വിവാഹ വേളയില്‍ ഫോട്ടോ/വീഡിയോ എടുക്കുന്നവരോട്

അല്ലാഹു പറയുന്നു:

ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ

(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കു-ന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍ 24:30)

ﻭَﻗُﻞ ﻟِّﻠْﻤُﺆْﻣِﻨَٰﺖِ ﻳَﻐْﻀُﻀْﻦَ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻦَّ ﻭَﻳَﺤْﻔَﻈْﻦَ ﻓُﺮُﻭﺟَﻬُﻦَّ ﻭَﻻَ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻻَّ ﻣَﺎ ﻇَﻬَﺮَ ﻣِﻨْﻬَﺎ ۖ

സത്യവിശ്വാസികളായ സ്ത്രീകളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി – അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ – വെളിപ്പെടുത്താതിരിക്കുവാനും പറയുക. (ഖു൪ആന്‍ 24:31)

അനാവശ്യത്തിലേക്കും, അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക, പ്രഥമനോട്ടത്തില്‍ തനിക്ക് കാണുവാന്‍ പാടില്ലാത്ത ആളോ, വസ്തുവോ ആണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നീട് തുടര്‍ന്നുകൊണ്ട് നോക്കാതിരിക്കുക എന്നൊക്കെയാണ്, ദൃഷ്ടിതാഴ്ത്തുക എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം.

عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ ‏: يَا عَلِيُّ لاَ تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ

നബി ﷺ അലിയോട് (റ) പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (അബൂദാവൂദ് :2149- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ جَرِيرِ بْنِ عَبْدِ اللَّهِ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ نَظَرِ الْفُجَاءَةِ فَأَمَرَنِي أَنْ أَصْرِفَ بَصَرِي

ജരീർ ഇബ്നു അബ്ദുല്ലാ (റ) പറയുന്നു: ‘പെട്ടെന്നുള്ള (അവിചാരിതമായ) നോട്ടത്തെപ്പറ്റി ഞാന്‍ നബി ﷺ യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.’ (മുസ്‌ലിം:2159)

ഇമാം നവവി (റഹി) പറഞ്ഞു:പെട്ടെന്നുള്ള നോട്ടം എന്നത്, ഉദ്ദേശമൊന്നുമില്ലാതെ അന്യ സ്ത്രീയുടെ നേര്‍ക്ക് അവന്റെ നോട്ടം ഉണ്ടാവുകയെന്നതാകുന്നു. അപ്പോള്‍ ആ നോട്ടത്തിന്റെ തുടക്കത്തില്‍ അവന്റെ മേല്‍ കുറ്റമില്ല.ഈ അവസ്ഥയില്‍ തന്റെ ദൃഷ്ടിയെ തിരിക്കല്‍ അവന്റെ മേല്‍ നിര്‍ബന്ധമാണ്. ഈ അവസ്‌ഥയില്‍ (ദൃഷ്ടിയെ അവന്‍) തിരിക്കുകയാണെങ്കില്‍, അവന്റെ മേല്‍ കുറ്റമില്ല.ഇനി അവന്‍ നോട്ടം തുടരുകയാണെങ്കില്‍ ഈ ഹദീസനുസരിച്ച് അത് കുറ്റമാകുന്നു. (ശറഹു മുസ്ലിം)

ഒരു പുരുഷന് അന്യസ്ത്രീകളെ തൊട്ട് ദൃഷ്ടികള്‍ താഴ്ത്തല്‍ നി൪ബന്ധമാണ്. അവിചാരിതമായിട്ടുള്ള ആദ്യത്തെ നോട്ടത്തിന് പുറമേ വീണ്ടും നോക്കാന്‍ പാടുള്ളതല്ല. അവളെ വീണ്ടും വീണ്ടും ആവ൪ത്തിച്ച് നോക്കുമ്പോള്‍ പിശാച് മനസ്സില്‍ ദുഷ്’പ്രേരണയുണ്ടാക്കും.

നോട്ടത്തെ നിയന്ത്രിക്കുവാന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുവാനുംകൂടി കല്‍പിച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു. നോട്ടത്തില്‍നിന്നാണ് വ്യഭിചാരത്തിന് പ്രചോദനമുണ്ടായിത്തീരുന്നതെന്നും, വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന ഏത് കാര്യവും കാത്തു കൊള്ളേണ്ടതുണ്ടെന്നും അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

عَنْ أَبُو هُرَيْرَةَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏: إِنَّ اللَّهَ كَتَبَ عَلَى ابْنِ آدَمَ حَظَّهُ مِنَ الزِّنَى أَدْرَكَ ذَلِكَ لاَ مَحَالَةَ فَزِنَى الْعَيْنَيْنِ النَّظَرُ وَزِنَى اللِّسَانِ النُّطْقُ وَالنَّفْسُ تَمَنَّى وَتَشْتَهِي وَالْفَرْجُ يُصَدِّقُ ذَلِكَ أَوْ يُكَذِّبُهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവദനം. നബി ﷺ പറഞ്ഞു: ‘… കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കി തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു. (മുസ്ലിം:2657)

ഒരു സ്ത്രീ പുറത്തിറങ്ങുമ്പോള്‍ എല്ലായ്പ്പോഴും മുഖവും മുന്‍ കൈകളും ഒഴികെയുള്ള ഭാഗം നി൪ബന്ധമായും മറക്കേണ്ടതാണല്ലോ. ഇപ്രകാരം മുഖവും മുന്‍ കൈകളും ഒഴികെയുള്ള ഭാഗം മറച്ചിട്ടുള്ള സ്ത്രീകളെ പോലും ആവശ്യമില്ലാതെ പിന്നേയും നോക്കരുതന്ന് മേല്‍ ആയത്തുകളില്‍ നിന്ന് വ്യക്തമാണ്. എങ്കില്‍ വിവാഹത്തിന് ഒരു പെണ്‍കുട്ടിയെ ഏറ്റവും നല്ല രീതിയില്‍ സൌന്ദര്യവതിയാക്കി ഒരുക്കി നി൪ത്തി ഫോട്ടോയും വീഡിയോയും എടുത്ത് പിന്നീട് ആല്‍ബമായി വീഡിയോയായി അന്യ പുരുഷന്‍മാരുടെ മുമ്പില്‍ എത്തിക്കുന്ന പരിപാടിയില്‍ അല്ലാഹുവിന്റെ സഹായമാണോ വെറുപ്പാണോ ഉണ്ടാകുക.

عَنْ أَبِي سَلَمَةَ، أَنَّهُ سَمِعَ أَبَا هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏:‏ إِنَّ اللَّهَ يَغَارُ وَغَيْرَةُ اللَّهِ أَنْ يَأْتِيَ الْمُؤْمِنُ مَا حَرَّمَ اللَّهُ

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവും അഭിമാനരോഷം കൊള്ളും.അല്ലാഹു നിഷിദ്ധമാക്കിയത് അവനില്‍ വിശ്വസിക്കുന്ന ഒരാള്‍ പ്രവ൪ത്തിക്കുമ്പോഴാണ് അവനില്‍ അഭിമാനരോഷം ഉണ്ടാകുക. (ബുഖാരി:5223)

വിവാഹ വേളയില്‍ എല്ലാവരും വധൂ വരന്‍മാ൪ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുന്നുണ്ടാകും.അല്ലാഹു കോപത്തിലാണെങ്കില്‍ എങ്ങനെ ബറക്കത്ത് ലഭിക്കും.ബറക്കത്ത് ലഭിച്ചില്ലെങ്കില്‍ തുട൪ന്നുള്ള ജീവിതം എങ്ങനെ ആയിരിക്കും.

എല്ലാ മാതാപിതാക്കളും ഇപ്പോള്‍ തന്നെ ഉറപ്പിക്കുക, എന്റ മകളുടെ / മകന്റെ വിവാഹത്തിന് ഫോട്ടോ / വീഡിയോ എടുക്കില്ലെന്ന്.മക്കളെ കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക.ഇസ്ലാമികപരമായ അറിവും നല്‍കുക.

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *