പല്ലിയെ കൊല്ലാൻ കൽപിച്ച പ്രവാചകവചനങ്ങൾ മുസ്‌ലിംകളിൽ തന്നെ പലർക്കും വിചിത്രമായി തോന്നാറുണ്ട്. അപകടകാരികളായ ക്ഷുദ്രജീവികളെ നിഗ്രഹിക്കുന്നത് നീതീകരിക്കാമെങ്കിലും നിരുപദ്രകാരിയായ ഈ പ്രാണിയെ കൊല്ലാൻ കൽപിച്ചതെന്തിന് എന്ന് ചിന്തിക്കുന്നവർ ധാരാളമാണ്. പല്ലിയെ കൊല്ലാൻ കൽപിച്ച പ്രവാചക വചനങ്ങൾ വിശദീകരിക്കുന്നതിന് മുമ്പായി, ഈ ജീവിയെ കൊല്ലേണ്ട അനിവാര്യതയെക്കുറിച്ച് ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഒരു വിശകലനം നടത്താം:
വലിപ്പത്തിലും രൂപത്തിലും ചില വകഭേദങ്ങളുണ്ടെങ്കിലും ലോകത്ത് മിക്ക രാജ്യങ്ങളിലും പല്ലികൾ കാണപ്പെടുന്നുണ്ട്. വർഗ, വർണ, ശരീര ഘടനാ വൈവിധ്യമനുസരിച്ച് ലോകത്ത് രണ്ടായിരത്തിലധികം ഇനം പല്ലികളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്. ഉന്തിയ കണ്ണുകളും നീണ്ട വാലും സൂതാര്യമായ ചർമവും മിക്കയിനങ്ങളുടെയും സവിശേഷതയാണ്. അപകടരംഗങ്ങളിൽ സ്വയം വാൽ മുറിച്ച് രക്ഷപ്പെടാനുളള കഴിവും ഏറെക്കുറെ എല്ലാ ഇനത്തിനുമുണ്ട്. ആത്മരക്ഷാർഥം അക്രമികളുടെ നേർക്ക് വിസർജ്യം തെളിക്കുന്ന അടവും ചില പല്ലികൾ പയറ്റാറുണ്ട്. രണ്ട് ഇഞ്ചു മുതൽ നാല് ഇഞ്ചുവരെയാണ് സാധാരണ പല്ലികളുടെ വലിപ്പം കണക്കാക്കിയിട്ടുളളത്. കൂടിയാൽ ആറ് ഇഞ്ചുവരെ ഇവയിൽ ചിലത് വളരാറുണ്ട്.
ഉറുമ്പ്, കൂറ, പുഴു, പാറ്റ മുതലായ പ്രാണികളെയാണ് പല്ലി ആഹരിക്കാറുളളത്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം വെള്ളം കുടിക്കുകയും ചെയ്യാറുണ്ട്. കൺപോളകളില്ലാത്തതുകൊണ്ട് നാവുകൊണ്ടാണ് കണ്ണുകൾ വൃത്തിയാക്കാറുളളത്. പെൺപല്ലികൾ മുട്ടയിട്ടുകൊണ്ടാണ് ഇവ വർഗം നിലനിർത്തുന്നത്. ആൺപല്ലികൾ പെൺപല്ലികളെക്കാൾ വലിപ്പമുള്ളവയായിരിക്കും. ആണിന് പ്രത്യുൽപാദനത്തിനും മലമൂത്രവിസർജനത്തിനും വ്യത്യസ്തമായ ദ്വാരങ്ങളാണുളളത്. എന്നാൽ പെൺപല്ലിക്ക് ഇവ രണ്ടിനും കൂടി ഒരു ദ്വാരം മാത്രമാണുളളത്. ആണും പെണ്ണും ഇണചേർന്ന് ഏകദേശം 65 ദിവസത്തിനുശേഷം പെൺപല്ലി ഒരുതവണ രണ്ടോ മൂന്നോ സുദൃഢമായ മുട്ടകളിടും. ഒരു വർഷത്തിൽ പല പ്രാവശ്യം ഇത് ആവർത്തിക്കാറുണ്ട്. ഏകദേശം അര സെന്റി മീറ്റർ വലിപ്പമുളള മുട്ടകൾ 32 ഡിഗ്രി ഊഷ്മാവിൽ വിരിയുകയും ചെയ്യും.
മനുഷ്യൻ ജീവിക്കുന്ന സ്ഥലങ്ങളിലെല്ലാം പല്ലികളും ജീവിക്കാറുണ്ട്. അതിനു പുറമെ തോട്ടങ്ങൾ, ഗുഹകൾ, പാറക്കെട്ടുകൾ എന്നിവയിലും ഇവയെ കാണാറുണ്ട്. പ്രകാശമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് മിതശീതോഷ്ണമാണ് ഏറ്റവും അനുയോജ്യമായിട്ടുളളത്. കാൽപാദങ്ങൾക്കടിയിലെ അതി സൂക്ഷ്മമായ ലക്ഷക്കണക്കിന് തന്തുക്കളുടെ സഹായത്തോടുകൂടിയാണ് പല്ലി ചുമരുകളിലും മതിലുകളിലും പറ്റിപ്പിടിക്കുന്നത്.
പല്ലികളും രോഗപ്പകർച്ചയും
ഈച്ച, കൊതുക്, പാറ്റ, കൂറ തുടങ്ങി ഒട്ടേറെ പ്രാണികളെ ഭക്ഷിക്കുന്ന പല്ലികൾ, രോഗപ്പകർച്ച രംഗത്ത് കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. താഴെ പറയുന്ന രോഗങ്ങളുടെ വ്യാപനത്തിൽ പല്ലികളുടെ പങ്ക് നിഷേധിക്കാനാവാത്തതാണ്.
1. ബാക്ടീരിയ പരത്തുന്ന രോഗങ്ങൾ (Bacterial diseases): പല്ലികൾ സാൽമോണെല്ല (Salmonella) ബാക്ടീരിയകളെ അവയുടെ ശരീരത്തിൽ വഹിക്കുകയും മറ്റുളളവരിലേക്ക് അത് പടർത്തുകയും ചെയ്യുന്നുണ്ട്.
2. ആമാശയ രോഗങ്ങൾ (Gastrointestinal diseases): പല്ലികൾ അവയുടെ ശരീരത്തിൽ എണ്ണമറ്റ പാരാസൈറ്റുകൾ പേറിനടക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്രൈപ്‌റ്റോസ്‌പോറീഡിയം (Cryptosporidium) എന്ന പരാന്നഭോജിയാണ്. ഈ രോഗാണുവിന്റെ ആക്രമണത്തിന് വിധേയമാകുന്ന പല്ലികളാണ് ചുമരുകളിൽ ഛർദിച്ചും വിസർജിച്ചും വൃത്തികേടാക്കാറുളളത്. ഇവയുടെ വിസർജ്യത്തിൽ എൻട്രോബിയസ് വെർമികുലാരിസ് (Entrobius vermicularis) എന്ന ഒരു ലാർവയും കാണപ്പെടാറുണ്ട്.
3. ശ്വാസകോശ രോഗങ്ങൾ (Respiratory diseases): പല കാരണങ്ങൾകൊണ്ടും പല്ലികൾക്ക് ശ്വാസകോശ രോഗങ്ങൾ പിടിപെടാറുണ്ട്. അതിൽ പ്രധാനപ്പെട്ടത് പെന്റാസ്റ്റോമിഡ (Pentastomidae) എന്ന ഒരു പാരസൈറ്റ് മൂലമാണ്. ഈ രോഗം ബാധിച്ച പല്ലികൾക്ക് ശ്വസിക്കാൻ പ്രയാസമനുഭവപ്പെടുകയും കൈകാലുകൾ ക്ഷയിക്കുകയും ഉറക്കം തൂങ്ങുന്നത് പോലെയിരിക്കുകയും ചെയ്യും.
പല്ലികളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ബാക്ടീരിയ വഴി വരുന്ന രോഗങ്ങളാണ്. മനുഷ്യശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളും വിവിധതരം ബാക്ടീരിയകളുടെ കൂത്തരംഗാണ്. ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളിൽ കാണപ്പെടുന്ന അസംഖ്യം ബാക്ടീരിയകളിൽ പലതും അവന് പ്രയോജനകരമായത് കൂടിയാണ്. എന്നാൽ അവതന്നെ അപകടകരമായ പല രോഗങ്ങൾ പരത്തുകയും ചെയ്യാറുണ്ട്. ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടുത്തം മനുഷ്യന്റെ ഈ ആശങ്കക്ക് ഒരു പരിധവരെ അറുതിവരുത്തിയിട്ടുണ്ട്. ബാക്ടീരിയകളെ സംബന്ധിച്ചിടത്തോളം പ്രതികൂല കാലാവസ്ഥയോ സങ്കീർണമായ പരിതസ്ഥിതികളോ യാതോരു പ്രശ്‌നവും സൃഷ്ടിക്കാറില്ല. ഭൂമിക്കടിയിലും അന്തരീക്ഷത്തിലും അഗ്‌നിപർവത പ്രദേശങ്ങളിലും ധ്രുവ പ്രദേശങ്ങളിലും ജീവികളുടെ ആമശയങ്ങളിൽ പോലും അവ ജീവിക്കുന്നുണ്ട്.
പല്ലികളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകർത്തുന്ന ബാക്ടീരിയകളിൽ ഏറ്റവും പ്രധാനപ്പെട്ടത് സാൽമോണെല്ല എന്ന ബാക്ടീരിയയാണ്. അമേരിക്കൻ വെറ്റിനറി പത്തോളജിസ്റ്റായ ഡാനിയൽ സാൽമണിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ ബാക്ടീരിയക്ക് ശരീരത്തിലെ രാസഘടനയനു സരിച്ച് ഒമ്പത് വർഗങ്ങളിലായി 1200 മോഡലുകളുണ്ട്. ഇവയിൽ ചിലത് മനുഷ്യന് പ്രയോജനപ്രദമാണെങ്കിലും അധികവും അപകടകാരികളാണ്. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 12 മുതൽ 48 മണിക്കൂർ വരെയാകുമ്പോഴേക്കും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. രോഗ പ്രതിരോധശേഷി താരതമ്യേന കുറഞ്ഞ വൃദ്ധരിലും ശിശുക്കളിലുമാണ് രോഗം പെട്ടന്ന് പിടിപെടാറുളളത്.
സാൽമോണെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചയുടൻ ശരീരം പ്രതിരോധത്തിനുവേണ്ടി താപനില ഉയർത്തുകയും രോഗിക്ക് ശക്തമായ പനി അനുഭവപ്പെടുകയും ചെയ്യും. പിന്നീട് ആമാശയത്തെ അത് ആക്രമിക്കുകയും വയറിളക്കം, ഛർദി എന്നിവ ആരംഭിക്കുകയും ചെയ്യും. പനി വിടാതെ തുടരുകയും പിന്നീട് ടൈഫോയിഡോ പാരാടൈഫോയിഡോ ആയി പരിണമിക്കുകയും ചെയ്യും. അതോടൊപ്പം തലവേദന, ഭക്ഷണത്തോട് താൽപര്യമില്ലാഴ്മ, ഇടവിട്ട മലബന്ധം, വയറിളക്കം എന്നിവ അനുഭവപ്പെടു കയും ചെയ്യും. സമ്പൂർണമായ രക്ത പരിശോധനയിലൂടെ പ്രസ്തുത ബാക്ടീരിയയെയും അതിന്റെ ആന്റിബോഡിയും കണ്ടെത്തിയെങ്കിൽ മാത്രമെ രോഗനിർണയവും നിവാരണവും സാധ്യമാവുകയുള്ളൂ.
പല്ലികളുമായി സമ്പർക്കത്തിലേർപ്പെടുന്നവരെ ഈ ബാക്ടീരിയ ബാധിക്കാനുളള സാധ്യത വളരെ കൂടുതലാണ്. നാം അതിനെ കൊല്ലാൻ മുതിരുകയാണെങ്കിൽ അത് നമ്മുടെ കൺമുന്നിൽ നിന്ന് ഓടിയൊളിക്കും. അവഗണിക്കുകയാണെങ്കിൽ എല്ലായിടത്തും നിർബാധം സഞ്ചരിക്കുകയും ചെയ്യും. പല്ലികളുടെ ആമാശയത്തിലാണ് സാൽമോണെല്ല ബാക്ടീരിയ കാണപ്പെടുന്നത്. വിസർജനത്തിലൂടെ അത് പുറത്തു വരികയും പാദങ്ങളിൽ പറ്റപ്പിടിക്കുകയും ചെയ്യും. പല്ലികളുമായി സമ്പർക്കത്തിലേർപ്പെടുന്നർക്ക് അവർ അറിയാതെ തന്നെ ഈ രോഗാണുക്കളെ ലഭിക്കുകയും ചെയ്യും. സാധാരണഗതിയിൽ നമ്മുടെ വീടുകളും ചുറ്റുപാടുകളും പല്ലികളുടെ വിഹാര കേന്ദ്രങ്ങളായിരിക്കുമല്ലോ. ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചുവെക്കുന്ന പത്തായങ്ങളിലും പാത്രങ്ങളിലുമെല്ലാം പല്ലിക്ക് വിസർജനം നടത്താൻ അവസരം ലഭിക്കുകയാണെങ്കിൽ രോഗപ്പകർച്ചക്ക് ഈച്ചയെയും കൊതുകിനെയും മാത്രം പഴിച്ചിട്ട് കാര്യമില്ല.
അമേരിക്ക പോലുളള ചില രാജ്യങ്ങളിൽ ഇതര രാജ്യങ്ങളിൽനിന്ന് അരുമ വളർത്തുജീവികളായി പല്ലികളെയും ഇറക്കുമതി ചെയ്യുന്നുണ്ട് എന്ന വസ്തുത പലർക്കും വിചിത്രമായി തോന്നിയേക്കാം. അമേരിക്ക ഇന്തോനേഷ്യയിൽനിന്ന് ഇറക്കുമതി ചെയ്ത പല്ലികളിൽ അറുപത് ശതമാനവും സാൽമോ ണെല്ല പോസിറ്റീവായിരുന്നുവെന്നാണ് അവിടുത്തെ ഒരു പരിസ്ഥിതി സംഘടനയുടെ പഠനം വെളിപ്പെടു ത്തുന്നത്. ആഫ്രിക്കയിൽ പല്ലികളെ പരിശോധിച്ചപ്പോൾ അവയിൽ 90 ശതമാനത്തിലും ഈ വൈറസ് കാണപ്പെടുകയുണ്ടായി. അമേരിക്കയിലെയും ബ്രിട്ടണിലെയും പ്രധാന ആരോഗ്യജേർണലുകളെല്ലാം വളർത്തുജീവികളിൽനിന്ന് രോഗം പകരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന കൂട്ടത്തിൽ പല്ലികളിൽ നിന്ന് പകരുന്ന രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകാറുണ്ട്.
പല്ലികളുടെ ശരീരത്തിൽ കാണപ്പെടുന്ന മറ്റൊരു രോഗഹേതു പാരാസൈറ്റുകളാണ്. സസ്യങ്ങളിലും മൃഗങ്ങളിലും പറ്റിപ്പിടിച്ച് അവയുടെ അന്നം അകത്താക്കി ജീവിക്കുന്ന ഈ പരാന്നഭോജികളിൽ ചിലത് നിരുപദ്രവകാരികളാണെങ്കിലും പലതും രോഗങ്ങൾക്ക് കാരണമായിത്തീരാറുണ്ട്. പല്ലികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ക്രൈപ്‌റ്റോസ്‌പോറീഡിയം (Cryptosporidium) എന്ന പരാന്നഭോജിയാണ്. ഈ രോഗാണുബാധയേറ്റ പല്ലികൾ മനുഷ്യ വാസസ്ഥലങ്ങളിൽ വിസർജിക്കുകയും ഛർദിക്കുകയും ചെയ്യുമ്പോൾ പ്രസ്തുത രോഗാണുക്കളും അതിലടങ്ങിയിട്ടുണ്ടാകും. മെലിഞ്ഞ പല്ലികളിലാണ് ഈ പാരാസൈറ്റ് കാണപ്പെടുന്നത്. കാരണം ഈ പരാന്നഭോജി പല്ലിയുടെ ആഹാരം തട്ടിയെടുക്കുന്നത് കൊണ്ടാണ് പല്ലിയുടെ ശരീരം ശുഷ്‌കിക്കുന്നത്. ഈ പാരാസൈറ്റിന് പുറമെ പെന്റാസ്റ്റോമിഡ (Pentastomida) എന്ന ഒരു പരാന്നഭോജിയും പല്ലിയിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നുണ്ട്. വീടുകളിൽ കാണപ്പെടുന്ന ഹെമിഡാക്ടിലസ് ഫ്രനാറ്റസ് (Hemidactylus frenatus)എന്ന പല്ലികളിലാണ് ഈ രോഗാണു കൂടുതൽ കാണപ്പെടുന്നത്. ഈ പരാന്നഭോജി പല്ലിയുടെ ശരീരത്തിലുണ്ടാക്കുന്നതിനെക്കാൾ വലിയ അപകടം മനുഷ്യശരീരത്തിലുണ്ടാക്കുന്നുണ്ട്.
ആരോഗ്യശാസ്ത്രപരമായി വിശകലനം നടത്തിയാൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം പല്ലികൾ മറ്റേത് ക്ഷുദ്രജീവികളെക്കാളും അപകടകാരികളാണ്. അവയുടെ വിസർജ്യങ്ങൾ പാത്രങ്ങളിലും ഭക്ഷണത്തിലും പുസ്തകങ്ങളുടെ മേലുമൊക്കെ പതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മനുഷ്യരുടെ രോഗപ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും അതുല്യമായ നിർദേശങ്ങൾ നൽകിയ ഇസ്‌ലാം പല്ലികളെ കൊല്ലാൻ കൽപിച്ചത് വെറുതെയല്ലെന്നർഥം. ഈ വിഷയത്തിൽ ധാരാളം ഹദീസുകൾ നമുക്ക് കാണാം.
عَنْ أُمِّ شَرِيكٍ ـ رضى الله عنها أَنَّ النَّبِيَّ صلى الله عليه وسلم أَمَرَهَا بِقَتْلِ الأَوْزَاغِ.
ഉമ്മുശരീക് رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബിﷺ അവരോട് പല്ലികളെ കൊല്ലാൻ കൽപിച്ചു. (ബുഖാരി:3307)
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ قَالَ : مَنْ قَتَلَ وَزَغًا فِي أَوَّلِ ضَرْبَةٍ فَلَهُ كَذَا وَكَذَا حَسَنَةً وَمَنْ قَتَلَهَا فِي الثَّانِيَةِ فَلَهُ كَذَا وَكَذَا – أَدْنَى مِنَ الأُولَى – وَمَنْ قَتَلَهَا فِي الضَّرْبَةِ الثَّالِثَةِ فَلَهُ كَذَا وَكَذَا حَسَنَةً – أَدْنَى مِنَ الَّذِي ذَكَرَهُ فِي الْمَرَّةِ الثَّانِيَةِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒന്നാമത്തെ അടിക്ക് ഒരു പല്ലിയെ കൊന്നാൽ അവന് ഇന്ന പ്രതിഫലമുണ്ട്. ആരെങ്കിലും രണ്ടാമത്തെ അടിക്ക് ഒരു പല്ലിയെ കൊന്നാൽ അവന് ഇന്ന പ്രതിഫലമുണ്ട് – ആദ്യത്തേതിനേക്കാൾ കുറവ് -. ആരെങ്കിലും മൂന്നാമത്തെ അടിക്ക് ഒരു പല്ലിയെ കൊന്നാൽ അവന് ഇന്ന പ്രതിഫലമുണ്ട് -രണ്ടാം തവണ പറഞ്ഞതിലും കുറവ്. (ഇബ്‌നുമാജ:3229)
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ قَالَ : مَنْ قَتَلَ وَزَغًا فِي أَوَّلِ ضَرْبَةٍ كُتِبَتْ لَهُ مِائَةُ حَسَنَةٍ وَفِي الثَّانِيَةِ دُونَ ذَلِكَ وَفِي الثَّالِثَةِ دُونَ ذَلِكَ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒറ്റ അടിക്ക് ഒരു പല്ലിയ കൊന്നാൽ അവന് നൂറ് പുണ്യമുണ്ട്. രണ്ടാമത്തെതിന് അതിൽ താഴെയുണ്ട്. മൂന്നാമത്തേതിന് അതിൽ താഴെയുണ്ട്. (മുസ്‌ലിം:2240)
പല്ലിയെ കൊല്ലുന്നതിന് പ്രോത്സാഹനം നൽകുന്നതിന് വേണ്ടിയാണ് പ്രതിഫലം വാഗ്ദാനം ചെയ്തതെന്നും അവ ഓടി രക്ഷപ്പെടാതിരിക്കാനാണ് ഒറ്റയടിക്ക് തന്നെ കൊല്ലാൻ പറഞ്ഞതെന്നുമാണ് ഇമാം നവവി ഈ ഹദീസിനെ വ്യഖ്യാനിച്ചുകൊണ്ട് പറഞ്ഞിട്ടുളളത്.
പല്ലികളെ കൊല്ലാൻ കൽപിച്ച ചില ഹദീസുകളോട് അനുബന്ധമായി, അത് ഇബ്‌റാഹീം നബി عليه السلام യുടെ അഗ്‌നികുണ്ഠത്തിൽ ഊതിയിരുന്നു എന്നും കാണാം. ഏതെങ്കിലും ഒരു പല്ലി ഇങ്ങനെ ചെയ്തതുകൊണ്ട് മറ്റു നിരപരാധികളായ പല്ലികളെ കൊല്ലുന്നതിന് എന്തു ന്യായം എന്നും ചിലർ പരിഹാസപൂർവം ചോദിക്കാറുണ്ട്. പല്ലിയെ കൊല്ലാനുളള കാരണമായിട്ടല്ല ഇത് പറഞ്ഞിട്ടുളളത്, മറിച്ച് ഏകദൈവവിശ്വാസികളുടെ നേർക്ക് പല്ലിയുടെ വർഗസ്വഭാവം വ്യക്തമാക്കുന്ന ഒരു വസ്തുത വെളിപ്പെടുത്തി എന്നു മാത്രം. എന്നാൽ പല്ലിയെ കൊല്ലാനുളള കാരണം ഹദീസുകളിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല്ലിയെക്കുറിച്ച് ‘ഫുവൈസിഖ്’ അതായത് ‘ക്ഷുദ്രജീവി’ എന്നാണ് പ്രവാചകൻﷺ വിശേഷിപ്പിച്ചിട്ടുളളത്.
മനുഷ്യർക്ക് രോഗം പരത്തുന്ന ഈച്ച, കൊതുക്, എലി, പന്നി, പേപ്പട്ടി എന്നീ ജീവികളെയെല്ലാം നിർമാർജം ചെയ്യുന്നതിന് വേണ്ടി വ്യക്തികളും സംഘടനകളും ആരോഗ്യസംരക്ഷണ സമിതികളും തീവ്രയജ്ഞ പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്. ഇത്തരം ജീവികളെ കൊല്ലുന്നത് അഹിംസാവാദികൾ പോലും ഒരു പാപമായി കാണുന്നില്ല. എന്നാൽ പല്ലികൾ മനുഷ്യർക്ക് മാരകമായ പല രോഗങ്ങളും പകർത്തുന്നുണ്ട് എന്ന വസ്തുതയെക്കുറിച്ചുളള അജ്ഞതകൊണ്ടാകാം പല്ലികളെ കൊല്ലാൻ പറയുന്ന ഹദീസുകൾ പലർക്കും അരോചകമായിത്തീരുന്നത്.
(വിവരങ്ങൾക്ക് കടപ്പാട് https://quran-m.com/)
ഡോ. ടി. കെ. യൂസുഫ്
kanzululoom.com
One Response
മാഷാ അല്ലാഹ് 👍