നബി ﷺ യുടെ പേരുകൾ

നബി ﷺ യുടെ ജീവചരിത്രം  പഠിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടതാണ് അവിടുത്തെ പേരുകൾ . നബി ﷺ യുടെ പേരുകൾ മറ്റുള്ളവരുടെ പേരുപോലെയല്ല.

قال ابن القيم رحمه الله:  وكلها نعوت ليست أعلاما محضة لمجرد التعريف.بل أسماء مشتقة من صفات قائمة به توجب له المدح والكمال

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: കേവലം തിരിച്ചറിയാൻ വേണ്ടി മാത്രമുള്ള പേരുകളല്ല പ്രവാചകന്റേത്. അത് വിശേഷണങ്ങൾ ആണ്. പൂർണതയും പ്രശംസയും അനിവാര്യമായും ഉണ്ടാവുന്ന ചില വിശേഷണങ്ങളിൽ നിന്ന് നിർദ്ധരിച്ചെടുത്തവയാണവ. (സാദുൽ മആദ്:1/86)

നബി ﷺ യുടെ പേര് ഖു൪ആനില്‍

1. മുഹമ്മദ് (محمد)

നബി ﷺ യുടെ നാമങ്ങളിൽ ഏറ്റവും പ്രസിദ്ധവും മുൻ വേദങ്ങളിൽ പരാമർശിക്കപ്പെട്ട നാമവുമാണിത്. ഈ പേരിൽ ഒരു അദ്ധ്യായം ഖുർആനിലുണ്ട്. ഈ പേര് ഖു൪ആനില്‍ നാല് തവണ പരാമര്‍ശിച്ചിട്ടുണ്ട്.

مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا

മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(ഖു൪ആന്‍:33/40)

مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمَۢا

മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (ഖു൪ആന്‍:48/29)

‏ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَءَامَنُوا۟ بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ ٱلْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّـَٔاتِهِمْ وَأَصْلَحَ بَالَهُمْ ‎

വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം- വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:47/2)

وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًٔا ۗ وَسَيَجْزِى ٱللَّهُ ٱلشَّٰكِرِينَ

മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌. (ഖു൪ആന്‍:3/144)

തൗറാത്തില്‍ നബി ﷺ യുടെ പേര് محمد എന്നാണ് വന്നിട്ടുള്ളത്:

എന്തുകൊണ്ടാണ് محمد എന്ന പേര് കിട്ടിയത്? എന്താണതിന്റെ തൽപര്യം? ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു:

فمحمد هو الذى كثر حمد الحامدين له مرة بعد أخرى أو الذى يستحق أن يحمد مرة بعد أخرى

ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തിന് സ്തുതി പറയുന്നവരുടെ സ്തുതികൾ അധികരിച്ചിരിക്കുന്നു. അതല്ലെങ്കിൽ, തുടരെത്തുടരെ സ്തുതിക്കപ്പെടാൻ അവകാശപെട്ടവർ അതാണ് മുഹമ്മദ്. ( جلاء ا لأفهام :277)

ശഹാദത്തിലും ബാങ്കിലും സ്വലാത്തിലും ഈ നാമം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നത് ഈ നാമത്തിന്റെ പ്രത്യേകതയാണ്. ഈ പേര് പോലെ തന്നെ, അല്ലാഹുവിന്റെ പക്കലും , മലക്കുകളുടെ അടുക്കലും , ഭൂമിയിലും, പ്രവാചകന്മാരുടെ പക്കലും , എല്ലാം അദ്ദേഹം സ്തുതിക്കപ്പെട്ടവനാണ്.

ഈ പേര് ഉച്ചരിക്കുന്നതിൽ പലരും അബദ്ധം വരുത്താറുണ്ട്. مهمد എന്നതാണ് പലരും ഉച്ചരിക്കാറ്. ح എന്നത് ه എന്നാക്കി മാറ്റിയാൽ അർഥവ്യത്യാസം സംഭവിക്കും. അതിനാൽ محمد എന്നു തന്നെ പറയണം.

2.അഹ്മദ് (أحمد)

وَإِذْ قَالَ عِيسَى ٱبْنُ مَرْيَمَ يَٰبَنِىٓ إِسْرَٰٓءِيلَ إِنِّى رَسُولُ ٱللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَمُبَشِّرَۢا بِرَسُولٍ يَأْتِى مِنۢ بَعْدِى ٱسْمُهُۥٓ أَحْمَدُ ۖ فَلَمَّا جَآءَهُم بِٱلْبَيِّنَٰتِ قَالُوا۟ هَٰذَا سِحْرٌ مُّبِينٌ ‎

മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു. (ഖു൪ആന്‍:61/6)

ഖുർആനിൽ ഒരു തവണ പറയപ്പെട്ട നാമമാണിത്.  ഈസാനബി عليه السلام യെ കുറിച്ച് സന്തോഷ വാർത്ത അറിയിക്കുന്നതാണ് ആയത്തിന്റെ സന്ദർഭം.

ജനങ്ങളിൽ ഏറ്റവും കൂടുതൽ റബ്ബിനെ സ്തുതിക്കുന്നവൻ എന്നാണതിന്റെ ആശയം.

തൗറാത്തിൽ നബി ﷺ യുടെ പേര് മുഹമ്മദ് എന്നായിട്ടും ഇവിടെ മുഹമ്മദ് എന്നു പറയാതെ അഹ്മദ് എന്നു പറഞ്ഞത് എന്തുകൊണ്ടാണ് ? ഇതിനെ കുറിച്ച് ഇമാം ഇബ്നുൽ ഖയ്യിം رحمه الله തന്റെ جلاء الأفهام ലും زاد المعد ലും വിശദമായി വിവരിച്ചിട്ടുണ്ട്.  “രണ്ടു പേരുകളും വിശേഷണമാണ്. ഓരോ സമൂഹത്തിനടുക്കലും കൂടുതൽ പ്രസിദ്ധവും പ്രാധാന്യവുമുള്ള കാര്യങ്ങൾ ഉൾകൊണ്ട പേരുകൾ പറഞ്ഞു. മൂസാ നബി عليه السلام യുടെ സമൂഹം കൂടുതൽ വിജ്ഞാനികളായിരുന്നു. എന്നാൽ ഈസാ عليه السلام യുടെ സമൂഹത്തിന് കൂടുതൽ ആരാധനകൾ ഉണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ സ്തുതിക്കുന്നവൻأحمد എന്നതാണ് അവർക്കിടയിൽ പ്രത്യേകമായത്. മൂസാ നബി عليه السلام യുടെ ഉമ്മത്ത് നബി ﷺ സ്തുതിക്കപ്പെടുന്ന കൂടുതൽ കാര്യങ്ങളെ കുറിച്ച് ഗ്രഹിച്ചവരായിരുന്നു. അതുകൊണ്ട് അവരുടെ അടുക്കൽمحمد ( കൂടുതൽ സ്തുതിക്കപ്പെട്ടവൻ) ആയി”. ഇതാണ് ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞിട്ടുള്ളതിന്റെ ചുരുക്കം. الله اعلم

നബി ﷺ യുടെ പേര് ഹദീസുകളിൽ

1. അൽ മുതവക്കിൽ (المتوكل)

അൽ മുതവക്കിൽ എന്ന നാമം തൗറാത്തിൽ അല്ലാഹു നബി ﷺ ക്ക് നൽകിയ മറ്റൊരു പേരാണ്. ഭരമേൽപ്പിക്കുന്നവൻ എന്നാണ് ഇതിന്റെ അർത്ഥം.

عَنْ عَطَاءِ بْنِ يَسَارٍ، قَالَ لَقِيتُ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ ـ رضى الله عنهما ـ قُلْتُ أَخْبِرْنِي عَنْ صِفَةِ، رَسُولِ اللَّهِ صلى الله عليه وسلم فِي التَّوْرَاةِ‏.‏ قَالَ أَجَلْ، وَاللَّهِ إِنَّهُ لَمَوْصُوفٌ فِي التَّوْرَاةِ بِبَعْضِ صِفَتِهِ فِي الْقُرْآنِ يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا، وَحِرْزًا لِلأُمِّيِّينَ، أَنْتَ عَبْدِي وَرَسُولِي سَمَّيْتُكَ الْمُتَوَكِّلَ، لَيْسَ بِفَظٍّ وَلاَ غَلِيظٍ وَلاَ سَخَّابٍ فِي الأَسْوَاقِ، وَلاَ يَدْفَعُ بِالسَّيِّئَةِ السَّيِّئَةَ وَلَكِنْ يَعْفُو وَيَغْفِرُ، وَلَنْ يَقْبِضَهُ اللَّهُ حَتَّى يُقِيمَ بِهِ الْمِلَّةَ الْعَوْجَاءَ بِأَنْ يَقُولُوا لاَ إِلَهَ إِلاَّ اللَّهُ‏.‏ وَيَفْتَحُ بِهَا أَعْيُنًا عُمْيًا، وَآذَانًا صُمًّا، وَقُلُوبًا غُلْفًا‏.‏ تَابَعَهُ عَبْدُ الْعَزِيزِ بْنُ أَبِي سَلَمَةَ عَنْ هِلاَلٍ‏.‏ وَقَالَ سَعِيدٌ عَنْ هِلاَلٍ عَنْ عَطَاءٍ عَنِ ابْنِ سَلاَمٍ‏.‏ غُلْفٌ كُلُّ شَىْءٍ فِي غِلاَفٍ، سَيْفٌ أَغْلَفُ، وَقَوْسٌ غَلْفَاءُ، وَرَجُلٌ أَغْلَفُ إِذَا لَمْ يَكُنْ مَخْتُونًا‏.‏

അത്വാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അദ്ദേഹം പറയുന്നു: ഞാന്‍ അബ്ദില്ലാഹിബ്നു  അംറ്ബ്നുല്‍ ആസ്വ് رَضِيَ اللَّهُ عَنْهُ വിനെ കണ്ടുമുട്ടി. ഞാൻ (അദ്ദേഹത്തോട്) ചോദിച്ചു: തൌറാത്തില്‍ നബി ﷺ യെക്കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എന്നോട് പറയുക. അദ്ദേഹം പറഞ്ഞു. അതെ! അല്ലാഹു സത്യം. നബി ﷺ യെ ഖുര്‍ആനില്‍ വിശേഷിപ്പിച്ചു ഗുണങ്ങളില്‍ ചിലതു തൌറാത്തിലും പ്രസ്താവിച്ചിട്ടുണ്ട്. അല്ലയോ പ്രവാചകരേ! സത്യദീനിന്ന് സാക്ഷിയായും സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനായും അക്ഷരജ്ഞാനമില്ലാത്ത അറബികള്‍ക്ക് ഒരു രക്ഷാ സാങ്കേതമായുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്. താങ്കള്‍ എന്‍റെ അടിമയും ദൂതനുമാണ്. അൽമുതവക്കില്‍ എന്നാണ് നിനക്ക് നാം നല്‍കിയ പേര്. താങ്കള്‍ ഒരു ദു: സ്വഭാവിയോ കഠിനഹൃദയനോ അല്ല. അങ്ങാടിയിലിരുന്ന് ബഹളമുണ്ടാക്കുന്നവനുമല്ല. തിന്മയെ താങ്കള്‍ തിന്മകൊണ്ട് തടുക്കുകയില്ല. എന്നാല്‍ വീട്ടുവീഴ്ചയും മാപ്പും ചെയ്യും. വക്രമായ മതത്തെ ചൊവ്വായ നിലയിലാക്കിത്തീര്‍ക്കും വരേക്കും അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുകയില്ല. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് അവര്‍ പറയുന്നതുകൊണ്ട് അതുവഴി അന്ധത ബാധിച്ച കണ്ണുകളും ബധിരത ബാധിച്ച കാതുകളും മൂടിവെച്ച മനസ്സുകളും തുറക്കും. (ബുഖാരി:2125)

2.മാഹീ (الماحى)

തുടച്ചു നീക്കുന്നവൻ എന്നാണ് ഇതിന്റെ അർത്ഥം. ഭൂലോകത്തു നിന്ന് സത്യനിഷേധത്തെ തുടച്ചുനീക്കുക എന്നതാണ് താൽപര്യം. കുഫ്റും ശിർക്കും തുടച്ചു നീക്കുന്നവരാണ് നബി ﷺ- എന്ന അർത്ഥത്തിലാണ് ഈ നാമം അവിടുത്തേക്ക് നൽകപ്പെട്ടിട്ടുള്ളത്. നബി ﷺ യുടെ കാലത്തുതന്നെ അറേബ്യൻ ഉപദ്വീപിൽ നിന്ന് കുഫ്‌റിന്റെയും ശിർകിന്റെയും അടയാളങ്ങൾ തുടച്ചു നീക്കപ്പെട്ടു. അന്ത്യനാൾ വരെയും കുഫ്‌റിന്റെയും ശിർകിന്റെയും ആശയത്തെ ഇസ്ലാം ആശയപരമായി തകർത്ത് മുന്നേറും.

3. ഹാശിർ (الحاشر)

ആദ്യമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നവൻ എന്ന അർഥമാണിതിനുള്ളത്. അവിടുന്നാണല്ലോ ഒന്നാമതായി ക്വബറിൽ നിന്ന് എഴുന്നേൽക്കുന്ന വ്യക്തി.

4. ആഖിബ് (العاقب)

അവസാനത്തെയാൾ എന്ന അർഥത്തിലുള്ള നാമമാണിത്. അവസാനത്തെ നബിയും റസൂലുമാണ് നബി ﷺ. ഇനിയൊരു പ്രവാചകൻ ഇല്ല.

ഈ നാമങ്ങളല്ലാം ഉൾകൊണ്ട ഒരു ഹദീസ് കാണുക:

عَن  جُبَيْرِ بْنِ مُطْعِمٍ، ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ لِي أَسْمَاءً، أَنَا مُحَمَّدٌ، وَأَنَا أَحْمَدُ، وَأَنَا الْمَاحِي الَّذِي يَمْحُو اللَّهُ بِيَ الْكُفْرَ، وَأَنَا الْحَاشِرُ الَّذِي يُحْشَرُ النَّاسُ عَلَى قَدَمِي، وَأَنَا الْعَاقِبُ ‏‏.‏

ജുബൈർ ബ്നു മുത്വ്അിം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് പല പേരുകളുണ്ട്. ഞാന്‍ മുഹമ്മദാണ്, ഞാന്‍ അഹ്മദാണ്, ഞാന്‍ ‘മാഹി’യാണ്. എന്നെക്കൊണ്ട് അല്ലാഹു കുഫ്‌റിനെ മായ്ച്ച് കളയും. ഞാനാണ് ‘ഹാശിര്‍.’ എന്റെ കീഴില്‍ ജനങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും. ഞാന്‍ ആക്വിബ് ആണ്. (ബുഖാരി: 4896)

5.മുഖഫ്ഫി (الْمُقَفِّي)

കഴിഞ്ഞുപോയ നബിമാരുടെ പാതപിന്തുടരുന്നവൻ എന്നാണ് ഇതിന്റെ അർത്ഥം.

6.നബിയ്യുത്തൗബ (نَبِيُّ التَّوْبَةِ)

പാപങ്ങളിൽ നിന്നുള്ള പശ്ചാത്താപത്തിനാണ് തൗബ എന്ന് പറയുന്നത്.

7.നബിയ്യുറഹ്മ (نَبِيُّ الرَّحْمَةِ)

മുഹമ്മദ് നബി ﷺ ലോകര്‍ക്ക് കാരുണ്യമായിട്ടാണ് അയക്കപ്പെട്ടത് എന്നത് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്.

وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ

ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (ഖുര്‍ആന്‍ :21/107)

മുഖഫ്ഫി, നബിയ്യുത്തൗബ, നബിയ്യുറഹ്മ എന്നീ  നാമങ്ങൾ ഉൾകൊണ്ട ഒരു ഹദീസ് കാണുക:

عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُسَمِّي لَنَا نَفْسَهُ أَسْمَاءً فَقَالَ ‏ “‏ أَنَا مُحَمَّدٌ وَأَحْمَدُ وَالْمُقَفِّي وَالْحَاشِرُ وَنَبِيُّ التَّوْبَةِ وَنَبِيُّ الرَّحْمَةِ ‏”‏ ‏.‏

അബൂമൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഞങ്ങൾക്ക് അവിടുത്തെ പേരുകൾ പറഞ്ഞു തരാറുണ്ടായിരുന്നു. നബി ﷺ പറഞ്ഞു: ഞാൻ മുഹമ്മദാണ്, ഞാൻ അഹ്മദും, മുഖഫ്ഫിയും, നബിയ്യുത്തൗബയും, നബിയ്യുറഹ്മയുമാണ്. (മുസ്ലിം:2355)

ഇതിന് പുറമെ നബി ﷺ യുടെ വിശേഷണങ്ങൾ അടങ്ങിയ ധാരാളം പേരുകൾ നബി ﷺ യുടെ പേരുകളായി പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്. ബഷീർ (المبشر – സന്തോഷവാർത്ത അറിയിക്കുന്നയാൾ), നദീർ (المبشر – താക്കീതുകാരൻ) എന്നിങ്ങനെയുള്ള ധാരാളം പേരുകൾ.

 

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *