നബി പ്രകാശം : വസ്തുത എന്ത്?

മുഹമ്മദ് നബി ﷺ ക്ക് മഹത്ത്വവും ശ്രേഷ്ഠതയും നല്‍കുന്നതിനായി ചിലര്‍ അവിടുത്തെ സൃഷ്ടിപ്പ് പ്രകാശത്തില്‍നിന്നാണെന്ന് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അത് ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്നവരും വിശ്വസിക്കുന്നവരും നമ്മുടെ നാട്ടിലുമുണ്ട്. ഇതിന്റെ വസ്തുത എന്താണ്? ഇതിന് പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ? വിശ്വാസപരമായ കാര്യത്തില്‍ പെട്ടതായതിനാല്‍ ഇതിനെ കുറിച്ച് സത്യവിശ്വാസികള്‍ പ്രമാണബദ്ധമായി മനസ്സിലാക്കേണ്ടതുണ്ട്.

അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തെയാണെന്നും അല്ലാഹുവിന്റെ പ്രകാശത്തില്‍നിന്ന് അല്ലാഹു മുഹമ്മദ് നബി ﷺ യെ സൃഷ്ടിച്ചുവെന്നും അങ്ങനെ മുഹമ്മദ് നബി ﷺ യുടെ പ്രകാശത്തില്‍നിന്ന് മറ്റു മുഴുവന്‍ ചരാചരങ്ങളെയും സൃഷ്ടിച്ചുവെന്നും പാരമ്പര്യമായി, യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടര്‍ വിശ്വസിച്ചുപോരുന്നു. സമസ്തയുടെ മദ്‌റസയിലെ മൂന്നാം ക്ലാസ്സിലേക്ക് തയ്യാറാക്കിയ ചരിത്ര പാഠപുസ്തകത്തില്‍ ‘നബി ﷺ യുടെ പ്രകാശം’ എന്നൊരു തലക്കെട്ട് തന്നെ നമുക്ക് കാണാവുന്നതാണ്. ആ പാഠത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ”അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് നബി ﷺ യുടെ പ്രകാശമായിരുന്നു. ആ പ്രകാശത്തില്‍ നിന്നാണ് മറ്റു ചരാചരങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടത്.”
നമ്മുടെ നാടുകളില്‍ ധാരാളം പേ൪ ഏറെ പുണ്യകരമെന്ന് വിചാരിച്ച് പാരായണം ചെയ്തുവരുന്ന മൌലിദ് ആരംഭിക്കുന്നതുതന്നെ നബി പ്രകാശത്തെ കുറിച്ച് പരാമ൪ശിച്ചുകൊണ്ടാണ്. പ്രസ്തുത വചനം കാണുക:

سُبْحَانَ الَّذِي أَطْلَعَ فِي شَهْرِ رَبِيعِ اْلأَوَّلِ قَمَرَ نَبِيِّ الْهُدَى وَأَوْجَدَ نُورَهُ قَبْلَ خَلْقِ الْعَالَمِ وَسَمَّاهُ مُحَمَّدًا

മന്‍ഖൂസ് മൗലൂദ് തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ് ‘റബീഉല്‍ അവ്വല്‍ മാസത്തില്‍ നേര്‍മാര്‍ഗ്ഗ പ്രവാചക ചന്ദ്രനെ ഉദിപ്പിക്കുകയും ലോകം സൃഷ്ടിക്കുന്നതിനും മുന്‍പേ നബിയുടെ പ്രകാശത്തെ സൃഷ്ടിക്കുകയും അതിനെ മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും ചെയ്തവന്‍ എത്രയോ പരിശുദ്ധന്‍.’

അതുപോലെ ഈ വിഭാഗക്കാരുടെ മാലപ്പാട്ടുകളിലും ഈ വിശ്വാസം പഠിപ്പിക്കുന്നുണ്ട്:

”ആദി ഒളിവായ് അതുതാന്‍ വെളിവായി.
അതു പിന്നെ ആദമായ് വന്നു വെളിവായ്
അമ്പിയ ഔലിയ ആയ് വന്ന് വന്ന്
അവസാനം മക്കത്തതു തന്നെ വന്ന്
പൂര്‍ത്തീകരിത്തത്തതില്‍ പിന്നെ വെളിവായ്
പെരുത്ത് ളുഹൂറാത്തുകള്‍ വലിമാരായ്
അതു വെളിവാകും അവസാനത്തോളം
അതു നിലച്ചാലന്ന് ലോകാവസാനം.”

ഖുര്‍ആനിലെയും സ്വീകാര്യയോഗ്യമായ ഹദീസുകളിലെയും വ്യക്തമായ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ അധ്യാപനം. മുഹമ്മദ് നബ ﷺ യുടെ പ്രകാശത്തെയാണ് അല്ലാഹു ആദ്യമായി പടച്ചതെന്ന അന്ധവിശ്വാസത്തിന് യാതൊരു രേഖയും പ്രാമാണികമായി വന്നിട്ടില്ല. മുന്‍ഗാമികളായ പ്രവാചകന്മാരോ സ്വഹാബിമാരോ താബിഉകളോ തബഉത്താബിഉകളോ ഇമാമുമാരോ ആരും തന്നെ ഇപ്രകാരം വിശ്വസിച്ചിരുന്നതായി ഒരു കിതാബിലും നമുക്ക് കാണാന്‍ കഴിയില്ല. ജാബിര്‍(റ) നബി ﷺ യോട് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്താണെന്ന് ചോദിക്കുകയും അതിന് നബി ﷺ ‘നിന്റെ നബിയുടെ പ്രകാശത്തെയാണ് ജാബിറേ’ എന്ന് മറുപടി പറയുകയും ചെയ്തു എന്ന് ഇക്കൂട്ട൪ പ്രചരിപ്പിക്കുന്നുണ്ട്. ഇത് മുസ്വന്നഫ് അബ്ദുര്‍റസാക്വില്‍ ഉണ്ട് എന്നും അവര്‍ തട്ടിവിടുന്നു. മുസ്വന്നഫ് നോക്കിയാല്‍ അങ്ങനെ ഒരു റിപ്പോര്‍ട്ട് നമുക്ക് കാണാന്‍ കഴിയില്ല. അപ്പോള്‍ ഇവര്‍ അതിനൊരു മറുപടി ഇറക്കിയിരിക്കുന്നു. മുസ്വന്നഫിലെ ചില ഹദീസുകള്‍ നഷ്ടപ്പെട്ടിരുന്നു എന്നും അത് പിന്നീട് ഇന്ത്യയില്‍നിന്ന് കണ്ടെടുക്കുകയുണ്ടായി എന്നും അത് പിന്നീട് കിതാബായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട് എന്നുമാണ് ആ മറുപടി. പച്ചക്കളവാണ് ഇത്. അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല. മുസ്വന്നഫില്‍നിന്ന് അങ്ങനെ ചില ഹദീസുകള്‍ നഷ്ടമായിട്ടില്ല. ഇത് അല്ലാഹുവിന്റെ പേരിലും അവന്റെ പ്രവാചകന്റെ പേരിലും കെട്ടിച്ചമച്ചതാകുന്നു. ഇനി ഒന്ന് ചിന്തിക്കുക; അങ്ങനെ ഒരു റിപ്പോര്‍ട്ട് നഷ്ടമായിരുന്നെങ്കിലും പൂര്‍വികര്‍ക്ക്, അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബി ﷺ യുടെ നൂറിനെയായിരുന്നു എന്ന വിശ്വാസം ഉണ്ടാകുമായിരുന്നല്ലോ. നാം നേരത്തെ പറഞ്ഞതുപോലെ പൂര്‍വികരില്‍ ആര്‍ക്കെങ്കിലും അപ്രകാരം ഒരു വിശ്വാസമുണ്ടായിരുന്നു എന്നതിന് ഏതെങ്കിലും ഒരു കിതാബില്‍നിന്ന് ഇക്കൂട്ടര്‍ക്ക് തെളിയിക്കാന്‍ കഴിയുമോ?

മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭത്തെപ്പറ്റി അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് പരിശോധിക്കാം. മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:

خَلَقَ ٱلْإِنسَٰنَ مِن صَلْصَٰلٍ كَٱلْفَخَّارِ

കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. (ഖു൪ആന്‍:55/14)

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ ‏‏

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മലക്കുകൾ സൃഷ്ടിക്കപ്പെട്ടത് പ്രകാശം കൊണ്ടാണ്. ജിന്നുകൾ സൃഷ്ടിക്കപ്പെട്ടത് കത്തിജ്വലിക്കുന്ന അഗ്നികൊണ്ടാണ്. ആദം സൃഷ്ടിക്കപ്പെട്ടത് നിങ്ങളോട് വിവരിക്കപ്പെട്ട വസ്‌തു (മണ്ണ്) കൊണ്ടുമാണ്. (മുസ്‌ലിം: 2996)

إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു. (ഖു൪ആന്‍:3/59)

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَآ أَنتُم بَشَرٌ تَنتَشِرُونَ

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖു൪ആന്‍:30/20)

ഈ തെളിവുകളെല്ലാം മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് വ്യക്തമാക്കിത്തരുന്നവയാണ്. അല്ലാഹു ആദ്യമായി സൃഷ്ടിച്ച ഈ മനുഷ്യന്‍ ആദം(അ) ആയിരുന്നു. മുഹമ്മദ് നബി ﷺ ആദം സന്തതിയാണ്. അഥവാ അദ്ദേഹം ഒരു മനുഷ്യന്‍ തന്നെയാണ്. പ്രകാശത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടത് മലക്കുകള്‍ മാത്രമാണ്.

“നബി ﷺ മനുഷ്യരെപ്പോലെയല്ല, അവിടുന്ന് പ്രകാശത്തിൽ നിന്നുള്ള സൃഷ്ടിയാണെന്ന് ഒരുപാട് ആളുകൾ പറയുന്നുണ്ട്. അത് ശരിയാണോ?” എന്ന ചോദ്യത്തിന് മറുപടിയായി ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുള്ളാഹ്) പറയുന്നു:

അത് കളവും അതിരുകവിച്ചിലുമാണ്. അല്ലാഹുവിൽ അഭയം. നബിﷺ മനുഷ്യനാണ്. കാരണം അല്ലാഹു പറയുന്നു:

قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ

‘(നബിയേ) പറയുക: നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു; നിങ്ങളുടെ ആരാധ്യ ഒരേയൊരു ആരാധ്യനാണെന്നു എനിക്കു വഹ്‌യ് നല്‍കപ്പെടുന്നു. (ഇതാണ് എന്റെ പ്രത്യേകത). (ഖു൪ആന്‍:18/110)

മനുഷ്യനെ എന്തിൽ നിന്നാണ് സൃഷ്ടിക്കുന്നത്? മനുഷ്യരിൽ നിന്ന് തന്നെയാണ്. നബിﷺയുടെ ഉപ്പ അബ്ദുല്ലയും ഉമ്മ ആമിന ബിൻത് വഹബുമാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പിന്നെങ്ങനെയാണ് അദ്ദേഹം പ്രകാശത്തിൽ നിന്നുള്ള സൃഷ്ടിയാവുക? അതുകൊണ്ടാണ് മുഹമ്മദ് ബിൻ നൂർ (പ്രകാശത്തിന്റെ മകൻ മുഹമ്മദ്) എന്ന് പറയാതെ, മുഹമ്മദ് ബിൻ അബ്ദില്ല (അബ്ദുല്ലയുടെ മകൻ മുഹമ്മദ്) എന്ന് പറയുന്നത്. മലക്കുകളാണ് പ്രകാശത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ശൈത്വാന്മാർ (ജിന്നുകൾ) സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അഗ്നിയിൽ നിന്നും മനുഷ്യർ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മണ്ണിൽ നിന്നുമാണ്. (https://youtu.be/GanPzofKJJ8)

നബി ﷺ പ്രകാശത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നുതിനുപുറമെ, അദ്ദേഹത്തിന് നിഴലില്ലായിരുന്നു എന്നും പ്രചരിപ്പിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. മറ്റൊരു മൌലിദ് കിത്താബിലെ വചനം കാണുക:

നബി(സ്വ)യുടെ നിഴല്‍ ഭൂമിയില്‍ പതിച്ചിരുന്നില്ല. കാരണം അവിടുന്ന് പ്രത്യക്ഷവും പരോക്ഷവുമായി പ്രകാശമായിരുന്നു. (ജഅല മുഹമ്മദ് മൗലിദ്).

മൗലിദ് കിതാബിലെ ഒരു ഈരടി കാണുക: ”നബിയേ, തീര്‍ച്ചയായും നിങ്ങള്‍ താമസിക്കുന്ന വീട്ടില്‍ വിളക്കുകളുടെ ആവശ്യമില്ല.”

എന്നാല്‍ നബി ﷺ യുടെ വീട്ടില്‍ വിളക്ക് കത്തിക്കാറുണ്ടായിരുന്നു. വിളക്ക് കത്തിക്കാറില്ലായിരുന്നെന്ന് പറയുന്ന ഒരു സ്വീകാര്യമായ ഹദീഥും നമുക്ക് കാണാന്‍ കഴിയില്ല.

ഇതിന് തെളിവായി ഇവര്‍ മൗലിദ് കിതാബുകളില്‍ കൊടുക്കുന്നത് ഈ റിപ്പോര്‍ട്ടാണ്:
ആഇശ(റ) നേരം പുലരുന്നതിന് മുമ്പുള്ള സമയത്ത് (നമ്മള്‍ അത്താഴം കഴിക്കുന്ന സമയം) വസ്ത്രം തുന്നുകയായിരുന്നു. അങ്ങനെ സൂചി കാണാതാവുകയും വിളക്ക് അണയുകയും ചെയ്തു. ആ സമയം നബി ﷺ അങ്ങോട്ട് പ്രവേശിക്കുകയും വീട്ടില്‍ പ്രകാശമുണ്ടാവുകയും ചെയ്തു. നബിയുടെ പ്രകാശം കൊണ്ട് ആഇശ(റ) സൂചി കാണുകയും ചെയ്തു. അപ്പോള്‍ അവര്‍ ചിരിച്ചു. പിന്നീട് നബി ﷺ പറഞ്ഞു: ‘ക്വിയാമത്ത് നാളില്‍ എന്നെ കാണാത്തവനു നാശം.’ ആഇശ(റ) ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ആരാണ് അങ്ങയെ കാണാത്തവന്‍?’ നബി ﷺ പറഞ്ഞു: ‘പിശുക്കന്‍!’ ആഇശ(റ) ചോദിച്ചു: ‘ആരാണ് പിശുക്കന്‍?’ നബി ﷺ പറഞ്ഞു: ‘എന്റെ പേര് കേട്ടാല്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് (പിശുക്കന്‍).’

ഹസ്സാന്‍(റ) പറയുന്നതായി ഇങ്ങനെയും പ്രചരിപ്പിക്കുന്നു: ”ഞാന്‍ നബി ﷺ യുടെ പ്രകാശത്തിലേക്ക് നോക്കിയപ്പോള്‍ എന്റെ കാഴ്ച നഷ്ടപ്പെടുമോയെന്ന് പേടിച്ച് ഇരു കണ്ണുകളിലും ഞാനെന്റെ കൈ വെച്ചു.”

നബിﷺക്ക് നിഴലില്ലെന്ന് പറയാനുള്ള മറ്റൊരു കാരണമായി ഇവര്‍ പറയുന്നത് ‘അവിശ്വാസികള്‍ നബി ﷺ യുടെ നിഴലില്‍ ചവിട്ടാതിരിക്കാനാണ്; അത് നബിﷺക്ക് നിന്ദ്യത വരുത്തുന്നതാണ്’ എന്നാണ്!

നബി ﷺ യുടെ മുഖത്തിന്റെ പ്രസന്നതയും അവിടുത്തെ സൗന്ദര്യവും അതുല്യമാണെന്നതില്‍ സംശയമില്ല. അതിനര്‍ഥം അവിടുത്തെ പ്രകൃതം തന്നെ പ്രകാശമാണ് എന്നല്ല. അതിന് പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ്. ഈ റിപ്പോര്‍ട്ടുകളൊന്നും തന്നെ സ്വീകാര്യവുമല്ല. എന്നാല്‍ സ്വീകാര്യമായ പരമ്പരയില്‍ വന്നിട്ടുള്ളത് നബിﷺക്ക് നിഴലുണ്ട് എന്നാണ്. ഇനി അവിടുത്തെ നിഴലില്‍ അവിശ്വാസികള്‍ ചവിട്ടുമെന്നതാണ് പ്രശ്‌നമെങ്കില്‍, നബിﷺയെ ശത്രുക്കള്‍ എന്തെല്ലാം ചെയ്തു?! ഒട്ടകത്തിന്റെ കുടല്‍മാലകള്‍ ചാര്‍ത്തി, ഉഹ്ദില്‍ പരിക്ക് പറ്റി, പല്ല് പൊട്ടി… ഇതെല്ലാം ഇതിനെക്കാളും ഗുരുതരമല്ലേ?

ശൈഖ് ഇബ്നു ഉഥൈമീൻ (റഹി) പറയുന്നു:

قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ

‘(നബിയേ) പറയുക: നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു; നിങ്ങളുടെ ആരാധ്യ ഒരേയൊരു ആരാധ്യനാണെന്നു എനിക്കു വഹ്‌യ് നല്‍കപ്പെടുന്നു. (ഇതാണ് എന്റെ പ്രത്യേകത). (ഖു൪ആന്‍:18/110)

നബിﷺ പ്രകാശത്തിൽ നിന്നുള്ള സൃഷ്ടിയാണെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ആയത്ത്. ‘നബിﷺക്ക് നിഴലില്ല, അദ്ദേഹം പ്രകാശമാണ്’ എന്ന് പറയുന്നവർക്കുമുള്ള മറുപടിയാണ് ഈ ആയത്ത്. കാരണം ഈ ആയത്തിൽ പറയുന്നത്,നമ്മെപ്പോലുള്ള ഒരു മനുഷ്യൻ തന്നെയാണ് നബിﷺയെന്നാണ്. അപ്പോൾ, ‘മനുഷ്യൻ എന്ന വൃത്തത്തിൽ നിന്ന് നബിﷺ പുറത്താണ്’ എന്ന് പറയുന്ന ഹദീഥുകളൊക്കെ കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട കള്ളഹദീഥുകളാണ്. കാരണം അവിടുന്ന് നമ്മെപ്പോലുള്ള മനുഷ്യനാണ്. (https://youtu.be/YYecVBvBZrQ)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *