പ്രിയപ്പെട്ട സഹോദരന്മാരേ, എന്തിനാണ് ഇന്ന് നാമെല്ലാവരും ഈ അനുഗ്രഹീത സ്ഥലത്ത് ഒരുമിച്ചുകൂടിയിരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഏത് കാര്യത്തിനാണ് നാം ഒരുമിച്ചിരിക്കുന്നത്? അല്ലാഹുവിന്റെ കാരുണ്യം കരസ്ഥമാക്കുവാനും, വിജയികളിൽ ഉൾപ്പെടുവാനും ആഗ്രഹിച്ച്, അല്ലാഹുവിന്റെ ഭവനങ്ങളിലൊന്നായ പള്ളിയിലാണ് നാം ഒരുമിച്ചിരിക്കുന്നത്. അല്ലാഹു അവന്റെ ഭവനങ്ങളിൽ ഒരുമിച്ചിരിക്കുന്നവർക്ക് വാഗ്ദാനം ചെയ്ത മഹത്തായ പ്രതിഫലം നേടുന്നവരിൽ ഉൾപ്പെടാനാണ് നാം ആഗ്രഹിക്കുന്നത്. അല്ലാഹു പറയുന്നു:
فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا ٱسْمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلْغُدُوِّ وَٱلْـَٔاصَالِ ﴿٣٦﴾رِجَالٌ لَّا تُلْهِيهِمْ تِجَٰرَةٌ وَلَا بَيْعٌ عَن ذِكْرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ ٱلْقُلُوبُ وَٱلْأَبْصَٰرُ ﴿٣٧﴾ لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا عَمِلُوا۟ وَيَزِيدَهُم مِّن فَضْلِهِۦ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ ﴿٣٨﴾
ചില ഭവനങ്ങളിലത്രെ (ആ പ്രകാശം). അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്കിയിരിക്കുന്നു. അവയില്‍ കാലത്തും വൈകുന്നേരവും അവന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്കുന്നതില് നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും കീഴ്മേല്‍ മറിഞ്ഞുപോകുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായതിനനുസരിച്ച് അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്കുവാനും, തന്റെ فضل (അനുഗ്രഹം) കൊണ്ട് അവര്‍ക്ക് കൂടുതലായി നല്കുവാനും വേണ്ടിയത്രെ അത്. അല്ലാഹു അവന് ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ തന്നെ ഉപജീവനം നല്കുന്നു. (ഖു൪ആന്‍:24/36-38)
ഈ വചനങ്ങളിൽ അത്ഭുതകരമായ പ്രശംസയും മഹത്തായ വാഗ്ദാനവുമുണ്ട്. ചില ഭവനങ്ങളിൽ എന്ന് പറഞ്ഞാൽ അത് അല്ലാഹുവിന്റെ ഭവനങ്ങളാണ്. അതിനെ അല്ലാഹുവിലേക്ക് ചേർത്തത് ആദരവ് സൂചിപ്പിക്കാനാണ്. അല്ലാഹുവിന്റെ ഭവനം എന്ന് വിളിക്കാൻ അല്ലാഹു നമുക്ക് അനുവാദം നൽകിയിട്ടില്ലായിരുന്നുവെങ്കിൽ നാം അങ്ങനെ വിളിക്കുമായിരുന്നില്ല. ഈ പള്ളികളെ ‘അല്ലാഹുവിന്റെ ഭവനങ്ങൾ’ എന്ന് വിളിക്കാൻ അവൻ നമുക്ക് അനുവാദം നൽകിയത് നമ്മോടുള്ള ആദരവാണ്. അല്ലാഹുവിന്റെ നാമം സ്മരിക്കുവാനും, അവനെ പ്രകീർത്തിക്കുവാനും, അതിനെ പരിപാലിക്കുവാനും അവൻ അനുവാദം നൽകി. കച്ചവടമോ ക്രയവിക്രയമോ അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാത്ത പുരുഷന്മാരെ അല്ലാഹു പ്രശംസിച്ചു. അല്ലാഹുവിനെ സ്മരിക്കണമെന്ന് കേട്ടാൽ അവർ അതിലേക്ക് തിടുക്കത്തിൽ, സന്തോഷത്തോടെ, സന്നദ്ധരായി മുന്നോട്ട് വരുന്നു. പരലോകമാണ് ദുൻയാവിനേക്കാൾ ഉത്തമമെന്ന് അവർക്ക് ഉറച്ച ബോധ്യമുള്ളതിനാലാണിത്. അതിനാൽ ദുൻയാവിനേക്കാൾ പരലോകത്തിന് അവർ മുൻഗണന നൽകി.
എന്താണ് അവരെ ഈ കാര്യത്തിലേക്ക് നയിച്ചത്? അവർക്ക് ജീവസ്സുറ്റ ഹൃദയങ്ങളുണ്ട്. ഹൃദയങ്ങളും കണ്ണുകളും കീഴ്മേൽ മറിഞ്ഞുപോകുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. എന്താണ് അവയെ മാറ്റിമറിക്കുന്നത്? ആ ദിവസം ജനങ്ങളെ ലഹരി ബാധിച്ചവരെപ്പോലെ നീ കാണും. എന്നാൽ അവർ ലഹരി ബാധിച്ചവരല്ല. അവർ അല്ലാഹുവിന്റെ ശിക്ഷ കണ്ടതുകൊണ്ടാണ്. അല്ലാഹുവിന്റെ ശിക്ഷ കഠിനമാണ്. അത് അവരെ ഭയപ്പെടുത്തിയിരിക്കുന്നു.
അല്ലാഹു അവർക്ക് എന്താണ് വാഗ്ദാനം ചെയ്തത്? അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായതിനനുസരിച്ച് അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്കുവാനും, തന്റെ അനുഗ്രഹം കൊണ്ട് അവര്‍ക്ക് കൂടുതലായി നല്കുവാനും വേണ്ടിയത്രെ അത്. അല്ലാഹു അവന് ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ തന്നെ ഉപജീവനം നല്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് സൽകർമ്മങ്ങൾ ചെയ്യാനുള്ള ഉപജീവനം നൽകുന്നു. അവർ ചെയ്ത ഈ കർമ്മം അല്ലാഹുവിന്റെ അനുഗ്രഹത്തിൽ പെട്ടതാണ്. അതോടൊപ്പം അവർക്ക് സന്തോഷം നൽകുന്ന മറ്റു വിഭവങ്ങളും അവൻ നൽകുന്നു. നബി ﷺ പറയുന്നു:
مَنْ كَانَتْ الْآخِرَةُ هَمَّهُ، جَمَعَ اللَّهُ عَلَيْهِ أَمْرَهُ، وَجَعَلَ غِنَاهُ فِي قَلْبِهِ، وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ.
ആരുടെയെങ്കിലും പ്രധാന ലക്ഷ്യം പരലോകമാണെങ്കിൽ, അല്ലാഹു അവന് മനസ്സമാധാനം നൽകുകയും (കാര്യങ്ങൾ ഒരുമിച്ചുകൂട്ടുകയും), അവന്റെ ഹൃദയത്തിൽ ഐശ്വര്യം നൽകുകയും ചെയ്യും. ദുൻയാവ് അവനിലേക്ക് നിർബന്ധിതയായി (നിന്ദ്യമായ നിലയിൽ) വന്നെത്തുകയും ചെയ്യും. (ഇബ്നുമാജ (230), ഇബ്നു ഹിബ്ബാൻ (680), അഹ്മദ് (183/5), ദാരിമി (229/1) എന്നിവർ റിപ്പോർട്ട് ചെയ്തത്. അൽബാനി ‘സ്വഹീഹ’യിൽ (404) സ്വഹീഹ് എന്ന് രേഖപ്പെടുത്തി.)
അതിനാൽ, ആരെങ്കിലും പരലോകത്തെ തന്റെ ലക്ഷ്യമാക്കിയാൽ അല്ലാഹു അവന്റെ ഹൃദയത്തെ ഒരുമിച്ചുകൂട്ടും. അവന് മനഃസമാധാനമുണ്ടാകും. അവന്റെ ഹൃദയത്തിൽ ഐശ്വര്യം നൽകും, അതിനാൽ അവൻ ദുഃഖിക്കുകയില്ല. അതോടൊപ്പം ദുൻയാവ് അവനിലേക്ക് നിന്ദ്യമായ നിലയിൽ വന്നെത്തുകയും ചെയ്യും. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണ്.
നബി ﷺ തന്റെ ഉമ്മത്തിന് സന്തോഷവാർത്ത അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു:
وَمَا اجْتَمَعَ قَوْمٍ فِي بَيْتِ مِنْ بُيُوتِ اللهِ ، يَتْلُونَ كِتَابَ اللهِ، ويَتَدَارَسُونَهُ بَيْنَهُم، إِلَّا نَزَلَتْ عَلَيْهِم السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ ، وحَفَّتْهُمُ الْمَلَائِكَةُ ، وذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ.
അല്ലാഹുവിന്റെ ഭവനങ്ങളിലൊരു ഭവനത്തിൽ ഒരുമിച്ച് കൂടുകയും, അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, അത് പരസ്പരം പഠിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ജനങ്ങളുടെ മേൽ ശാന്തിയും സമാധാനവും (സക്കീനത്ത്) ഇറങ്ങാതിരിക്കുകയില്ല. അവരെ കാരുണ്യം പൊതിയുകയും, മലക്കുകൾ അവരെ വലയം ചെയ്യുകയും, അല്ലാഹു അവന്റെ അടുത്തുള്ളവരുടെ (മലക്കുകളുടെ) മുന്നിൽ അവരെക്കുറിച്ച് പരാമർശിക്കുകയും ചെയ്യാതിരിക്കില്ല. (മുസ്ലിം:2699)
എത്ര മഹത്തായ ശ്രേഷ്ഠതയാണിത്! നബി ﷺ പറയുന്നു:
مَنْ غَدَا إِلَى الْمَسْجِدِ، لَا يُرِيدُ إِلَّا أَنْ يَتَعَلَّمَ خَيْرًا، أَوْ يُعَلِّمَهُ، كَانَ لَهُ كَأَجْرِ حَاجٌ، تَامَّةٍ حَجَّتُهُ
ആരെങ്കിലും പള്ളിയിലേക്ക് രാവിലെ പോകുന്നുവെങ്കിൽ, നന്മ പഠിക്കുകയോ പഠിപ്പിക്കുകയോ അല്ലാതെ മറ്റൊരു ഉദ്ദേശ്യവും അവനില്ലെങ്കിൽ, അവന് പൂർണ്ണമായ ഹജ്ജ് ചെയ്തവന്റെ പ്രതിഫലമുണ്ട്. (ത്വബ്റാനി (7473/8) റിപ്പോർട്ട് ചെയ്തത്. അൽ മുൻദിരി ‘അത്തർഗീബിൽ’ (1/59) അതിന്റെ പരമ്പരക്ക് കുഴപ്പമില്ലെന്ന് പറഞ്ഞു. അൽബാനി ‘സ്വഹീഹ് അത്തർഗീബിൽ’ (1/20) ഹസൻ സ്വഹീഹ് എന്ന് രേഖപ്പെടുത്തി.)
അല്ലാഹു അക്ബർ! അല്ലാഹുവിന്റെ അടിമേ, ഒരു പൂർണ്ണമായ ഹജ്ജിന്റെ പ്രതിഫലമോ?! യാത്രയുടെയോ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വിരഹത്തിന്റെയോ ആവശ്യമില്ല. മറിച്ച്, അല്ലാഹുവിന്റെ ഭവനങ്ങളിലൊന്നിലേക്ക് ആത്മാർത്ഥമായ നിയ്യത്തോടെയും നല്ല പരിശ്രമത്തോടെയും പോവുക. നന്മ പഠിപ്പിക്കുകയോ പഠിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ. അപ്പോൾ എന്താണ് പ്രതിഫലം? പൂർണ്ണമായ ഹജ്ജ് ചെയ്തവന്റെ പ്രതിഫലം. സ്വീകാര്യമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല. നമ്മുടെ ഇന്നത്തെ അവസ്ഥ പോലെ, രണ്ട് നമസ്കാരങ്ങൾക്കിടയിലാണ് ഈ ഒത്തുചേരൽ എങ്കിൽ അതിന്റെ മഹത്വം വർദ്ധിക്കുന്നു.
നബി ﷺ പറഞ്ഞു:
إِذَا تَطَهَّرَ الرَّجُلُ، ثُمَّ مَرَّ إِلَى الْمَسْجِدِ يَرْعَى الصَّلَاةَ، كَتَبَ لَهُ كَاتِبَهُ أَوْ كَاتِبَاهُ، بِكُلِّ خُطْوَةٍ يَخْطُوهَا إِلَى الْمَسْجِدِ، عَشْرَ حَسَنَاتٍ، وَالْقَاعِدُ يَرْعَى الصَّلَاةَ كَالْقَانِتِ، وَيُكْتَبُ مِنَ الْمُصَلِّينَ، مِنْ حِينِ يَخْرُجُ مِنْ بَيْتِهِ، حَتَّى يَرْجِعَ.
ഒരാൾ ശുദ്ധിവരുത്തിയ ശേഷം നമസ്കാരം പ്രതീക്ഷിച്ചുകൊണ്ട് പള്ളിയിലേക്ക് പോയാൽ, പള്ളിയിലേക്ക് വെക്കുന്ന ഓരോ കാൽവെപ്പിനും പത്ത് നന്മകൾ അവന്റെ എഴുത്തുകാരൻ (മലക്ക്) രേഖപ്പെടുത്തും. നമസ്കാരം പ്രതീക്ഷിച്ച് ഇരിക്കുന്നവൻ നമസ്കരിക്കുന്നവനെപ്പോലെയാണ്. വീട്ടിൽ നിന്ന് പുറപ്പെട്ടത് മുതൽ തിരികെ എത്തുന്നത് വരെ അവൻ നമസ്കരിക്കുന്നവരുടെ കൂട്ടത്തിൽ രേഖപ്പെടുത്തപ്പെടും. (ഇബ്നു ഹിബ്ബാൻ (2038), ഹാകിം (1/766) എന്നിവർ റിപ്പോർട്ട് ചെയ്തത്. ഹാകിം ഇത് മുസ്ലിമിന്റെ നിബന്ധനയനുസരിച്ച് സ്വഹീഹാണെന്ന് പറഞ്ഞു, ദഹബി അദ്ദേഹത്തോട് യോജിച്ചു.)
എത്ര മഹത്തായ അനുഗ്രഹം! സഹോദരന്മാരേ, ഒരാൾ ശുദ്ധിവരുത്തി നമസ്കാരത്തിനായി അല്ലാഹുവിന്റെ ഭവനത്തിലേക്ക് പുറപ്പെട്ടാൽ, പള്ളിയിലേക്ക് വെക്കുന്ന ഓരോ കാൽവെപ്പിനും പത്ത് നന്മകൾ രേഖപ്പെടുത്തപ്പെടുന്നു. പിന്നെന്താണ്? നമസ്കാരം പ്രതീക്ഷിച്ച് ഇരിക്കുന്നവൻ നമസ്കരിക്കുന്നവനെപ്പോലെയാണ്. അതായത്, അവൻ നമസ്കാരത്തിനായി കാത്തിരിക്കുകയാണ്. ആരാണ് ‘ഖാനിത്’? നിന്നു നമസ്കരിക്കുന്നവൻ. നീ വീട്ടിൽ നിന്നിറങ്ങി പള്ളിയിൽ വന്ന് നമസ്കാരം കാത്തിരുന്നാൽ നിനക്ക് നമസ്കരിക്കുന്നവന്റെ പ്രതിഫലം രേഖപ്പെടുത്തും. തിരികെ എത്തുന്നത് വരെ അവൻ നമസ്കരിക്കുന്നവരുടെ കൂട്ടത്തിൽ രേഖപ്പെടുത്തപ്പെടും: നീ പള്ളിയിൽ ചെലവഴിക്കുന്ന സമയം മുഴുവൻ, നമസ്കാരം കാത്തിരിക്കുന്നിടത്തോളം കാലം, നീ ഇരിക്കുകയാണെങ്കിൽ പോലും, വീട്ടിലേക്ക് മടങ്ങുന്നത് വരെ നമസ്കരിക്കുന്നവനായി രേഖപ്പെടുത്തപ്പെടും. എത്ര മഹത്തായ പ്രതിഫലം!
നബി ﷺ പറയുന്നു:
صَلَاةٌ عَلَى إِثْرِ صَلَاةٍ، لَا لَغْوَ بَيْنَهُمَا، كِتَابٌ فِي عِلِيِّينَ
ഒരു നമസ്കാരത്തിന് ശേഷം മറ്റൊരു നമസ്കാരം, അവയ്ക്കിടയിൽ വ്യർത്ഥമായ സംസാരമില്ലെങ്കിൽ അത് ‘ഇല്ലിയ്യീനിൽ’ രേഖപ്പെടുത്തപ്പെട്ട ഒന്നാണ്.
അതിനാൽ, അല്ലാഹുവിന്റെ നിർബന്ധ നമസ്കാരങ്ങളിലൊന്ന് നിർവ്വഹിച്ച ശേഷം അടുത്ത നമസ്കാരവും നീ നിർവ്വഹിക്കുകയും, അവയ്ക്കിടയിൽ ഹറാമായ സംസാരങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്താൽ എന്താണ് ശ്രേഷ്ഠത? ഇല്ലിയ്യീ്നിലെ ഒരു രേഖ! അല്ലാഹുവിന്റെ അടിമേ, എന്താണ് ഇല്ലിയ്യീൻ എന്ന് നിനക്കറിയുമോ? അല്ലാഹു പറയുന്നു:
وَمَآ أَدْرَىٰكَ مَا عِلِّيُّونَ ﴿١٩﴾ كِتَٰبٌ مَّرْقُومٌ ﴿٢٠﴾ يَشْهَدُهُ ٱلْمُقَرَّبُونَ ﴿٢١﴾
ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? എഴുതപ്പെട്ട ഒരു രേഖയത്രെ അത്. സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്. (ഖു൪ആന്‍:83/19-21)
എത്ര മഹത്തായ അനുഗ്രഹം! ഇത്തരം കാര്യങ്ങളിലുള്ള ശ്രേഷ്ഠതകൾ വളരെ കൂടുതലാണ്, സഹോദരന്മാരേ. അതിനാൽ, നാം പ്രതീക്ഷിക്കുന്നതിലും ഉപരിയായി നൽകുവാൻ നാം അല്ലാഹുവിനോട് ചോദിക്കുന്നു. നമ്മുടെ കർമ്മങ്ങളിലേക്ക് നമ്മെ ഏൽപ്പിക്കാതിരിക്കുവാനും. ഈ നന്മ നിഷേധിക്കപ്പെട്ടവർ എത്രയോ പേരുണ്ട്. ഇതിലേക്ക് നമ്മെ നയിച്ചതിന് നാം അല്ലാഹുവിനെ സ്തുതിക്കുന്നു. ഈ ശ്രേഷ്ഠതകൾ നേടിയെടുക്കാൻ നമ്മുടെ എല്ലാ സഹോദരങ്ങൾക്കും ഹിദായത്ത് നൽകുവാൻ നാം അല്ലാഹുവിനോട് ചോദിക്കുന്നു.
സുലൈമാൻ ബിൻ സലീംഅല്ലാഹ് അർ-റുഹൈലി أسباب سعادة الأسرة] حَفِظَهُ اللَّهُ]
www.kanzululoom.com