ചന്ദ്രന്‍ പിളര്‍ന്ന സംഭവം

നബി ﷺ യുടെ കാലത്ത് നടന്ന അത്ഭുതകരമായ ഒരു സംഭവായിരുന്നു ചന്ദ്രന്‍ പിളര്‍ന്ന സംഭവം. നബി ﷺ മദീനയിലേക്ക് ഹിജ്റ പോകുന്നതിനു മുമ്പാണ് ഇത് സംഭവിച്ചത്. അല്ലാഹു മുഹമ്മദ് നബി ﷺ യിലൂടെ വെളിപ്പെടുത്തിയ ഒരു മുഅ്ജിസത്തായിരുന്നു ഇത്.

അന്ത്യസമയത്തിന്‍റെ സംഭവ്യതയും, ആസന്നതയും തെളിയിക്കുന്ന ഒരു പ്രത്യക്ഷദൃഷ്ടാന്തവും ഒരു അസാധാരണ സംഭവവുമത്രെ നബി ﷺ തിരുമേനിയുടെ കാലത്തു ചന്ദ്രന്‍ പിളര്‍ന്ന സംഭവം. നബി ﷺ തിരുമേനിയുടെ സത്യതക്കു അതു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അതു കണ്ണില്‍ കണ്ടിട്ടുപോലും സത്യവിശ്വാസം സ്വീകരിക്കുവാന്‍ മുശ്രിക്കുകള്‍ കൂട്ടാക്കിയില്ല. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതു ജാലവിദ്യയാണെന്നു വിധി കല്‍പിച്ച് ഒഴിഞ്ഞുമാറുന്ന അവരുടെ ആ പഴയ പതിവ് ഇവിടെയും ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ പറഞ്ഞു ‘അബൂകബ്ശഃയുടെ  മകന്‍ (മുഹമ്മദ് നബി) നിങ്ങളോടു ജാലവിദ്യ നടത്തിയിരിക്കുകയാണ്. (അമാനിതഫ്സീര്‍)

ഇതിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ‎﴿١﴾‏ وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ‎﴿٢﴾‏ وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ ‎﴿٣﴾‏

ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു. (ഖുർആൻ:54/1-3)

يُخْبِرُ تَعَالَى أَنَّ السَّاعَةَ وَهِيَ الْقِيَامَةُ اقْتَرَبَتْ وَآنَ أَوَانُهَا، وَحَانَ وَقْتُ مَجِيئِهَا، وَمَعَ هَذَا، فَهَؤُلَاءِ الْمُكَذِّبُونَ لَمْ يَزَالُوا مُكَذِّبِينَ بِهَا، غَيْرَ مُسْتَعِدِّينَ لِنُزُولِهَا، وَيُرِيهِمِ اللَّهُ مِنَ الْآيَاتِ الْعَظِيمَةِ الدَّالَّةِ عَلَى وُقُوعِهَا مَا يُؤْمِنُ عَلَى مَثَلِهِ الْبَشَرُ، فَمِنْ أَعْظَمِ الْآيَاتِ الدَّالَّةِ عَلَى صِحَّةِ مَا جَاءَ بِهِ مُحَمَّدُ بْنُ عَبْدِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، أَنَّهُ لَمَّا طَلَبَ مِنْهُ الْمُكَذِّبُونَ أَنْ يُرِيَهُمْ مِنْ خَوَارِقِ الْعَادَاتِ مَا يَدُلُّ عَلَى صِحَّةِ مَا جَاءَ بِهِ وَصِدْقِهِ، أَشَارَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الْقَمَرِ بِإِذْنِ اللَّهِ تَعَالَى، فَانْشَقَّ فِلْقَتَيْنِ، فِلْقَةً عَلَى جَبَلِ أَبِي قَبِيسٍ، وَفِلْقَةً عَلَى جَبَلِ قُعَيْقَعَانَ، وَالْمُشْرِكُونَ وَغَيْرُهُمْ يُشَاهِدُونَ هَذِهِ الْآيَةَ الْعَظِيمَةَ الْكَائِنَةَ فِي الْعَالَمِ الْعُلْوِيِّ، الَّتِي لَا يَقْدِرُ الْخَلْقُ عَلَى التَّمْوِيهِ بِهَا وَالتَّخْيِيلِ. فَشَاهَدُوا أَمْرًا مَا رَأَوْا مِثْلَهُ، بَلْ وَلَمْ يَسْمَعُوا أَنَّهُ جَرَى لِأَحَدٍ مِنَ الْمُرْسَلِينَ قَبْلَهُ نَظِيرُهُ، فَانْبَهَرُوا لِذَلِكَ، وَلَمْ يَدْخُلِ الْإِيمَانُ فِي قُلُوبِهِمْ، وَلَمْ يُرِدِ اللَّهُ بِهِمْ خَيْرًا، فَفَزِعُوا إِلَى بُهْتِهِمْ وَطُغْيَانِهِمْ، وَقَالُوا: سَحَرَنَا مُحَمَّدٌ، وَلَكِنَّ عَلَامَةَ ذَلِكَ أَنَّكُمْ تَسْأَلُونَ مَنْ وَرَدَ عَلَيْكُمْ مِنَ السَّفَرِ، فَإِنَّهُ إِنْ قَدَرَ عَلَى سِحْرِكُمْ، لَا يَقْدِرُ أَنْ يَسْحَرَ مَنْ لَيْسَ مُشَاهِدًا مَثْلُكُمْ، فَسَأَلُوا كُلَّ مَنْ قَدَمَ، فَأَخْبَرُوهُمْ بِوُقُوعِ ذَلِكَ،فَقَالُوا: سِحْرٌ مُسْتَمِرٌّ سَحَرَنَا مُحَمَّدٌ وَسَحَرَ غَيْرَنَا، وَهَذَا مِنَ الْبُهْتِ، الَّذِي لَا يَرُوجُ إِلَّا عَلَى أَسْفَهِ الْخَلْقِ وَأَضَلِّهِمْ عَنِ الْهُدَى وَالْعَقْلِ

‘സാഅത്ത്’ എന്നത് അന്ത്യനാള്‍ ആണെന്നും അതിന്റെ സമയമായി എന്നും അല്ലാഹു അറിയിക്കുന്നു. അത് വരുന്ന സമയമടുത്തു. എന്നിട്ടും സത്യനിഷേധികള്‍ അതിന്റെ വരവിനുവേണ്ടി തയ്യാറാകാതെ അവരുടെ നിഷേധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യര്‍ക്ക് വിശ്വസിക്കാനും അതിന്റെ സംഭവികതയെ അറിയിക്കാനും സഹായിക്കുന്ന മഹത്തായ തെളിവുകള്‍ അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുത്തു. മുഹമ്മദ് ഇബ്‌നു അബ്ദുല്ല ﷺ കൊണ്ടുവന്നതിന്റെ സത്യത തെളിയിക്കുന്ന മഹത്തായ തെളിവുകള്‍ സത്യനിഷേധികള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം കൊണ്ടുവന്നതിനെ തെളിയിക്കുന്ന അസാധാരണ സംഭവങ്ങള്‍ കാണിച്ചുകൊടുക്കണമെന്ന്! അല്ലാഹുവിന്റെ അനുമതിപ്രകാരം അദ്ദേഹം ചന്ദ്രനിലേക്ക് ചൂണ്ടി. അന്നേരം അത് രണ്ടു ഭാഗങ്ങളായി പിളര്‍ന്നു. ഒരു ഭാഗം അബൂക്വുബൈസ് പര്‍വതത്തിന് മുകളിലും മറ്റേത് അബൂക്വബീസ് പര്‍വതത്തിന് മുകളിലും! ഒരു സൃഷ്ടിക്കും വിചാരിക്കാനോ സങ്കല്‍പിക്കാനോ പോലും കഴിയാത്ത ഒരു വലിയ ദൃഷ്ടാന്തം ആകാശത്തുള്ളതായി മുശ്‌രിക്കുകളും മറ്റും നേര്‍ക്കുനേരെ കണ്ടു. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച. മാത്രവുമല്ല, സമാനമായൊരു കാഴ്ച പൂര്‍വ പ്രവാചകന്മാരുടെ ചരിത്രത്തില്‍ നടന്നതായി അവര്‍ കേട്ടിട്ടുപോലുമില്ല. അതിനെ അവര്‍ കളവാക്കി. അവരുടെ ഹൃദയത്തില്‍ വിശ്വാസം പ്രവേശിച്ചില്ല. അല്ലാഹു അവര്‍ക്ക് നന്മ വിചാരിച്ചില്ല. അവര്‍ അതിക്രമത്തിലേക്കും അഹങ്കാരത്തിലേക്കും അഭയംതേടി. അവര്‍ പറഞ്ഞു: ‘മുഹമ്മദ് ഞങ്ങളില്‍ ജാലവിദ്യ നടത്തിയിരിക്കുന്നു.’ എന്നാല്‍ അതിന്റെ അടയാളം നിങ്ങള്‍ക്ക് നിങ്ങളുടെ അടുത്തേക്ക് വരുന്നവരോട് ചോദിച്ചുനോക്കാവുന്നതാണ്. നിങ്ങളോട് ജാലവിദ്യ കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞാലും നിങ്ങളല്ലാതെ നിങ്ങളോടൊപ്പം സാക്ഷ്യയല്ലാതിരുന്ന ഒരാളെ കബളിപ്പിക്കാനാവില്ല. അങ്ങനെ അവര്‍ വന്നവരോടൊക്കെ ചോദിച്ചു. അത് സംഭവിച്ചതായി അവര്‍ അവരെ അറിയിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: {ഇത് നിലനിന്നുവരുന്ന ഒരു ജാലവിദ്യയാണ്} ഞങ്ങളെയും മറ്റുള്ളവരെയും മുഹമ്മദ് കബളിപ്പിച്ചു. പടപ്പുകളില്‍ ഏറ്റവും പിഴച്ചവരും വിഡ്ഢികളുമല്ലാതെ ഈ ആരോപണം ഉന്നയിക്കുകയില്ല. (തഫ്സീറുസ്സഅ്ദി)

عَنِ ابْنِ مَسْعُودٍ ـ رضى الله عنه ـ قَالَ انْشَقَّ الْقَمَرُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فِرْقَتَيْنِ، فِرْقَةً فَوْقَ الْجَبَلِ وَفِرْقَةً دُونَهُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ اشْهَدُوا ‏”‏‏.‏

അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂൽ ﷺ യുടെ കാലത്ത് ചന്ദ്രന്‍ രണ്ട് കഷ്ണങ്ങളായി പിളരുകയുണ്ടായി.. ഒരു ഭാഗം പർവതത്തിന് മുകളിലും മറുഭാഗം പർവതത്തിന് അപ്പുറത്തേക്കും പോയി. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ സാക്ഷികളാകുവിന്‍. (ബുഖാരി:4864)

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه أَنَّ أَهْلَ، مَكَّةَ سَأَلُوا رَسُولَ اللَّهِ صلى الله عليه وسلم أَنْ يُرِيَهُمْ آيَةً، فَأَرَاهُمُ الْقَمَرَ شِقَّتَيْنِ، حَتَّى رَأَوْا حِرَاءً بَيْنَهُمَا‏.‏

അനസ് ബിൻ മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മക്കക്കാർ നബി ﷺ യോട്‌ അവർക്കൊരു ദൃഷ്ടാന്തം കാണിച്ച്‌ കൊടുക്കുവാൻ ആവശ്യപ്പെട്ടു. നബി ﷺ അവർക്ക് ചന്ദ്രൻ പിളർന്നത് കാണിച്ച് കൊടുത്തു. അതിനിടയിലൂടെ അവർ ഹിറാ പർവ്വതം കണ്ടു. (ബുഖാരി: 61)

പര്‍വതത്തിനു മുകളില്‍ എന്നു പറയുമ്പോള്‍ എത്രയോ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചന്ദ്രന്‍ താഴേക്ക് ഇറങ്ങിവന്നു എന്നല്ല, പ്രത്യുത മുകളിലേക്ക് നോക്കുമ്പോള്‍ ഓരോ ഭാഗവും ഓരോ പര്‍വതത്തിനു നേരെ മുകള്‍ഭാഗത്തായി കണ്ടു എന്നതാണ് ഉദ്ദേശിക്കപ്പെടുന്നത്.

ഈ സംഭവം ഇമാം ബുഖാരിക്ക് പുറമെ, മുസ്ലിം, അഹ്മദ്, അബൂദാവൂദ്, ബയ്ഹക്വി, ഹാകിം, തിര്‍മിദി, ത്വബ്രി തുടങ്ങിയവരെല്ലാം (رحمهم الله) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചന്ദ്രന്‍ പിളരുകയോ എന്ന് ചോദിച്ച് ഈ സംഭവത്തെ കളിയാക്കുകയും നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന പലരും പിൽക്കാലത്തും ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചവരില്‍തന്നെയും രണ്ട് കക്ഷികളുണ്ടായിരുന്നു; വിശ്വസിച്ചവരും കളിയാക്കിയവരും. നബി ﷺ യില്‍ വിശ്വസിച്ചവര്‍ക്ക് അതില്‍ യാതൊരു അവ്യക്തതയും ഉണ്ടായിരുന്നില്ല. അവര്‍ സംശയം തെല്ലുമില്ലാതെ അത് കാണുകയും വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ അതിന് സാക്ഷികളായവരിലെ സത്യനിഷേധികള്‍ അപ്പോഴും അതിനെ കളവാക്കുകയും തള്ളിക്കളയുകയുമാണ് ചെയ്തത്.

അന്ത്യസമയം അടുത്തുവെന്നും ചന്ദ്രന്‍ പിളര്‍ന്നു എന്നും ഇവിടെ വ്യക്തമാക്കുന്നു. ചന്ദ്രന്‍ പിളരും എന്നല്ല പിളര്‍ന്നു എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

വിദൂര സ്ഥലത്തുനിന്ന് പോലും ഈ സംഭവം കണ്ട ചിലര്‍ ഇസ്ലാമിലേക്ക് വന്ന ചരിത്രമുണ്ട്. എന്നാല്‍ മക്കയിലെ മുശ്രിക്കുകള്‍ വെല്ലുവിളിക്കുകയും വെല്ലുവിളിക്കുള്ള മറുപടി നേരില്‍ കണ്ടപ്പോള്‍ അവിശ്വസിക്കുകയുമാണ് ചെയ്തത്.

ഇന്ന് ഈ സംഭവത്തെ നിഷേധിക്കുന്നവര്‍ മുസ്ലിം സമുദായത്തിനകത്ത് തന്നെയുണ്ട്. ഇത്തരം ദൈവികദൃഷ്ടാന്തങ്ങളെ ബുദ്ധിക്ക് യോജിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇത്തരക്കാര്‍ കളവാക്കുന്നത്. അത് ഖിയമാത്തുനാളില്‍ സംഭവിക്കുവാനിരിക്കുന്ന ഒന്നാണെന്നൊക്കെ അവര്‍ ദുര്‍വ്യാഖ്യാനിക്കുന്നു. ചന്ദ്രന്‍റെ പിളര്‍പ്പിനെതുടര്‍ന്നു സത്യനിഷേധികള്‍ അതു ജാലമാണെന്നു പറഞ്ഞു തള്ളികള്ളഞ്ഞുവെന്നുവരുമ്പോള്‍, അതു നബി ﷺ യുടെ പ്രവാചകത്വത്തിനു ഉപോല്‍ബലമായ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതും, നബി ﷺ യുടെ കാലത്തു തന്നെ സംഭവിച്ചിരിക്കേണ്ടതുമാണ്. നേരെമറിച്ചു ഖിയമാത്തുനാളില്‍ സംഭവിക്കുവാനിരിക്കുന്ന ഒന്നാണ് അതെങ്കില്‍, അവിടെ ജാലത്തിന്‍റെ ആരോപണത്തിന് എന്താണ് സ്ഥാനമുള്ളത്? കൂടാതെ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒരു കാര്യം, അന്ത്യനാള്‍ അടുത്തുകഴിഞ്ഞതിന് സാക്ഷ്യംവഹിക്കുന്ന ലക്ഷണമായി അവതരിപ്പിക്കുന്നത് യുക്തിസഹമായ രീതിയുമല്ല.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *