بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. പ്രവാചക ശ്രേഷ്ഠനായ നമ്മുടെ നബി മുഹമ്മദിനും ﷺ, അവിടുത്തെ കുടുംബത്തിനും, അനുചരന്മാർക്കും അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും വർഷിക്കുമാറാകട്ടെ.
അല്ലാഹു തന്റെ സത്യവിശ്വാസികളായ അടിമകൾക്ക് നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽ പെട്ടതാണ്, ഈ ജീവിതത്തിൽ അവർക്ക് നിർവഹിക്കാൻ സാധിക്കുന്നതും, മരണശേഷം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്നതുമായ നന്മയുടെയും പുണ്യത്തിന്റെയും കവാടങ്ങൾ അവർക്കായി അവൻ തുറന്നുകൊടുത്തു എന്നത്. ഖബ്റുകളിലുള്ളവർ തങ്ങളുടെ കർമ്മങ്ങളുടെ ഫലം കാത്ത് കഴിയുന്നവരും, കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കാത്തവരുമാണ്. അവർ ജീവിതത്തിൽ ചെയ്തുകൂട്ടിയ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ ചെയ്യപ്പെടുകയും പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നവരാണ്.
എന്നാൽ, അല്ലാഹു അനുഗ്രഹിച്ച ഈ വ്യക്തിക്ക് ഖബ്റിലായിരിക്കുമ്പോഴും നന്മകൾ വന്നുകൊണ്ടിരിക്കുന്നു, പ്രതിഫലങ്ങളും ശ്രേഷ്ഠതകളും തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു. പ്രവർത്തനങ്ങളുടെ ലോകത്തുനിന്ന് അയാൾ വിടവാങ്ങിയെങ്കിലും പ്രതിഫലം നിലക്കുന്നില്ല. ഖബ്റിലായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ പദവികൾ ഉയരുന്നു, നന്മകൾ വർധിക്കുന്നു, പ്രതിഫലം ഇരട്ടിയാകുന്നു. എത്രയോ അനുഗ്രഹീതമായ അവസ്ഥ! എത്ര മനോഹരവും ശ്രേഷ്ഠവുമായ പ്രതിഫലം!
നബിയിൽ ﷺ നിന്ന് സ്ഥിരപ്പെട്ടതനുസരിച്ച്, ചില സൽകർമ്മങ്ങളുടെ പ്രതിഫലം അടിമക്ക് അവന്റെ മരണശേഷം ഖബ്റിലും ലഭിച്ചുകൊണ്ടിരിക്കും.
عن أنس ابن مالك رضي الله عنه أن النبي صلى الله عليه وسلم قال: سَبْعٌ يَجْرِي لِلْعَبْدِ أَجْرُهُنَّ مِنْ بَعْدِ مَوْتِهِ، وَهُوَ فِي قَبْرِهِ: مَنْ عَلَّمَ عِلْمًا، أَوْ كَرَى نَهْرًا، أَوْ حَفَرَ بِئْرًا، أَوْ غَرَسَ نَخْلًا، أَوْ بَنَى مَسْجِدًا، أَوْ وَرَّثَ مُصْحَفًا، أَوْ تَرَكَ وَلَدًا يَسْتَغْفِرُ لَهُ بَعْدَ مَوْتِهِ.
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ഏഴ് കാര്യങ്ങളുടെ പ്രതിഫലം അടിമക്ക് അവന്റെ മരണശേഷം ഖബ്റിലായിരിക്കുമ്പോഴും ലഭിച്ചുകൊണ്ടിരിക്കും: അറിവ് പഠിപ്പിച്ചവൻ, അല്ലെങ്കിൽ നദി കീറി വെള്ളം ഒഴുക്കിയവൻ, അല്ലെങ്കിൽ കിണർ കുഴിച്ചവൻ, അല്ലെങ്കിൽ ഈന്തപ്പന നട്ടുപിടിപ്പിച്ചവൻ, അല്ലെങ്കിൽ പള്ളി നിർമ്മിച്ചവൻ, അല്ലെങ്കിൽ മുസ്ഹഫ് അനന്തരമായി നൽകിയവൻ, അല്ലെങ്കിൽ മരണശേഷം തനിക്കുവേണ്ടി പാപമോചനം തേടുന്ന സന്താനത്തെ വിട്ടുപോയവൻ. [ബസ്സാർ:7289, സ്വഹീഹ് അത്തർഗീബ് വത്തർഹീബ്:73]
عن أبي أمامة رضي الله عنه قال : قال رسول صلى الله عليه وسلم:أَرْبَعٌ تَجْرِي عَلَيْهِمْ أُجُورُهُمْ بَعْدَ الْمَوْتِ: رَجُلٌ مَاتَ مُرَابِطًا فِي سَبِيلِ اللَّهِ، وَرَجُلٌ عَلَّمَ عِلْمًا فَأَجْرُهُ يَجْرِي عَلَيْهِ مَا عُمِلَ بِهِ، وَرَجُلٌ أَجْرَى صَدَقَةً فَأَجْرُهَا يَجْرِي عَلَيْهِ مَا جَرَتْ عَلَيْهِمْ، وَرَجُلٌ تَرَكَ وَلَدًا صَالِحًا يَدْعُو لَهُ.
അബൂ ഉമാമ അൽബാഹിലി رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: നാലുപേർക്ക് അവരുടെ മരണശേഷവും പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും: അല്ലാഹുവിന്റെ മാർഗത്തിൽ അതിർത്തി കാത്ത് മരണപ്പെട്ടവൻ, അറിവ് പഠിപ്പിച്ചവൻ – ആ അറിവനുസരിച്ച് പ്രവർത്തിക്കപ്പെടുന്ന കാലത്തോളം അതിന്റെ പ്രതിഫലം അവന് ലഭിച്ചുകൊണ്ടിരിക്കും, നിലനിൽക്കുന്ന ദാനധർമ്മം (സ്വദഖത്തുൻ ജാരിയ) ചെയ്തവൻ – അത് നിലനിൽക്കുന്ന കാലത്തോളം അതിന്റെ പ്രതിഫലം അവന് ലഭിച്ചുകൊണ്ടിരിക്കും, തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന സച്ചരിതനായ സന്താനത്തെ വിട്ടുപോയവൻ. [ഇമാം അഹ്മദ് അദ്ദേഹത്തിന്റെ മുസ്നദിൽ (22318) ഉദ്ധരിച്ചത്, ശൈഖ് അൽബാനി സ്വഹീഹ് അത്തർഗീബ് വത്തർഹീബിൽ (114) ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ത്വബ്റാനി ‘അൽമുഅ്ജമുൽ കബീറിൽ’ (6181) സൽമാനിൽ നിന്ന് സമാനമായ ആശയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അത് ശൈഖ് അൽബാനി ‘സ്വഹീഹുൽ ജാമിഇൽ’ (888) ഹസനാണെന്ന് രേഖപ്പെടുത്തി]
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ عِلْمًا عَلَّمَهُ وَنَشَرَهُ وَوَلَدًا صَالِحًا تَرَكَهُ وَمُصْحَفًا وَرَّثَهُ أَوْ مَسْجِدًا بَنَاهُ أَوْ بَيْتًا لاِبْنِ السَّبِيلِ بَنَاهُ أَوْ نَهْرًا أَجْرَاهُ أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ يَلْحَقُهُ مِنْ بَعْدِ مَوْتِهِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: സത്യവിശ്വാസിക്ക് അവന്റെ മരണശേഷം തന്റെ കർമ്മങ്ങളിൽ നിന്നും നന്മകളിൽ നിന്നും വന്നെത്തുന്ന കാര്യങ്ങളിൽ പെട്ടതാണ്: അവൻ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത അറിവ്, അവൻ വിട്ടുപോയ സച്ചരിതനായ സന്താനം, അവൻ അനന്തരമായി നൽകിയ മുസ്ഹഫ്, അവൻ നിർമ്മിച്ച പള്ളി, വഴിയാത്രക്കാരന് വേണ്ടി അവൻ നിർമ്മിച്ച ഭവനം, അവൻ ഒഴുക്കിയ നദി, ആരോഗ്യത്തോടെയും ജീവിതകാലത്തും അവൻ നൽകിയ ദാനധർമ്മം; ഇവയെല്ലാം അവന്റെ മരണശേഷം അവന് ലഭിച്ചുകൊണ്ടിരിക്കും. [ഇബ്നുമാജ:242, സ്വഹീഹുൽ ജാമിഅ്:2231]
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: മനുഷ്യൻ മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങളൊഴികെ അവന്റെ എല്ലാ പ്രവർത്തനങ്ങളും നിലച്ചുപോകും: നിലനിൽക്കുന്ന ദാനധർമ്മം (സ്വദഖത്തുൻ ജാരിയ), ഉപകാരപ്രദമായ അറിവ്, അവനുവേണ്ടി പ്രാർത്ഥിക്കുന്ന സച്ചരിതനായ സന്താനം. (മുസ്ലിം:1631)
മുമ്പ് ഉദ്ധരിച്ച ഹദീസുകളിൽ ഈ കർമ്മങ്ങളുടെ എണ്ണത്തിൽ കാണുന്ന വ്യത്യാസം സൂചിപ്പിക്കുന്നത്, എണ്ണം ഒരു പരിധി നിർണ്ണയിക്കാനല്ല, മറിച്ച് അറിവ് കൃത്യമായി രേഖപ്പെടുത്തുന്നതിനും മനഃപാഠമാക്കുന്നതിനും വേണ്ടിയാണ്. അതുപോലെ, ചില ഹദീസുകളിൽ പൊതുവായി പരാമർശിച്ച കർമ്മങ്ങളിൽ മറ്റു ഹദീസുകളിൽ പരാമർശിച്ച പല കർമ്മങ്ങളും ഉൾപ്പെടുകയും ചെയ്യും.
മുമ്പ് ഉദ്ധരിച്ച ഹദീസുകളെല്ലാം ഒന്നിപ്പിക്കുന്ന ഘടകം, ജീവിതത്തിലും മരണശേഷവും അവയുടെ പ്രതിഫലം നിലക്കാതെ ലഭിച്ചുകൊണ്ടിരിക്കും എന്ന ശ്രേഷ്ഠതയാണ്. അതുകൊണ്ട്, സ്വന്തത്തോട് ഗുണകാംക്ഷയുള്ള ഒരു മുസ്ലിം ഈ കർമ്മങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും, അതിന്റെ മഹത്തായ പ്രതിഫലം ജീവിതത്തിലും മരണശേഷവും തനിക്ക് ലഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്താൽ, ആയുസ്സും സമയവും അവസാനിക്കുന്നതിന് മുമ്പ്, ഈ അവസരങ്ങളുടെ ലോകത്ത് വെച്ച് അതിൽ തനിക്കും ഒരു പങ്കും വിഹിതവും ഉണ്ടാകാൻ അവൻ കഠിനമായി പരിശ്രമിക്കും.
عن ابن عبَّاسٍ : قال:قال رسولُ اللهِ صلَّى اللهُ عليه وسلَّم لرجلٍ وهو يَعِظُه : اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاعَكَ قَبْلَ شُغْلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا നിവേദനം ചെയ്യുന്നു, അല്ലാഹുവിന്റെ റസൂൽ ﷺ ഒരാളെ ഉപദേശിച്ചുകൊണ്ട് പറഞ്ഞു: അഞ്ച് കാര്യങ്ങൾക്ക് മുമ്പ് അഞ്ച് കാര്യങ്ങളെ നീ മുതലെടുക്കുക: വാർധക്യത്തിന് മുമ്പ് നിന്റെ യൗവനത്തെ, രോഗത്തിന് മുമ്പ് നിന്റെ ആരോഗ്യത്തെ, ദാരിദ്ര്യത്തിന് മുമ്പ് നിന്റെ സമ്പത്തിനെ, തിരക്കിന് മുമ്പ് നിന്റെ ഒഴിവുസമയത്തെ, മരണത്തിന് മുമ്പ് നിന്റെ ജീവിതത്തെ. [ഹാകിം ‘അൽമുസ്തദ്റകിൽ’ (7846) ഉദ്ധരിക്കുകയും സ്വഹീഹാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു, ഇമാം ദഹബിയും അത് ശരിവെച്ചിട്ടുണ്ട്. ശൈഖ് അൽബാനി ‘സ്വഹീഹുൽ ജാമിഇൽ’ (1077) ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു]
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസിൽ വന്ന ഏഴ് കർമ്മങ്ങളും, മറ്റ് ഹദീസുകളിൽ വന്ന മൂന്ന് കർമ്മങ്ങളും ചേർത്ത്, ഈ പുണ്യകർമ്മങ്ങളിൽ നിന്ന് പത്തെണ്ണം ഈ ലഘുലേഖയിൽ ഞാൻ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. ഈ കർമ്മങ്ങൾക്ക് കീഴിൽ വരുന്ന നന്മയുടെ കവാടങ്ങൾ വ്യക്തമാക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അതുവഴി സത്യവിശ്വാസികൾക്ക് അതിലേക്ക് മുന്നേറാനും, കഠിനാധ്വാനികൾക്ക് അത് നേടിയെടുക്കാൻ പരിശ്രമിക്കാനും സാധിക്കും. അങ്ങനെ, ധനമോ സന്താനങ്ങളോ ഉപകരിക്കാത്ത, സമാധാനപൂർണ്ണമായ ഹൃദയവുമായി അല്ലാഹുവിനെ സമീപിച്ചവർക്കൊഴികെ ആർക്കും രക്ഷയില്ലാത്ത ആ ദിനത്തിൽ, അവരുടെ പ്രതിഫലം വർദ്ധിക്കുകയും നന്മയുടെ തുലാസ് ഘനം തൂങ്ങുകയും ചെയ്യും.
ഒന്നാമത്തെ കർമ്മം: അറിവ് പഠിപ്പിക്കൽ
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി മുൻപ് നാം കണ്ടു: “…അറിവ് പഠിപ്പിച്ചവൻ…”. അബൂ ഉമാമ അൽബാഹിലി, അബൂഹുറൈറ رَضِيَ اللَّهُ عَنْهُمَا എന്നിവർ നിവേദനം ചെയ്ത ഹദീസുകളിലും ഈ കർമ്മം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഉപകാരപ്രദമായ അറിവ് പഠിപ്പിക്കുക എന്നത് ഏറ്റവും മഹത്തായ സൽകർമ്മങ്ങളിലും ശ്രേഷ്ഠമായ ആരാധനകളിലും പെട്ടതാണ്. അത് എല്ലാ പ്രവാചകന്മാരുടെയും ദൗത്യമായിരുന്നു. ആ അറിവാണ് ജനങ്ങൾക്ക് അവരുടെ മതത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നത്, അവരുടെ രക്ഷിതാവിനെയും ആരാധ്യനെയും പരിചയപ്പെടുത്തുന്നത്, അവരെ നേരായ പാതയിലേക്ക് നയിക്കുന്നത്. അതിലൂടെയാണ് സത്യവും അസത്യവും, സന്മാർഗവും ദുർമാർഗവും, അനുവദനീയവും നിഷിദ്ധവും വേർതിരിയുന്നത്.
ഇവിടെയാണ് ആത്മാർത്ഥതയുള്ള പണ്ഡിതന്മാരുടെയും ഗുണകാംക്ഷികളായ പ്രബോധകരുടെയും മഹത്വം വ്യക്തമാകുന്നത്. അവർ അടിമകൾക്ക് വെളിച്ചവും, നാടുകൾക്ക് ദീപസ്തംഭവും, സമുദായത്തിന് നെടുംതൂണും, വിജ്ഞാനത്തിന്റെ ഉറവിടവുമാണ്. അവരുടെ ജീവിതം ഒരു മുതൽക്കൂടും, മരണം ഒരു വിപത്തുമാണ്. അവർ അജ്ഞനെ പഠിപ്പിക്കുന്നു, അശ്രദ്ധനെ ഓർമ്മിപ്പിക്കുന്നു, വഴിപിഴച്ചവനെ നേർവഴി കാണിക്കുന്നു. അവരിൽ നിന്ന് ഒരു നാശവും പ്രതീക്ഷിക്കപ്പെടുന്നില്ല, ഒരു തിന്മയും ഭയപ്പെടേണ്ടതില്ല.
പണ്ഡിതന്മാരിൽ ഒരാൾ മരണപ്പെടുമ്പോൾ, അദ്ദേഹത്തിന്റെ വിജ്ഞാനം ജനങ്ങൾക്കിടയിൽ അനന്തരമായി നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും വാക്കുകളും അവർക്കിടയിൽ പ്രചരിക്കുന്നു. അതിൽ നിന്ന് അവർ പ്രയോജനം നേടുകയും അറിവ് സ്വീകരിക്കുകയും ചെയ്യുന്നു. ഖബ്റിലായിരിക്കുമ്പോഴും അദ്ദേഹത്തിന് പ്രതിഫലം തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കും. നബി ﷺ പറഞ്ഞതുപോലെ:
مَنْ عَلَّمَ آيَةً مِن كتاب الله فَلَهُ ثوابها ما تُلِيَتْ.
അല്ലാഹുവിന്റെ കിതാബിൽ നിന്ന് ഒരാൾ ഒരു ആയത്ത് പഠിപ്പിച്ചാൽ, അത് പാരായണം ചെയ്യപ്പെടുന്ന കാലത്തോളം അതിന്റെ പ്രതിഫലം അവനുണ്ടായിരിക്കും. [അബൂ സഹ്ല്‍ അൽ ഖത്വാൻ അദ്ദേഹത്തിന്റെ ഹദീസിൽ (243/4) ഉദ്ധരിച്ചത്, ശൈഖ് അൽബാനി ‘സിൽസിലത്തു സ്വഹീഹയിൽ’ (1335) ഇതിന്റെ പരമ്പരയെ ‘ജയ്യിദ്’ എന്ന് വിശേഷിപ്പിച്ചു]
പണ്ഡിതൻ മരണപ്പെട്ടാലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും, ക്ലാസുകളുടെയും പ്രഭാഷണങ്ങളുടെയും ഖുതുബകളുടെയും റെക്കോർഡിംഗുകളും നിലനിൽക്കും. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാത്ത, അദ്ദേഹത്തെ കണ്ടുമുട്ടാൻ ഭാഗ്യം ലഭിക്കാത്ത തലമുറകൾക്ക് അത് പ്രയോജനപ്പെടും.
ഹദീസിലെയും കർമ്മശാസ്ത്രത്തിലെയും ഇമാമുമാരെപ്പോലുള്ള ഇസ്‌ലാമിക പണ്ഡിതന്മാരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് കാണാം, അവർ മണ്ണിനടിയിലാണെങ്കിലും, ലോകത്ത് ജീവിച്ചിരിക്കുന്നവരെപ്പോലെയാണ്. അവരുടെ രൂപങ്ങൾ മാത്രമേ നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളൂ. അവരെക്കുറിച്ചുള്ള സ്മരണയും സംസാരവും പ്രശംസയും അവസാനിക്കുന്നില്ല. ഇതാണ് യഥാർത്ഥ ജീവിതം. അതുകൊണ്ടാണ് കവി പറഞ്ഞത്: “യുവാവിന്റെ സ്മരണ അവന്റെ രണ്ടാമത്തെ ജീവിതമാണ്, അവന്റെ യഥാർത്ഥ ആവശ്യം അവൻ നേടിയെടുത്തതാണ്, ബാക്കിയുള്ള ജീവിതത്തിലെ ആഡംബരങ്ങൾ വെറും ജോലികൾ മാത്രം.” [ഇബ്നുൽ ഖയ്യിം, ‘മിഫ്താഹു ദാരിസ്സആദ’ (1/387)]
ഇബ്നുൽ ജൗസി رَحِمَهُ الله പറഞ്ഞു: “മരണം തന്റെ കർമ്മങ്ങളെ മുറിച്ചുകളയുമെന്ന് മനുഷ്യൻ മനസ്സിലാക്കിയാൽ, മരണശേഷവും പ്രതിഫലം നിലനിൽക്കുന്ന കാര്യങ്ങൾ അവൻ ജീവിതത്തിൽ ചെയ്യും. ഉദാഹരണത്തിന്, വിജ്ഞാനത്തിൽ ഒരു ഗ്രന്ഥം രചിക്കുക. പണ്ഡിതന്റെ രചന, അനശ്വരനായ അവന്റെ സന്താനമാണ്.” [‘സ്വയ്ദുൽ ഖാത്വിർ’ (പേജ് 34)]
ഉപകാരപ്രദമായ ഗ്രന്ഥങ്ങൾ അച്ചടിക്കുന്നതിനും, പ്രയോജനകരമായ ലഘുലേഖകളും രചനകളും പ്രചരിപ്പിക്കുന്നതിനും സംഭാവന നൽകുന്ന ഏതൊരാൾക്കും, ജീവിതത്തിലും മരണശേഷവും അടിമക്ക് ലഭിക്കുന്ന ആ മഹത്തായതും നിലനിൽക്കുന്നതുമായ പ്രതിഫലത്തിൽ നിന്ന് വലിയൊരു വിഹിതമുണ്ടായിരിക്കും.
مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئً
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ആരെങ്കിലും സന്മാർഗത്തിലേക്ക് ക്ഷണിച്ചാൽ, അവനെ പിന്തുടരുന്നവരുടെ പ്രതിഫലം പോലുള്ള പ്രതിഫലം അവനുണ്ടായിരിക്കും. അത് അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയ്ക്കുകയുമില്ല. (മുസ്ലിം:2674)
മരണശേഷം അടിമക്ക് പ്രതിഫലം ലഭിക്കുന്ന ഉപകാരപ്രദമായ അറിവിൽ പെട്ടതാണ്, പ്രയോജനകരമായ പുസ്തകങ്ങൾ വാങ്ങി വിജ്ഞാന വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, വായനക്കാർക്കും വേണ്ടി വഖ്ഫ് ചെയ്യുകയോ സൗജന്യമായി നൽകുകയോ ചെയ്യുക. ഈ പുസ്തകങ്ങൾ നിലനിൽക്കുന്ന കാലത്തോളം, അത് രചിച്ചയാൾക്കും വഖ്ഫ് ചെയ്തയാൾക്കും പ്രതിഫലം പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു സ്വദഖ ജാരിയയായിരിക്കും.
ഇലക്ട്രോണിക് പുസ്തകങ്ങൾ (e-books) നിർമ്മിക്കുന്നതും, വായനയ്ക്കും ഗവേഷണത്തിനുമുള്ള ആപ്ലിക്കേഷനുകളിലൂടെ അത് പ്രചരിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടും. കാരണം, ഇ-ബുക്കുകളും പ്രോഗ്രാമുകളും അറിവ് പ്രചരിപ്പിക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും അച്ചടിച്ച പുസ്തകങ്ങൾ പോലെത്തന്നെയാണ്, ഒരുപക്ഷേ അതിനേക്കാൾ കൂടുതൽ പ്രചാരവും പ്രയോജനവും അവയ്ക്കുണ്ടായേക്കാം.
രണ്ടാമത്തെ കർമ്മം: നദി കീറി വെള്ളം ഒഴുക്കൽ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി നാം കണ്ടു: “…അല്ലെങ്കിൽ അവൻ ഒഴുക്കിയ നദി…”. അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ നബി ﷺ പറഞ്ഞത്, “…അല്ലെങ്കിൽ നദി കീറി വെള്ളം ഒഴുക്കിയവൻ…” എന്നാണ്.
ഇവിടെ നദി കീറി വെള്ളം ഒഴുക്കുക (കറന്നഹർ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഉറവകളിൽ നിന്നും നദികളിൽ നിന്നും വെള്ളം ചാലുകളിലൂടെ ഒഴുക്കി ജനങ്ങളുടെ താമസസ്ഥലങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും എത്തിക്കുക എന്നതാണ്. അതുവഴി ജനങ്ങൾക്ക് കുടിക്കാനും, കൃഷി നനക്കാനും, കന്നുകാലികൾക്ക് കുടിക്കാനും സാധിക്കുന്നു.
എത്ര മഹത്തായ ഒരു പുണ്യകർമ്മമാണിത്! ജനങ്ങൾക്ക് നന്മ ചെയ്യലും, അവരുടെ പ്രയാസം ലഘൂകരിക്കലുമാണ് ഇതിലൂടെ സാധ്യമാകുന്നത്. ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ വെള്ളം എളുപ്പത്തിൽ ലഭ്യമാക്കുക എന്നത് എത്ര വലിയ കാര്യമാണ്!
ഇതുമായി ബന്ധമുള്ള കാര്യമാണ്, പൈപ്പുകളിലൂടെ ജനങ്ങളുടെ താമസസ്ഥലങ്ങളിലേക്കും ആവശ്യമായ ഇടങ്ങളിലേക്കും വെള്ളം എത്തിക്കുക എന്നതും. ജനങ്ങൾക്ക് ആവശ്യമുള്ള സ്ഥലങ്ങളിൽ വാട്ടർ കൂളറുകൾ സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടും.
നബി ﷺ പറഞ്ഞതായി സ്ഥിരപ്പെട്ടിരിക്കുന്നു:
وَإِفْرَاغُكَ مِنْ دَلْوِكَ فِي دَلْوِ أَخِيكَ لَكَ صَدَقَةٌ
നിന്റെ തൊട്ടിയിൽ നിന്ന് നിന്റെ സഹോദരന്റെ തൊട്ടിയിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നത് നിനക്കൊരു ദാനധർമ്മമാണ്. (തിർമിദി:1956 – സിൽസിലത്തു സ്വഹീഹ:572)
സഅ്ദ് ബ്നു ഉബാദ رَضِيَ اللَّهُ عَنْهُ നബി ﷺ യോട് ഏറ്റവും ശ്രേഷ്ഠമായ ദാനധർമ്മം ഏതാണെന്ന് ചോദിച്ചപ്പോൾ നബി ﷺ പറഞ്ഞു: سَقْىُ الْمَاءِ (വെള്ളം നൽകലാണ്) (നസാഇ:3664 – സ്വഹീഹ് അത്തർഗീബിൽ:962)
മൂന്നാമത്തെ കർമ്മം: കിണർ കുഴിക്കൽ
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ നബി ﷺ ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു: “…അല്ലെങ്കിൽ കിണർ കുഴിച്ചവൻ…”.
ഇത് വളരെ മഹത്തായ സ്ഥാനവും വലിയ പ്രയോജനവുമുള്ള ഒരു കർമ്മമാണ്. നദി കീറി വെള്ളം ഒഴുക്കുന്നതിനും വെള്ളം നൽകുന്നതിനും മുൻപ് പറഞ്ഞ ശ്രേഷ്ഠതകൾ കിണർ കുഴിക്കുന്നതിനും ബാധകമാണ്. കാരണം ഇത് വെള്ളം നൽകുന്നതിന്റെ ഒരു രൂപമാണ്. മാത്രമല്ല, കിണറുകൾ സാധാരണയായി ഒരുപാട് കാലം നിലനിൽക്കുന്നതും, മനുഷ്യരും മൃഗങ്ങളും അതിൽ നിന്ന് പ്രയോജനം നേടുന്നതുമാണ്.
നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട ഒരു സംഭവത്തിൽ ഇപ്രകാരം കാണാം:
بَيْنَا رَجُلٌ يَمْشِي فَاشْتَدَّ عَلَيْهِ الْعَطَشُ، فَنَزَلَ بِئْرًا فَشَرِبَ مِنْهَا، ثُمَّ خَرَجَ فَإِذَا هُوَ بِكَلْبٍ يَلْهَثُ، يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ لَقَدْ بَلَغَ هَذَا مِثْلُ الَّذِي بَلَغَ بِي فَمَلأَ خُفَّهُ ثُمَّ أَمْسَكَهُ بِفِيهِ، ثُمَّ رَقِيَ، فَسَقَى الْكَلْبَ فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ”. قَالُوا يَا رَسُولَ اللَّهِ، وَإِنَّ لَنَا فِي الْبَهَائِمِ أَجْرًا قَالَ ” فِي كُلِّ كَبِدٍ رَطْبَةٍ أَجْرٌ ”.
ഒരാൾ വഴിയിലൂടെ നടന്നുപോകുമ്പോൾ അദ്ദേഹത്തിന് കഠിനമായ ദാഹം അനുഭവപ്പെട്ടു. അദ്ദേഹം ഒരു കിണർ കണ്ടെത്തുകയും അതിലിറങ്ങി വെള്ളം കുടിക്കുകയും ചെയ്തു. പുറത്തിറങ്ങിയപ്പോൾ, ദാഹം കാരണം നാവ് പുറത്തിട്ട് മണ്ണ് നക്കിക്കൊണ്ടിരിക്കുന്ന ഒരു നായയെ അദ്ദേഹം കണ്ടു. ആ മനുഷ്യൻ (സ്വയം) പറഞ്ഞു: ‘എനിക്ക് അനുഭവപ്പെട്ടത് പോലുള്ള കഠിനമായ ദാഹം ഈ നായക്കും ബാധിച്ചിരിക്കുന്നു’. അദ്ദേഹം വീണ്ടും കിണറ്റിലിറങ്ങി തന്റെ ചെരിപ്പിൽ വെള്ളം നിറക്കുകയും, അത് വായിൽ കടിച്ചുപിടിച്ച് മുകളിലേക്ക് കയറി നായയെ കുടിപ്പിക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ ഈ പ്രവർത്തനം സ്വീകരിക്കുകയും അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും ചെയ്തു.” സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങൾക്ക് പ്രതിഫലമുണ്ടോ?!” അവിടുന്ന് ﷺ പറഞ്ഞു: “പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും (നന്മ ചെയ്താൽ) പ്രതിഫലമുണ്ട്.” [ബുഖാരി :2363, മുസ്ലിം:2244]
ദാഹിച്ചു വലഞ്ഞ ഒരു നായക്ക് ഒരു തവണ വെള്ളം നൽകിയതിന്റെ പേരിൽ അല്ലാഹു ആ മനുഷ്യന് പൊറുത്തുകൊടുത്തുവെങ്കിൽ, ഒരു കിണർ കുഴിക്കുകയും, അതുവഴി ധാരാളം സൃഷ്ടികൾക്ക് ദാഹം തീർക്കാൻ കാരണമാകുകയും ചെയ്ത വ്യക്തിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കൂ!
قال النبي : مَنْ حَفَرَ مَاءً لم يَشْرَبُ منه كَبِدٌ حَرَّى ؛ مِن جِن ولا إِنسِ ولا سَبع ولا طائِرٍ إِلَّا آجَرَهُ اللهُ يومَ القيامة.
നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു കിണർ കുഴിക്കുകയും, അതിൽ നിന്ന് ദാഹിച്ചു വലഞ്ഞ ഒരു ജിന്നോ, മനുഷ്യനോ, മൃഗമോ, പക്ഷിയോ വെള്ളം കുടിക്കുകയും ചെയ്താൽ, അന്ത്യനാളിൽ അല്ലാഹു അവന് പ്രതിഫലം നൽകാതിരിക്കില്ല. [ഇബ്നു ഖുസൈമ അദ്ദേഹത്തിന്റെ സ്വഹീഹിൽ (1292) ഉദ്ധരിച്ചത്, ബുഖാരി അദ്ദേഹത്തിന്റെ ‘താരീഖിൽ’ (1/332) ഉദ്ധരിച്ചത്, ശൈഖ് അൽബാനി ‘സ്വഹീഹ് അത്തർഗീബിൽ’ (271) ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു].
നാലാമത്തെ കർമ്മം: ഈന്തപ്പന നടൽ
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി നാം കണ്ടു: “…അല്ലെങ്കിൽ ഈന്തപ്പന നട്ടുപിടിപ്പിച്ചവൻ…”. സുന്നത്തിൽ സ്ഥിരപ്പെട്ടതനുസരിച്ച്, ഈന്തപ്പന മരങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും, പ്രയോജനകരവും, ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഫലം നൽകുന്നതുമാണ്. നബി ﷺ അതിനെ ഒരു മുസ്ലിമിനോട് ഉപമിക്കുക പോലും ചെയ്തു. അവിടുന്ന് ﷺ പറഞ്ഞു:
إِنَّ مِنَ الشَّجَرِ شَجَرَةً لاَ يَسْقُطُ وَرَقُهَا، وَإِنَّهَا مَثَلُ الْمُسْلِمِ،
തീർച്ചയായും, മരങ്ങളുടെ കൂട്ടത്തിൽ ഇല പൊഴിയാത്ത ഒരു മരമുണ്ട്, അത് മുസ്ലിമിന്റെ ഉപമയാണ്. [ബുഖാരി:61, മുസ്ലിം:2811]
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
إِنَّ مِنَ الشَّجَرِ لَمَا بَرَكَتُهُ كَبَرَكَةِ الْمُسْلِمِ. …. هِيَ النَّخْلَةُ
തീർച്ചയായും മരങ്ങളുടെ കൂട്ടത്തിൽ ഒരു മരമുണ്ട്, അതിന്റെ ബറകത്ത് (അനുഗ്രഹം) മുസ്ലിമിന്റെ ബറകത്ത് പോലെയാണ്… അത് ഈന്തപ്പനയാണ്.” [ബുഖാരി:5444]
ഈന്തപ്പനക്ക് ഈ മഹത്തായ ശ്രേഷ്ഠത ലഭിക്കാൻ കാരണം, അത് നല്ലതും, അനുഗ്രഹീതവും, ധാരാളം പ്രയോജനങ്ങളുള്ളതുമായ ഒരു മരമായതുകൊണ്ടാണ്. അതിന്റെ ഒരു ഭാഗം പോലും സാധാരണയായി പ്രയോജനമില്ലാത്തതായി കാണുകയില്ല. അതിന്റെ പഴം ഏറ്റവും പ്രയോജനകരമായ ഫലങ്ങളിൽ പെട്ടതാണ്. അതിന്റെ മാധുര്യത്തോട് കിടപിടിക്കുന്ന മറ്റൊരു മാധുര്യമില്ല. അതുപോലെ, അതിന്റെ മജ്ജയായ ‘ജുമ്മാർ’, ശരീരത്തിന് പ്രയോജനകരമായ നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്നു. അതിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ജനങ്ങൾ പ്രയോജനം നേടുകയും അവരുടെ വീടുകളിൽ ഉപയോഗിക്കുകയും ചെയ്യുന്നു. ഇക്കാരണത്താലാണ് നബി ﷺ പറഞ്ഞത്:
مَثَلُ المؤمِنِ مَثَلُ النَّخْلَةِ ما أَخَذْتَ منها مِنْ شَيْءٍ نَفَعَكَ.
സത്യവിശ്വാസിയുടെ ഉപമ ഈന്തപ്പന പോലെയാണ്. അതിൽ നിന്ന് നീ എന്ത് എടുത്താലും അത് നിനക്ക് പ്രയോജനപ്പെടും. [ത്വബ്റാനി ‘അൽമുഅ്ജമുൽ കബീറിൽ’ (13514) ഉദ്ധരിച്ചത്, ശൈഖ് അൽബാനി ‘സിൽസിലത്തു സ്വഹീഹയിൽ’ (2285) ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു].
അതിനാൽ, ആരെങ്കിലും ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുകയും അതിന്റെ ഫലം മുസ്ലിങ്ങൾക്കായി നീക്കിവെക്കുകയും ചെയ്താൽ, അതിൽ നിന്ന് ഒരു മനുഷ്യനോ മൃഗമോ ഭക്ഷിക്കുമ്പോഴെല്ലാം, അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗം പ്രയോജനപ്പെടുത്തുമ്പോഴെല്ലാം അവന് പ്രതിഫലം നിലക്കാതെ ലഭിച്ചുകൊണ്ടിരിക്കും.
ഈ മഹത്തായ പ്രതിഫലം എല്ലാ മരങ്ങൾക്കും ബാധകമാണ്. ഈന്തപ്പനയെ ഹദീസിൽ പ്രത്യേകം എടുത്തുപറഞ്ഞത് അതിന്റെ സവിശേഷതയും പ്രയോജനങ്ങളുടെ ആധിക്യവും കാരണമാണ്. അതിനാൽ, ആരെങ്കിലും ഒരു മരം നടുകയും, അതിൽ നിന്ന് ജനങ്ങളോ, മൃഗങ്ങളോ, പക്ഷികളോ പ്രയോജനം നേടുകയും ചെയ്താൽ അത് അവന് ഒരു ദാനധർമ്മമായിരിക്കും. അതിന്റെ പ്രതിഫലം അവന് ജീവിതത്തിലും മരണശേഷവും ലഭിച്ചുകൊണ്ടിരിക്കും.
مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ، إِلاَّ كَانَ لَهُ بِهِ صَدَقَةٌ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ഒരു മുസ്ലിം ഒരു മരം നടുകയോ, ഒരു കൃഷി ചെയ്യുകയോ ചെയ്തിട്ട്, അതിൽ നിന്ന് ഒരു പക്ഷിയോ, മനുഷ്യനോ, മൃഗമോ ഭക്ഷിച്ചാൽ, അത് അവന് ഒരു ദാനധർമ്മമാകാതിരിക്കില്ല. [ബുഖാരി:2320,മുസ്ലിം:1553]
അഞ്ചാമത്തെ കർമ്മം: പള്ളികൾ നിർമ്മിക്കൽ
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ, അബൂഹുറൈറ رَضِيَ اللَّهُ عَنْهُ എന്നിവരിൽ നിന്നുള്ള ഹദീസുകളിൽ അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറഞ്ഞതായി മുൻപ് നാം കണ്ടു: “…അല്ലെങ്കിൽ ഒരു പള്ളി നിർമ്മിച്ചവൻ…”.
അല്ലാഹു വിന് ഭൂമിയിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ പള്ളികളാണ്; ശറഇയ്യായ പ്രമാണങ്ങൾ അറിയിക്കുന്നത് അതാണ്. റഅല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَحَبُّ الْبِلاَدِ إِلَى اللَّهِ مَسَاجِدُهَا
അല്ലാഹുവിന് നാടുകളിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് അതിലെ പള്ളികളാണ്. [മുസ്ലിം:671]
പള്ളികളെ പരിപാലിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നത് ഈമാനിന്റെ അടയാളങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:
إِنَّمَا يَعْمُرُ مَسَٰجِدَ ٱللَّهِ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ
അല്ലാഹുവിന്റെ പള്ളികളെ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവർ മാത്രമാണ്. (ഖു൪ആന്‍ :9/18)
പള്ളികളുടെ പരിപാലനം (ഇമാറത്ത്) എന്നത് രണ്ട് കാര്യങ്ങൾ ഉൾക്കൊള്ളുന്നു:
ഒന്നാമത്തെ കാര്യം: ഭൗതികമായ പരിപാലനം. അതായത് പള്ളികൾ നിർമ്മിക്കുക, അവയുടെ അറ്റകുറ്റപ്പണികൾ നടത്തുക, വികസിപ്പിക്കുക, പുനർനിർമ്മിക്കുക, സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവ.
രണ്ടാമത്തെ കാര്യം: ആത്മീയമായ പരിപാലനം. അതായത് നമസ്കാരം നിലനിർത്തുക, ഖുർആൻ പാരായണം ചെയ്യുക, ദിക്റിന്റെയും വിജ്ഞാനത്തിന്റെയും സദസ്സുകൾ സജീവമാക്കുക. അല്ലാഹു പറഞ്ഞതുപോലെ:
فِى بُيُوتٍ أَذِنَ ٱللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا ٱسْمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلْغُدُوِّ وَٱلْـَٔاصَالِ ﴿٣٦﴾ رِجَالٌ لَّا تُلْهِيهِمْ تِجَٰرَةٌ وَلَا بَيْعٌ عَن ذِكْرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ ٱلْقُلُوبُ وَٱلْأَبْصَٰرُ ﴿٣٧﴾
ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. (ഖു൪ആന്‍ :24/36-37)
അതിനാൽ, നമസ്കാരം നിലനിർത്താനും, ഖുർആൻ പാരായണം ചെയ്യാനും, റഹ്മാനായ അല്ലാഹുവിനെ സ്മരിക്കാനും, വിജ്ഞാനം പ്രചരിപ്പിക്കാനും, മുസ്ലിങ്ങൾ നന്മയിലും പുണ്യത്തിലും ബന്ധംചേർക്കലിലും ഒരുമിച്ചുകൂടാനും, മറ്റു ധാരാളം മഹത്തായ ലക്ഷ്യങ്ങൾക്കും വേണ്ടി ആരെങ്കിലും ഒരു പള്ളി നിർമ്മിച്ചാൽ, ഈ സൽകർമ്മങ്ങളുടെയെല്ലാം പ്രതിഫലം അത് നിർമ്മിച്ചവന് അവന്റെ ജീവിതത്തിലും മരണശേഷവും ലഭിച്ചുകൊണ്ടിരിക്കും. ഇത് അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്ന അനുഗ്രഹമാണ്.
പള്ളി നിർമ്മിക്കുന്നവന് മറ്റൊരു മഹത്തായ ശ്രേഷ്ഠത കൂടിയുണ്ടെന്ന് നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അവിടുന്ന് ﷺ പറഞ്ഞു:
مَنْ بَنَى مَسْجِدًا يَبْتَغِي بِهِ وَجْهَ اللَّهِ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ
ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ഒരു പള്ളി നിർമ്മിച്ചാൽ, അല്ലാഹു അവന് സ്വർഗത്തിൽ ഒരു ഭവനം നിർമ്മിച്ചുകൊടുക്കും. [ബുഖാരി :450,മുസ്ലിം:533]
പള്ളി നിർമ്മാണത്തിനുള്ള പ്രതിഫലം, സ്വന്തമായി ഒരു പള്ളി പൂർണ്ണമായി നിർമ്മിച്ചവനും, മറ്റൊരാളോടൊപ്പം നിർമ്മാണത്തിൽ പങ്കുചേർന്നവനും ലഭിക്കുന്നതാണ്; ആ പങ്കാളിത്തം വളരെ ചെറുതാണെങ്കിൽ പോലും.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ “ مَنْ بَنَى مَسْجِدًا لِلَّهِ كَمَفْحَصِ قَطَاةٍ أَوْ أَصْغَرَ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ ” .
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന് വേണ്ടി ഒരു ‘ഖത്വാത്’ പക്ഷിയുടെ കൂടിന്റെയത്ര ചെറുതാണെങ്കിലും ഒരു പള്ളി നിർമ്മിച്ചാൽ, അല്ലാഹു അവന് സ്വർഗത്തിൽ ഒരു ഭവനം നിർമ്മിച്ചുകൊടുക്കും. [ഇബ്നുമാജ:738, സ്വഹീഹുൽ ജാമിഅ്:6128]
(‘ഖത്വാത് പക്ഷിയുടെ കൂട് പോലെ’ എന്നതിലെ ‘മഫ്ഹസ്’ എന്നത് പക്ഷി മുട്ടയിടാൻ വേണ്ടി ഒരുക്കുന്ന ചെറിയ ഇടമാണ്. ഈ പുണ്യകർമ്മത്തിലും അതിലെ പങ്കാളിത്തത്തിലുമുള്ള മഹത്തായ പ്രതിഫലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്, എത്ര ചെറുതാണെങ്കിലും).
ആറാമത്തെ കർമ്മം: മുസ്ഹഫുകൾ അച്ചടിക്കൽ
അനസ് ബ്നു മാലിക്, അബൂഹുറൈറ رَضِيَ اللَّهُ عَنْهُمَا എന്നിവരിൽ നിന്നുള്ള ഹദീസുകളിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി മുൻപ് നാം കണ്ടു: “…അല്ലെങ്കിൽ ഒരു മുസ്ഹഫ് അനന്തരമായി നൽകിയവൻ…”.
മുസ്ഹഫ് അനന്തരമായി നൽകുക എന്നതിൽ, തന്റെ കുടുംബത്തിലെ അനന്തരാവകാശികൾക്ക് പാരായണം ചെയ്യാനും പ്രയോജനപ്പെടുത്താനുമായി മുസ്ഹഫ് വിട്ടേച്ചുപോവുക എന്നത് ഉൾപ്പെടും. അതുപോലെ, മുസ്ഹഫുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതും, പള്ളികളിലും വിജ്ഞാന കേന്ദ്രങ്ങളിലും മുസ്ലിങ്ങൾക്ക് പ്രയോജനപ്പെടുത്താനായി വഖ്ഫ് ചെയ്യുന്നതും ഇതിൽ ഉൾപ്പെടും.
അതിനാൽ, ഈ മുസ്ഹഫുകളിൽ നിന്ന് ആരെങ്കിലും ഒരു ആയത്ത് പാരായണം ചെയ്യുകയോ, അതിനെക്കുറിച്ച് ചിന്തിക്കുകയോ, അതിലെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്താൽ, അതിന്റെ മഹത്തായ പ്രതിഫലം ഈ മുസ്ഹഫ് അനന്തരമായി നൽകിയവന് ലഭിച്ചുകൊണ്ടിരിക്കും.
ഏഴാമത്തെ കർമ്മം: മക്കളെ സ്വാലിഹുകളായി (സച്ചരിതരായി) വളർത്തൽ
ഈ അധ്യായത്തിൽ പ്രതിപാദിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കാരണത്താൽ, മുൻപ് കഴിഞ്ഞുപോയ എല്ലാ ഹദീസുകളിലും ഈ കർമ്മം പരാമർശിക്കപ്പെട്ടിട്ടുണ്ട്. മക്കളെ നല്ല നിലയിൽ വളർത്തുകയും, നല്ല ശിക്ഷണം നൽകുകയും, തഖ്‌വയിലും സച്ചരിതത്വത്തിലും അവരെ രൂപപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്യുക എന്നത് ഒരു മുസ്ലിം നിർബന്ധമായും ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ബാധ്യതകളിൽ ഒന്നാണ്. ഇത് അല്ലാഹു സൂക്ഷിക്കാൻ കൽപ്പിച്ച മഹത്തായ അമാനത്തുകളിൽ (സൂക്ഷിപ്പ് സ്വത്തുക്കളിൽ) പെട്ടതുമാണ്. സത്യവിശ്വാസികളെ വർണ്ണിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ
തങ്ങളുടെ അമാനത്തുകളും (വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും) കരാറുകളും പാലിക്കുന്നവരുമത്രെ അവർ. (ഖു൪ആന്‍ :70/32)
കാരണം, മക്കളുടെ സച്ചരിതത്വം സമൂഹങ്ങളുടെയും, കുടുംബങ്ങളുടെയും, നാടുകളുടെയും സച്ചരിതത്വമാണ്. അവരുടെ നന്മയുടെ ഫലങ്ങളിലൊന്നാണ് മാതാപിതാക്കൾക്ക് ജീവിതത്തിലും മരണശേഷവും അവർ പുണ്യം ചെയ്യുന്നവരായിത്തീരുക എന്നത്. അവർ മാതാപിതാക്കൾക്ക് വേണ്ടി നന്മക്കായി പ്രാർത്ഥിക്കുകയും, പാപമോചനത്തിനും കാരുണ്യത്തിനും വേണ്ടി അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യും. ഇത് മരിച്ചയാൾക്ക് ഖബ്റിൽ പ്രയോജനം ലഭിക്കുന്ന കാര്യമാണ്. എന്നു മാത്രമല്ല, മക്കൾ ചെയ്യുന്ന നമസ്കാരം, ദാനധർമ്മം, പുണ്യം, നന്മ തുടങ്ങിയ എല്ലാ സൽകർമ്മങ്ങളുടെയും പ്രതിഫലം മാതാപിതാക്കൾക്കും ലഭിക്കുന്നതാണ്. കാരണം, മക്കളെ നല്ല നിലയിൽ വളർത്തുകയും ശിക്ഷണം നൽകുകയും ചെയ്തത് അവരാണ്. അല്ലാഹുവിന്റെ തൗഫീഖിന് ശേഷം, മക്കൾ സ്വാലിഹുകളാകാൻ കാരണം മാതാപിതാക്കളാണ്. നബി ﷺ പറഞ്ഞതുപോലെ:
إِنَّ أَوْلاَدَكُمْ مِنْ كَسْبِكُمْ
തീർച്ചയായും നിങ്ങളുടെ മക്കൾ നിങ്ങളുടെ സമ്പാദ്യത്തിൽ പെട്ടതാണ്. [അബൂദാവൂദ്:3528, തിർമിദി:1358, ഇർവാഉൽ ഗലീൽ:1626]
عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ” إِنَّ الرَّجُلَ لَتُرْفَعُ دَرَجَتُهُ فِي الْجَنَّةِ فَيَقُولُ: أَنَّى هَذَا. فَيُقَالُ بِاسْتِغْفَارِ وَلَدِكَ لَكَ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: തീർച്ചയായും, ഒരു മനുഷ്യന്റെ പദവി സ്വർഗത്തിൽ ഉയർത്തപ്പെടും. അപ്പോൾ അദ്ദേഹം ചോദിക്കും: ‘എനിക്ക് ഇതെങ്ങനെ ലഭിച്ചു?!’ അപ്പോൾ പറയപ്പെടും: ‘നിനക്ക് വേണ്ടി നിന്റെ മകൻ പാപമോചനം തേടിയതുകൊണ്ട്’. [ഇബ്നുമാജ:3660, സിൽസിലത്തു സ്വഹീഹ:1598]
എട്ടാമത്തെ കർമ്മം: ഭവനങ്ങൾ നിർമ്മിക്കുകയും വഖ്ഫ് ചെയ്യുകയും ചെയ്യൽ
ഈ കർമ്മം അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ നബി ﷺ യുടെ ഈ വാക്കുകളിൽ വന്നിരിക്കുന്നു: “…അല്ലെങ്കിൽ വഴിയാത്രക്കാരന് വേണ്ടി ഒരു ഭവനം നിർമ്മിച്ചവൻ…”.
ഈ ഹദീസിൽ, ഭവനങ്ങൾ നിർമ്മിക്കുകയും മുസ്ലിങ്ങൾക്ക് പ്രയോജനപ്പെടുത്താനായി വഖ്ഫ് ചെയ്യുകയും ചെയ്യുന്നതിന്റെ ശ്രേഷ്ഠതയുണ്ട്; അവർ വഴിയാത്രക്കാരോ, വിജ്ഞാന വിദ്യാർത്ഥികളോ, അനാഥകളോ, വിധവകളോ, ദരിദ്രരോ, പാവപ്പെട്ടവരോ ആകട്ടെ. ഈ പ്രവൃത്തിയിൽ എത്രമാത്രം നന്മയും പുണ്യവുമാണ് അടങ്ങിയിരിക്കുന്നത്!
ഈ കർമ്മത്തിൽ, പൊതു ആശുപത്രികൾ നിർമ്മിച്ച് അതിന്റെ പ്രയോജനം മുസ്ലിങ്ങൾക്കായി വഖ്ഫ് ചെയ്യുന്നതും, അതുപോലുള്ള മറ്റു പൊതു കെട്ടിടങ്ങൾ നിർമ്മിക്കുന്നതും ഉൾപ്പെടും. ഇതെല്ലാം ഒരു അടിമക്ക് അവന്റെ ജീവിതത്തിലും മരണശേഷവും പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന മഹത്തായ പുണ്യകർമ്മങ്ങളാണ്.
അതുപോലെ, മുസ്ലിങ്ങളായ മയ്യിത്തുകളെ മറവു ചെയ്യാനും, കുളിപ്പിക്കാനും, കഫൻ ചെയ്യാനുമായി ഒരു ഭൂമി വാങ്ങി വഖ്ഫ് ചെയ്യുന്നതും ഇതിൽ ഉൾപ്പെടും. നബി ﷺ പറഞ്ഞു:
من حفر لميت قبرًا فأجنه فيه أجرى له من الأجر كأجر مسكن أسكنه إلى يوم القيامة.
ആരെങ്കിലും ഒരു മയ്യിത്തിനു വേണ്ടി ഖബ്ർ കുഴിക്കുകയും, അതിൽ ആ മയ്യിത്തിനെ മറവു ചെയ്യുകയും ചെയ്താൽ, അന്ത്യനാൾ വരെ ഒരു വാസസ്ഥലം നൽകിയവന്റെ പ്രതിഫലം അവന് ലഭിച്ചുകൊണ്ടിരിക്കും.” [ഹാകിം അദ്ദേഹത്തിന്റെ ‘അൽ-മുസ്തദ്റകിൽ’ (1/505) ഉദ്ധരിച്ചത്, ശൈഖ് അൽബാനി ‘സ്വഹീഹ് അത്തർഗീബ് വത്തർഹീബിൽ’ (3492) ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു].
മരണപ്പെട്ട തന്റെ മുസ്ലിം സഹോദരനെ മറവു ചെയ്തവന് ഈ മഹത്തായ പ്രതിഫലം ലഭിക്കുമെങ്കിൽ, പൊതുവായ മുസ്ലിങ്ങൾക്ക് പ്രയോജനപ്പെടാനായി ഒരു ഭൂമി മുഴുവനായി വഖ്ഫ് ചെയ്യുകയും അത് സജ്ജീകരിക്കുകയും ചെയ്ത വ്യക്തിയുടെ പ്രതിഫലം എത്രയായിരിക്കും?!
ഒമ്പതാമത്തെ കർമ്മം: അതിർത്തികളിൽ കാവൽക്കാരനായി (മുറാബിത്) മരണപ്പെടൽ
ഈ കർമ്മം അബൂഉമാമ അൽ-ബാഹിലി رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ നബി ﷺ യുടെ ഈ വാക്കുകളിൽ വന്നിരിക്കുന്നു: “നാലു പേർക്ക് മരണാനന്തരം അവരുടെ പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കും: അല്ലാഹുവിന്റെ മാർഗത്തിൽ അതിർത്തിയിൽ കാവൽക്കാരനായി മരണപ്പെട്ടവൻ…”.
അല്ലാഹുവിന്റെ മാർഗത്തിൽ, ശത്രുക്കളെ പ്രതിരോധിക്കാനും മുസ്ലിങ്ങൾക്ക് കാവലിരിക്കാനുമായി അതിർത്തികളിൽ നിലയുറപ്പിക്കുക (രിബാത്) എന്നത് അല്ലാഹുവിങ്കൽ മഹത്തായ പുണ്യകർമ്മങ്ങളിൽ ഒന്നാണ്. ഇതിന് നിരവധി ശ്രേഷ്ഠതകൾ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഇമാം മുസ്ലിം അദ്ദേഹത്തിന്റെ ‘സ്വഹീഹിൽ’ സൽമാനുൽ ഫാരിസി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:
رِبَاطُ يَوْمٍ وَلَيْلَةٍ خَيْرٌ مِنْ صِيَامِ شَهْرٍ وَقِيَامِهِ وَإِنْ مَاتَ جَرَى عَلَيْهِ عَمَلُهُ الَّذِي كَانَ يَعْمَلُهُ وَأُجْرِيَ عَلَيْهِ رِزْقُهُ وَأَمِنَ الْفَتَّانَ
ഒരു രാവും പകലും അതിർത്തിയിൽ കാവലിരിക്കുന്നത്, ഒരു മാസം നോമ്പനുഷ്ഠിക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയ്യുന്നതിനേക്കാൾ ഉത്തമമാണ്. ആ അവസ്ഥയിൽ അവൻ മരണപ്പെട്ടാൽ, അവൻ ചെയ്തുകൊണ്ടിരുന്ന കർമ്മങ്ങളുടെ പ്രതിഫലം അവന് ലഭിച്ചുകൊണ്ടേയിരിക്കും, അവന്റെ വിഭവം (രിസ്ഖ്) അവന് നൽകപ്പെടും, അവൻ ഫിത്‌നയിൽ നിന്ന് (ഖബറിലെ ചോദ്യം) നിർഭയനായിരിക്കും. [മുസ്ലിം:1913]
അതിർത്തിയിൽ കാവൽ നിൽക്കുന്നവന് (മുറാബിത്) നാല് പ്രത്യേകതകൾ നബി ﷺ സ്ഥിരീകരിച്ചു നൽകിയിരിക്കുന്നു:
ഒന്നാമത്തേത്: അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം കാവലിരിക്കുന്നതിന്റെ പ്രതിഫലം ഒരു മാസം മുഴുവൻ നോമ്പനുഷ്ഠിക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയ്യുന്നതിനേക്കാൾ ഉത്തമമാണ്.
രണ്ടാമത്തേത്: നമസ്കാരം, സകാത്ത്, നോമ്പ്, പുണ്യം, നന്മ തുടങ്ങിയ അവന്റെ ജീവിതത്തിൽ ചെയ്തിരുന്ന സൽകർമ്മങ്ങളുടെ പ്രതിഫലം മരണശേഷവും അവന് ലഭിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന്റെ മാർഗത്തിൽ കാവൽക്കാരനായിരിക്കെ മരണപ്പെട്ടാൽ അത് നിലച്ചുപോവുകയില്ല. അല്ലാഹു അത് അവന് വേണ്ടി വളർത്തുകയും ഖബ്റിൽ വെച്ച് ഇരട്ടിയാക്കുകയും ചെയ്യും.
മൂന്നാമത്തേത്: ശഹീദുകളുടെ അവസ്ഥ പോലെ, സ്വർഗ്ഗീയ അനുഗ്രഹങ്ങളിൽ നിന്നുള്ള അവന്റെ വിഭവം (രിസ്ഖ്) തുടർന്നും ലഭിച്ചുകൊണ്ടിരിക്കും. ശഹീദുകളെ കുറിച്ച് അല്ലാഹു പറയുന്നു:
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتَۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍ :3/169)
قَالَ رَسُولُ اللَّهِ صلى الله عليه وسلم:إِنَّ أَرْوَاحَ الشُّهَدَاءِ فِي طَيْرٍ خُضْرٍ تَعْلُقُ مِنْ ثَمَرَةِ الْجَنَّةِ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “തീർച്ചയായും ശഹീദുകളുടെ ആത്മാക്കൾ പച്ച വർണ്ണമുള്ള പക്ഷികളുടെ ഉള്ളിലാണ്. അവ സ്വർഗത്തിലെ ഫലങ്ങളിൽ നിന്ന് ഭക്ഷിച്ചുകൊണ്ടിരിക്കും. [തിർമിദി:1641, സ്വഹീഹ് അത്തർഗീബ്:1368)]
നാലാമത്തേത്: ഖബ്റിലെ ഫിത്‌നയിൽ നിന്നുള്ള നിർഭയത്വം. അതായത് രണ്ട് മലക്കുകളുടെ ചോദ്യം ചെയ്യലിൽ നിന്നുള്ള രക്ഷ.
قَالَ رَسُولُ اللَّهِ صلى الله عليه وسلم:كُلُّ الْمَيِّتِ يُخْتَمُ عَلَى عَمَلِهِ، إِلاَّ الْمُرَابِطَ فَإِنَّهُ يَنْمُو لَهُ عَمَلُهُ إِلَى يَوْمِ الْقِيَامَةِ وَيُؤَمَّنُ مِنْ فَتَّانِ الْقَبْرِ.
നബി ﷺ പറഞ്ഞു: മരിക്കുന്ന ഏതൊരാളുടെയും കർമ്മങ്ങൾ അവസാനിപ്പിക്കപ്പെടും, അതിർത്തിയിൽ കാവൽ നിന്നവനൊഴികെ. തീർച്ചയായും, അവന്റെ കർമ്മം അന്ത്യനാൾ വരെ അവന് വേണ്ടി വളർന്നുകൊണ്ടേയിരിക്കും. ഖബ്റിലെ ചോദ്യം ചെയ്യലിൽ നിന്ന് അവൻ നിർഭയനായിരിക്കുകയും ചെയ്യും. [അബൂദാവൂദ്:2500, സ്വഹീഹുൽ ജാമിഅ്:4562]
ഈ വിഷയത്തിൽ ഉൾപ്പെടുന്ന ഒന്നാണ് തന്റെ സമ്പത്ത് കൊണ്ട് ജിഹാദ് ചെയ്യുന്നവന്റെ കാര്യം. അതായത്, അല്ലാഹുവിന്റെ മാർഗത്തിൽ സ്വദഖ ചെയ്യുകയും, മുസ്ലിം നാടുകളെ സംരക്ഷിക്കുന്ന സൈനികർക്ക് ശക്തിയും ആയുധങ്ങളും ഒരുക്കുന്ന കാര്യങ്ങളിൽ സംഭാവന നൽകുകയും ചെയ്യുന്നവൻ.
قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ جَهَّزَ غَازِيًا فِي سَبِيلِ اللَّهِ كَانَ لَهُ مِثْلُ أَجْرِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَجْرِ الْغَازِي شَيْئًا.
നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന ഒരു യോദ്ധാവിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്താൽ, ആ യോദ്ധാവിന്റെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തത്തുല്യമായ പ്രതിഫലം അവനും ലഭിക്കുന്നതാണ്. [ഇബ്നുമാജ:2759, സിൽസിലത്തു സ്വഹീഹ:2690]
പത്താമത്തെ കർമ്മം: ജാരിയായ സ്വദഖകൾ (തുടർന്നുപോകുന്ന ദാനധർമ്മങ്ങൾ)
നബി ﷺ യുടെ ഈ വാക്കുകളിൽ ഇത് വന്നിരിക്കുന്നു: “…അല്ലെങ്കിൽ തന്റെ ആരോഗ്യത്തിലും ജീവിതത്തിലും ആയിരിക്കെ തന്റെ സമ്പത്തിൽ നിന്ന് നൽകിയ ഒരു സ്വദഖ; അത് മരണാനന്തരം അവന് എത്തിച്ചേരും.”
അതുപോലെ അവിടുന്ന് ﷺ പറഞ്ഞു: “…തുടർന്നുപോകുന്ന ഒരു സ്വദഖയൊഴികെ…”.
‘സ്വദഖത്തുൻ ജാരിയ’ (തുടർന്നുപോകുന്ന ദാനധർമ്മം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു മുസ്ലിം ദാനം ചെയ്യുന്നതും, അതിന്റെ പ്രയോജനം ദീർഘകാലം നിലനിൽക്കുന്നതുമായ കാര്യങ്ങളാണ്. ആ സ്വദഖയുടെ അടിസ്ഥാനം നിലനിൽക്കുകയും അതിൽ നിന്ന് പ്രയോജനം ലഭിക്കുകയും ചെയ്യുന്ന കാലത്തോളം അതിന്റെ പ്രതിഫലം ദാനം ചെയ്തവന് ലഭിച്ചുകൊണ്ടേയിരിക്കും.
ഇതിൽ ഉൾപ്പെടുന്നവയാണ്: ആശുപത്രികൾ, വിദ്യാലയങ്ങൾ, പള്ളികൾ തുടങ്ങിയ പൊതു ആവശ്യങ്ങൾക്കായി ഭൂമികളും കെട്ടിടങ്ങളും വഖ്ഫ് ചെയ്യൽ. അതുപോലെ, പാരായണത്തിനും വിജ്ഞാനത്തിനും വേണ്ടി മുസ്ഹഫുകളും വൈജ്ഞാനിക ഗ്രന്ഥങ്ങളും വഖ്ഫ് ചെയ്യൽ, മനുഷ്യർക്കും മൃഗങ്ങൾക്കും വെള്ളം നൽകുന്നതിനായി കിണറുകൾ പോലുള്ളവ വഖ്ഫ് ചെയ്യൽ, പ്രയോജനം നിലനിൽക്കുന്ന മറ്റു ദാനധർമ്മങ്ങളും വഖ്ഫുകളും.
ഉപസംഹാരം
അല്ലാഹു തൗഫീഖ് നൽകിയ ഒരു സത്യവിശ്വാസി, മുൻപ് വിവരിച്ച ഈ കർമ്മങ്ങളുടെ ശ്രേഷ്ഠതയും, അതിലൂടെ അവന് ലഭിക്കുന്ന നന്മയും മനസ്സിലാക്കിയാൽ, അത് നേടിയെടുക്കാൻ അവൻ തിടുക്കം കാണിക്കും. തന്റെ ജീവിതത്തിലും ആരോഗ്യത്തിലും ആയിരിക്കുമ്പോൾ അതിന്റെ പുണ്യം കരസ്ഥമാക്കാൻ അവൻ പരിശ്രമിക്കും. കാരണം, മരണസമയത്തേക്ക് അത് നീട്ടിവെക്കുന്നതിനേക്കാൾ ഉത്തമം അതാണ്. ഒരു മനുഷ്യനും തന്റെ മരണം എപ്പോഴാണ് സംഭവിക്കുക എന്ന് അറിയുകയില്ല. അതുകൊണ്ടാണ്, ഏത് സ്വദഖയാണ് ഏറ്റവും മഹത്തായ പ്രതിഫലം നൽകുന്നത് എന്ന് നബി ﷺ യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞത്:
أَنْ تَصَدَّقَ وَأَنْتَ صَحِيحٌ شَحِيحٌ، تَخْشَى الْفَقْرَ وَتَأْمُلُ الْغِنَى، وَلاَ تُمْهِلُ حَتَّى إِذَا بَلَغَتِ الْحُلْقُومَ قُلْتَ لِفُلاَنٍ كَذَا، وَلِفُلاَنٍ كَذَا، وَقَدْ كَانَ لِفُلاَنٍ
നീ ആരോഗ്യവാനും, ധനം മുറുകെ പിടിക്കുന്നവനും, ദാരിദ്ര്യത്തെ ഭയക്കുകയും ഐശ്വര്യം ആഗ്രഹിക്കുകയും ചെയ്യുന്നവനുമായിരിക്കെ സ്വദഖ നൽകലാണ്. ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുന്നതുവരെ നീ അത് വൈകിപ്പിക്കരുത്. എന്നിട്ട് (ആ സമയത്ത്) നീ പറയും: ‘ഇന്നയാൾക്ക് ഇത്ര, ഇന്നയാൾക്ക് ഇത്ര’ എന്ന്. യഥാർത്ഥത്തിൽ അത് (അനന്തരാവകാശിയായ) ഇന്നയാളുടേതായി കഴിഞ്ഞിരിക്കുന്നു. [ബുഖാരി:1419, മുസ്ലിം :1032]
യസീദ് അർ-റഖാശി رحمه الله സ്വന്തത്തോട് ഇപ്രകാരം പറയുമായിരുന്നു: “യസീദേ, നിനക്ക് നാശം! മരണശേഷം നിനക്ക് വേണ്ടി ആര് നമസ്കരിക്കും?! മരണശേഷം നിനക്ക് വേണ്ടി ആര് നോമ്പനുഷ്ഠിക്കും?! മരണശേഷം നിന്റെ രക്ഷിതാവിനെ നിനക്ക് വേണ്ടി ആര് തൃപ്തിപ്പെടുത്തും?!” [അൽ-ആഖിബ ഫീ ദിക്രിൽ മൗത്ത്, അബ്ദുൽ ഹഖ് അൽ-ഇശ്ബീലി (പേജ് 40)]
إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ
തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തു വെച്ചതും അവരുടെ (പ്രവര്‍ത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു.(ഖു൪ആന്‍ :36/12)
അല്ലാഹുവിന്റെ ഈ വചനത്തിന്റെ വിശദീകരണത്തിൽ അല്ലാമാ അസ്സഅ്ദി رحمه الله പറയുന്നു: അവ, നന്മയുടെയും തിന്മയുടെയും അനന്തരഫലങ്ങളാണ്; അവരുടെ ജീവിതകാലത്തും മരണശേഷവും അവ ഉണ്ടാകാൻ അവർ കാരണക്കാരായി. അവരുടെ വാക്കുകൾ, പ്രവൃത്തികൾ, അവസ്ഥകൾ എന്നിവയിൽ നിന്ന് ഉടലെടുത്ത കർമ്മങ്ങളാണവ. ഒരു അടിമയുടെ വിജ്ഞാനം, അവൻ പഠിപ്പിച്ചത്, അവൻ നൽകിയ ഉപദേശം, നന്മ കൽപ്പിക്കൽ, തിന്മ വിരോധിക്കൽ, അല്ലെങ്കിൽ പഠിതാക്കൾക്ക് പകർന്നു നൽകിയ വിജ്ഞാനം, അല്ലെങ്കിൽ അവന്റെ ജീവിതത്തിലും മരണശേഷവും പ്രയോജനപ്പെടുന്ന ഗ്രന്ഥങ്ങൾ എന്നിവ കാരണമായി കാരണമായി ജനങ്ങളിൽ ആരെങ്കിലും ചെയ്ത ഏതൊരു നന്മയും, അല്ലെങ്കിൽ അവൻ ഒരു നന്മ പ്രവർത്തിച്ചു – നമസ്കാരം, സകാത്ത്, സ്വദഖ, പുണ്യം എന്നിങ്ങനെ – എന്നിട്ട് മറ്റുള്ളവർ അവനെ അതിൽ മാതൃകയാക്കി, അല്ലെങ്കിൽ ഒരു പള്ളി നിർമ്മിച്ചു, അല്ലെങ്കിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഏതെങ്കിലും സ്ഥാപനം നിർമ്മിച്ചു, അതുപോലുള്ള കാര്യങ്ങളെല്ലാം – അവയെല്ലാം അവനുവേണ്ടി രേഖപ്പെടുത്തപ്പെടുന്ന അവന്റെ അനന്തരഫലങ്ങളിൽ (آثار) പെട്ടതാണ്. അതുപോലെത്തന്നെയാണ് തിന്മയുടെ കാര്യവും. [തൈസീറുൽ കരീമി റഹ്മാൻ (പേജ് 692)].
ഒരു സത്യവിശ്വാസി മനസ്സിലാക്കേണ്ട കാര്യമാണ്, ചില സൽകർമ്മങ്ങളുടെ പ്രതിഫലം അതിന്റെ നല്ല സ്വാധീനം ജനങ്ങളിൽ നിലനിൽക്കുന്ന കാലത്തോളം ലഭിച്ചുകൊണ്ടിരിക്കുന്നത് പോലെത്തന്നെ, ചില തിന്മകളുടെ പാപഭാരവും തുടർന്നുപോയിക്കൊണ്ടിരിക്കും. അതിലേക്ക് ക്ഷണിച്ചവന്, അതിന്റെ ദുഷിച്ച സ്വാധീനം ജനങ്ങളിൽ നിലനിൽക്കുന്ന കാലത്തോളം ആ പാപം ലഭിച്ചുകൊണ്ടിരിക്കും.
സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും. നമ്മുടെ നബി മുഹമ്മദിനും, അവിടുത്തെ കുടുംബത്തിനും, സ്വഹാബികൾക്കും അല്ലാഹു അനുഗ്രഹവും സമാധാനവും നൽകട്ടെ.
ശൈഖ് അബ്ദുറസ്സാഖ് ബ്നു അബ്ദുൽ മുഹ്സിൻ അൽ-ബദ്‌ർ حَفِظَهُ اللَّهُ
www.kanzululoom.com