മാതാപിതാക്കളോടുള്ള ബാധ്യതകള്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ അവരുടെ ശമ്പളത്തില്‍ നിന്ന് പിഴ ഈടാക്കുവാന്‍ നിര്‍ദേശിക്കുന്ന ബില്‍ അസം നിയമസഭ 2017 ല്‍ പാസാക്കിയിരുന്നു. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നിയമം വരുന്നത്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളെ സംരക്ഷിക്കുക എന്നുള്ളത് സ൪ക്കാരിന്റെ ശിക്ഷ ഭയന്നോ അല്ലെങ്കില്‍ നാട്ടുനടപ്പനുസരിച്ചോ ചെയ്യേണ്ട കാര്യമല്ല. ഒരു മുസ്ലിമിന്റെ മതപരമായ ബാധ്യതകളില്‍ പെട്ടതാണ് അവന്റെ മാതാപിതാക്കളെ സംരക്ഷിക്കല്‍ എന്നകാര്യം ആദ്യമായി മനസ്സിലാക്കേണ്ടതാണ്.

മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് അവന് ഇബാദത്തുകള്‍ ചെയ്യുന്നതിന് വേണ്ടിയാണ്.

ﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)

ഒരു സത്യവിശ്വാസിയായ മനുഷ്യന്‍ അവന്റെ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ അവന്‍ അല്ലാഹുവിന് ചെയ്യുന്ന ഇബാദത്തിലാണ് വീഴ്ച വരുത്തിയിട്ടുള്ളത്. കാരണം മാതാപിതാക്കളെ സംരക്ഷിക്കല്‍ അല്ലാഹുവിനുള്ള ഒരു ഇബാദത്തായിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്.

عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلمأَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ ‏”‏ الصَّلاَةُ عَلَى وَقْتِهَا ‏”‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏”‏ ثُمَّ بِرُّ الْوَالِدَيْنِ ‏”‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏”‏ الْجِهَادُ فِي سَبِيلِ اللَّهِ ‏”‏‏.‏قَالَ حَدَّثَنِي بِهِنَّ وَلَوِ اسْتَزَدْتُهُ لَزَادَنِي‏.‏

അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട് ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ. (വീണ്ടും) ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: മാതാപിതാക്കൾക്ക് നൻമ ചെയ്യൽ. (വീണ്ടും) ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ്. അദ്ധേഹം പറയുന്നു: ഈ കാര്യങ്ങൾ നബി ﷺ എന്നോടു പറഞ്ഞതാണ്. ഇനിയും കൂടുതൽ ഞാൻ ചോദിച്ചിരുന്നുവെങ്കിൽ തീർച്ചയായും കൂടുതൽ എനിക്കു പറഞ്ഞുതരുമായിരുന്നു. (ബുഖാരി: 527)

മാതാപിതാക്കളെ സംരക്ഷിക്കല്‍ അല്ലാഹുവിനുള്ള ഒരു ഇബാദത്താണെന്ന് ചുരുക്കം. അതുകൊണ്ടാണ്‌ അല്ലാഹുവിന്റെ മാ൪ഗ്ഗത്തിലുള്ള യുദ്ധത്തിന് തയ്യാറായി വന്ന ഒരാളെ, അയാള്‍ക്ക് വൃദ്ധരായ മാതാപിതാക്കളുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ നബി (സ്വ) അയാളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കാതെ വീട്ടില്‍പോയി മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ കല്‍പ്പിച്ചത്.

أَنَّ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ قَالَ أَقْبَلَ رَجُلٌ إِلَى نَبِيِّ اللَّهِ صلى الله عليه وسلم فَقَالَ أُبَايِعُكَ عَلَى الْهِجْرَةِ وَالْجِهَادِ أَبْتَغِي الأَجْرَ مِنَ اللَّهِ ‏.‏ قَالَ ‏”‏ فَهَلْ مِنْ وَالِدَيْكَ أَحَدٌ حَىٌّ ‏”‏ ‏.‏ قَالَ نَعَمْ بَلْ كِلاَهُمَا ‏.‏ قَالَ ‏”‏ فَتَبْتَغِي الأَجْرَ مِنَ اللَّهِ ‏”‏ ‏.‏ قَالَ نَعَمْ ‏.‏ قَالَ ‏”‏ فَارْجِعْ إِلَى وَالِدَيْكَ فَأَحْسِنْ صُحْبَتَهُمَا ‏”‏ ‏.‏

അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബിയുടെ (സ്വ) അടുക്കല്‍ വന്ന്‌ ഇപ്രകാരം പറഞ്ഞു: പ്രവാചകരേ, ഹിജ്റക്കും ജിഹാദിനും തയ്യാറാണെന്ന് താങ്കളോട്‌ ഞാന്‍ ബൈഅത്ത്‌ ചെയ്യുന്നു. അല്ലാഹുവില്‍ നിന്ന് ഞാന്‍ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യുന്നു. അദ്ദേഹത്തോടു നബി (സ്വ) ചോദിച്ചു: നിനക്ക്‌ മാതാപിതാക്കളില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? അദ്ദേഹം പറഞ്ഞു: അവ൪ രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്‌. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം തന്നെയാണോ നീ ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞു:അതെ, തീ൪ച്ചയായും. നബി (സ്വ) അദ്ദേഹത്തോട്‌ പറഞ്ഞു: എങ്കില്‍ നീ നിന്റെ മാതാപിതാക്കളിലേക്ക് തിരിച്ചുപോ. എന്നിട്ട് അവരെ നല്ല നിലയില്‍ പരിചരിക്കുക. (നിന്റെ ജിഹാദ്‌ അതാണ്‌.)(മുസ്ലിം :2549)

മാതാപിതാക്കളെ സംരക്ഷിക്കല്‍ അല്ലാഹുവിനുള്ള ഒരു ഇബാദത്തായതുകൊണ്ടുതന്നെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചായിരിക്കണം ഒരു സത്യവിശ്വാസി മാതാപിതാക്കള്‍ക്ക് നന്മ ചെയ്യേണ്ടത്. അല്ലാതെ നാട്ടുനടപ്പനുസരിച്ച് തന്റെ ബാധ്യത നിര്‍വഹിക്കലോ, സ൪ക്കാരിന്റെ ശിക്ഷ ഭയന്നോ ആയിരിക്കരുത് അത് ചെയ്യുന്നത്.

മനുഷ്യന്റെ കടമകളില്‍വെച്ച് പരമപ്രധാനമായത് അവന്റെ സ്രഷ്ടാവും, രക്ഷിതാവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിനോടുള്ള കടമ കഴിച്ചാല്‍ പിന്നീട് മനുഷ്യന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അവന്റെ മാതാപിതാക്കളോടാണ്. അതുകൊണ്ടാണ് അല്ലാഹുവിനോടുള്ള കടമയെകുറിച്ചു പറഞ്ഞ ഉടനെ അതോട് ചേര്‍ത്തു കൊണ്ട് മാതാപിതാക്കള്‍ക്ക് നന്മചെയ്യുവാന്‍ അല്ലാഹു കല്പിച്ചിട്ടുള്ളത്.

…… ﻭَٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَﻻَ ﺗُﺸْﺮِﻛُﻮا۟ ﺑِﻪِۦ ﺷَﻴْـًٔﺎ ۖ ﻭَﺑِﭑﻟْﻮَٰﻟِﺪَﻳْﻦِ ﺇِﺣْﺴَٰﻨًﺎ

നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക….(ഖു൪ആന്‍ :4/36)

മനുഷ്യന്റെ ജന്മത്തിന്‌ കാരണക്കാരും, അവന്‍ ജീവിക്കുവാന്‍ സ്വയംപര്യാപ്‌തനായി തീരുന്നതുവരെ ത്യാഗങ്ങള്‍ സഹിച്ചുകൊണ്ട്‌ അവനെ പരിപാലിച്ചു വളര്‍ത്തിപ്പോന്നവരുമാണ് അവന്റെ മാതാപിതാക്കള്‍. അതുകൊണ്ടുതന്നെ മനുഷ്യ൪ തമ്മിലുള്ള ബന്ധങ്ങളില്‍ ഏറ്റവും പ്രമുഖം മാതാപിതാക്കള്‍ക്കളോട് മക്കള്‍ക്കുള്ള ബാധ്യതയാണ് .

മാതാപിതാക്കളോട് മക്കള്‍ക്കുള്ള കടപ്പാട് പറഞ്ഞാലും എണ്ണിയാലും തീരാത്തതാണ്. ഇതുമായി ബന്ധപ്പെട്ട് അല്ലാഹുവും അവന്റെ റസൂലും(സ്വ) നി൪ദ്ദേശിച്ചിട്ടുള്ളത് നാം മനസ്സിലാക്കിയിരിക്കണം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‌‏ لاَ يَجْزِي وَلَدٌ وَالِدًا إِلاَّ أَنْ يَجِدَهُ مَمْلُوكًا فَيَشْتَرِيَهُ فَيُعْتِقَهُ ‏”‏ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : റസൂൽ(സ്വ) പറഞ്ഞു: ഒരു മകനും തന്റെ പിതാവിന് പ്രത്യുപകാരം ചെയ്യുക സാധ്യമല്ല: പിതാവിനെ അടിമയായി കണ്ടെത്തുകയും വിലക്ക് വാങ്ങി മോചിപ്പിക്കുകയും ചെയ്തെങ്കിലല്ലാതെ. (മുസ്ലിം: 1510)

ﻭَﻗَﻀَﻰٰ ﺭَﺑُّﻚَ ﺃَﻻَّ ﺗَﻌْﺒُﺪُﻭٓا۟ ﺇِﻻَّٓ ﺇِﻳَّﺎﻩُ ﻭَﺑِﭑﻟْﻮَٰﻟِﺪَﻳْﻦِ ﺇِﺣْﺴَٰﻨًﺎ ۚ ﺇِﻣَّﺎ ﻳَﺒْﻠُﻐَﻦَّ ﻋِﻨﺪَﻙَ ٱﻟْﻜِﺒَﺮَ ﺃَﺣَﺪُﻫُﻤَﺎٓ ﺃَﻭْ ﻛِﻼَﻫُﻤَﺎ ﻓَﻼَ ﺗَﻘُﻞ ﻟَّﻬُﻤَﺎٓ
ﺃُﻑٍّ ﻭَﻻَ ﺗَﻨْﻬَﺮْﻫُﻤَﺎ ﻭَﻗُﻞ ﻟَّﻬُﻤَﺎ ﻗَﻮْﻻً ﻛَﺮِﻳﻤًﺎ ﻭَٱﺧْﻔِﺾْ ﻟَﻬُﻤَﺎ ﺟَﻨَﺎﺡَ ٱﻟﺬُّﻝِّ ﻣِﻦَ ٱﻟﺮَّﺣْﻤَﺔِ ﻭَﻗُﻞ ﺭَّﺏِّ ٱﺭْﺣَﻤْﻬُﻤَﺎ ﻛَﻤَﺎ ﺭَﺑَّﻴَﺎﻧِﻰ ﺻَﻐِﻴﺮًا

തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.(ഖു൪ആന്‍ :17/23-24)

മക്കള്‍ക്ക് മാതാപിതാക്കളോടുള്ള ബാധ്യതയുമായി ബന്ധപ്പെട്ട് അല്ലാഹു ഈ ആയത്തിലൂടെ പറഞ്ഞിട്ടുള്ളതില്‍ നിന്നും നബിയുടെ(സ്വ) വിശദീകരണത്തില്‍ നിന്നും നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

1.മാതാപിതാക്കളോട് മര്യാദയോടെ സംസാരിക്കുക, മാന്യമായി വാക്കുകള്‍ പറയുക. മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ അച്ചടക്കവും, മര്യാദയും, ബഹുമാനവും മര്യാദയും പ്രകടമാവുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കുന്നത്‌. ‘മാന്യമായ വാക്ക്’ എന്നതിനെ കുറിച്ച് സഈദുബ്‌നുല്‍ മുസയ്യബ്‌ (റ) പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ് : പാപം ചെയ്‌ത അടിമ കഠിന സ്വഭാവിയായ യജമാനനോട്‌ പറയും പ്രകാരമുള്ള വാക്ക്‌.(തഫ്സീറുത്വബ്’രി)

قال ابن عباس رضي الله عنهما:يريد البر بهما مع اللطف ولين الجانب، فلا يُغْلِظُ لهما في الجواب، ولا يُحِدُّ النظر إليهما، ولا يرفع صوته عليهما، بل يكون بين يديهما مثل العبد بين يدي السيد تذللاً لهما

ഇബ്ൻ അബ്ബാസ് (رضي الله عنه) പറഞ്ഞു :മാതാപിതാക്കൾക്ക് നന്മ ചെയ്യൽ കൊണ്ടുള്ള ഉദ്ദേശ്യം; അവരോട് സ്നേഹവും ആർദ്രതയും കാണിക്കുക, മറുപടി പറയുമ്പോൾ ശബ്ദം കനപ്പിക്കാതിരിക്കുക, അവരെ തുറിച്ചു നോക്കാതിരിക്കുക, അവരോട് ശബ്ദം ഉയർത്താതിരിക്കുക എന്നിവയൊക്കെയാണ്. അവരോടുള്ള പെരുമാറ്റം ഒരു അടിമ തന്റെ യജമാനനോട് എന്ന പോലെ താഴ്മയോടെ ആയിരിക്കണം.[تفسير سورة النساء 36]

2.മാതാപിതാക്കളോട് ‘ഛെ’ എന്നുപോലും പറയാന്‍ പാടില്ല. ‘ഛെ’ എന്നുപറയുന്നത് വെറുപ്പിന്റെ എറ്റവും ചെറിയ വാക്കാണ്. എങ്കില്‍ അതിനപ്പുറമുള്ള വാക്കുകള്‍ പറയുന്നത് ഗുരുതരമായ കുറ്റമാണ്. എക്കാലത്തും അവരോട്‌ അനുവര്‍ത്തിക്കപ്പെടേണ്ടുന്ന ഒരു കടമ തന്നെയാണ്‌ ഇത്‌. എങ്കിലും പ്രായാധിക്യം നേരിടുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

3.അവരോട്‌ കയര്‍ത്തു സംസാരിക്കുകയോ, പൌരുഷമായ രീതിയില്‍ സംസാരിക്കുകയോ ചെയ്യരുത്‌. എന്തിന് അവരോട് മുഖം ചുളിച്ചുപോലും സംസാരിക്കരുത്.

4.മാതാപിതാക്കളെ അനുസരിക്കണം.

5.മാതാപിതാക്കളുമായി കൂടിയാലോചന നടത്തണം.

6.മാതാപിതാക്കള്‍ക്ക് വേണ്ടുന്ന സേവനങ്ങളും ആവശ്യമായ സഹായവും നല്‍കുക, അവരുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുകൊടുക്കുക, അവര്‍ക്ക് അനിഷ്ടമായതൊന്നും ചെയ്യാതിരിക്കുക. അവരോട്‌ അസംതൃപ്തിയോ അസന്തുഷ്ടിയോ പ്രകടിപ്പിക്കരുത്. അവ൪ക്ക് സന്തോഷവും സംതൃപ്തിയും നല്‍കുന്ന പ്രവ൪ത്തമായിരിക്കണം നമ്മില്‍ നിന്നും ഉണ്ടായിരിക്കേണ്ടത്.

7.മാതാപിതാക്കളോട് വിനയവും കാരുണ്യവും കാണിക്കുക. നമ്മുടെ കുഞ്ഞുന്നാളില്‍ സ്‌നേഹ വാത്സല്യത്തോടുകൂടി അവര്‍ ഇങ്ങോട്ട്‌ പെരുമാറിയപോലെ, അവരുടെ വാ൪ദ്ധക്യ കാലത്ത് അവരോടും വിനയത്തോടും കാരുണ്യത്തോടും പെരുമാറുക.

8.മാതാപിതാക്കളുടെ ദുനിയാവിന്റേയും ആഖിറത്തിലേയും നന്‍മകള്‍ക്ക് വേണ്ടി അല്ലാഹവിനോട് പ്രാ൪ത്ഥിക്കുക

ചെറുപ്പകാലത്ത്‌ നമ്മെ വളര്‍ത്തികൊണ്ടുവരാന്‍ അവര്‍ വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ ജീവിതകാലത്തും മരണശേഷവും അവ൪ക്ക് വേണ്ടി അല്ലാഹുവിനോട് നാം പ്രാ൪ത്ഥിക്കണം. ﺭَّﺏِّ ٱﺭْﺣَﻤْﻬُﻤَﺎ ﻛَﻤَﺎ ﺭَﺑَّﻴَﺎﻧِﻰ ﺻَﻐِﻴﺮًا (എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ) എന്ന പ്രാ൪ത്ഥന പ്രത്യേകം പ്രാ൪ത്ഥിക്കുക. മരണാനന്തരം അവരുടെ പാപമോചനത്തിന് വേണ്ടിയും പ്രാ൪ത്ഥിക്കുക.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : റസൂൽ(സ്വ) പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631)

عَنْ أَبِي أُسَيْدٍ، مَالِكِ بْنِ رَبِيعَةَ قَالَ بَيْنَمَا نَحْنُ عِنْدَ النَّبِيِّ ـ صلى الله عليه وسلم ـ إِذْ جَاءَهُ رَجُلٌ مِنْ بَنِي سُلَيْمٍ فَقَالَ يَا رَسُولَ اللَّهِ أَبَقِيَ مِنْ بِرِّ أَبَوَىَّ شَىْءٌ أَبَرُّهُمَا بِهِ مِنْ بَعْدِ مَوْتِهِمَا قَالَ نَعَمْ الصَّلاَةُ عَلَيْهِمَا وَالاِسْتِغْفَارُ لَهُمَا وَإِيفَاءٌ بِعُهُودِهِمَا مِنْ بَعْدِ مَوْتِهِمَا وَإِكْرَامُ صَدِيقِهِمَا وَصِلَةُ الرَّحِمِ الَّتِي لاَ تُوصَلُ إِلاَّ بِهِمَا ‏”

മാലിക്ക് ബിൻ റബീഅ(റ) നിവേദനം: ഞങ്ങൾ ഒരിക്കൽ നബിﷺയുടെ സദസ്സിൽ ഇരിക്കുമ്പോൾ ബനൂസലമ ഗോത്രത്തിലെ ഒരാൾ വന്ന് പ്രവാചകനോട് (ﷺ) ചോദിച്ചു. പ്രവാചകരേ എന്റെ മാതാപിതാക്കളുടെ മരണശേഷം ഞാൻ അവരോട് ചെയ്യേണ്ടതായ വല്ല നന്മയുമുണ്ടോ..? നബി (ﷺ) അതെ, അവരുടെ ജനാസ നമസ്‌കരിക്കുക, അവർക്ക് വേണ്ടി മഗ്ഫിറത്തിനെ ചോദിക്കുക, അവരുടെ ശേഷം അവരുടെ കരാറുകൾ നടപ്പാക്കുക, അവരിലൂടെയുള്ള രക്തബന്ധം പുലർത്തുക, അവരുടെ സ്‌നേഹിതൻമാരെ ആദരിക്കുക എന്നിവയാണ്.
(ഇബ്നുമാജ: 3664)

قَالَ سُفْيَانُ بْنُ عُيَيْنَةَ: مَنْ صَلَّى الصَّلَوَاتِ الْخَمْسَ فَقَدْ شَكَرَ اللَّهَ تَعَالَى وَمَنْ دَعَا لِوَالِدَيْهِ فِي أَدْبَارِ الصَّلَوَاتِ فَقَدْ شَكَرَهُمَا

സുഫ്‌യാൻ ബ്നു ഉയയ്ന رحمه الله പറഞ്ഞു:ആരെങ്കിലും അഞ്ച് നേരെത്തെ നമസ്ക്കാരം നിർവ്വഹിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിച്ചു , ആരെങ്കിലും നമസ്കാരങ്ങൾക്ക്ശേഷം മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അവൻ അവർക്ക് രണ്ടു പേർക്കും നന്ദി കാണിച്ചു. (തഫ്സീർ ഖുർതുബി)

9.മാതാപിതാക്ക൪ ജീവിച്ചിരിക്കെ ബാക്കി വെച്ച ക൪മ്മങ്ങള്‍ പൂ൪ത്തിയാക്കുക, ദാനധ൪മ്മം നല്‍കുക

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّ أُمِّي مَاتَتْ، وَعَلَيْهَا صَوْمُ شَهْرٍ، أَفَأَقْضِيهِ عَنْهَا قَالَ ‏ “‏ نَعَمْ ـ قَالَ ـ فَدَيْنُ اللَّهِ أَحَقُّ أَنْ يُقْضَى ‏”‏‏.‏

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: രൊൾ നബിയുടെ(സ്വ) അടുത്തേക്ക് വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ മാതാവ് മരണപ്പെട്ടു. അവർക്ക് ഒരു മാസത്തെ നോമ്പ് നോൽക്കാൻ ബാദ്ധ്യതയുണ്ട്. അവർക്കു വേണ്ടി ഞാനത് നോറ്റു വീട്ടട്ടെ. നബി(സ്വ) പറഞ്ഞു: അതെ, നോറ്റുവീട്ടുക. അല്ലാഹുവിനോടുള്ള കടമാണ് വീട്ടാൻ ഏറ്റവും അർഹതയുള്ളത്. (ബുഖാരി: 1953)

عَنْ عَائِشَةَ ـ رضى الله عنها ـ‏.‏ أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم إِنَّ أُمِّي افْتُلِتَتْ نَفْسُهَا، وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ، فَهَلْ لَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا قَالَ ‏ “‏ نَعَمْ ‏”‏‏.

ആയിശ(റ) പറയുന്നു: ഒരാൾ നബി(സ്വ)യോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരണപ്പെട്ടു. അവർക്ക് സംസാരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവർ ധർമ്മം ചെയ്യുമായിരുന്നു. അവരുടെ പേരിൽ ഞാൻ ധർമ്മം ചെയ്‌താൽ അതിന്റെ പ്രതിഫലം അവർക്ക് ലഭിക്കുമോ? നബി(സ്വ) പറഞ്ഞു: അതെ (ലഭിക്കും).(ബുഖാരി: 1388)

10.മാതാപിതാക്കളുടെ സുഹൃത്തുക്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക

മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ പോലും അവരോടുള്ള ബാധ്യത അവസാനിക്കുന്നില്ല. മാതാപിതാക്കളുടെ സുഹൃത്തുക്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നുള്ളത് അവരോടുള്ള ബാധ്യതയില്‍ പെട്ടതാണ്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَجُلاً، مِنَ الأَعْرَابِ لَقِيَهُ بِطَرِيقِ مَكَّةَ فَسَلَّمَ عَلَيْهِ عَبْدُ اللَّهِ وَحَمَلَهُ عَلَى حِمَارٍ كَانَ يَرْكَبُهُ وَأَعْطَاهُ عِمَامَةً كَانَتْ عَلَى رَأْسِهِ فَقَالَ ابْنُ دِينَارٍ فَقُلْنَا لَهُ أَصْلَحَكَ اللَّهُ إِنَّهُمُ الأَعْرَابُ وَإِنَّهُمْ يَرْضَوْنَ بِالْيَسِيرِ ‏.‏ فَقَالَ عَبْدُ اللَّهِ إِنَّ أَبَا هَذَا كَانَ وُدًّا لِعُمَرَ بْنِ الْخَطَّابِ وَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ إِنَّ أَبَرَّ الْبِرِّ صِلَةُ الْوَلَدِ أَهْلَ وُدِّ أَبِيهِ ‏”‏ ‏.‏

ഇബ്‌നു ഉമര്‍(റ) മക്കയിലേക്കുള്ള ഒരു യാത്രയില്‍ ഒരുഗ്രാമീണ അറബിയുമായി സംസാരിച്ചു. അയാള്‍ ഇബ്നു ഉമറിന്(റ) സലാം പറഞ്ഞു. അദ്ദേഹം തന്റെ വാഹനപുറത്ത് ആ അഅറാബിയെ കയറ്റി. അതിനുപുറമെ തന്റെ തലപ്പാവും അയാള്‍ക്ക് സമ്മാനിച്ചു. ഇബ്‌നു ഉമ൪(റ) ചോദിക്കപ്പെട്ടു: ഈ അഅറാബികള്‍ ചെറിയ ഒരു ഉപഹാരം കൊണ്ടുതന്നെ സംതൃപ്തരാകും. എന്നിട്ടും താങ്കളെന്തിനാണ് അയാള്‍ക്ക് താങ്കളുടെ തലപ്പാവ് നല്‍കിയത്. ഇബ്‌നുഉമര്‍(റ) പറഞ്ഞു: എന്റെ പിതാവ്‌ ഉമറിന്റെ സ്‌നേഹിതനായിരുന്നു ഇയാളുടെ പിതാവ്. റസൂല്‍(സ്വ) ഇപ്രകാരം പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട് : ഒരാള്‍ തന്റെ മാതാപിതാക്കളുടെ സ്‌നേഹിതന്മാരോട് കാണിക്കുന്ന നന്‍മയാണ് ഏറ്റവും വലിയ സല്‍ക൪മ്മം (മുസ്‌ലിം : 2552)

عن أبي بُرْدَةَ، قال: قدمْتُ المدينةَ، فأتاني عبدُ اللهِ بنُ عمرَ، فقال: أتدري لم أتيتُكَ؟ قال: قلتُ: لا. قال: سمعتُ رسولَ اللهِ صلّى اللهُ عليهِ وسلَّمَ يقولُ: من أَحَبَّ أن يَصِلَ أباهُ في قبرِهِ، فليَصِلْ إخوانَ أبيهِ بعدَهُ، وإنهُ كان بينَ أبي عمرَ وبينَ أبيكَ إِخاءٌ ووُدٌّ، فأحببتُ أن أَصِلَ ذاكَ

അബൂബു൪ദ (റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ മദീനയില്‍ ചെന്നു. അപ്പോള്‍ അബ്ദുല്ലാഹിബ്നു ഉമ൪(റ) എന്റെ അടുക്കല്‍ വന്നു. അദ്ദേഹം എന്നോട് ചോദിച്ചു:ഞാന്‍ ഇപ്പോള്‍ താങ്കളെ കാണാന്‍ വന്നത് എന്തിനാണെന്ന് അറിയുമോ? ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: ഞാന്‍ നബിയില്‍(സ്വ) നിന്ന് ഇപ്രകാരം കേട്ടിട്ടുണ്ട്: ഒരാള്‍ തന്റെ പിതാവിന്റെ മരണേശേഷം അദ്ദേഹവുമായി ഖബ്റില്‍ ബന്ധം സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്റെ പിതാവിന്റെ ഇഷ്ടക്കാരായ കൂട്ടുകാരുമായി ബന്ധം പുല൪ത്തട്ടെ. അതെ, എന്റെ പിതാവ് ഉമ൪ താങ്കളുടെ പിതാവുമായി നല്ല സുഹൃദ് ബന്ധത്തിലായിരുന്നു. ഞാന്‍ ആ ബന്ധം തുട൪ന്ന് പോകാന്‍ ആഗ്രഹിക്കുന്നു. (സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ :1/329)

11.മാതാപിതാക്കളെ മറ്റുള്ളവ൪ അധിക്ഷേപിക്കുന്ന സാഹചര്യം നാം ഉണ്ടാക്കരുത്

عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِنَّ مِنْ أَكْبَرِ الْكَبَائِرِ أَنْ يَلْعَنَ الرَّجُلُ وَالِدَيْهِ ‏”‏‏.‏ قِيلَ يَا رَسُولَ اللَّهِ وَكَيْفَ يَلْعَنُ الرَّجُلُ وَالِدَيْهِ قَالَ ‏”‏ يَسُبُّ الرَّجُلُ أَبَا الرَّجُلِ، فَيَسُبُّ أَبَاهُ، وَيَسُبُّ أَمَّهُ ‏”‏‏.

അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം : നബി(സ്വ) അരുളി: മനുഷ്യ൪ അവന്റെ മാതാപിതാക്കളെ ചീത്ത പറയുക എന്നത് മഹാപാപങ്ങളില്‍ പെട്ടതാകുന്നു. അവിടുന്ന് ചോദിക്കപ്പെട്ടു. ഒരു മനുഷ്യന്‍ എങ്ങനെയാണ് തന്റെ മാതാപിതാക്കളെ ആക്ഷേപിക്കുക. നബി(സ്വ) അരുളി: ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്ത പറയും. അപ്പോള്‍ അയാള്‍ ഇയാളുടെ പിതാവിനേയും അസഭ്യം പറയും. അപ്പോള്‍ തിരിച്ച് ഇയാളുടെ മാതാവിനെ കുറ്റം പറയും. ഉടനെ തിരിച്ചങ്ങോട്ട് അപരന്റെ മാതാവിനെ ചീത്തപറയും. ഇങ്ങനെ സ്വന്തം മാതാപിതാക്കളെ അധിക്ഷേപിക്കാന്‍ കാരണക്കാരനായിതീരും.(ബുഖാരി : 5973)

മാതാപിതാക്കളില്‍ പിതാവിനേക്കാള്‍ മാതാവിനോടാണ്‌ മക്കള്‍ക്ക്‌ കൂടുതല്‍ കടപ്പാടുള്ളത്. ഗര്‍ഭകാലത്തും പ്രസവിച്ചശേഷം മുലകുടിപ്രായം കഴിയുന്നതുവരെയും മക്കള്‍ക്കുവേണ്ടി ഏറ്റവുമധികം ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്നത് മാതാക്കളാണല്ലോ.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ مَنْ أَحَقُّ بِحُسْنِ صَحَابَتِي قَالَ ‏”‏ أُمُّكَ ‏”‏‏.‏ قَالَ ثُمَّ مَنْ قَالَ ‏”‏ أُمُّكَ ‏”‏‏.‏ قَالَ ثُمَّ مَنْ قَالَ ‏”‏ أُمُّكَ ‏”‏‏.‏ قَالَ ثُمَّ مَنْ قَالَ ‏”‏ ثُمَّ أَبُوكَ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഒരാൾ നബിയുടെ(സ്വ) അടുക്കൽ വന്ന് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെ, എന്റെ ഉത്തമ സഹവാസത്തിന് ഏറ്റവും അർഹതയുള്ളതാരാണ് ?’ നബി(സ്വ) പറഞ്ഞു: നിന്റെ മാതാവ്. അയാൾ ചോദിച്ചു: പിന്നെ ആരാണ്? നബി(സ്വ) പറഞ്ഞു: നിന്റെ മാതാവ് തന്നെ. അയാൾ ചോദിച്ചു: പിന്നെ ആരാണ്? നബി(സ്വ)പറഞ്ഞു: നിന്റെ മാതാവ് തന്നെ. വീണ്ടും അയാൾ ചോദിച്ചു: പിന്നെ ആരാണ്? നബി(സ്വ) പറഞ്ഞു: നിന്റെ പിതാവ്. (ബുഖാരി: 78)

മക്കള്‍ക്ക് വേണ്ടി ഏറ്റവുമധികം ബുദ്ധിമുട്ടും കഷ്‌ടപ്പാടും അനുഭവിക്കുന്നത്‌ മാതാവാണ്. ഒരു മാതാവ് ഗര്‍ഭിണിയായാല്‍ പ്രസവംവരെ അനുഭവിക്കുന്ന ബുദ്ധിമുട്ടും ക്ലേശവും വളരെ വലുതാണ്. പ്രസവമാണെങ്കില്‍ മരണസമാനവുമായ അവസ്ഥയുമാണ്. പിന്നീടു മുലകുടി അവസാനിക്കുന്നതുവരെ തന്റെ ശിശുവിനുവേണ്ടി അവള്‍ ത്യാഗങ്ങളും വിഷമങ്ങളും അനുഭവിക്കുന്നു. പിന്നീട് പ്രായപൂ൪ത്തിയാകുന്നതുവരെ ആ കുട്ടിയെ വള൪ത്തിക്കൊണ്ടു വരുന്നതിലും മാതാവിന്റെ പങ്ക് വളരെ വലുതാണ്.

ﻭَﻭَﺻَّﻴْﻨَﺎ ٱﻹِْﻧﺴَٰﻦَ ﺑِﻮَٰﻟِﺪَﻳْﻪِ ﺇِﺣْﺴَٰﻨًﺎ ۖ ﺣَﻤَﻠَﺘْﻪُ ﺃُﻣُّﻪُۥ ﻛُﺮْﻫًﺎ ﻭَﻭَﺿَﻌَﺘْﻪُ ﻛُﺮْﻫًﺎ ۖ ﻭَﺣَﻤْﻠُﻪُۥ ﻭَﻓِﺼَٰﻠُﻪُۥ ﺛَﻠَٰﺜُﻮﻥَ ﺷَﻬْﺮًا ۚ

തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടു കൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു…… (ഖു൪ആന്‍ :46/15)

قَالَ‏ ابْنِ عَبَّاسٍ رضي الله عنه ‏:‏ إِنِّي لاَ أَعْلَمُ عَمَلاً أَقْرَبَ إِلَى اللهِ عَزَّ وَجَلَّ مِنْ بِرِّ الْوَالِدَةِ‏.‏

അബ്ദുല്ലാഹ് ബിൻ അബ്ബാസ് رضي الله عنه പറഞ്ഞു:മാതാവിന് നന്മ ചെയ്യുന്നതിനേക്കാൾ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മറ്റൊരു പ്രവർത്തനവും എനിക്കറിയില്ല. (അദബുൽ മുഫ്റദ്:4)

എന്നാല്‍ പിതാവിനോടുള്ള കടപ്പാടുകളും ബാധ്യതകളും ചെറുതായി കാണാന്‍ പാടില്ല.

അബുദ്ദ൪ദാഇല്‍ (റ) നിന്ന് നിവേദനം : നബി(സ്വ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: പിതാവ് സ്വ൪ഗ്ഗത്തിന്റെ മുഖ്യകവാടമാണ്. നീ ഉദ്ദേശിക്കുന്നെങ്കില്‍ അത് കാത്തുസൂക്ഷിക്കുക. അത് നഷ്ടപ്പെടുത്തുകയാണെങ്കില്‍ അങ്ങനെയാകട്ടെ.(സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ )

قال إبراهيم بن صالح بن عبد الله حفظه الله وإن من الخطأ الذي يقع فيه بعض الشباب الغفلةَ عن والديه والانشغال عنهما بدعوى طلب العلم أو حفظ القرآن أو الدعوة إلى الله، وهذا من تقديم المستحب على الواجب، وارتكاب المحظور من أجل تحصيل المندوب.قال هشام بن حسان: قلت للحسن: إني أتعلم القرآن، وإن أمي تنتظرني بالعشاء، قال الحسن: “تعشَّ العشاء مع أمك تقر به عينُها، فهو أحب إليّ من حجة تحجها تطوعًا

ഇബ്റാഹീമുബ്നു സ്വാലിഹി ബ്നി അബ്ദില്ല (حفظه الله) പറഞ്ഞു: ഈ കാലത്ത് ചില യുവാക്കളിൽ കണ്ടു വരുന്ന അബദ്ധമാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യുന്നതിൽ ആശ്രദ്ധ കാണിക്കുന്നുവെന്നത്. മതം പഠിക്കുന്നതിലോ, ക്വുർആൻ മനഃപാഠമാക്കുന്നതിലോ, മതപ്രബോധനത്തിലോ മുഴുകുന്നുവെന്ന വാദഗതിയാണവർക്കുള്ളത് . ഇത് നിർബന്ധമായതിനെക്കാൾ സുന്നത്തായ കാര്യങ്ങളെ മുന്തിക്കൽ ആകുന്നു, അല്ലെങ്കിൽ സുന്നത്തായ കാര്യം നേടാൻ വേണ്ടി ഹറാമായ കാര്യം ചെയ്യൽ ആകുന്നു. ഹിശാം ഇബ്നു ഹിസാൻ പറഞ്ഞു : ഞാൻ ഹസനുൽ ബസ്വരി (റഹി)യോട് ചോദിച്ചു : ‘ഞാൻ വിശുദ്ധ ക്വുർആൻ പഠിക്കുകയും എന്റെ ഉമ്മ എന്നെ രാത്രി ഭക്ഷണം കഴിക്കാൻ കാത്തിരിക്കുകയും ചെയ്യുന്നു (ഞാൻ എന്ത് ചെയ്യണം ?)’ ഹസനുൽ ബസ്വരി (റഹി) പറഞ്ഞു : “നീ ഉമ്മയുടെ കൂടെ രാത്രി ഭക്ഷണം കഴിച്ചു കൊണ്ട് അവർക്ക് കൺ കുളിർമ നൽകുക, അതാണ് നീ സുന്നത്തായ ഹജ്ജ് ചെയ്യുന്നതിനേക്കാൾ എനിക്കിഷ്ടം”. (ഇബ്രാഹീം ബ്‌നു സ്വാലിഹ് ബ്നു അബ്ദില്ല حفظه الله യുടെ ഖുതുബയിൽ നിന്ന്)

മാതാപിതാക്കളെ അനുസരിക്കണമെന്ന് പറയുമ്പോള്‍ ഇസ്ലാമിന് വിരുദ്ധമായ കാര്യത്തിനാണ് അവ൪ നി൪ബന്ധിക്കുന്നതെങ്കില്‍ അക്കാര്യത്തില്‍ അവരെ അനുസരിക്കേണ്ടതില്ല.

ﻭَﻭَﺻَّﻴْﻨَﺎ ٱﻹِْﻧﺴَٰﻦَ ﺑِﻮَٰﻟِﺪَﻳْﻪِ ﺣُﺴْﻨًﺎ ۖ ﻭَﺇِﻥ ﺟَٰﻬَﺪَاﻙَ ﻟِﺘُﺸْﺮِﻙَ ﺑِﻰ ﻣَﺎ ﻟَﻴْﺲَ ﻟَﻚَ ﺑِﻪِۦ ﻋِﻠْﻢٌ ﻓَﻼَ ﺗُﻄِﻌْﻬُﻤَﺎٓ ۚ ﺇِﻟَﻰَّ ﻣَﺮْﺟِﻌُﻜُﻢْ ﻓَﺄُﻧَﺒِّﺌُﻜُﻢ ﺑِﻤَﺎ ﻛُﻨﺘُﻢْ ﺗَﻌْﻤَﻠُﻮﻥَ

തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്‌. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.(ഖു൪ആന്‍ :29/8)

عن عمران بن الحصين والحكم بن عمرو الغفاري قَالَ رَسُولُ اللَّهِ صلى الله عليه وسلم  : لا طاعةَ لِمخلُوقٍ في معصيةِ الخالِقِ

നബി(സ്വ) പറഞ്ഞു : സൃഷ്ടാവിന്റെ കൽപനക്കു വിപരീതമായി ഒരു സൃഷ്ടിയെയും അനുസരിക്കരുത്. (صحيح الجامع ٧٥٢٠ )

എന്നാല്‍ മറ്റുള്ള വിഷയത്തില്‍ അവരോട് സദാചാരമനുസരിച്ച്‌ നല്ല നിലയില്‍ സഹവസിക്കേണ്ടതാണ്.

ﻭَﺇِﻥ ﺟَٰﻬَﺪَاﻙَ ﻋَﻠَﻰٰٓ ﺃَﻥ ﺗُﺸْﺮِﻙَ ﺑِﻰ ﻣَﺎ ﻟَﻴْﺲَ ﻟَﻚَ ﺑِﻪِۦ ﻋِﻠْﻢٌ ﻓَﻼَ ﺗُﻄِﻌْﻬُﻤَﺎ ۖ ﻭَﺻَﺎﺣِﺒْﻬُﻤَﺎ ﻓِﻰ ٱﻟﺪُّﻧْﻴَﺎ ﻣَﻌْﺮُﻭﻓًﺎ ۖ ﻭَٱﺗَّﺒِﻊْ ﺳَﺒِﻴﻞَ ﻣَﻦْ ﺃَﻧَﺎﺏَ ﺇِﻟَﻰَّ ۚ ﺛُﻢَّ ﺇِﻟَﻰَّ ﻣَﺮْﺟِﻌُﻜُﻢْ ﻓَﺄُﻧَﺒِّﺌُﻜُﻢ ﺑِﻤَﺎ ﻛُﻨﺘُﻢْ ﺗَﻌْﻤَﻠُﻮﻥَ

നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.(ഖു൪ആന്‍ :31/15)

സഅദ്ബ്നു അബീബക്കാസ് (റ) ഇസ്‌ലാമിന്റെ ആരംഭഘട്ടത്തില്‍ വിശ്വസിച്ച ഒരു സ്വഹാബിയായിരുന്നു. അദ്ദേഹം നബിയില്‍ (സ്വ) വിശ്വസിച്ചതു നിമിത്തം അദ്ദേഹത്തിന്റെ മാതാവ് ( ഹംന ബിന്‍ത് സുഫ്‌യാന്‍) അദ്ദേഹത്തോടു ഇങ്ങനെ പറഞ്ഞു: ‘മാതാവിനോടു നന്‍മ ചെയ്യണമെന്നു നിന്നോടു അല്ലാഹു കല്പിച്ചിട്ടില്ലേ? അതുകൊണ്ട് ഒന്നുകില്‍ ഞാന്‍ മരണമടയുക, അല്ലെങ്കില്‍ നീ ഇസ്‌ലാമില്‍ അവിശ്വസിക്കുക, ഈ രണ്ടിലൊന്നുണ്ടാകുന്നതുവരെ ഞാന്‍ ഭക്ഷണപാനീയമൊന്നും കഴിക്കുകയില്ല.’ അതിനതുട൪ന്നാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചിട്ടുള്ളത്.

മാതാപിതാക്കള്‍ മുസ്ലിം അല്ലെങ്കിലും അവരോടുള്ള ബാധ്യതതകള്‍ സത്യവിശ്വാസികള്‍ നിറവേറ്റേണ്ടതുണ്ട്.

عَنْ أَسْمَاءُ ابْنَةُ أَبِي بَكْرٍ ـ رضى الله عنهما ـ قَالَتْ أَتَتْنِي أُمِّي رَاغِبَةً فِي عَهْدِ النَّبِيِّ صلى الله عليه وسلم فَسَأَلْتُ النَّبِيَّ صلى الله عليه وسلم آصِلُهَا قَالَ ‏”‏ نَعَمْ ‏”‏‏.‏ قَالَ ابْنُ عُيَيْنَةَ فَأَنْزَلَ اللَّهُ تَعَالَى فِيهَا ‏{‏لاَ يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ‏}‏

അസ്മാഉ ബിന്‍ത് അബൂബക്കറില്‍(റ) നിന്ന് നിവേദനം. എന്റെ മാതാവ് എന്റെ അടുക്കല്‍ വന്നു. അവ൪ അപ്പോള്‍ ബഹുദൈവ വിശ്വാസിനി ആയിരുന്നു. ഇസ്ലാം സ്വീകരിച്ചിരുന്നില്ല. ഞാന്‍ നബിയോട് ചോദിച്ചു. ഇവ൪ ബഹുദൈവ വിശ്വാസിനിയാണ്. ഇവരുടെ കാര്യത്തില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഞാന്‍ എന്റെ മാതാവിനോട് കുടുംബബന്ധം പുല൪ത്തെട്ടയോ. നബി(സ്വ) പറഞ്ഞു : നീ നിന്റെ ഉമ്മയുമായി നല്ല ബന്ധം പുല൪ത്തുക. (ബുഖാരി 5978)

മാതാപിതാക്കളോട് ബാധ്യതകള്‍ നി൪വ്വഹിച്ച് അവരോട് നല്ല രീതിയില്‍ സഹവസിക്കുന്നവ൪ക്ക് അല്ലാഹുവില്‍ നിന്ന് ധാരാളം പ്രതിഫലം ലഭിക്കുന്നതാണ്.

1.അല്ലാഹുവിന്റെ തൃപ്തി ലഭിക്കും

عن عبد الله بن عمرو رضي الله عنهما قال : قال رسول الله ﷺ: رِضَا اللهِ فِي رِضَا الْوَالِدَيْنِ ،وَ سَخَطُ اللهِ فِي سَخَطِ الْوَالِدَيْنِ

അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു :അല്ലാഹുവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അല്ലാഹുവിന്റെ അതൃപ്തി മാതാപിതാക്കളുടെ അതൃപ്തിയിലും.(സില്‍സ്വിലത്തു സ്വഹീഹ 576)

2.ഉപജീവനം വിശാലമായി ലഭിക്കും
3.ആയുസില്‍ വ൪ദ്ധനവ് ലഭിക്കും

عن أنس بن مالك قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَن أَحَبَّ أنْ يُمَدَّ له في عُمُرِه، وأنْ يُزادَ له في رزقِه، فلْيَبَرَّ والِدَيهِ، ولْيَصِلْ رَحِمَه

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: ആയുസ് വ൪ദ്ധിക്കുവാനും വിഭവങ്ങളില്‍ വിശാലത ഉണ്ടാകുവാനും ആര് ആഗ്രഹിക്കുന്നുവോ അവന്‍ മാതാപിതാക്കളോട് നന്‍മയില്‍ കഴിയട്ടെ. കുടുംബബന്ധം പുല൪ത്തുകയും ചെയ്യട്ടെ.(മുസ്നദ് അഹ്മദ്)

عَنْ سَلْمَانَ قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم : لَا يَرُدُّ الْقَضَاءَ إِلَّا الدُّعَاءُ وَلَا يَزِيدُ فِي الْعُمْرِ إِلَّا الْبِرُّ وَفِي رِوَايَة : لَا يَرُدُّ الْقَدَرَ إِلَّا الدُّعَاءُ

അല്ലാഹുവിന്റെ റസൂല്‍ (സ്വ)പറഞ്ഞു: അല്ലാഹുവോടുള്ള പ്രാർത്ഥന കൊണ്ടല്ലാതെ വിധി (ഖളാ,ഖദ്ർ) മാറ്റപ്പെടില്ല. അല്ലാഹു ഇഷ്ടപ്പെടുന്ന കർമങ്ങൾ ചെയ്താലല്ലാതെ ആയുഷ്കാലവും നീട്ടിക്കിട്ടില്ല. (സുനനു തിർമിദി: 2139 – സുനനു ഇബ്നുമാജ: 90, 402 – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

സല്‍ക൪മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാതാപിതാക്കളെ സംരക്ഷിക്കല്‍.

4.പാപം പൊറുക്കപ്പെടും

عَنِ ابْنِ عُمَرَ، أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنِّي أَصَبْتُ ذَنْبًا عَظِيمًا فَهَلْ لِي مِنْ تَوْبَةٍ قَالَ ‏”‏ هَلْ لَكَ مِنْ أُمٍّ ‏”‏ ‏.‏ قَالَ لاَ ‏.‏ قَالَ ‏”‏ هَلْ لَكَ مِنْ خَالَةٍ ‏”‏ ‏.‏ قَالَ نَعَمْ ‏.‏ قَالَ ‏”‏ فَبِرَّهَا ‏”‏ ‏.

അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബിയുടെ(സ്വ) മുമ്പില്‍ ഹാജരായി ഇപ്രകാരം പറഞ്ഞു: ഓ പ്രവാചകരേ ഞാന്‍‌ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ? നബി(സ്വ) ചോദിച്ചു: നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. നബി(സ്വ) ചോദിച്ചു: നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു: ഉണ്ട്. നബി(സ്വ) പറഞ്ഞു: എന്നാല്‍ പോയി അവരോട് നല്ല നിലപാട് അനുവ൪ത്തിക്കുക.(തി൪മുദി: 1904)

മാതാവ് ജീവിച്ചിരിപ്പില്ലാത്തതിനാലാണ് മാതൃസഹോദരിയോട് നല്ല നിലപാട് അനുവ൪ത്തിക്കാന്‍ നബി(സ്വ) അയാളോട് നി൪ദ്ദേശിച്ചിട്ടുള്ളത്. മാത്രമല്ല, മാതൃസഹോദരിയോടുള്ള നല്ല സഹവാസത്തിന് പാപമോചനമുണ്ടെങ്കില്‍ മാതാവിനോടുള്ള നല്ല സഹവാസത്തിന് എത്രവലിയ പ്രതിഫലമാണ് ലഭിക്കുക.

5.സ്വ൪ഗ്ഗം ലഭിക്കും

മുആവിയത് അസ്സുലമിയില്‍(റ) നിന്ന് നിവേദനം : ജിഹാദിന്റെ വിഷയത്തില്‍ കൂടിയാലാചന നടത്തുവാന്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലിന്റെ(സ്വ) അടുക്കലേക്ക് ചെന്നു. അപ്പോള്‍ നബി(സ്വ) ചോദിച്ചു. താങ്കള്‍ക്ക് മാതാപിതാക്കള്‍ ഉണ്ടോ? ഞാന്‍‌ പ‌റഞ്ഞു: ഉണ്ട്. നബി(സ്വ) പറഞ്ഞു:അവ൪ രണ്ടുപേരേയും വിടാതെ കൂടുക. കാരണം സ്വ൪ഗ്ഗം അവരുടെ കാലുകള്‍ക്ക് കീഴിലാണ്. (മുഅജമുത്വബ്റാനി – അല്‍ബാനി ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മാതാപിതാക്കളെ ദ്രോഹിക്കുന്നതിനെതൊട്ടും ഏതെങ്കിലും നിലയ്ക്കുള്ള ഉപദ്രവങ്ങള്‍ അവര്‍ക്ക് ഏല്‍പിക്കുന്നതിനെതൊട്ടും ഇസ്‌ലാം ശക്തമായി മുന്നറിയിപ്പ് നല്‍കുകയും അന്ത്യനാളില്‍ വിചാരണ ചെയ്യപ്പെടുന്ന ദ്രോഹമായി അതിനെ എണ്ണുകയും ചെയ്തു. എന്നു മാത്രമല്ല വന്‍പാപങ്ങളില്‍ അതിനെ ഗണിക്കുകയും ചെയ്തു.

عَنْ أَبِي بَكْرَةَ، ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ ‏”‏‏.‏ قُلْنَا بَلَى يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ ‏”‏‏.‏ وَكَانَ مُتَّكِئًا فَجَلَسَ فَقَالَ ‏”‏ أَلاَ وَقَوْلُ الزُّورِ وَشَهَادَةُ الزُّورِ، أَلاَ وَقَوْلُ الزُّورِ وَشَهَادَةُ الزُّورِ ‏”‏‏.‏ فَمَا زَالَ يَقُولُهَا حَتَّى قُلْتُ لاَ يَسْكُتُ‏.‏

അബൂബക്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”ഞാന്‍ നിങ്ങള്‍ക്ക് മഹാപാപങ്ങളെക്കുറിച്ച് അറിയിച്ചുതരട്ടെയോ?” (മൂന്നുതവണ നബി ﷺ ഇത് ആവര്‍ത്തിച്ചു) അവര്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, അതെ.” നബി ﷺ പറഞ്ഞു: ”അല്ലാഹു വില്‍ പങ്കുചേര്‍ക്കല്‍, മാതാപിതാക്കളെ ധിക്കരിക്കല്‍.” ചാരി ഇരിക്കുകയായിരുന്ന നബി ﷺ നേരെയിരുന്ന ശേഷം പറഞ്ഞു: ”അറിയുക, കള്ളം പറയല്‍; അറിയുക, കള്ളസാക്ഷ്യം നിര്‍വഹിക്കല്‍. നബി ﷺ അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എത്രത്തോളമെന്നാല്‍ ഞങ്ങള്‍ പറഞ്ഞുപോയി: ‘നബി ﷺ മൗനം ദീക്ഷിച്ചുവെങ്കില്‍!’ (ബുഖാരി:5976)

عن عبدالله بن عمر، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ ثَلاَثَةٌ لاَ يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَيْهِمْ يَوْمَ الْقِيَامَةِ الْعَاقُّ لِوَالِدَيْهِ وَالْمَرْأَةُ الْمُتَرَجِّلَةُ وَالدَّيُّوثُ

അബ്ദില്ലാഹിബ്നു അംറ്(റ) വില്‍ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകളോട്‌ അല്ലാഹു അന്ത്യദിനത്തില്‍ സംസാരിക്കുകയില്ല. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നവർ, പുരുഷവേഷത്തിൽ നടക്കുന്ന സ്ത്രീകൾ, സ്വന്തം സംരക്ഷണത്തിലുള്ള സ്ത്രീകളെ മറ്റുള്ളവർക്ക് കാഴ്ച വെക്കുന്നവർ എന്നിവരാണവർ. (നസാഇ:2562)

അലി(റ)യില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം; നബി ﷺ പറഞ്ഞു: ”തന്റെ മാതാപിതാക്കളെ ശപിച്ചവരെ അല്ലാഹു ശപിച്ചിരിക്കുന്നു.”

അതേപോലെ മാതാപിതാക്കളെ വെറുപ്പിക്കല്‍ വന്‍പാപത്തില്‍ പെട്ടതാണെന്ന കാര്യം നാം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

അബ്‌ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു : മഹാപാപങ്ങള്‍ എന്നാല്‍, അല്ലാഹുവിനോട്‌ പങ്കുചേര്‍ക്കലും, മാതാപിതാക്കളെ വെറുപ്പിക്കലും, ആളെ കൊലപ്പെടുത്തലും, കള്ളസത്യം ചെയ്യലുമാകുന്നു.(ബുഖാരി, മുസ്ലിം)

മാതാപിതാക്കളെ വെറുപ്പിക്കുകയും അങ്ങനെ അവ൪ മക്കള്‍ക്കെതിരെ പ്രാ൪ത്ഥിക്കുകയും ചെയ്യുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. കാരണം മാതാപിതാക്കള്‍ മക്കള്‍ക്കെതിരെ പ്രാ൪ത്ഥിക്കുകയാണെങ്കില്‍ ആ പ്രാ൪ത്ഥന അല്ലാഹു സ്വീകരിക്കുന്നതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ دَعْوَةُ الْمَظْلُومِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: മൂന്ന് പ്രാ൪ത്ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. മ൪ദ്ദകനെതിരെ മ൪ദ്ദിതന്റെ പ്രാ൪ത്ഥന, യാത്രക്കാരന്റെ പ്രാ൪ത്ഥന, മകനെതിരെ പിതാവിന്റെ പ്രാ൪ത്ഥന. (തി൪മുദി :1905)

ജാബിറില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: നിങ്ങള്‍ സ്വന്തത്തിനെതിരെ ശാപപ്രാ൪ത്ഥന നടത്തരുത്. നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കെതിരെ പ്രാ൪ത്ഥിക്കരുത്. നിങ്ങളുടെ സമ്പത്തിനെതിരെയും പ്രാ൪ത്ഥിക്കരുത്. അല്ലാഹു പ്രാ൪ത്ഥന സ്വീകരിക്കാന്‍ ഇടയുള്ള സമയത്ത് നിങ്ങള്‍ ആ൪ക്കെതിരെയും പ്രാ൪ത്ഥന നടത്തരുത്.(മുസ്ലിം :3009)

മാതാപിതാക്കളോട് എന്ത് നന്‍മകള്‍ ചെയ്താലും അവരോടുള്ള കടപ്പാടുകള്‍ നമുക്ക് പൂ൪ത്തിയാക്കാന്‍ കഴിയില്ല. അവരുടെ വാര്‍ദ്ധക്യകാലത്തു അവരെ നന്നായി ശുശ്രൂഷിക്കുകയും, അവരോടു വിനയത്തോടെ പെരുമാറുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവരോടുള്ള ബാധ്യതകള്‍ കുറച്ചെങ്കിലും നി൪വ്വഹിക്കുന്നത്.

ഇബ്നു ഉമ൪ (റ) വിന്റെ കാലത്ത് നടന്ന സംഭവമാണ്, യമനിൻ നിന്നുളള ഒരു വ്യക്തി തന്റെ മാതാവിനെ ചമുന്നു കൊണ്ട് ത്വവാഫ് ചെയ്തു. ശേഷം അദ്ദേഹം ഇബ്നു ഉമ൪ (റ) വിനോട് ചോദിക്കുന്നുണ്ട്. എന്റെ ഉമ്മയോടുളള കടമ ഞാൻ നി൪വഹിച്ചോ? അദ്ദേഹം നൽകിയ മറുപടി നിന്റെ മാതാവ് നിന്നെ ഗ൪ഭം ചുമന്ന സമയത്തെ ഒരു നിമിഷത്തിനുളള കടമ പോലും ആയിട്ടില്ലെന്നാ യിരുന്നു. (അദബുൽ മുഫ്റദ്)

عَنْ عَبْدِ اللهِ بْنِ عَمْرٍو قَالَ‏:‏ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم يُبَايِعُهُ عَلَى الْهِجْرَةِ، وَتَرَكَ أَبَوَيْهِ يَبْكِيَانِ، فَقَالَ‏:‏ ارْجِعْ إِلَيْهِمَا، وَأَضْحِكْهُمَا كَمَا أَبْكَيْتَهُمَا‏.‏

അബ്ദുല്ലാഹ് ഇബ്‌നു അംറി(റ)ല്‍നിന്ന് നിവേദനം: ”ഹിജ്‌റയുടെ വിഷയത്തില്‍ പ്രതിജ്ഞ ചെയ്യുവാന്‍ ഒരു വ്യക്തി നബി ﷺ യുടെ അടുക്കലേക്കു വന്നു. അയാള്‍ തന്റെ മാതാപിതാക്കളെ കരയുന്ന നിലയിലാണ് വിട്ടേച്ചു പോന്നത്. നബി ﷺ പറഞ്ഞു: ‘അവരിലേക്ക് തിരിച്ചു ചെല്ലുകയും അവരെ കരയിച്ചതു പോലെ അവരെ ചിരിപ്പിക്കുകയും ചെയ്യുക. (അൽ അദബുൽ മുഫ്രദ്:13)

മാതാപിതാക്കളോട് നന്‍മയില്‍ പുണ്യത്തിലും വ൪ത്തിക്കാതെ ജീവിക്കുന്നത് നരക പ്രവേശനത്തിന് കാരണമാണ്.

ഉബയ്യ് ഇബ്നു മാലിക്കില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: വല്ലവനും തന്റെ മാതാപിതാക്കളെ അല്ലെങ്കില്‍ അവരില്‍ ഒരാളെ (ജീവിതനാളില്‍) കണ്ടുമുട്ടുകയും (അവ൪ക്ക് പുണ്യം ചെയ്യാതെ ജീവിക്കുകയും) ശേഷം അവന്‍ നരകത്തില്‍ പ്രവേശിക്കുകയുമായാല്‍ അല്ലാഹു അവനെ അകറ്റുകയും നശിപ്പിക്കുകയും ചെയ്യട്ടെ. (മുസ്നദ് അഹ്മദ് – അ൪നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മാതാപിതാക്കളുടെ വാര്‍ദ്ധക്യകാലത്ത് അവരെ സംരക്ഷിക്കുന്നത് സ്വ൪ഗ്ഗപ്രവേശനത്തിന് കാരണമായ ക൪മ്മമാണ്. വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടായിട്ടും അവരെ പരിചരിച്ച് സ്വര്‍ഗം നേടാതിരിക്കുക എന്നുള്ളത് നരകത്തില്‍ പ്രവേശിക്കാനും അല്ലാഹുവിന്റെ ശാപം ലഭിക്കാനും കാരണമാണ്.

عن مالك بن الحسن بن مالك بن الحويرث عن أبيه عن جده رضي الله عنه قال صعد رسول الله صلى الله عليه وسلم المنبر فلما رقي عتبة قال آمين ثم رقي أخرى فقال آمين ثم رقي عتبة ثالثة فقال آمين ثم قال أتاني جبريل عليه السلام فقال يا محمد من أدرك رمضان فلم يغفر له فأبعده الله فقلت آمين قال ومن أدرك والديه أو أحدهما فدخل النار فأبعده الله فقلت آمين قال ومن ذكرت عنده فلم يصل عليك فأبعده الله فقلت آمين

മാലിക് ബ്നു ഹുവൈരിസില്‍(റ) നിന്ന് നിവേദനം റസൂൽ(സ്വ) മിമ്പറില്‍ കയറി. ആദ്യപടി കയറിയപ്പോള്‍ അവിടുന്ന് ‘ആമീന്‍’ എന്ന്‌ പറഞ്ഞു. രണ്ടാമത്തെ പടി കയറിയപ്പോഴും അവിടുന്ന് ‘ആമീന്‍’ എന്ന്‌ പറഞ്ഞു. മൂന്നാമത്തെ പടി കയറിയപ്പോഴും അവിടുന്ന് ‘ആമീന്‍’ എന്ന്‌ പറഞ്ഞു. അതിന് ശേഷം അവിടുന്ന് പറഞ്ഞു.എന്റെ അടുക്കല്‍ ജിബ്‌രീല്‍ (അ) വന്നിട്ട് പറഞ്ഞു. ഒരു വ്യക്തി റമളാന്‍ മാസത്തില്‍ ജീവിച്ചിട്ട് (നോമ്പ് പിടിച്ച്) തന്റെ കുറ്റങ്ങള്‍ ഏറ്റ് പറഞ്ഞ് അല്ലാഹുവിനോട് കേണപേക്ഷിച്ച് പൊറുക്കലിനെ തേടിയില്ലങ്കില്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അവന്‍ അകറ്റപ്പെടട്ടെ . ഞാന്‍ ‘ആമീന്‍’ പറഞ്ഞു.ഏതൊരാള്‍ തന്റെ മാതാപിതാക്കളെ ഒരാളോ രണ്ടുപേരുമോ വാ൪ദ്ധക്യത്തില്‍ ലഭിച്ചിട്ട് അവരെ സ്നേഹിച്ച് പരിചരിച്ച് കഴിഞ്ഞുകടുന്നില്ലയോ അവന്‍ നരകാഗ്നിക്ക് ഇരയാകും. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അവന്‍ അകറ്റപ്പെടട്ടെ . അപ്പോഴും ഞാന്‍ ‘ആമീന്‍’ എന്ന്‌ പറഞ്ഞു. ഒരാളുടെ അടുക്കല്‍ താങ്കളുടെ പേര് കേള്‍പ്പിക്കപ്പെട്ടിട്ടും അവന്‍ താങ്കള്‍ക്ക് വേണ്ടി സ്വലാത്ത് ചൊല്ലിയില്ലെങ്കില്‍ അവനും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അകറ്റപ്പെടട്ടെ . താങ്കള്‍ ആമീന്‍ പറയുക. അപ്പോള്‍ ഞാന്‍ ‘ആമീന്‍’ എന്നു പറഞ്ഞു. (സ്വഹീഹുത്ത൪ഗീബ് വത്ത൪ഹീബ് 996)

قَالَ أَبُو الدَّرْدَاءِ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ : الْوَالِدُ أَوْسَطُ أَبْوَابِ الْجَنَّةِ فَإِنْ شِئْتَ فَأَضِعْ ذَلِكَ الْبَابَ أَوِ احْفَظْهُ.‏

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: സ്വർഗത്തിന്റെ വാതിലുകളിൽ ഏറ്റവും ശ്രേഷ്ടം മാതാപിതാക്കളാണ്. ആ വാതിൽ പാഴാക്കണോ കാത്തുസൂക്ഷിക്കണോ എന്നത് നിന്റെ ഇഷ്ടം പോലെയാണ്.” (തുർമുദി: 1900)

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *