മുഹമ്മദ് നബി ﷺ ക്ക് ഒരു ജൂതന്‍ സിഹ്റ് ചെയ്തുവെന്നും അതിനെ തുട൪ന്ന് നബി ﷺ ക്ക് ഏതാനും ദിവസത്തേക്ക് ചില പ്രയാസങ്ങളുണ്ടായെന്നും പിന്നീട് അല്ലാഹു ശമനം നല്‍കിയെന്നുമുള്ള സംഭവം സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതാണ്. എന്നാല്‍ ഈ ഹദീസ് ഖു൪ആനിനെതിരാണെന്നും, നബി ﷺ സിഹ്ർ ബാധിച്ചയാളാണെന്നത് മക്കാ മുശ്’രിക്കുകളുടെ ആരോപണമാണെന്നും അതുകൊണ്ട് ഈ ഹദീസ് സ്വീകാര്യമല്ലെന്നും ചില൪ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ബുഖാരിയിലും മുസ്ലിമിലും അടക്കം സ്വഹീഹായി വന്നിട്ടുള്ള ഈ ഹദീസ് അംഗീകരിക്കുന്നവരെ അന്ധവിശ്വാസികളായും ഇക്കൂട്ട൪ പ്രചരിപ്പിക്കുന്നു.
‘നബി ﷺ ക്ക് സിഹ്ർ ബാധിച്ചു’ എന്ന ഹദീസ് കേരളത്തില്‍ തള്ളിക്കളഞ്ഞ വ്യക്തികളായിരുന്നു ചേകന്നൂ൪ മൌലവിയും സി.എന്‍.അഹമ്മദ് മൌലവിയും. പല വിഷയത്തിലും അഹ്’ലുസ്സുന്നത്തിന്റെ ആദ൪ശത്തിന് എതിര് സ്വീകരിച്ചിട്ടുള്ള ഇവരുടെ അഭിപ്രായങ്ങള്‍ കേരളത്തിലെ മുസ്ലിംകള്‍ മുഖവിലക്കെടുത്തിരുന്നില്ല. എന്നാല്‍ കേരളത്തില്‍ അഹ്’ലുസ്സുന്നത്തിന്റെ ആദ൪ശത്തിലാണെന്ന് പറയുകയും തങ്ങള്‍ നവോത്ഥാനത്തിന്റെ ആളുകളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മടവൂ൪ വിഭാഗം മുജാഹിദിന്റേയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകള്‍ ഈ ഹദീസ് തള്ളിക്കളഞ്ഞിട്ടുള്ളത്, ഈ വിഷയത്തില്‍ അറിവില്ലാത്ത സാധാരണക്കാരായ ആളുകള്‍ക്കിടയില്‍ പ്രസ്തുത ഹദീസിന്റെ ആധികാരികതയില്‍ സംശയമുളവാക്കാന്‍ കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് ഇക്കാര്യം ഒരു വിഷയമാക്കി ആളുകളിലേക്ക് എത്തിക്കുന്നത്.
നബി ﷺ ക്ക് സിഹ്റു ബാധിച്ചു എന്ന ബുഖാരിയുടെ റിപ്പോ൪ട്ട് വിശുദ്ധ ഖു൪ആനിന് വിരുദ്ധമാണ് എന്ന വസ്തുത ഖു൪ആന്‍ പഠിച്ച ആ൪ക്കും നിഷേധിക്കാന്‍ സാധ്യമല്ല. (ശബാബ് വാരിക : 20 July 2012 vol-35, Issue-50 page-33)
നബി ﷺ ക്ക് സിഹ്റ് ബാധിച്ചുവെന്ന ബുഖാരിയിലെയും മുസ്ലിമിലേയും ഹദീസിനെ കുറിച്ച് അബ്ദുസ്സലാം സുല്ലമി എഴുതുന്നു: ‘അതിനാല്‍ ഈ ഹദീസ് പരമ്പരക്കും മത്’നിനും (ആശയം) ഹദീസ് പണ്ഢിതന്‍മാ൪ പറഞ്ഞ മുഴുവന്‍ വ്യവസ്ഥയും യോജിച്ചാല്‍പോലും തെളിവിന് പറ്റുകയില്ല’. (ജിന്ന് , പിശാച് ,സിഹ്റ് – പേജ് :138)
ഒ.അബ്ദുല്‍ റഹ്മാന്‍ സാഹിബ് എഴുതുന്നു: ‘മറ്റ് ചില ഹദീസുകളില്‍ മുഹമ്മദ് നബി ﷺ ക്ക് സിഹ്റ് ബാധിച്ചിരുന്നതായി പറയുന്നു. നബി ﷺ സിഹ്റ് ചെയ്യുന്നവനോ സിഹ്റ് ബധിച്ചവനോ ആയിരുന്നുവെന്ന ശത്രുക്കളുടെ ആരോപണത്തെ ഖണ്ഢിതമായി നിരാകരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ നിലവിലിരിക്കെയാണ്, സിഹ്റ് ബാധിച്ചതിനാല്‍ കുറെ ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം മറവി ബാധിച്ചു നടന്നു എന്ന ഹദീസുകള്‍. അതും യഹൂദി സിഹ്൪ ചെയ്തതു കൊണ്ട്. (പ്രബോധനം ഹദീസ് പതിപ്പ് 2007 – പേജ് :129)
കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധക വിഭാഗമായ IPH ‘സിഹ്൪’ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.മുഹമ്മദ് ഗ്രന്ഥ ക൪ത്താവായ ഈ ഗ്രന്ഥത്തില്‍ സ്വഹീഹുല്‍ ബുഖാരിയിലെ സിഹ്റിന്റെ ഹദീസുകള്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ അതിന്റെ അവസാനത്തില്‍ അതെല്ലാം ഖു൪ആനിനെതിരാണെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്തിട്ടുള്ളത്.
ഈ വിഷയം സത്യവിശ്വാസികള്‍ ആത്മാ൪ത്ഥതയോടെ യാതൊരു മുന്‍വിധിയുമില്ലാതെ പഠിക്കണമെന്ന് ആദ്യമായി ഉണ൪ത്തുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്ന് സാക്ഷ്യം വഹിച്ചവരാണ് സത്യവിശ്വാസികള്‍. സത്യപ്രബോധന ദൌത്യവുമായി അല്ലാഹു മുഹമ്മദ് നബി ﷺ യെ തെരഞ്ഞെടുത്തയച്ചു. അദ്ദേഹം ദീൻ എന്ന നിലയിൽ പഠിപ്പിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത കാര്യങ്ങൾ നിസ്സങ്കോചം സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുകയെന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്, നി൪ബന്ധമാണ്. അദ്ദേഹത്തെ റസൂലായി സാക്ഷ്യം വഹിക്കുകയെന്നതിന്റെ പൊരുൾ അതാണ്. വഹ്’യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്റെ യുക്തിക്ക് ഉൾക്കൊള്ളാൻ പ്രയാസമാണെങ്കിൽ പോലും സ്വീകരിക്കാൻ ഏതൊരാളും ബാധ്യസ്ഥനാണ്.
ﻓَﻼَ ﻭَﺭَﺑِّﻚَ ﻻَ ﻳُﺆْﻣِﻨُﻮﻥَ ﺣَﺘَّﻰٰ ﻳُﺤَﻜِّﻤُﻮﻙَ ﻓِﻴﻤَﺎ ﺷَﺠَﺮَ ﺑَﻴْﻨَﻬُﻢْ ﺛُﻢَّ ﻻَ ﻳَﺠِﺪُﻭا۟ ﻓِﻰٓ ﺃَﻧﻔُﺴِﻬِﻢْ ﺣَﺮَﺟًﺎ ﻣِّﻤَّﺎ ﻗَﻀَﻴْﺖَ ﻭَﻳُﺴَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ
ഇല്ല, നിന്റെ രക്ഷിതാവിനെതന്നെയാണെ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പ്പിച്ചതിനെകുറിച്ച് (അല്ലെങ്കില്‍ നീ പറഞ്ഞിട്ടുള്ളതിനെകുറിച്ച്) പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍ : 4/65)
….ﻣَﺎٓ ءَاﺗَﻰٰﻛُﻢُ ٱﻟﺮَّﺳُﻮﻝُ ﻓَﺨُﺬُﻭﻩُ ﻭَﻣَﺎ ﻧَﻬَﻰٰﻛُﻢْ ﻋَﻨْﻪُ ﻓَﭑﻧﺘَﻬُﻮا۟ ۚ…
…. നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക….(ഖു൪ആന്‍: 59/7)
മുസ്ലിംലോകം ഒന്നടങ്കം വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികമായി കണക്കാക്കുന്ന രണ്ടു ഗ്രന്ഥങ്ങളാണ് സ്വഹീഹുൽ ബുഖാരിയും സ്വഹീഹ് മുസ്ലിമും. ഈ രണ്ട് ഗ്രന്ഥങ്ങളിലേയും ഹദീസുകള്‍ മുഴുവനും സ്വഹീഹാണെന്നതിന് മുസ്ലിം ഉമ്മത്തിന്റെ ‘ഇജ്മാഉ’ ഉള്ളതായി പണ്ഢിതന്‍മാ൪ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നി൪മ്മിതവോ ദു൪ബലമോ ആയ ഒരു ഹദീസും ഇല്ലെന്ന കാര്യത്തിലും മുസ്ലിം ഉമ്മത്ത് ഏകാഭിപ്രായക്കാരാണ്.
قال شيخ الإسلام ابن تيمية رحمه الله: ليس تحت أديم السماء كتاب أصح من البخاري ومسلم بعد القرآن
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ (റ) പറയുന്നു: ഖു൪ആനിന് ശേഷം ആകാശത്തിന് ചുവട്ടില്‍ ബുഖാരി, മുസ്ലിമിനേക്കാള്‍ ശ്രേഷ്ടകരമായ മറ്റൊരു ഗ്രന്ഥമില്ല.’ (മജ്മൂഉല്‍ ഫതാവാ:18/74)
ഇമാം നവവി (റ) പറയുന്നു: ‘പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങള്‍ രണ്ട് സ്വഹീഹുകളായ സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്ലിമുമാകുന്നു എന്നതില്‍ പണ്ഢിതന്മാ൪ ഏകോപിച്ചിരിക്കുന്നു. മുസ്ലിം സമുദായം അത് സ്വീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു’.(സ്വഹീഹ് മുസ്ലിമിന്റെ വിശദീകരണത്തിന്റെ മുഖവുരയില്‍ നിന്ന്)
قال الإمام النووي -رحمه الله- : أجمعت الأمة على صحة هذين الكتابين، ووجوب العمل بأحاديثهما
ഇമാം നവവി (റ) പറയുന്നു : ഈ രണ്ടു ഗ്രന്ഥങ്ങളുടെയും സ്വീകാര്യതയിലും, അതിലെ ഹദീസുകൾ കൊണ്ട് അമൽ ചെയ്യുന്നതിലെ അനിവാര്യതയിലും മുസ്ലിം ഉമ്മത്തിൽ ഇജ്മാഉ ഉണ്ടായിട്ടുണ്ട്. (تهذيب الأسماء واللغات 1/73 )
ഇമാം ദാറഖുത്വ്’നീ തന്റെ الاستدراكات والتتبع എന്ന ഗ്രന്ഥത്തിൽ ബുഖാരിയിൽ നിന്നും, മുസ്ലിമിൽ നിന്നുമായി ഇരുനൂറോളം ഹദീസുകളെ വിമർശന വിധേയമാക്കിയിട്ടുണ്ട്. ഈ വിമർശനങ്ങളെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു:
إنه مبني على قواعد بعض المحدثين ضعيفة جدا، مخالفة لما عليه الجمهور من أهل الفقه والأصول وغيرهم، فلا تغتر بذلك
‘ഇവ (ഈ വിമർശനങ്ങൾ) ഭൂരിഭാഗം വരുന്ന ഫുഖഹാക്കളുടെയും, ഉസ്വൂലി പണ്ഡിതന്മാരുടെയും മറ്റും നിലപാടുകൾക്ക് വിരുദ്ധമായ തരത്തിൽ ചില മുഹദ്ദിസുകളുടെ വളരെ ദുർബലമായ ഖാഇദകളിൽ സ്ഥാപിക്കപ്പെട്ടവയാണ്. അതിനാൽ, അതിൽ വഞ്ചിതനാകേണ്ടതില്ല.’
ഇമാം നവവി(റഹി) പറയുന്നു: ബുഖാരിയും മുസ്ലിമും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ തെളിവ് പിടിച്ച ആളുകളെ ചില൪ വിമ൪ശിച്ചത് അവ്യക്തവും ദു൪ബലവുമാണ്.(ശറഹുമുസ്ലിം:1/25)
ഇബ്നു ഹജ൪ അസ്ക്വലാനി(റഹി) പറയുന്നു: ഇമാം ദാറഖുത്’നി ബുഖാരിയിലെ ചില ഹദീസുകളെ വിമ൪ശിച്ചിട്ടുണ്ട്.എന്നാല്‍ അത്തരം വിമ൪ശനങ്ങളെല്ലാം തന്നെ മുഹദ്ദിസുകളുടെ നിയമത്തിനെതിരും വളരെ ദു൪ബലവും ഭൂരിപക്ഷത്തിന്റെ നിലപാടിന് വിരുദ്ധവുമാണ്. (ഹദ്’യുസ്സാരി :346)
ഇമാം ദാറഖുത്വ്’നി, സ്വഹീഹുൽ ബുഖാരിയിലെ ഏതാനും ഹദീസുകൾക്ക് രേഖപ്പെടുത്തിയ വിമർശനങ്ങളെ ഇമാം ഇബ്നു ഹജർ അസ്ഖലാനി ഫത്ഹുല്‍ ബാരിയുടെ ആമുഖത്തില്‍ ഖണ്ഢിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ, ദാറഖുത്വ്’നിയുടെ നിരൂപണം നിലനിൽകാത്തതും, അഹ്’ലുസ്സുന്നത്തിന്റെ ഉലമാക്കൾ തന്നെ ഖണ്ഢനം രേഖപ്പെടുത്തിയതുമാണെന്നർത്ഥം.
സ്വഹീഹുൽ ബുഖാരിക്കും സ്വഹീഹ് മുസ്ലിമിനും മുസ്ലിം ലോകത്തുള്ള സ്ഥാനവും അതിന്റെ പ്രാധാന്യവും ഇതില്‍ നിന്നും വ്യക്തമാണ്. ഇതേ സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും നബി ﷺ ക്ക് സിഹ്റ് ബാധിച്ചുവെന്നുള്ള ഹദീസ് വന്നിട്ടുള്ളത് ഒന്നാമതായി നാം മനസ്സിലാക്കേണ്ടതാണ്.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ سَحَرَ رَسُولَ اللَّهِ صلى الله عليه وسلم رَجُلٌ مِنْ بَنِي زُرَيْقٍ يُقَالُ لَهُ لَبِيدُ بْنُ الأَعْصَمِ، حَتَّى كَانَ رَسُولُ اللَّهِ صلى الله عليه وسلم يُخَيَّلُ إِلَيْهِ أَنَّهُ يَفْعَلُ الشَّىْءَ وَمَا فَعَلَهُ، حَتَّى إِذَا كَانَ ذَاتَ يَوْمٍ أَوْ ذَاتَ لَيْلَةٍ وَهْوَ عِنْدِي لَكِنَّهُ دَعَا وَدَعَا ثُمَّ قَالَ ” يَا عَائِشَةُ، أَشَعَرْتِ أَنَّ اللَّهَ أَفْتَانِي فِيمَا اسْتَفْتَيْتُهُ فِيهِ، أَتَانِي رَجُلاَنِ فَقَعَدَ أَحَدُهُمَا عِنْدَ رَأْسِي، وَالآخَرُ عِنْدَ رِجْلَىَّ، فَقَالَ أَحَدُهُمَا لِصَاحِبِهِ مَا وَجَعُ الرَّجُلِ فَقَالَ مَطْبُوبٌ. قَالَ مَنْ طَبَّهُ قَالَ لَبِيدُ بْنُ الأَعْصَمِ. قَالَ فِي أَىِّ شَىْءٍ قَالَ فِي مُشْطٍ وَمُشَاطَةٍ، وَجُفِّ طَلْعِ نَخْلَةٍ ذَكَرٍ. قَالَ وَأَيْنَ هُوَ قَالَ فِي بِئْرِ ذَرْوَانَ ”. فَأَتَاهَا رَسُولُ اللَّهِ صلى الله عليه وسلم فِي نَاسٍ مِنْ أَصْحَابِهِ فَجَاءَ فَقَالَ ” يَا عَائِشَةُ كَأَنَّ مَاءَهَا نُقَاعَةُ الْحِنَّاءِ، أَوْ كَأَنَّ رُءُوسَ نَخْلِهَا رُءُوسُ الشَّيَاطِينِ ”. قُلْتُ يَا رَسُولَ اللَّهِ أَفَلاَ أَسْتَخْرِجُهُ قَالَ ” قَدْ عَافَانِي اللَّهُ، فَكَرِهْتُ أَنْ أُثَوِّرَ عَلَى النَّاسِ فِيهِ شَرًّا ”. فَأَمَرَ بِهَا فَدُفِنَتْ.
ആയിശ رضي الله عنها യില്‍ നിന്നും നിവേദനം : ബനൂ സുറൈഖില്‍ പെട്ട ലബിദുബ്നു അഉസ്വം എന്ന വ്യക്തി നബി ﷺക്ക് സിഹ്ര്‍ ചെയ്തു. അങ്ങിനെ നബി ﷺ താന്‍ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് ചെയ്തുവെന്ന തോന്നലുളവാക്കുന്ന അവസ്ഥയുണ്ടായി. അങ്ങിനെ അദ്ദേഹം എന്റെ അടുത്തുണ്ടായിരുന്ന ഒരു ദിവസം ഒരു രാത്രി അദ്ദേഹം പിന്നേയും പിന്നേയും പ്രാര്‍ഥിച്ചു. എന്നിട്ട് പറഞ്ഞു: ‘ആഇശാ, നിനക്കറിയുമോ? ഞാന്‍ റബ്ബിനോട് വിവരണം തേടിയ കാര്യങ്ങളില്‍ എനിക്ക് അല്ലാഹു വിവരം തന്നിരിക്കുന്നു. രണ്ടു പേ൪ എന്റെ അടുത്ത് വരികയും അവരില്‍ ഒരാള്‍ എന്റെ തലയുടെ അടുത്തും മറ്റേയാള്‍ എന്റെ കാലിനടുത്തും ഇരിക്കുകയും ചെയ്തു. എന്നിട്ട് അവരില്‍ ഒരാള്‍ തന്റെ കൂടെയുള്ളയാളോട് ചോദിച്ചു: ‘ഇദ്ദേഹത്തിന്റെ വേദന എന്താണ്? അയാള്‍ പറഞ്ഞു: ഇദ്ദേഹം സിഹ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അയാള്‍ ചോദിച്ചു: ആരാണ് സിഹ്റ് ചെയ്തത്.ലബിദുബ്നു അഉസ്വമാണെന്ന് മറ്റേയാള്‍ പറഞ്ഞു. അയാള്‍ ചോദിച്ചു: എന്തിലാണ് സിഹ്റ് ചെയ്തത്. മറ്റേയാള്‍ പറഞ്ഞു: ചീ൪പ്പിലും മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൂമ്പോളയിലുമാണ്. അദ്ദേഹം ചോദിച്ചു: അത് എവിടെയാണ്. ഇയാള്‍ പറഞ്ഞു: ദ൪വാന്‍ കിണറ്റിലാണ്. (ബനൂ സുറൈഖിന്റെ മദീനയിലെ തോട്ടത്തിലുള്ള ഒരു കിണ൪). അങ്ങിനെ (നേരം പുല൪ന്നപ്പോള്‍) നബി ﷺസ്വഹബികളുമൊത്ത് അവിടെ പോയി (മടങ്ങി) വന്നിട്ട് നബി ﷺ പറഞ്ഞു: അല്ലയോ ആയിശാ, അതിന്റെ വെള്ളം മൈലാഞ്ചി വ൪ണ്ണം പോലെയും അതിലെ ഈത്തപ്പനകളുട തല പിശാചുക്കളുടെ തല പോലെയും ഉണ്ട്. ഞാന്‍ ചോദിച്ചു: നബിയേ അങ്ങേക്ക് അത് പുറത്തെടുക്കാമായിരുന്നില്ലേ? നബി ﷺപറഞ്ഞു: അല്ലാഹു എനിക്ക് ശമനം നല്‍കിയിരിക്കുന്നു. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയിൽ ഒരു ദോഷം ഇളക്കി വിടുന്നതിനെ ഞാൻ ഇഷ്ടപ്പെട്ടില്ല. പിന്നീട് ആ കിണ൪ മൂടിക്കളയുവാന്‍ കല്‍പ്പിക്കുകയും അങ്ങിനെ അത് മൂടുകയും ചെയ്തു. (ബുഖാരി: 5763)
فَقُلْتُ يَا رَسُولَ اللَّهِ أَفَلاَ أَحْرَقْتَهُ (നബിയേ താങ്കള്‍ക്ക് അത് കരിച്ചുകളയാമായിരുന്നില്ലേ) എന്ന് ഞാന്‍ ചോദിച്ചു എന്നാണ് ഇമാം മുസ്ലിമിന്റെ ഒരു റിപ്പോ൪ട്ടിലുള്ളത്. ഈ രണ്ട് റിപ്പോ൪ട്ടും ശരിയാണെന്ന് ഇമാം നവവി(റഹി) പറയുന്നു.
ആയിശയിൽ (റ) നിന്ന്, നബി ﷺ ക്ക് സിഹ്ർ ബാധിച്ച സംഭവം വിവരിക്കുന്ന ഹദീസ് ബുഖാരിയും മുസ്ലിമിലുമല്ലാത്ത ഹദീസ് ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. അതില്‍ ചിലത് മാത്രം താഴെ ചേ൪ക്കുന്നു.
ഇമാം ബുഖാരി :3268, 5763, 5765, 5766, 6391
ഇമാം മുസ്ലിം : 5667
ഇബ്നു മാജ : 3545
ഇമാം അഹ്മദ് : മുസ്നദ്-24741,24804, 24851, 24852, 25157
ഇബ്നു ഹിബ്ബാൻ : സ്വഹീഹ് – 6703, 6704
അബു യഅലാ : 4757
ഇമാം ബൈഹഖീ : ദലാഇലുന്നുബുവ്വ – 3018
നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസ്, ആയിശക്ക് (റ) പുറമേ, സൈദ് ബിന്‍ അർഖമില്‍ (റ) നിന്നും മറ്റൊരു സനദിലൂടെ രിവായത് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇമാം നാസാഇ : 7-103
ഇമാം അഹമദ് : മുസ്നദ് 19481
ഹുമൈദ് : മുൻതഖബ്- 271
രണ്ടു വ്യത്യസ്ത സനദുകളിലൂടെ വന്ന ഈ ഹദീസിനെക്കുറിച്ച് അഹ്’ലുസുന്നത്തിന്റെ പൌരാണികരോ ആധുനികരോ ആയ പ്രാമാണികരായ ഉലമാക്കളാരും വിമർശനം രേഖപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല, സ്വഹീഹുൽ ബുഖാരിയിലേയും സ്വഹീഹ് മുസ്ലിമിലേയും ഏതാനും ഹദീസുകളെക്കുറിച്ച് വിമർശനം രേഖപ്പെടുത്തിയ ഇമാം ദാറഖുത്വ്’നിയോ, അബു മസ്ഊദു ദിമഷ്ഖിയോ, ഇബ്നു ഹസമൊ പോലും നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസിനെക്കുറിച്ച് യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നുള്ളത് ശ്രദ്ധേയമാണ്.
ലബീദു ബ്നുൽ അഅ്സ്വം എന്ന യഹൂദൻ നബി ﷺ ക്കെതിരെ സിഹ്‌ർ (മാരണം) ചെയ്തപ്പോൾ മലക്കുകൾ മുഖേന അല്ലാഹു അവിടുത്തേക്ക് ഇക്കാര്യത്തെ കുറിച്ച് അറിയിച്ചു നൽകുകയും, സൂറതുൽ ഫലഖും സൂറതുന്നാസും അവതരിപ്പിച്ചു നൽകുകയും, ഈ രണ്ട് സൂറതുകൾ കൊണ്ട് മന്ത്രിക്കാൻ കൽപ്പിക്കുകയും ചെയ്തു. അങ്ങനെ അല്ലാഹുവിന്റെ അനുമതി പ്രകാരം ലബീദ് നടത്തിയ സിഹറിൽ നിന്നും നബിക്ക് ശമനം ലഭിച്ചു.
عن عقبة بن عامر، قال: قال رسول الله صلى الله عليه وسلم: ” أنزلت علي سورتان ، فتعوذوا بهن، فإنه لم يتعوذ بمثلهن ” يعني المعوذتين.
ഉഖ്ബതുബ്നു ആമിറിൽ رضي الله عنه നിന്നും നിവേദനം; അദ്ദേഹം പറയുന്നു: നബി ﷺ പറഞ്ഞിരിക്കുന്നു: എനിക്കു രണ്ടു സൂറത്തുകൾ അവതരിച്ചിട്ടുണ്ട്. അവ കൊണ്ട് നീ ശരണം തേടിക്കൊള്ളുക. ശരണം തേടാൻ അതു പോലുള്ള മറ്റൊന്നുമില്ല. മുവ്വിദതൈനിയാണ് ഈ രണ്ടു സൂറത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. (അഹ്‌മദ്: 17299)
ഈ ഹദീസിനെ നിഷേധിച്ചതാര് ?
സലഫുകളുടെ മാർഗത്തിൽ നിന്ന് വ്യതിചലിച്ച മുഅതസിലികളും, റാഫിദികളുമാണ് നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന സ്വഹീഹായ ഹദീസിനെ നിഷേധിച്ചത്. നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന പല ഹദീസുകളും തങ്ങളുടെ ബുദ്ധിക്ക് യോജിക്കാത്തതിന്റെ പേരിലാണ് ഈ ബിദ്അത്തിന്റെ കക്ഷികൾ ഇവയെ തള്ളിക്കളയുന്നത്.അവരെ പിന്തുടർന്നുകൊണ്ടാണ് ഇപ്പോള്‍ അഹ്’ലുസ്സുന്നത്തിന്റെ ആദ൪ശത്തിലാണെന്ന് പറയുകയും തങ്ങള്‍ നവോത്ഥാനത്തിന്റെ ആളുകളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരും ഈ ഹദീസ് തള്ളിക്കളഞ്ഞിട്ടുള്ളത്.
പ്രമാണങ്ങളെ സലഫുകൾ എങ്ങനെ മനസ്സിലാക്കുകയും സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്തുവെന്ന് പരിശോധിക്കാതെ അവയെ ബുദ്ധിപരമായി മാത്രം സമീപിച്ചതാണ് അവർക്ക് സംഭവിച്ച അപചയം. അതായത്, പ്രമാണങ്ങളെ, അവ ഖുർആൻ ആകട്ടെ ഹദീസ് ആകട്ടെ, മനസ്സിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനും അമൽ ചെയ്യുന്നതിനും സലഫുകളുടെ അഥവാ സ്വഹാബത്തിന്റെ ധാരണയെ അവലംബിക്കൽ അനിവാര്യമാണ്.
ﺈِﻥْ ءَاﻣَﻨُﻮا۟ ﺑِﻤِﺜْﻞِ ﻣَﺎٓ ءَاﻣَﻨﺘُﻢ ﺑِﻪِۦ ﻓَﻘَﺪِ ٱﻫْﺘَﺪَﻭا۟
നിങ്ങള്‍ (സ്വഹാബികള്‍) ഈ വിശ്വസിച്ചത് പോലെ അവരും (വേദക്കാ൪) വിശ്വസിച്ചാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായി ക്കഴിഞ്ഞു….(ഖു൪ആന്‍:2/137)
പ്രമാണങ്ങൾ സ്വീകരിക്കുന്നതിലെ അഹ്’ലുസ്സുന്നത്തിന്റെ ഈ മൻഹജിലാണ് (രീതിശാസ്ത്രം) ഭൂരിഭാഗം ആളുകൾക്കും പിഴവ് സംഭവിച്ചത്. സിഹ്റിന്റെ ഹദീസിന്റെ കാര്യത്തില്‍ നബി ﷺ യിൽ നിന്ന് സ്വഹീഹ് ആയി വന്ന ഹദീസുകളെ എല്ലാം സ്വഹാബത്തും അവരെ പിന്തുടർന്ന അഹ്’ലുസ്സുന്നത്തിന്റെ പ്രാമാണിക ഉലമാക്കളും എങ്ങിനെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തുവെന്നു അന്വേഷിച്ചിരുന്നുവെങ്കിൽ ആരും ഈ മൻഹജിയായ അബദ്ധത്തിൽ ചെന്ന് ചാടില്ലായിരുന്നു. പക്ഷെ, അതിനു പകരം അവർ അവരുടെ ബുദ്ധിയെയും യുക്തിയെയും അവലംബിക്കുകയാണ് ചെയ്തിട്ടുള്ളത്.
ആയിശയില്‍ (റ) നിന്ന് റിപ്പോ൪ട്ട് ചെയ്യപ്പെട്ട ഈ ഹദീസിന്റെ സ്വീകാര്യതയിൽ സ്വഹാബികളിലാരെങ്കിലും സംശയം രേഖപ്പെടുത്തിയതായി നാളിതു വരെ തെളിയിക്കപ്പെട്ടിട്ടില്ല. നബി ﷺ യെക്കുറിച്ചും സുന്നത്തിനെക്കുറിച്ചും ഹദീസിനെക്കുറിച്ചും മറ്റാരേക്കാളും അറിവുള്ളവർ അവരാണ്. അക്കാലത്ത് നടന്ന സംഭവങ്ങൾ സ്ഥിരീകരിക്കാനുള്ള യോഗ്യതയും അവർക്ക് തന്നെ. ദീനിന്റെ കാര്യത്തിൽ മറ്റൊരു തലമുറക്കും അവകാശപ്പെടാനില്ലാത്ത അറിവും ആധികാരികതയും സ്വഹാബത്തിനുണ്ടെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസവുമില്ല.
ഈ ഹദീസ് നിരാകരിക്കാൻ അവർ പല കാരണങ്ങള്‍ നിരത്തുന്നുണ്ട്. അവ൪ പറയുന്ന പ്രധാന ന്യായങ്ങളിലൊന്ന് അതിന്റെ സനദിൽ ഹിശാം ഇബ്നു ഉർവ ഉണ്ട് എന്നതാണ്.
ആരാണ് ഹിശാം ഇബ്നു ഉർവ?
ആയിശയുടെ (റ) സഹോദരി അസ്മാഇന്റെ (റ) പൌത്രനാണ് അദ്ദേഹം. അദ്ദഹത്തിന്റെ പിതാമാഹനാണ് സ്വഹാബിയായ സുബൈർ ബിന്‍ അൽ അവ്വാം (റ) . ബുഖാരിയിലും മുസ്ലിമിലുമടക്കം നിരവധി ഹദീസ് ഗ്രന്ഥങ്ങളിലായി നൂറ് കണക്കിന് ഹദീസുകൾ രിവായത് ചെയ്ത അദ്ധേഹത്തെ കുറിച്ചോ അദ്ദഹത്തിന്റെ മതപരമായ അറിവിനെക്കുറിച്ചോ പ്രാമാണികരായ ഒരാള്‍ പോലും എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
قال ابن سعد : كان ثقة ثبتا كثير الحديث حجة مات سنة خمس وأربعين ومائة – طبقا ت الحفاظ
ഇബ്ന് സഅദു(റ) പറയുന്നു: അദ്ദേഹം, (ഹിശാം) വിശ്വസ്തനും, സ്ഥിരീകരണമുള്ളവനും, ധാരാളം ഹദീസുകൾ ഉദ്ധരിച്ചയാളും, പ്രാമാണികനുമാണ്. ഹിജ്റ 145-ലാണ് അദ്ദേഹം മരണപ്പെട്ടത്. (ത്വബഖാത്ത്)
كان حافظا متقنا ورعا فاضلا -ثقات ابن حبان
അദ്ദേഹം ഹാഫിദും, സൂക്ഷ്മദൃക്കും, ഭക്തനും, ശ്രേഷ്ഠനുമായിരുന്നു.
എന്നാൽ, യഅഖൂബു ബിന്‍ ശൈബയെപ്പോലുള്ള ചിലർ, അവസാന കാലത്ത് അദ്ദേഹം (ഹിശാം) ഇറാഖിൽ വന്നതിനു ശേഷം, അദ്ദേഹത്തിൽ ചില മാറ്റങ്ങൾ കാണപ്പെട്ടുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
قال يعقوب بن شيبة ثقة ثبت لم ينكر عليه شيء إلا بعدما صار إلى العراق
യഅഖൂബു ബിന്‍ ശൈബ പറഞ്ഞു: അദ്ദേഹം, വിശ്വസ്തനും സ്ഥിരീകരണമുള്ള ആളുമാണ്. ഇറാഖിൽ പോകുന്നതിനു മുമ്പ് ഒരാളും അദ്ദേഹത്തെ വിമർശിച്ചിട്ടില്ല.
യഅഖൂബു ബിന്‍ ശൈബയുടെ ഈ ആക്ഷേപത്തെ ഖണ്ഢിച്ചു കൊണ്ട് ഇമാം ദഹബി തന്റെ സിയറിൽ പറയുന്നു.
الرجل حجة مطلقا ، ولا عبرة بما قاله الحافظ أبو الحسن بن القطان من أنه هو و سهيل بن أبي صالح اختلطا وتغيرا ، فإن الحافظ قد يتغير حفظه إذا كبر، وتنقص حدة ذهنه، فليس هو في شيخوخته كهو في شبيبته، وما ثم أحد بمعصوم من السهو والنسيان، وما هذا التغير بضار أصلا، وإنما الذي يضر الاختلاط ، وهشام فلم يختلط قط ، هذا أمر مقطوع به، وحديثه محتج به في الموطأ والصحاح، والسنن – سير أعلام النبلاء
അദ്ദേഹം, നിരുപാധികമായ നിലയിൽ തന്നെ പ്രാമാണികനാണ്. അബുൽ ഹസൻ അൽ ഖത്താൻ, അദ്ദേഹത്തെ (ഹിശാമിനെ) കുറിച്ചും, സുഹൈൽ ബിന്‍ അബീ സ്വാലിഹിനെക്കുറിച്ചും അവർക്ക് രണ്ടു പേർക്കും പരസ്പരം കാര്യങ്ങൾ മാറിപ്പോവുകയും ആശയക്കുഴപ്പം സംഭവിച്ചുവെന്നു പറയുകയും ചെയ്തത് കാര്യമാക്കേണ്ടതില്ല. ഹാഫിദായ (പതിനായിരം ഹദീസ് മനപാഠമുള്ള ആൾ ) ഒരാൾക്ക് പ്രായമാകുമ്പോൾ തന്റെ ഓർമ്മയ്ക്ക് കുറവ് സംഭവിക്കുമെന്നത് തീർച്ചയാണ്. യുവത്വം തുടിച്ചു നിൽക്കുമ്പോഴുള്ള ഓർമശക്തി വാർധക്യത്തിലുണ്ടാവില്ല. ഓർമപ്പിശകിൽ നിന്നും മറവിയിൽ നിന്നുമൊക്കെ മുക്തരായ ആരുമില്ല. ഈയൊരു മാറ്റം അടിസ്ഥാനപരമായി ദോഷകരമല്ലതാനും. എന്നാൽ ദോഷകരമായത് പരസ്പരം വിഷയങ്ങൾ ഇടകലരലാണ്. പക്ഷെ, ഹിശാമിനെ സംബന്ധിച്ചേടത്തോളം ആ ഇടകലരൽ സംഭവിച്ചിട്ടുമില്ല. ഇക്കാര്യം ഖണ്ഡിതമത്രേ. സ്വഹീഹുകളിലും, സുനനുകളിലും മുവത്വയിലുമൊക്കെയുള്ള അദ്ധേഹത്തിന്റെ ഹദീസുകൾ തെളിവ് പിടിക്കാൻ പര്യാപ്തമാണ്.
ഹിശാം ബിന്‍ ഉർവക്ക് എതിരെയുള്ള ആരോപണത്തിനുള്ള മറുപടിയായി ഇമാം ദഹബിയുടെ(റ) ഈ ഉദ്ധരണി തന്നെ ധാരാളം.
ഹിഷാം ബിന്‍ ഉർവ മൂന്നു തവണയായി ഇറാക്കിൽ വന്നിട്ടുണ്ട്. അതിൽ അവസാന വരവിലാണ് അദ്ദേഹത്തിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നു പറയപ്പെടുന്നത്. അതായത് പ്രായാധിക്യമോ മറ്റോ കാരണം, അദ്ദേഹത്തിന് എന്തെങ്കിലും ബാധിച്ചുവെന്നു വന്നാൽ തന്നെ, അത് അദ്ദേഹത്തിന്റെ അവസാന കാലത്താണെന്ന് വ്യക്തം. ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ കൊണ്ട് വന്ന സിഹ്റുമായി ബന്ധപ്പെട്ട ഹദീസ് ഹിശാം തന്റെ മൂന്നാം തവണ ഇറാക്കിൽ പോയതിനു ശേഷമാണ് എന്നതിന് യാതൊരു തെളിവുമില്ല. ഈ വിമർശനം പറയുന്ന യഅഖൂബു ബിന്‍ ശൈബ പോലും, സിഹ്റിന്റെ ഹദീസ് ഇറാക്കിൽ വെച്ച് പറഞ്ഞതാണെന്നവകാശപ്പെടുന്നുമില്ല. അപ്പോൾ പ്രസ്തുത ഹദീസിന്റെ സനദിൽ ഹിശാം ബിന്‍ ഉർവ ഉണ്ടെന്ന കാരണത്താൽ അത് അസ്വീകാര്യമാണെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലായെന്നർത്ഥം. സ്വഹീഹുൽ ബുഖാരിയിലെ സിഹ്റുമായി ബന്ധപ്പെട്ട ഹദീസുകൾ സ്വീകരിച്ചിട്ടുള്ള അഹ്’ലുസ്സുന്നതിന്റെ ഉലമാക്കൾക്ക് സനദിലെ ഹിശാം ബിന്‍ ഉർവയുടെ സാന്നിധ്യം ഒരു ചർച്ചാവിഷയം പോലുമായിട്ടില്ലെന്നുള്ളതാണ് വസ്തുത.
ഹിശാം ബിന്‍ ഉർവ മുദല്ലിസാണെന്ന് ( കേള്‍ക്കാത്തത് കേട്ടതായി പറയുന്നവന്‍) ചില൪ ആരോപിക്കാറുണ്ട്.ഹിശാം സിഹ്റിന്റെ ഹദീസ് തന്റെ പിതാവായ ഉർവയിൽ നിന്ന് കേട്ടു എന്ന് തന്നെ പറയുന്നുണ്ട്. അതോടു കൂടിതന്നെ തദ്’ലീസിന്റെ പ്രശ്നം തീർന്നു. മാത്രമല്ല, ഇനി തദ്’ലീസുണ്ടെന്നു വാദിച്ചാൽ പോലും, ഇമാം ബുഖാരിയുടെയും ഇമാം മുസ്ലിമിന്റെയും നിബന്ധനയൊത്ത ഹദീസായതിനാൽ ആ വാദവും തള്ളപ്പെടും.
ഇനി വാദത്തിനു വേണ്ടി, ഇറാഖിൽ പോയതിനു ശേഷമാണ് ഈ ഹദീസ് പറഞ്ഞതെന്നും, സനദിൽ ഹിശാം ബിന്‍ ഉർവയുള്ളതിനാൽ ഹദീസ് അസ്വീകാര്യമാണെന്നും സമ്മതിച്ചാൽ തന്നെയും ഇതേ ഹദീസ് ഹിശാം ബിന്‍ ഉർവ ഇല്ലാത്ത മറ്റു സനദിലൂടെ സ്വഹീഹായി വന്നിട്ടുണ്ട്.
നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസ്, ആയിശയില്‍ (റ) നിന്നല്ലാതെ, അതായത്, സനദിൽ ഹിശാം ബിന്‍ ഉർവ ഇല്ലാത്ത, മറ്റൊരു സനദിലൂടെ സൈദ് ബിന്‍ അർഖം (റ) രിവായത് ചെയ്യുന്നുണ്ട്. ആ ഹദീസിനെയോ അതിന്റെ സനദിനെയോ ആരും ആക്ഷേപിച്ചിട്ടില്ല. ഇബ്നു അബീ ശൈബ തന്റെ മുസ്വന്നഫിലും (40/5), ഇമാം അഹ്മദ് തന്റെ മുസ്നദിലും (367/4), നസാഇ തന്റെ സുനനിലും (തഹ്രീമുദ്ദം : 4080), ഈ ഹദീസ് ഇമാം അഅമശിൽ നിന്ന് ഉദ്ധരിക്കുകയും ശൈഖ് നാസ്വിറുദ്ധീൻ അൽബാനി (റഹി) അത് സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
വാസ്തവത്തിൽ, സ്വഹീഹ് ബുഖാരിയിലും മുസ്ലിമിലും വന്ന ഹദീസ് തന്നെ ഈ വിഷയത്തിൽ തെളിവ് പിടിക്കാൻ എന്ത് കൊണ്ടും യോഗ്യമാണ്. അതിനെതിരിൽ ഇക്കൂട്ട൪ ഉന്നയിച്ച ആരോപണങ്ങൾ ഒരു നിലക്കും നില നില്‍ക്കാത്തതുമാണ്. എങ്കിൽ പോലും വാദത്തിനു വേണ്ടി ആ ആരോപണങ്ങൾ അംഗീകാരിച്ചാൽ തന്നെ, ഈ തികച്ചും വ്യത്യസ്തമായ മറ്റൊരു സനദിലൂടെ സ്വഹീഹായ നിലയിൽ രിവായത് ചെയ്യപ്പെട്ടു എന്നതിനാൽ ഇതിനെ നിഷേധിക്കാനോ ന്യൂനത ആരോപിക്കാനോ ഒരാൾക്കും കഴിയില്ല.
യഹ്’യ ബിന്‍ സഈദ് അൽ , സുഫിയാൻ ബിന്‍ ഉയൈയ്ന, ഈസ ബിന്‍ യുനുസ്, ഇബ്നു ജുറെയജു, അബൂ ദംറ, ലൈസ് ബിന് സഅദു, തുടങ്ങി, മക്കക്കാരും, മദീനക്കാരും, കൂഫക്കാരും ബസ്വറക്കാരും ഈജിപ്തുകാരുമായ അനേകം മുഹദ്ദിസുകൾ ഹിശാം ബിന്‍ ഉർവയിൽ നിന്ന് ഹദീസുകൾ രിവായത് ചെയ്തിട്ടുണ്ട്. യഹ്’യ ബിന്‍ സഈദിനെപ്പോലുള്ള ‘ജർഹിന്റെയും തഅദീലിന്റെയും’ സമശീർശരില്ലാത്ത മുഹദ്ദിസുകൾക്കാർക്കുമില്ലാത്ത ആക്ഷേപം, ഇവരോട് ഇല്‍മ് കൊണ്ടോ ഇത്ഖാന്‍ കൊണ്ടോ കിടപിടിക്കാൻ കഴിയാത്ത ആളുകൾക്കെങ്ങിനെയുണ്ടാകും.
ശെയ്ഖ് മുഖ്‌ബിൽ (റ) പറയുന്നു. ‘ഒരു ഹദീസ് രിവായത് ചെയ്തവരിൽ യഹ്’യ ബിന്‍ സഈദ് ഉണ്ടെങ്കിൽ, പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല. അത് അങ്ങേയറ്റം പരിശോധനക്ക് വിധേയമായിരിക്കും. ഈ ഹദീസിനെ മുഹദ്ദിസുകളിൽ ഒരാൾ പോലും വിമർശിച്ചിട്ടില്ല. അവരാണ് ഈ വിഷയത്തിൽ പ്രാമാണികർ. അല്ലാതെ സുന്നത്തിന്റെ ശത്രുക്കളായ ഹവയുടെ ആൾക്കാരല്ല.’
സ്വഹീഹുൽ ബുഖാരിയിൽ സിഹ്റിന്റെ ഹദീസിന്റെ റാവിമാരിൽ ഒരാൾ യഹ്’യ ബിന്‍ സഈദ് ആണെന്ന കാര്യം ഇവിടെ പ്രത്യേകം ഓർക്കുക. ചുരുക്കത്തിൽ, നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസിനെ നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവർ പ്രമാണങ്ങളേക്കാള്‍ ബുദ്ധിക്ക് പ്രാമുഖ്യം കൊടുക്കുന്നവരാണ്. അവർ ഖുർആനും സുന്നത്തുമാണ് ഞങ്ങളുടെ പ്രമാണം എന്ന് പറഞ്ഞ് നടക്കുന്നവരായാലും.
ഇനി ഇത്തരം ആളുകകളുടെ വാദം അംഗീകരിക്കുകയാണെങ്കില്‍ ബുഖാരിയില്‍ നിന്നും മുസ്ലിമില്‍ നിന്നുമായി 200 ല്‍ അധികം ഹദീസുകള്‍ തള്ളേണ്ടി വരും.കാരണം സിഹ്റിന്റെ ഹദീസ് ഉദ്ധരിച്ച ഇതേ ഹിശാമില്‍ നിന്ന് ഇതേ പരമ്പരയിലൂടെ 200 ല്‍ അധികം ഹദീസുകള്‍ ബുഖാരിയിലും മുസ്ലിമിലും കാണാം.ആ ഹദീസുകളെല്ലാം ഇവ൪ അംഗീരിക്കുന്നുമുണ്ട്.
അബൂബക്കർ അൽജസ്വാസും സിഹ്റിന്റെ ഹദീസ് നിഷേധവും
നബി ﷺ ക്ക് ബാധിച്ചുവെന്ന ഹദീസിനെ നിഷേധിക്കുന്നവരുടെ പ്രധാന ന്യായയങ്ങളില്‍ ഒന്ന്, ഇമാം അബൂബക്കര്‍ അല്‍ ജസ്സാസ് ഈ സംഭവം തള്ളിക്കളഞ്ഞുവെന്നതാണ്.ഹിജ്റ 305 ല്‍ ജനിച്ച ഇമാം അബൂബക്കര്‍ അല്‍ ജസ്സാസ് എന്ന പണ്ഡിതന്‍ നബി ﷺ ക്ക് സിഹ്ര്‍ ഫലിച്ചുവെന്ന ഹദീസിനെ ഇസ്ലാമിക ലോകത്ത് തള്ളിക്കളഞ്ഞിട്ടുവെന്നത് ശരിയാണ്. എന്നാല്‍ അദ്ദേഹം തികച്ചും യുക്തിപരമായ ഒരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിഹ്റിന്റെ ഹദീസിനെ അദ്ദേഹം നിരാകരിക്കുന്നത്. മുഹമ്മദ് നബി ﷺ ക്ക് സിഹ്ർ ബാധിച്ച സംഭവം നിരീശ്വരന്മാരുടെ കണ്ടുപിടുത്തമായാണ് അദ്ദേഹം മനസ്സിലാക്കുന്നത്. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ വ്യാഖ്യാനിക്കുന്ന ആളായ അദ്ദേഹത്തിന്റെ പല നിലപാടുകളും അഹ്ലുസ്സുന്നത്തിന്റെ മാ൪ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ചിട്ടുള്ളതായിരുന്നു.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു ശറഇയ്യായ മസ്അലയിലും തെളിവ് പിടിക്കാൻ വേണ്ടി ആശ്രയിക്കുന്ന സ്ത്രോദസ്സുകൾ ശുദ്ധമായിരിക്കണം. അതായത് ബിദ്അത്തിന്റെയും ഹവയുടെയും ആളുകളിൽ നിന്നോ പിഴച്ച കക്ഷികളിൽ നിന്നോ, അവ ഉദ്ധരിക്കുകയോ അവരുടെ കിതാബുകൾ പരാമർശിക്കുകയോ ചെയ്യാൻ പാടില്ല. ഇത് സലഫുകളുടെ മൻഹജിന് എതിരാണ്.
عَنْ مُحَمَّدِ بْنِ سِيرِينَ، قَالَ إِنَّ هَذَا الْعِلْمَ دِينٌ فَانْظُرُوا عَمَّنْ تَأْخُذُونَ دِينَكُمْ .
ഇബ്നു സീരീന്‍ (റ) പറഞ്ഞു :നിങ്ങള്‍ നേടുന്ന ഈ അറിവ് അത് നിങ്ങളുടെ മതമാണ്. ആയതിനാല്‍ തന്നെ ആരില്‍ നിന്നാണ് അത് സ്വീകരിക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊള്ളുക .(സ്വഹീഹ് മുസ്ലിമിന്റെ ആമുഖത്തില്‍ നിന്ന്)
ഇമാം മുസ്‌ലിം തന്റെ സ്വഹീഹിന്റെ ആമുഖത്തിൽ എടുത്തു ചേർത്ത ഈ അഥറിന് വലിയ അർത്ഥമുണ്ട്.അതിനാൽ, മുഅതസിലീ അഖീദയിൽ ജീവിച്ച ജസ്വാസിനെ തെളിവിനായി ഉദ്ധരിക്കാൻ പാടില്ല.
മക്കാ മുശ്’രിക്കുകൾ ആരോപിച്ചത് എന്ത് ?
മക്കാ മുശ്’രിക്കുകൾ, നിങ്ങൾ സിഹ്ർ ബാധിതനായ ഒരാളെയാണ് പിൻപറ്റുന്നത് എന്ന് പറഞ്ഞ് കൊണ്ട് സത്യവിശ്വാസികളെ പരിഹസിക്കാറുണ്ടായിരുന്നു.
ﻧَّﺤْﻦُ ﺃَﻋْﻠَﻢُ ﺑِﻤَﺎ ﻳَﺴْﺘَﻤِﻌُﻮﻥَ ﺑِﻪِۦٓ ﺇِﺫْ ﻳَﺴْﺘَﻤِﻌُﻮﻥَ ﺇِﻟَﻴْﻚَ ﻭَﺇِﺫْ ﻫُﻢْ ﻧَﺠْﻮَﻯٰٓ ﺇِﺫْ ﻳَﻘُﻮﻝُ ٱﻟﻈَّٰﻠِﻤُﻮﻥَ ﺇِﻥ ﺗَﺘَّﺒِﻌُﻮﻥَ ﺇِﻻَّ ﺭَﺟُﻼً ﻣَّﺴْﺤُﻮﺭًا
…..അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് അക്രമികള്‍ പറയുന്ന സന്ദ൪ഭവും (നമുക്ക് നല്ലവണ്ണം അറിയാം).(ഖു൪ആന്‍ :17/47)
…..ﻭَﻗَﺎﻝَ ٱﻟﻈَّٰﻠِﻤُﻮﻥَ ﺇِﻥ ﺗَﺘَّﺒِﻌُﻮﻥَ ﺇِﻻَّ ﺭَﺟُﻼً ﻣَّﺴْﺤُﻮﺭًا
….(റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു : മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു. നിങ്ങള്‍ പിന്‍പറ്റുന്നത് .(ഖു൪ആന്‍ :25/8)
നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസ് നാം സ്വീകരിക്കുകയാണെങ്കിൽ, മുശ്‌രിക്കുകളുടെ ഈ വാദം അഥവാ നബി ﷺ സിഹ്റ് ബാധിച്ചവനാണ് എന്നത് നാം അംഗീകരിക്കുന്നതിന് തുല്യമാവും എന്നാണു പ്രസ്തുത ഹദീസിനെ നിഷേധിക്കുന്ന ആളുകളുടെ മറ്റൊരു വാദം.
വാസ്തവത്തിൽ, ഈ ഹദീസ് ഇമാം ഇബ്നു കസീർ(റ), ഇമാം ശൌകാനി(റ) എന്നിവ൪ അവരുടെ തഫ്സീറുകളിൽ ഉദ്ധരിച്ചിട്ടുണ്ട്. അവരോ മറ്റ് മുഫസ്സിറുകളോ പ്രാമാണികരായ ഉലമാക്കളോ, മുഹദ്ദിസുകളോ ഉന്നയിക്കാത്ത ഒരു ആരോപണമാണിത്. മുകളിൽ പറഞ്ഞ ആയത്തിന്റെ തഫ്സീറിൽ പ്രസ്തുത ആയത്ത് കൊണ്ട് നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസ് ദുർബലമാണെന്ന് അവരാരും മനസ്സിലാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഈ ഹദീസ് അംഗീകരിക്കുകയാണെങ്കില്‍ മുശ്‌രിക്കുകളുടെ വാദം നാം അംഗീകരിക്കുന്നതിന് തുല്യമാവും എന്ന് അവരാരും പറഞ്ഞിട്ടില്ല. ഇതിൽ നിന്ന് തന്നെ ഈ വാദത്തിന് പ്രാമാണികതയുടെ പിൻബലം ഇല്ലായെന്നു മനസ്സിലാക്കാം.
കേവല ബുദ്ധി മാത്രമാണ് ഈ വാദം ഉന്നയിക്കാനുള്ള ഇവരുടെ അവലംബം. നബി ﷺ ക്ക് പ്രവാചകത്വം ലഭിച്ച ശേഷമുള്ള ജീവിതകാലം മുഴുവന്‍ സിഹ്ർ ബാധിച്ചിട്ടുണ്ടെന്നും നബി ﷺ ഓതുന്ന ഖു൪ആനും നബി ﷺ പറയുന്ന വ൪ത്തമാനങ്ങളും സിഹ്റിന്റെ ഫലമാണെന്നുമാണ് മക്കാ മുശ്’രിക്കുകൾ പറഞ്ഞിട്ടുള്ളത്. കള്ളൻ, കവി, മാരണക്കാരൻ, ബുദ്ധി ഭ്രമം സംഭവിച്ചവൻ തുടങ്ങി, നബിയിൽ മക്കാ മുശ്’രിക്കുകൾ ആരോപിച്ച പല ആരോപണങ്ങളിൽ ഒന്ന് മാത്രമാണിത്. അത് കൊണ്ട് അവർ അർത്ഥമാക്കിയത്, ഹദീസിൽ വന്ന രൂപത്തിലുള്ള സിഹ്ർ ബാധ എന്ന അർത്ഥത്തിലല്ല , മറിച്ച് ആഭിചാരബാധയിൽ ബുദ്ധിഭ്രമം സംഭവിച്ചവൻ എന്ന അർഥത്തിലാണ്. അതാകട്ടെ, നബിയുടെ പേരിൽ അവർ നടത്തിയ തികച്ചും അടിസ്ഥാനരഹിതമായ ഒരു ആരോപണമാണുതാനും. മുസ്ലിംകളാരും ഇത് അംഗീകരിക്കുന്നില്ല.
ഈ ആയത്തുകള്‍ നബി ﷺ യുടെ മക്കാ കാലഘട്ടത്തില്‍ അവതരിച്ച ആയത്തുകളാണ്. നബി ﷺ ക്ക് സിഹ്ര്‍ ബാധിച്ചതുമൂലം ഏതാനും ദിവസത്തേക്ക് ചില പ്രയാസം അനുഭവപ്പെട്ടിട്ടുള്ളത് മദീനയില്‍ വെച്ചുമാണ്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്, നബി ﷺ ക്ക് സിഹ്ര്‍ ബാധിച്ചുവെന്ന സംഭവത്തെക്കുറിച്ചല്ല ഈ ആയത്തുകളിലെ പരാമര്‍ശം. അതേപോലെ നബി ﷺ സിഹ്റ് ബാധിച്ചവനാണെന്ന് മക്കയില്‍ വെച്ച് ആരോപണം നടത്തിയവരോ അവരുടെ അനുയായികളോ മദീനയില്‍ വെച്ച് നബി ﷺ സിഹ്റ് ബാധിച്ചപ്പോള്‍ തങ്ങൾ മുഹമ്മദിനെതിരെ ഇതുവരെ ആക്ഷേപിച്ച കാര്യം മുസ്ലിംകൾ ഇപ്പോഴെങ്കിലും ശരിവെച്ചില്ലേ എന്ന പരിഹാസ്യവുമായിട്ട് ഒരിക്കല്‍പോലും വന്നിട്ടില്ലായിരുന്നുവെന്നത് ഈ വിഷയം പഠിക്കുന്നവ൪ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഹദീസില്‍ വന്നിട്ടുള്ളത് അംഗീകരിച്ചാല്‍ മുശ്‌രിക്കുകളുടെ വാദം നാം അംഗീകരിക്കുന്നതിന് തുല്യമാവും എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല.
നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന് നമ്മൾ സമ്മതിച്ചാൽ മുശ്’രിക്കുകളുടെ വാദം അംഗീകരിക്കുന്നതിന് തുല്യമാണെന്നും ആ ഹദീസ് ഖു൪ആനിന് എതിരാണെന്നും പറയുന്നവ൪, പ്രാമാണികരായ മുഫസ്സിറുകളുടെ ഇവ്വിഷയത്തിലുള്ള നിലപാടുകളെ അന്വേഷിക്കാനോ അംഗീകരിക്കാനോ തയ്യാറാകാത്തവരാണെന്നതാണ് വാസ്തവം.
വിശുദ്ധ ഖു൪ആനിന് എതിരാണോ?
നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസ് വിശുദ്ധ ഖു൪ആന്‍ :17/47, 25/8 ആയത്തുകള്‍ക്ക് എതിരാണെന്നാണ് പ്രസ്തുത ഹദീസിനെ നിഷേധിക്കുന്ന ആളുകളുടെ മറ്റൊരു വാദം. ഖുർആനിനെതിരായി സ്വഹീഹായ ഒരു ഹദീസും വരില്ല. കാരണം ഖുർആൻ അല്ലാഹുവിന്റെ വചനമാണ്. ഹദീസ് നബിയുടെ വചനമാണെങ്കിലും അല്ലാഹുവില്‍ നിന്നുള്ള വഹ്’യി ന്റെ അടിസ്ഥാനത്തിലാണ് നബി ﷺ സംസാരിച്ചിട്ടുള്ളത്.
ﻭَﻣَﺎ ﻳَﻨﻄِﻖُ ﻋَﻦِ ٱﻟْﻬَﻮَﻯٰٓﺇِﻥْ ﻫُﻮَ ﺇِﻻَّ ﻭَﺣْﻰٌ ﻳُﻮﺣَﻰٰ
അദ്ദേഹം (മുഹമ്മദ് നബി) തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.അത് (നബി സംസാരിക്കുന്നത്) അദ്ദേഹത്തിന് നല്‍കപ്പെടുന്ന ദിവ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകുന്നു.(ഖു൪ആന്‍ : 53/3-4)
സിഹ്ര്‍ ബാധിച്ച ഒരു മനുഷ്യന്‍ ബുദ്ധിശൂന്യമായി എന്തൊക്കെയോ പറയുന്നത് അന്ധമായി സ്വീകരിച്ചവരാണ് നബി ﷺ യുടെ അനുയായികള്‍ എന്ന് അക്രമികള്‍ ജല്‍പ്പിച്ചുവെന്നതാണ് വിശുദ്ധ ഖു൪ആന്‍ :17/47, 25/8 ആയത്തുകളിലെ വിഷയം. എന്നാല്‍ ഒരു ജൂതന്‍ നബി ﷺ ക്ക് സിഹ്റ് ചെയ്തുവെന്നും അതിന്റെ പ്രയാസം നബി ﷺ ക്ക് അനുഭവപ്പെട്ടുവെന്നും അല്ലാഹു അത് നിഷ്ഫലമാക്കിയെന്നുമാണ് ഹദീസിലുള്ളത്. ഇത് തമ്മില്‍ യാതൊരു പൊരുത്തക്കേടുമില്ല. കാരണം സിഹ്‌റ് ബാധിച്ചിട്ട് ബുദ്ധിശൂന്യമായി പറയുന്നത് ആളുകള്‍ പിന്‍പറ്റി എന്നൊന്നും ഹദീസിലില്ല. ഒരു ദുഷ്ടനായ യഹൂദി സിഹ്‌റ് ചെയ്തുവെന്നും അല്ലാഹു അത് നിഷ്ഫലമാക്കുകയും ചെയ്തുവെന്നുമുള്ളത് ഖു൪ആനിലെ ഈ വചനങ്ങള്‍ക്ക് എതിരാകുന്നില്ല.
മാത്രവുമല്ല, വിശുദ്ധ ഖു൪ആനിലെ 17/47, 25/8 ആയത്തുകള്‍ വിശദീകരിച്ചിട്ടുള്ള പ്രാമാണികരായ ഒരു മുഫസ്സി൪ പോലും നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസുകള്‍ ഈ ആയത്തിന് എതിരാണെന്ന് പറഞ്ഞിട്ടില്ല. ഈ ഹദീസുകള്‍ വിശദീകരിച്ചിട്ടുള്ള പ്രാമാണികരായ ഒരു മുഹദ്ദിസ് പോലും ഇവ വിശുദ്ധ ഖു൪ആനിലെ 17/47, 25/8 ആയത്തുകള്‍ക്കെതിരാണെന്നും പറഞ്ഞിട്ടില്ല.
ഈ വിഷയകമായി, കെ.ഉമ൪ മൌലവി(റഹി) സൂറ:ഫു൪ഖാന്‍ എട്ടാം ആയത്തിന് നല്‍കിയ വ്യാഖ്യാനകുറിപ്പ് സാന്ദ൪ഭികമായി ഇവിടെ ഉദ്ധരിക്കട്ടെ: ‘ആരോ മാരണം ചെയ്തിട്ട് ചിത്തഭ്രമം സംഭവിച്ച ഒരാളാണിവന്‍, അതുകൊണ്ടാണ് അവന്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞ് നടക്കുന്നത്, അതല്ലാതെ യാതൊരു കുഴപ്പവുമുണ്ടാകാന്‍ കാരണമില്ല എന്ന് അവ൪ നബി ﷺ യെ കുറിച്ച് പറഞ്ഞു. അവരുടെ ആ പറച്ചില്‍ വലിയ അക്രമമാണ്. ഇവിടെ ഒരു കാര്യം ഉണ൪ത്താനുണ്ട്. സ്വഹീഹുല്‍ ബുഖാരിയില്‍ കള്ള ഹദീസുണ്ടെന്ന് ആരോപിക്കുന്ന ഒരു കൂട്ട൪ ഇപ്രകാരം പറയുന്നു: നബി ﷺ ക്ക് ഒരു യഹൂദി സിഹ്റ് ചെയ്തുവെന്ന് ബുഖാരിയില്‍ ഹദീസുണ്ട് , അത് ഈ ആയത്തിന് എതിരാണ്.’ സിഹ്റ് ബാധിച്ച ആളെ വിശ്വാസികള്‍ പിന്‍പറ്റി എന്ന് കാഫിറുകള്‍ പറഞ്ഞു എന്നതാണ് ഇവിടത്തെ വിഷയം. അതുകൊണ്ട് ഇവിടെ ഒരു കുഴപ്പവുമില്ല. സിഹ്റ് ബാധിച്ച ഒരാളെ പിന്‍പറ്റി എന്നാണ് താന്തോന്നികള്‍ പറഞ്ഞത്. ഇനി ഹദീസിലുള്ളതെന്താണെന്ന് ശരിക്ക് പരിശോധിച്ചാല്‍, ഒരാള്‍ നബി ﷺ ക്ക് സിഹ്റ് ചെയ്തുവെന്നും, വൈകാതെ തന്നെ അല്ലാഹു അതില്‍ നിന്ന് നബി ﷺ യെ രക്ഷിച്ചുവെന്നുമാണ് ഉള്ളത്. അത് നിഷേധിക്കേണ്ട കാര്യമെന്ത്? അതുകൊണ്ട് സ്വഹീഹുല്‍ ബുഖാരിയില്‍ കള്ള ഹദീസ് കുടുങ്ങിപ്പോയിട്ടുണ്ടെന്ന് വാദിക്കുന്നവ൪ വല്ലാതെ പുളകം കൊള്ളേണ്ടതില്ല.’ (ത൪ജ്ജുമാനുല്‍ ഖു൪ആന്‍:2/1265)
السؤال: كيف يسحر الرسول ﷺ والله يقول له: وَاللَّهُ يَعْصِمُكَ مِنَ النَّاسِ [المائدة:67]؟ وكيف يسحر وهو يتلقى الوحي عن ربه ويبلغ ذلك للمسلمين، فكيف يبلغ وهو مسحور وقول الكفار والمشركين: إِنْ تَتَّبِعُونَ إِلا رَجُلًا مَسْحُورًا [الإسراء:47]؟ نرجو إيضاحها، وبيان هذه الشبهات.
الجواب: هذا ثبت في الحديث الصحيح أنه وقع في المدينة، وعندما استقر الوحي واستقرت الرسالة، وقامت دلائل النبوة وصدق الرسالة، ونصر الله نبيه على المشركين وأذلهم، تعرض له شخص من اليهود يدعى: لبيد بن الأعصم، فعمل له سحرًا في مشط ومشاطة وجف طلعة ذكر النخل، فصار يخيل إليه أنه فعل بعض الشيء مع أهله ولم يفعله، لكن لم يزل بحمد الله تعالى عقله وشعوره وتمييزه معه فيما يحدِّث به الناس، ويكلم الناس بالحق الذي أوحاه الله إليه، لكنه أحس بشيء أثر عليه بعض الأثر مع نسائه، كما قالت عائشة رضي الله عنها: إنه كان يخيل إليه أنه فعل بعض الشيء في البيت مع أهله -وهو لم يفعله-، فجاءه الوحي من ربه بواسطة جبرائيل عليه السلام فأخبره بما وقع، فبعث من استخرج ذلك الشيء من بئر لأحد الأنصار فأتلفه وزال عنه بحمد الله تعالى ذلك الأثر، وأنزل عليه سبحانه سورتي المعوذتين فقرأهما وزال عنه كل بلاء وقال عليه الصلاة والسلام: ما تعوذ المتعوذون بمثلهما.
ولم يترتب على ذلك شيء مما يضر الناس أو يخل بالرسالة أو بالوحي، والله جل وعلا عصمه من الناس مما يمنع وصول الرسالة وتبليغها، أما ما يصيب الرسل من أنواع البلاء فإنه لم يعصم منه عليه الصلاة والسلام، بل أصابه شيء من ذلك، فقد جرح يوم أحد، وكسرت البيضة على رأسه، ودخلت في وجنتيه بعض حلقات المغفر، وسقط في بعض الحفر التي كانت هناك، وقد ضيقوا عليه في مكة تضييقًا شديدًا، فقد أصابه شيء مما أصاب من قبله من الرسل، ومما كتبه الله عليه، ورفع الله به درجاته، وأعلى به مقامه، وضاعف به حسناته، ولكن الله عصمه منهم فلم يستطيعوا قتله ولا منعه من تبليغ الرسالة، ولم يحولوا بينه وبين ما يجب عليه من البلاغ فقد بلغ الرسالة وأدى الأمانة – مجموع فتاوى ومقالات الشيخ ابن باز (8/ 149).
ചോദ്യം : റസൂല്‍ ﷺ ക്ക് സിഹ്രു ബാധിച്ചു എന്നത് ശരിയാണോ?അല്ലാഹു വിശുദ്ധ ഖുര്‍ ആനില്‍ പറയുന്നു ” ജനങ്ങളില്‍ നിന്ന് നിന്നെ അല്ലാഹു സരക്ഷിക്കുനതാണ് ” (5 :67 ).അപ്പോള്‍ എങ്ങിനെയാണ് നബി ﷺ ക്ക് സിഹ്രു ബാധിക്കുക?മാത്രവുമല്ല നബി ﷺ ക്ക് അല്ലാഹിവില്‍ നിന്ന് വഹയു ലഭിക്കുകയും അത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുമെന്നിരിക്കെ!സിഹ്രു ബാധിതനായിരിക്കെ എങ്ങിനെയാണ് ഇത് സാധിക്കുക.നിങ്ങള്‍ പിന്‍ പറ്റുന്നത് സിഹ്രു ബാധിച്ച ആളെയാണ് എന്ന് കാഫിരുകളും മുശ്രിക്കുകളും വാദിചിരുന്നതായി വിശുദ്ധ ഖുര്‍ ആന്‍ പറയുന്നുമുണ്ടല്ലോ?
ഉത്തരം : നബി ﷺ ക്ക് മദീനയി വെച്ചാണ് സിഹ്രു ബാധിച്ചതെന്ന് സ്വഹീഹു ആയ ഹദീസില്‍ നിന്ന് വ്യക്തമാണ് .മാത്രവുമല്ല അത് , രസൂലിനുള്ള വഹയു ഏകദേശം പൂര്‍ണ്ണവും , വ്യക്തവുമായിരുന്നതിന്നു ശേഷമാണ് .രസൂലിന്റെ പ്രവാചകത്വവും സത്യസന്ധതയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും , അല്ലാഹു മുശ്രിക്കുകല്ക്കെതിരില്‍ സംരക്ഷിക്കുകയും ചെയ്തതീനു ശേഷമാണ് .അതിന്നു ശേഷം ലബീബിനു അല്‍ അആസാം എന്നാ ജൂതന്‍ മുടിയും ചീര്‍പ്പും ഈത്തപനയുടെ നാരും ഉപയോഗിച്ച് മാരണം ചെയ്യുകയായിരുന്നു.അതിന്നു ശേഷം നബി ﷺ ക്ക് ഭാര്യമാരുടെ കൂടെ ഉള്ളപ്പോള്‍ ചെയ്യാത്ത പല കാര്യങ്ങളും ചെയ്തതായി തോന്നി .നബി ﷺ ക്ക് ചില തോനലുകള്‍ ഉണ്ടാകുക മാത്രമാണ് ചെയ്തത്.അപ്പോഴും അദ്ദേഹം ജനങ്ങളോട് തനിക്കു ലഭിക്കുന്ന വഹിയിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ചിരുന്നു..തനിക്കു ബാധിച്ച മാരണം തന്റെ ദൌത്യ നിര്‍വഹണത്തെ ബാധിച്ചിരുന്നില്ല എന്ന് സാരം .പക്ഷെ ഭാര്യമാരുടെ കൂടെ ഉള്ളപ്പോള്‍ ചില തോന്നലുകള്‍ ഉണ്ടായി എന്ന് മാത്രം , ആയിഷ (റ) പറഞ്ഞു : നബി ﷺ ക്ക് ചില തോന്നലുകള്‍ ഉണ്ടായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റബ്ബില്‍ നിന്നുള്ള സന്ദേശവുമായി ജിബ്രീല്‍ (അ) വന്നു .അപ്പോള്‍ ആ വഹിയിന്റെ അടിസ്ഥാനത്തില് നബി ﷺചില ആളുകളെ വിട്ടു ഒരു അന്‍സാരിയുടെ കിണറ്റില്‍ ഇട്ട മാരണം ചെയ്ത വസ്തുക്കളെ എടുപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തു .ശേഷം അല്ലാഹു രണ്ടു സൂറത്ത് അവതരിപ്പിക്കുകയും നബി ﷺ അത് പാരായണം ചെയ്യുകയും ചെയ്തു.തുടര്‍ന്ന് ആ പ്രയാസം നബി ﷺ യില്‍ നിന്ന് നീങ്ങിപോവുകയും ചെയ്തു . നബി ﷺ പറഞ്ഞു : “ആരെങ്കിലും (പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന്) രക്ഷ ആഗ്രഹിക്കുന്നെവെങ്കില്‍ ഇതേപോലെ (മുവഇദതൈനി )മറ്റൊന്നില്ല തന്നെ “.
വഹയു സ്വീകരിക്കുനതിലും അത് ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിലും അല്ലാഹു നബി ﷺ യെ ജനങ്ങളില്‍ നിന്ന് രക്ഷിക്കുകയാണ് ഉണ്ടായത് .അതിനര്‍ത്ഥം ജനങ്ങളില്‍ നിന്ന് നബി ﷺ ക്ക് യാതൊരു ഉപദ്രവും ഉണ്ടായില്ല എന്നല്ല.ഉഹുദു യുദ്ധത്തില്‍ നബി ﷺ ക്ക് പരിക്ക് പറ്റിയിട്ടുണ്ട് .മക്കയില്‍ വെച്ച് കൊടിയ പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട് .മുന്‍പ് കഴിഞ്ഞുപോയ പ്രവാചകന്മാര്‍ക്കു അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ നബി ﷺ ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് .പക്ഷെ അല്ലാഹുവിന്റെ സംരക്ഷണം നബി ﷺ ക്ക് ഉണ്ടായിട്ടുണ്ട് .അതുകൊണ്ട് തന്നെയാണ് ശത്രുക്കള്‍ക്ക് റസൂലിനെ വധിക്കാന്‍ കഴിയാതിരുന്നതും , രസൂലിനു തന്റെ ദൌത്യം കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചതും , തനിക്കു ലഭിക്കുന്ന വഹയു അടിസ്ഥാനത്തിലുള്ള അറിവ് ജനങ്ങള്‍ക്ക് എത്തിക്കാന്‍ സാധിച്ചതും . (മജ്മാ ഉ ഫതവാ -ശൈഖു ഇബ്നു ബാസ് 8 /149 )
നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസ് വിശുദ്ധ ഖു൪ആന്‍ :7/195 ആയത്തിന് എതിരാണെന്നാണ് പ്രസ്തുത ഹദീസിനെ നിഷേധിക്കുന്ന ആളുകളുടെ മറ്റൊരു വാദം.
ۗ ﻗُﻞِ ٱﺩْﻋُﻮا۟ ﺷُﺮَﻛَﺎٓءَﻛُﻢْ ﺛُﻢَّ ﻛِﻴﺪُﻭﻥِ ﻓَﻼَ ﺗُﻨﻈِﺮُﻭﻥِ…..
(നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങള്‍ ഇടതരേണ്ടതില്ല.(ഖു൪ആന്‍ :7/195)
ഇതില്‍ പറയുന്ന شُرَكَاءَكُمْ (പങ്കാളികളില്‍) എന്നതില്‍ ജിന്നുകളും ബിംബങ്ങളുമെല്ലാം ഉള്‍പ്പെടും. അപ്പോള്‍ ജിന്നുകള്‍ക്ക് നബി ﷺ യെ യാതൊരു ഉപദ്രവും ഏല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് അല്ലാഹു പറയുമ്പോള്‍ സിഹ്റിന്റെ കാരണക്കാരനായ പിശാച് (ജിന്നില്‍ പെട്ടവന്‍) പിന്നെങ്ങനെയാണ് നബി ﷺ ക്ക് ഉപദ്രവം (സിഹ്ര്‍) ഏല്‍പ്പിക്കുന്നതെന്നാണ് ഇക്കൂട്ട൪ ചോദിക്കുന്നത്.
സിഹ്‌റിന്റെ പിന്നിൽ ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും പിശാചിന്റെ സഹായമാണ് ഉള്ളത്. സാഹിറന്‍മാ൪ പിശാചുമായിട്ടാണ് ബന്ധപ്പെടുന്നത്. അവരുടെ ബന്ധത്തെ കുറിച്ച നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.
عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا سَمِعَتْ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ الْمَلاَئِكَةَ تَنْزِلُ فِي الْعَنَانِ ـ وَهْوَ السَّحَابُ ـ فَتَذْكُرُ الأَمْرَ قُضِيَ فِي السَّمَاءِ، فَتَسْتَرِقُ الشَّيَاطِينُ السَّمْعَ، فَتَسْمَعُهُ فَتُوحِيهِ إِلَى الْكُهَّانِ، فَيَكْذِبُونَ مَعَهَا مِائَةَ كَذْبَةٍ مِنْ عِنْدِ أَنْفُسِهِمْ
ആയിശ(റ) നിവേദനം: നബി ﷺ പറഞ്ഞു: മലക്കുകള്‍ മേഘത്തിലായിക്കൊണ്ട് ഇറങ്ങും. അന്നേരം വാനലോകത്തുവെച്ച് തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ പിശാചുക്കള്‍ അതു കട്ട് കേള്‍ക്കും. പ്രശ്നം വെക്കുന്നവര്‍ക്ക് ആ വാര്‍ത്ത രഹസ്യമായി ആ പിശാചുക്കള്‍ അറിയിച്ചുകൊടുക്കും. പ്രശ്നക്കാര്‍ (ജ്യോത്സ്യന്മാര്‍) ആ വാര്‍ത്തയോടൊപ്പം നൂറു കളളം സ്വന്തം കയ്യില്‍ നിന്ന് കൂട്ടിച്ചേര്‍ക്കും. (ബുഖാരി:3210)
പിശാചിലേക്ക് ചേർത്തുകൊണ്ടാണ് സിഹ്റിനെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് എന്നതും ( 2: 102) നബി ﷺ ക്ക് സിഹ്റ് ബാധിച്ച ഹദീസ് ഇമാം ബുഖാരി പിശാചുക്കളെ കുറിച്ചു പറയുന്ന അധ്യായത്തിലാണ് കൊണ്ടുവന്നിട്ടുള്ളത് എന്നതും (ഫത്ഹുൽ ബാരി ) ഈ വിഷയത്തിൽ അഹ്ലു സുന്ന തെളിവായി ഉദ്ധരിക്കുന്ന കാര്യങ്ങളാണ്.
ﻭَﻟَٰﻜِﻦَّ ٱﻟﺸَّﻴَٰﻄِﻴﻦَ ﻛَﻔَﺮُﻭا۟ ﻳُﻌَﻠِّﻤُﻮﻥَ ٱﻟﻨَّﺎﺱَ ٱﻟﺴِّﺤْﺮَ
എന്നാല്‍ ജനങ്ങള്‍ക്ക് സിഹ്റ് പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്.(ഖു൪ആന്‍ : 2/102)
സിഹ്‌റില്‍ സാഹിറിനെ ശൈത്വാന്‍ സഹായിക്കുന്നത് കാര്യകാരണ ബന്ധത്തിന് അതീതമായ രീതിയിലല്ലെന്നും കാര്യകാരണ ബന്ധത്തിന് അകത്തുള്ള രീതിയിലാണെന്നും ഇതില്‍ നിന്നും വ്യക്തമാണ്.
വിശുദ്ധ ഖു൪ആന്‍ :7/195 ആയത്തില്‍, നിങ്ങളും നിങ്ങളുടെ ദൈവങ്ങളും കൂടി ഒത്തൊരുമിച്ചുകൊണ്ട് എനിക്കെതിരായി എന്ത് തന്ത്രങ്ങള്‍ തന്നെ പ്രയോഗിച്ചാലും ഞാനതിന് ഒരു വിലയും നിലയും കല്പിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാനാണ് അല്ലാഹു നബി ﷺ യോട് ആവശ്യപ്പെടുന്നത്. കാരണം അവ൪ക്കാ൪ക്കം ഒരു ഉപദ്രവവും വരുത്താന്‍ സാധിക്കുകയില്ല. കാര്യകാരണ ബന്ധങ്ങള്‍ക്ക് അപ്പുറത്തുള്ള കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അത് അല്ലാഹുവിനു മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഇവിടെ പറഞ്ഞ ഉപദ്രവം ജിന്നുകള്‍ക്കും മലക്കുകള്‍ക്കും മനുഷ്യര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് സാരം.
അവ൪ക്കാ൪ക്കം ഒരു ഉപദ്രവവും വരുത്താന്‍ സാധിക്കുകയില്ലെന്ന് നബി ﷺ പറയുമ്പോള്‍ തന്നെ പല യുദ്ധങ്ങളിലും നബി ﷺ ക്ക് പരിക്കുകള്‍ പറ്റുകയും ശത്രുക്കളുടെ പീഢനങ്ങള്‍ ഏല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. കാരണം അതെല്ലാം കാര്യകാരണ ബന്ധങ്ങള്‍ക്ക് അകത്തുള്ളതാണ്. അപ്പോള്‍ ഈ ആയത്തില്‍ പറയുന്ന സംരക്ഷണം ഇത്തരം കാര്യങ്ങള്‍ക്കല്ല.
സിഹ്‌റിന്റെ കാര്യകാരണ ബന്ധം എന്താണ് ?
സിഹ്‌റിന്റെ കാര്യകാരണ ബന്ധം എന്താണ് എന്നതാണ് ഈ ഹദീസിനെ നിഷേധിക്കുന്നവ൪ പ്രധാനമായും ഉന്നയിക്കുന്ന ഒരു ചോദ്യം. സിഹ്റിന് അല്ലാഹു നിശ്ചയിച്ച കാര്യകാരണബന്ധം ഉണ്ടെന്നാണ് അവരോട് പറയാനുള്ളത്. ആ കാര്യകാരണ ബന്ധം രഹസ്യവും നിഗൂഢവുമായിരിക്കും. അതു പഠിക്കല്‍ നിഷിദ്ധമാണ്.
മുഹമ്മദ് അമാനി മൗലവി(റഹി) പറയുന്നു:ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായാതന്ത്രം, വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം എന്നീ അര്‍ത്ഥങ്ങളിലെല്ലാം മൊത്തത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ര്‍. കാര്യകാരണബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമായ എല്ലാ ഉപായകൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്നു പറയാം. സിഹ്‌റിന്റെ പല വകുപ്പുകളും ഉദാഹരണങ്ങളും പല മഹാന്‍മാരും വിവരിച്ചു കാണാം. ചുരുക്കത്തില്‍ മന്ത്രതന്ത്രങ്ങള്‍, ജപഹോമാദികള്‍, ഉറുക്കുനറുക്കുകള്‍, അക്കക്കളങ്ങള്‍, രക്ഷാതകിടുകള്‍, കയ്യൊതുക്കം, മെസ്മരിസം, ഹിപ്‌നോട്ടിസം, മയക്കുവിദ്യകള്‍ ആദിയായവയെല്ലാം സിഹ്‌റിന്റെ ഇനങ്ങളത്രെ. ‘ഇസ്മിന്റെ പണി’, ‘ത്വല്‍സമാത്ത്’ മുതലായ പേരുകളിലറിയപ്പെടുന്ന വിദ്യകളും അങ്ങനെതന്നെ. മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവന്‍, ദേവി, പിശാച്, മരണമടഞ്ഞവര്‍, നക്ഷത്രഗ്രഹങ്ങള്‍ ആദിയായ ഏതില്‍ നിന്നെങ്കിലുമുള്ള സഹായാര്‍ത്ഥനകളും ചില പ്രത്യേക തരത്തിലുള്ള കര്‍മ മുറകളും അടങ്ങിയിരിക്കും. ചിലപ്പോള്‍, ചില മരുന്നുകളും മന്ത്ര തന്ത്രങ്ങളും കൂട്ടിയിണക്കി കൊണ്ടുമായിരിക്കും. ഗൂഢവും അദൃശ്യവുമായ മാര്‍ഗത്തിലൂടെ ആപത്തുകളില്‍ നിന്ന് രക്ഷനേടുക, ശത്രുക്കള്‍ക്കും മറ്റും ആപത്ത് വരുത്തുക, മറഞ്ഞ കാര്യങ്ങള്‍ അറിയുക, വന്‍കാര്യങ്ങള്‍ സാധിക്കുക, ആളുകളെ തമ്മില്‍ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപ്പെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുക, അല്‍ഭുത കൃത്യങ്ങള്‍ കാണിക്കുക മുതലായവയാണ് സിഹ്‌റിന്റെ ലക്ഷ്യങ്ങള്‍. മിക്കവാറും ഇനങ്ങള്‍ യാഥാര്‍ത്ഥ്യമില്ലാത്തതും, തനി പകിട്ടും മായയുമായിരിക്കും. ചിലതാകട്ടെ, മാനസികമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും, അതുവഴി ചില അനുഭവങ്ങള്‍ പ്രകടമാകുന്നതുമായിരിക്കും. (അമാനി തഫ്സീ൪ : 2/102 ന്റെ വിശദീകരണം)
ഏതെങ്കിലും ഒരു സാഹി൪ എവിടെയോ ഇരുന്നുകൊണ്ട് സിഹ്റിന്റെ പണി ചെയ്യുമ്പോള്‍ അതെങ്ങനെയാണ് മറ്റൊരാള്‍ക്ക് ബാധിക്കുന്നതെന്നും ഇക്കൂട്ട൪ ചോദിക്കുന്നു. അതുതന്നെയാണ് സിഹ്റിന്റെ രഹസ്യം. അതിനെ കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അല്ലാഹു നിഷിദ്ധമാക്കി. അപ്രകാരം ചെയ്താല്‍ കാഫിറായി പോകും.
…..ﻭَﻣَﺎ ﻛَﻔَﺮَ ﺳُﻠَﻴْﻤَٰﻦُ ﻭَﻟَٰﻜِﻦَّ ٱﻟﺸَّﻴَٰﻄِﻴﻦَ ﻛَﻔَﺮُﻭا۟ ﻳُﻌَﻠِّﻤُﻮﻥَ ٱﻟﻨَّﺎﺱَ ٱﻟﺴِّﺤْﺮَ..
…സുലൈമാന്‍ നബി കാഫി൪ ആയിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് സിഹ്റ് പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് കാഫി൪ ആയത്…… (ഖു൪ആന്‍ : 2/102)
ﻭَﻣَﺎ ﻳُﻌَﻠِّﻤَﺎﻥِ ﻣِﻦْ ﺃَﺣَﺪٍ ﺣَﺘَّﻰٰ ﻳَﻘُﻮﻻَٓ ﺇِﻧَّﻤَﺎ ﻧَﺤْﻦُ ﻓِﺘْﻨَﺔٌ ﻓَﻼَ ﺗَﻜْﻔُﺮْ ۖ ﻓَﻴَﺘَﻌَﻠَّﻤُﻮﻥَ ﻣِﻨْﻬُﻤَﺎ ﻣَﺎ ﻳُﻔَﺮِّﻗُﻮﻥَ ﺑِﻪِۦ ﺑَﻴْﻦَ ٱﻟْﻤَﺮْءِ ﻭَﺯَﻭْﺟِﻪِۦ ۚ ﻭَﻣَﺎ ﻫُﻢ ﺑِﻀَﺎٓﺭِّﻳﻦَ ﺑِﻪِۦ ﻣِﻦْ ﺃَﺣَﺪٍ ﺇِﻻَّ ﺑِﺈِﺫْﻥِ ٱﻟﻠَّﻪِ ۚ ﻭَﻳَﺘَﻌَﻠَّﻤُﻮﻥَ ﻣَﺎ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ
….. എന്നാല്‍ അവ൪ (ഹാറൂത്തും മാറൂത്തും) ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു. അതിനാല്‍ (ഇത് ഉപയോഗിച്ച്) കുഫ്റില്‍ ഏര്‍പ്പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്….(ഖു൪ആന്‍ : 2/102)
സിഹ്റ് പഠിക്കാനും പഠിപ്പിക്കാനും കഴിയുന്നതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. പക്ഷെ അതെല്ലാം കുഫ്റായതിനാല്‍ അതിലേക്കുള്ള എല്ലാ മാ൪ഗ്ഗങ്ങളും അല്ലാഹു നിഷിദ്ധമാക്കി. അതുകൊണ്ട് തന്നെ സിഹ്റിനെ കുറിച്ച് പഠിക്കാതെ അതില്‍ അല്ലാഹു നിശ്ചയിച്ച കാര്യകാരണബന്ധം ഉണ്ടെന്ന് മാത്രം മനസ്സിലാക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.
ഏതെങ്കിലും ഒരു സാഹി൪ എവിടെയോ ഇരുന്നുകൊണ്ട് സിഹ്റിന്റെ പണി ചെയ്യുമ്പോള്‍ അതെങ്ങനെയാണ് മറ്റൊരാള്‍ക്ക് ബാധിക്കുന്നതെന്ന് ചോദിക്കുന്നവരോട്, അത് ചെയ്താല്‍ ഇന്ന ഫലമുണ്ടാകുമെന്ന് അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് അത് ചിലപ്പോള്‍ അതായത് അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രം മറ്റൊരാള്‍ക്ക് ബാധിക്കുന്നതെന്നുമാണ് ഇക്കൂട്ടരോട് പറയാനുള്ളത്.
മുഹമ്മദ് അമാനി മൗലവി(റഹി) പറയുന്നു:ആ രണ്ട് പേരില്‍ നിന്നും മനുഷ്യ൪ പഠിച്ചിരുന്ന അറിവിന്റെ സ്വഭാവം എന്തായിരുന്നുവെന്നും അല്ലാഹു വ്യക്തമാക്കുന്നു. فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ (അതെ, മനുഷ്യനും അവന്റെ ഇണക്കുമിടയില്‍- ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ – ഭിന്നിപ്പും ഛിദ്രവുമുണ്ടാക്കുന്ന ചില കാര്യങ്ങള്‍) ഇത് സിഹ്‌റിന്റെ ഇനത്തില്‍ പെട്ടതും വിരോധിക്കപ്പെട്ടതുമാണെന്ന് പറയേണ്ടതില്ല. എന്നിരിക്കെ, അതുമൂലം ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ പിണക്കവും ഭിന്നിപ്പുമുണ്ടാക്കുവാന്‍ അവര്‍ക്കെങ്ങിനെ കഴിയും? അതെ, وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ (അല്ലാഹുവിന്റെ ഉത്തരവുകൂടാതെ ഒരാള്‍ക്കും അവര്‍ ഉപദ്രവം വരുത്തുന്നവരല്ല). ഇന്ന കാര്യം പ്രവര്‍ത്തിച്ചാല്‍ ഇന്ന ഫലമുണ്ടാകുമെന്ന് അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുണ്ട്. ഫലങ്ങളാകട്ടെ, നല്ലതും ചീത്തയുമാവാം. ഉപകാരവും ഉപദ്രവുമാകാം. അതുകൊണ്ടാണ് ചീത്തയും ഉപദ്രവകരവുമായ കാര്യങ്ങള്‍ചെയ്യരുതെന്ന് അവന്‍ വിരോധിക്കുന്നതും. ഉദാഹരണമായി: വാളെടുത്തു മനുഷ്യന്റെ കഴുത്തിന് വെട്ടിയാല്‍ മരണത്തിന് ഇടയാകാമെന്നുള്ളത് അല്ലാഹുവിന്റെ നിശ്ചയങ്ങളില്‍ഒന്നാണ്. അതുകൊണ്ടാണ് വിരോധിക്കപ്പെട്ടിരിക്കുന്നതും. അതേ സമയത്ത് അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ ഒരു കാര്യവും സംഭവിക്കുന്നതുമല്ല. ഓരോന്നിനും കാരണങ്ങള്‍ നിശ്ചയിച്ചതും, ആ കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതത് കാര്യങ്ങള്‍ സംഭവിക്കുന്നതും അവന്റെ ഉദ്ദേശ്യവും ഉത്തരവും അനുസരിച്ചു തന്നെ.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ സിഹ്‌റിന്റെയോ, സിഹ്ര്‍ ചെയ്യുന്നവന്റെയോ സ്വന്തം കഴിവ് കൊണ്ടല്ല, സിഹ്‌റിനെ ഒരു ഉപദ്രവകാരണമാക്കി അല്ലാഹു നിശ്ചയിച്ചതുകൊണ്ടാണ് ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ അതുമൂലം ഭിന്നിപ്പുണ്ടാകുന്നത് എന്ന് സാരം. (അമാനി തഫ്സീ൪ : 2/102 ന്റെ വിശദീകരണം)
ചുരുക്കത്തില്‍, ഒരു സാഹി൪ സിഹ്റ് ചെയ്യുമ്പോള്‍ അത് അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് ഒരാളില്‍ ബാധിക്കുന്നത്. നമുക്ക് സിഹ്റില്‍ നിന്നും അതുമായി ബന്ധപ്പെട്ട ഉപദ്രവങ്ങളില്‍ നിന്നുമുള്ള രക്ഷക്ക് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചുതന്നിട്ടുള്ള കാര്യങ്ങള്‍ നാം പ്രാവ൪ത്തികമാക്കിയാല്‍ അത് നമ്മെ ബാധിക്കുകയില്ലെന്നും സാന്ദ൪ഭികമായ മനസ്സിലാക്കേണ്ടതാണ്. ഒരു ജൂതന്‍ നബി ﷺ ക്ക് സിഹ്റ് ചെയ്തപ്പോള്‍ അല്ലാഹു പരീക്ഷണമായി കൊണ്ടാണ് അത് നബി ﷺ യെ ബാധിപ്പിച്ചത്. അതിന്റെ ഉദ്ദേശ്യം അല്ലാഹുവിന് മാത്രമാണ് കൂടുതലായി അറിയുന്നത്. ഏതായാലും ഈ സംഭവം മുഖേനെയാണല്ലോ ഇത് സംബന്ധിച്ച അറിവും അതില്‍ നിന്നുള്ള രക്ഷക്കായുള്ള കാര്യങ്ങളും നാം അറിഞ്ഞിട്ടുള്ളത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് മുഹമ്മദ് അമാനി മൌലവി(റഹി) തന്റെ ഖു൪ആന്‍ വിശദീകരണ ഗ്രന്ഥത്തില്‍ സയ്യിദ് ഖുതുബിന്റെ(റഹി) തഫ്സീറില്‍ നിന്നുള്ള ഉദ്ദരണി എടുത്തു കൊടുത്തിട്ടുള്ളത് സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.
‘കെട്ടുകളില്‍ ഊതുന്നവര്‍’എന്ന് വെച്ചാല്‍ , ബാഹ്യേന്ദ്രിയങ്ങളെയും, ആന്തരേന്ദ്രിയങ്ങളെയും കബളിപ്പിക്കുക വഴി ഉപദ്രവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഹ്റുകാരാകുന്നു . വല്ല നൂലിലോ ഉറുമാലിലോ കെട്ടിട്ടുകൊണ്ട് അവര്‍ അതില്‍ ഊതുന്നതാണ്. വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുന്നതോ, പുതിയ ഏതെങ്കിലും യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നതോ അല്ല സിഹ്ര്‍. പക്ഷേ, മനുഷ്യന്റെ ഇന്ദ്രിയ ശക്തികളെ സിഹ്റിന്റെ കര്‍ത്താവ് ഉദ്ദേശിക്കുന്ന പ്രകാരത്തില്‍ അത് കബളിപ്പിച്ചേക്കും . ഇതാണ് മൂസാ നബിയുടെ (അ) കഥയില്‍ ഖുര്‍ആന്‍ വിവരിച്ച സിഹ്ര്‍. സിഹ്റുക്കാരുടെ കയറുകളും വടികളും അവരുടെ സിഹ്ര്‍ നിമിത്തം ഓടുന്നതായി അദ്ദേഹത്തിന് തോന്നിക്കപ്പെട്ടിരുന്നുവെന്നും, അതിനാല്‍ അദ്ദേഹത്തിന് മനസ്സില്‍ ഭയം തോന്നിയിരുന്നുവെന്നും, ‘ഭയപ്പെടേണ്ടതില്ല – താന്‍ തന്നെയാണ് ഉന്നതന്‍’ എന്ന് അല്ലാഹു പറഞ്ഞുവെന്നും സൂറത്തു ത്വാഹായില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍, അവരുടെ കയറും വടിയുമൊന്നും സര്‍പ്പമായി മാറിയിട്ടില്ല, മൂസാ നബിക്കും(അ) ജനങ്ങള്‍ക്കും അങ്ങനെ തോന്നുകയാണുണ്ടായത് എന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ മനസ്സിന് അല്ലാഹു സ്ഥൈര്യം നല്‍കിയതോടുകൂടി ഭയം നീങ്ങി . പിന്നീട് യഥാര്‍ത്ഥം തുറന്നുകാണുകയും ചെയ്തു. ഇതാണ് സിഹ്റിന്റെ സ്വഭാവ പ്രകൃതി. ഇതു നാം സമ്മതിച്ചു സീകരിക്കേണ്ടതാണ്. ഇതനുസരിച്ച് സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റമുണ്ടാക്കുകയും, സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളില്‍ അവന്‍ ഉളവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ശരണം തേടേണ്ടുന്ന കെടുതല്‍ തന്നെയാണിത്. സിഹ്റിനെ സംബന്ധിച്ചിടത്തോളം നമുക്ക് ഈ അതിര്‍ത്തിയില്‍ നിലയുറപ്പിക്കുക.( في ظلال القرأن)
സയ്യിദ് ഖുതുബിന്റെ(റഹി) തഫ്സീറില്‍ നിന്നുള്ള ഉദ്ദരണി എടുത്തു നല്‍കിയ ശേഷം മുഹമ്മദ് അമാനി മൌലവി(റഹി) തുട൪ന്ന് എഴുതുന്നു:
വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ, പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കുകയോ സിഹ്ര്‍ കൊണ്ടു സാദ്ധ്യമല്ല. എങ്കിലും മനുഷ്യന്റെ മനസ്സിലും, കാഴ്ച്ച, കേള്‍വി മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവം ചെയ്യുവാന്‍ സിഹ്ര്‍ കാരണമാണെന്നത്രെ ഈ ഉദ്ധരണിയുടെ ചുരുക്കം . ജനങ്ങള്‍ക്കിടയില്‍ പിണക്കും വഴക്കും ഉണ്ടാക്കുക , ചില മനുഷ്യ പിശാചുക്കളില്‍ ദിവ്യത്വവും അസാധാരണമായ കഴിവും ഉള്ളതായി തെറ്റിദ്ധരിപ്പിക്കുക മുതലായ പല നാശങ്ങളും അത് കൊണ്ടുണ്ടായിത്തീരുന്നു. ഇന്ദ്രജാലം, ആഭിജാരം, മായവിദ്യ, ജാലം, കണ്‍കെട്ട്, ചെപ്പിടിവിദ്യ എന്നൊക്കെ പറയുന്നത് സിഹ്റിന്റെ ഇനങ്ങളില്‍ പെട്ടതത്രെ. മനുഷ്യനെ മൃഗമാക്കുക, കല്ലു സ്വര്‍ണമാക്കി മാറ്റുക പോലെയുള്ള കഴിവുകള്‍ സിഹ്റിനുണ്ടെന്ന ധാരണ തികച്ചും മൌഢ്യവും അടിസ്ഥാനമില്ലാത്തതുമാകുന്നു .പക്ഷേ, അതുകൊണ്ട് സിഹ്റിന്റെ എല്ലാ ഇനങ്ങളെയും അവമൂലം എന്തെങ്കിലും ദോഷം സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല. നേരെമറിച്ച് സിഹ്റിന്റെ ഇനത്തില്‍ പെട്ടതായി അറിയപ്പെടുന്നതിലൊന്നും തന്നെ ഒരു യാഥാര്‍ത്ഥ്യവുമില്ലെന്ന ധാരണയും ശരിയല്ല. ഇതാണ് വാസ്തവം.(അമാനി തഫ്സീ൪ : സൂറ: ഫലഖിന്റെ വിശദീകരണം)
നബി ﷺ ക്ക് സിഹ്ര്‍ ബാധിച്ചുവെന്ന് പറയുമ്പോള്‍ അത് വഹ്’യിനെയും രിസാലത്തിനെയും ബാധിക്കുകയില്ലേ?
നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന് പറഞ്ഞാല്‍ അത് അത് വഹ്’യിനെയും രിസാലത്തിനെയും ബാധിക്കുമെന്ന് പറയേണ്ടി വരുമെന്നും ഇക്കൂട്ട൪ വാദിക്കുന്നു. അതോടൊപ്പം നബി ﷺ ആറ് മാസത്തോളം സിഹ്൪ ബാധിച്ച് നടന്നുവെന്ന് ഹദീസിലുണ്ടെന്നുമൊക്കെ ഇക്കൂട്ട൪ ആളുകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. മുഹമ്മദ് നബി ﷺ ക്ക് ഒരു ജൂതന്‍ സിഹ്റ് ചെയ്തുവെന്നും അതിനെ തുട൪ന്ന് നബി ﷺ ക്ക് ഏതാനും ദിവസത്തേക്ക് ചില പ്രയാസങ്ങളുണ്ടായെന്നും പിന്നീട് അല്ലാഹു ശമനം നല്‍കിയെന്നുമാണ് ഹദീസിലുള്ളത്. പ്രസ്തുത സിഹ്റ് വഹ്’യുമായോ മതകാര്യങ്ങളുമായോ ബന്ധപ്പെട്ട് നബി ﷺ യെ ബാധിച്ചിട്ടില്ല. ഏറിയാല്‍, താന്‍ ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്തുവെന്ന് തോന്നുംവിധം മാത്രമാണ് പ്രസ്തുത സിഹ്റ് നബി ﷺ യെ സ്വാധീനിച്ചത്. അഥവാ മാനുഷികമായി ഉണ്ടാകുന്ന ചില തോന്നലുകൾ മാത്രമാണ് നബിക്കുണ്ടായത്. വഹ്’യിനെയും രിസാലത്തിനെയും ബാധിക്കുമെന്നുള്ള ഇക്കൂട്ടരുടെ ആരോപണം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.
സ്വഹീഹ് മുസ്ലിമിന്റെ ശറഹില്‍ ഇമാം മാസിരിയെ (റ) ഉദ്ധരിച്ചുകൊണ്ട് ഇമാം നവവി(റ) ഇതൊരിക്കലും നുബുവ്വത്തിനെ ബാധിക്കുകയില്ലെന്ന് പറയുന്നുണ്ട്.
ഇമാം ഇബ്നുല്‍ ഖയ്യിം (റ) പറയുന്നു: റസൂൽ ﷺ ക്ക് ബാധിച്ച സിഹ്ര്‍ രോഗത്തില്‍ പെട്ടൊരു രോഗമായിരുന്നു. എന്നിട്ട് അല്ലാഹു അതിനു ശിഫ നല്‍കുകയും ചെയ്തു. അതില്‍ ഒരു കുഴപ്പവും ഇല്ല, റസൂൽ ﷺ യുടെ സ്ഥാനം ഇടിച്ചു താഴ്ത്തുന്ന ഒന്നും അതിലില്ല. കാരണം രോഗം, ബോധക്ഷയം, എന്നിവയൊക്കെ അംബിയാക്കള്‍ക്കും ഉണ്ടാകും, റസൂല്‍ ﷺ തന്റെ കുതിരപ്പുറത്തു നിന്ന് വീഴുകയും ഒരു ഭാഗത്തിനു മുറിവേല്‍ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.
ഖാളി ഇയാള് (റ) പറയുന്നു: ചില ആളുകള്‍ ചോദിക്കുന്നു, ‘പ്രവാചകന്‍ മൌസൂമായിരിക്കെ അവ്യക്തത ഉണ്ടാക്കുന്ന കാര്യം എങ്ങനെയാണു ഉണ്ടാവുക’. എന്നാല്‍ അറിയുക, ഈ ഹദീസ് സ്വഹീഹാണെന്ന് ഐക്യകണ്ഠേനെ അഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ മത നിഷേധികള്‍ (മുല്‍ഹിധുകള്‍) ആണ് നിഷേധിച്ചത്. അവര്‍ ഈ ഹദീസ് കൊണ്ട് ഏറെ ബുധിമുട്ടിയിട്ടുണ്ട്. അവരുടെ ബുദ്ധി കുറവായത് കൊണ്ടും, ഇതുപോലെ ശറഇല്‍ ഉള്ള കാര്യങ്ങള്‍ സംശയമുണ്ടാക്കി മനസ്സിലാക്കുന്നത് കൊണ്ടും ആണ് ഇങ്ങനെ സംഭവിച്ചത്. അല്ലാഹു ദീനിനേയും നബിയേയും അവ്യക്തതയുണ്ടാക്കുന്ന കാര്യത്തില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്. രോഗങ്ങളില്‍ പെട്ട ഒരു രോഗമാണ് സിഹിറ്. മറ്റു രോഗങ്ങള്‍ സംഭവിക്കുന്നത് പോലെ സിഹ്റും ഉണ്ടാകാം. ഇത് റസൂൽ ﷺ യുടെ നുബുവ്വത്തില്‍ ഒരു കുറവും വരുത്തുന്നില്ല , മാത്രമല്ല ദുന്യവിയായ വിഷയത്തില്‍ മാത്രമാണ് അവ്യക്തതകള്‍ ഉണ്ടായിട്ടുള്ളത്. റസൂൽ ﷺ യെ ഏത് കാര്യത്തിന് നിയോഗിച്ചുവോ അതിലല്ല. മറിച്ചു ബൌധിക വിഷയത്തില്‍ പ്രവാചകന്‍ ഏതൊരു മനുഷ്യനെയും പോലെയാണ്.’ തുടര്‍ന്ന് അദ്ദേഹം വീണ്ടും പറയുന്നു: ‘ഇത് റസൂൽ ﷺ ക്ക് പ്രത്യക്ഷത്തിലും അവയവങ്ങളിലും മാത്രമാണ് ബാധിച്ചത്. അദ്ദേഹത്തിന്റെ ഖല്‍ബിലും, വിശ്വാസത്തിലും ,ബുദ്ധിയിലും ബാധിച്ചിട്ടില്ല.’ (ഖാളി ഇയാള് – അഷിഫ ബി തഅരീഫി ഉകൂകില്‍ മുസ്തഫ, പേജ്. 375)
സിഹ്റ് നിഷേധികൾ ആക്ഷേപിക്കുന്നതുപോലെ പ്രവാചകത്വത്തിന് എതിരാകുന്ന ഒരു കാര്യവും സിഹ്റിലൂടെ മുഹമ്മദ് നബി ﷺ ക്ക് ഉണ്ടായിട്ടില്ലെന്നുള്ളതാണ് വസ്തുത. മാനുഷികമായി ഉണ്ടാകുന്ന ചില തോന്നലുകൾ മാത്രമാണ് നബിക്കുണ്ടായത്.
ഖബർ ആഹാദ് അഖീദയില്‍ സ്വീകാര്യമല്ലേ?
ഈ വിഷയത്തിൽ ഹദീസിനെ നിഷേധിക്കുന്നവർ ഉന്നയിക്കുന്ന മറ്റൊരു ആരോപണമാണ് നബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസ് ഖബർ ആഹാദാണ് എന്നത്. അവരുടെ വാദം അനുസരിച്ച് ഖബർ ആഹാദായ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകാര്യമല്ല. യഥാർത്ഥത്തിൽ, ഖബറുൽ വാഹിദ് ആയ ഹദീസ്, സ്വഹീഹ് ആണെങ്കിൽ അഖീദക്കും അഹ്കാമിനും ഒരു പോലെ ഹുജ്ജത്താണ് എന്നത് അഹ്’ലുസ്സുന്നത്തിന്റെ ഉലമാക്കൾക്കിടയിൽ പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്.
ഹദീസുകൾ മുതവാതിർ, ആഹാദ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. നബി ﷺ യില്‍ നിന്ന് ഹദീസ് രിവായത് ചെയ്യുന്ന സ്വഹാബിമാർ തൊട്ടു ഹദീസ് രേഖപ്പെടുത്തുന്ന അവസാനത്തെ ആൾ വരെയുള്ള നിവേദക പരമ്പരയിൽ ധാരാളം റിപ്പോർട്ടർമാരുള്ള ഹദീസുകൾക്കാണ് സാങ്കേതികമായി മുതവാതിർ എന്ന് പറയുന്നത്. അതിന് ഇത്ര എണ്ണം എന്ന് കൃത്യമായി നിജപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും പരമ്പരയിൽ ഒരുപാട് റിപ്പോർട്ടർമാർ ഉണ്ടെന്നതാണ് മുതവാത്വിറിനെ സവിശേഷമാക്കുന്നത്. എന്നാൽ മുതവാത്വിറിന്റെ അത്ര തന്നെ എണ്ണം ഇല്ലാത്ത റിപ്പോർട്ടർമാരുടെ പരമ്പരയിലൂടെ വന്ന ഹദീസുകൾക്കാണ് ആഹാദെന്നു പറയുന്നത്. ആഹാദ് തന്നെ റിപ്പോർട്ടർമാരുടെ എണ്ണത്തിന്റെ കണക്കനുസരിച്ച് മഷ്ഹൂർ, അസീസ്, ഗരീബ് എന്നിങ്ങനെ വീണ്ടും തരം തിരിക്കപ്പെടുന്നുണ്ട്. ചുരുക്കത്തിൽ, ഇതിലേതായാലും ഒരു ഹദീസ് സ്വഹീഹ് ആണെന്ന് കുറ്റമറ്റ നിലയിൽ തെളിഞ്ഞാൽ അത് സ്വീകരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. മുതവാതിറല്ലാത്ത ഹദീസുകൾ, അവ സ്വഹീഹാണെങ്കിൽ അഖീദയിലും അഹ്കാമിലും ഒരു പോലെ സ്വീകാര്യമാണെന്ന് ഇമാം ഇബ്നുൽ ഖയ്യിം തന്റെ الصواعق المرسلة യിൽ പത്തോളം ഇനം തെളിവുകൾ നിരത്തി സ്ഥാപിക്കുന്നുണ്ട്.
وهو انعقاد الاجماع المعلوم المتيقن على قبول هذه الأحاديث وإثبات صفات الرب تعالى بها، فهذا لا يشك فيه من له أقل خبرة بالمنقول، فإن الصحابة رضي الله عنهم هم الذين رووا هذه الأحاديث وتلقاها بعضهم عن بعض بالقبول ولم ينكرها احد منهم على من رواها، ثم تلقاها عنهم جميع التابعين من أولهم إلى آخرهم: مختصر صواعق المرسلة
ഇമാം ഇബ്നുൽ ഖയ്യിം(റ) പറയുന്നു : ഇത്തരം ( ആഹാദായ ) ഹദീസുകൾ സ്വീകാര്യമാണെന്നതും, അവ കൊണ്ട് അല്ലാഹുവിന്റെ സ്വിഫാത്തുകൾ സ്ഥിരീകരിക്കാമെന്നതും ദൃഢമായ നിലയിൽ ഇജ്മാഉ ഉള്ള കാര്യമാണ്. പ്രമാണങ്ങളെ സംബന്ധിച്ച് ലഘുവിവരമുള്ള ആർക്കും ഇതിൽ സംശയമേയില്ല. കാരണം ഈ ഹദീസുകൾ രിവായത് ചെയ്തത് സ്വഹാബത്താണ്. അവർ പരസ്പരം തന്നെ, ഇവ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് ഇത് നിരാക്ഷേപം സ്വീകരിച്ചതുമാണ്. പിന്നീട് അവരിൽ നിന്ന് ഒന്നൊഴിയാതെ മുഴുവൻ താബിഈങ്ങളും ഇത് സ്വീകരിച്ചു. അല്ലാഹുവിന്റെ സ്വിഫാത്തുകൾ വിശ്വാസ കാര്യങ്ങളിൽ പെട്ടതാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ.
ഖബറുൽ ആഹാദായ ഹദീസുകൾ സ്വീകാര്യമാല്ലായെന്ന മുഅതസിലയുടെ വികല വാദത്തെ ഇബ്നുൽ ഖയ്യിം (റ) ശക്തമായി ഖണ്ഡിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതേപോലെ ഈ വിഷയത്തിൽ ശക്തമായ ഖണ്ഡനം രേഖപ്പെടുത്തിയ മറ്റൊരാൾ ഇമാം ശാഫിഈ (റ) യാണ്.
ولم أحفظ عن فقهاء المسلمين أنهم اختلفوا في تثبيت خبر الواحد
ഇമാം ശാഫിഈ(റ) പറയുന്നു : മുസ്ലിം ഫുഖഹാക്കൾ, ഖബറുൽ വാഹിദ് സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിലായതായി എനിക്കറിയില്ല.(രിസാല)
യഥാർത്ഥത്തിൽ മുഅതസില വിഭാഗക്കാരും, പ്രമാണങ്ങളെക്കാൾ ബുദ്ധിക്ക് പ്രാധാന്യം നൽകുന്ന ചില കക്ഷികളും അല്ലാതെ ഈ വാദം ഉന്നയിച്ചിട്ടില്ലായെന്നതാണ് വാസ്തവം. സ്വഹാബികളോ താബിഉകളോ വിശ്വാസ കാര്യത്തിൽ ഉള്ള ഹദീസുകൾ സ്വീകരിക്കാൻ അവ മുതവാത്വിർ ആയിരിക്കണമെന്ന നിബന്ധന വെച്ചിട്ടില്ല. അഖീദയുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ ഖബർ ആഹാദായ സനദിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഖബർ ആഹാദ് ആയതിനാൽ അവ അസ്വീകാര്യമാണെന്ന് ഒരു മുഹദ്ദിസും രേഖപ്പെടുത്തിയിട്ടില്ല. എന്നല്ല, സ്വഹാബികളോ താബിഉകളോ താബിഈ താബിഉകളോ അഖീദയും അഹ്കാമും സ്വീകരിക്കാനായി രണ്ടു തരത്തിലുള്ള വിത്യസ്തമായ സമീപനങ്ങൾ സ്വീകരിച്ചുവെന്നതിനും യാതൊരു തെളിവുമില്ല. അപ്പോൾ, ഈ വാദവും നേരത്തെ പറഞ്ഞത് പോലെ, അടിസ്ഥാന രഹിതമായ നിലയിൽ സ്വന്തം ബുദ്ധിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നു നിസ്സംശയം പറയാം.
ഖബർ വാഹിദ് ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ അസ്വീകാര്യമാണെന്ന് പറയുമ്പോൾ, സ്വഹീഹ് ആയ നല്ലൊരു ശതമാനം ഹദീസുകളും തള്ളേണ്ടതായി വരും. കാരണം, മുതവാത്വിറായ ഹദീസുകൾ വളരെ വിരളവും ആഹാദ് ആയവ അസംഖ്യവുമാണ്. ഖബർ വാഹിദ് ആയ ഹദീസുകൾ അഖീദക്കും അഹ്കാമിനും ഒരു പോലെ സ്വീകാര്യമാണെന്ന കാര്യത്തിൽ അഹ്’ലുസ്സുന്നയിലെ ഉലമാക്കൾക്ക് അഭിപ്രായ ഭിന്നതയില്ല.
ശൈഖ് അൽബാനി (റഹി) പറയുന്നു:
أنه قول مبتدع محدث، لا أصل له في الشريعة الإسلامية الغراء، وهو غريب عن هدي الكتاب وتوجيهات السنة، لم يعرفه السلف الصالح رضوان الله تعالى عليهم، ولم ينقل عن أحد منهم بل ولا خطر لهم على بال، ومن المعلوم المقرر في الدين الحنيف أن كل أمر مبتدع من أمور الدين باطل مردود ……….وإنما قال هذا القول جماعة من علماء الكلام، وبعض من تأثر بهم من علماء الأصول المتأخرين، وتلقاه عنهم بعض الكتاب المعاصرين بالتسليم دون مناقشة ولا برهان…
ഇത് നൂതന വാദമാണ്. പവിത്രമായ ഇസ്ലാം ദീനിൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. ഖുർആനിനെയും സുന്നത്തിനെയും സംബന്ധിച്ച് ഇത് വിചിത്രമാണ്. സലഫുസ്സ്വാലിഹുകൾ ഇത് മനസ്സിലാക്കുകയോ അവരിലൊരാളിൽ നിന്ന് പോലും ഇത് രേഖപ്പെടുത്തപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അവ൪ ഇത് മനസ്സിൽ പോലും കണ്ടിട്ടില്ല. ദീനുമായി ബന്ധപ്പെട്ട മുഴുവൻ നൂതനവാദങ്ങളും തള്ളപ്പെടെണ്ടതാണ്, ഇത് ഇസ്ലാം ദീനിൽ പരക്കെ അറിയപ്പെട്ട കാര്യമാണ്…… വചനശാസ്ത്രത്തിന്റെ ആളുകളും, അവരുടെ സ്വാധീനവലയത്തിൽ പെട്ട പിൽക്കാലക്കാരായ ചില ഉസ്വൂലീ പണ്ഢിതന്മാരുമാണ് യഥാർത്ഥത്തിൽ ഈ വാദം ഉന്നയിച്ചിട്ടുള്ളത്. പ്രാമാണികത പരിശോധിക്കുകയോ, പഠനവിധേയമാക്കുകയോ ചെയ്യാതെ, ആധുനികരായ ചില എഴുത്തുകാരാണ് ഇപ്പോൾ ഇതേറ്റു് പിടിച്ചിരിക്കുന്നത്.
നനബി ﷺ ക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസിനെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നിഷേധിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന ആളുകൾ പ്രമാണങ്ങളുമായി ബന്ധപ്പെട്ടു സ്വീകരിക്കപ്പെടേണ്ട അംഗീകൃത സമീപന രീതിയിൽ തികഞ്ഞ അബദ്ധം സംഭവിച്ചവരാണ്. അതായത്, ഖുർആനും സുന്നത്തും മനസ്സിലാക്കുകയും അവ വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ സ്വഹാബത്തും താബിഉകളുമടങ്ങുന്ന സലഫുകളുടെ ധാരണയെ പരിഗണിക്കാതിരിക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നൽകാതിരിക്കുകയും ചെയ്യുക, അഹ്’ലുസ്സുന്നത്തിന്റെ ഉലമാക്കൾ മതപരമായ വിഷയങ്ങളിൽ വിശിഷ്യ ആശയക്കുഴപ്പത്തിന് സാധ്യതയുള്ള വിഷയങ്ങളിൽ എന്ത് പറഞ്ഞുവെന്ന് പരിശോധിക്കാതിരിക്കുക, തങ്ങളുടെ തെറ്റായ വാദങ്ങൾക്ക് എതിരായ നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയ ഉലമാക്കളെ നിന്ദിക്കുകയും അപമതിക്കുകയും ചെയ്യുക, തികച്ചും ഒറ്റപ്പെട്ടതും പ്രമാണങ്ങൾക്ക് നിരക്കാത്തതുമായ അഭിപ്രായങ്ങൾ പറഞ്ഞ ആളുകളെ അവർ അഹ്’ലുൽ ബിദ്അയുടെ സഹായാത്രികർ ആണെങ്കിൽ പോലും മഹാ പണ്ഢിതന്മാരായി ചിത്രീകരിക്കുകയും അവരുടെ അഭിപ്രായങ്ങൾ പ്രമാണമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുക തുടങ്ങിയ അക്ഷന്തവ്യവും അങ്ങേയറ്റം അപകടകരവുമായ മൻഹജിയായ വൈരുദ്ധ്യങ്ങളാണ് ഈ ആളുകളുടെ ആദർശ അജണ്ടയെന്നതാണ് വസ്തുത.
നബി ﷺ ക്ക് സിഹ്റ് ബാധിച്ചുവെന്ന ഹദീസിനെ നിഷേധിക്കുന്നവരില്‍ നിന്ന് ഉത്തരം ലഭിക്കേണ്ട അടിസ്ഥാനപരമായ ചില ചോദ്യങ്ങളുണ്ട്. അതിനവ൪ ഉത്തരം നല്‍കിയേ തീരൂ.
- നബിﷺക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസിനെ നിഷേധിക്കുന്നതില്‍ ആരാണ് നിങ്ങളുടെ സലഫുകള്‍ ?
- നബിﷺക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസിനെ നിഷേധിക്കുകയോ വിമർശിക്കുകയോ ചെയ്ത ഒരു സ്വഹാബിയുടെയെങ്കിലും പേര് പറയാമോ ?
- നബിﷺക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസിനെ നിഷേധിക്കുകയോ വിമർശിക്കുകയോ ചെയ്ത ഒരു താബിഇടെയെങ്കിലും പേര് പറയാമോ ?
- നബിﷺക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസിനെ അഹ്’ലുസ്സുന്നതിന്റെ പ്രാമാണികരായ ഉലമാക്കൾ നിഷേധിക്കുകയോ, അതിന്റെ സ്വീകാര്യതയില്‍ സംശയം ഉന്നയിക്കുകയോ ചെയ്തതായി തെളിയിക്കാമോ?
- നബിﷺക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസിനെ ജ൪ഹിന്റെ ഉലമാക്കൾ ജ൪ഹ് നടത്തിയതായി തെളിയിക്കാമോ ?
- നബിﷺക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസ് ഖബറുല്‍ ആഹാദായതിനാല്‍ അത് അസ്വീകാര്യമാണെന്ന് അഭിപ്രായപ്പെട്ട അഹ്’ലുസ്സുന്നതിന്റെ ഉലമാക്കൾ ആരെല്ലാം ?
- നബിﷺക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസ് നാം സ്വീകരിക്കുകയാണെങ്കിൽ, മുശ്‌രിക്കുകളുടെ വാദം നാം അംഗീകരിക്കുന്നതിന് തുല്യമാവുമെന്ന് അഭിപ്രായപ്പെട്ട അഹ്’ലുസ്സുന്നതിന്റെ ഉലമാക്കൾ ആരെല്ലാം ?
- നബിﷺക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസ് ഖു൪ആനിന് എതിരാണെന്ന് പറഞ്ഞ പ്രാമാണികരായ മുഫസ്സിറുകള്‍ ആരെല്ലാം ?
- നബിﷺക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസ് ഖു൪ആനിന് എതിരാണെന്ന് പറഞ്ഞ പ്രാമാണികരായ മുഹദ്ദിസുകള്‍ ആരെല്ലാം ?
- നബിﷺക്ക് സിഹ്ർ ബാധിച്ചുവെന്ന ഹദീസ് സ്വഹീഹും സ്വീകാര്യവുമാണെന്ന ഉലമാക്കളുടെ അഭിപ്രായത്തെ കുറിച്ച് എന്ത് പറയുന്നു.
ഈയിടെ മുഴങ്ങി കേൾക്കുന്ന ഒരു വാദമാണ് മുൻഗാമികൾ പറയാത്ത പല വാദങ്ങളും നമുക്ക് പറയുന്നതിന് വിരോധമില്ല;നമ്മൾ ജീവിക്കുന്ന കാലത്തെ ഏതെങ്കിലും ഒരാൾ പറഞ്ഞാൽ തന്നെ മതി എന്നത് .സിഹ്റിന് യാഥാർത്ഥ്യമുണ്ട് (حقيقة)എന്ന് വിശ്വസിക്കൽ ശിർക്കാണ് എന്ന നൂതന വാദം ചിലർ പറഞ്ഞപ്പോൾ ഈ വാദം ആരാണ് പറഞ്ഞത് എന്ന ചോദ്യം വന്നപ്പോഴാണ് എല്ലാ കാര്യത്തിനും മുൻഗാമികൾ വേണമെന്നില്ല എന്ന നൂതന വാദം പറയാൻ ചിലർ നിർബന്ധിതരായത്. സത്യത്തിൽ സിഹ്റിനു യാഥാർത്ഥ്യമില്ല എന്നും അതിന് യാഥാർത്ഥ്യമുണ്ട് എന്നംഗീകരിക്കൽ ശിർക്കാണ് എന്ന നൂതന വാദങ്ങൾ പോലെ തന്നെ അപകടമാണ് ഈ വാദവും. മുൻഗാമികൾ ഈയൊരു രീതിക്കെതിരെ ശക്തമായ താക്കീതു നൽകിയിട്ടുണ്ട്.
ഇമാം അഹ്മദ് (റ) തൻ്റെ ശിഷ്യൻ മയ്മൂന്നിയോടു പറഞ്ഞു കൊടുത്ത വാക്കുകൾ നോക്കൂ.
قال الميموني: قال لي أحمد ابن حنبل:( يا أبا حسن ! إياك ! أن تتكلم في مسألة ليس لك فيها إمام ). أخرجه ابن الجوزي في مناقب اﻹمام أحمد.
മയ്മൂന്നി പറഞ്ഞു: എന്നോട് അഹ് മദ് ബിൻ ഹമ്പൽ പറഞ്ഞു: ഓ അബൽ ഹസൻ ! നിനക്ക് ഒരു ഇമാം ഇല്ലാത്ത മസ്അലയിൽ നീ സംസാരിക്കുന്നത് നീ കരുതിയിരിക്കണം.
قال البربهاري رحمه الله كل من سمعت كلامه من أهل زمانك خاصة ، فلا تعجلن ! ولا تدخلن في شيء منه حتى تسأل وتنظر : هل تكلم به أصحاب رسول الله صلى الله عليه وسلم أو أحد من العلماء ؟ فإن وجدت فيه أثرا عنهم ؛ فتمسك به ، ولا تجاوزه لشيء ، ولا تختار عليه شيئا). شرح السنة.
ഇമാം ബർബ ഹാരി (റ) പറയുന്നു: നിൻ്റെ കാലക്കാരിൽ നിന്ന് മാത്രം നീ കേൾക്കുന്ന സംസാരത്തിലേക്ക് നീ ധൃതിപ്പെടരുത് ! നബി ﷺ യുടെ സ്വഹാബികളിൽ ആരെങ്കിലുമോ അതല്ലെങ്കിൽ പണ്ഡിതന്മാരിൽ ഒരാളോ ഇത് പറഞ്ഞിട്ടുണ്ടോ എന്നു നീ പരിശോധിക്കണം.അവരിൽ നിന്ന് എന്തെങ്കിലും അസറുകൾ നിനക്ക് കിട്ടിയാൽ നീ അത് സ്വീകരിക്കുക. യാതാരു കാരണവശാലും അതിനെ മറികടക്കരുത്. അതിനു മീതെ നീ മറ്റൊന്നിനേയും തിരഞ്ഞെടുക്കുകയും വേണ്ട.
സലഫുകളിൽ പെട്ട അഹ്മദ് ബിൻ ഹമ്പലിൻ്റെ കാലക്കാരുടെ വാക്കു പോലും അതിനൊരു മുൻഗാമിയില്ലെങ്കിൽ സ്വീകരിക്കരുതെന്ന് പണ്ഡിതന്മാർ മുന്നറിയിപ്പു നൽകിയെങ്കിൽജഹാലത്തുകൾ വ്യാപകമായ ഇക്കാലത്ത് ആരുടെയെങ്കിലും വാക്കു മാത്രം കേട്ട് വിശ്വസിച്ച് ഇസ്ലാമിൻ്റ അടിത്തറകളെ കുറിച്ച് വിവരക്കേടുകൾ പ്രചരിപ്പിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.
ഇവിടെ പ്രശ്നം ഹിശാം ബിന്‍ ഉർവയോ, ഖബർ വാഹിദോ, മുശ്’രിക്കുകൾ പറഞ്ഞത് അംഗീകരിക്കലോ, ഖു൪ആനിന് എതിരാകലോ വഹ്’യിനെയും രിസാലത്തിനെയും ബാധിക്കലോ ഒന്നുമല്ല, മറിച്ച് പ്രമാണങ്ങളെ ബുദ്ധിപരമായി മാത്രം വ്യാഖ്യാനിക്കാനുള്ള ചിലരുടെ ഹീനമായ ശ്രമങ്ങള്‍ മാത്രമാണ്.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ബുദ്ധിയേക്കാളും പ്രമാണങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടത് ബുദ്ധിക്കെതിരാണെങ്കിലും അത് അംഗീകരിച്ചേ തീരൂ.വിശുദ്ധ ഖു൪ആന്‍ പരിശോധിച്ചാല്‍ ബുദ്ധിക്കെതിരാണെന്ന് തോന്നുന്ന പല സംഭവങ്ങളും അതില്‍ കാണാം. ഉറുമ്പിന്റെ സംസാരം സുലൈമാന്‍ നബി(അ) കേട്ടത്, മൂസാനബിക്ക്(അ) വേണ്ടി ചെങ്കടല്‍ പിള൪ന്നത് എന്നിവ ഉദാഹരണം. ഇതെല്ലാം നാം അപ്രകാരംതന്നെ അംഗീകരിക്കുന്നു.ഹദീസിന്റെ വിഷയത്തിലും ഇതേ നിലപാടാണ് നാം അനുവ൪ത്തിക്കേണ്ടത്. ഹദീസ് സ്ഥിരപ്പെട്ടതാണോയെന്ന കാര്യത്തില്‍ അഥവാ നബി ﷺപറഞ്ഞിട്ടുള്ളതാണോയെന്ന കാര്യത്തില്‍ നമുക്ക് നമ്മുടെ ബുദ്ധി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നമ്മുടെ ബുദ്ധി ഉപയോഗിച്ച് അത് നബി ﷺ പറഞ്ഞിട്ടുള്ളതാണെന്ന് മനസ്സിലാക്കികഴിഞ്ഞാല്‍ പിന്നെ ഹദീസില്‍ പറഞ്ഞ കാര്യം ശരിയാണോയെന്ന് നമ്മുടെ ബുദ്ധികൊണ്ട് ചിന്തിക്കാന്‍ പാടില്ല. കാരണം നബി ﷺ പറഞ്ഞ കാര്യമാണ് അതെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ അതിലേക്ക് കീഴൊതുങ്ങുകയാണ് സത്യവിശ്വാസി ചെയ്യേണ്ടത്.
അവസാനമായി കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഈ വിഷയത്തിലെ നിലപാട് എന്താണെന്ന് കൂടി നാം മനസ്സിലാക്കേണ്ടതാണ്.
കെ.എന്‍.എം പുറത്തിറക്കിയ ‘ഹദീഥ് ഗ്രന്ഥങ്ങള്‍ ഒരു പഠനം’ എന്ന ശൈഖ് മുഹമ്മദ് മൗലവിയുടെ കൃതിയില്‍ ഇപ്രകാരം കാണാം: ‘അതിലെ (സ്വഹീഹുല്‍ ബുഖാരിയിലെ) മുസ്‌നദായ (സനദോടുകൂടി പറയുന്ന) ഹദീസുകളെല്ലാം സ്വഹീഹും ലക്ഷ്യത്തിനു പറ്റുന്നതുമാകുന്നു” (പേജ്:10).
ശൈഖ് മുഹമ്മദ് മൗലവി ബുഖാരിക്കെതിരെയുള്ള ദാറഖുത്‌നിയുടെ വിമ൪ശനങ്ങള്‍ ഉദ്ദരിച്ചുകൊണ്ട് അത്തരം വിമ൪ശനങ്ങളുടെ അ൪ത്ഥശൂന്യത ഉദാഹരണസഹിതം വ്യക്തമാക്കിയതിന് ശേഷം എഴുതുന്നു: ‘ഈ ഉദാഹരണങ്ങളില്‍ നിന്ന് ബുഖാരിയുടേയും മുസ്ലിമിന്റേയും റിപ്പോ൪ട്ടമാരെ സംബന്ധിച്ചുള്ള ആക്ഷേപത്തിന്റെ നില നല്ലപോലെ വ്യക്തമാവുന്നതാണ്. അപ്പോള്‍ ആക്ഷേപങ്ങള്‍ നൂറ് ശതമാനവും ഈ തരത്തില്‍പെട്ടതാകുന്നു’.(മിശ്കാത്തുല്‍ ഹുദാ മാസികയില്‍ വന്ന ലേഖനം അല്‍മനാ൪ മാസിക പുനപ്രസിദ്ധീകരിച്ചത് :1994 ഒക്ടോബ൪)
നബി ﷺ ക്ക് സിഹ്റ് ബാധിച്ചുവെന്ന ഹദീസിനെ തള്ളിക്കളഞ്ഞവ൪ക്ക് കെ.ഉമ൪ മൌലവി(റഹി) എഴുതിയ മറുപടി മേലെ കൊടുത്തിട്ടുണ്ട്.ചുരുക്കത്തില്‍, ഈ വിഷയത്തില്‍ അഹ്’ലുസ്സുന്നത്തിന്റെ അതേ നിലപാട് തന്നെയാണ് കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിനുമുള്ളത്. അതിനപ്പുറമുള്ളതൊന്നും ഇസ്ലാഹി പ്രസ്ഥാനത്തിന്റേതല്ലെന്നും മനസ്സിലാക്കേണ്ടതാണ്.
kanzululoom.com