ഊഹം എന്ന ദുര്‍ഗുണം

സൃഷ്ടാവായ അല്ലാഹുവിന്റെ കാര്യത്തിലും സഹജീവികളായ മനുഷ്യരുടെ കാര്യത്തിലും അക്രമം കാണിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു ദുർഗുണമാണ് ഊഹം എന്നുള്ളത്. അല്ലാഹുവിൽ പങ്കു ചേർക്കാനും മരണാനന്തര ജീവിതത്തെ നിഷേധിക്കാനും തെറ്റായ വിശ്വാസ ആചാരങ്ങൾ കൊണ്ടുവരാനും മനുഷ്യനെ പ്രേരിപ്പിക്കുന്നതാണ് ഊഹം. ശുദ്ധമായ ഏകദൈവരാധനയിൽ നിന്ന് മനുഷ്യനെ തെറ്റിച്ചു കളയുന്നതും നരകത്തിൽ നിത്യവാസിയാകാൻ മനുഷ്യരെ കാരണമാക്കിയതും ഊഹമാണെന്ന് പറയുന്നത് ഇതിന്റെ ഗൗരവം അറിയിക്കുന്നു.

പ്രാഥമിക ബുദ്ധികൊണ്ട്‌ ആലോചിച്ചാല്‍ പോലും മനസ്സിലാക്കാവുന്ന സ്‌പഷ്‌ടമായ തെളിവുകളുണ്ടായിരുന്നിട്ടും മുശ്‌രിക്കുകള്‍ തങ്ങളുടെ ശിര്‍ക്കുപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ പിന്‍മാറാതിരിക്കുവാന്‍ കാരണം ഊഹം എന്ന ഈ ദുര്‍ഗുണം കൊണ്ടായിരുന്നെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നത് കാണുക:

وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَفْعَلُونَ ‎

അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു. (ഖുർആൻ:10/36)

അല്ലാഹു അല്ലാത്തവരെ ആരാധിക്കല്‍ , അവര്‍ തങ്ങള്‍ക്ക്‌ അല്ലാഹുവിങ്കല്‍ ശുപാര്‍ശ നടത്തുമെന്ന വിശ്വാസം,അല്ലാഹുവിന്‍റെ അവകാശാധികാരങ്ങളില്‍ മറ്റുള്ളവര്‍ക്ക്‌ പങ്ക്‌ കല്‍പിക്കല്‍, പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും വ്യാജമാക്കല്‍, മരണാനന്തര ജീവിതം മുതലായ കാര്യങ്ങളെ നിഷേധിക്കല്‍ എന്നിവയിലെല്ലാം തന്നെ ഇവര്‍ക്കുള്ള ഏക അടിസ്ഥാനം കേവലം ഊഹം മാത്രമാണ്‌ . അല്ലാതെ , ന്യായയുക്തമായ ഒരു തെളിവും അതിനില്ല എന്ന്‌ അല്ലാഹു അസന്നിഗ്‌ദ്ധമായി പ്രസ്‌താവിക്കുന്നു. ചിലര്‍ സത്യാവസ്ഥ മനസ്സിലായിട്ടും വാശിയും ശാഠ്യവുമായി സത്യം സ്വീകരിക്കാത്തവരുണ്ടായിരിക്കുമെങ്കിലും ഭൂരിഭാഗത്തിന്‍റെയും സ്ഥിതി ഇതാണെന്നര്‍ത്ഥം. (അമാനി തഫ്സീര്‍)

أَلَآ إِنَّ لِلَّهِ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ ۗ وَمَا يَتَّبِعُ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ شُرَكَآءَ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ ‎

ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്‌? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്‌. (ഖുർആൻ:10/66)

ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിന്‍റെ സൃഷ്‌ടികളും, അടിമകളും, അവന്‍റെ നിയന്ത്രണത്തില്‍ കഴിയുന്നവരുമാകുന്നു. എന്നിരിക്കെ, അവരില്‍ ആരെങ്കിലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളിലോ ഗുണമാഹാത്മ്യങ്ങളിലോ അവന്‌ പങ്കാളികളായിരിക്കുവാന്‍ നിവൃത്തിയില്ല. ബുദ്ധിയുള്ള ജീവികളുടെ സ്ഥിതിതന്നെ ഇതാണെങ്കില്‍, ബുദ്ധിയോ ജീവനോ ഇല്ലാത്ത നിര്‍ജ്ജീവ വസ്‌തുക്കളുടെ കാര്യം പറയേണ്ടതുമില്ലല്ലോ. അപ്പോള്‍ ഈ മുശ്‌രിക്കുകള്‍ ചില സൃഷ്‌ടികളെ അല്ലാഹുവിന്‍റെ പങ്കാളികളായി സങ്കല്‍പിച്ചുകൊണ്ട്‌ ആരാധിച്ചും പ്രാര്‍ത്ഥിച്ചും വരുന്നതോ? വാസ്‌തവത്തില്‍ അതൊന്നും തന്നെ അല്ലാഹുവിന്‍റെ പങ്കാളികളല്ല. പിന്നെയോ? വെറും ചില ഊഹത്തെയും അനുമാനത്തെയും അടിസ്ഥാനമാക്കി അവയെ അവന്‍റെ പങ്കുകാരാണെന്ന്‌ സങ്കല്‍പിച്ചുകൊണ്ടിരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അതില്‍ സത്യത്തിന്‍റെയോ, ന്യായത്തിന്‍റെയോ കണികപോലുമില്ല. എന്നൊക്കെയാണ്‌ ഇവിടെ അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം. (അമാനി തഫ്സീര്‍)

إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ ‎﴿٢٧﴾‏ وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ‎﴿٢٨﴾

തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു. അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല. (ഖുർആൻ:53/27-28)

ആ മുശ്‌രിക്കുകള്‍ ആദ്യമേ പരലോകത്തില്‍ വിശ്വസിക്കുന്നില്ല. അതോടൊപ്പം മലക്കുകളെ അല്ലാഹുവിന്റെ പെണ്മക്കളാണെന്നും, അവര്‍ സ്ത്രീകളാണെന്നും പറഞ്ഞുകൊണ്ട് സ്ത്രീകളുടെതായ നാമവിശേഷണങ്ങള്‍ അവര്‍ക്കു നല്‍കുകയും ചെയ്യുന്നു. ഒരു ന്യായത്തെയും അടിസ്ഥാനമാക്കിയല്ല, ഊഹത്തെ മാത്രം അടിസ്ഥാനമാക്കിയാണു താനും അത്. (അമാനി തഫ്സീര്‍)

إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ

നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും. (ഖുർആൻ:53/23)

ഭൗതികവാദക്കാരെപ്പറ്റി അല്ലാഹു പറയുന്നത് കാണുക:

وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ

അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു. (ഖുർആൻ:45/24)

ഒരു സുപ്രധാനമായ കാര്യം

ഇതിൽ 53/28, 10/36 ആയത്തുകളിൽ ഇപ്രകാരം മൗലിക പ്രധാനമായ ഒരു തത്വം കൂടി പ്രസ്താവിച്ചിട്ടുണ്ട്:

وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا

തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.

ഒരു കാര്യത്തിന്റെ യഥാര്‍ത്ഥം മനസ്സിലാക്കുന്നതിനും, ഒരു കാര്യത്തെക്കുറിച്ചു വിശ്വാസം ഉറപ്പിക്കുന്നതിനും തക്കതായ രേഖയും ലക്ഷ്യവും തന്നെ വേണം. അഥവാ ഊഹമോ ധാരണയോ പോര. കാരണം ഊഹങ്ങളില്‍ മിക്കതും അടിസ്ഥാനരഹിതമായിരിക്കും. നബി ﷺ  പറയുന്നു:

إيَّاكُمْ وَالظَّنَّ، فإنَّ الظَّنَّ أكذَبُ الحَدِيثِ

നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. കാരണം ഊഹം വര്‍ത്തമാനത്തില്‍ വെച്ച് ഏറ്റവും കളവായതാകുന്നു. (ബുഖാരി) (അമാനി തഫ്ലീര്‍:53/28)

മൗലിക വിഷയങ്ങളിലും വിശ്വാസ സിദ്ധാന്തങ്ങളിലുമൊക്കെ ഊഹത്തിനോ അനുമാനത്തിനോ സ്ഥാനമില്ല. അവ യഥാര്‍ത്ഥാധിഷ്‌ടിതങ്ങളായിരിക്കണം. അഥവാ, യാഥാര്‍ത്ഥ്യം ഇന്നതെന്ന്‌ വ്യക്തമായി മനസ്സിലാക്കുന്ന അംഗീകൃത തെളിവുകളാല്‍ സ്ഥാപിതമായവയായിരിക്കണം. ഈ വിഷയം പണ്‌ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലാത്തതും , ഓരോ വ്യക്തിയും പ്രത്യേകം മനസ്സിരുത്തേണ്ടതുമാകുന്നു. (അമാനി തഫ്ലീര്‍:10/36)

ആ ചീത്ത വാക്കിനെയാണ് മുശ്‌രിക്കുകള്‍ പിന്തുടരുന്നത്. അത് സത്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയോജനം ചെയ്യാത്ത ഊഹമാണത്. സത്യമാവട്ടെ വ്യക്തമായ തെളിവുകള്‍കൊണ്ടും തെളിവുകളാല്‍ ലഭിക്കുന്ന ദൃഢബോധ്യംകൊണ്ടും തന്നെ ഉണ്ടാവുന്നതാണ്. (തഫ്സീറുസ്സഅ്ദി:53/28)

പിഴച്ച വിശ്വാസ-ആചാരങ്ങൾ നിര്‍മ്മിച്ചവരൊക്കെ അതെല്ലാം ചെയ്തത് വല്ല അറിവിന്റെയും അടിസ്ഥാനത്തിലല്ല; സ്വന്തം അനുമാനങ്ങളെയും ഊഹത്തെയും മാത്രം ആസ്പദമാക്കിയാണ്.

ഊഹം ഒരു തെളിവുമില്ലാതെ മറ്റൊരാളെ കുറിച്ച് മനസ്സിൽ മോശമായ ചിന്ത ഉണ്ടാക്കുകയും പരസ്പര ശത്രുതയും ഭിന്നിപ്പും ഉടലെടുക്കാൻ കാരണമാകുകയും ചെയ്യും.

قال عبد الله بن مسعود رضي الله عنه‏:‏ مَا يَزَالُ الْمَسْرُوقُ مِنْهُ يَتَظَنَّى حَتَّى يَصِيرَ أَعْظَمَ مِنَ السَّارِقِ‏.‏

അബ്ദില്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ  പറയുന്നു:  (ഒരാളുടെ സാധനം മോഷ്ടിക്കപ്പെട്ടു, അതിനെ തുടര്‍ന്ന്)  മോഷ്ടിക്കപ്പെട്ട ആൾ (പല നിരപാധികളേയും) ഊഹിച്ച് സംശയിക്കുന്നു, അങ്ങനെ അയാൾ സാധനം മോഷ്ടിച്ച കള്ളനെക്കാൾ മോശമാകുന്നു. (അൽഅദബുൽ മുഫ്രദ്)

അതിനാൽ ഇസ്ലാം അത് വിരോധിച്ചു.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺟْﺘَﻨِﺒُﻮا۟ ﻛَﺜِﻴﺮًا ﻣِّﻦَ ٱﻟﻈَّﻦِّ ﺇِﻥَّ ﺑَﻌْﺾَ ٱﻟﻈَّﻦِّ ﺇِﺛْﻢٌ ۖ

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. (ഖുർആൻ:49/12)

സത്യവിശ്വാസികളെക്കുറിച്ചുള്ള ചീത്ത വിചാരങ്ങളില്‍ മിക്കതും അല്ലാഹു നിരോധിക്കുന്നു.{തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു} തെളിവും വസ്തുതയും ഇല്ലാത്ത ഊഹങ്ങള്‍. ചീത്ത വിചാരങ്ങളോടനുബന്ധിച്ച് ധാരാളം നിഷിദ്ധവാക്കുകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നു. ഹൃദയത്തില്‍ തെറ്റായ ഊഹങ്ങളുണ്ടാക്കുന്നത് അയാളെ അതില്‍മാത്രം നിര്‍ത്തുന്നില്ല. മറിച്ച്, പറയാന്‍ പറ്റാത്തതും ചെയ്യാന്‍ പറ്റാത്തതും അയാള്‍ പറയുകയും ചെയ്യുകയും ചെയ്യും. അതുകൂടാതെ, മുസ്‌ലിമിനെക്കുറിച്ചുള്ള ചീത്ത ഊഹങ്ങള്‍ അവനോട് വിദ്വേഷവും ശത്രുതയും ഉണ്ടാക്കുകയും അത് തെറ്റായ കാര്യങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

മനുഷ്യർ തമ്മതമ്മിൽ പല ധാരണകളും ഊഹങ്ങളും വെച്ചുകൊണ്ടിരുന്നേക്കും. അവയിൽ ഏതാനും ചിലതു ശരിയായിരിക്കുവാൻ ഇടയും ഉണ്ടാവാം. ചിലതെല്ലാം യഥാർത്ഥത്തിൽ തെറ്റായതും കുറ്റകരമായതുമായിരിക്കും. രണ്ടും വ്യക്തമായി വേർതിരിച്ചറിയുവാൻ സാധിക്കയില്ല. ഇങ്ങിനെയുള്ള ധാരണകൾ വെച്ചുപുലർത്തുന്നവർ ആ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പിന്നീട് പെരുമാറുന്നതും, സംസാരിക്കുന്നതും. ഇതിന്റെ അനന്തര ഫലമോ? പലപ്പോഴും ദൂരവ്യാപകവും, വമ്പിച്ചതുമായിരിക്കും. അതുകൊണ്ടാണ് മിക്ക ഊഹങ്ങളെയും വർജ്ജിക്കേണ്ടതാണെന്ന് അല്ലാഹു കല്പിക്കുന്നത്. തെറ്റും ശരിയും ഇന്നതാണെന്ന് വ്യക്തമായി അറിയാത്തപ്പോൾ, തെറ്റുപിണഞ്ഞേക്കാവുന്ന വിഷയത്തിൽ പ്രവേശിക്കുന്നതും തെറ്റുതന്നെ. ഇവിടെ മാത്രമല്ല, എവിടെയും ഓർമിക്കേണ്ടുന്ന ഒരു തത്വമാണിത്. (അമാനി തഫ്സീര്‍)

സംസാരങ്ങളിൽ ഏറ്റവും കളവ് ഊഹങ്ങളാണ് എന്ന് നബി ﷺ വിവരിക്കുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ وَلاَ تَحَسَّسُوا وَلاَ تَجَسَّسُوا وَلاَ تَنَافَسُوا وَلاَ تَحَاسَدُوا وَلاَ تَبَاغَضُوا وَلاَ تَدَابَرُوا وَكُونُوا عِبَادَ اللَّهِ إِخْوَانًا ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. കാരണം, ഊഹം വർത്തമാനങ്ങളിൽവെച്ച് ഏറ്റവും കളവായതാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്, ഗൂഢാന്വേഷണം നടത്തുകയും അരുത്, അന്യോന്യം വഴക്കുകൂടുകയും അരുത്, അസൂയപ്പെടുകയും അരുത്, വിദ്വേഷം വെക്കുകയും അരുത്, (സഹകരിക്കാതെ) പിന്നോക്കം വെക്കുകയും അരുത്. അല്ലാഹുവിന്റെ അടിയാൻമാരെ, നിങ്ങൾ സഹോദരൻമാരായിരിക്കണം. (മുസ്ലിം:2563)

ഊഹംവെച്ചു വാര്‍ത്ത പ്രചരിപ്പിച്ചവരോട് അല്ലാഹു ചോദിച്ചത് ഇങ്ങനെയാണ്:

لَّوْلَآ إِذْ سَمِعْتُمُوهُ ظَنَّ ٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بِأَنفُسِهِمْ خَيْرًا وَقَالُوا۟ هَٰذَآ إِفْكٌ مُّبِينٌ

നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല? (ഖുർആൻ:24/12)

 വ്യാജവാര്‍ത്തകള്‍ കേള്‍ക്കുകയായാല്‍ ഒരു വിശ്വാസിക്കുണ്ടാകേണ്ട നിലപാട് എന്തായിരിക്കണമെന്ന് അല്ലാഹു പറയുന്നത് കാണുക:

وَلَوْلَآ إِذْ سَمِعْتُمُوهُ قُلْتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَٰذَا سُبْحَٰنَكَ هَٰذَا بُهْتَٰنٌ عَظِيمٌ

നിങ്ങള്‍ അതു കേട്ടസമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല? (ഖുർആൻ:24/16)

عن أمير المؤمنين عمر بن الخطاب – رضي الله عنه – أنه قال : ولا تظنن بكلمة خرجت من أخيك المسلم إلا خيرا ، وأنت تجد لها في الخير محملا .

ഉമർ رضي الله عنه പറഞ്ഞു: സത്യവിശ്വാസിയായ നിന്റെ സഹോദരനിൽനിന്ന് പുറത്തുവരുന്ന വാക്കിനെപ്പറ്റി നീ നല്ല വിചാരമല്ലാതെ വിചാരിക്കരുത്. നല്ല നിലയിലുള്ള ഒരു അർത്ഥ വ്യാഖ്യാനം ആ വാക്കിന് കണ്ടെത്താവുന്നതാണ്. (തഫ്സീർ ഇബ്നുകസീർ, ഖുർആൻ:49/12 ന്റെ വിശദീകരണം)

قال سفيان الثوري رَحِمَهُ اللَّهُ: الظن ظنان : أحدهما إثم ، وهو أن تظن وتتكلم به ، والآخر ليس بإثم وهو أن تظن ولا تتكلم .

സുഫ്യാനു ബിൻ അസ്സൗരി رَحِمَهُ اللَّهُ പറഞ്ഞു: ഊഹം രണ്ടു തരമാണ്. ഒന്ന്: പാപമാണ്. രണ്ട്: പാപമല്ല; അത് നീ ഊഹിക്കലും അത് പുറത്ത് പറയാതിരിക്കലുമാണ്. البغوي- الحجرات (١٢)

ഇത്തരം സാഹചര്യങ്ങളിൽ നിന്നും ആരും ഒഴിവല്ല.

عَنْ صَفِيَّةَ ابْنَةِ حُيَىٍّ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم مُعْتَكِفًا، فَأَتَيْتُهُ أَزُورُهُ لَيْلاً فَحَدَّثْتُهُ ثُمَّ قُمْتُ، فَانْقَلَبْتُ فَقَامَ مَعِي لِيَقْلِبَنِي‏.‏ وَكَانَ مَسْكَنُهَا فِي دَارِ أُسَامَةَ بْنِ زَيْدٍ، فَمَرَّ رَجُلاَنِ مِنَ الأَنْصَارِ، فَلَمَّا رَأَيَا النَّبِيَّ صلى الله عليه وسلم أَسْرَعَا، فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ عَلَى رِسْلِكُمَا إِنَّهَا صَفِيَّةُ بِنْتُ حُيَىٍّ ‏”‏‏.‏ فَقَالاَ سُبْحَانَ اللَّهِ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ إِنَّ الشَّيْطَانَ يَجْرِي مِنَ الإِنْسَانِ مَجْرَى الدَّمِ، وَإِنِّي خَشِيتُ أَنْ يَقْذِفَ فِي قُلُوبِكُمَا سُوءًا ـ أَوْ قَالَ ـ شَيْئًا ‏”‏‏.‏

വിശ്വാസികളുടെ മാതാവായ പ്രവാചക പത്‌നി സ്വഫിയ്യ رضي الله عنها പറയുന്നു: നബി ﷺ ഇഅ്തികാഫ് ഇരിക്കുന്നവനായിരുന്നു. അപ്പോള്‍ ഞാന്‍ രാത്രിയില്‍ നബി ﷺ യെ സന്ദര്‍ശിക്കുവാന്‍ ചെന്നു. നബി ﷺ യോട് ഞാന്‍ സംസാരിച്ചു. ശേഷം മടങ്ങിപ്പോരുവാന്‍ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ എന്നെ അനുഗമിക്കുവാന്‍ നബി ﷺ യും എഴുന്നേറ്റു. ഉസാമ ഇബ്‌നു സെയ്ദിന്റെ വീട്ടിലായിരുന്നു അവരുടെ താമസം. അപ്പോള്‍, അന്‍സ്വാരികളില്‍ പെട്ട രണ്ടാളുകള്‍ നടന്നുവന്നു. അവര്‍ നബി ﷺ യെ കണ്ടപ്പോള്‍ ധൃതികൂട്ടി. നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ സാവകാശത്തില്‍ നടന്നാലും. നിശ്ചയം, ഇത് സ്വഫിയ്യ ബിന്‍ത്ഹുയയ്യ് ആകുന്നു.’ അവര്‍ രണ്ടു പേരും പറഞ്ഞു: ”അല്ലാഹു പരിശുദ്ധനാണ് തിരുദൂതരേ, (ഞങ്ങള്‍ താങ്കളെ കുറിച്ച് മോശമായി ഒന്നും വിചാരിച്ചില്ല).’ നബി ﷺ പറഞ്ഞു: ‘നിശ്ചയം പിശാച്, മനുഷ്യനില്‍ രക്തസഞ്ചാരം കണക്കെ സഞ്ചരിക്കും. നിങ്ങളുടെ ഹൃദയങ്ങളില്‍ അവന്‍ വല്ല വിപത്തും ഇട്ടേക്കുമോ എന്ന് ഞാന്‍ തീര്‍ച്ചയായും ഭയപ്പെട്ടു. (ബുഖാരി:3281).

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *