മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്‌

خُلِقَ ٱلۡإِنسَٰنُ ضَعِيفٗا

ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. (ഖു൪ആന്‍:4/28)

خُلِقَ ٱلْإِنسَٰنُ مِنْ عَجَلٍ

ധൃതികൂട്ടുന്നവനായിട്ടാകുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌.  (ഖു൪ആന്‍:21/37)

إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا

തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അക്ഷമനായികൊണ്ടാണ്‌. (ഖു൪ആന്‍:70/19-21)

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദുർബലത, ധൃതി, അക്ഷമ എന്നീ പ്രകൃതത്തിലാണെന്നാണ് വിശുദ്ധ ഖുർആൻ സൂചിപ്പിച്ചിട്ടുള്ളത്. മനുഷ്യസഹജമായ പ്രകൃതിയാണ് അവയൊക്കെ. അതിനോട് ചേർത്ത് ചില കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഒന്നാമതായി, ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. മാനസിക ദൗര്‍ബല്യമാണ് ഇവിടെ സൂചന. ശാരീരിക ഘടനയിലും ഇഛാശക്തിയിലും വിശ്വാസരംഗത്തും ക്ഷമയുടെ കാര്യത്തിലുമെല്ലാം മനുഷ്യന്റെ ദൗര്‍ബല്യം പ്രകടമാണ്. വൈവാഹിക നിയമങ്ങളെ പരാമര്‍ശിക്കുന്ന വചനങ്ങള്‍ക്കിടയിലാണ് ഉപര്യുക്ത വചനമുള്ളത്. സ്ത്രീസംബന്ധമായ വൈകാരികതയിലും മനുഷ്യന്‍ പലപ്പോഴും ദുര്‍ബലനാണെന്ന സുചനയും ഈ വചനത്തിലുണ്ട് എന്ന് പല ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും പ്രസ്താവിച്ചിരിക്കുന്നു.

عن طاوس : ( خلق الإنسان ضعيفا ) أي : في أمر النساء

ത്വാവൂസിൽ നിന്ന് നിവേദനം: {ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌} അതായത്: സ്ത്രീകളുടെ കാര്യത്തിൽ. (ഇബ്നുകസീർ)

മനുഷ്യന്‍ ഉല്‍കൃഷ്ട സൃഷ്ടി തന്നെ. അതേ സമയത്ത് അവന്ന് പല ദൗര്‍ബല്യങ്ങളുമുണ്ട്. അവന്‍റെ വികാരങ്ങളെ മുഴുവന്‍ അടക്കിയൊതുക്കി വെക്കുവാന്‍ അവനു സാധിക്കയില്ല. ഈ ദൗര്‍ബല്യം കണക്കിലെടുത്തുകൊണ്ട് പ്രായോഗികവും ലാഘവപ്രദവുമായ നടപടി ക്രമങ്ങളാണ് അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. അക്കൂട്ടത്തില്‍ ഒന്നത്രെ സ്വതന്ത്രകളെ വിവാഹം കഴിക്കുവാന്‍ സാധിക്കാത്തപക്ഷം അടിമകളെ വിവാഹം കഴിക്കാമെന്നു നിശ്ചയിച്ചതും. (അമാനി തഫ്സീ൪ – ഖു൪ആന്‍:4/28 ന്റെ വിശദീകരണത്തില്‍ നിന്ന്)

അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുള്ളത്:

يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ ٱلْإِنسَٰنُ ضَعِيفًا

നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. (ഖു൪ആന്‍:4/28)

രണ്ടാമതായി, ധൃതികൂട്ടുന്നവനായിട്ടാകുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:

وَكَانَ ٱلْإِنسَٰنُ عَجُولًا

മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു. (ഖു൪ആന്‍:17/11)

ധൃതിപ്പെടുകയെന്നത് മനുഷ്യസഹജമായ ഒരു പ്രകൃതിയാണ്. അതുകൊണ്ടുണ്ടാകുന്ന അനിഷ്ടഫലങ്ങള്‍ കുറച്ചൊന്നുമല്ല. സത്യത്തെ ധിക്കരിക്കലും, പരിഹസിക്കലും, അനന്തരഫലമായി ഭയങ്കരമായ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരലുമെല്ലാം ഈ സ്വാഭാവംകൊണ്ട് ഉണ്ടായിത്തീരുന്നു. ക്ഷമാപൂര്‍വ്വം കാര്യങ്ങളെ നേരിടാതെ അല്ലാഹുവിനോട് എതിരിടുവാന്‍ മുതിരുന്നപക്ഷം, അതു നല്ലതിനല്ല എന്ന് ഓര്‍ത്തുകൊള്ളണമെന്ന ഒരു താക്കീതാണിത്.

ഇവിടെ ഒരു ചോദ്യത്തിന് അവകാശമുണ്ട്‌: മനുഷ്യന്റെ സൃഷ്ടിയില്‍തന്നെയുള്ള ഒരു പ്രകൃതി സ്വഭാവമാണ് ധൃതി എന്ന് ഈ വചനത്തില്‍നിന്ന് സ്പഷ്ടമാണ്. അല്ലാഹു മനുഷ്യന് ജന്‍മനാ നല്‍കിയ ആ സ്വഭാവത്തെപ്പറ്റി അവനെ കുറ്റപ്പെടുത്തുന്നത് ന്യായമല്ലല്ലോ? മനുഷ്യന്റെ സ്വാധീനത്തിലും, പ്രവര്‍ത്തനത്തിലുംപെടാത്ത ഒന്നിനെപ്പറ്റി ആക്ഷേപിക്കുന്നതുകൊണ്ട് എന്താണ് ഫലം? ഇതാണ് ചോദ്യം. ഇതിനു ഇപ്രകാരം മറുപടി പറയാം:

അതെ, അതില്‍ മനുഷ്യനെ കുറ്റപ്പെടുത്തുവാനില്ല. വാസ്തവത്തില്‍ ധൃതി മനുഷ്യന് ആവശ്യംതന്നെയാണ്. ധൃതി സ്വഭാവം ഇല്ലാതിരിക്കുന്നപക്ഷം, പ്രവര്‍ത്തനത്തിന് ഔല്‍സുക്യവും, തക്കസമയത്തു പ്രവര്‍ത്തിക്കുവാനുള്ള ആവേശവും, സല്‍ക്കാര്യങ്ങളില്‍ മുന്നോട്ട് വരുവാനുള്ള വാഞ്ഛയും ഉണ്ടാവുകയില്ല. അങ്ങിനെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് അല്ലാഹു പ്രസ്തുത സ്വഭാവം അവനു നല്‍കിയിരിക്കുന്നതും. എന്നാല്‍, ഈ വചനത്തിലും മറ്റും ധൃതിയേപ്പറ്റി ആക്ഷേപിക്കുന്നതു ഈ സ്വഭാവം മനുഷ്യനില്‍ ഉണ്ടെന്നതിനെ ഉദ്ദേശിച്ചല്ല – അതിനെ ദുരുപയോഗപ്പെടുത്തുന്നതിനെ ഉദ്ദേശിച്ചാകുന്നു. കോപം, മോഹം മുതലായി പ്രകൃതിസിദ്ധമായ മറ്റു സ്വഭാവങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സമയത്തും അസമയത്തും ഉപയോഗപ്പെടുത്തുക, ആവശ്യത്തില്‍ കവിഞ്ഞ അളവ് പ്രകടിപ്പിക്കുക – ഇതാണ് ആക്ഷേപാര്‍ഹമായത്. എല്ലാ സന്ദര്‍ഭത്തിലും ധൃതിയില്ലാതെ ക്ഷമ സ്വീകരിക്കുക, ഏതവസരത്തിലും ദേഷ്യം വരാതെ ശാന്തമായിരിക്കുക, യാതൊന്നിലും മോഹമില്ലാതെ നിര്‍വ്വികാരമായിരിക്കുക എന്നിവയെല്ലാം മനുഷ്യനെ അങ്ങേഅറ്റം അധപതിപ്പിക്കുക മാത്രമേ ചെയ്കയുള്ളു. ഇങ്ങിനെയുള്ള സ്വഭാവങ്ങളെ നിയന്ത്രിക്കുവാനുള്ള കഴിവും, മാര്‍ഗ്ഗദര്‍ശനവും അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. അവ അനിയന്ത്രിതമായിത്തീരുന്നതാണ് ആക്ഷേപാര്‍ഹം. മനുഷ്യന് അല്ലാഹു നല്‍കുന്ന പ്രകൃതിസ്വഭാവങ്ങളെപ്പറ്റി അവന്‍ പറഞ്ഞിട്ടുള്ളതു ഇപ്രകാരമാകുന്നു: ‘മനുഷ്യനെ നാം വളരെ ചൊവ്വായ ഒരു പ്രകൃതിയില്‍ സൃഷ്ടിച്ചിട്ടുണ്ട്.’ (لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ). അപ്പോള്‍, ഓരോ ജന്‍മസ്വഭാവത്തെയും, ആവശ്യവും അനാവശ്യവും നോക്കി നാം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. നബി ﷺ യുടെ ചില വചനങ്ങള്‍ ഇവിടെ ശ്രദ്ധേയമാകുന്നു:

السَّمْتُ الْحَسَنُ وَالتُّؤَدَةُ وَالاقْتِصَادُ جُزْءٌ مِنْ أَرْبَعَةٍ وَعِشْرِينَ جُزْءًا مِنَ النُّبُوَّةِ

നല്ല നേര്‍ക്കുനേരെയുള്ള നടപടി, സാവകാശശീലം, മിതവ്യയം എന്നിവ പ്രവാചകത്വത്തിന്റെ ഇരുപത്തിനാല് അംശത്തില്‍ ഒരംശമാകുന്നു. (തിർമിദി)

التُّؤَدَةُ في كُلِّ شَيءٍ إِلاَّ فِي عَمَلِ الآخِرَةِ

സാവകാശം എല്ലാ കാര്യത്തിലും ഗുണകരമാണ് – പരലോക കര്‍മ്മങ്ങളില്‍ ഒഴികെ (സല്‍ക്കാര്യങ്ങളെല്ലാം പരലോകകര്‍മ്മങ്ങളില്‍ ഉള്‍പ്പെടുമല്ലോ.) (അബൂദാവൂദ്) (അമാനി തഫ്സീ൪ – ഖു൪ആന്‍:21/37 ന്റെ വിശദീകരണത്തില്‍ നിന്ന്)

മൂന്നാമതായി, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്  അക്ഷമനായികൊണ്ടാണ്‌. മനുഷ്യന്റെ പ്രകൃതിപരമായ ഒരു സവിശേഷതയാണ് ഇത്. ആ ക്ഷമയില്ലായ്മ എന്താണെന്ന് വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നത് കാണുക:

إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا ‎﴿١٩﴾‏ إِذَا مَسَّهُ ٱلشَّرُّ جَزُوعًا ‎﴿٢٠﴾‏ وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا ‎﴿٢١﴾

തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായികൊണ്ടാണ്‌. അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും. നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും. (ഖു൪ആന്‍:70/19-21)

{إِذَا مَسَّهُ الشَّرُّ جَزُوعًا} فَيَجْزَعُ إِنْ أَصَابَهُ فَقْرٌ أَوْ مَرَضٌ، أَوْ ذَهَابُ مَحْبُوبٍ لَهُ، مِنْ مَالٍ أَوْ أَهْلٍ أَوْ وَلَدٍ، وَلَا يُسْتَعْمَلُ فِي ذَلِكَ الصَّبْرُ وَالرِّضَا بِمَا قَضَى اللَّهُ.

{അതായത് തിന്മബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായിരിക്കൊണ്ടും} ദാരിദ്ര്യമോ രോഗമോ ബാധിക്കുകയോ തനിക്കിഷ്ടപ്പെട്ട ധനമോ ബന്ധുക്കളോ മക്കളോ നഷ്ടപ്പെടുകയോ ചെയ്താല്‍ അവര്‍ അക്ഷമരാകും. അല്ലാഹുവിന്റെ വിധിയില്‍ തൃപ്തിപ്പെടാനോ ക്ഷമിക്കാനോ കഴിയുന്നില്ല. (തഫ്സീറുസ്സഅ്ദി)

{وَإِذَا مَسَّهُ الْخَيْرُ مَنُوعًا} فَلَا يُنْفِقُ مِمَّا آتَاهُ اللَّهُ، وَلَا يَشْكُرُ اللَّهَ عَلَى نِعَمِهِ وَبَرِّهِ، فَيَجْزَعُ فِي الضَّرَّاءِ، وَيَمْنَعُ فِي السَّرَّاءِ.

{നന്മകൈവന്നാല്‍ തടഞ്ഞുവെക്കുന്നവനായിക്കൊണ്ടും} അല്ലാഹു നല്‍കിയതില്‍ നിന്നും അവര്‍ ചെലവഴിക്കില്ല. അവന്‍ നല്‍കിയ അനുഗ്രഹത്തിനും ഗുണത്തിനും നന്ദി കാണിക്കുകയുമില്ല. പ്രയാസങ്ങള്‍ വരുമ്പോള്‍ ക്ഷമകേട് കാണിക്കുകയും സൗകര്യങ്ങളുണ്ടാകുമ്പോള്‍ തടഞ്ഞുവെക്കുന്നവരാകുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

ധനത്തിലാകട്ടെ, ദേഹത്തിലാകട്ടെ വല്ല ദോഷവും ബാധിക്കുമ്പോള്‍ വ്യസനവും, പരാതിയും, ഭയവും, നിരാശയും വല്ല ഗുണമോ നന്മയോ ബാധിച്ചാല്‍ അത് വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ വിനിയോഗിക്കുകയോ ചെയ്യാതെ പിശുക്ക് കാണിച്ചും മറ്റും അതിന് തടസ്സം വരുത്തുക. ഇതാണ് മനുഷ്യന്‍ അക്ഷമനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞതിന്‍റെ അര്‍ഥം. (അമാനി തഫ്സീ൪ – ഖു൪ആന്‍:70/19-21 ന്റെ വിശദീകരണത്തില്‍ നിന്ന്)

എന്നാല്‍ മനുഷ്യൻ സൃഷ്ട്യാ തന്നെ ഇങ്ങിനെ ഒരു പോരായ്മയുള്ളവനാണെങ്കിലും ഈ സ്വഭാവത്തെ നിയന്ത്രിക്കുവാനുള്ള പ്രതിവിധികളും അല്ലാഹു അവന് നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അതാണ് അല്ലാഹു തുടർന്ന് പറയുന്നത് :

إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا ‎﴿١٩﴾‏ إِذَا مَسَّهُ ٱلشَّرُّ جَزُوعًا ‎﴿٢٠﴾‏ وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا ‎﴿٢١﴾‏ إِلَّا ٱلْمُصَلِّينَ ‎﴿٢٢﴾‏ ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ ‎﴿٢٣﴾‏ وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ ‎﴿٢٤﴾‏ لِّلسَّآئِلِ وَٱلْمَحْرُومِ ‎﴿٢٥﴾‏ وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ ‎﴿٢٦﴾‏ وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ‎﴿٢٧﴾‏ إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ ‎﴿٢٨﴾‏ وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ‎﴿٢٩﴾‏ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٣٠﴾‏ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ‎﴿٣١﴾‏ وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ‎﴿٣٢﴾‏ وَٱلَّذِينَ هُم بِشَهَٰدَٰتِهِمْ قَآئِمُونَ ‎﴿٣٣﴾‏ وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ ‎﴿٣٤﴾‏ أُو۟لَٰٓئِكَ فِى جَنَّٰتٍ مُّكْرَمُونَ ‎﴿٣٥﴾

തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌.  അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും,  നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.  നമസ്കരിക്കുന്നവരൊഴികെ –  അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍  തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,  ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും  പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,  തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.  തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു. തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ) തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.  എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍. തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,  തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,  തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ). അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു. ഖു൪ആന്‍:70/19-35)

സ്വര്‍ഗത്തില്‍ വെച്ച് ആദരിക്കപ്പെടുന്നവരെന്ന് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുകയും, അക്ഷമരും ദുര്‍ബലരുമല്ലാത്തവരെന്ന്‍ അവന്‍ പ്രശംസിക്കുകയും ചെയ്ത ഈ സജ്ജനങ്ങളുടെ സവിശേഷത പലതും ഈ വചനത്തില്‍ അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു. അവയില്‍ ഒന്നാമത്തേതായി എണ്ണിയത് നമസ്കരിക്കുന്നവരെയാണ്. നമസ്കരിക്കുന്നവരെന്ന് പറഞ്ഞ് മതിയാക്കാതെ, അതില്‍ നിത്യനിഷ്ഠപാലിക്കുന്നവരെന്നു കൂടി പറഞ്ഞിരിക്കുന്നു. ഏറ്റവും അവസാനമായി എടുത്ത് പറഞ്ഞതും നമസ്കാരത്തെപ്പറ്റി തന്നെ. നമസ്കാരങ്ങളുടെ എണ്ണം പൂര്‍ത്തിയാക്കിയാലും പോരാ, അതിലെ കടമകളും മര്യാദകളും പാലിച്ചുകൊണ്ടും അതിനു വേണ്ടത്ര വിലയും നിലയും കൽപിച്ചുകൊണ്ടും അതില്‍ സൂക്ഷ്മത പാലിക്കുകകൂടി വേണമെന്നാണ് അവസാനം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ഇതെല്ലാം നമസ്കാരത്തിന് ഇസ്‌ലാമിലുള്ള പ്രാധാന്യത്തെയാണ് കുറിക്കുന്നത്. ഇവിടെ മാത്രമല്ല, ക്വുര്‍ആനില്‍ പലപ്പോഴും ഇങ്ങനെ നമസ്കാരത്തെപ്പറ്റി വിവിധ വാചകങ്ങളില്‍ ഊന്നിപ്പറഞ്ഞും ആവര്‍ത്തിച്ചും കൊണ്ടിരിക്കുന്നത് കാണാം. (അമാനി തഫ്സീര്‍)

وَحَاصِلُ هَذَا، أَنَّ اللَّهَ وَصَفَ أَهْلَ السَّعَادَةِ وَالْخَيْرِ بِهَذِهِ الْأَوْصَافِ الْكَامِلَةِ، وَالْأَخْلَاقِ الْفَاضِلَةِ، مِنَ الْعِبَادَاتِ الْبَدَنِيَّةِ، كَالصَّلَاةِ، وَالْمُدَاوَمَةِ عَلَيْهَا، وَالْأَعْمَالِ الْقَلْبِيَّةِ، كَخَشْيَةِ اللَّهِ الدَّاعِيَةِ لِكُلِّ خَيْرٍ، وَالْعِبَادَاتِ الْمَالِيَّةِ، وَالْعَقَائِدِ النَّافِعَةِ، وَالْأَخْلَاقِ الْفَاضِلَةِ، وَمُعَامَلَةِ اللَّهِ، وَمُعَامَلَةِ خَلْقِهِ، أَحْسَنَ مُعَامَلَةٍ مِنْ إِنْصَافِهِمْ، وَحِفْظِ حُقُوقِهِمْ وَأَمَانَاتِهِمْ ، وَالْعِفَّةِ التَّامَّةِ بِحِفْظِ الْفُرُوجِ عَمَّا يَكْرَهُ اللَّهُ تَعَالَى.

ചുരുക്കത്തില്‍ സൗഭാഗ്യത്തിന്റെയും നന്മയുടെയും ആളുകള്‍ക്ക് അല്ലാഹു നല്‍കിയ സമ്പൂര്‍ണ വിശേഷണങ്ങളാണിവ: സ്ഥിരമായി നിര്‍വഹിക്കേണ്ട നമസ്‌കാരം പോലുള്ള ശ്രേഷ്ഠമായ ആരാധനകളാല്‍ തൃപ്തിപ്പെട്ട സ്വഭാവം, എല്ലാ നന്മകള്‍ക്കും പ്രേരകമാകുന്ന അല്ലാഹുവിലുള്ള ഭയം, സാമ്പത്തികമായ ആരാധനകള്‍, ഉപകാരപ്രദമായ വിശ്വാസം, ശ്രേഷ്ഠമായ സ്വഭാവങ്ങള്‍, അല്ലാഹുവോടും സൃഷ്ടികളോടുമുള്ള ഏറ്റവും നല്ല പെരുമാറ്റം, അവരോടുള്ള നീതിയും അവര്‍ക്കുള്ള കടമകളും കടപ്പാടുകളും സൂക്ഷിക്കുകയും ചെയ്യല്‍, അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്നും ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിച്ചുകൊണ്ടുള്ള സമ്പൂര്‍ണ പരിശുദ്ധി. (തഫ്സീറുസ്സഅ്ദി)

എന്നാല്‍ അവന്‍ സൃഷ്ട്യാ തന്നെ ഇങ്ങിനെ ഒരു പോരായ്മയുള്ളവനാണെങ്കിലും ഈ സ്വഭാവത്തെ നിയന്ത്രിക്കുവാനുള്ള പ്രതിവിധികളും അല്ലാഹു അവന് നിശ്ചയിച്ചു കൊടുക്കാതിരുന്നിട്ടില്ല. അല്ലാഹുവിനെക്കുറിച്ചുള്ള ബോധം, അവന്‍റെ അനുഗ്രഹത്തിലുള്ള വിശ്വാസം, മനക്കരുത്ത്, ഔദാര്യശീലം, ഭയഭക്തി, മരണാനന്തര രക്ഷാശിക്ഷകളെക്കുറിച്ചുള്ള സ്മരണ ആദിയായവയത്രെ അവ. ഈ ഗുണങ്ങള്‍ ആരിലുണ്ടോ അവരില്‍ ആ ചീത്ത സ്വഭാവം പ്രകടമാവുകയില്ല. അവര്‍ സന്താപത്തില്‍ ക്ഷമയുള്ളവരും, സന്തോഷത്തില്‍ നന്ദിയുള്ളവരുമായിരിക്കും. അങ്ങിനെ രണ്ടവസ്ഥയിലും അവര്‍ മാന്യന്മാരും പുണ്യവാന്മാരും ആയിരിക്കുന്നതുമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍:70/19-21 ന്റെ വിശദീകരണത്തില്‍ നിന്ന്)

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.