രതയിലാണ്‌ ഞാൻ ഒരാൾക്ക്‌ പനിക്കുന്നത്‌.” അപ്പോൾ താങ്കൾക്ക്‌‌ പ്രതിഫലവും ഇരട്ടിയായിരിക്കില്ലേ എന്ന് ഞാൻ അവിടുത്തോട്‌ അന്വേഷിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “അതെ. രോഗമോ മറ്റെന്തെങ്കിലുമോ മൂലം ഒരു മുസ്‌ലിമും ഒരു വേദനയും അനുഭവിക്കുന്നില്ല, മരം അതിന്റെ ഇലകൾ പൊഴിക്കുന്ന പോലെ ആ വേദനക്കു പകരം അവന്റെ പാപങ്ങള്‍ അവനില്‍ നിന്ന് അല്ലാഹു‌ പൊഴിച്ചുകളഞ്ഞിട്ടല്ലാതെ.”
(ബുഖാരി : 5667)

ഇബ്നുല്‍ഖയ്യിം – റഹിമഹുല്ലാഹ് പറഞ്ഞു: ”അല്ലാഹു,അവന്‍റെ അടിമകള്‍ക്കിടയില്‍ ഒരു കാരുണ്യമായി വിപത്തുകളേയും, പരീക്ഷണങ്ങളേയും വെച്ചു.അതുമുഖേന അവരുടെ പാപങ്ങളില്‍നിന്ന് മായ്ച്ചുകളയുന്നതിന്.അത് അവരുടെമേലുള്ള അവന്‍റെ ഏറ്റവും മഹത്തായ അനുഗ്രഹത്തില്‍ പെട്ടതാകുന്നു. (മിഫ്ത്താഹു ദാറുസ്സആദ-291)

قال الحافظ ابن حجر رحمه الله :هذه الأسقام والبلايا والأوجاع كلها كفارات للذنوب الماضية ومواعيظ للمؤمنين حتى يتعظوا بها, ويرجعوا بها في المستقبل عن سيء ما كانوا عليه.

ഇബ്നു റജബ് رحمه الله പറഞ്ഞു: ഈ രോഗങ്ങളും പരീക്ഷണങ്ങളും വേദനകളുമെല്ലാം തന്നെ വിശ്വാസികളുടെ കഴിഞ്ഞുപോയ പാപങ്ങൾക്കുള്ള പ്രായശ്ചിത്തവും, അവർക്ക് ഉർക്കൊള്ളാനുള്ള ഉപദേശങ്ങളുമാണ്. അങ്ങനെ അവർ അതിലൂടെ പാഠമുൾക്കൊള്ളുകയും അവരുണ്ടായിരുന്ന മോശപ്പെട്ട അവസ്ഥയിൽ നിന്നും ഭാവിയിൽ മടങ്ങുവാനും വേണ്ടിയാണവ. (مجوع رسائله(١/٢١٦))

ഒരാള്‍ക്ക് ഒരു രോഗം വന്നാല്‍ അക്കാരണത്താല്‍ അയാള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവ൪ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാകാതെ പ്രതീക്ഷയോടെ അല്ലാഹുവിനോട് പ്രാ൪ത്ഥിക്കേണ്ടതാണ്.

അതേപോലെ ഈ രോഗം കാരണത്താല്‍ അല്ലാഹു രോഗിക്ക് അവന്റെയടുക്കല്‍ ഉന്നത പദവി വിധിച്ചിട്ടുണ്ടായിരിക്കാം. കര്‍മ്മങ്ങള്‍ കൊണ്ട് മാത്രം എത്തിപ്പെടാനാവാത്ത ആ പദവിയില്‍ നമ്മെ എത്തിക്കാനായി അവന്‍ നമ്മെ സഹായിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

നബി(സ്വ) പറഞ്ഞു: വിശ്വാസിക്കുണ്ടാകുന്ന തലവേദന അല്ലെങ്കില്‍ അവന് ഏല്‍ക്കുന്ന ഒരു മുള്ള് അതുമല്ല അവന് ഉപദ്രവമായി ഭവിക്കുന്ന വല്ലതും ഇവ കാരണത്താല്‍ അല്ലാഹു അവന് അന്ത്യനാളില്‍ ഒരു പദവി ഉയ൪ത്തുകയും അതിലൂടെ അവന്റെ പാപങ്ങള്‍ അവന് പൊറുക്കുകയും ചെയ്യും.(ഇബ്നു അബിദ്ദുന്‍യാ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

عَنْ مُحَمَّدِ بْنِ خَالِدٍ، – قَالَ أَبُو دَاوُدَ قَالَ إِبْرَاهِيمُ بْنُ مَهْدِيٍّ السُّلَمِيُّ – عَنْ أَبِيهِ، عَنْ جَدِّهِ، وَكَانَتْ، لَهُ صُحْبَةٌ مِنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ إِنَّ الْعَبْدَ إِذَا سَبَقَتْ لَهُ مِنَ اللَّهِ مَنْزِلَةٌ لَمْ يَبْلُغْهَا بِعَمَلِهِ ابْتَلاَهُ اللَّهُ فِي جَسَدِهِ أَوْ فِي مَالِهِ أَوْ فِي وَلَدِهِ

നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടുത്ത് ഓരോ അടിമക്കും ഓരോ സ്ഥാനം നി൪ണ്ണയിച്ചിരിക്കുന്നു. അത് അവന്റെ പ്രവ൪ത്തനം മുഖേന എത്തിപ്പിടിക്കാന്‍ സാധ്യമല്ല. അല്ലാഹു തീരുമാനിച്ച സ്ഥാനത്തേക്ക് അവനെ ഉയ൪ത്തുന്നതുവരെ അവനെ ശരീരത്തിലും സമ്പത്തിലും സന്താനങ്ങളിലും പരീക്ഷണം നടത്തി അതില്‍ ക്ഷമ അവലംബിക്കുവാനായി പരീക്ഷണം നടത്തികൊണ്ടേയിരിക്കുന്നതാണ്. (അബൂദാവൂദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിരിക്കുന്നു)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ – റഹിമഹുല്ലാഹ് – പറഞ്ഞു: ”നല്ലവനായ സത്യവിശ്വാസിക്കുള്ള പരീക്ഷണം ഭയങ്കരമായാല്‍,അതവന്‍റെ പദവി ഉയരുന്നതിനും, മഹത്തായ പ്രതിഫലത്തിനും ഒരു കാരണമാകുന്നു.” الإستقامة ٢/٢٦٠

രോഗങ്ങളുമായി ബന്ധപ്പെട്ട് നാം ഗ്രഹിക്കേണ്ട മറ്റൊരു കാര്യം പരീക്ഷണങ്ങള്‍ അല്ലാഹുവിന്റെ സ്‌നേഹം സമ്പാദിക്കാനുള്ള നിമിത്തങ്ങളാണെന്നുള്ളതാണ്. അല്ലാഹുവിന്റെ പരീക്ഷണങ്ങളോ രോഗങ്ങളോ നേരിടുകയും അതില്‍ ക്ഷമയവലംബിക്കാന്‍ സാധിക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ സ്‌നേഹത്തിന്റെയും അവന്‍ നല്‍കാനുദ്ദേശിക്കുന്ന നന്മകളുടെയും സൂചനയാണ്.

നബി(സ്വ) പറഞ്ഞു: കടുത്ത പരീക്ഷണത്തോടൊപ്പമാണ് മഹത്തായ പ്രതിഫലം. അല്ലാഹു ഒരു വിഭാഗത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കുന്നതാണ്. ആരെങ്കില്‍ അതില്‍ (ആ പരീക്ഷണത്തില്‍) തൃപ്തിയടഞ്ഞാല്‍ അവന് അല്ലാഹുവിന്റെ തൃപ്തിയുണ്ട്. വല്ലവനും അതില്‍ കോപാകുലനായാല്‍ അവന് അല്ലാഹുവിന്റെ കോപം ഉണ്ടായിരിക്കുന്നതാണ്. (സുനനുത്തി൪മുദി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ مَنْ يُرِدِ اللَّهُ بِهِ خَيْرًا يُصِبْ مِنْهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുകയുണ്ടായി: ആര്‍ക്കെങ്കിലും നന്മ വരണമെന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ അയാളെ അല്ലാഹു പരീക്ഷിക്കുന്നതാണ്. (ബുഖാരി:5645)

عَنْ أَبِي هُرَيْرَةَ قَالَ‏:‏ مَا مِنْ مَرَضٍ يُصِيبُنِي أَحَبَّ إِلَيَّ مِنَ الْحُمَّى، لأَنَّهَا تَدْخُلُ فِي كُلِّ عُضْوٍ مِنِّي، وَإِنَّ اللَّهَ عَزَّ وَجَلَّ يُعْطِي كُلَّ عُضْوٍ قِسْطَهُ مِنَ الأَجْرِ‏.‏

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “എനിക്ക് ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട രോഗം പനിയാണ്. കാരണം പനി വന്നു കഴിഞ്ഞാൽ അത് ശരീരത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ ബാധിക്കും. അപ്പോൾ അല്ലാഹു എന്റെ ശരീരത്തിലെ എല്ലാം ഭാഗങ്ങൾക്കും അതിൽ നിന്നൊരു പങ്ക് നാളെ പരലോകത്ത് വെക്കാതിരിക്കുകയില്ല. (അൽഅദബുൽ മുഫ്രദ്:503)

മറ്റ് ചില൪ പറയുന്നത്, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ച് കൃത്യമായി ഇബാദത്തുകള്‍ നി൪വ്വഹിക്കുന്നവരാണെന്നും എന്നിട്ടും എനിക്കിങ്ങനെ സംഭവിച്ചല്ലോയെന്നാണ്. ഇവിടെയും ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ക്കാണ് കടുത്ത പരീക്ഷണം ഉണ്ടാകുന്നത്.

عَنْ مُصْعَبِ بْنِ سَعْدٍ، عَنْ أَبِيهِ، قَالَ قُلْتُ يَا رَسُولَ اللَّهِ أَىُّ النَّاسِ أَشَدُّ بَلاَءً قَالَ ‏ “‏ الأَنْبِيَاءُ ثُمَّ الأَمْثَلُ فَالأَمْثَلُ فَيُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ فَإِنْ كَانَ دِينُهُ صُلْبًا اشْتَدَّ بَلاَؤُهُ وَإِنْ كَانَ فِي دِينِهِ رِقَّةٌ ابْتُلِيَ عَلَى حَسَبِ دِينِهِ فَمَا يَبْرَحُ الْبَلاَءُ بِالْعَبْدِ حَتَّى يَتْرُكَهُ يَمْشِي عَلَى الأَرْضِ مَا عَلَيْهِ خَطِيئَةٌ ‏”‏

മിസ്ബബ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ് നബി(സ്വ) പറഞ്ഞു: ‘പ്രവാചകന്മാര്‍. ശേഷം അവരോട് അടുത്തവ൪, ശേഷം അവരോട് അടുത്തവ൪,. ഓരോരുത്തരും അവരുടെ മതത്തിന്റെ കണക്കനുസിച്ച് പരീക്ഷിക്കപ്പെടും. ഒരാള്‍ മതത്തില്‍ നല്ല ഉറപ്പിലാണെങ്കില്‍ അവന്റെ (പരീക്ഷണത്തിന്റെ) ശക്തിയും അധികരിക്കപ്പെടും. അവന്‍ മതത്തില്‍ നേരിയ തോതിലാണെങ്കില്‍ അവന് (പരീക്ഷണത്തിന്റെ) ശക്തിയും ലഘൂകരിക്കപ്പെടും. ഒരു ദാസന് ഭൂമിയില്‍ നടക്കുമ്പോള്‍ അവനില്‍ പാപങ്ങളൊന്നും ഇല്ലാത്തവിധം പരീക്ഷണം ഉണ്ടായിക്കൊണ്ടേയിരിക്കും’. (തിര്‍മുദി:2398)

അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരാണ് പ്രവാചകന്‍മാ൪. ഏറ്റവും കഠിനമായ രീതിയിലുള്ള പരീക്ഷണവും അവ൪ക്കാണുണ്ടായിട്ടുള്ളത്. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ച് അവനോട് അടുത്തവ൪ക്കും കഠിനമായ പരീക്ഷണമുണ്ടായിരിക്കുന്നതാണ്. അത്തരക്കാരുടെ ജീവിതത്തില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ സംഭവിച്ചാല്‍ തന്നെയും പരലോകത്ത് അവരെ രക്ഷപെടുത്തുന്നതിനായി ഈ ലോകത്ത് തന്നെ ശിക്ഷയും നല്‍കും.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ مَا رَأَيْتُ أَحَدًا أَشَدَّ عَلَيْهِ الْوَجَعُ مِنْ رَسُولِ اللَّهِ صلى الله عليه وسلم‏.‏

ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ(ﷺ) യേക്കാൾ രോഗം വേദനയനുഭവിച്ച ആരെയും ഞാൻ കണ്ടിട്ടില്ല. (ബുഖാരി: 5646)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِذَا أَرَادَ اللَّهُ بِعَبْدِهِ الْخَيْرَ عَجَّلَ لَهُ الْعُقُوبَةَ فِي الدُّنْيَا وَإِذَا أَرَادَ اللَّهُ بِعَبْدِهِ الشَّرَّ أَمْسَكَ عَنْهُ بِذَنْبِهِ حَتَّى يُوَفَّى بِهِ يَوْمَ الْقِيَامَةِ ‏

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു തന്റെ ദാസന് നന്‍മ ഉദ്ദേശിച്ചാല്‍ അയാള്‍ക്കുള്ള ശിക്ഷ ദുന്‍യാവില്‍ പെട്ടെന്ന് നല്‍കും. അവന്‍ തന്റെ ദാസന് തിന്‍മ ഉദ്ദേശിച്ചാല്‍ അയാളുടെ പാപത്തിന്റെ ശിക്ഷയെ (ദുന്‍യാവില്‍ വെച്ച്) തടയുകയും അന്ത്യനാളില്‍ പൂ൪ണ്ണമായി നല്‍കുകയും ചെയ്യും. (തി൪മിദി:2396)

ശൈഖ് സ്വലിഹുല്‍ ഫൗസാന്‍ (حفظه الله) പറഞ്ഞു: ”കാഫിറുകള്‍ക്ക് അല്ലാഹു നല്‍കിയത് കണ്ട് നീ വഞ്ചിതനാകരുത്. തീര്‍ച്ചയായും അത് അവരെ പടിപടിയായി പിടികൂടുന്നതിനാകുന്നു. (അത്പോലെതന്നെ) മുസ്‌ലീംങ്ങള്‍ക്ക് ബാധിക്കുന്ന വിപത്തില്‍ നീ വ്യസനിക്കരുത്. തീര്‍ച്ചയായും അത് അവരുടെ പാപങ്ങളില്‍നിന്ന് അവര്‍ക്കുള്ള രക്ഷയും, ശുദ്ധീകരണവുമാകുന്നു. അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടാല്‍, ദുനിയാവിലെ ശിക്ഷയെ അവന്ക്ക് വേഗത്തിലാക്കും.’التعليق على فتح المجيد ٢٤

തന്റെ ആദര്‍ശത്തിന്റെ കരുത്തിനനുസരിച്ചാണ് ഓരോരുത്തരും പരീക്ഷിക്കപ്പെടുക. ഉറച്ച നിലപാടുകാരന്റെ പരീക്ഷണം കടുത്തതായിരിക്കും. എന്നാല്‍ നിലപാടില്‍ മയം കാണിക്കുന്നവന്‍ അവന്റെ നിലവാരത്തിനനുസരിച്ചും പരീക്ഷിക്കപ്പെടും. പരീക്ഷണം ഇരട്ടിയാകുമ്പോള്‍ പ്രതിഫലവും ഇരട്ടിയാകുമെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.ഈ വാക്യങ്ങളുടെ പൊരുളറിഞ്ഞ മുന്‍ഗാമികള്‍ പരീക്ഷണങ്ങളെ അനുഗ്രഹങ്ങളായി കണ്ടു. രോഗങ്ങള്‍ സന്തോഷ വാര്‍ത്തകളായി അവ൪ സ്വീകരിച്ചു.

عَنْ عَطَاءُ بْنُ أَبِي رَبَاحٍ، قَالَ قَالَ لِي ابْنُ عَبَّاسٍ أَلاَ أُرِيكَ امْرَأَةً مِنْ أَهْلِ الْجَنَّةِ قُلْتُ بَلَى‏.‏ قَالَ هَذِهِ الْمَرْأَةُ السَّوْدَاءُ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ إِنِّي أُصْرَعُ، وَإِنِّي أَتَكَشَّفُ فَادْعُ اللَّهَ لِي‏.‏ قَالَ ‏ “‏ إِنْ شِئْتِ صَبَرْتِ وَلَكِ الْجَنَّةُ وَإِنْ شِئْتِ دَعَوْتُ اللَّهَ أَنْ يُعَافِيَكِ ‏”‏‏.‏ فَقَالَتْ أَصْبِرُ‏.‏ فَقَالَتْ إِنِّي أَتَكَشَّفُ فَادْعُ اللَّهَ أَنْ لاَ أَتَكَشَّفَ، فَدَعَا لَهَا‏.‏

ഇബ്നുഅബ്ബാസ്(റ) വിൽനിന്ന് നിവേദനം: അദ്ദേഹം സ്വഹാബികളിൽ ഒരാളോട് പറയുകയുണ്ടായി ‘സ്വർഗക്കാരിയായ ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചുതരട്ടെയോ?’ അയാൾ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. അവൾ നബി(ﷺ) യുടെ അടുത്തുവന്ന് പറഞ്ഞു: ഞാൻ ഇടയ്ക്ക് ബോധംകെട്ടുവീഴാറുണ്ട്. ആ സമയത്ത് എന്റെ (വസ്ത്രം നീങ്ങി) നഗ്നത പ്രകടമാകാറുണ്ട്. അതിനാൽ എനിക്കുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും. നബി(ﷺ) പറഞ്ഞു: നീ ക്ഷമിക്കുകയാണെങ്കിൽ നിനക്ക് സ്വർഗ്ഗമുണ്ട്; നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിനക്ക് ആശ്വാസത്തിനായി ഞാൻ പ്രാർത്ഥിക്കാം. അവർ പറഞ്ഞു; ഞാൻ ക്ഷമിച്ചുകൊള്ളാം. അവൾ പിന്നെയും പറഞ്ഞു; എന്റെ നഗ്നത പ്രകടമാകാറുണ്ടല്ലോ, അതു പ്രകടമാകാതിരിക്കാൻ അങ്ങ് പ്രാർത്ഥിച്ചാലും. അപ്പോൾ നബി(ﷺ) അവർക്കുവേണ്ടി പ്രാർത്ഥിച്ചു. (ബുഖാരി: 5652)

ഒരു വിശ്വാസിക്ക്‌ ബാധിക്കുന്ന ഏതൊരു രോഗവും ക്ഷമയോടെ തരണം ചെയ്‌താല്‍ ഒരുപാട്‌ നന്മകള്‍ അതിലൂടെ ലഭിക്കുന്നതാണ്.നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്നറിയുന്നവര്‍ക്ക്‌ തങ്ങള്‍ അഭിമുഖീകരിക്കുന്ന ഏത്‌ ദോഷവും പരീക്ഷണമാണെന്നും അതില്‍ വിജയിക്കാന്‍ വേണ്ടത്‌ ദൃഢ വിശ്വാസവും ക്ഷമയുമാണെന്നുമുള്ള തിരിച്ചറിവുണ്ടാകുന്നു.

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബില്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു:സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)

ഒരാള്‍ രോഗിയായി കിടപ്പിലാണെങ്കില്‍ അയാള്‍ രോഗം വരുന്നതിന് മുമ്പ് ചെയ്തു വന്നിരുന്ന എല്ലാ നന്‍മകളും രോഗിയായ ശേഷവും അയാളുടെ റിക്കാ൪ഡില്‍ രേഖപ്പെടുത്തുന്നതാണ്. അയാള്‍ രോഗം വരുന്നതിന് മുമ്പ് ഫ൪ള് നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി ജമാഅത്തായി നമസ്കരിക്കുന്നയാളാണെങ്കില്‍ അയാള്‍ രോഗിയായ ശേഷം വീട്ടില്‍ നമസ്കരിച്ചാലും പള്ളിയില്‍ ജമാഅത്തായി നമസ്കരിച്ച പ്രതിഫലം ലഭിക്കും. ഇനി അയാള്‍ രോഗം വരുന്നതിന് മുമ്പ് രോഗികളെ സന്ദ൪ശിക്കുന്ന ആളായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ചെയ്യാതെ തന്നെ ആ പ്രതിഫലം ലഭിക്കുന്നു. ഇങ്ങനെ അയാള്‍ രോഗിയാകുന്നതിന് മുമ്പ് ചെയ്തുവന്നിരുന്ന എല്ലാ നന്‍മകളുടേയും പ്രതിഫലം രോഗിയായ ശേഷം അത് ചെയ്യാതെ തന്നെ അയാള്‍ക്ക് ലഭിക്കും.

عَنْ إِبْرَاهِيمُ أَبُو إِسْمَاعِيلَ السَّكْسَكِيُّ، قَالَ سَمِعْتُ أَبَا بُرْدَةَ، وَاصْطَحَبَ، هُوَ وَيَزِيدُ بْنُ أَبِي كَبْشَةَ فِي سَفَرٍ، فَكَانَ يَزِيدُ يَصُومُ فِي السَّفَرِ فَقَالَ لَهُ أَبُو بُرْدَةَ سَمِعْتُ أَبَا مُوسَى مِرَارًا يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا مَرِضَ الْعَبْدُ أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا ‏”‏‏.‏

ഇബ്‌റാഹീം അബൂ ഇസ്മാഈൽ അസ്സക്സകി(റ) പറയുന്നു: അബൂബുർദ്ദ(റ) പറയുന്നതായി ഞാൻ കേട്ടു – അദ്ദേഹവും യസീദ്‌ ഇബ്നു അബീ കബ്ശയും ഒരു യാത്രയിൽ ഒരുമിച്ചായിരുന്നു. യസീദ്‌ യാത്രകളിൽ നോമ്പെടുക്കാറുണ്ടായിരുന്നു. അപ്പോൾ അബൂബുർദ്ദ അദ്ദേഹത്തോട്‌ പറഞ്ഞു: അബൂ മൂസാ(റ) പലപ്പോഴായി പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ഒരു ദാസൻ രോഗിയാവുകയോ യാത്രയിലാവുകയോ ആണെങ്കിൽപോലും ആരോഗ്യവാനായിരിക്കുമ്പോഴും യാത്രയിലല്ലാതിരിക്കുമ്പോഴും ചെയ്യാറുള്ള സൽകർമ്മങ്ങൾക്ക്‌ സമാനമായ പ്രതിഫലം അദ്ദേഹത്തിന്‌ ലഭിക്കുന്നതാണ്‌. (ബുഖാരി‌‌ 2996)

തനിക്ക് ഈ രോഗം ബാധിച്ചത് അല്ലാഹുവിന്റെ തീരുമാന പ്രകാരമാണെന്ന് രോഗി ചിന്തിക്കണം. ഇത് അവന് ആശ്വാസം ലഭിക്കും.

ﻣَﺎٓ ﺃَﺻَﺎﺏَ ﻣِﻦ ﻣُّﺼِﻴﺒَﺔٍ ﺇِﻻَّ ﺑِﺈِﺫْﻥِ ٱﻟﻠَّﻪِ ۗ

അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല.…..(ഖു൪ആന്‍:64 /11)

ﻗُﻞ ﻟَّﻦ ﻳُﺼِﻴﺒَﻨَﺎٓ ﺇِﻻَّ ﻣَﺎ ﻛَﺘَﺐَ ٱﻟﻠَّﻪُ ﻟَﻨَﺎ ﻫُﻮَ ﻣَﻮْﻟَﻰٰﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ

പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.(ഖു൪ആന്‍:9/51)

രോഗിയായ സത്യവിശ്വാസി അല്ലാഹുവില്‍ സദാ പ്രതീക്ഷ അ൪പ്പിക്കണം. അല്ലാഹുവിനെ കുറിച്ചുള്ള സദ്‌വിചാരവും അവനോട് അഭയം തേടലും വിശ്വാസിയുടെ അടയാളമാണ്. അല്ലാഹുവാണ് രോഗം നല്‍കിയതെന്നും അതുകൊണ്ടുതന്നെ രോഗശമനം അല്ലാഹുവില്‍ നിന്ന് മാത്രമാണെന്നും അവനല്ലാതെ രോഗം സുഖപ്പെടുത്താന്‍ ആരുമില്ലെന്നമുള്ള വിശ്വാസം ഒരു സത്യവിശ്വാസിയായ രോഗിയില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കണം. ‘അശ്ശാഫി’ അഥവാ സൗഖ്യമേകുന്നവന്‍ എന്നത് അല്ലാഹുവിന്‍റെ നാമമാണ്.

ﻭَﺇِﺫَا ﻣَﺮِﺿْﺖُ ﻓَﻬُﻮَ ﻳَﺸْﻔِﻴﻦِ

(ഇബ്‌റാഹീം നബി പ്രഖ്യാപിച്ചു)എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് (അല്ലാഹു) എന്നെ സുഖപ്പെടുത്തുന്നത്‌.(ഖു൪ആന്‍:26/80)

ﻭَﺃَﻳُّﻮﺏَ ﺇِﺫْ ﻧَﺎﺩَﻯٰ ﺭَﺑَّﻪُۥٓ ﺃَﻧِّﻰ ﻣَﺴَّﻨِﻰَ ٱﻟﻀُّﺮُّ ﻭَﺃَﻧﺖَ ﺃَﺭْﺣَﻢُ ٱﻟﺮَّٰﺣِﻤِﻴﻦَﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻓَﻜَﺸَﻔْﻨَﺎ ﻣَﺎ ﺑِﻪِۦ ﻣِﻦ ﺿُﺮٍّ ۖ ﻭَءَاﺗَﻴْﻨَٰﻪُ ﺃَﻫْﻠَﻪُۥ ﻭَﻣِﺜْﻠَﻬُﻢ ﻣَّﻌَﻬُﻢْ ﺭَﺣْﻤَﺔً ﻣِّﻦْ ﻋِﻨﺪِﻧَﺎ ﻭَﺫِﻛْﺮَﻯٰ ﻟِﻠْﻌَٰﺒِﺪِﻳﻦَ

അയ്യൂബിനെയും (ഓര്‍ക്കുക.) തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും, അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും, ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്‌.(ഖു൪ആന്‍:83-84)

രോഗാവസ്ഥയില്‍ പ്രാര്‍ഥിക്കാന്‍ വേണ്ടി നബി ﷺ ഇങ്ങനെ പഠിപ്പിച്ചത് കാണാം: ജനങ്ങളുടെ രക്ഷിതാവേ, ഉപദ്രവം നീ തുടച്ചുമാറ്റേണമേ. നിന്‍റെ കയ്യിലാകുന്നു രോഗശമനം. രോഗത്തെ നീക്കുന്നവനായി നീയല്ലാതെ മറ്റാരുമില്ല. (ബുഖാരി, മുസ്ലിം).

അതോടൊപ്പൊം രോഗി അല്ലാഹുനെ കുറിച്ച് നല്ല പ്രതീക്ഷ നിലനി൪ത്തേണ്ടതാണ്. ഈ പ്രയാസത്തിന് ശേഷം അല്ലാഹു തനിക്ക് ഒരു എളുപ്പം തരാന്‍ കഴിവുള്ളവനാണെന്ന് അവന്‍ അറിയണം. തന്റെ അടിമകളില്‍ പ്രയാസത്തിന് ശേഷം എളുപ്പമുണ്ടാക്കുക എന്നത് അല്ലാഹുവിന്റെ സുന്നത്തില്‍പ്പെട്ടതാണ് . എത്ര കടുത്ത പ്രയാസത്തിനും അവസാനമുണ്ട്. സമയമാകുമ്പോള്‍ അത് നീങ്ങുക തന്നെ ചെയ്യും. ങ്ങളും.’

ﻓَﺈِﻥَّ ﻣَﻊَ ٱﻟْﻌُﺴْﺮِ ﻳُﺴْﺮًا

എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(ഖു൪ആന്‍:94/5)

ഒരു രോഗിയും ഒരിക്കലും മരണത്തെ ആഗ്രഹിക്കാൻ പാടുള്ളതല്ല.

عَنْ أَبِي هُرَيْرَةَ ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ يَتَمَنَّى أَحَدُكُمُ الْمَوْتَ إِمَّا مُحْسِنًا فَلَعَلَّهُ يَزْدَادُ، وَإِمَّا مُسِيئًا فَلَعَلَّهُ يَسْتَعْتِبُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരും തന്നെ മരണം ആഗ്രഹിക്കരുത്. അവൻ സച്ചരിതനാണെങ്കിൽ നന്മ കൂടുതൽ വർദ്ധിപ്പിക്കാമല്ലോ. അവൻ ദുഷ്ക്കർമിയാണെങ്കിൽ അവന്ന് പശ്ചാത്തപിക്കാൻ അവസരം ലഭിച്ചേക്കും. (ബുഖാരി: 7235)

عَنْ أَبِي هُرَيْرَةَ ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ يَتَمَنَّى أَحَدُكُمُ الْمَوْتَ وَلاَ يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ إِنَّهُ إِذَا مَاتَ أَحَدُكُمُ انْقَطَعَ عَمَلُهُ وَإِنَّهُ لاَ يَزِيدُ الْمُؤْمِنَ عُمْرُهُ إِلاَّ خَيْرًا‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഒരാളും മരണത്തെ കൊതിക്കരുത്. അത് (മരണം) അവന് വരുന്നതിന് മുമ്പായി അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്. നിശ്ചയം, നിങ്ങള്‍ ഒരാള്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മങ്ങളെല്ലാം മുറിഞ്ഞു പോകുന്നതാകുന്നു. നിശ്ചയം ഒരു വിശ്വാസിക്ക് അവന്റെ ആയുസ്സ് നന്മയല്ലാതെ വര്‍ധിപ്പിക്കുകയില്ല’. (മുസ്‌ലിം:2682)

عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ يَتَمَنَّيَنَّ أَحَدٌ مِنْكُمُ الْمَوْتَ لِضُرٍّ نَزَلَ بِهِ، فَإِنْ كَانَ لاَ بُدَّ مُتَمَنِّيًا لِلْمَوْتِ فَلْيَقُلِ اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي‏

അനസില്‍(റ) നിന്ന് നിവേദനം നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാളും തനിക്ക് ബാധിച്ചിട്ടുള്ള ദുരിതത്താല്‍ മരണത്തെ കൊതിക്കരുത്. അതിന് കഴിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പറയട്ടെ: ‘അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. (അല്ലാഹുവേ,) എനിക്ക് മരണമാണ് ഉത്തമമെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ’. (ബുഖാരി:6351)

عَنْ قَيْسِ بْنِ أَبِي حَازِمٍ، قَالَ دَخَلْنَا عَلَى خَبَّابٍ نَعُودُهُ وَقَدِ اكْتَوَى سَبْعَ كَيَّاتٍ فَقَالَ إِنَّ أَصْحَابَنَا الَّذِينَ سَلَفُوا مَضَوْا وَلَمْ تَنْقُصْهُمُ الدُّنْيَا وَإِنَّا أَصَبْنَا مَا لاَ نَجِدُ لَهُ مَوْضِعًا إِلاَّ التُّرَابَ وَلَوْلاَ أَنَّ النَّبِيَّ صلى الله عليه وسلم نَهَانَا أَنْ نَدْعُوَ بِالْمَوْتِ لَدَعَوْتُ بِهِ، ثُمَّ أَتَيْنَاهُ مَرَّةً أُخْرَى وَهْوَ يَبْنِي حَائِطًا لَهُ فَقَالَ إِنَّ الْمُسْلِمَ لَيُوجَرُ فِي كُلِّ شَىْءٍ يُنْفِقُهُ إِلاَّ فِي شَىْءٍ يَجْعَلُهُ فِي هَذَا التُّرَابِ‏.‏

ഖബ്ബാബ്(റ) വിൽനിന്ന് നിവേദനം: അദ്ദേഹത്തിന്റെ ശരീരത്തിൽ (ചികിത്സാർത്ഥം) എട്ടിടങ്ങളിൽ ചൂടുവെച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു; നമ്മുടെ ആദ്യകാല സുഹൃത്തുക്കളെല്ലാം പോയി. ഭൗതികലോകം അവരുടെ പ്രതിഫലത്തിൽ കുറവൊന്നും വരുത്തിയില്ല. എന്നാൽ നമുക്ക് ഇഹലോക നേട്ടങ്ങൾ ധാരാളം ലഭിച്ചിരിക്കുന്നു. അത് വെക്കാൻ മണ്ണല്ലാത്ത ഒരിടവും കാണുന്നില്ല. മരണം വരിക്കാൻ പ്രാർത്ഥിക്കുന്നത് നബി(ﷺ) നമ്മോട് വിരോധിച്ചിട്ടില്ലായിരുന്നുവെങ്കിൽ, ഞാനതിന് പ്രാർത്ഥിക്കുമായിരുന്നു. (ബുഖാരി: 5672)

ഇനി വളരെ മാരകമായ രോഗമായാലും സത്യവിശ്വാസി നിരാശപ്പെടേണ്ടതില്ല. ഈ ലോകം നശ്വരമാണന്നും അനശ്വരമായ ഒരു ജീവിതം വരാനുണ്ടെന്ന ചിന്ത ഉണ്ടെങ്കില്‍ അവന് നിരാശ വരില്ല.

مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا

നബി(സ്വ) പറഞ്ഞു: എനിക്കും ദുനിയാവിനും ഇടയില്‍ എന്താണ്? വഴിയില്‍ ഒരു മരത്തിന് കീഴില്‍ തണല്‍ കൊള്ളുകയും അതുകഴിഞ്ഞപ്പോള്‍ അവിടം ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്ത ഒരുവനെപോലെയാണ് എനിക്ക് ദുനിയാവ്. (തി൪മിദി : 2377)

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْكِبِي فَقَالَ ‏ : كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ

അബ്ദില്ലാഹിബ്നു ഉമറില്‍ നിന്നും നിവേദനം : അദ്ദേഹം പറഞ്ഞു: നബി(സ്വ) എന്റെ തോളില്‍ പിടിച്ചുകൊണ്ടു പറഞ്ഞു:ദുനിയാവില്‍ നീ ഒരു അപരിചിതനെപോലെ അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെ പോലെ ആകുക. (ബുഖാരി:6416)

ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: മനുഷ്യർ അവരെ സൃഷ്ടിച്ചത് മുതൽക്ക് യാത്ര ചെയ്യുന്നവരാകുന്നു. അവരുടെ വാഹനത്തിൽ നിന്ന് അവർക്കൊരു ഇറക്കമില്ല, സ്വർഗ്ഗത്തിലോ നരകത്തിലോ അല്ലാതെ (അൽഫവാഇദ് :276)

عَنْ سَهْلِ بْنِ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَوْ كَانَتِ الدُّنْيَا تَعْدِلُ عِنْدَ اللَّهِ جَنَاحَ بَعُوضَةٍ مَا سَقَى كَافِرًا مِنْهَا شَرْبَةَ مَاءٍ

സഹ്‌ല്‌ (റ)വില്‍ നിന്ന്‌ നിവേദനം: നബി(സ്വ) പറഞ്ഞു: ഇഹലോകം അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിന്റെ അത്രയും വിലയുള്ളതായിരുന്നെങ്കില്‍ ധിക്കാരികള്‍ക്ക്‌ അതില്‍ നിന്ന്‌ ഒരു മുറുക്ക്‌ വെള്ളം കൂടി കുടിപ്പിക്കുകയില്ലായിരുന്നു.(അത്രയും നിസ്സാരമായതു കൊണ്ടാണ്‌ ധിക്കാരികള്‍ക്ക്‌ അല്ലാഹു അത്‌ പ്രദാനം ചെയ്യുന്നത്‌.) (തിര്‍മിദി:2320)

സ്വ൪ഗ്ഗത്തെ കുറിച്ചുള്ള താല്പര്യത്തിലും അവിടുത്തെ അനശ്വരമായ ജീവിതത്തെ കുറിച്ചുള്ള സ്വപ്നത്തിലും ഇവിടുത്തെ നശ്വരമായ നിസ്സാരമായ ജീവിതത്തിലെ ഏറ്റകുറച്ചിലുകളില്‍ പ്രയാസം ഇല്ലാതെ വരുന്നു. ദുനിയാവിലെ കുറച്ചുകാല ജീവിതത്തില്‍ മാത്രമാണ് ഇങ്ങനെയുള്ള രോഗങ്ങളൊക്കെ ഉള്ളത്. നാമെല്ലാം കാത്തിരിക്കുന്നതും യഥാ൪ത്ഥവുമായ ജീവിതം പരലോകത്താണല്ലോ. അവിടെ സ്വ൪ഗ്ഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞാള്‍ പിന്നെ യാതൊരു രോഗവുണ്ടാകുകയില്ല.

أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ يُنَادِي مُنَادٍ إِنَّ لَكُمْ أَنْ تَصِحُّوا فَلاَ تَسْقَمُوا أَبَدًا وَإِنَّ لَكُمْ أَنْ تَحْيَوْا فَلاَ تَمُوتُوا أَبَدًا وَإِنَّ لَكُمْ أَنْ تَشِبُّوا فَلاَ تَهْرَمُوا أَبَدًا وَإِنَّ لَكُمْ أَنْ تَنْعَمُوا فَلاَ تَبْتَئِسُوا أَبَدًا ‏”‏ ‏.‏ فَذَلِكَ قَوْلُهُ عَزَّ وَجَلَّ ‏{‏ وَنُودُوا أَنْ تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنْتُمْ تَعْمَلُونَ‏}‏

അബൂസഈദില്‍(റ)നിന്നും അബൂഹുറൈറയില്‍ (റ) നിന്നും നിവേദനം: പ്രവാചകൻ(സ്വ) പറഞ്ഞു: സ്വർഗവാസികൾ സ്വർഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഒരാൾ ഇങ്ങനെ വിളമ്പരം ചെയ്യും. ഇനി ഒരിക്കലും മരണമില്ലാതെ ശാശ്വതമായി ജീവിച്ചിരിക്കുന്നവരാണ് നിങ്ങൾ. നിങ്ങൾ ആരോഗ്യവാന്മാരായിരിക്കും. ഒരിക്കലും രോഗം ബാധിക്കുകയില്ല, നിങ്ങൾ നിത്യ യൗവനമുള്ളവരായിരിക്കും. ഒരിക്കലും വാർദ്ധക്യം ബാധിക്കുകയില്ല. നിങ്ങൾ സുഖാനുഭൂതിയിൽ കഴിയുന്നതാണ്. ഒരിക്കലും പ്രയാസമനുഭവിക്കേണ്ടിവരില്ല.(മുസ്‌ലിം: 2837)

عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يَوَدُّ أَهْلُ الْعَافِيَةِ يَوْمَ الْقِيَامَةِ حِينَ يُعْطَى أَهْلُ الْبَلاَءِ الثَّوَابَ لَوْ أَنَّ جُلُودَهُمْ كَانَتْ قُرِضَتْ فِي الدُّنْيَا بِالْمَقَارِيضِ

ജാബിറില്‍ (റ) നിന്നും നിവേദനം: പ്രവാചകൻ(സ്വ) പറഞ്ഞു:വിചാരണ നാളിൽ (ഇഹലോകത്ത്) പ്രയാസങ്ങൾ അനുഭവപ്പെട്ട ആളുകൾക്ക് അവരുടെ പ്രതിഫലം നൽകപ്പെടുമ്പോൾ, (ജീവിതത്തിൽ) സൗഖ്യം ലഭിച്ച ആളുകൾ, തങ്ങൾ ഇബലോകത്തിലായിരിക്കുമ്പോൾ തങ്ങളുടെ തൊലികൾ കത്രിക കൊണ്ട് മുറിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് കൊതിക്കും. (തിർമിദി:2402)

നമ്മുടെ നാടുകളില്‍ രോഗിയായവ൪ രോഗം മാറുന്നതുവരെ നമസ്കാരം ഒഴിവാക്കുന്ന ഒരു പ്രവണത കാണാറുണ്ട്. ഇത് ഒരു സത്യവിശ്വാസിയില്‍ ഒരിക്കലും ഉണ്ടാവതല്ല. നമസ്കാര സമയം ആയാല്‍ അവന്‍ നമസ്കരിക്കേണ്ടതാണ്. രോഗിയുടെ കൂടെയുള്ളവ൪ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അവന്റെ സാഹചര്യത്തിനനുസരിച്ച ഇളവുകള്‍ അവന് സ്വീകരിക്കാവുന്നതാണ്.

عَنْ عِمْرَانَ بْنِ حُصَيْنٍ ـ رضى الله عنه ـ قَالَ كَانَتْ بِي بَوَاسِيرُ فَسَأَلْتُ النَّبِيَّ صلى الله عليه وسلم عَنِ الصَّلاَةِ فَقَالَ:‏ صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ

ഇംറാനുബ്‌നു ഹുസ്വൈൻ(റ) പറയുന്നു: എനിക്ക് മൂലക്കുരു രോഗം ബാധിച്ചിരുന്നു. അതിനാൽ നമസ്‌കാരം എങ്ങിനെ നിർവ്വഹിക്കണമെന്നതിനെക്കുറിച്ച് നബിയോട്(സ്വ) ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്നു പറഞ്ഞു: നീ നിന്നു നമസ്‌കരിക്കുക, അതിന് നിനക്ക് സാധിക്കുന്നില്ലെങ്കിൽ ഇരുന്നുകൊണ്ട് നിർവ്വഹിക്കുക, അതിനും കഴിയുന്നില്ലെങ്കിൽ ഒരു ഭാഗത്തേക്ക് ചെരിഞ്ഞുകിടന്ന്. (ബുഖാരി : 1117)

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺳْﺘَﻌِﻴﻨُﻮا۟ ﺑِﭑﻟﺼَّﺒْﺮِ ﻭَٱﻟﺼَّﻠَﻮٰﺓِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻣَﻊَ ٱﻟﺼَّٰﺒِﺮِﻳﻦَ

സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.(ഖു൪ആന്‍:2/153)

ശൈഖ് സ്വലിഹുല്‍ ഫൗസാന്‍ – حفظه الله പറഞ്ഞു:”ചില അറിവില്ലാത്ത ആളുകള്‍, അവന്‍ ആശുപത്രിയില്‍ ചികില്‍സയുടെ അവസ്‌ഥയില്‍, കട്ടിലില്‍നിന്ന് ഇറങ്ങാനൊ, അല്ലെങ്കില്‍ നജ്സുകളുള്ള തന്‍റെ വസ്ത്രങ്ങള്‍ മറ്റാന്‍ സാധിക്കാത്തവനൊ, അതല്ലെങ്കില്‍,തയമം ചെയ്യാനുള്ള മണ്ണ് തന്‍റെയടുക്കല്‍ ഇല്ലാത്തവനൊ,അതെല്ലെങ്കില്‍ അവനെ ഇതൊക്കെ ചെയ്ത് കൊടുക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്താന്‍ കഴിയാത്തവനോ ആയേക്കാം,അങ്ങിനെ അവന്‍ നിസ്ക്കാരത്തെ അതിന്‍റെ സമയത്തില്‍നിന്ന് പിന്തിക്കുകയും ചെയ്യും.എന്നിട്ട് അവന്‍ പറയും: ഞാന്‍ ഈ കാരണം(അവസ്‌ഥ) നീങ്ങിയാല്‍ അതൊക്കെ നിസ്ക്കരിക്കും. ഇതാകട്ടെ,നിസ്ക്കാരത്തെ പാഴാക്കലും,വലിയ തെറ്റുമാകുന്നു. ഇതുപോലെയുള്ള(കാര്യങ്ങളില്‍)അവന്‍റെ അവസ്‌ഥയുടെ കണക്കനുസരിച്ച് സമയത്തില്‍ നിസ്ക്കരിക്കുകയെന്നത് നിര്‍ബന്ധമാണ്.ഈ അവസ്‌ഥയില്‍ അവന്ക്ക് അവന്‍റെ നിസ്ക്കാരം മതിയാകുന്നതാണ്.അവന്‍ തയമം കൂടാതെയൊ,അല്ലെങ്കില്‍ നജ്സുള്ള വസ്ത്രങ്ങളിലൊ നിസ്ക്കരിച്ചാലും ശരി.അല്ലാഹു പറഞ്ഞു:”നിങ്ങള്‍ക്ക് കഴിയുന്നത്ര നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.ഇനി അവന്‍ കിബ്‌ലക്ക് മുന്നിടാന്‍ കഴിയാതെ മറ്റുഭാഗത്തേക്ക് തിരിഞ്ഞ് നിസ്ക്കരിച്ചാലും അവന്‍റെ നിസ്ക്കാരം സ്വഹീഹാണ്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *