നബി ﷺ യുടെ ജനനവേളയിലെ സ്ഥിരപ്പെട്ട അത്ഭുതങ്ങൾ
(1) നബി ﷺ യുടെ മാതാവ് കണ്ട സ്വപ്നം
عَنِ العِرْبَاضِ بنِ سَارِيَةَ قَالَ: سَمِعْتُ رسُولَ اللَّهِ -ﷺ- يَقُولُ: إنِّي عِنْدَ اللَّهِ مَكْتُوبٌ بِخَاتَمِ النَّبِيِّينَ، وَإنَّ آدَمَ عَلَيهِ السَّلامُ لَمُنْجَدِلٌ في طِينَتِهِ، وسَأُخْبِرُكُمْ بِأَوَّلِ ذَلِكَ: دَعْوَةُ أَبِي إبْرَاهِيمَ، وبِشَارَةُ أخِي عِيسَى، ورُؤْيَا أُمِّي التِي رَأَتْ حِينَ وَضَعَتْنِي أَنَّهُ خَرَجَ مِنْهَا نُورٌ أضَاءَتْ لَهَا مِنْهُ قُصُورُ الشَّامِ
ഇർബാദ്വു ബ്നു സാരിയ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: ആദം عَلَيْهِ السَّلَامُ കളിമണ്ണിൽ പുതഞ്ഞു കിടക്കുന്ന സന്ദർഭത്തിൽ നബിമാരിൽ അന്തിമനബിയാണ് ഞാൻ എന്നത് അല്ലാഹുവിങ്കൽ രേഖപ്പെടുത്തപ്പെട്ട നിലയിലുണ്ട്. അതിന്റെ ആരംഭത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു നൽകാം: എന്റെ പിതാവായ ഇബ്രാഹീമിന്റെ പ്രാർത്ഥനയും, എന്റെ സഹോദരനായ ഈസയുടെ സന്തോഷവാർത്തയും, എന്നെ പ്രസവിച്ച വേളയിൽ എന്റെ ഉമ്മ കണ്ട സ്വപ്നവുമാണത്. ഉമ്മയിൽ നിന്ന് ഒരു പ്രകാശം പുറപ്പെടുകയും, അത് മുഖേന ശാമിലെ കൊട്ടാരങ്ങൾ പ്രകാശിക്കുകയും ചെയ്യുന്നതായിരുന്നു ഉമ്മയുടെ സ്വപ്നം. (അഹ്മദ്: 17163 -സ്വഹീഹ് അൽബാനി)
നബി ﷺ യുടെ കൈകളിലൂടെ ജനങ്ങളിലേക്ക് എത്താനിരിക്കുന്ന അല്ലാഹുവിന്റെ മതമായ ഇസ്‌ലാമാണ് നബി ﷺ യുടെ മാതാവ് സ്വപ്നത്തിൽ ദർശിച്ച വെളിച്ചം. ആ വെളിച്ചം ശിർകിന്റെയും കുഫ്റിന്റെയും ഇരുട്ടുകളെ വകഞ്ഞു നീക്കുകയും, ഇസ്‌ലാമിന്റെയും ഈമാനിന്റെയും പ്രകാശം പരത്തുകയും ചെയ്തു. (ലത്വാഇഫുൽ മആരിഫ്/ഇബ്‌നു റജബ്: 79)
ഇബ്‌നു കഥീർ رَحِمَهُ اللَّهُ പറഞ്ഞു: നബി ﷺ യുടെ പ്രകാശം ശാമിനെ പ്രകാശപൂരിതമാക്കുമെന്ന് പ്രത്യേകമായി സ്വപ്നത്തിൽ ദർശിച്ചതിൽ ഇസ്‌ലാം ശാമിൽ നിലയുറപ്പിക്കുമെന്ന സൂചനയുണ്ട്. അവസാന കാലഘട്ടത്തിൽ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കേന്ദ്രമായി ശാം മാറുന്നതാണ്. ശാമിൽ തന്നെയാണ് ഈസ ബ്നു മർയം ഇറങ്ങുന്നതും. (തഫ്സീർ ഇബ്നു കഥീർ: 1/317)
(2) പ്രവചനങ്ങളുടെ പുലർച്ച
عَنْ حَسَّانَ بنِ ثَابِتٍ قَالَ: واللَّهِ إنِّي لَغُلَامٌ يَفَعَةٌ ابنُ سَبْعٍ أَوْ ثَمَانٍ، أعْقِلُ كُلَّ مَا سَمِعْتُ، إذْ سَمِعْتُ يَهُودِيًّا يَصْرَخُ بِأَعْلَى صَوْتِهِ عَلَى أُطُمٍ بِيَثْرِبَ: يا مَعْشَرَ يَهُودَ، حتَّى إِذَا اجْتَمَعُوا إِلَيْهِ، قَالُوا لَهُ: وَيْلَكَ مَالَكَ؟ قَالَ: طَلَعَ اللَّيْلَةَ نَجْمُ أَحْمَدَ الذِي وُلِدَ بِهِ.
ഹസ്സാനു ബ്നു ഥാബിത് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹു സത്യം! എനിക്ക് ഏഴോ എട്ടോ വയസ്സ് പ്രായമുള്ള സമയം. പ്രായപൂർത്തി എത്താനായിട്ടുള്ളുവെങ്കിലും കേൾക്കുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ള പ്രായം. അങ്ങനെയിരിക്കെ, ഒരു യഹൂദൻ യഥ്രിബിലെ (മദീനയിലെ) ഉയരമുള്ള ഒരിടത്ത് നിന്നുകൊണ്ട് ഉച്ചത്തിൽ യഹൂദരെ വിളിച്ചു കൂട്ടുന്നത് ഞാൻ കേട്ടു. അവരെല്ലാം അയാളുടെ അരികിൽ ഒരുമിച്ചു കൂടി. കാര്യമന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു: ഇന്ന് രാത്രി ജനിച്ച അഹ്മദിന്റെ നക്ഷത്രം ഇതാ ഉദിച്ചിരിക്കുന്നു. (സീറതു ഇബ്നി ഹിശാം: 1/196, അൽബാനി സനദ് ഹസൻ ആണ് എന്ന് വിലയിരുത്തി.)
യഹൂദരുടെയും നസ്വാറാക്കളുടെയും വേദഗ്രന്ഥങ്ങളിൽ നബി ﷺ യുടെ ആഗമനത്തെ കുറിച്ചുള്ള അനേകം സൂചനകളും അടയാളങ്ങളുമുണ്ടായിരുന്നു. ഈ നക്ഷത്രത്തെ കുറിച്ചുള്ള വിവരം അതിൽ പെട്ടതായിരിക്കാം.
ജനങ്ങൾക്കിടയിൽ പ്രചരിച്ചിട്ടുള്ള നബി ﷺ യുടെ ജനനവേളയിലെ സ്ഥിരപ്പെടാത്ത അത്ഭുതങ്ങൾ
(1) നബി ﷺ ജനിച്ച ദിവസം കിസ്റായുടെ കൊട്ടാരം വിറച്ചു.
(2) കിസ്റയുടെ കൊട്ടാരത്തിലെ പതിനാല് മിനാരങ്ങൾ വിറകൊണ്ടു.
(3) അഗ്നിയാരാധകരായിരുന്ന മജൂസികളുടെ അഗ്നി കെട്ടുപോയി.
(4) ബുഹൈറാ തടാകം വറ്റിവരണ്ടു.
(5) ബുഹൈറാ തടാകത്തിന് ചുറ്റുമുണ്ടായിരുന്ന വിഗ്രഹങ്ങൾ താഴെവീണു.
ഈ സംഭവങ്ങളൊന്നും നബി ﷺ ജനിച്ച ദിവസം നടന്നതായി സ്ഥിരപ്പെട്ടിട്ടില്ല എന്ന് ഇമാം ദഹബി രേഖപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് മുഹമ്മദ് ഗസാലി പറയുന്നു: അനീതിയുടെ ചങ്ങലക്കെട്ടുകളിൽ നിന്ന് മനുഷ്യർ പുറത്തു കടന്നത് ചിത്രീകരിക്കാൻ ആഗ്രഹിച്ച ചിലരുടെ നിർമ്മിതകളാണ് ഈ കഥകളെല്ലാം. നബി ﷺ യുടെ മഹത്വത്തിന് ഇത്തരം കഥകളുടെ ആവശ്യമില്ല. ചരിത്രത്തിൽ അവിടുത്തേക്കുള്ള മഹത്തരമായ സ്ഥാനം തന്നെ നമുക്ക് മതിയാകുവോളമുണ്ട്. (ഫിഖ്‌ഹുസ്സീറ: 58-59)
kanzululoom.com