ലുഖ്മാന് عليه السلام ക്ക് ലഭിച്ച حِكْمَة (ഹിക്മത്ത്) നെ കുറിച്ചും അദ്ധേഹം തന്റെ മകന് നല്‍കിയ ഉപദേശങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്ന സൂറ: ലുഖ്മാന്‍ 12-19 ആയത്തുകളിലൂടെ
وَلَقَدْ ءَاتَيْنَا لُقْمَٰنَ ٱلْحِكْمَةَ أَنِ ٱشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ حَمِيدٌ
ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക. ആര്‍ നന്ദികാണിച്ചാലും തന്‍റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. (എന്ന് അദ്ദേഹത്തോട് നാം അനുശാസിച്ചു.) (ഖു൪ആന്‍ :31/12)
ഇവിടെ അല്ലാഹു തന്റെ ശ്രേഷ്ഠനായ ദാസൻ ലുക്വ‌്‌മാന് നൽകിയ തത്ത്വജ്ഞാനത്തെക്കുറിച്ച് പറയുകയാണ്. അത് സത്യത്തെക്കുറിച്ചുള്ള ശരിയായ അറിവു നേടുന്നതിനും വിവിധ വിജ്ഞാനങ്ങൾക്ക് പിന്നിലെ രഹസ്യം മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. മനുഷ്യൻ ചിലപ്പോൾ പണ്ഡിതനായിരിക്കാം. പക്ഷേ, തത്ത്വജ്ഞാനിയായിരിക്കണമെന്നില്ല. തത്ത്വജ്ഞാനം അറിവിലും പ്രവൃത്തിയിലും അധിഷ്ഠിതമാണ്. തത്ത്വജ്ഞാനമെന്നത് സൽപ്രവൃത്തി, ഉപകാരപ്രദമായ വിജ്ഞാനം എന്നിങ്ങനെ വിശദീകരിക്കപ്പെടുന്നു. ഈ മഹത്തായ അനുഗ്രഹം അദ്ദേഹത്തിന് നൽകിയ ശേഷം അതിന് നന്ദിചെയ്യാൻ അല്ലാഹു നിർദേശിക്കുന്നു. അതിൽ അനുഗ്രഹം ലഭിക്കാനും അത് കൂടുതൽ വർധിച്ചുകിട്ടാനും അതുപകരിക്കും.
ഇനി, അല്ലാഹുവിനോട് അവൻ നന്ദി ചെയ്യാതിരുന്നാൽ അതെല്ലാം അവന് നാശമായി ഭവിക്കും. അല്ലാഹുവിന്റെ കൽപനകൾക്ക് ഒരാൾ എതിരു പ്രവർത്തിച്ചാലും അവന്റെ വിധിയിലും തീരുമാനത്തിലും അവൻ സ്തുത്യർഹനാണ്; ധന്യനാണ്. ധന്യത അവന്റെ ഗുണങ്ങളിൽപെട്ടതാണ്. ഈ രണ്ട് വിശേഷണങ്ങളും അവന്റെ പൂർണതയുടെ വിശേഷണങ്ങളാണ്. അതിൽ ഒന്ന് മറ്റൊന്നിനോട് ചേരുമ്പോൾ പൂർണതക്കുമേൽ പൂർണതയാണ്.
ലുക്വ‌്‌മാൻ ഒരു പ്രവാചകനാണോ അതോ സദ്‌വൃത്തനായ ഒരു ദാസനായിരുന്നോ എന്ന കാര്യത്തിൽ ക്വുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. അദ്ദേഹത്തിന് തത്ത്വജ്ഞാനം നൽകി എന്നല്ലാതെ മറ്റൊന്നും അദ്ദേഹത്തെക്കുറിച്ച് അല്ലാഹു പറയുന്നില്ല. അദ്ദേഹം തന്റെ മകന് നൽകുന്ന ഉപദേശത്തിൽ തത്ത്വജ്ഞാനത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും നിയമങ്ങളും ഊന്നിപ്പറയുന്നു.
وَإِذْ قَالَ لُقْمَٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ
ലുഖ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു. (ഖു൪ആന്‍ :31/13)
{ലുക്വ‌്‌മാൻ തന്റെ മകന് ഉപദേശം നൽകിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം:} ഉപദേശമായി ചില വാക്കുകൾ പറഞ്ഞു. ഉപദേശം എന്നാൽ ഭയവും പ്രതീക്ഷയും ചേർന്നുള്ള കൽപനാ വിരോധങ്ങളാണ്. അല്ലാഹുവിനോട് മാത്രം ആത്മാർഥമായ ഭക്തി കാണിക്കാൻ കൽപിക്കുകയും ശിർക്കിനെ വിരോധിക്കുകയും ചെയ്തു. അതിന്റെയെല്ലാം കാരണവും വിശദീകരിച്ച് കൊടുത്തു. അദ്ദേഹം പറഞ്ഞു: {തീർച്ചയായും പങ്ക് ചേർക്കുന്നത് വലിയ അക്രമം തന്നെയാകുന്നു} ഏറ്റവും വലിയ അക്രമം എന്നാണ് പറഞ്ഞത്; മോശമായത്, വഷളായത് എന്നൊന്നുമല്ല. മണ്ണിൽ നിന്ന് വന്ന ഒരു സൃഷ്ടിയെ എല്ലാറ്റിന്റെയും പരമാധികാരിക്ക് തുല്യമാക്കുന്നു. എല്ലാറ്റിന്റെയും ഉടമസ്ഥനെ ഒന്നും ഉടമപ്പെടുത്താത്തവരോട് സമപ്പെടുത്തുന്നു. എല്ലാ നിലയ്ക്കും ധന്യനും പരിപൂർണനുമായ രക്ഷിതാവിനെ അപൂർണനും ആവശ്യക്കാരനുമായവനോട് സാമ്യപ്പെടുത്തുന്നു. ഒരു അണുമണിത്തൂക്കം അനുഗ്രഹം ചെയ്തിട്ടില്ലാത്തവനെ ശരീരത്തിനും മനസ്സിനും ഇഹത്തിലും പരത്തിലും അനുഗ്രഹം ചെയ്തവനുമായി തുല്യപ്പെടുത്തുന്നു. അവനല്ലാതെ ദോഷങ്ങളെ തടുക്കില്ല. ഇതിനെക്കാളെല്ലാം വലിയ അക്രമം എന്താണുള്ളത്?
തന്നെ ആരാധിക്കാനും ഏകനാക്കാനും അല്ലാഹു സൃഷ്ടിച്ച ശരീരം കൊണ്ടുപോയി ഏറ്റവും മോശമായതിൽ അവനാക്കി. ഒരു കാര്യത്തിലും അവനോട് തുല്യരാവാത്തവരെ അവനോട് പങ്ക് ചേർത്തു. അങ്ങനെ അവൻ തന്നോട് ഏറ്റവും വലിയ അക്രമം ചെയ്തു.
തൗഹീദ് നിലനിൽക്കാൻ ശിർക്ക് ഉപേക്ഷിക്കൽ അനിവാര്യമാണ്. ഇങ്ങനെ അവനോടുള്ള ബാധ്യത നിർവഹിക്കാൻ കൽപിച്ച ശേഷം മാതാപിതാക്കളോടുള്ള ബാധ്യതാ നിർവഹണമാണ് തുടർന്ന് പറയുന്നത്.
وَوَصَّيْنَا ٱلْإِنسَٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍ وَفِصَٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ
മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്റെ) മടക്കം. (ഖു൪ആന്‍ :31/14)
{മനുഷ്യന് നാം അനുശാസനം നൽകിയിരിക്കുന്നു} അവനോട് നാം കൽപിക്കുകയും അതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തിരിക്കുന്നു. അവൻ അത് നിർവഹിച്ചോ ഇല്ലയോ എന്ന് നാം അവനോട് ചോദിക്കുന്നതാണ്. നാം അവനോട് കൽപിച്ചു: {നിന്റെ മാതാപിതാക്കളുടെ കാര്യത്തിൽ} നാം പറഞ്ഞു: {എന്നോട് നീ നന്ദി കാണിക്കൂ} എന്നെ ആരാധിക്കുന്നതിലൂടെയും എന്നോടുള്ള ബാധ്യത നിർവഹിക്കുന്നതിലൂടെയും. എന്നോട് അനുസരണക്കേട് കാണിച്ചുകൊണ്ട് എന്റെ അനുഗ്രഹം നീ ആവശ്യപ്പെടരുത്. {നിന്റെ മാതാപിതാക്കളോടും} ദയ കാണിക്കുക, അവരോട് സൗമ്യമായി സംസാരിക്കുക, നല്ല രീതിയിൽ പെരുമാറുക, വിനയം കാണിക്കുക, അവരെ ബഹുമാനിക്കുക, പരിപാലിക്കുക, വാക്കിലോ പ്രവൃത്തിയിലോ മോശമായി പെരുമാറുന്നത് ഒഴിവാക്കുകയും ചെയ്യുക.
ഈ ഉപദേശങ്ങൾക്കൊപ്പം നാം അവനെ അറിയിച്ചു: {എന്റെ അടുത്തേക്കാണ് നിന്റെ മടക്കം} അതായത്: മനുഷ്യരേ, ഈ കടമകളെല്ലാം നിങ്ങളെ ഉപദേശിക്കുകയും കൽപിക്കുകയും ചെയ്തവന്റെ അടുത്തേക്ക് നിങ്ങളെല്ലാവരും മടങ്ങി വരും. അപ്പോൾ അവൻ നിന്നോട് ചോദിക്കും: നിന്റെ കടമകൾ നീ നിർവഹിച്ചോ? അതിലൂടെ മഹത്തായ പ്രതിഫലം നേടിയോ? അതോ അതിൽ വീഴ്ച വരുത്തിയോ? അതിലൂടെ വലിയ ശിക്ഷയാണോ ലഭിച്ചത്?
തുടർന്ന് മാതാപിതാക്കൾക്ക് നൻമ ചെയ്യേണ്ടതിന്റെ കാരണം ഓർമിപ്പിക്കുന്നു. പ്രത്യേകിച്ച് മാതാവിന്റെ കാര്യം. {ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്ന് നടന്നത്} അതായത് പ്രയാസത്തിനുമേൽ പ്രയാസം. ഒരു ബീജാണു ആകുന്നതു മുതൽ പ്രയാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അസുഖം, ബലഹീനത, ഭാരം, മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകൾ, പ്രസവ വേദന… അങ്ങനെ ധാരാളം പ്രയാസങ്ങൾ. {അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്} ഈ രണ്ടു വർഷം മുഴുവനും ഉമ്മയുടെ പരിചരണവും സംരക്ഷണവും മുലയൂട്ടലുമാണ്. തന്റെ കുട്ടിയോടുളള സ്‌നേഹത്താൽ ഈ പ്രയാസങ്ങളെല്ലാം സഹിക്കുമ്പോൾ അവർക്ക് പൂർണമായ നൻമ ചെയ്യണമെന്ന് അവനോട് ശക്തമായി നിർദേശിക്കേണ്ടതില്ലേ?
وَإِن جَٰهَدَاكَ عَلَىٰٓ أَن تُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفًا ۖ وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ۚ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്. (ഖു൪ആന്‍ :31/15)
{നിന്റെ മേൽ നിർബന്ധം ചെലുത്തുന്നപക്ഷം} നിന്റെ മാതാപിതാക്കൾ നിർബന്ധിച്ചാൽ. {നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്ക് ചേർക്കുന്ന കാര്യത്തിൽ} ഇതും അവരോടുള്ള നന്മയാണെന്ന് വിചാരിക്കരുത്. കാരണം അല്ലാഹുവിന്റെ അവകാശത്തിനാണ് എല്ലാവരുടെയും അവകാശങ്ങളെക്കാളും മുൻഗണന. ‘സ്രഷ്ടാവിന് എതിരായി ഒരു സൃഷ്ടിക്കും അനുസരണമില്ല.’ നിനക്കറിയാത്ത കാര്യത്തിൽ എന്നോട് പങ്ക് ചേർക്കാൻ അവർ നിന്നെ നിർബന്ധിച്ചാൽ അവരോട് നീ മോശമായി പെരുമാറുക, ധിക്കരിക്കുക എന്നൊന്നും അല്ലാഹു പറഞ്ഞില്ല. മറിച്ച് {അവരെ നീ അനുസരിക്കരുത്} എന്നാണ് പറഞ്ഞത്. അല്ലാഹുവിൽ പങ്ക് ചേർക്കുന്നതിൽ അനുസരിക്കരുത് എന്ന്. എന്നാൽ അവർക്ക് നൻമ ചെയുന്നത് നീ തുടരുകയും ചെയ്യുക. {ഇഹലോകത്ത് അവരോട് നീ നല്ല നിലയിൽ സഹവസിക്കുകയും ചെയ്യുക} നല്ലനിലയിലുള്ള സഹവാസം എന്നാൽ അവിശ്വാസത്തിലും തെറ്റിലും അവരെ രണ്ട് പേരെയും അനുസരിക്കണം എന്നതല്ല.
{എന്നിലേക്ക് മടങ്ങിയവരുടെ മാർഗം നീ പിന്തുടരുകയും ചെയ്യുക} അവർ അല്ലാഹുവിലും മലക്കുകളിലും പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവരാണ്. തങ്ങളുടെ രക്ഷിതാവിന് പൂർണമായും കീഴൊതുങ്ങിയവർ, അവനിലേക്ക് ഖേദിച്ചു മടങ്ങിയവർ. അല്ലാഹുവിലേക്ക് മടങ്ങുന്ന കാര്യത്തിൽ അവരുടെ മാർഗം പിൻപറ്റുക. അല്ലാഹുവിന്റെ തൃപ്തി ലഭിക്കാനും അവനോട് അടുക്കാനുമുള്ള ആരാധനകൾ നടത്തുകയും ചെയ്യുക.
{പിന്നെ എന്റെ അടുക്കലേക്കാകുന്ന നിങ്ങളുടെ മടക്കം} അനുസരിക്കുന്നവനും ധിക്കരിക്കുന്നവനും ഖേദിച്ചു മടങ്ങുന്നവനുമെല്ലാം. {അപ്പോൾ നിങ്ങൾ പ്രവർത്തിച്ചതിനെപ്പറ്റി ഞാൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്} അവരുടെ യാതൊരു പ്രവർത്തനവും അവനിൽനിന്ന് രഹസ്യമായിരിക്കില്ല.
يَٰبُنَىَّ إِنَّهَآ إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِى صَخْرَةٍ أَوْ فِى ٱلسَّمَٰوَٰتِ أَوْ فِى ٱلْأَرْضِ يَأْتِ بِهَا ٱللَّهُ ۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ
എന്‍റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (ഖു൪ആന്‍ :31/16)
{എന്റെ കുഞ്ഞുമകനേ, തീർച്ചയായും അത് ഒരു കടുകുമണിയുടെ തൂക്കമുള്ളതായിരുന്നാലും} വസ്തുക്കളിൽ നിസ്സാരവും ചെറുതുമാണ് കടുകുമണി. {എന്നിട്ടത് ഒരു പാറക്കുള്ളിലായിരുന്നാലും} അതിന്റെ മധ്യത്തിൽ. {ആകാശങ്ങളിലോ ഭൂമിയിലോ} അതിന്റെ മറ്റെവിടെയെങ്കിലുമോ ആയിരുന്നാലും. {അല്ലാഹു അത് കൊണ്ടുവരുന്നതാണ്} അല്ലാഹുവിന്റെ വിശാലമായ അറിവും സൂക്ഷ്മജ്ഞാനവും അവന്റെ അവബോധവും ശക്തിയും കാരണം അത് പുറത്ത് കൊണ്ടുവരും. അതിനാൽ അവൻ പറയുന്നു: {തീർച്ചയായും അല്ലാഹു നിയമജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു} അവൻ അവന്റെ അറിവിലും ബോധത്തിലും സൂക്ഷ്മജ്ഞനാണ്. എല്ലാ രഹസ്യങ്ങളും ഉള്ളറകളിലുള്ളതും മരുഭൂമിയിലെയും കടലിലെയും അതീവ രഹസ്യങ്ങളും അവൻ അറിയുന്നു. അതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു എപ്പോഴും നിരീക്ഷിക്കുകയാണെന്ന് ഓർമപ്പെടുത്താനും കഴിയുന്നത്ര അവനെ അനുസരിച്ചുകൊണ്ട് പ്രവർത്തിക്കാനും പ്രേരിപ്പിക്കുകയാണ്. ചെറുതോ വലുതോ ആയ തിന്മകൾ ചെയ്യുന്നതിനെതിരായ മുന്നറിയിപ്പും ഇതിലുണ്ട്.
يَٰبُنَىَّ أَقِمِ ٱلصَّلَوٰةَ وَأْمُرْ بِٱلْمَعْرُوفِ وَٱنْهَ عَنِ ٱلْمُنكَرِ وَٱصْبِرْ عَلَىٰ مَآ أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ
എന്‍റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്. (ഖു൪ആന്‍ :31/17)
{എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിർവഹിക്കുക} നമസ്‌കാരത്തിന് അവനെ പ്രോത്സാഹിപ്പിക്കുകയാണ് ഈ വചനത്തിലൂടെ. കാരണം അത് ശാരീരിക ആരാധനകളിൽ ഏറ്റവും വലുതാണ്.
{സദാചാരം കൽപിക്കുകയും ദുരാചാരങ്ങളിൽനിന്ന് വിലക്കുകയും ചെയ്യുക} ഒരാൾക്ക് ശരിയെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്. ആകയാൽ നന്മ കൽപിക്കുകയും ചെയ്യണം. തെറ്റിനെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. അതു വിലക്കുകയും വേണം. ക്ഷമയോടെയും സൗമ്യതയോടെയുമാണ് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ടത്. അത് അല്ലാഹു വ്യക്തമാക്കുന്നുണ്ട്.
{നിനക്ക് ബാധിച്ച വിഷമങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക} നന്മ കൽപിക്കുന്നവനും തിന്മ വിരോധിക്കുന്നവനുമായാൽ അവൻ പരീക്ഷിക്കപ്പെടും. നന്മ കൽപിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും ആളുകൾക്ക് പ്രയാസമുണ്ടാകും. അതുകൊണ്ടാണ് ക്ഷമിക്കാൻ കൽപിച്ചത്. {തീർച്ചയായും അത്} അതായത് ലുക്വ‌്‌മാൻ മകനോട് കൽപിച്ചത്. {ഖണ്ഡിതമായി നിർദേശിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രെ} ദൃഢനിശ്ചയം വേണ്ട കാര്യങ്ങൾ; പ്രാധാന്യം നൽകേണ്ടതും. മനശ്ശക്തിയുള്ളവർക്കേ അതിന് കഴിയൂ.
وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ
നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്‍റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍ :31/18)
{അഹങ്കാരത്തോടെ മനുഷ്യരുടെ നേർക്ക് നിന്റെ കവിൾ തിരിച്ച് കളയരുത്} ആളുകളോട് അഹങ്കാരത്തോടെ നെറ്റി ചുളിക്കരുത് എന്നർഥം. അവരെ നിന്ദിക്കരുത്.
{ഭൂമിയിലൂടെ നീ പൊങ്ങച്ചും കാട്ടി നടക്കുകയും അരുത്} ലഭിച്ച അനുഗ്രഹത്തിൽ അഹങ്കരിച്ച്. അനുഗ്രഹം തന്നവനെ വിസ്മരിക്കുംവിധം തന്നെക്കുറിച്ചുള്ള അമിതമായ മതിപ്പോടെ നീ നടക്കരുത്.
{ദുരഭിമാനിയായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല} മനസ്സിലും രൂപത്തിലും മഹത്ത്വം നടിക്കുകയും ചെയ്യുന്ന {പൊങ്ങച്ചക്കാരനെയും}
وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ
നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ. (ഖു൪ആന്‍ :31/19)
{നിന്റെ നടത്തത്തിൽ നീ പൊങ്ങച്ചം കാണിക്കരുത്} വിനയത്തോടെയും താഴ്മയോടെയും നടക്കുക. അഹങ്കരിക്കുന്നവിധത്തിലോ ദുർബലനായും കഴിവില്ലാത്തവിധത്തിലുമല്ല.
{നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക} അല്ലാഹുവോടും ജനങ്ങളോടുമുള്ള മര്യാദകൾ പാലിച്ചുകൊണ്ട്. {ശബ്ദത്തിന്റെ കൂട്ടത്തിൽ ഏറ്റവും വെറുപ്പുളവാക്കുന്നത്} ഏറ്റവും മോശമായത് {കഴുതയുടെ ശബ്ദമത്രെ}.
ശബ്ദം ഉയർത്തുന്നതിൽ എന്തെങ്കിലും നന്മയോ ഗുണമോ ഉണ്ടെങ്കിൽ കഴുതയെ പ്രത്യേകം എടുത്തു പറയില്ലായിരുന്നു. ലുക്വ‌്‌മാൻ തന്റെ മകന് നൽകിയ ഈ ഉപദേശം തത്ത്വജ്ഞാനത്തിന്റെ അടിസ്ഥാന കാര്യങ്ങളെ പരാമർശിക്കുന്നു. ഓരോ നിർദേശവും പാലിക്കാനും വിരോധങ്ങൾ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്നവിധം അതിന്റെ കാരണങ്ങൾ കൂടി ചേർത്താണ് പറഞ്ഞിരിക്കുന്നത്. ‘ഹിക്മത്ത്’ എന്ന വാക്കിന്റെ വ്യാഖ്യാനത്തിൽ നേരത്തെ അത് സൂചിപ്പിച്ചിട്ടുണ്ട്. തത്ത്വജ്ഞാനം എന്നത് വിധികളെക്കുറിച്ചും അതിന്റെ യുക്തിയെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചുമുള്ള ശരിയായ അറിവാണ്.
ലുക്വ‌്‌മാൻ തന്റെ മകനോട് മതത്തിന്റെ അടിസ്ഥാനമായ അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ച് പറയുന്നു. ശിർക്കിനെ വിരോധിക്കുകയും ചെയ്യുന്നു. അത് ഉപേക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പറയുന്നു. മാതാപിതാക്കൾക്ക് നന്മ ചെയ്യാനും കൽപിക്കുന്നു. അവർക്ക് പുണ്യം ചെയ്യേണ്ടത് എന്തുകൊണ്ട് എന്ന് വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിനും അവർക്ക് രണ്ടു പേർക്കും നന്ദി ചെയ്യാനും നിർദേശിക്കുന്നു. തുടർന്ന് അവരെ ബഹുമാനിക്കാനും അവരുടെ നിർദേശങ്ങൾ പാലിക്കാനും അവരെ വിഷമിപ്പിക്കാതിരിക്കാനും പാപം ചെയ്യാൻ കൽപിക്കാത്തിടത്തോളം മാത്രമെ അനുസരണയുള്ളൂ എന്നും എടുത്ത് പറയുന്നു. അല്ലാഹുവിൽ പങ്കുചേർക്കാൻ നിർബന്ധിച്ചാൽ അനുസരിക്കേണ്ടതില്ലെന്നും അ വരോട് നല്ല നിലയിൽ പെരുമാറാനും കൽപിക്കുന്നു.
അല്ലാഹു എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന് ഓർക്കാനും ഓർമപ്പെടുത്തി. അവന്റെ മുമ്പിൽ നിൽക്കേണ്ട സന്ദർഭം ഓർമിപ്പിച്ചു. കാരണം ചെറുതോ വലുതോ നല്ലതോ ചീത്തയോ ആയ ഒരു കാര്യവും അവനറിയാതെ പോകില്ല. അതിനെ അവൻ കൊണ്ടുവരും.
മകൻ അഹങ്കാരിയാകുന്നതിനെ വിലക്കുകയും താഴ്മയുള്ളവനായിരിക്കാൻ ഉപദേശിക്കുകയും ചെയ്തു. നടക്കുന്നതിലും സംസാരിക്കുന്നതിലും വിനയം കാണിക്കാൻ നിർദേശിച്ചു. അതിന് വിപരീതം പ്രവർത്തിക്കുന്നത് വിലക്കി. നന്മ കൽപിക്കാനും തിന്മ വിരോധിക്കാനും നമസ്‌കാരം നിലനിർത്താനും എല്ലാ കാര്യവും എളുപ്പമാക്കിത്തരുന്ന ക്ഷമ കൈക്കൊള്ളാനും പറഞ്ഞു
وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ
ക്ഷമകൊണ്ടും സഹായം തേടുക. (അൽബക്വറ 45)
ഈ നിർദേശങ്ങൾ നൽകിയ വ്യക്തി വിജ്ഞാനത്താൽ അനുഗൃഹീതനായ ഒരു മനുഷ്യനായിരിക്കണം എന്നതിൽ സംശയമില്ല. അതിനാൽ, അല്ലാഹു അദ്ദേഹത്തിനും അവന്റെ അടിമകൾക്കും നൽകുന്ന അനുഗ്രഹങ്ങളിൽ ഒന്ന് അവർക്ക് നല്ല മാതൃക ലഭിക്കുന്ന അറിവുകൾ വിശദീകരിച്ചു നൽകുന്നു എന്നതുതന്നെയാണ്.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com
One Response
Alhamdulillah