മിസ്‌വാക് ചെയ്യുന്നതിന്റെ ശ്രേഷ്ടതകള്‍

ദന്തങ്ങളിലും വായയിലും അള്ളിപ്പിടിച്ചിരിക്കുന്ന ഭക്ഷണ പദാർഥങ്ങളും വാസനകളും നീക്കുന്നതിനു വേണ്ടി കൊള്ളിക്കഷ്ണമോ ബ്രഷോ മറ്റോ ഉപയോഗിക്കുന്നതാണ് ‘സിവാക്.’

ഇസ്ലാമില്‍ ഏറെ പുണ്യമുള്ള വലിയ പ്രതിഫലാ൪ഹമായ ഒരു ക൪മ്മമാണ് മിസ്‌വാക് ചെയ്യല്‍ അഥവാ പല്ല് തേക്കല്‍. ഇതര ജീവികളെ അപേക്ഷിച്ച് മനുഷ്യരെല്ലാം പല്ല് തേക്കുന്നവരാണ്. സത്യവിശ്വാസികളില്‍ പലരും ഇതൊരു عادة (പതിവ്) എന്ന രീതിയില്‍ നി൪വ്വഹിക്കുന്നുവെന്നതിലുപരി ഇത് പ്രബലമായ ഒരു സുന്നത്താണെന്ന ചിന്തയില്‍ നി൪വ്വഹിക്കാറില്ല. അതുകൊണ്ടുതന്നെ അല്ലാഹുവില്‍ നിന്നുള്ള ധാരാളം പ്രതിഫലം അവ൪ക്ക് നഷ്ടപ്പെടുന്നുണ്ട്. കാരണം നിയത്തനുസരിച്ചാണ് അല്ലാഹു പ്രതിഫലം നല്‍കുന്നത്.

മിസ്‌വാക്ക് ചെയ്യുന്നതിന്റെ വിധി

ചില പണ്ഢിതന്‍മാ൪ മിസ്‌വാക് ചെയ്യല്‍ നി൪ബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും പ്രബലമായ അഭിപ്രായം അത് ശക്തമായ സുന്നത്താണെന്നാണ്.

لولا أن أشق على أمتي لفرضت عليهم السواك عند كل صلاة كما فرضت عليهم الوضوء

നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന് ഞാൻ ഞെരുക്കമുണ്ടാക്കുന്നുവെന്ന ഭയം എനിക്ക് ഇല്ലായിരുന്നുവെങ്കിൽ എല്ലാ നമസ്‌കാരത്തിന്റെ കൂടെയും മിസ്‌വാക് ചെയ്യല്‍ നി൪ബന്ധമാക്കുമായിരുന്നു, അവരുടെ മേല്‍ വുളൂഅ് നി൪ബന്ധമാക്കിയതുപോലെ.

قال الشافعي رحمه الله : فيه دليل على أن السواك ليس بواجب؛ لأنه لو كان واجباً لأمرهم، شق عليهم به أو لم يشق

ഇമാം ശാഫിഈ(റഹി) പറഞ്ഞു: മിസ്‌വാക് ചെയ്യല്‍ നി൪ബന്ധമല്ലെന്ന് ഇതില്‍ തെളിവുണ്ട്. അത് നി൪ബന്ധമായിരുന്നുവെങ്കില്‍ അത് അവരോട് കല്‍പ്പിക്കുമായിരുന്നു, അതവ൪ക്ക് പ്രയാസമുണ്ടാക്കിയാലും അല്ലെങ്കിലും.

السواك سنة، وليس بواجب. هذا مذهبنا، ومذهب العلماء كافة إلا ما حكى الشيخ أبو حامد

ഇമാം നവവി(റഹി) പറഞ്ഞു: മിസ്‌വാക് ചെയ്യല്‍ സുന്നത്താണ്. അത് നി൪ബന്ധമല്ല. ഇതാകുന്നു നമ്മുടെ മദ്ഹബ്. മുഴുവന്‍ പണ്ഢിതന്‍മാരുടെയും മദ്ഹബ്. (അല്‍ മജ്മൂഅ്:1/327)

ഇബ്നു മുഫ്‌ലിഹ്(റഹി) പറയുന്നു: പല്ല് തേക്കുന്നത് സുന്നത്താണ് എന്ന കാര്യത്തിൽ പണ്ഡിതന്മാർ പൊതുവേ യോജിച്ചിരിക്കുന്നു കാരണം ഇസ്ലാമിലെ മതനിയമങ്ങൾ അതിന് പ്രോത്സാഹനം നൽകിയിരിക്കുന്നു. നബി ﷺ സ്ഥിരമായി പല്ല് തേച്ചിരുന്നു. അവിടുന്ന് അതിന് പ്രോത്സാഹനം ചെയ്യുകയും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. (മുബ്ദിഅ്:1/67)

മിസ്‌വാക് ചെയ്യലിന്റെ പ്രാധാന്യം വിവരിക്കുന്ന ധാരാളം ഹദീസുകള്‍ കാണാവുന്നതാണ്.

أمرني جبريل بالسواك حتى خشيت أني سأدرد

നബി ﷺ പറഞ്ഞു: ജിബ്രീല്‍ എന്നോട് മിസ്‌വാക് ചെയ്യുന്നതിനെ കുറിച്ച് കല്‍പ്പിച്ചു, അങ്ങനെ എന്റെ പല്ലുകള്‍ കൊഴിഞ്ഞു പോകുമെന്ന് ഞാന്‍ ഭയപ്പെട്ടു. (സ്വഹീഹുല്‍ ജാമിഅ് – ശൈഖ് അല്‍ബാനി)

പ്രവാചകന്‍മാരുടെ ചര്യകളായി അറിയപ്പെടുന്ന ചില കാര്യങ്ങളുണ്ട്. അവക്കാണ് അല്‍ ഫിത്വറ – ശുദ്ധപ്രകൃതി (ചര്യകള്‍) – എന്ന് പറയുന്നത്. അവയില്‍ പെട്ടതാണ് മിസ്‌വാക് ചെയ്യല്‍.

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ عَشْرٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَاسْتِنْشَاقُ الْمَاءِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ ‏”‏ ‏.‏ قَالَ زَكَرِيَّاءُ قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ ‏.‏ زَادَ قُتَيْبَةُ قَالَ وَكِيعٌ انْتِقَاصُ الْمَاءِ يَعْنِي الاِسْتِنْجَاءَ ‏.‏

ആയിശയില്‍(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: 10 കാര്യം നബിമാരുടെ ചര്യകളില്‍ പെട്ടതാകുന്നു.

1-മീശ വെട്ടുക

2- താടി വളര്‍ത്തുക

3-മിസ്‌വാക് ചെയ്യല്‍

4-(വുളുവില്‍ ) മൂക്കില്‍ വെള്ളം കയറ്റുക

5- നഖം വെട്ടുക

6-ബറാജിം കഴുകുക

7-കക്ഷം പറിക്കുക

8-ഗുഹ്യഭാഗത്തെ രോമങ്ങള്‍ കളയുക

9-ശൗച്യം ചെയ്യുക

റിപ്പോര്‍ട്ടര്‍ പറയുന്നു: പത്താമത്തേത്‌ ഞാന്‍ മറന്നുപോയി. അത്‌ വായ കഴുകലായേക്കാം. (മുസ്ലിം:261)

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മിസ്‌വാക് ചെയ്യല്‍ വായക്ക് ശുദ്ധീകരണവും അല്ലാഹുവിന് തൃപ്തിയുള്ള കാര്യവുമാണ്. (നസാഇ:5 – സ്വഹീഹ് അല്‍ബാനി)

قال الإمام الصنعاني رحمه الله : “السواك مطهرة للفم مرضاة للرب” فوا عجبا لسنة تأتي فيها الأحاديث الكثيرة ثم يهملها كثير من الناس بل كثير من الفقهاء, هذه خيبة عظيمة

ഇമാം സ്വൻആനി (റഹി) പറഞ്ഞു : “ദന്ത ശുദ്ധീകരണം വായക്ക് വൃത്തിയും, രക്ഷിതാവായ അല്ലാഹുവിന്റെ തൃപ്തി ലഭിക്കാൻ കാരണവുമാണ്”. നിരവധി ഹദീഥുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുപോലും, മതത്തിൽ അവഗാഹമുള്ളവർ ഉൾപ്പടെയുള്ള ബഹുഭൂരിഭാകം ആളുകളും അവഗണിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു സുന്നത്തിന്റെ കാര്യം വല്ലാത്ത അത്ഭുദം തന്നെ. ഇതൊരു വമ്പിച്ച പരാജയമാണ്. [سبل السلام (ج 1 فضل السواك ص 40)]

ചില സന്ദ൪ഭങ്ങളില്‍ മിസ്‌വാക് ചെയ്യല്‍ ശക്തമായ സുന്നത്താണ്. അത്തരം സന്ദ൪ഭങ്ങളെ കുറിച്ച് നബി ﷺ പറഞ്ഞിട്ടുള്ളത് കാണുക.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي ـ أَوْ عَلَى النَّاسِ ـ لأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ ‏‏.

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന് അല്ലെങ്കിൽ ജനങ്ങൾക്ക് ഞാൻ ഞെരുക്കമുണ്ടാക്കുന്നുവെന്ന ഭയം എനിക്ക് ഇല്ലായിരുന്നുവെങ്കിൽ എല്ലാ നമസ്‌കാരത്തിന്റെ കൂടെയും പല്ല് തേയ്ക്കുന്നതിന് ഞാൻ അവരോട് കൽപിക്കുമായിരുന്നു. (ബുഖാരി: 887)

لولا أن أشق على أمتي لأمرتهم بالسواك عند كل وضوء

നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലായെങ്കിൽ എല്ലാ വുളുവിനോടൊപ്പവും പല്ല് തേക്കാന്‍ കൽപിക്കുമായിരുന്നു. (അഹ്മദ്: 2/433)

لولا أن أشق على أمتي لأمرتهم بالسواك مع كل وضوء

നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലായെങ്കിൽ ഓരോ വുളുവിനോടൊപ്പവും പല്ല് തേക്കാന്‍ കൽപിക്കുമായിരുന്നു.

عَنْ حُذَيْفَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَامَ لِلتَّهَجُّدِ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ‏.‏

ഹുദൈഫയില്‍(റ) നിന്നും നിവേദനം: നബി ﷺ തഹജ്ജുദിന് വേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ മിസ്വാക്ക് ചെയ്യാറുണ്ട്. (ബുഖാരി:1136)

عَنْ حُذَيْفَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ‏.‏

ഹുദൈഫയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നബി ﷺ രാത്രി (ഉറക്കില്‍ നിന്ന്) എഴുന്നേറ്റാല്‍ മിസ്വാക് കൊണ്ട് തന്റെ വായ ഉരതാറുണ്ടായിരുന്നു. (ബുഖാരി:245)

عَنْ عَائِشَةَ، قَالَتْ : فَقَالَتْ كُنَّا نُعِدُّ لَهُ سِوَاكَهُ وَطَهُورَهُ فَيَبْعَثُهُ اللَّهُ مَا شَاءَ أَنْ يَبْعَثَهُ مِنَ اللَّيْلِ فَيَتَسَوَّكُ وَيَتَوَضَّأُ وَيُصَلِّي تِسْعَ رَكَعَاتٍ

ആയിശയില്‍(റ) നിന്ന്‌ നിവേദനം: അവ൪ പറഞ്ഞു:നബിﷺക്ക് വേണ്ടി ബ്രഷും ശുദ്ധീകരിക്കാനുള്ള വെള്ളവും ഞങ്ങൾ ഒരുക്കി വെക്കാറുണ്ടായിരുന്നു. രാത്രി ഉണർത്താൻ ഉദ്ദേശിച്ച സമയത്ത് അദ്ദേഹത്തെ അല്ലാഹു ഉണർത്തും. അനന്തരം നബി ﷺ മിസ്വാക് ചെയ്യുകയും വുദളൂഅ് ചെയ്യുകയും 11 റക്അത്ത് നമസ്കരിക്കുകയും ചെയ്യും. (മുസ്ലിം : 746)

രാത്രിയുടെ അന്ത്യയാമങ്ങളില്‍ തന്റെ നാഥനോടുള്ള പ്രാര്‍ത്ഥനക്കുവേണ്ടി ഒരുങ്ങുന്ന വിശ്വാസി വായ ദുര്‍ഗന്ധരഹിതമാക്കേണ്ടതുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

അബൂഹുറൈറ(റ) ഉറക്കിന് മുമ്പും ശേഷവും ഭക്ഷണത്തിന് മുമ്പും ശേഷവും നബിﷺയില്‍ നിന്നും കേട്ടതിന്റെ അടിസ്ഥാനത്തില്‍ പല്ല് തേക്കാറുണ്ടായിരുന്നു. കാരണം വായയുടെ സുഗന്ധത്തിനും ശുദ്ധീകരണത്തിനുമാണ് പല്ല് തേക്കല്‍ മത നിയമമാക്കിയിട്ടുള്ളത്. വായയുടെ അവസ്ഥ മാറിയാല്‍ അതിന് നിശ്ചയിക്കപ്പെട്ട കാരണത്തിലൂടെ ശുദ്ധീകരണം യാഥാ൪ത്ഥ്യമാകും. അതുകൊണ്ടാണ് ഉറക്കില്‍ നിന്നും ഉണ൪ന്നാല്‍ പല്ല് തേക്കല്‍ കൂടുതല്‍ അ൪ഹമായിട്ടുള്ളത്. (ശറഹുല്‍ ഉംദ: പേജ് – 218)

ما كان رسول الله صلى الله عليه وسلم يخرج من بيته لشيء من الصلوات حتى يستاك

പല്ല് തേക്കാതെ നമസ്കാരത്തിനായി നബി ﷺ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറുണ്ടായിരുന്നില്ല. (സ്വഹീഹുത്ത൪ഗീബ്:1/90)

عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا دَخَلَ بَيْتَهُ بَدَأَ بِالسِّوَاكِ

ആയിശയില്‍(റ) നിന്നും നിവേദനം: നബി ﷺ വീട്ടില്‍ പ്രവേശിച്ചാല്‍ ആദ്യം ചെയ്യുക ദന്തശുദ്ധീകരണമായിരിക്കും. (മുസ്‌ലിം:253)

عن علي رضي الله عنه قال: قال رسول الله صلى الله عليه وسلم:إن العبد إذا تسوك ثم قام يصلي قام الملك خلفه فيستمع لقراءته، فيدنو منه -أو كلمة نحوها- حتى يضع فاه على فيه، فما يخرج من فيه شيء من القرآن إلا صار في جوف الملك، فطهروا أفواهكم للقرآن

അലിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അടിമ പല്ല് തേച്ച് നമസ്കരിക്കാന്‍ നിന്നാല്‍ ഖു൪ആന്‍ പാരായണം കേട്ടുകൊണ്ട് മലക്കും അവന്റെ പിന്നാലെ നില്‍ക്കും. അങ്ങനെ അവനിലേക്ക് അടുത്ത് തന്റെ വായ മലക്ക് അവന്റെ വായയില്‍ വെക്കും. അവന്റെ വായയില്‍ നിന്ന് പുറപ്പെടുന്ന ഖു൪ആന്‍ പാരായണമെല്ലാം മലക്കിന്റെ ഉള്ളിലേക്ക് ചെന്നെത്തുന്നു. അതിനാല്‍ ഖു൪ആന്‍ പാരായണം ചെയ്യാന്‍ നിങ്ങള്‍ വായ ശുദ്ധീകരിക്കുക. (സ്വഹീഹുത്ത൪ഗീബ്:1/91- സില്‍സിലത്തുസ്വഹീഹ:3/214)

മരണ സന്ദ൪ഭത്തില്‍ വരെ നബി ﷺ മിസ്വാക്ക് ചെയ്യല്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നത് ഈ ക൪മ്മത്തിന്റെ പ്രാധാന്യം അറിയിക്കുന്നു.

عَنْ عَائِشَةَ، قَالَتْ إِنَّ مِنْ نِعَمِ اللَّهِ عَلَىَّ أَنَّ رَسُولَ اللَّهِ صلى الله عليه وسلم تُوُفِّيَ فِي بَيْتِي وَفِي يَوْمِي، وَبَيْنَ سَحْرِي وَنَحْرِي، وَأَنَّ اللَّهَ جَمَعَ بَيْنَ رِيقِي وَرِيقِهِ عِنْدَ مَوْتِهِ، دَخَلَ عَلَىَّ عَبْدُ الرَّحْمَنِ وَبِيَدِهِ السِّوَاكُ وَأَنَا مُسْنِدَةٌ رَسُولَ اللَّهِ صلى الله عليه وسلم فَرَأَيْتُهُ يَنْظُرُ إِلَيْهِ، وَعَرَفْتُ أَنَّهُ يُحِبُّ السِّوَاكَ فَقُلْتُ آخُذُهُ لَكَ فَأَشَارَ بِرَأْسِهِ أَنْ نَعَمْ، فَتَنَاوَلْتُهُ فَاشْتَدَّ عَلَيْهِ وَقُلْتُ أُلَيِّنُهُ لَكَ فَأَشَارَ بِرَأْسِهِ أَنْ نَعَمْ، فَلَيَّنْتُهُ، وَبَيْنَ يَدَيْهِ رَكْوَةٌ ـ أَوْ عُلْبَةٌ يَشُكُّ عُمَرُ ـ فِيهَا مَاءٌ، فَجَعَلَ يُدْخِلُ يَدَيْهِ فِي الْمَاءِ فَيَمْسَحُ بِهِمَا وَجْهَهُ يَقُولُ ‏”‏ لاَ إِلَهَ إِلاَّ اللَّهُ، إِنَّ لِلْمَوْتِ سَكَرَاتٍ ‏”‏‏.‏ ثُمَّ نَصَبَ يَدَهُ فَجَعَلَ يَقُولُ ‏”‏ فِي الرَّفِيقِ الأَعْلَى ‏”‏‏.‏ حَتَّى قُبِضَ وَمَالَتْ يَدُهُ‏.‏

ആഇശ(റ) പറയുന്നു: ”എനിക്ക് അല്ലാഹുവിന്റെ വലിയ ഒരു അനുഗ്രഹമായിരുന്നു നബി ﷺ എന്റെ വീട്ടില്‍, എന്റെ ദിവസത്തില്‍ എന്റെ മാറിടത്തിനും മടിത്തട്ടിനിടക്കും കിടന്ന് കൊണ്ടാണ് വഫാത്തായത് എന്നത്; അതുപോലെ അവിടുത്തെ വഫാതിന് മുമ്പ് എന്റെയും അവിടുത്തെയും ഉമിനീര്‍ ഒരുമിച്ചു കൂട്ടിയെന്നതും. എന്റെയടുത്ത് അബ്ദുര്‍റഹ്മാന്‍ പ്രവേശിച്ചു, കയ്യില്‍ ഒരു മിസ്‌വാകുമുണ്ടായിരുന്നു. നബി ﷺ എന്നില്‍ ചാരിക്കിടക്കെ ആ മിസ്‌വാകിലേക്ക് നോക്കി. അവിടുന്ന് മിസ്‌വാക് ആഗ്രഹിക്കുന്നുവെന്നെനിക്ക് മനസ്സിലായി. ഞാന്‍ ചോദിച്ചു: ‘അത് താങ്കള്‍ക്ക് ഞാന്‍ വാങ്ങിച്ച് തരട്ടെയോ?’ അവിടുന്ന് ശിരസ്സ്‌കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് വാങ്ങിക്കൊടുത്തു. അത് പരുപരുത്തതായിരുന്നു. ഞാന്‍ ചോദിച്ചു: ‘ഞാനത് ലോലമാക്കി തരട്ടെയോ?’ അവിടുന്ന് ശിരസ്സ്‌കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ഞാനത് കടിച്ച് ലോലമാക്കി കൊടുത്തു. അവിടുന്ന് തന്റെയരികിലുള്ള പാത്രത്തിലെ വെള്ളത്തില്‍ കയ്യിട്ട് തന്റെ മുഖം തടവിക്കൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. നിശ്ചയം മരണത്തിന് അസഹനീയമായ വേദനയുണ്ട്’. ശേഷം തന്റെ കൈകള്‍ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: ‘ഉന്നതരായ കൂട്ടുകാരുടെ അടുത്തേക്ക്.’ അങ്ങനെ അവിടുന്ന് വഫാതാവുകയും കൈകള്‍ താഴുകയും ചെയ്തു. (ബുഖാരി: 4449)

عَنْ أَنَسٌ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: أَكْثَرْتُ عَلَيْكُمْ فِي السِّوَاكِ ‏‏

അനസ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: പല്ല് തേച്ച് വൃത്തിയാക്കുന്ന കാര്യത്തിൽ ഞാൻ നിങ്ങളെ വളരെയേറെ ഉപദേശിച്ചിട്ടുണ്ട്.(ബുഖാരി: 888)

قال ابن القيم رحمه الله في السواك عدة منافع : يطيب الفم ، ويشد اللثة ، ويقطع البلغم، ويجلو البصر، ويذهب بالحفر ، ويصح المعدة ، ويصفي الصوت ، ويعين على هضم الطعام ، ويسهل مجاري الكلام ، وينشط للقراءة والذكر والصلاة، ويطرد النوم، ويرضي الرب، ويعجب الملائكة، ويكثر الحسنات

ഇമാം ഇബനുല്‍ ഖയ്യിം(റഹി) മിസ്വാക്ക് ചെയ്യുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ച് പറഞ്ഞു: അത് വായ സുഗന്ധമുള്ളതാക്കും. മോണയെ അത് ശക്തിപ്പെടുത്തുന്നു. കഫം മുറിച്ച് കളയുന്നു. കാഴ്ചയെ അത് വ്യക്തമുള്ളതാക്കും. പല്ലിലെ മഞ്ഞനിറത്തെ അത് ഇല്ലാതാക്കും. ആമാശയത്തെ അത് ആരോഗ്യമുള്ളതാക്കും. ശബ്ദത്തെ അത് നന്നാക്കും. ഭക്ഷണത്തെ അത് ദഹിപ്പിക്കും, സംസാരത്തിന് സ്ഫുടതയുണ്ടാക്കും. ഖു൪ആന്‍ പാരായണത്തിനും, ദിക്റിനും, നമസ്കാരത്തിനും ഉന്‍മേഷമുണ്ടാക്കും. ഉറക്കത്തെ നീക്കും, റബ്ബ് തൃപ്തിപ്പെടും, മലക്കുകള്‍ ഇഷ്ടപ്പെടും, നന്‍മകളെ അധികരിപ്പിക്കും. (സാദുല്‍ മആദ്)നാവ് വൃത്തിയാക്കലും സുന്നത്താണ്.

عَنْ أَبِي مُوسَى، قَالَ دَخَلْتُ عَلَى النَّبِيِّ صلى الله عليه وسلم وَطَرَفُ السِّوَاكِ عَلَى لِسَانِهِ ‏.‏

ആബൂമൂസയില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബിﷺയുടെ അടുക്കല്‍ പ്രവേശിച്ചു. അദ്ദേഹം നാവില്‍ മിസ്വാക്ക് ഉപയോഗിക്കുകയായിരുന്നു. (മുസ്ലിം:254)

മിസ്‌വാക് ചെയ്യലിന്റെ പ്രാധാന്യം ഈ ഹദീസുകളില്‍ നിന്നെല്ലാം വ്യക്തമാണ്. എന്നാല്‍ അധികമാളുകളും ഈ വി‍ഷയത്തില്‍ അശ്രദ്ധരാണ്.

قال الصنعاني: فواعجباً لسُنَّةٍ تأتي فيها الأحاديث الكثيرةُ ثم يُهمِلُها كثير من الناس، بل كثير من الفقهاءِ، فهذه خيبة عظيمة.

ഇമാം സ്വന്‍ആനി(റഹി) പറഞ്ഞു: ഈ സുന്നത്തിന്റെ കാര്യം അല്‍ഭുതം തന്നെ. ഈ വിഷയത്തില്‍ ധാരാളക്കണക്കിന് ഹദീസുകള്‍ വന്നിട്ടുണ്ട്. പിന്നീട് ജനങ്ങള്‍ അധികപേരും ഇതിന്റെ കാര്യത്തില്‍ അശ്രദ്ധരായി. മാത്രമല്ല, ഫുഖഹാഖളില്‍ വലിയൊരു വിഭാഗവും (ഇതില്‍ അശ്രദ്ധരായി). ഇത് വല്ലാത്തൊരു പരാജയം തന്നെ.

قال ابن العربي: لازَمَ النبي – صلى الله عليه وسلم – السواك فعلاً، وندب إليه أمرًا، حتى قال في الحديث الصحيح: (لولا أن أشق على أمتي لأمرتهم بالسواك عند كل وضوء)، وما غفل عنه قط؛ بل كان يتعاهده ليلاً ونهارًا،

ഇബ്നുല്‍ അറബി(റഹി) പറഞ്ഞു: നബി ﷺ ഉപേക്ഷ വരുത്താതെ മിസ്‌വാക് ചെയ്യുമായിരുന്നു. ജനങ്ങളോട് അത് കല്‍പ്പിക്കുകയും ചെയ്തു. അവിടുന്ന പറഞ്ഞു: ‘എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലായെങ്കിൽ എല്ലാ വുളുവിനോടൊപ്പവും പല്ല് തേക്കാന്‍ കൽപിക്കുമായിരുന്നു’. അതില്‍ ഒരിക്കലും അവിടുന്ന് അശ്രദ്ധനായിട്ടില്ല. അവിടുന്ന് രാവും പകലും ഇത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. (അഹ്കാമുല്‍ ഖു൪ആന്‍ : 2/79)

അധികമാളുകളും ഉറങ്ങാന്‍ നേരത്തും ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴുമാണ് മിസ്വാക് ചെയ്യുന്നത്. അതും ഒരു عادة (പതിവ്) എന്ന നിലക്ക്. ഹദീസില്‍ വന്നിട്ടുള്ള പോലെ മറ്റ് സന്ദ൪ഭങ്ങളില്‍ അത് സുന്നത്താണെന്ന നിലക്ക് നി൪വ്വഹിക്കുന്നുമില്ല. അത് കൃത്യമായി നി൪വ്വഹിക്കുന്നവരെയാകട്ടെ പഴഞ്ചനായി പലരും കാണുകയും ചെയ്യുന്നു.

قال الإمام الشافعي رحمه الله : أربعة تزيد في العقل: ترك الفضول من الكلام، السواك، مجالسة الصالحين، مجالسة العلماء

ഇമാം ശാഫി رحمه الله പറഞ്ഞു: നാല് കാര്യങ്ങൾ ബുദ്ധിയെ വർദ്ധിപ്പിക്കും, ഉപകാരമില്ലാത്ത സംസാരം ഒഴിവാക്കൽ, പല്ല് തേക്കൽ, സ്വാലിഹീങ്ങളായ സജ്ജനങ്ങളുമായി സഹവസിക്കൽ, ഉലമാക്കളുമായി സഹവസിക്കൽ. [الطب النبوي (312)]

ദന്തങ്ങൾക്ക് ബലവും മോണക്കു ശക്തിയും ശബ്ദത്തിനു തെളിമയും മനുഷ്യനു ഉന്മേഷവും തുടങ്ങി മറ്റു ചില ഗുണങ്ങൾകൂടി ദന്തശുദ്ധിക്കു പറയപ്പെട്ടിട്ടുണ്ട്.

ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ‘മിസ്‌വാക്’ എന്ന അറബി പദം കൊണ്ട് ഉദ്ദേശിക്കുന്നത് ‘അറാക്ക്’ എന്ന അറബിയില്‍ അറിയപ്പെടുന്ന ”സല്‍വഡൊറ പേര്‍സികാ” എന്ന വൃക്ഷത്തിന്റെ ചെറിയ കമ്പുകളാണ്. അണുനാശക സ്വഭാവമുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ പ്രകൃതിദത്തമായ ഈ വസ്തു അറേബ്യന്‍ നാടുകളില്‍ ഇപ്പോഴും ടൂത്ത് ബ്രഷിനു പകരമായി ഉപയോഗിക്കുന്നുണ്ട്. പണ്ഢിതന്‍മാരൊക്കെ അറാക്ക് കൊണ്ട് മിസ്‌വാക് ചെയ്യുന്നതിന് ഏറെ ശ്രേഷ്ടകരമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നമ്മുടെ നാടുകളില്‍ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് കൊണ്ട് മിസ്‌വാക് ചെയ്യുമ്പോഴും ഈ പുണ്യവും പ്രതിഫലവും ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

മിസ്‌വാക് ചെയ്യുന്നതിന്റെ ഭൌതികമായ പ്രയോജനങ്ങള്‍ മനസ്സിലാക്കിയവരാണ് നാമെല്ലാവരും. എന്നാല്‍ അത് ഒരു ഇബാദത്താണെന്ന് കരുതി അല്ലാഹുവില്‍ നിന്നുള്ള പുണ്യവും പ്രതിഫലവും പ്രതീക്ഷിച്ച് ചെയ്യുന്നിടത്താണ് വിജയം.

എന്തുകൊണ്ടാണ് സിവാകു് ചെയ്യേണ്ടത്?

പൊട്ടിപ്പോകാത്തതും നനവുള്ളതും വായയിൽ മുറിവേൽപിക്കാത്തതുമായ കോലുകൊണ്ട് സിവാക്ക് ചെയ്യൽ സുന്നത്താകുന്നു. തിരുനബിﷺ അറാക്കിന്റെ കൊള്ളികൊണ്ട് സിവാക്ക് ചെയ്യുമായിരുന്നു. വലതുകൈകൊണ്ടും ഇടതുകൈകൊണ്ടും സിവാക്കു ചെയ്യാവുന്നതാണ്. ഇതിൽ വിശാലമായ സമീപനമാണുള്ളത്.

വുദ്വൂഇന്റെ അവസരത്തിൽ മിസ്‌വാക്ക് തന്റെ പക്കലില്ലെങ്കിൽ വിരലുകൾകൊണ്ട് സിവാക്ക് അനുവദനീയമാകുന്നു. തിരുനബിയുടെ വുദ്വൂഇന്റെ രീതി അലിയ്യ്(റ) നിവേദനം ചെയ്തപ്പോൾ പ്രസ്തുത റിപ്പോർട്ടിലുള്ളതുപോലെ.

നോമ്പുകാരന്‍ പല്ല് തേക്കുന്നതിന്റെ വിധി എന്താണ്?

നോമ്പുകാരന്‍ മിസ്‌വാക് ചെയ്യുന്നത് പ്രവാചക ചര്യയില്‍ പെട്ടതാണ്. പകലിന്റെ ആദ്യമെന്നോ അവസാനമെന്നോ ഇതിന് വ്യത്യാസമില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ വെറുക്കപ്പെട്ടതാണെന്ന ചില മദ്ഹബീ പണ്ഡിതന്മാരുടെ അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുകയും അത് പിന്നീട് പാടില്ലാത്ത കാര്യമായി പരിഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് നബിﷺയില്‍ നിന്ന് പ്രത്യേകമായി വിലക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ പ്രത്യുത വാദങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് മനസ്സിലാക്കാം.

السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ

നബി ﷺ പറഞ്ഞു: പല്ല് തേക്കല്‍ വായക്ക് ശുദ്ധീകരണവും അല്ലാഹുവിന് തൃപ്തിയുള്ള കാര്യവുമാണ്. (നസാഇ:5)

ഈ ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍നല്‍കിയത് باب سِوَاكِ الرَّطْبِ وَالْيَابِسِ لِلصَّائِمِ – ഉണങ്ങിയതും നനഞ്ഞതുമായവ കൊണ്ട് നോമ്പുകാരന്‍ പല്ലു തേക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന അദ്ധ്യായത്തിലാണ്. നോമ്പുകാര്‍ നനഞ്ഞ വസ്തു കൊണ്ട് പല്ലു തേക്കുന്നത് വെറുക്കപ്പെട്ട കാര്യമാണെന്ന ചിലരുടെ അഭിപ്രായത്തിന് മറുപടിയായാണ്‌ ഇമാം ബുഖാരി ഈ റിപ്പോര്‍ട്ട പ്രസ്തുത അദ്ധ്യായത്തില്‍ കൊണ്ടു വന്നതെന്ന് ഇമാം ഇബ്‌നു ഹജര്‍ അസ്ഖലാനി(റഹി) പറഞ്ഞിട്ടുണ്ട്.

ഏതെങ്കിലുമൊരു സന്ദർഭത്തിൽ പല്ല് തേക്കുന്നത് അല്ലാഹുവിന് തൃപ്തികരമല്ലാതെയില്ല എന്നാണ് ഹദീസിന്റെ പ്രത്യക്ഷ സൂചന. മാത്രവുമല്ല നോമ്പുകാരനെ സംബന്ധിച്ചിടത്തോളം ഭക്ഷണമോ വെള്ളമോ വായിലേക്ക് പ്രവേശിക്കാതെ കൂടുതൽ സമയം കഴിച്ചുകൂട്ടുന്നതിനാൽ വായയുടെ മണത്തിൽ വ്യത്യാസമുണ്ടാകും. ഇത് നീക്കാൻ അവൻ കൂടുതൽ പല്ല് തേക്കുകയാണ് വേണ്ടത്. (ശർഹുൽ മുംതിഅ് / ഇബ്നു ഉസൈമീൻ:1/147)

وَقَالَ ابْنُ سِيرِينَ لاَ بَأْسَ بِالسِّوَاكِ الرَّطْبِ. قِيلَ لَهُ طَعْمٌ. قَالَ وَالْمَاءُ لَهُ طَعْمٌ، وَأَنْتَ تُمَضْمِضُ بِهِ.

ഇമാം ഇബ്‌നു സീരീന്‍(റഹി) പറഞ്ഞു: ഈര്‍പ്പമുള്ള പച്ച അറാക്കിന്റെ മിസ്‌വാക് കൊണ്ട് പല്ലുതേക്കാം. ആ കമ്പിന് രുചിയുണ്ടാവുമല്ലോ എന്ന് ആളുകള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: വെള്ളത്തിനും അതിന്റേതായ രുചിയുണ്ടല്ലോ, എന്നിട്ടും നിങ്ങള്‍ വായില്‍ വെള്ളം കൊപ്ലിക്കുന്നില്ലേ. (ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ باب اغْتِسَالِ الصَّائِمِ – നോമ്പുകാരന്റെ കുളിയെ കുറിച്ചുള്ള അധ്യായത്തില്‍ രേഖപ്പെടുത്തിയത്)

നോമ്പുകാരന്‍ മിസ്‌വാക് ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇതെല്ലാം വെച്ചുകൊണ്ടാണ് പേസ്റ്റ് ഉപയോഗിച്ച് നോമ്പുകാരന് എപ്പോള്‍ വേണമെങ്കിലും പല്ലുതേക്കാമെന്ന് ആധുനികരായ ഫുഖഹാക്കള്‍ ഫത്‌വ നല്‍കിയിട്ടുള്ളത്. എന്നാല്‍ അവ ഉള്ളിലേക്ക് ഇറങ്ങാതെ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്.

ഇമാം ഇബ്നുൽ ഖയ്യിം(റഹി) പറഞ്ഞു: നോമ്പുകാരന് പകലിന്റെ ആദ്യത്തിലോ അവസാനത്തിലോ പല്ലുതേക്കുന്നത് നബി ﷺ വിലക്കിയിട്ടുണ്ട് എന്നത് സ്ഥിരപ്പെട്ടിട്ടില്ല, മറിച്ച് അതിന് നേർവിപരീതമായിട്ടാണ് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. (സാദുൽ മആദ്:2/63)

വെള്ളിയാഴ്ച ദിവസം പല്ല് തേക്കുന്നത് പ്രത്യേകം സുന്നത്താണോ?

വെള്ളിയാഴ്ച ദിവസത്തെ ജുമുഅ നമസ്കാരത്തിന് വേണ്ടി പല്ല് തേക്കുക എന്നത് സുന്നത്താണ്. നാല് മദ്ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : غُسْلُ يَوْمِ الْجُمُعَةِ عَلَى كُلِّ مُحْتَلِمٍ وَسِوَاكٌ وَيَمَسُّ مِنَ الطِّيبِ مَا قَدَرَ عَلَيْهِ

അബൂസഈദിൽ ഖുദ്രിയ്യ്(റ) വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: വെള്ളിയാഴ്‌ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ വ്യക്തിയുടെ മേൽ നിർബന്ധമാണ്, പല്ല് തേക്കലും. സാധ്യമാകുന്ന സുഗന്ധവും അവൻ പുരട്ടട്ടെ. (മുസ്ലിം:846)

വലത് കൈ കൊണ്ട് പല്ല് തേക്കുക, വായയുടെ വലത് ഭാഗം കൊണ്ട് ആരംഭിക്കുക

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحِبُّ التَّيَمُّنَ فِي طُهُورِهِ وَتَرَجُّلِهِ وَتَنَعُّلِهِ

ആഇശ (റ) വിൽ നിന്ന് നിവേദനം: നബി ﷺ ശുദ്ധീകരണത്തിലും മുടി ചീകുന്നതിലും ചെരുപ്പ് ധരിക്കുന്നതിലുമെല്ലാം വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി: 5854)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *