പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്ന് തിരഞ്ഞെടുത്ത ഈ ഓർമ്മപ്പെടുത്തൽ, മര്യാദയുള്ളവന് ഒരു പ്രോത്സാഹനവും ബുദ്ധിയുള്ളവന് ഒരു ഉണർത്തലുമായിരിക്കും.
ആ മര്യാദകളിൽ ചിലത് താഴെ പറയുന്നവയാണ്:
• സംസാരിക്കുന്നതിനേക്കാൾ കേൾക്കാനാണ് നിനക്ക് കൂടുതൽ താല്പര്യമെന്ന് നിന്റെ കൂടെയിരിക്കുന്നവനും സഹവസിക്കുന്നവനും മനസ്സിലാക്കട്ടെ.
• ഒരു സംസാരം തുടങ്ങിയ ശേഷം അത് ഇടക്കുവെച്ച് മുറിച്ചുകളയുന്ന സ്വഭാവം നിനക്കുണ്ടാകരുത്. സംസാരിക്കുന്നതിനേക്കാൾ നല്ലത് മിണ്ടാതിരിക്കുകയാണെന്ന് പിന്നീട് തോന്നിയതുകൊണ്ടാണോ അത്? എങ്കിൽ സംസാരിക്കുന്നതിന് മുമ്പായിരുന്നില്ലേ അത് ചിന്തിക്കേണ്ടിയിരുന്നത്!
• നിന്റെ കൂടെയിരിക്കുന്നവനിൽ നിന്ന് നിനക്കിഷ്ടപ്പെട്ട നല്ലൊരഭിപ്രായം കേട്ടാൽ, പിന്നീട് സദസ്സുകളിൽ അത് നിന്റെ സ്വന്തം ചിന്തയെന്നോണം അലങ്കാരമായി അവതരിപ്പിക്കരുത്. മറിച്ച്, അതിന്റെ ഉടമസ്ഥനിലേക്ക് അത് ചേർത്ത് പറയുക. ഇത് പൗരുഷത്തിന്റെ ഭാഗമാണ്.
• ഗൗരവത്തെ തമാശകൊണ്ടും തമാശയെ ഗൗരവംകൊണ്ടും കൂട്ടിക്കലർത്തരുത്. അങ്ങനെ ചെയ്താൽ ഗൗരവം നിസ്സാരമാവുകയും തമാശ അരോചകമാവുകയും ചെയ്യും.
• നിന്റെ കൂട്ടുകാരനോട് അവൻ വിവരമില്ലാത്തവനാണെന്നും നീയാണ് വിവരമുള്ളവനെന്നും പറയാതിരിക്കുക! പ്രത്യക്ഷമായോ പരോക്ഷമായോ ഈയൊരു അവസ്ഥയിൽ അകപ്പെടുന്നതിനെ നീ സൂക്ഷിക്കുക. ഹദീസിൽ വന്നിരിക്കുന്നു:
بِحَسْبِ امْرِئٍ مِنَ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ
ഒരാൾ തന്റെ മുസ്‌ലിം സഹോദരനെ നിസ്സാരപ്പെടുത്തുന്നത് തന്നെ മതി അവനിലെ തിന്മക്ക് തെളിവായി. (മുസ്‌ലിം:2564)
• വിവേകികൾ പറഞ്ഞിരിക്കുന്നു: ഒരാളുടെ സംസാരത്തിൽ അവനെ മറികടക്കാൻ ശ്രമിക്കുന്നതും, അവന്റെ സംസാരം മുറിക്കാൻ വേണ്ടി അതിൽ ഇടപെടുന്നതും ദുഷിച്ച സ്വഭാവങ്ങളിൽ പെട്ടതാണ്.
• നിനക്കറിയാവുന്ന ഒരു സംസാരമോ നീ കേട്ടിട്ടുള്ള ഒരു വാർത്തയോ ഒരാളിൽ നിന്ന് കേൾക്കുകയാണെങ്കിൽ, നിനക്കത് അറിയാമെന്ന് കാണിക്കാൻ വേണ്ടി അതിൽ പങ്കുചേരുകയോ അവന് തിരുത്തിക്കൊടുക്കുകയോ ചെയ്യരുത്. അത് മര്യാദകേടിന്റെ ഭാഗമാണ്.
അത്വാഅ് ബ്നു അബീ റബാഹ് رَحِمَهُ الله പറഞ്ഞു: ഒരു യുവാവ് എന്നോട് ഒരു ഹദീസ് പറയും, ഞാനത് മുമ്പ് കേട്ടിട്ടില്ലാത്തത് പോലെ കേട്ടിരിക്കും. സത്യത്തിൽ, അവൻ ജനിക്കുന്നതിന് മുമ്പേ ഞാനത് കേട്ടിട്ടുണ്ട്! (അൽ-ഖത്വീബുൽ ബഗ്ദാദി, ‘അൽ-ജാമിഅ് ലിഅഖ്‌ലാഖി റാവീ വ ആദാബിസ്സാമിഅ്’ (1/200)
സംസാരിക്കുന്നവരോടൊപ്പം നീ പങ്കുചേരരുത്, അതിന്റെ ശാഖയും മൂലവും നിനക്കറിയാമെങ്കിലും.
• നീ നിന്റെ സഹോദരന്മാരോടൊപ്പം ഇരിക്കുകയാണെങ്കിൽ, നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക. നല്ല വാക്ക് സ്വദഖയാണ്. മൗനം പാലിച്ചവൻ രക്ഷപ്പെട്ടു. കേൾക്കുന്നതെല്ലാം സംസാരിക്കുന്നത് തന്നെ മതി ഒരാൾ കളവ് പറയുന്നവനാകാൻ. നരകത്തിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് വായ.
قَالَ رَسُولُ اللَّهِ صلى الله عليه وسلم:وَإِنَّ أَبْغَضَكُمْ إِلَىَّ وَأَبْعَدَكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ الثَّرْثَارُونَ وَالْمُتَشَدِّقُونَ وَالْمُتَفَيْهِقُونَ
റസൂൽ ﷺ പറഞ്ഞു: നിശ്ചയമായും, നിങ്ങളിൽ എനിക്ക് ഏറ്റവും വെറുപ്പുള്ളവരും അന്ത്യനാളിൽ എന്നിൽ നിന്ന് ഏറ്റവും അകന്ന സദസ്സിൽ ഇരിക്കുന്നവരും; വായാടികളും, സംസാരത്തിൽ ഗർവ്വ് കാണിക്കുന്നവരും, മുതഫയ്ഹിഖൂനുകളുമാണ്.” അവർ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, വായാടികളും സംസാരത്തിൽ ഗർവ്വ് കാണിക്കുന്നവരും ആരാണെന്ന് ഞങ്ങൾക്കറിയാം, എന്നാൽ ‘അൽ-മുതഫയ്ഹിഖൂൻ’ ആരാണ്?” അദ്ദേഹം പറഞ്ഞു: “അഹങ്കാരികളാണ്. (തിർമിദി:2018)
• നന്നായി സംസാരിക്കാൻ പഠിക്കുന്നതുപോലെ, നന്നായി കേൾക്കാനും പഠിക്കുക. നന്നായി കേൾക്കുന്നതിന്റെ ഭാഗമാണ് സംസാരിക്കുന്നയാൾക്ക് അവന്റെ സംസാരം പൂർത്തിയാക്കാൻ അവസരം നൽകലും, അവനിലേക്ക് മുഖം തിരിച്ച് അവനെ നോക്കി അവൻ പറയുന്നത് ശ്രദ്ധയോടെ മനസ്സിലാക്കലുമാണ്.
• നിന്റെ സംസാരത്തിൽ ഒരു നാട്ടിലെയോ ഗ്രാമത്തിലെയോ ഗോത്രത്തിലെയോ ആളുകളെ മൊത്തത്തിൽ ആക്ഷേപിക്കുന്നത് സൂക്ഷിക്കുക. കാരണം, ഒരുപക്ഷേ നിന്റെ കൂടെയിരിക്കുന്ന ചിലരെയാണ് നീ അറിയാതെ ചീത്ത പറയുന്നതെന്ന് നിനക്ക് അറിയണമെന്നില്ല.
• മറ്റൊരാളോട് ചോദ്യം ചോദിക്കപ്പെട്ടാൽ, നീയൊരിക്കലും അതിന്റെ ഉത്തരം പറയുന്നവനാകരുത്; അതൊരു വലിയ നേട്ടമാണെന്നപോലെ. ഇത് വിഡ്ഢിത്തവും മര്യാദകേടുമാണ്.
ഇബ്നു അബ്ദിൽ ബർറ് رَحِمَهُ الله പറഞ്ഞു: എട്ടുപേർ, അവർ അപമാനിക്കപ്പെട്ടാൽ അവരവരുടെ ശരീരത്തെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തരുത്: ക്ഷണിക്കപ്പെടാത്ത വിരുന്നിന് പോകുന്നവൻ, നീചന്മാരിൽ നിന്ന് ഔദാര്യം തേടുന്നവൻ, രണ്ടുപേർ സംസാരിക്കുന്നതിനിടയിൽ അവർ പ്രവേശിപ്പിക്കാതെ കടന്നുചെല്ലുന്നവൻ, ഭരണാധികാരിയെ നിസ്സാരപ്പെടുത്തുന്നവൻ, തനിക്ക് യോജിക്കാത്ത സദസ്സിൽ ഇരിക്കുന്നവൻ, കേൾക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തവനോട് സംസാരിക്കുന്നവൻ. (ബഹ്ജതുൽ മജാലിസ് വ ഉൻസുൽ മുജാലിസ് (174). ഗ്രന്ഥത്തിൽ എട്ടുപേർ എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആറുപേരെ മാത്രമേ പരാമർശിച്ചിട്ടുള്ളൂ)
• നീ സംസാരിക്കുമ്പോൾ ശബ്ദം സൗമ്യവും പതിഞ്ഞതുമാകുന്നത് എത്ര നല്ലതാണ്! ആവശ്യത്തിലധികം ശബ്ദമുയർത്തുന്നത് മര്യാദക്ക് നിരക്കാത്തതാണ്, പ്രത്യേകിച്ചും ശ്രേഷ്ഠരായ ആളുകളോടും മാതാപിതാക്കളോടും സംസാരിക്കുമ്പോൾ.
ഉമർ ബ്നു അബ്ദിൽ അസീസ് رَحِمَهُ الله പറയുന്നു: ഒരാളുടെ സഹോദരനെയും കൂടെയിരിക്കുന്നവനെയും കേൾപ്പിക്കാൻ ആവശ്യമായ സംസാരം തന്നെ മതി ഒരാൾക്ക്.
• ഒരു സദസ്സിൽ പ്രവേശിച്ചാൽ, രണ്ടുപേരുടെ അനുവാദമില്ലാതെ അവർക്കിടയിൽ ഇരിക്കരുത്. അവർ നിനക്ക് ഇരിക്കാൻ സ്ഥലം തരികയും സ്ഥലം ഇടുങ്ങിയതുമാണെങ്കിൽ, നീ ഒതുങ്ങിയിരിക്കുക, ചമ്രം പടിഞ്ഞിരിക്കരുത്. സദസ്സ് എവിടെ അവസാനിക്കുന്നുവോ അവിടെ ഇരിക്കാൻ ശ്രമിക്കുക.
عَنْ جَابِرِ بْنِ سَمُرَةَ، قَالَ كُنَّا إِذَا أَتَيْنَا النَّبِيَّ صلى الله عليه وسلم جَلَسَ أَحَدُنَا حَيْثُ يَنْتَهِي
ജാബിർ ബ്നു സമുറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങൾ നബിയുടെ ﷺ അടുത്ത് വന്നാൽ, ഓരോരുത്തരും സദസ്സ് എവിടെ അവസാനിക്കുന്നുവോ അവിടെ ഇരിക്കുമായിരുന്നു. (തിർമിദി:2725, അബൂദാവൂദ്:4825)
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ, സദസ്സിൽ നിന്ന് ഒരാൾ അദ്ദേഹത്തിന് വേണ്ടി എഴുന്നേറ്റുപോയാൽ ആ സ്ഥാനത്ത് ഇരിക്കുമായിരുന്നില്ല. (മുസ്‌ലിം :2177)
• നിങ്ങൾ മൂന്നുപേരാണെങ്കിൽ, മൂന്നാമനെ ഒഴിവാക്കി ഒരാളോട് സ്വകാര്യം പറയുന്നത് സൂക്ഷിക്കുക.
• ഒരു കൂട്ടം ആളുകൾക്ക് താല്പര്യമില്ലാതെ അവരുടെ സംസാരം ഒളിഞ്ഞു കേൾക്കുന്നത് സൂക്ഷിക്കുക. ബുഖാരിയിൽ നബി ﷺ പറഞ്ഞതായി വന്നിരിക്കുന്നു:
مَنِ اسْتَمَعَ إِلَى حَدِيثِ قَوْمٍ وَهُمْ لَهُ كَارِهُونَ أَوْ يَفِرُّونَ مِنْهُ، صُبَّ فِي أُذُنِهِ الآنُكُ يَوْمَ الْقِيَامَةِ
ആരെങ്കിലും ഒരു കൂട്ടം ആളുകൾക്ക് ഇഷ്ടമില്ലാതിരിക്കെ അവരുടെ സംഭാഷണം ശ്രദ്ധിച്ചാൽ, അന്ത്യനാളിൽ അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കപ്പെടും. (ബുഖാരി:7042)
• ജനങ്ങളുടെ സദസ്സിൽ ഏമ്പക്കം വിടുന്നത് എത്ര മോശമാണ്! തിർമിദിയുടെ നിവേദനത്തിൽ കാണാം: ഒരാൾ നബിയുടെ ﷺ സന്നിധിയിൽ വെച്ച് ഏമ്പക്കം വിട്ടപ്പോൾ അവിടുന്ന് പറഞ്ഞു:
كُفَّ عَنَّا جُشَاءَكَ فَإِنَّ أَكْثَرَهُمْ شِبَعًا فِي الدُّنْيَا أَطْوَلُهُمْ جُوعًا يَوْمَ الْقِيَامَةِ
നിന്റെ ഏമ്പക്കം ഞങ്ങളിൽ നിന്ന് തടയുക. ദുനിയാവിൽ ഏറ്റവും കൂടുതൽ വയറുനിറക്കുന്നവരായിരിക്കും അന്ത്യനാളിൽ ഏറ്റവും കൂടുതൽ വിശക്കുന്നവർ. (തിർമിദി :2478)
• അതുപോലെത്തന്നെയാണ് മൂക്ക് ചീറ്റൽ, തുപ്പൽ, അരോചകമായി കഫം തുപ്പൽ, പല്ലിട കുത്തൽ, വിരൽ കൊണ്ട് മൂക്കിൽ കളിക്കൽ തുടങ്ങിയവയെല്ലാം. ഇതെല്ലാം നല്ല പെരുമാറ്റത്തിന് വിരുദ്ധവും മറ്റുള്ളവരിൽ വെറുപ്പും അറപ്പും ഉണ്ടാക്കുന്നതുമാണ്.
• ഗീബത്തിനെ (പരദൂഷണം) വളരെയധികം സൂക്ഷിക്കുക. അത് ശറഇൽ നിഷിദ്ധവും മര്യാദയിൽ മോശവുമാണ്.
• “ഞാനിത് അവന്റെ മുഖത്ത് നോക്കിയും പറയും, എനിക്ക് പേടിയില്ല” എന്ന് പറഞ്ഞാലും ഗീബത്ത് ഗീബത്ത് തന്നെയാണ്. പരദൂഷണം പറയപ്പെട്ടവന് വേണ്ടി പ്രാർത്ഥിച്ചാലും ഗീബത്ത് ഗീബത്ത് തന്നെയാണ്! ചിലർ വിചാരിക്കുന്നതുപോലെ പ്രാർത്ഥന നിന്നെ ഗീബത്തിൽ നിന്ന് ഒഴിവാക്കുകയില്ല. “അവനെ അല്ലാഹു നേർവഴിയിലാക്കട്ടെ, അവൻ അങ്ങനെ ചെയ്യുന്നു, ഇങ്ങനെ പറയുന്നു!” എന്നൊക്കെ പറയുന്നത് പോലെ.
• നീചവും മ്ലേച്ഛവുമായ വാക്കുകൾ പറയുന്നതിനെ സൂക്ഷിക്കുക. അല്ലാഹു നീചവും മ്ലേച്ഛവും വെറുക്കുന്നു. അല്ലാഹു പറയുന്നു:
وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ ۚ
എന്റെ ദാസന്‍മാരോട് പറയുക: അവര്‍ ഏറ്റവും നല്ല വാക്ക് സംസാരിക്കട്ടെ. (ഖു൪ആന്‍:17/53)
• തർക്കം ഉപേക്ഷിക്കുക. നീ ന്യായത്തിന്റെ പക്ഷത്താണെങ്കിലും ഇത് പ്രശംസനീയമാണ്. മുൻപ് പറഞ്ഞ ഹദീസിൽ വന്നതുപോലെ:
أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا
താൻ ന്യായത്തിന്റെ പക്ഷത്തായിട്ടും തർക്കം ഉപേക്ഷിച്ചവന് സ്വർഗ്ഗത്തിന്റെ താഴ്വാരത്ത് ഒരു വീടിന് ഞാൻ ഉറപ്പ് നൽകുന്നു. (അബൂദാവൂദ് :4800, തിർമിദി:1993, ഇബ്നുമാജ:51)
• അവർ പറഞ്ഞിരിക്കുന്നു: “വിട്ടുവീഴ്ചയുടെ അടിസ്ഥാനം തർക്കം ഉപേക്ഷിക്കലാണ്.”
• അമിതമായ ചിരി ഹൃദയത്തെ നിർജ്ജീവമാക്കും, നബിയിൽ ﷺ നിന്ന് സ്ഥിരപ്പെട്ടതുപോലെ. (തിർമിദി:2305, ഇബ്നുമാജ:4193). അതിനേക്കാൾ മോശമാണ് കളവ് പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കുന്നത്. ഹദീസിൽ വന്നിരിക്കുന്നു:
وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ
ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി സംസാരിക്കുമ്പോൾ കളവ് പറയുന്നവന് നാശം, അവന് നാശം, അവന് നാശം. (അബൂദാവൂദ്:4990, തിർമിദി:2315)
• ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്നതും, മറ്റുള്ളവരെ ഒഴിവാക്കി സംസാരം കുത്തകയാക്കുന്നതും, നിന്നെയും നിന്റെ പ്രതാപത്തെയും കുറിച്ച് അധികമായി സംസാരിക്കുന്നതും മോശമായ മര്യാദയിൽ പെട്ടതാണ്.
• വാർത്തകൾ ഉറപ്പുവരുത്തുന്നതിന് മുമ്പും, അത് പ്രചരിപ്പിക്കുന്നതുകൊണ്ട് വല്ല ഗുണവുമുണ്ടോ എന്ന് പരിശോധിക്കുന്നതിന് മുമ്പും (ശരിയാണെങ്കിൽ പോലും) ധൃതിയിൽ പ്രചരിപ്പിക്കുന്നത് വിഡ്ഢിത്തവും എടുത്തുചാട്ടവും അവിവേകവുമാണ്. (സോഷ്യൽ മീഡിയകളായ വാട്സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക!)
• തമാശ നല്ലതാണ്, അത് കുറക്കുന്നത് അതിനേക്കാൾ നല്ലതാണ്.
• നിഷിദ്ധമായ തമാശകളിൽ പെട്ടതാണ്, ഒരാളുടെ സാധനം തമാശക്കെന്ന പേരിൽ ഒളിപ്പിച്ചുവെക്കുന്നത്! ചിലർ ഇത് സന്തോഷത്തോടെ ചെയ്യാറുണ്ട്. എന്നാൽ താനൊരു പാപത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് അവർ ഓർക്കുന്നില്ല. നബി ﷺ പറഞ്ഞു:
لا يأخذ أحدكم متاع صاحبه لاعبا ولا جادا، فإذا أخذ أحدكم عصا صاحبه فليردها إليه.
നിങ്ങളിലൊരാളും തന്റെ സഹോദരന്റെ സാധനം കളിയായിട്ടോ കാര്യമായിട്ടോ എടുക്കരുത്. നിങ്ങളിലൊരാൾ തന്റെ സഹോദരന്റെ വടി എടുത്താൽ അത് അവന് തിരികെ നൽകട്ടെ. (അഹ്മദ്:17940, തിർമിദി:2160, അബൂദാവൂദ്:5003)
• നീ കണ്ടുമുട്ടുകയോ കൂടെയിരിക്കുകയോ ചെയ്യുന്നവരോടുള്ള നിന്റെ പ്രസന്നതയും, സൗമ്യതയും, സ്നേഹവും ഉന്നതമായ മര്യാദയും വലിയ പ്രതിഫലവുമാണ്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم: تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ
നബി ﷺ പറഞ്ഞു: നിന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് സ്വദഖയാണ്. (തിർമിദി:1956)
قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ
നബി ﷺ പറഞ്ഞു: ഒരു നന്മയെയും നിസ്സാരമായി കാണരുത്, പ്രസന്നമായ മുഖത്തോടെ നിന്റെ സഹോദരനെ കണ്ടുമുട്ടുന്നതാണെങ്കിൽ പോലും. (മുസ്‌ലിം:2626)
എന്റെ പൊന്നുമോനേ, നിശ്ചയം പുണ്യം എന്നത് വളരെ ലളിതമായ ഒരു കാര്യമാണ്; (അത്) പ്രസന്നമായ മുഖവും സൗമ്യമായ സംസാരവുമാകുന്നു
• ചിലരോട് ചോദിക്കപ്പെട്ടു: “താങ്കൾ എല്ലാ ആളുകളെയും പ്രസന്നതയോടെയാണല്ലോ കണ്ടുമുട്ടുന്നത്!” അദ്ദേഹം പറഞ്ഞു: “ചെറിയൊരു പ്രയത്നം കൊണ്ട് വിദ്വേഷം തടയാം, നിസ്സാരമായൊരു ദാനം കൊണ്ട് സഹോദരങ്ങളെ നേടാം.”
• വലിയവർക്ക് നടപ്പിലും, ഇരുത്തത്തിലും, സംരത്തിലും അവരുടെതായ അവകാശമുണ്ട്.
വലിയവർ എന്നത്, പ്രായം കുറവാണെങ്കിലും വിജ്ഞാനത്തിൽ വലിയവരാണ്. അതുപോലെ, വിജ്ഞാനമില്ലെങ്കിലും പ്രായത്തിൽ വലിയവരും.
അതിനാൽ വലിയവർക്ക് അവരുടെ ബഹുമാനവും ആദരവും നൽകുക. ശ്രദ്ധയോടെ അവരെ കേൾക്കുക, സംസാരത്തിൽ സൗമ്യത പാലിക്കുക, ആദരിക്കുമ്പോൾ അവർക്ക് മുൻഗണന നൽകുക. നബി ﷺ പറഞ്ഞു:
مَنْ لَمْ يَرْحَمْ صَغِيرَنَا، وَيُجِلَّ كَبِيرَنَا، فَلَيْسَ مِنَّا
നമ്മുടെ ചെറിയവരോട് കരുണ കാണിക്കുകയും നമ്മുടെ വലിയവരെ ബഹുമാനിക്കുകയും ചെയ്യാത്തവൻ നമ്മിൽ പെട്ടവനല്ല. (അദബുൽ മുഫ്റദ്’:356)
لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرَنَا
നമ്മുടെ ചെറിയവരോട് കരുണ കാണിക്കുകയും നമ്മുടെ വലിയവരെ ആദരിക്കുകയും ചെയ്യാത്തവൻ നമ്മിൽ പെട്ടവനല്ല. (തിർമിദി (1919)
إِنَّ مِنْ إِجْلاَلِ اللَّهِ إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ
അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിന്റെ ഭാഗമാണ് നരച്ച മുടിയുള്ള മുസ്‌ലിമിനെ ആദരിക്കുന്നത്. (അബൂദാവൂദ് (4843)
താബിഇയായ ത്വാവൂസ് ബ്നു കൈസാൻ رَحِمَهُ الله പറഞ്ഞു: നാലുപേരെ ആദരിക്കുന്നത് സുന്നത്തിൽ പെട്ടതാണ്: പണ്ഡിതൻ, നരച്ച മുടിയുള്ളവൻ, ഭരണാധികാരി, മാതാപിതാക്കൾ. ഒരാൾ പിതാവിനെ പേരെടുത്ത് വിളിക്കുന്നത് മര്യാദകേടാണ്. (ജാമിഅ് മഅ്മർ ബ്നു റാഷിദ് (11/137)
• സദസ്സിൽ സമപ്രായക്കാരോട് സമത്വം പാലിക്കാൻ ശ്രമിക്കുന്നത് മര്യാദയിൽ പെട്ടതാണ്. ചിലർ പറഞ്ഞിരിക്കുന്നു:
നീ ഇരിക്കുകയും നിന്നെപ്പോലുള്ളവൻ നിൽക്കുകയുമാണെങ്കിൽ, അവൻ വിസമ്മതിച്ചാലും നീ എഴുന്നേൽക്കുന്നത് പൗരുഷമാണ്.
നീ ചാരിയിരിക്കുകയും നിന്നെപ്പോലുള്ളവൻ ഇരിക്കുകയുമാണെങ്കിൽ, ആ ചാരിയിരിക്കുന്നത് നീക്കുന്നത് പൗരുഷമാണ്.
നീ വാഹനപ്പുറത്താവുകയും നിന്നെപ്പോലുള്ളവൻ നടക്കുകയുമാണെങ്കിൽ, അവൻ നടന്നതുപോലെ നീയും നടക്കുന്നത് പൗരുഷമാണ്.
• പുഞ്ചിരിക്കുന്ന മുഖത്തോടെ, വൃത്തിയുള്ളവനായി, നല്ല സുഗന്ധത്തോടെ, നല്ല വേഷത്തിൽ, യോജിച്ച വസ്ത്രങ്ങളണിഞ്ഞ് ഏറ്റവും നല്ല അവസ്ഥയിലല്ലാതെ നിന്റെ സഹോദരനെ കണ്ടുമുട്ടുകയോ കൂടെയിരിക്കുകയോ ചെയ്യരുത്. കാരണം, അല്ലാഹു ﷻ വൃത്തിയും സൗന്ദര്യവും ഇഷ്ടപ്പെടുന്നു, നീചവും മ്ലേച്ഛതയും വെറുക്കുന്നു.
പ്രൊഫ. ഡോ. സ്വാലിഹ് ബിൻ അബ്ദിൽ അസീസ് ബിൻ ഉഥ്മാൻ അസ്സിന്ദി حَفِظَهُ اللَّهُ യുടെ الأدب عنوان السعادة എന്ന കൃതിയിൽ നിന്നും
www.kanzululoom.com