മരണപ്പെട്ട വ്യക്തിക്ക് പരലോകത്ത് ഗുണം ലഭിക്കുവാനും പാപങ്ങൾ പൊറുത്തു കൊടുക്കുവാനും അല്ലാഹുവിനോട് പ്രാർത്ഥിക്കുവാനുള്ള കർമ്മത്തെയാണ് മയ്യിത്ത് നമസ്കാരം എന്ന് പറയുന്നത്. മയ്യിത്ത് നമസ്കാരം സാമൂഹ്യ ബാധ്യതയായ ഫ൪ള് കിഫയാണ്. ആരെങ്കിലും അത് നി൪വ്വഹിച്ചാല്‍ എല്ലാവരും കുറ്റത്തില്‍ നിന്ന് ഒഴിവാകും. ആരും അത് നി൪വ്വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാകും. ഏറെ പ്രതിഫലമായ ഒരു ക൪മ്മമാണ് മയ്യിത്തിന് വേണ്ടി നമസ്കരിക്കല്‍.
أَنَّ أَبَا هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ شَهِدَ الْجَنَازَةَ حَتَّى يُصَلِّيَ عَلَيْهَا فَلَهُ قِيرَاطٌ، وَمَنْ شَهِدَ حَتَّى تُدْفَنَ كَانَ لَهُ قِيرَاطَانِ ”. قِيلَ وَمَا الْقِيرَاطَانِ قَالَ ” مِثْلُ الْجَبَلَيْنِ الْعَظِيمَيْنِ ”
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും ഒരു മയ്യിത്തിന് നമസ്കരിക്കുന്നത് വരെ ഹാജരായാല്‍ അവന് ഒരു ഖീറാത്തു പ്രതിഫലമുണ്ട്. എന്നാല്‍ വല്ലവനും അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാല്‍ അവന് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: വലിയ രണ്ട് പര്‍വ്വതം പോലെ. (ബുഖാരി:1325)
അതേപോലെ സത്യവിശ്വാസികളുടെ മയ്യിത്ത് നമസ്കാരം കൊണ്ട് ആ മയ്യിത്തിനും ഗുണം ലഭിക്കും.
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا مِنْ مَيِّتٍ يُصَلِّي عَلَيْهِ أُمَّةٌ مِنَ الْمُسْلِمِينَ يَبْلُغُونَ مِائَةً كُلُّهُمْ يَشْفَعُونَ لَهُ إِلاَّ شُفِّعُوا فِيهِ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നൂറോളം പേരടങ്ങുന്ന ഒരു സംഘം മുസ്ലിംകൾ ഒരു മയ്യിത്തിന് വേണ്ടി ശുപാർശ ചെയ്തുകൊണ്ട് നമസ്കരിച്ചാൽ അവരുടെ ശുപാർശ സ്വീകരിക്കപ്പെടാതിരിക്കുകയില്ല. (മുസ്‌ലിം: 947)
مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَى جَنَازَتِهِ أَرْبَعُونَ رَجُلاً لاَ يُشْرِكُونَ بِاللَّهِ شَيْئًا إِلاَّ شَفَّعَهُمُ اللَّهُ فِيهِ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു. ഒരു മുസ്‌ലിമായ മനുഷ്യൻ മരിക്കുകയും, അല്ലാഹുവിൽ യാതൊന്നും പങ്ക് ചേർക്കാത്തവരായ നാൽപത് പേർ അവന്റെ ജനാസ നമസ്‌കാരം നിർവഹിക്കുകയും ചെയ്‌താൽ അവന്റെ കാര്യത്തിലുള്ള അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല. (മുസ്‌ലിം: 948)
എല്ലാ നമസ്കാരത്തിലേയും പോലെ മയ്യിത്ത് നമസ്ക്കാരത്തിലും വുളൂഅ്, ഖിബ് ലക്ക് നേരെ നിൽക്കൽ, നിയ്യത്ത് എന്നിവ പാലിക്കേണ്ടതാണ്. ജമാഅത്തായിട്ടാണ് മയ്യിത്ത് നമസ്കാരം നിർവ്വഹിക്കേണ്ടത്. ജനങ്ങൾ ഇമാമിനു പിന്നിൽ സ്വഫ്ഫുകളായി നിൽക്കുക. ഇനി ഒരാൾ മാത്രമേയുള്ളൂവെങ്കിലും അയാൾ ഒറ്റക്ക് മയ്യിത്ത് നമസ്കരിക്കണം.
മയ്യിത്ത് നമസ്കാരത്തില്‍ നാല് തക്ബീറുകളാണ് പ്രബലമായി സ്ഥിരപ്പെട്ട് വന്നിട്ടുള്ളത്. ഓരോ തക്ബീറിനോടൊപ്പവും മറ്റ് നമസ്കാരങ്ങളിൽ തക്ബീറത്തുൽ ഇഹ്റാം നിർവ്വഹിക്കാറുള്ളതുപോലെ രണ്ട് കൈകൾ ചുമലുകൾക്ക് നേരെ ഉയർത്തിയ ശേഷം നെഞ്ചുകളിൽ വെക്കുക. മറ്റ് നമസ്കാരങ്ങളിലേതുപോലെ മയ്യിത്ത് നമസ്കാരത്തിൽ സുജൂദോ റുകൂഓ ഇല്ല. പുരുഷന്റെ മയ്യിത്താണെങ്കില്‍ നമസ്കാര സമയത്ത് ഇമാം മയ്യിത്തിന്റെ തലഭാഗത്ത് ചേ൪ന്നും സ്ത്രീയുടെ മയ്യിത്താണെങ്കില്‍ ഇമാം മയ്യിത്തിന്റെ മധ്യഭാഗത്ത് ചേ൪ന്നുമാണ് നില്‍ക്കേണ്ടത്.
عَنْ أَبِي غَالِبٍ، قَالَ صَلَّيْتُ مَعَ أَنَسِ بْنِ مَالِكٍ عَلَى جَنَازَةِ رَجُلٍ فَقَامَ حِيَالَ رَأْسِهِ ثُمَّ جَاءُوا بِجَنَازَةِ امْرَأَةٍ مِنْ قُرَيْشٍ فَقَالُوا يَا أَبَا حَمْزَةَ صَلِّ عَلَيْهَا . فَقَامَ حِيَالَ وَسَطِ السَّرِيرِ . فَقَالَ لَهُ الْعَلاَءُ بْنُ زِيَادٍ هَكَذَا رَأَيْتَ النَّبِيَّ صلى الله عليه وسلم قَامَ عَلَى الْجَنَازَةِ مُقَامَكَ مِنْهَا وَمِنَ الرَّجُلِ مُقَامَكَ مِنْهُ قَالَ نَعَمْ . فَلَمَّا فَرَغَ قَالَ احْفَظُوا .
അബൂഗാലിബ്(റ) പറയുന്നു: ഞാൻ അനസ്(റ)വിൻ്റെ പിന്നിൽ ഒരു പുരുഷൻ്റെ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തു, അപ്പോൾ അദ്ദേഹം തലക്ക് നേരെയായിരുന്നു നിന്നത്, ശേഷം ഖുറൈശികളിൽ നിന്നുള്ള ഒരു സ്ത്രീയുടെ മയ്യിത്ത് കൊണ്ടുവന്നു. അവര്‍ പറഞ്ഞു:ഹേ അബൂഹംസ, അവൾക്ക് വേണ്ടി നമസ്കരിക്കുക. അങ്ങനെ കട്ടിലിൻ്റെ മദ്ധ്യത്തിലായി അദ്ധേഹം നിന്നു. എന്നിട്ട് അലാഉ ബ്നു സിയാദ്(റ) അവരോട് പറഞ്ഞു: ഇങ്ങനെയാണോ നബി (സ)യെ നിങ്ങൾ കണ്ടിട്ടുള്ളത്. അദ്ധേഹം പറഞ്ഞു: അതെ. പൂർത്തിയാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളും അത് ശ്രദ്ധിക്കുക. (തിർമിദി:1034)
عَنْ سَمُرَةَ ـ رضى الله عنه ـ قَالَ صَلَّيْتُ وَرَاءَ النَّبِيِّ صلى الله عليه وسلم عَلَى امْرَأَةٍ مَاتَتْ فِي نِفَاسِهَا، فَقَامَ عَلَيْهَا وَسَطَهَا.
സംറത്തുബ്നുജുൻദുബ്(റ) പറയുന്നു: പ്രസവഘട്ടത്തിൽ മരണപ്പെട്ട ഒരു സ്‌ത്രീക്ക് വേണ്ടി മയ്യിത്ത് നമസ്‌കാരം നബി ﷺ യുടെ കൂടെ ഞാൻ നിർവ്വഹിക്കുകയുണ്ടായി. അപ്പോൾ അവളുടെ മദ്ധ്യഭാഗത്താണ് നബി ﷺ നിന്നത്. (ബുഖാരി: 1331)
ഒന്നാമത്തെ തക്ബീറിന് ശ്ഷം സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യുക.
عَنْ طَلْحَةَ بْنِ عَبْدِ اللَّهِ بْنِ عَوْفٍ، قَالَ صَلَّيْتُ خَلْفَ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَلَى جَنَازَةٍ فَقَرَأَ بِفَاتِحَةِ الْكِتَابِ قَالَ لِيَعْلَمُوا أَنَّهَا سُنَّةٌ
ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: അദ്ധേഹം ജനാസ നമസ്‌കരിക്കുമ്പോൾ സൂറത്തുൽ ഫാതിഹ (ഉച്ചത്തില്‍) ഓതി. എന്നിട്ട് പറഞ്ഞു: അത് ഓതൽ നബിചര്യയാണെന്ന് അവർ മനസ്സിലാക്കാനാണ് ഞാൻ അങ്ങിനെ ചെയ്‌തത് (ഉച്ചത്തിൽ ഓതിയത്) (ബുഖാരി: 1335)
തുടർന്ന് രണ്ടാമത്തെ തക്ബീർ ചൊല്ലി, കൈകൾ മുകളിൽ പറഞ്ഞതുപോലെ അഴിച്ച് കെട്ടുക. രണ്ടാമത്തെ തക്ബീറിന് ശേഷം നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലുക
اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്
അല്ലാഹുവേ, ഇബ്രാഹീമിനും (അ) കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി ﷺ ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും(അ) കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി ﷺ യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.
തുടർന്ന് മൂന്നാമത്തെ തക്ബീർ ചൊല്ലി, കൈകൾ മുകളിൽ പറഞ്ഞതുപോലെ അഴിച്ച് കെട്ടുക. മൂന്നാമത്തെ തക്ബീറിനു ശേഷം മയ്യിത്തിന് വേണ്ടി പ്രാ൪ത്ഥിക്കുക
اللهُـمِّ اغْفِـرْ لَهُ ، وَارْحَمْـه ، وَعافِهِ ، وَاعْفُ عَنْـه ، وَأَكْـرِمْ نُزُلَـه ، وَوَسِّـعْ مُدْخَـلَه ، وَاغْسِلْـهُ بِالْمـاءِ وَالثَّـلْجِ وَالْبَـرَدْ ، وَنَقِّـهِ مِنَ الْخطـايا كَما نَـقّيْتَ الـثَّوْبُ الأَبْيَـضُ مِنَ الدَّنَـسْ ، وَأَبْـدِلْهُ داراً خَـيْراً مِنْ دارِه ، وَأَهْلاً خَـيْراً مِنْ أَهْلِـه ، وَزَوْجَـاً خَـيْراً مِنْ زَوْجِه ، وَأَدْخِـلْهُ الْجَـنَّة ، وَأَعِـذْهُ مِنْ عَذابِ القَـبْر وَعَذابِ النّـار
അല്ലാഹുമ്മ ഗ്ഫിര്‍ ലഹു വര്‍ഹംഹു, വആഫിഹി വഅ്ഫു അന്‍ഹു, വഅക്’രിം നുസുലഹു, വവസ്സിഅ് മുദ്ഹലഹു, വഗ്സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബര്‍ദ്, വനക്കിഹി മിനല്‍ ഹത്വായാ കമാ നക്കയ്ത സ്സവ്ബല്‍ അബ്’യള്വ മിനദ്ദനസ്, വബ്ദില്‍ഹു ദാറന്‍ ഹയ്റന്‍ മിന്‍ ദാരിഹി, വഅഹ്ലന്‍ ഹൈറന്‍ മിന്‍ അഹ്ലിഹി, വസവ്ജന്‍ ഹൈറന്‍ മിന്‍ സവ്ജിഹി, വഅദ്ഹില്‍ഹുല്‍ ജന്ന, വഅഇദ്ഹു മിന്‍ അദാബില്‍ കബ്രി വഅദാബിന്നാര്‍.
അല്ലാഹുവേ, നീ ഇയാള്‍ക്ക് (പേര് പറയുക) പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൗഖ്യം നല്‍കുകയും മാപ്പ് കൊടുക്കുകയും ചെയ്യേണമേ. ഇയാളുടെ (പരലോക) പ്രവേശനം ആദരപൂര്‍വ്വം ആക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവ കൊണ്ട് ഇയാളെ (ഇയാളുടെ പാപത്തെ) ശുദ്ധിയാക്കേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഇയാളെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കേണമേ. ഇയാളുടെ ഭവനത്തേക്കാള്‍ ഉത്തമ ഭവനവും കുടുംബത്തേക്കാള്‍ ഉത്തമ കുടുംബവും ഇണയേക്കാള്‍ ഇത്തമമായ ഇണയേയും ഇയാള്‍ക്ക് നല്‍കേണമേ. ഇയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ. ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് ഇയാള്‍ക്ക് രക്ഷ നല്‍കേണമേ. (മുസ്ലിം :963)
عَنْ أَبِي هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ إِذَا صَلَّيْتُمْ عَلَى الْمَيِّتِ فَأَخْلِصُوا لَهُ الدُّعَاءَ
അബൂഹുറൈറ (റ) വിൽ നിന്നും നിവേദനം: നബി ﷺ പറയുന്നതു ഞാൻ കേട്ടു: മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കുമ്പോൾ നിങ്ങൾ അതിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക.
(അബൂദാവൂദ്: 3199)
മയ്യിത്ത് സ്ത്രീയാണെങ്കിൽ പ്രാർത്ഥനയിൽ അവൻ എന്നതിന് പകരം അവൾ എന്നാക്കി മാറ്റണം.
തുടർന്ന് നാലാമത്തെ തക്ബീർ ചൊല്ലി, കൈകൾ മുകളിൽ പറഞ്ഞതുപോലെ അഴിച്ച് കെട്ടുക. നാലാമത്തെ തക്ബീറിനു ശേഷവും പ്രാ൪ത്ഥിക്കുക
اللَّهُمَّ لَا تَحْرِمْنَا أَجْرَهُ ، وَلَا تَفْتِنَّا بَعْدَهُ
അല്ലാഹുമ്മ ലാ തഹ്’രിംനാ അജ്റഹു വലാ തഫ്തിന്നാ ബഅ്ദഹു
അല്ലാഹുവേ ഇതിന്റെ പ്രതിഫലം നീ ഞങ്ങള്‍ക്ക് തടയരുതേ, ഇദ്ദേഹത്തിന് ശേഷം നീ ഞങ്ങളെ നാശത്തിലാക്കരുതേ.
ശേഷം സലാം വീട്ടുക
اَلسَّلاٰمُ عَلَيْكُمْ وَرَحْمَةُ اللهِ
അസ്സലാമു അലൈകും വ ഫഹ്മതുല്ലാഹ്
ഒരു സലാം കൊണ്ടുമാത്രം നമസ്കാരത്തിൽ നിന്ന് വിരമിക്കലാണ് സുന്നത്ത്. രണ്ട് സലാം വീട്ടുന്നതിനും കുഴപ്പമില്ല.
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ ഒരു ജനാസക്ക് വേണ്ടി നമസ്കരിച്ചപ്പോൾ നാല് തക്ബീറുകൾ ചൊല്ലുകയും ഒരു സലാം വീട്ടുകയും ചെയ്തു. (ഹാകിം – ബൈഹഖി)
ശിശുവാണ് മരിച്ചതെങ്കില്‍ മയ്യിത്ത് നമസ്ക്കാരത്തില്‍ ഇപ്രകാരം പ്രാർത്ഥിക്കേണ്ടതാണ്.
اللهُـمِّ اجْعَلْـهُ لَنا فَرَطـاً، وَسَلَـفاً وَأَجْـراً
അല്ലാഹുമ്മ ജ്അല്‍ഹു ലനാ ഫറത്വന്‍, വ സലഫന്‍, വ അജ്റന്‍
അല്ലാഹുവേ ഇവനെ ഞങ്ങള്‍ക്ക് (പരലോകത്തേക്ക്) മുന്‍കൂട്ടിയുള്ള പ്രതിഫലവും നിക്ഷേപവും പ്രതിഫലവും ആക്കേണമേ. (ബുഖാരി)
മയ്യിത്ത് നമസ്കാരത്തില്‍ പ്രാ൪ത്ഥിക്കാവുന്ന മറ്റ് പ്രാ൪ത്ഥനകളും നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയൊക്കെ നമുക്ക് നി൪വ്വഹിക്കാവുന്നതാണ്.
ഇമാമിന്റെ കൂടെയുള്ള തക്ബീറുകൾ നഷ്ടപ്പെട്ടാൽ
മയ്യിത്ത് നമസ്കരിക്കാന്‍ വൈകി എത്തിയതിനാൽ ഒരാൾക്ക് ഇമാമിന്റെ കൂടെയുള്ള തക്ബീറുകൾ ഏതെങ്കിലും നഷ്ടപ്പെട്ടാൽ അയാൾ വരുന്ന സമയത്ത് ഇമാം ഏതൊരു നിലയിലാണോ ആ അവസ്ഥയിൽ തന്നെ ഇമാമിനെ പിന്തുടരേണ്ടതാണ്. ഉദാഹരണത്തിന്, മൂന്നാമത്തെ തക്ബീറിന്റെ നേരത്താണ് ഒരാൾ എത്തിയതെങ്കിൽ അയാൾ മയ്യിത്തിന് വേണ്ടി പ്രാർത്ഥിക്കണം. ഇമാം സലാം വീട്ടിയ ഉടൻ മയ്യിത്ത് എടുക്കുന്നില്ലെങ്കിൽ അയാൽ നാലാമത്തെ തക്ബീറിന് സേഷം ഫാത്തിഹയും മറ്റൊരു തക്ബർ ചൊല്ലി നബി ﷺ യുടെ പേരിലുള്ള സ്വലാത്തും ചൊല്ലുക. ഇതിന് സാധിക്കാത്തപക്ഷം ഇമാമിന്റെ കൂടെ സലാം വീട്ടിയാലും അയാളുടെ നമസ്കാരം സാധുവാകുന്നതാണ്.
മയ്യിത്ത് നമസ്കരിക്കാന്‍ കഴിയാത്ത വ്യക്തിക്ക് ഖബ്റിനടുത്ത് നമസ്കരിക്കാമോ?
ഒരാള്‍ക്ക് ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാല്‍ മറമാടപ്പെട്ട ശേഷവും മരണപ്പെട്ട വ്യക്തിയുടെ ഖബറിനരികില്‍ പോയിക്കൊണ്ട് അവിടെ വച്ച് ആ വ്യക്തിക്ക് വേണ്ടി ജനാസ നമസ്കരിക്കാം.
عَنِ ابن عباس أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- صَلَّى عَلَى قَبْرٍ بَعْدَ مَا دُفِنَ فَكَبَّرَ عَلَيْهِ أَرْبَعًا.
ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: ‘മറവ് ചെയ്യപ്പെട്ടതിന് ശേഷം നബി ﷺ ഒരു ഖബറിനരികില്‍ നിന്നുകൊണ്ട് നാല് തക്ബീറുകള്‍ കെട്ടി (മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചു). (മുസ്‌ലിം: 2255)
عَنْ أَبِى هُرَيْرَةَ أَنَّ امْرَأَةً كَانَتْ تَقُمُّ الْمَسْجِدَ – أَوْ شَابًّا – فَفَقَدَهَا رَسُولُ اللَّهِ -صلى الله عليه وسلم- فَسَأَلَ عَنْهَا – أَوْ عَنْهُ – فَقَالُوا مَاتَ. قَالَ « أَفَلاَ كُنْتُمْ آذَنْتُمُونِى ». قَالَ فَكَأَنَّهُمْ صَغَّرُوا أَمْرَهَا – أَوْ أَمْرَهُ – فَقَالَ « دُلُّونِى عَلَى قَبْرِهِ ». فَدَلُّوهُ فَصَلَّى عَلَيْهَا ثُمَّ قَالَ « إِنَّ هَذِهِ الْقُبُورَ مَمْلُوءَةٌ ظُلْمَةً عَلَى أَهْلِهَا وَإِنَّ اللَّهَ عَزَّ وَجَلَّ يُنَوِّرُهَا لَهُمْ بِصَلاَتِى عَلَيْهِمْ ».
അബൂഹുറൈറയില്‍ (റ) നിന്നും നിവേദനം: പള്ളി അടിച്ചുവാരിയിരുന്ന ഒരു കറുത്ത സ്ത്രീ – അല്ലെങ്കില്‍ ഒരു പുരുഷന്‍ – ഉണ്ടായിരുന്നു. അവരെ കാണാതായപ്പോള്‍ നബി ﷺ അവരെക്കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: അവര്‍ മരണപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് എന്നെ അറിയിക്കാമായിരുന്നില്ലേ? അബൂ ഹുറൈറ (റ) പറയുന്നു: ആളുകള്‍ അവരുടെ കാര്യം നിസാരവല്‍ക്കരിച്ചത് പോലെയായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ അവരുടെ ഖബര്‍ എനിക്ക് കാണിച്ചു തരിക. അങ്ങനെ അവര്‍ അദ്ദേഹത്തിന് അവരുടെ ഖബര്‍ കാണിച്ചു കൊടുക്കുകയും അദ്ദേഹം അവിടെ വച്ച് നമസ്കരിക്കുകയും ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: ഈ ഖബറുകളുടെ ആളുകള്‍ക്ക് അവ വളരെ ഇരുളടഞ്ഞതാണ്. എന്റെ നമസ്കാരം കൊണ്ട് അല്ലാഹു അവര്‍ക്കത് പ്രകാശപൂരിതമാക്കിക്കൊടുക്കും.(മുസ്‌ലിം: 2259)
عن يَزِيدَ بْنِ ثَابِتٍ رضي الله عنه : أَنَّهُمْ خَرَجُوا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ فَرَأَى قَبْرًا جَدِيدًا ، فَقَالَ : مَا هَذَا ؟ قَالُوا : هَذِهِ فُلانَةُ ، مَوْلاةُ بَنِي فُلَانٍ ، فَعَرَفَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، مَاتَتْ ظُهْرًا وَأَنْتَ نَائِمٌ قَائِلٌ (أي : في القيلولة) فَلَمْ نُحِبَّ أَنْ نُوقِظَكَ بِهَا ، فَقَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَفَّ النَّاسَ خَلْفَهُ ، وَكَبَّرَ عَلَيْهَا أَرْبَعًا ، ثُمَّ قَالَ : لا يَمُوتُ فِيكُمْ مَيِّتٌ مَا دُمْتُ بَيْنَ أَظْهُرِكُمْ إِلا آذَنْتُمُونِي بِهِ ؛ فَإِنَّ صَلاتِي لَهُ رَحْمَةٌ
യസീദ് ബ്ന്‍ സാബിത്തില്‍ (റ) നിന്ന് നിവേദനം: അവര്‍ ഒരിക്കല്‍ നബി ﷺ യുടെ കൂടെ പുറപ്പെട്ടു. അപ്പോള്‍ ഒരു പുതിയ ഖബര്‍ കാണാന്‍ ഇടയായി. അദ്ദേഹം ചോദിച്ചു: ഇതെന്താണ്? അവര്‍ പറഞ്ഞു: ഇത് ഇന്ന ഗോത്രക്കാരുടെ ഭൃത്യയായിരുന്ന ഇന്ന സ്ത്രീയാണ്. നബി ﷺ ക്ക് അവരെ മനസ്സിലായി. അവര്‍ പറഞ്ഞു: ‘ ഉച്ച സമയത്താണ് അവര്‍ മരണപ്പെട്ടത്. ആ സമയത്ത് അങ്ങ് ഉച്ചയുറക്കത്തിലായിരുന്നു. അങ്ങയെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെട്ടില്ല’ അപ്പോള്‍ നബി ﷺ നമസ്കാരത്തിനായി നില്‍ക്കുകയും സ്വഹാബത്ത് അദ്ദേഹത്തിന്റെ പിന്നില്‍ സ്വഫ്ഫായി നില്‍ക്കുകയും ചെയ്തു. നാല് തക്ബീറുകള്‍ കെട്ടി (അദ്ദേഹം ജനാസ നമസ്കാരം നിര്‍വഹിച്ചു). എന്നിട്ടദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കെ നിങ്ങളിലാരെങ്കിലും മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ അറിയിക്കണം. കാരണം എന്റെ നമസ്കാരം അവര്‍ക്ക് കാരുണ്യമാണ്. (നസാഇ: 2022 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഇപ്രകാരം ഖബ്റിനടുത്ത് നിന്ന് നമസ്കരിക്കുമ്പാള്‍ അയാള്‍ നില്‍ക്കുന്നത് അയാളുടേയും ഖിബ്’ലയുടേയും ഇടയില്‍ ഖബ്റ് വരുന്ന രൂപത്തിലായിരിക്കണം. നമ്മുടെ ജീവിത കാലത്ത് മരണപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമേ ഒരാള്‍ അപ്രകാരം ഖബ്റിനരികില്‍ ചെന്ന് നമസ്കരിക്കേണ്ടതുള്ളൂ. കാരണം പില്‍കാലത്ത് താബിഉകളോ, അവരുടെ പിന്മുറക്കാരോ ആരെങ്കിലും ചെന്ന് നബി ﷺ യുടെയോ സ്വഹാബത്തിന്റേയോ ഖബ്റിനരികില്‍ ചെന്ന് നമസ്കരിച്ചതായി കാണാന്‍ കഴിയില്ല.
kanzululoom.com