മദ്‌ഹബുകളും തഖ്‌ലീദും

തഖ്‌ലീദ് എന്നാല്‍ ‘തെളിവുകൾ നോക്കാതെ അന്ധമായി പിൻപറ്റൽ’, ‘പക്ഷപാതിത്വപരമായി പെരുമാറുക’ എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത്. قبول قول الغير بلا حجة – ഒരു തെളിവും നോക്കാതെ മറ്റൊരു വ്യക്തിയുടെ വാക്കിനെ സ്വികരിക്കുക – എന്നാണ് തഖ്‌ലീദിനെ പണ്ഢിതന്‍മാ൪ വിശേഷിപ്പിച്ചിട്ടുള്ളത്.

നബിക്ക്(സ്വ) മുമ്പ് കഴിഞ്ഞുപോയ സമൂഹങ്ങളുടെ തഖ്‌ലീദിനെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ പരാമ൪ശിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് തരത്തിലുള്ള തഖ്‌ലീദാണ് അവരില്‍ ഉണ്ടായിരുന്നത്.

(1) പിതാക്കളെ അഥവാ കാക്കകാരണവന്‍മാരെ അന്ധമായി അനുകരിക്കല്‍

وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّقْتَدُونَ

അത് പോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു. എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല. (ഖു൪ആന്‍:43/23)

وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُوا۟ حَسْبُنَا مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْلَمُونَ شَيْـًٔا وَلَا يَهْتَدُونَ

അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അത് മതി ഞങ്ങള്‍ക്ക്‌. എന്നായിരിക്കും അവര്‍ പറയുക: അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും, സന്‍മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത് മതിയെന്നോ?)(ഖു൪ആന്‍:5/104)

(2) നേതാക്കളെയും പ്രമുഖന്‍മാരെയും അന്ധമായി അനുകരിക്കല്‍

يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠ – وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠ – ‌ رَبَّنَآ ءَاتِهِمْ ضِعْفَيْنِ مِنَ ٱلْعَذَابِ وَٱلْعَنْهُمْ لَعْنًا كَبِيرًا

അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.) (ഖു൪ആന്‍:33/66-68)

(3) പണ്ഢിതന്മാരെയും പുരോഹിതന്‍മാരെയും അന്ധമായി അനുകരിക്കല്‍

اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ

അവര്‍ വേദക്കാര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന്‌ പുറമെ റബ്ബുകളാക്കിയിരിക്കുന്നു…. (ഖു൪ആന്‍:9/31)

യഹൂദികളും, ക്രിസ്‌ത്യാനികളും, അല്ലാഹു അനുവദിച്ചതിനെ അവരിലെ പണ്ഡിതന്മാരും പുരോഹിതന്മാരും വിരോധിച്ചാല്‍ വിരോധിക്കപ്പെട്ടതായും അല്ലാഹു വിരോധിച്ചതിനെ അവ൪ അനുവദിച്ചാല്‍ അനുവദനീയമായും കണക്കാക്കിയിരുന്നു.

മുന്‍ സമുദായങ്ങളുടെ ഇത്തരത്തിലുള്ള തഖ്‌ലീദ് അവരെ നാശത്തിലാക്കിയിരുന്നു. അങ്ങനെ അവരിലേക്ക് ഇസ്ലാം കടന്നുവന്നു. എല്ലാതരത്തിലുള്ള തഖ്ലീദുകളും ഇസ്ലാം അവസാനിപ്പിച്ചു. ഖു൪ആനും സുന്നത്തുമാണ് പിന്‍പറ്റേണ്ടതെന്ന് ഇസ്ലാം പഠിപ്പിച്ചു. അന്ധമായി പിന്‍പറ്റേണ്ടത് അല്ലാഹുവിന്റെ റസൂലിനെ(സ്വ) മാത്രമാണ്. അതിനാണ് ഇത്തിബാഅ് എന്ന് പറയുന്നത്.

ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍ : 3/31)

അല്ലാഹുവിന്റെ റസൂലില്‍(സ്വ) നിന്ന് നേരിട്ട് ദീന്‍ പഠിച്ചവരും അവരില്‍ നിന്നും ദീന്‍ പഠിച്ചവരുമായ സ്വലഫുകള്‍ സുന്നത്ത് പിന്‍പറ്റുന്നതില്‍ കണിശതയുള്ളവരായിരുന്നു. സുന്നത്തിനെതിരായി ആര് അഭിപ്രായം പറഞ്ഞാലും അവരത് സ്വീകരിച്ചിരുന്നില്ല. ഹജ്ജുമായി ബന്ധപ്പെട്ട വിഷയം പറയുമ്പോള്‍ നബിയുടെ(സ്വ) ഹദീസ് ഉദ്ദരിച്ച ഇബ്നു അബ്ബാസിനോട്(റ) ചില൪ അബൂബക്കറും(റ) ഉമറും(റ) ഇങ്ങനെ പറഞ്ഞിരിക്കുന്നുവെന്ന് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് കാണുക:

قَالَ ابْنُ عَبَّاسٍ: ” يُوشِكُ أَنْ تَنْزِلَ عَلَيْكُمْ حِجَارَةٌ مِنْ السَّمَاءِ! أَقُولُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَتَقُولُونَ قَالَ أَبُو بَكْرٍ وَعُمَرُ؟

ഇബ്നു അബ്ബാസ്(റ) പറഞ്ഞു:നിങ്ങളുടെ മേല്‍ ആകാശത്ത് നിന്നും ചരല്‍ മഴ വ൪ഷിക്കുമാറായിരിക്കുന്നു. നബി(സ്വ) (ഇങ്ങനെ) പറഞ്ഞുവെന്ന് ഞാന്‍ പറയുമ്പോള്‍ അബൂബക്കറും ഉമറും (ഇങ്ങനെ) പറഞ്ഞിരിക്കുന്നുവെന്ന് നിങ്ങള്‍ പറയുന്നുവോ?

قال عمر بن عبدالعزيز رحمه اللَّه : لا أرى لأحد مع سنة سنها رسول الله

ഉമർ ബിൻ അബ്ദുൾ അസീസ് (റ) പറഞ്ഞു: പ്രവാചകൻ(സ്വ) സുന്നത്താക്കിയ ഒരു സുന്നത്തിന്റെ കൂടെ മറ്റൊരു മനുഷ്യന്റെ വാക്കും സ്വികരിക്കാൻ പാടില്ല.

കാലക്രമേണ മുന്‍ സമുദായങ്ങളില്‍ സംഭവിച്ചിട്ടുള്ള മൂന്ന് തരത്തിലുള്ള തഖ്‌ലീദും ഈ ഉമ്മത്തിലേക്കും കടന്നുവരുന്നതാണെന്ന് നബി(സ്വ) സൂചന നല്‍കിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ: ‏ لاَ تَقُومُ السَّاعَةُ حَتَّى تَأْخُذَ أُمَّتِي بِأَخْذِ الْقُرُونِ قَبْلَهَا، شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ‏

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: എന്റെ സമുദായം അവര്‍ക്ക് മുമ്പുള്ള തലമുറകളെ ചാണിനു ചാണായും മുഴത്തിന് മുഴമായും എടുക്കുന്നത് വരെ അന്ത്യദിനം വരികയില്ല. (ബുഖാരി:7319)

ഈ മൂന്ന് തരത്തിലുളള തഖ്‌ലീദും ഈ ഉമ്മത്തില്‍ സംഭവിച്ചിട്ടുണ്ട്. അത് ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു.

മദ്ഹബുകളെ തഖ്‌ലീദ് ചെയ്യല്‍

ഇന്ന് മുസ്ലിം സമൂഹം ഏറെ തഖ്‌ലീദ് ചെയ്യുന്നത് മദ്ഹബുകളെയാണ്. നാല് മദ്ഹബുകളാണ് ഇതില്‍ പ്രധാനം.

ഇസ്‌ലാമിക ലോകത്ത്‌ വൈജ്ഞാനികമായ നിരവധി സംഭാവനകൾ നൽകിയ മഹാൻമാരാണ്‌ മദ്‌ഹബിന്റെ ഇമാമുകളായി അറിയപ്പെടുന്ന ഇമാം അബൂഹനീഫ‌, ഇമാം മാലിക്‌‌, ഇമാം ശാഫിഈ‌, ഇമാം അഹ്‌മദ്‌ ബ്‌നു ഹമ്പൽ‌ رحمهم الله എന്നീ പണ്ഡിത ശ്രേഷ്ഠർ. എന്നാൽ അവരൊന്നും തങ്ങളുടെ അഭിപ്രായങ്ങളെ ഒരു മദ്‌ഹബായി പ്രഖ്യാപിച്ച്‌ സമൂഹത്തെ ഏൽപിച്ച്‌ പോയവരല്ല. മറിച്ച്‌ പിൽകാലത്ത്‌ തങ്ങളുടെ ചില ശിഷ്യൻമാരും അനുയായികളുമാണ്‌ അവരുടെ പേരിൽ മദ്‌ഹബുകൾ ആവിഷ്കരിച്ചത്‌.

മദ്‌ഹബിന്റെ ഇമാമുകൾ തങ്ങളെ തഖ്‌ലീദ്‌ ചെയ്യണമെന്ന പറഞ്ഞിട്ടുണ്ടോ?

നാലു ഇമാമുമാരില്‍ ആരുംതന്നെ ആളുകളോട് തങ്ങൾ പറയുന്നത് മതത്തിന്റെ അവസാന വാക്കാണെന്നോ, തങ്ങളെ തെളിവു നോക്കാതെ അന്ധമായി അനുകരിക്കണമെന്നോ (തഖ്‌ലീദ്‌) പറഞ്ഞിട്ടില്ല. അവര്‍ ആളുകളെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുകയും, ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വിശദീകരിക്കുകയും, കര്‍മ്മ ശാസ്ത്രത്തിലെ പൊതു തത്വങ്ങള്‍ വിശദീകരിക്കുകയും , ചില വിഷയങ്ങള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ജനങ്ങള്‍ അവരോട് ചോദിച്ചതനുസരിച്ച് അവര്‍ ഫത്വവയും പുറപ്പെടുവിച്ചിട്ടുണ്ട്. അതെല്ലാം ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ആളുകളോട് തങ്ങളുടെ നിലപാടുകളെ അന്ധമായി പിന്‍പറ്റുവാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മാത്രമല്ല, തങ്ങൾ മതകാര്യത്തിൽ പൂർണ്ണരല്ലെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾക്ക്‌ വിരുദ്ധമായി നബിയുടെ(സ്വ) സ്വഹീഹായ ഹദീസുകൾ കിട്ടിയാൽ തങ്ങളുടെ അഭിപ്രായങ്ങളെ മാറ്റിവെച്ച്‌. നബിയുടെ വാക്കുകളിലേക്ക്‌ മടങ്ങണമെന്നും അവർ പറഞ്ഞിട്ടുണ്ട്.

ഇമാം അബൂഹനീഫ (റഹി) പറഞ്ഞു:

إذا قلت قولا يخالف كتاب الله تعالى وخبر الرسول صلى الله عليه وسلم فاتركوا قولي

അല്ലാഹുവിന്റെ ഖുര്‍ആനിനും, നബി(സ)യുടെ ഹദീസിനും എതിരായി ഒരുവാക്ക് ഞാന്‍ (ഇമാം അബൂഹനീഫ) പറഞ്ഞാല്‍, എന്റെ വാക്കിനെ നിങ്ങള്‍ വിട്ടുകളയുക. (അല്‍ ഈഖാള് പേജ്: 50)

لا يحل لأحد أن يأخذ بقولنا ما لم يعلم من أين أخذناه

എവിടെനിന്നാണ് നാം തെളിവു സ്വീകരിച്ചത് എന്നറിയാതെ നമ്മുടെ വാക്കുകള്‍ സ്വീകരിക്കല്‍ ഒരാള്‍ക്കും അനുവദനീയമല്ല. (അല്‍ ബഹ്‌റുര്‍ റാഇഖ് 6/293, ഇഅ്‌ലാമുല്‍ മുവഖിഈന്‍ 2/309)

ഇമാം മാലിക് (റഹി) പറഞ്ഞു:

إنما أنا بشر أخطئ وأصيب فانظروا في رأيي فكل ما وافق الكتاب والسنة فخذوه وكل ما لم يوافق الكتاب والسنة فاتركوه

നിശ്ചയം, ഞാനൊരു മനു ഷ്യന്‍ മാത്രമാണ്. എനി ക്ക് തെറ്റു പറ്റും, ശരിയാവുക യും ചെയ്യും. അതിനാല്‍ എന്റെ അഭിപ്രായ ങ്ങളിലേ ക്ക് നോക്കുക; (അതില്‍) ഖുര്‍ആനിനും ഹദീസിനും യോജിച്ചുവരുന്നതെന്തോ അത് നിങ്ങള്‍ സ്വീകരിക്കു ക. ഖുര്‍ആനിനും ഹദീസിനും യോജിച്ചുവരാത്തത് നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുക. (ഇബ്‌നു അബ്ദില്‍ബിര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/32)

ഇമാം ശാഫിഈ‌ؒ (റഹി) പറഞ്ഞു:

إذا وجدتم في كتابي خلاف سنة رسول الله صلى الله عليه وسلم فقولوا بسنة رسول الله صلى الله عليه وسلم ودعوا ما قلت

‘എന്റെ ഗ്രന്ഥങ്ങളില്‍ നബിയുടെ(സ്വ) ചര്യക്കെതിരായി വല്ലതും നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, നബിയുടെ(സ്വ) ചര്യയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ സംസാരിക്കുക. എന്റെ അഭിപ്രായത്തെ അവഗണിക്കുകയും ചെയ്യുക.(അല്‍ മജ്മൂഅ് ഇമാം നവവി: 1/63)

إذا صح الحديث فهو مذهبي

ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. (അല്‍ മജ്മൂഅ് ഇമാം നവവി: 1/63)

كل مسألة صح فيها الخبر عن رسول الله صلى الله عليه وسلم عند أهل النقل بخلاف ما قلت فأنا راجع عنها في حياتي وبعد موتي

ഞാന്‍ പറഞ്ഞ ഏത് വിഷയത്തിനും വിരുദ്ധമായി ഒരു ഹദീസ്, നബി(സ)യില്‍ നിന്ന് ഹദീസിന്റെ ആളുകള്‍ക്ക്, സ്വഹീഹായി ഗണിച്ചാല്‍, എന്റെ ജീവിതകാലത്തായാലും മരണശേഷമായാലും ഞാന്‍ എന്റെ വാക്കുകളില്‍ നിന്നും വിരമിക്കുന്നു.’ (അല്‍ ഹില്‍യഃ 9/107, ഇഅ്‌ലാമുല്‍ മുവഖിഈന്‍: 2/363)

ഇമാം ശാഫിഈ (റഹി), തന്റെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് രേഖപ്പെടുത്താനൊരുങ്ങിയ ശിഷ്യന്‍ മുസ്‌നി (റ) ക്ക് നല്‍കിയ ഒരു വസിയ്യത്ത് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ മുഖ്തസര്‍ മുസ്‌നിയുടെ ആദ്യ വരികളായി തന്നെ രേഖപ്പെടുത്തിയത് ഇപ്രകാരം വായിക്കാം:ഞാന്‍ ഈ ഗ്രന്ഥം, ഇമാം ശാഫി (റ) യുടെ വിജ്ഞാനത്തില്‍ നിന്നും അദ്ദേഹം തന്റെ ഏറ്റവും അടുത്ത ശിഷ്യരോട് പറഞ്ഞ ആശയത്തില്‍ നിന്നും അവരുടെ വിജ്ഞാനം പഠിക്കാന്‍ ഉദ്ദേശിക്കുന്നവനു വേണ്ടി ചുരുക്കി എഴുതിയതാണ്. അദ്ദേഹത്തെയോ മറ്റു പണ്ഡിതന്മാരെയോ തഖ്‌ലീദ് ചെയ്യുന്നതിനെ അദ്ദേഹം വിരോധിച്ചിരിക്കുന്നു എന്ന് അറിയിക്കുന്നതോടുകൂടിയുമാണ് ഞാന്‍ ഇത് ചുരുക്കിയെഴുതുന്നത്. (മുഖ്തസര്‍ മുസ്‌നി പേജ്: 1)

ഇമാം അഹ്മദ് ഇബ്നു ഹമ്പല്‍ (റഹി) പറഞ്ഞു:

لا تقلدني ولا تقلد مالكا ولا الشافعي ولا الأوزاعي ولا الثوري وخذ من حيث أخذوا

നിങ്ങളെന്നെ അന്ധമായി അനുകരിക്കരുത്. അതുപോലെ ഇമാം മാലികിനെയൊ ഇമാം ശാഫിഈ യെയോ ഇമാം ഔസാഈയെയോ ഇമാം സൗരിയെ യോ നിങ്ങള്‍ തഖ്‌ലീദ് ചെയ്യരുത്. അവര്‍ എവിടെ നിന്നും എടുത്തുവോ അവിടെനിന്ന് (ഖുര്‍ആനില്‍ നിന്നും ഹദീസില്‍നിന്നും) തന്നെ നിങ്ങളും എടുക്കുക.” (ഇഅ്‌ലാമുല്‍ മുവഖിഈന്‍2/302)

رأي الأوزاعي ورأي مالك ورأي أبي حنيفة كله رأي وهو عندي سواء وإنما الحجة في الآثار

ഇമാം ഔസാഇയുടെ അഭിപ്രായം, ഇമാം മാലികിന്റെ അഭിപ്രായം, ഇമാം അബൂഹനീഫയുടെ അഭിപ്രായം -അവയെല്ലാം വെറും അഭിപ്രായങ്ങള്‍ മാത്രമാണ്- എന്റെയടുക്കല്‍ അവയെല്ലാം സമമാണ്. എന്നാല്‍ ‘അസറു’കളിലാണ് (നബിയില്‍ നിന്നും പഠിച്ച സ്വഹാബികളുടെ വാക്കുകളിലാണ്) തെളിവുകളുള്ളത്. (ഇബ്‌നു അബ്ദില്‍ ബിര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/149)

നാലു മദ്‌ഹബിന്റെ ഇമാമുകളും സമൂഹത്തെ പഠിപ്പിച്ചത്‌ തങ്ങളുടെ വാക്കുകൾക്ക്‌ വിരുദ്ധമായി നബിയുടെ സുന്നത്ത്‌ (ഹദീസ്‌) കണ്ടാൽ അതിലേക്ക്‌ മടങ്ങി തങ്ങളുടെ വാക്കിനെ ഉപേക്ഷിക്കണമെന്നാണ്‌. കാരണം നബിയുടെ(സ്വ) സുന്നത്ത് പൂര്‍ണ്ണമായും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് അവ൪ക്ക് വ്യക്തമായി ബോധ്യമുണ്ടായിരുന്നു അതുകൊണ്ടാണ് അവരെല്ലാവരും ഏകസ്വരത്തിൽ ഇപ്രകാരം പ്രഖ്യാപിച്ചത്‌: إذا صَحّ الحَديث فهُوَ مَذهبِي (ഹദീസ്‌ സ്ഥിരപ്പെട്ടു വന്നാൽ അതാണെന്റെ മദ്‌ഹബ്‌) .

മാത്രമല്ല, മദ്‌ഹബിന്റെ ഇമാമുകൾ തന്നെ, തങ്ങൾക്ക്‌ നേരത്തെ ഉണ്ടായിരുന്ന അഭിപ്രായങ്ങൾക്കെതിരായി പിന്നീട്‌ തെളിവുകൾ (ഹദീസുകൾ) കിട്ടിയപ്പോൾ അത്‌ തിരുത്തുകയും ചെയ്തിട്ടുണ്ട്‌. അതിനവർക്ക്‌ യാതൊരു ഭയവും മടിയുമുണ്ടായിരുന്നില്ല. ആദ്യം പറഞ്ഞതിൽ അവർ കടിച്ചു തൂങ്ങിയിരുന്നില്ല. ഇത്തരമൊരു വിശാല മനസ്സ്‌ കാണിക്കാൻ തയ്യാറായതു കൊണ്ടാണ്‌ ഇമാം ശാഫിഈ‌ؒക്ക്‌ ഖദീം (പഴയത്‌), ജദീദ്‌ (പുതിയത്‌) എന്നിങ്ങനെ രണ്ടഭിപ്രായങ്ങൾ തന്നെയുണ്ടായത്‌. അല്ലെങ്കിലും നാലും അതിലധികവും മദ്‌ഹബുകൾ ജൻമമെടുത്തതു തന്നെ ഒരാൾ മറ്റൊരാളെ അന്ധമായി അനുകരിക്കാത്തതു കൊണ്ടും തങ്ങൾക്കു പുതുതായി കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാറാൻ തയ്യാറായതു കൊണ്ടുമാണല്ലോ.

അതേപോലെ, ഇമാമീങ്ങള്‍ക്കെല്ലാം പല വിഷയങ്ങളിലും ഹദീസ്‌ ലഭിക്കാത്തതിനാൽ അവർ, സ്ഥിരപ്പെട്ട പല ഹദീസുകളിലുള്ളതിനും എതിര്‌ പറഞ്ഞതായും, അക്കാരണം പറഞ്ഞു കൊണ്ടു തന്നെ ശിഷ്യൻമാർ അവരെ ആ വിഷയങ്ങളിൽ കയ്യൊഴിച്ച്‌ സുന്നത്തിലേക്ക്‌ മടങ്ങിയതായും ശിഷ്യൻമാരുടെ ഗ്രന്ഥങ്ങളിൽ നിരവധി കാണാൻ സാധിക്കുകയും ചെയ്യും. ഒരു ഉദാഹരണം മാത്രം താഴെ കൊടുക്കുന്നു.

മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയം അസ്തമന ശോഭ മറയുന്നത് വരെയാണെന്ന് സഹീഹായ ഹധീസുകളിലുണ്ട് (മുസ്ലിം :612). എന്നാല്‍ മഗ്‌രിബിന്റെ സമയം സൂര്യന്‍ അസ്തമിച്ച് ഉടനെ അല്‍പനേരം മാത്രമാണെന്നാണ് ഇമാം ശാഫിഈ (റ) പറയുന്നത്. ഇതിനെകുറിച്ച് ഇമാം നവവി (റ) പറയുന്നത് കാണുക:

رَوَاهُ مُسْلِمٌ وَسَبَقَ بَيَانُهُ فَإِذَا عُرِفَتْ الْأَحَادِيثُ الصَّحِيحَةُ تَعَيَّنَ الْقَوْلُ بِهِ جَزْمًا ; لِأَنَّ الشَّافِعِيَّ نَصَّ عَلَيْهِ فِي الْقَدِيمِ كَمَا نَقَلَهُ أَبُو ثَوْرٍ وَعَلَّقَ الشَّافِعِيُّ الْقَوْلَ بِهِ فِي الْإِمْلَاءِ عَلَى ثُبُوتِ الْحَدِيثِ ،[ ص: 35 ] وَقَدْ ثَبَتَ الْحَدِيثُ بَلْ أَحَادِيثُ ، وَالْإِمْلَاءُ مِنْ كُتُبِ الشَّافِعِيِّ الْجَدِيدَةِ ، فَيَكُونُ مَنْصُوصًا عَلَيْهِ فِي الْقَدِيمِ وَالْجَدِيدِ ، وَهَذَا كُلُّهُ مَعَ الْقَاعِدَةِ الْعَامَّةِ الَّتِي أَوْصَى بِهَا الشَّافِعِيُّ رَحِمَهُ اللَّهُ أَنَّهُ إذَا صَحَّ الْحَدِيثُ خِلَافَ قَوْلِهِ يُتْرَكُ قَوْلُهُ وَيُعْمَلُ بِالْحَدِيثِ ، وَأَنَّ مَذْهَبَهُ مَا صَحَّ فِيهِ الْحَدِيثُ ، وَقَدْ صَحَّ الْحَدِيثُ وَلَا مُعَارِضَ لَهُ ، وَلَمْ يَتْرُكْهُ الشَّافِعِيُّ إلَّا لِعَدَمِ ثُبُوتِهِ عِنْدَهُ ، وَلِهَذَا عَلَّقَ الْقَوْلَ بِهِ فِي الْإِمْلَاءِ عَلَى ثُبُوتِ الْحَدِيثِ وَبِاَللَّهِ التَّوْفِيقُ .

മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയം ഹ്രസ്സ്വമല്ല. അസ്തമന ശോഭ മറയുന്നത് വരെ അത് നീണ്ടുപോകുമെന്നു മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ വിവരണം മുമ്പ് പറഞ്ഞു കഴിഞ്ഞു. അപ്പോള്‍ ആ വിഷയത്തില്‍ ഹദീസുകള്‍ സഹീഹായിട്ടുണ്ട് എന്ന് നീ മനസ്സിലാക്കിയാല്‍ അത് ഉറപ്പിച്ചു പറയല്‍ നിര്‍ണ്ണിതമായി. കാരണം അബുസൗര്‍ ഉദ്ധരിച്ച പോലെ, ഇമാം ശാഫിഈ (റ) തന്റെ പഴയ അഭിപ്രായത്തില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. എന്തെന്നാല്‍ ഈ വിഷയത്തില്‍ ഹദീസ് സ്ഥിരപ്പെടുകയാണെങ്കില്‍ ഞാന്‍ അത് തന്നെ പറയും എന്നൊരു ഉപാധി ഇമാം ശാഫിഈ അദ്ധേഹത്തിന്റെ ഇംലാഅ് എന്ന കിതാബില്‍ പറഞ്ഞിട്ടുമുണ്ട്. ഈ വിഷയത്തില്‍ ഒന്നല്ല പല ഹദീസുകളും സ്ഥിരപ്പെട്ടിട്ടുണ്ട് . ഇംലാഅ് എന്ന കിത്താബ് ഇമാം ശാഫിഈയുടെ പുതിയതും പഴയതുമായ രണ്ട് അഭിപ്രായങ്ങളും വ്യക്തമാക്കപെട്ട കിതാബുകളില്‍ പെട്ടതാകുന്നു. അപ്പോള്‍ മഗ്‌രിബിന്റെ സമയം വിശാലമാണെന്ന കാര്യം ഇമാം ശാഫിഈയുടെ വസിയ്യത്ത് ചെയ്ത ഒരു പൊതുനിയമം ഉള്ളതിനോടോപ്പമാണ്. അദ്ധേഹത്തിന്റെ അഭിപ്രായത്തിനു എതിരായി സഹീഹായ ഹദീസ് വന്നാല്‍ അദ്ധേഹത്തിന്റെ അഭിപ്രായം ഉപേക്ഷിച്ച് ഹദീസ് കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതാണ്. ഈ വിഷയത്തില്‍ എതിരില്ലാത്ത രൂപത്തില്‍ ഹദീസ് സഹീഹായി വന്നിട്ടുണ്ട്. അതിനെതിരായി ഹദീസ് സ്ഥിരപ്പെട്ടിട്ടുമില്ല. ഇമാം ശാഫിഈയുടെ അടുക്കല്‍ ഇത് സ്ഥിരപെടാത്തത് കൊണ്ടാണ് ( മഗ്‌രിബിന്റെ സമയം അസ്തമന ശോഭ മറയുന്നത് വരെ വിശാലമാണെന്നതിനെ ) ഇതിനെ അദ്ദേഹം ഉപേക്ഷിച്ചത്. (ശറഹുല്‍ മുഹദ്ധബ്)
മദ്‌ഹബീ പക്ഷപാതിത്തം കടന്ന്‌ വന്നത്‌ എങ്ങിനെ?

കാലം കുറെ കഴിഞ്ഞപ്പോൾ അവരുടെ അനുയായികൾ എന്നവകാശപ്പെടുന്ന ചിലർ പ്രസ്തുത മഹ്ഹബുകളെ മതത്തിന്റെ അവസാനവാക്കായി അവതരിപ്പിക്കുകയും നാല്‌ മദ്‌ഹബും സത്യസമ്പൂർണമാണെന്നും പ്രസ്തുത നാലിൽ ഒരു മദ്‌ഹബ്‌ പിൻപറ്റാതെ ഒരാളും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലെന്നും വാദിക്കാൻ തുടങ്ങി. ‌ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും നിരാകരിക്കുന്നേടത്തേക്ക്‌ പോലും ഇത്തരം വാദമെത്തി.

ശാഫിഈ മദ്ഹബ് പണ്ഢിതനായ സ്വാവി അദ്ദേഹത്തിന്റെ തഫ്‌സീര്‍ സ്വാവിയില്‍ എഴുതുന്നു:

ولا يجوز تقليد ما عدا المذاهب الأربعة، ولو وافق قول الصحابة والحديث الصحيح والآية، فالخارج عن المذاهب الأربعة ضال مضل، وربما أداه ذلك للكفر، لأن الأخذ بظواهر الكتاب والسنة من أصول الكفر

നാല്‌ മദ്‌ഹബുകളല്ലാത്തതിനെ അന്ധമായി അനുകരിക്കൽ അനുവദനീയമല്ല. അതൊരു പക്ഷെ സ്വഹാബത്തിന്റെ വാക്കിനോടും സ്വഹീഹായ ആയത്തിനോടും ഹദീസിനോടും ഒത്തുകണ്ടാലും ശരി. നാല്‌ മദ്‌ഹബുകൾക്കപ്പുറം പുറത്തുപോകുന്നവർ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്‌ ചിലപ്പോള്‍ ആ വേല കുഫ്‌റിലെത്തിക്കും. കാരണം, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഉപരിതല സാരം കൈകൊള്ളല്‍ കുഫ്‌രിയ്യത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ പെട്ടതാണ്. (തഫ്‌സീര്‍ സ്വാവി: 3/9)

എന്തുകൊണ്ട് തഖ്ലീദ് പാടില്ല ?

(1) മേല്‍ പറയപ്പെട്ട ഇമാമീങ്ങളാരും തെളിവ് നോക്കാതെ ഞങ്ങളെ പിന്‍പറ്റണമെന്ന് പറഞ്ഞിട്ടില്ല. അവരെല്ലാവരും പ്രഖ്യാപിച്ചത്‌ ഇപ്രകാരമാണ് :

إذا صَحّ الحَديث فهُوَ مَذهبِي

ഹദീസ്‌ സ്ഥിരപ്പെട്ടു വന്നാൽ അതാണെന്റെ മദ്‌ഹബ്‌

(2) നബിയുടേത്(സ്വ) അല്ലാതെ ഒരാളുടെയും വാക്കുകള്‍ നിരുപാധികം പൂര്‍ണമായും ശരിയാണെന്ന് പറയാന്‍ കഴിയില്ല. അതില്‍ സ്വീകരിക്കാന്‍ പറ്റുന്നതും പറ്റാത്തതുമുണ്ടാകും. എന്നാല്‍ നബിയുടെ(സ്വ) വാക്കുകളില്‍ സ്വീകരിക്കാന്‍ പറ്റുന്നവ മാത്രമേയുള്ളൂ.

ഇമാം മാലിക് (റഹി) പറഞ്ഞു:

ليس أحد بعد النبي صلى الله عليه وسلم إلا ويؤخذ من قوله ويترك إلا النبي صلى الله عليه وسلم

നബിയുടെ(സ്വ) ശേഷമുള്ളവരുടെ മൊഴികളില്‍ കൊള്ളേണ്ടവയും തള്ളേണ്ടവയും ഉണ്ടാകും. നബി(സ്വ)യുടേതൊഴികെ. (ഇബ്‌നു അബ്ദില്‍ബി ര്‍റിന്റെ ജാമിഉ ബയാനില്‍ ഇല്‍മി വഫള്‌ലിഹി. 2/91. ഉസൂലുല്‍ അഹ്കാം. 6/145, 179)

സത്യം എപ്പോഴും നബി(സ്വ) പറഞ്ഞതിനോടൊപ്പം മാത്രമായിരിക്കും. കാരണം വഹ്യിന്റെ അടിസ്ഥാനത്തിലാണ് അവിടുന്ന് മതകാര്യങ്ങള്‍ സംസാരിച്ചിട്ടുള്ളത്.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ – إِنْ هُوَ إِلَّا وَحْىٌ يُوحَىٰ

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)

(3) സത്യത്തില്‍ നിന്ന് അകറ്റിക്കളയുന്ന ഏറ്റവും ഗൗരവമേറിയ കാര്യമാണ് തഖ്ലീദ്. കാരണം അയാള്‍ ഏതെങ്കിലുമൊരു പണ്ഡിതന്റെ വാക്കുകളെ മാത്രം മുറുകെ പിടിക്കുകയും, (അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും) അതിന് വേണ്ടി മാത്രമായി വാദിക്കുകയും ചെയ്തുകൊണ്ടിരിക്കും.

(4) നബിയെ(സ്വ) പരിപൂ൪ണ്ണമായി പിന്‍പറ്റണമെന്ന് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.( ഖു൪ആന്‍:4/65)

ഇബ്നു കസീര്‍(റഹി) പറയുന്നു:

وقوله : ( فلا وربك لا يؤمنون حتى يحكموك فيما شجر بينهم ) يقسم تعالى بنفسه الكريمة المقدسة : أنه لا يؤمن أحد حتى يحكم الرسول صلى الله عليه وسلم في جميع الأمور ، فما حكم به فهو الحق الذي يجب الانقياد له باطنا وظاهرا ; ولهذا قال : ( ثم لا يجدوا في أنفسهم حرجا مما قضيت ويسلموا تسليما ) أي : إذا حكموك يطيعونك في بواطنهم فلا يجدون في أنفسهم حرجا مما حكمت به ، وينقادون له في الظاهر والباطن فيسلمون لذلك تسليما كليا من غير ممانعة ولا مدافعة ولا منازعة ، كما ورد في الحديث : ” والذي نفسي بيده لا يؤمن أحدكم حتى يكون هواه تبعا لما جئت به ” .

‘പരിശുദ്ധിയുടെയും മാന്യതയുടെയും ഉടമസ്ഥനായ അല്ലാഹു സത്യം ചെയ്ത് കൊണ്ട് പറയുന്നു, ഏതേത് കാര്യത്തിനും പ്രവാചകനെ വിധികര്‍ത്താവാക്കുന്നതുവരെ ആരും തന്നെ സത്യവിശ്വാസികളാവുകയില്ല. അദ്ദേഹം വിധിച്ചതെന്തോ അത് പ്രത്യക്ഷമായും പരോക്ഷമായും അനുസരിക്കേണ്ടതായ സത്യം മാത്രമാകുന്നു. അതാണ് അല്ലാഹു പറഞ്ഞത് ‘നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അങ്ങനെ അത് പൂര്‍ണമായി സമ്മതിച്ചനുസരിക്കുകയും ചെയ്യുക’. അതായത് നിന്നെ വിധികര്‍ത്താവാക്കുമ്പോള്‍ അവരുടെ അന്തരാളത്തില്‍ നിന്നുള്ള അനുസരണം കാണപ്പെടും. നീ വിധിച്ചതിനെ കുറിച്ച് മനസ്സില്‍ ഒരു വിഷമവും തോന്നാതെ ഒളിഞ്ഞും തെളിഞ്ഞുമെല്ലാം, മനോവിഷമവും തടസ്സവാതങ്ങളും തര്‍ക്കങ്ങളുമില്ലാതെ സര്‍വാത്മനാ അവര്‍ അതിന് വഴങ്ങുന്നവരാണ്. ഒരു ഹദീഥില്‍ വന്ന പ്രകാരം: എന്റെ ശരീരം ആരുടെ കൈയിലാണോ അവന്‍ സത്യം, നിങ്ങളില്‍ ആരും സത്യവിശ്വാസിയാവുകയില്ല; തന്റെ താല്‍പര്യങ്ങള്‍ മുഴുവന്‍ ഞാന്‍ കൊണ്ടുവരുന്നതിനോട് പൊരുത്തപ്പെട്ടുകൊണ്ടാകുന്നത് വരെ” (ബഗവി- ശറഹുസ്സുന്നഃ, നവവി ഫീ അര്‍ബഈന്‍, അല്‍ബാനി ദുര്‍ബലമെന്ന് അഭിപ്രായപ്പെടത്).

(5) ഏതെങ്കിലും ഒരു മദ്ഹബ് സ്വീകരിക്കുകയാണെങ്കില്‍ പല സുന്നത്തുകളേയും മാറ്റിവെക്കേണ്ടി വരും.

മദ്ഹബുകളെ തഖ്ലീദ് ചെയ്യുന്നവ൪ ധാരാളം സുന്നത്തുകളെ മാറ്റിവെക്കുന്നുണ്ട്. അത് തങ്ങളുടെ മദ്ഹബിന് എതിരാണെന്നതിനാലാണ് അവ൪ അപ്രകാരം ചെയ്യുന്നത്. ചില ഉദാഹരണങ്ങള്‍ കാണുക.

ഹനഫീ മദ്ഹബിന്റെ ആളുകള്‍ ജമാഅത്തായി നമസ്കരിക്കുമ്പോള്‍ ഫാത്തിഹയുടെ അവസാനത്തില്‍ ആമീന്‍ ഉച്ചത്തില്‍ ചൊല്ലാറില്ല, അവ൪ പതുക്കെയാണ് ചൊല്ലുന്നത്. ഇത് നബിചര്യക്ക് വിരുദ്ധമാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : إِذَا أَمَّنَ الإِمَامُ فَأَمِّنُوا فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:(നമസ്കാരത്തില്‍) ഇമാം ‘ആമീൻ’ ചൊല്ലിയാൽ നിങ്ങളും ആമീൻ ചൊല്ലുവിൻ. ഒരാളുടെ ആമീൻ ചൊല്ലൽ മലക്കുകളുടെ ആമീൻ ചൊല്ലലുമായി ഒത്തുവന്നാൽ അവൻ ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി: 780)

عَنْ أَبِي هُرَيْرَةَ ، قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا فَرَغَ مِنْ قِرَاءَةِ أُمِّ الْقُرْآنِ رَفَعَ صَوْتَهُ ، وَقَالَ : آمِينَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : അല്ലാഹുവിന്റെ റസൂല്‍(സ്വ) ഉമ്മുല്‍ ഖു൪ആന്‍ പാരായണം ചെയ്തു കഴിഞ്ഞാല്‍ ശബ്ദം ഉയ൪ത്തി ആമീന്‍ എന്ന് പറയാറുണ്ടായിരുന്നു. (ദാറഖുത്നി തന്റെ സ്വഹീഹില്‍)

മാലിക്കീ മദ്ഹബിന്റെ ആളുകള്‍ നമസ്ക്കാരത്തിൽ കൈകൾ കെട്ടാതെ താഴ്ത്തി ഇടുന്നതുകാണാം. ഇത് നബിചര്യക്ക് വിരുദ്ധമാണ്.

عَنْ عَلْقَمَةُ بْنُ وَائِلٍ، عَنْ أَبِيهِ، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم إِذَا كَانَ قَائِمًا فِي الصَّلاَةِ قَبَضَ بِيَمِينِهِ عَلَى شِمَالِهِ

അല്‍ഖമ ബ്നു വാഇല്‍(റ) തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി(സ്വ) നമസ്കാരത്തില്‍ നിന്നുകഴിഞ്ഞാല്‍ തന്റെ വലത് കൈ ഇടത് കൈയിന്‍ മേല്‍ പിടിക്കുന്നതായി ഞാന്‍ കണ്ടു. (നസാഇ:887-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ سَهْلِ بْنِ سَعْدٍ، قَالَ كَانَ النَّاسُ يُؤْمَرُونَ أَنْ يَضَعَ الرَّجُلُ الْيَدَ الْيُمْنَى عَلَى ذِرَاعِهِ الْيُسْرَى فِي الصَّلاَةِ‏

സഹ്ലിൽ(റ)നിന്ന് നിവേദനം: ‘വലതുകൈ നമസ്ക്കാരത്തിൽ ഇടത്തെ മുഴം കയ്യിൻമേൽ വെക്കാൻ (തിരുമേനിയുടെകാലത്ത്) ആളുകളോട് കൽപ്പിക്കാറുണ്ടായിരുന്നു.’ (ബുഖാരി: 740)

ശാഫിഈ മദ്ഹബിന്റെ ആളുകള്‍ പെരുന്നാള്‍ നമസ്ക്കാരം പള്ളികളില്‍ മാത്രമാണ് നി൪വ്വഹിക്കുന്നത്. ഇത് നബിചര്യക്ക് വിരുദ്ധമാണ്. കാരണം നബി(സ്വ) പെരുന്നാള്‍ നമസ്ക്കാരം പള്ളിക്ക് പുറത്ത് പ്രത്യേകം തയ്യാറാക്കിയ മുസ്വല്ലയിലാണ് നി൪വ്വഹിച്ചിരുന്നത്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَالأَضْحَى إِلَى الْمُصَلَّى، فَأَوَّلُ شَىْءٍ يَبْدَأُ بِهِ الصَّلاَةُ

അബൂ സഈദുല്‍ഖുദ്രിയില്‍(റ) നിന്ന് നിവേദനം :അദ്ദേഹം പറഞ്ഞു: നബി (സ്വ) ഈദുല്‍ ഫിത്വറിലും ഈദുല്‍ അള്ഹയിലും മുസ്വല്ലയിലേക്ക് പുറപ്പെടാറാണ് ഉണ്ടായിരുന്നത്. അവിടുന്നു ആദ്യം ആരംഭിച്ചിരുന്നത് നിസ്കാരമായിരുന്നു.” (ബുഖാരി: 956)

عَنِ ابْنِ عُمَرَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَغْدُو إِلَى الْمُصَلَّى، وَالْعَنَزَةُ بَيْنَ يَدَيْهِ، تُحْمَلُ وَتُنْصَبُ بِالْمُصَلَّى بَيْنَ يَدَيْهِ فَيُصَلِّي إِلَيْهَا‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം : നബി(സ്വ) മുസ്വല്ലയിലേക്ക് പ്രഭാതത്തില്‍ പുറപ്പെടും. നബിയുടെ (സ്വ) മുന്നില്‍ ഒരു വടി നാട്ടുകയും അതിന്റെ നേരേ തിരിഞ്ഞ് നമസ്കരിക്കുകയും ചെയ്യും.(ബുഖാരി :973)

ഇമാം ഇബ്നുല്‍ ഖയ്യും(റഹി) പറയുന്നു :

كان صلى الله عليه وسلم يصلي العيدين في المصلى ، وهو المصلى الذي على باب المدينة الشرقي

നബി(സ്വ) പെരുന്നാള്‍ ദിവസം മുസ്വല്ലയിലാണ് നമസ്കരിച്ചിരുന്നത്.മുസ്വല്ല എന്നത് മദീനയിലെ വെളിയിലേക്കുള്ള വാതിലാണ് . ( സാദുൽ മആദ് : 1 / 441)

(6) മദ്ഹബുകളിലെ പല വിധികളും ദു൪ബലമായ റിപ്പോ൪ട്ടുകളുടെ അടിസ്ഥാനത്തില്‍

ശാഫിഈ മദ്ഹബുകാരായ ആളുകള്‍ സ്വുബ്ഹി നമസ്കാരത്തില്‍ മാത്രമായി ഖുനൂത്ത് ഓതി വരാറുണ്ട്. എന്നാല്‍ മറ്റ് മദ്ഹബുകാരാരും സ്വുബ്ഹി നമസ്ക്കാരത്തില്‍ മാത്രമായി ഖുനൂത്ത് നി൪വ്വഹിക്കുന്നില്ല. സ്വുബ്ഹി നമസ്കാരത്തിലെ ഖുനൂത്തിനെ കുറിച്ച് പറയുന്ന ഹദീസുകള്‍ ദു൪ബലമാണ്.

(7) ഭിന്നിപ്പ്

അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോല്‍ സുന്നത്തിനെ മുറുകെ പിടിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് നബി(സ്വ)പറഞ്ഞു:

فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ

എനിക്ക് ശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു മുറുകെ പിടിക്കുകയും ചെയ്യുവീന്‍. (അബൂദാവൂദ് : 4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മദ്ഹബുകളെ അന്ധമായി അനുകരിക്കുന്നതു മുസ്ലിം സമൂഹം ഓരോരോ കക്ഷികളായി ഭിന്നിക്കുകയാണ് ചെയ്യുന്നത്.

(8) ഖുർആനും സുന്നത്തും പഠിക്കുന്നതിൽ നിന്ന് അകലും

ഏതെങ്കിലും മദ്ഹബിനെ തഖ്ലിദ് ചെയ്യുന്നവർ ഖുർആനും സുന്നത്തും പഠിക്കുന്നതിൽ നിന്ന് അകലും. കാരണം ഏത് വിഷയത്തിലും മദ്ഹബിന്റെ അഭിപ്രായമായിരിക്കും അവർ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്നത്. ഖുർആനിലെയും സുന്നത്തിലെയും വിധി അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്നതില്‍ താല്‍പ്പര്യം കാണിക്കുകയില്ല.

ഏതെങ്കിലും ഒരു മദ്ഹബിനെ അന്ധമായി പിന്‍പറ്റുന്നവര്‍ ശരിയായ പാന്ഥാവില്‍ നിന്നും അകെലയാണെന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. തങ്ങളുടെ മദ്ഹബിന് വിരുദ്ധമാണെന്നതല്ലാത്ത മറ്റ് യാതൊരു ന്യായവുമില്ലാതെ അവ൪ പ്രവാചകന്റെ ഹദീസിനെ തള്ളിക്കളയുന്നുണ്ട്. തങ്ങളുടെ ഇമാം അല്ലെങ്കില്‍ മദ്ഹബ് മുഴുവന്‍ സുന്നത്തുകളും ഉള്‍ക്കൊള്ളുന്നുവെന്നാണ് അവ൪ തെറ്റിദ്ധരിച്ചിട്ടുള്ളത്. ഇവ൪ യഥാര്‍ത്ഥത്തില്‍ ഇമാമുമാരുടെ അഭിപ്രായങ്ങള്‍ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവരായി കഴിഞ്ഞിട്ടുണ്ടെന്നതാണ് സത്യം.

മദ്ബഹിന്റെ വീക്ഷണങ്ങളില്‍ എങ്ങനെ തെറ്റ് സംഭവിക്കുന്നു ?

(1) ഹദീസുകളെല്ലാം ഇന്ന് കാണുന്ന പോലെ ഗ്രന്ഥ രൂപത്തില്‍ ക്രോഡീകരിക്കുന്നതിന് മുമ്പുള്ള കാലത്താണ് മദ്ഹബിന്റെ ഇമാമീങ്ങള്‍ ജീവിച്ചിട്ടുള്ളത്. അവ൪ തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള ഹദീസുകളുടെ അടിസ്ഥാനത്തിലാണ് പല വിഷയത്തിലും വിധി പറഞ്ഞിട്ടുള്ളത്.

രണ്ട് പെരുന്നാളിനും പുരുഷന്‍മാരും സ്ത്രീകളും ഈദ്ഗാഹിലേക്ക്‌ പോകണമെന്ന ഉമ്മുഅത്വിയ്യ(റ) നിവേദനം ചെയ്യുന്ന ഹദീസിനെ കുറിച്ച് ഇമാം ശാഫിഈ(റഹി) പറയുന്നു:

قد روي حديث فيه أن النساء يتركن إلى العيدين فإن كان ثابتا قلت به

രണ്ട് പെരുന്നാളിനും സ്ത്രീകളെ ഈദ് ഗാഹില്‍ പങ്കെടുപ്പിക്കുന്നതിനെ കുറിച്ചുള്ള ഹദീസ് ഉദ്ദരിക്കപ്പെട്ടിരിക്കുന്നു. അത് സ്ഥിരപ്പെട്ടതായിരുന്നുവെങ്കില്‍ ഞാന്‍ അതിനെ കുറിച്ച് പറയുമായിരുന്നു. (ഇമാം ബൈഹഖി ഉദ്ദരിച്ചത് )

പ്രസ്തുത ഹദീസ് ഇമാം ശാഫിഈ(റഹി) അറിഞ്ഞിരുന്നുവെങ്കിലും അത് സ്ഥിരപ്പെട്ട ഹദീസാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നിരുന്നില്ല. അതുകൊണ്ടാണ് അത് സ്ഥിരപ്പെട്ടതായിരുന്നുവെങ്കില്‍ ഞാന്‍ അതിനെ കുറിച്ച് പറയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സ്ഥിരപ്പെട്ടതാണെന്ന് മനസ്സിലാക്കിയ ഈ ഹദീസ് ഇമാം ബുഖാരിയും(റഹി) ഇമാം മുസ്ലിമും(റഹി) അവരുടെ സ്വഹീഹുകളില്‍ ഉദ്ദരിച്ചിട്ടുണ്ട്.

عَنْ أُمُّ عَطِيَّةَ قَالَتْ أُمِرْنَا أَنْ نَخْرُجَ فَنُخْرِجَ الْحُيَّضَ وَالْعَوَاتِقَ وَذَوَاتِ الْخُدُورِ‏.‏ قَالَ ابْنُ عَوْنٍ أَوِ الْعَوَاتِقَ ذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَشْهَدْنَ جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ، وَيَعْتَزِلْنَ مُصَلاَّهُمْ‏

ഉമ്മുഅത്വിയ്യ(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും അന്തപുരങ്ങളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക്‌ കൊണ്ടു വരാന്‍ ഞങ്ങളോട്‌ ശാസിക്കപ്പെടാറുണ്ട്‌. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ലിംകളുടെ സംഘത്തിലും അവരുടെ പ്രാര്‍ത്ഥനകളിലും പങ്കെടുക്കും. നമസ്കാര സമയത്ത് നമസ്കാര സ്ഥലത്തു നിന്ന്‌ അവര്‍ അകന്ന്‌ നില്‍ക്കും. (ബുഖാരി:981 – മുസ്ലിം:890)

ഇമാം ശാഫിഈ(റഹി) ഈ ഹദീസിനെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ഈ രണ്ട് സ്വഹീഹുകളും രചിക്കപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ കാലശേഷമാണ് അവ രണ്ടും രചിക്കപ്പെടുന്നത്.

ഒരാള്‍ക്ക് കിട്ടാത്ത ഹദീസുകള്‍ മറ്റേയാള്‍ക്ക് കിട്ടിയിട്ടുണ്ടാകാം. അതുകൊണ്ട് ഒരാള്‍ പറഞ്ഞത് ശരിയും മറ്റേയാള്‍ പറഞ്ഞത് തെറ്റുമാകാം. ഇത് എല്ലാ കാര്യത്തിലുമല്ല, ചില വിഷയങ്ങളില്‍ മാത്രം.

(2) ഇന്ന് മദ്ഹബിന്റെ അഭിപ്രായമായി കാണുന്നതെല്ലാം മേല്‍ പറയപ്പെട്ട നാല് ഇമാമീങ്ങള്‍ പറഞ്ഞിട്ടുള്ളതല്ല. അവയില്‍ പില്‍ക്കാല മദ്ഹബീ പണ്ഢിതന്‍മാരുടെ അഭിപ്രായങ്ങളുമുണ്ട്. അവയും മാലികി – ഹനഫി – ശാഫിഈ – ഹമ്പലി മദ്ഹബിന്റെ പേരിലാണ് അറിയപ്പെടുന്നത്. അതുവഴിയും ചില തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്.

ഇമാമുകള്‍ക്ക് തെറ്റ് പറ്റിയെന്ന് പറയുന്നത് അവരെ ഇകഴ്ത്തലാണോ?

ഖുര്‍ആനോ ഹദീസോ വ്യക്തമായി പറയാതിരിക്കുകയും ഇജ്മാഅ് ഇല്ലാത്തതുമായ വിഷയങ്ങളില്‍ മതവിധി കണ്ടെത്തുവാന്‍ വേണ്ടി യോഗ്യരായ പണ്ഡിതന്മാര്‍ (ഖുര്‍ആനിലും സുന്നത്തിലും) പരിശ്രമിക്കലാണ് ഇജ്തിഹാദ്. അപ്രകാരം ഇജ്തിഹാദ് ചെയ്യുമ്പോള്‍ അത് ശരിയായാല്‍ അവ൪ക്ക് രണ്ട് കൂലിയും (പരിശ്രമിച്ചതിനും ശരിയായതിനും) തെറ്റിയാല്‍ ഒരു കൂലിയും (പരിശ്രമിച്ചതിന്) ഉണ്ട്.

عَنْ عَمْرِو بْنِ الْعَاصِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: إِذَا حَكَمَ الْحَاكِمُ فَاجْتَهَدَ ثُمَّ أَصَابَ فَلَهُ أَجْرَانِ ‏.‏ وَإِذَا حَكَمَ فَاجْتَهَدَ ثُمَّ أَخْطَأَ فَلَهُ أَجْرٌ

അംറിബ്നു ആസിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:ഒരു വിധികർത്താവ്‌ വിധിക്കുമ്പോൾ ഇജ്തിഹാദ് നടത്തുകയും എന്നിട്ടത് ശരിയാവുകയും ചെയ്‌താൽ അയാൾക്ക് രണ്ട് പ്രതിഫലവും ഇജ്തിഹാദ് നടത്തുകയും എന്നിട്ടത് തെറ്റുകയും ചെയ്‌താൽ അയാൾക്ക് ഒരു പ്രതിഫലവുമുണ്ട്‌. (മുസ്ലിം:1716)

ഏതെങ്കിലും ഒരു ഇമാമിന് ഇജ്തിഹാദില്‍ തെറ്റ് സംഭവിച്ചാല്‍ ഒരു പ്രതിഫലമുണ്ട്. ഇന്ന വിഷയത്തില്‍ ഇന്ന ഇമാമിന് തെറ്റ് പറ്റിയെന്ന് പറഞ്ഞാല്‍ അത് അദ്ദേഹത്തെ ആക്ഷേപിക്കലല്ലെന്ന് ചുരുക്കം.

മദ്‌ഹബിന്റെ ഇമാമുകളെ തള്ളിക്കളയേണ്ടതുണ്ടോ?

ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും തീരുമാനങ്ങളാണ്‌ നാം സ്വീകരിക്കേണ്ടത്‌. മേല്‍ പറയപ്പെട്ട ഇമാമീങ്ങളെല്ലാം അഹ്ലുസുന്നത്തിന്റെ ഇമാമീങ്ങളാണ്. അവരെല്ലാവരുടെയും ഗ്രന്ഥങ്ങള്‍ നാം പഠിച്ച് മനസ്സിക്കി അറിവ് നേടണം. ഖുർആനിനും സുന്നത്തിനോടും യോജിക്കുന്ന അഭിപ്രായം ഏത് ഇമാം പറഞ്ഞാലും അത്‌ നാം സ്വീകരിക്കണം. എന്നാൽ ആ പ്രമാണങ്ങളോട്‌ വിയോജിക്കുന്ന തരത്തിൽ അവരുടെ ഗ്രന്ഥങ്ങളിലും അഭിപ്രായങ്ങളിലും വല്ലതും കണ്ടാൽ അവരോടുള്ള എല്ലാ സ്നേഹ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ പ്രമാണങ്ങളിലേക്ക്‌ (ഖുർആനിലേക്കും നബിയുടെ സുന്നത്തിലേക്കും) മടങ്ങുകയും ചെയ്യുക. അതാണ്‌ ഇസ്‌ലാമിന്റെ കൽപനയും മദ്‌ഹബീ ഇമാമുമാരുടെ വസ്വിയ്യത്തും.

ഹാഫിള് ഇബ്നു റജബ് (റഹി) പറഞ്ഞു:റസൂലിന്‍റെ കല്‍പന ലഭിക്കുകയോ അത് അറിയുകയോ ചെയ്തവന്, അത് സമൂഹത്തിന് വിശദീകരിച്ച് കൊടുക്കലും ആത്മാര്‍ത്ഥമായി അവരെ ഉപദേശിക്കലും അവിടുത്തെ കല്‍പന പിന്‍പറ്റാന്‍ ആജ്ഞാപിക്കലും നിര്‍ബന്ധമാണ്. അത് സമൂഹത്തിലെ മഹത് വ്യക്തിയുടെ അഭിപ്രായത്തിനെതിരായാലും ശരി. കാരണം, ഏതെങ്കിലും വിഷയത്തില്‍ പ്രവാചക കല്‍പനക്ക് എതിരായി തെറ്റായ ഒരഭിപ്രായം വല്ല മഹത് വ്യക്തിയും വെച്ചുപുലര്‍ത്തിയിട്ടുണ്ടെങ്കില്‍, അതിനേക്കാളെല്ലാം ആദരിക്കാനും പിന്‍പറ്റാനും അര്‍ഹതയുള്ളത് റസൂലിന്‍റെ കല്‍പന തന്നെയാണ്. അതുകൊണ്ടാണ്, സ്വഹാബികളും അവര്‍ക്ക് ശേഷമുള്ളവരും പ്രാമാണിക നബിചര്യക്കെതിരായിട്ടുള്ളവരെ ഖണ്ഡിച്ചത്. ചിലപ്പോള്‍ അവരുടെ ഖണ്ഡനം പരുഷമാകും. (ഗരീബ് അല്‍ ഹദീഥ്)

സാധാരണക്കാരന്‍ എന്ത് നിലപാട് സ്വീകരിക്കണം?

വിശ്വാസ കാര്യങ്ങളായാലും ക൪മ്മ കാര്യങ്ങളായാലും അത് ഖു൪ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ് ഉള്‍ക്കൊള്ളേണ്ടത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ദീനീ വിഷയങ്ങള്‍ പണ്ഢിതന്‍മാരോട് ചോദിച്ച് പഠിക്കുകയാണ് വേണ്ടത്.

فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ

നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍, അറിവുള്ളവരോടു ചോദിച്ചുനോക്കുക.(ഖു൪ആന്‍:16/43)

ഏതെങ്കിലും മദ്ഹബിന്റെ പണ്ഢിതന്‍മാരോട് മാത്രം ചോദിച്ച് പഠിക്കുന്ന നിലപാട് ഒരിക്കലും സ്വീകരിക്കരുത്. മേല്‍ പറയപ്പെട്ട ഇമാമീങ്ങളെല്ലാം അഹ്ലുസുന്നത്തി വല്‍ ജമാഅയുടെ പണ്ഢിതന്‍മാരാണ്. അവരുടെ എല്ലാവരുടെയും ഗ്രന്ഥങ്ങള്‍ പഠിച്ച് മനസ്സിലാക്കി, അതില്‍ ഖു൪ആനിനോടും സുന്നത്തിനോടും യോജിക്കുന്നത് സ്വീകരിക്കുകയും യോജിക്കാത്തത് സ്വീകരിക്കാതിരിക്കുകയുമാണ് വേണ്ടത്. അതേപോലെ ഓരോ വിഷയത്തിലും ഏതെങ്കിലും മദ്ഹബിന്റെ അഭിപ്രായമല്ല പഠിക്കേണ്ടത്, ഖു൪ആനിന്റെയും സുന്നത്തിന്റെയും താല്പര്യമാണ് പഠിച്ച് മനസ്സിലാക്കേണ്ടത്.

എല്ലാ ഹദീസുകളും മദ്ഹബിന്റെ ഇമാമീങ്ങള്‍ കണ്ടിട്ടില്ലേ?

ഹദീസുകളെല്ലാം ഇന്ന് കാണുന്ന പോലെ ഗ്രന്ഥ രൂപത്തില്‍ ക്രോഡീകരിക്കുന്നതിന് മുമ്പുള്ള കാലത്താണ് മദ്ഹബിന്റെ ഇമാമീങ്ങള്‍ ജീവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ എല്ലാ ഹദീസുകളും അവ൪ക്ക് കിട്ടിയിട്ടില്ല. ഹദീസുകളുടെ അടിസ്ഥാനത്തിലാണ് പല വിഷയത്തിലും വിധി പറഞ്ഞിട്ടുള്ളത്. മദ്ഹബിന്റെ ഇമാമീങ്ങള്‍ക്ക് എല്ലാ ഹദീസുകളും കിട്ടിയിട്ടുണ്ടെന്ന് ചില൪ തെറ്റിദ്ധരിപ്പിക്കാറുണ്ട്. നാലാമത്തെ മദ്ഹബിന്റെ ഇമാമായ ഇമാം അഹ്മദ്ബിന്‍ ഹമ്പലിന്റെ(റഹി) ശിഷ്യനാണ് ഇമാം ബുഖാരി. ഇമാം ബുഖാരി (റ) സ്വഹീഹുല്‍ ബുഖാരിയുടെ രചന പൂര്‍ത്തിയാക്കിയ ശേഷം അത് വായിച്ചു കേള്‍പ്പിച്ചവരില്‍ ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍(റഹി) ആയിരുന്നു. അഥവാ നാലാമത്തെ മദ്ഹബിന്റെ ഇമാമിന്റെ കാലത്താണ് സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിച്ചിട്ടുള്ളത്. അതിന് ശേഷം എത്ര ഹദീസ് ഗ്രന്ഥങ്ങള്‍ വന്നിട്ടുണ്ട്.

എല്ലാ ഹദീസുകളും എല്ലാ സ്വഹാബിമാരും അറിഞ്ഞിട്ടില്ലെന്നുള്ളതാണ് സത്യം.

عَنْ سَعِيدِ بْنِ الْمُسَيَّبِ، أَنَّ عُمَرَ، كَانَ يَقُولُ الدِّيَةُ لِلْعَاقِلَةِ وَلاَ تَرِثُ الْمَرْأَةُ مِنْ دِيَةِ زَوْجِهَا شَيْئًا حَتَّى كَتَبَ إِلَيْهِ الضَّحَّاكُ بْنُ سُفْيَانَ أَنَّ النَّبِيَّ صلى الله عليه وسلم وَرَّثَ امْرَأَةَ أَشْيَمَ الضِّبَابِيِّ مِنْ دِيَةِ زَوْجِهَا

സഈദിബ്നു മുസയ്യബില്‍(റ) നിന്ന് നിവേദനം : ഉമ൪(റ) പറയുമായിരുന്നു: Dead money (ഘാതകനില്‍ നിന്നുള്ള നഷ്ടപരിഹാര തുക) രക്തബന്ധുക്കള്‍ക്കാകുന്നു. (ഭ൪ത്താവ് കൊല്ലപ്പെട്ടാല്‍കൂടി) ഭാര്യക്ക് നഷ്ടപരിഹാര തുകയില്‍ നിന്ന് യാതൊന്നും ഉണ്ടായിരിക്കുന്നതല്ല. അശ്‌യമദ്ദബാബിക്ക് ലഭിച്ച നഷ്ട പരിഹാര സ്വത്തില്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് നബി(സ്വ) അനന്തരാവകാശം കൊടുത്തത് സംബന്ധിച്ച് ളഹ്ഹാകുബ്നു സുഫ്യാന്‍(റ) ഉമറിന്(റ) എഴുതുന്നതുവരെ (ഉമ൪(റ)അപ്രകാരം പറയുമായിരുന്നു)(അഹ്മദ്, അബൂദാവൂദ്, തുര്‍മുദി, ഇബ്‌നുമാജ)

ഭ൪ത്താവ് കൊല്ലപ്പെട്ടാല്‍ ഭാര്യക്ക് Dead money യില്‍ നിന്ന് യാതൊന്നും ഉണ്ടായിരിക്കുന്നതല്ലെന്നാണ് ഉമ൪(റ) പറഞ്ഞിരുന്നത്. അത് ഭാര്യക്ക് അനുവദനീയമാണെന്ന ഹദീസ് പിന്നീട് മറ്റൊരാളില്‍ അറിഞ്ഞശേഷമാണ് ഉമ൪(റ) അത് തിരുത്തിയത്. മറ്റൊരു റിപ്പോ൪ട്ട് കാണുക.

താഊസില്‍(റ) നിന്നും നിവേദനം: ഉമര്‍(റ) ചോദിച്ചു: ‘ഗര്‍ഭസ്ഥ ശിശുവിന്റെ (നഷ്ടപരിഹാര)ത്തെക്കുറിച്ച് നബിയില്‍(സ്വ) നിന്ന് വല്ലതും കേട്ട ആരെങ്കിലുമുണ്ടോ?’ അപ്പോള്‍ ഹമലുബ്‌നു മാലിക് എഴുന്നേറ്റുനിന്നുകൊണ്ട് പറഞ്ഞു: ‘ഞാനൊരിക്കല്‍ എന്റെ രണ്ട് ഭാര്യമാര്‍ക്കിടയില്‍ ആയിരിക്കുമ്പോള്‍ ഒരുവള്‍ മറ്റവളെ ഒരു തറികൊണ്ട് അടിച്ചു. അടികൊണ്ടവള്‍ ഉടനെ ഒരു ചാപ്പിള്ളയെ പ്രസവിച്ചു. ഇതറിഞ്ഞ നബി(സ്വ) ആ കുറ്റവാളി ഒരടിമയെ മോചിപ്പിക്കേണ്ടതാണെന്ന് കല്‍പന പുറപ്പെടുവിച്ചു.’ ഉമര്‍(റ) പറഞ്ഞു: ‘ഈയൊരു വിവരം ഞാനറിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ മറ്റൊരു രീതിയില്‍ വിധിച്ച് പോകുമായിരുന്നു; ഇത് പോലുള്ള കാര്യങ്ങളില്‍ സ്വന്തമായ അഭിപ്രായമനുസരിച്ച് വിധി നടത്തുന്ന സ്ഥിതി സംജാതമായേനെ’ (അഹ്മദ് – അബുദാവൂദ് – ഇബ്‌നുമാജ)

സുന്നത്തുകള്‍ എങ്ങനെ ലഭ്യമാക്കാം?

ഇമാം ശാഫിഈ‌ؒ (റഹി) പറഞ്ഞു: ‘മുഴുവന്‍ സുന്നത്തും നഷ്ടപ്പെടാതെ ലഭിച്ച ഒരാളെയും നമുക്കറിഞ്ഞുക്കൂടാ. സുന്നത്തിനെക്കുറിച്ചറിയുന്ന എല്ലാവരെയും ഒരുമിച്ച് കൂട്ടാന്‍ കഴിഞ്ഞാല്‍ ഒട്ടുമിക്ക സുന്നത്തും ലഭ്യമാകും. എന്നാല്‍ അവരില്‍ ഓരോരുത്തരുടെയും അറിവിനെ വേര്‍തിരിച്ചാല്‍ അതില്‍ പലതും പലര്‍ക്കും ലഭിച്ചിട്ടുണ്ടായിരിക്കുകയില്ല. പക്ഷേ, അവരില്‍ ഒരാള്‍ക്ക് നഷ്ടപ്പെട്ടത് മറ്റെ ആളില്‍ കണ്ടെത്താന്‍ കഴിയും. അവര്‍ അറിവില്‍ പല തട്ടുകളാണ്. ചിലര്‍ക്ക് കുറെ വശമുണ്ടായരിക്കും. ചിലത് നഷ്ടപ്പെട്ടിട്ടുമുണ്ടാകും. ചിലര്‍ക്ക് മറ്റവരെക്കാള്‍ ലഭിച്ചിട്ടുണ്ടാവുകയില്ല. കൂടുതല്‍ വശമുണ്ട് എന്നത് നഷ്ടപ്പെട്ട് പോയതിനെ തന്റെ പദവിയോളമെത്തിയിട്ടില്ലാത്തവരോട് ചോദിച്ചറിയാതിരിക്കാന്‍ കാരണമല്ല. മാത്രമല്ല തന്റെ പദവിയിലുള്ളവരോടും ചോദിക്കേണ്ടതാണ്. അങ്ങനെ നബിയുടെ(സ്വ) മുഴുവന്‍ സുന്നത്തും ലഭിക്കാനത് കാരണമാകും. അപ്പോള്‍ പണ്ഡിത സമൂഹം അത് മുഴുവന്‍ ഒരുമിച്ച് കൂട്ടിയവര്‍ എന്ന പദവിക്കര്‍ഹരായി. എന്നാലും അത് വേണ്ടത് പോലെ പഠിക്കുന്നതില്‍ അവര്‍ വിവിധ തട്ടുകളിലായിരിക്കും നിലകൊള്ളുന്നത്” (അര്‍രിസാല, പേജ്: 43).

അല്ലാമാ ഉസ്താദ് അഹ്മദ് ശാകിര്‍ ചിലത് കൂടി പറഞ്ഞിട്ടുണ്ട്. അതിങ്ങനെ വായിക്കാം: ”സുന്നത്തിന്റെ കാര്യത്തില്‍ ഇമാംശാഫിഈ(റ) ഗഹനമേറിയ വീക്ഷ്ണവും സൂക്ഷ്മമായ വിലയിരുത്തലുമാണ് നടത്തിയിട്ടുള്ളത്. അദ്ദേഹവും അദ്ദേഹത്തിന്റെ മുമ്പ് കഴിഞ്ഞ് പോയ പണ്ഡിതന്‍മാരും സുന്നത്തിനെ സമാഹരിച്ചെടുത്ത രീതിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചയാണത്. സുന്നത്തിന്റെതായ ഗ്രന്ഥങ്ങള്‍ മാത്രം രചിക്കപ്പെട്ടിരുന്നില്ലാത്ത കാലമാണത്. ഏതാനും ചിലത് ശേഖരിച്ചുവെച്ചതൊഴിച്ചാല്‍, ശേഷം വലുതും ചെറുതുമായ ഗ്രന്ഥങ്ങളിലായിട്ട് മഹാരഥന്മാരായ പണ്ഡിതന്‍മാര്‍ അത് സമാഹരിച്ചെടുത്തു. അക്കൂട്ടത്തിലാണ് ശാഫിഈയുടെ ശിഷ്യനായ അഹ്മദ്ബ്‌നു ഹമ്പലിന്റെ അല്‍മുസ്‌നദ്. പ്രസ്തുത ഗ്രന്ഥത്തെക്കുറിച്ച് അദ്ദേഹം പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ”അമ്പതിനായിരത്തി എഴുന്നൂറോളം ആളുകളില്‍ നിന്ന് ഞാന്‍ അത് പരിശോധിച്ച് ഒരുമിച്ചുകൂട്ടി. ഹദീസിനെക്കുറിച്ച് മുസ്‌ലിംകള്‍ ഭിന്നാഭിപ്രായത്തില്‍ അകപ്പെട്ടാല്‍ നിങ്ങള്‍ അതിലേക്ക് മടങ്ങുക. അതില്‍ കണ്ടാല്‍ (അത് തന്നെ പരിഹാരം). ഇല്ലെങ്കിലോ അത് പ്രമാണമല്ല. അതേസമയം കുറ്റമറ്റ വളരെയധികം ഹദീഥുകള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. മുസ്‌നദില്‍ ഇല്ലാത്ത നിരവധി ഹദീസുകള്‍ ബുഖാരിയിലും മുസ്‌ലിമിലും കാണാം. പ്രഗത്ഭരായ ആറ് പണ്ഡിതന്‍മാര്‍ ആറ് ഹദീഥ് ഗ്രന്ഥങ്ങള്‍ രചിച്ചു. അവയില്‍ നിരവധി ഹദീസുകള്‍ മുസ്‌നദില്‍ ഇല്ലാത്തവയുണ്ട്. ഇവ കൂടാതെയും മുസ്‌നദുകള്‍ ഉണ്ട്. പക്ഷേ, മുഴുവന്‍ ഹദീസുകളും അവയിലും ഉള്‍ക്കൊള്ളുന്നില്ല. എങ്കിലും അതിലെ ഹദീസുകള്‍ മുഴുവനും പ്രസിദ്ധമായ ഹാകിമിന്റെ ‘മുസ്തദ്‌റക്’, ബൈഹക്വിയുടെ ‘സുനനുല്‍ കുബ്‌റാ’, ഇബ്‌നുല്‍ ജാറൂദിന്റെ ‘മുന്‍തഖാ’, ‘സുനനുദ്ദാരിമി’, മആജിമുത്ത്വബ്‌റാനീ അഥ്ഥലാഥഃ, അബുയഅ്‌ല, ബസ്സാര്‍ എന്നീ രണ്ട് പേരുടെ മുസ്‌നദ് എന്നീ ഗ്രന്ഥങ്ങളിലെ ഹദീഥുകളോടൊപ്പം നാം ചേര്‍ത്ത് വെക്കുകയാണെങ്കില്‍ മുഴുവന്‍ ഹദീഥുകളും ഒരുമിച്ച്കൂട്ടി എന്ന് പറയാം. അതില്‍നിന്നൊന്നും നമുക്ക് പാഴായിട്ടില്ലെന്ന് വിചാരിക്കാമെന്ന് മാത്രമല്ല; ഉറപ്പിക്കുക തന്നെ ചെയ്യാം. അതാണ് ശാഫിഈ(റ) പറഞ്ഞതിന്റെ വിവക്ഷ:

അല്ലാമാ അഹ്മദ് ശാകിറിന്റെ ഈ അഭിപ്രായത്തെക്കുറിച്ച് ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: ”ഉസ്താദ് അഹ്മദ് ശാകിര്‍ ഹദീഥ് ഗ്രന്ഥങ്ങളെക്കുറിച്ച് പറഞ്ഞെങ്കിലും മുഴുവന്‍ ഹദീസുകളും അതില്‍ ഉള്‍ക്കൊള്ളുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഉസ്താദ് പറയാത്ത വേറെയും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളുണ്ട്. ‘സ്വഹീഹ് ഇബ്‌നുഖുസൈമ’, ‘സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍’, ‘മുസ്വന്നഫ് ഇബ്‌നു അബീശൈബ’, ‘മുസ്‌നദ് ഇബ്‌നു അബീശൈബ’, ‘മുസ്വന്നഫ് അബ്ദുര്‍റസാഖ്’ പോലുള്ള ഗ്രന്ഥങ്ങള്‍ ഉദാഹരണങ്ങളാണ്.

സത്യവിശ്വാസികളെ, നമുക്ക് പ്രമാണങ്ങളെ മുറുകെ പിടിക്കാന്‍ കഴിയണം. അതിലാണ് വിജയം.

قال ابن القيم – رحمه الله : كن في الجانب الذي فيه الله ورسوله وان كان الناس كلهم في الجانب الآخر

ഇബ്നുല്‍ഖയ്യിം (റഹി) പറഞ്ഞു: അല്ലാഹുവും, അവന്റെ റസൂലും (ഏതൊരു ഭാഗത്താണൊ) നീ ആ ഭാഗത്ത് നിലകൊള്ളുക. ജനങ്ങളെല്ലാവരും മറ്റൊരു ഭാഗത്താണെങ്കിലും. (അല്‍ഫവാഇദ് 167)

قال الإمام الشافعي – رحمه الله – إِذَا وَجَدْتُمْ لِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُنَّةً فَاتَّبِعُوهَا ، وَلَا تَلْتَفِتُوا إِلَى قَوْلِ أَحَدٍ

ഇമാം ശാഫിഈ(റഹി) പറഞ്ഞു: ‘നിങ്ങള്‍ അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്ത് കണ്ടെത്തിയാല്‍,നിങ്ങള്‍ അതിനെ പിന്തുടരുക.മറ്റൊരാളുടെ വാക്കിലേക്കും നിങ്ങള്‍ തിരിയരുത്‌. حلية الأولياء (١٠٧/٩)

قال الشوكاني رحمه اللَّه : إن التقليد (للمذهب) لم يحدث إلا بعد انقراض خير القرون، ثم الذين يلونهم، ثم الذين يلونهم،

ഇമാം ശൌകാനി(റഹി) പറഞ്ഞു: (മദ്ഹബുകളെ) തഖ്‌ലീദ് ചെയ്യുന്ന രീതി സംഭവിച്ചിട്ടുള്ളത് ‘ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്‌ പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍’ (എന്ന് നബി വിശേഷിപ്പിച്ച സ്വഹാബികൾ, താബിഉകൾ, തബഉ താബിഉകൾ എന്നിവ൪ക്ക് ശേഷമാണ്)

قال الشوكاني رحمه اللَّه : وإن هذه المذاهب إنما أحدثها عوام المقلدة لأنفسهم من دون أن يأذن بها امام من الأئمة المجتهدين

ഇമാം ശൌകാനി(റഹി) പറഞ്ഞു: മുജ്തഹിദുകളായ പണ്ഡിതൻമാരിൽ ഒരാൾ പോലും അനുവാദം കൊടുക്കാത്ത ഇന്ന് കാണുന്ന രീതിയിലുള്ള തഖ്ലീദ്, അതിൽ ജീവിച്ച് വന്നിരുന്ന ചില മുഖല്ലിദുകള്‍ ഉണ്ടാക്കിയതാണ്.

ഇമാം ത്വഹാവി (റഹി) പറഞ്ഞു: ക്ഷിതാല്‍പര്യമുള്ളവനും വിഡ്ഢിയുമല്ലാതെ തഖ്ലീദ് ചെയ്യുകയില്ല (ഇബ്നു ആബിദീന്‍ رحمه الله, റസ്മല്‍ മുഫ്തി വാ. 1, പേജ് 32)

لا خلاف بين الناس أن التقليد ليس بعلم وأن المقلد لا يطلق عليه اسم عالم

ഇമാം ഇബ്നുൽ ഖയ്യിം(റഹി) പറഞ്ഞു:’തഖ്ലിദ് ഇൽമ് അല്ല’ എന്ന വിഷയത്തിലും ‘മുഖല്ലിദ് ആലിമല്ല’ എന്ന വിഷയത്തിലും പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല.

قال العلامة الأمين الشنقيطي : فتقليد العالم المعين من بدع القرن الرابع

(ആധുനിക പണ്ഢിതനായ) അല്ലാമാ മുഹമ്മദ്‌ അമീൻ അഷൻഖീത്വീ (റഹി) പറഞ്ഞു : ഒരു പ്രത്യേക ആലിമിനെ തഖ്‌ലീദ്‌ ചെയ്യുക എന്നത്‌ നാലാം നൂറ്റാണ്ടിന്റെ ബിദ്‌അത്തുകളിൽ പെട്ടതാണ്‌ . أضواء البيان ٣٠٧/٧

قال المحدث الألباني رحمه الله : ندور مع الدليل حيث دار ولا نتعصب للرجال ولا ننحاز لأحد إلا للحق

ശൈഖ് അൽബാനി (റ) പറഞ്ഞു: പ്രമാണം കറങ്ങുന്നേടത്തു കൂടി അതിന്റെ കൂടെ നമ്മളും കറങ്ങും ( നമ്മൾ എപ്പോഴും പ്രമാണത്തിന്റെ കൂടെയായിരിക്കും) നമ്മൾ വ്യക്തികളിലേക്ക് പക്ഷം ചേരുകയില്ല. സത്യത്തിന് വേണ്ടിയല്ലാതെ ഒരാളിലേക്കും നമ്മൾ ചായുകയില്ല.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *