ജീവിതം ഒരു പരീക്ഷണം : ചില തിരിച്ചറിവുകൾ

അല്ലാഹു മനുഷ്യരെ സൃഷ്ടിക്കുകയും മികച്ച സൃഷ്ടികളില്‍നിന്ന് അവനെ തിരഞ്ഞെടുക്കുകയും ചെയ്തു. മനുഷ്യ ഹൃദയത്തെ ഈമാനിന്റെയും തൗഹീദിന്റെയും ഇഖ്‌ലാസിന്റെയും സ്‌നേഹത്തിന്റെയും ലജ്ജയുടെയും ആദരവിന്റെയും ദൈവബോധത്തിന്റെയുമെല്ലാം കേന്ദ്രമാക്കുകയും ചെയ്തു. അങ്ങനെ പൂര്‍ണ മനസ്സോടെ അല്ലാഹുവിലേക്ക് ഒരാള്‍ മുന്നിട്ടുചെന്നാല്‍ ഏറ്റവും ശ്രേഷ്ഠവും പരിപൂര്‍ണവുമായ പ്രതിഫലം അയാള്‍ക്ക് നല്‍കും. അതായത്, സ്രഷ്ടാവിന്റെ തിരുമുഖം ദര്‍ശിക്കുവാനും അവന്റെ തൃപ്തി നേടി വിജയം വരിക്കാനും അവന്റെ സാമീപ്യം സിദ്ധിച്ചുകൊണ്ട് അവനൊരുക്കിയ സ്വര്‍ഗത്തില്‍ കഴിയാനും സാധിക്കുക എന്ന അത്യുന്നതമായ വിജയവും നേട്ടവും അയാള്‍ക്ക് ലഭിക്കും.

എന്നാല്‍ അതോടൊപ്പം ഇച്ഛകള്‍, ദേഷ്യം, അശ്രദ്ധ മുതലായവകൊണ്ട് അല്ലാഹു മനുഷ്യനെ പരീക്ഷിക്കും. അവന്റെ വേര്‍പിരിയാത്ത ശത്രുവായ ഇബ്‌ലീസിനെ കൊണ്ടും പരീക്ഷിക്കും. ആ ശത്രു അവന്റെ മനസ്സ് ആഗ്രഹിക്കുന്ന പല വഴികളിലൂടെയും അവന്റെയടുക്കല്‍ കടന്നുചെല്ലും. അങ്ങനെ പിശാചും അവന്റെ മനസ്സും ദേഹേച്ഛയും ആ അടിമക്കെതിരില്‍ സംഘടിക്കും. ഈ മൂന്നുകൂട്ടരും അവന്റെയടുക്കല്‍ പല കാര്യങ്ങളുമായി ചെല്ലും. അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി അവര്‍ അവന്റെ അവയവങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അവയവങ്ങളാവട്ടെ അതിനു കീഴ്‌പെടുന്ന ഒരു ഉപകരണം പോലെയാണ്. അവയ്ക്ക് ആ പ്രേരണകള്‍ക്ക് കീഴ്‌പെടാനല്ലാതെ കഴിയില്ല. ഇങ്ങനെയാണ് ഈ മൂന്നുകൂട്ടരുടെയും സ്ഥിതി. അതിനോടുള്ള മനുഷ്യന്റെ അവയവങ്ങളുടെ നിലയും അതാണ്. ഈ മൂന്നുകൂട്ടരും എങ്ങനെ നിര്‍ദേശിക്കുന്നുവോ, എവിടേക്ക് തിരിച്ചുവിടുന്നുവോ അതിനു വഴിപ്പെട്ടുകൊണ്ടായിരിക്കും ഒരാളുടെ ബാഹ്യമായ അവയവങ്ങള്‍ ചലിക്കുന്നത്. ഇതാണ് ഒരടിമയുടെ അവസ്ഥയുടെ തേട്ടം.

എന്നാല്‍ കാരുണ്യവാനും അജയ്യനുമായ അവന്റെ റബ്ബ് അവന്റെ കാരുണ്യത്തിന്റെ ഭാഗമായി മറ്റൊരു സൈന്യത്തെക്കൊണ്ട് അവനെ സഹായിച്ചിട്ടുണ്ട്. തന്റെ നാശം കൊതിക്കുന്ന ആ എതിരാളികള്‍ക്കെതിരില്‍ അല്ലാഹു അവനെ ഈ സൈന്യത്തെക്കൊണ്ട് പിന്‍ബലം നല്‍കുകയും പ്രതിരോധിക്കുകയുമാണ്. അതിനാല്‍ അല്ലാഹു തന്റെ ദൂതനെ അയക്കുകയും ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തു. മനുഷ്യന്റെ ശത്രുവായ പിശാചിനെതിരില്‍ ഒരു മാന്യനായ മലക്കിനെ കൊണ്ട് അവനു ശക്തി പകരുകയും ചെയ്തു.

തിന്മകൊണ്ട് കല്‍പിക്കുന്ന ദുഷ്‌പ്രേരണയായ മനസ്സിന് (നഫ്‌സുല്‍ അമ്മാറ) എതിരായി നന്മക്ക് പ്രേരിപ്പിക്കുന്ന, ശാന്തിയടഞ്ഞ മനസ്സിനെ (നഫ്‌സു മുത്വ്മഇന്ന) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുഷിച്ച മനസ്സ് വല്ല തിന്മയും അവനോടു കല്‍പിച്ചാല്‍ നല്ലമനസ്സ് അത് വിലക്കും. മനുഷ്യന്‍ ചിലപ്പോള്‍ നല്ലതിനെയും മറ്റുചിലപ്പോള്‍ തിന്മയെയും അനുസരിക്കും. അതില്‍ ഏതാണോ അവനെ അതിജയിച്ചു മികച്ച് നില്‍ക്കുന്നത് അതിന്റെ വക്താവായിട്ടായിരിക്കും അവന്‍ മാറുക. ചിലപ്പോള്‍ അവയിലേതെങ്കിലും ഒന്ന് അവനെ പരിപൂര്‍ണമായി കീഴ്‌പെടുത്തിക്കളഞ്ഞിട്ടുണ്ടാകും. അപ്രകാരംതന്നെ പിശാചിനെയും ദുഷിച്ച മനസ്സിനെയും അനുസരിക്കാന്‍ അവനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന അവന്റെ ദേഹേച്ഛക്ക് എതിരിലായി ഒരുതരം പ്രകാശവും ഉള്‍ക്കാഴ്ചയും നേര്‍ബുദ്ധിയും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേഹേച്ഛക്ക് കീഴ്‌പെടുന്നതില്‍നിന്ന് ഇവ അവനെ തടയും. ദേഹേച്ഛക്കൊപ്പം സഞ്ചരിക്കാന്‍ അവന്‍ തയ്യാറെടുക്കുമ്പോഴെല്ലാം അവന്റെ സല്‍ബുദ്ധിയും ഉള്‍ക്കാഴ്ചയും പ്രകാശവും അവനെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും: ”സൂക്ഷിക്കുക, ജാഗ്രത പാലിക്കുക. നിശ്ചയം, നാശത്തിന്റെ അഗാധഗര്‍ത്തങ്ങളാണ് നിന്റെ മുമ്പിലുള്ളത്. നീ ഇതിന്റെ പിന്നാലെയാണ് പോകാനൊരുങ്ങുന്നതെങ്കില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വലയിലെ ഇരയായിരിക്കും നീ. അതിനാല്‍ സൂക്ഷിക്കുക.”

ചിലപ്പോള്‍ ഈ ഗുണകാംക്ഷിയെ അവന്‍ അനുസരിച്ചേക്കും. അപ്പോള്‍ അതിന്റെ വിവേകവും ഗുണവും അവനു ബോധ്യപ്പെടുകയും ചെയ്യും. എന്നാല്‍ മറ്റുചിലപ്പോള്‍ ദേഹേച്ഛയുടെ വിളിക്ക് പിന്നാലെയും അവന്‍ പോകും. അപ്പോള്‍ അവന്‍ കൊള്ളയടിക്കപ്പെടുകയും അവന്റെ സ്വത്തും വസ്ത്രവുമെല്ലാം അപഹരിക്കപ്പെടുകയും ചെയ്യും. അപ്പോള്‍ അവന്‍ വിളിച്ച് പറയും: ”ഇത് എവിടെ നിന്ന് വന്നു? എന്താണ് സംഭവിച്ചത്?” എന്താണ് സംഭവിച്ചതെന്നതും അവന്‍ കൊള്ളയടിക്കപ്പെട്ടതും കയ്യേറ്റം ചെയ്യപ്പെട്ടതുമൊക്കെ എവിടെവെച്ചായിരുന്നു എന്നതും അവനു നന്നായി അറിയാമായിരുന്നു എന്നതാണ് അത്ഭുതം. പക്ഷേ, എന്നിട്ടും ആ വഴിതന്നെയാണ് അവന്‍ തെരഞ്ഞെടുത്തത്. കാരണം ആ വഴിയിലൂടെ അവനെ കൂട്ടിക്കൊണ്ടു പോകുന്നവര്‍ അവനെ കീഴ്‌പെടുത്തി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അതിനെതിരില്‍ പോരടിച്ചുകൊണ്ടും ആ ക്ഷണം നിരസിച്ചുകൊണ്ടും അവരെ കീഴ്‌പെടുത്തുവാന്‍ അവനു കഴിയാത്തവിധത്തിലായി. അവന്‍ സ്വയം തന്നെയാണ് ഈ വഴി ഒരുക്കിയത്. അവന്‍തന്നെയാണ് തന്റെ കൈ ശത്രുവിന് നല്‍കിയത്. സ്വന്തം കഴുത്ത് ശത്രുവിന് നീട്ടിക്കൊടുത്തവനെപ്പോലെയാവുകയും അവന്റെ ബന്ധനത്തിലായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിയുംവന്ന ഒരുവന്റെ സ്ഥിതിയിലായി. അവന്‍ ആ ബന്ധനത്തില്‍കിടന്നു സഹായാര്‍ഥന നടത്തുന്നുണ്ട്. പക്ഷേ, ആരും അവനെ സഹായിക്കുന്നില്ല. ഇങ്ങനെയാണ് ഒരാള്‍ പിശാചിന്റെയും ദേഹേച്ഛയുടെയും ദുഷിച്ച മനസ്സിന്റെയും കെണികളില്‍പ്പെട്ടു ബന്ധനസ്ഥനാകുന്നത്. പിന്നീടവന്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കുമെങ്കിലും അതിനു സാധിക്കുകയില്ല.

ഒരു അടിമ ഈ ശത്രുക്കളെക്കൊണ്ട് പരീക്ഷിക്കപ്പെടുമ്പോള്‍ ശക്തമായ സൈന്യങ്ങളെ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും ഒക്കെ സഹായിക്കപ്പെട്ടിട്ടുണ്ട്. ഈ സൈന്യത്തില്‍നിന്നും വേണ്ടത് സ്വീകരിച്ചും ഈ സന്നാഹങ്ങളില്‍നിന്നും ആവശ്യമുള്ളത് ഉപയോഗിച്ചും ഈ കോട്ടകളില്‍ നിനക്ക് വേണ്ടത് ഉപയോഗപ്പെടുത്തിയും നീ നിന്റെ ശത്രുവിനോട് പോരാടുക എന്ന് അവനോടു പറഞ്ഞിട്ടുമുണ്ടായിരുന്നു. നീ മരണംവരെ പ്രതിരോധിക്കുക. കാര്യം വിദൂരമല്ല. പ്രതിരോധ പോരാട്ടം അധികസമയം ഇല്ല. അങ്ങനെ നീ രാജാവിന്റെ മുമ്പില്‍ കൊണ്ടുവരപ്പെടും. രാജകൊട്ടാരത്തിലേക്ക് നിന്നെ ആനയിക്കും. നീ ഈ സമര പോരാട്ടങ്ങളില്‍നിന്ന് വിശ്രമത്തിലാണിപ്പോള്‍. നിന്റെയും നിന്റെ ശത്രുവിന്റെയും ഇടയില്‍ തീര്‍പ്പുകല്‍പിക്കപ്പെട്ടിരിക്കുന്നു. ആദരണീയതയുടെ സ്വര്‍ഗലോകത്ത് നീ യഥേഷ്ടം വിഹരിക്കുകയാണ്. നിന്റെ ശത്രുവാകട്ടെ ഏറ്റവും പ്രയാസകരമായ തടവറയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത് നീ നോക്കിക്കാണുന്നു. നിന്നെ ഏതൊരു കാരാഗ്രഹത്തിലടക്കാനാണോ നിന്റെ ശത്രു ആഗ്രഹിച്ചത് ആ തടവറയില്‍ അവന്‍ അകപ്പെടുകയും അതിന്റെ കനത്ത വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതില്‍ നിന്ന് പുറത്തുകടക്കാനാവാതെ അവന്‍ നിരാശപ്പെട്ടിരിക്കുകയാണ്. നീയാകട്ടെ കൊതിക്കുന്നതെല്ലാം കിട്ടുന്ന കണ്‍കുളിര്‍മയേകുന്ന സ്വര്‍ഗീയ ആരാമങ്ങളില്‍ വിഹരിക്കുകയാണ്. ആ ചുരുങ്ങിയ കാലയളവില്‍ നീ സഹിക്കുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചതിനുള്ള പ്രതിഫലമായി രാജസന്നിധിയില്‍ ലഭിച്ച ആഹ്ളാദത്തിമിര്‍പ്പിലും ആനന്ദത്തിലുമാണ് നീ. നിനക്കവിടെ ആ പോരാട്ടവേളയില്‍ സഹിക്കേണ്ടിവന്നത് വളരെ കുറച്ചുസമയം മാത്രം. ആ ഒരു പ്രയാസവും നീ തീരെ അനുഭവിക്കാത്തതുപോലെ ഈ സുഖങ്ങളെല്ലാം നിന്നെ അവയെ മറപ്പിച്ചുകളഞ്ഞു. ഈ പോരാട്ടത്തില്‍ സമയം അധികമില്ലെന്നും അത് പെട്ടെന്ന് അവസാനിക്കുമെന്നും ബോധ്യപ്പെടാന്‍ നിന്റെ മനസ്സിന് ആകുന്നില്ലെങ്കില്‍ അല്ലാഹു പറഞ്ഞ ഈ വാക്കുകള്‍ നീ ഉറ്റാലോചിക്കുക:

فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارِۭ ۚ بَلَٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَٰسِقُونَ

ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്‌. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്‌) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ? (ഖുർആൻ:46/35)

كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا ‎

അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.) (ഖുർആൻ:79/46)

قَٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ ‎﴿١١٢﴾‏ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَسْـَٔلِ ٱلْعَآدِّينَ ‎﴿١١٣﴾‏ قَٰلَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ ‎﴿١١٤﴾

അവന്‍ (അല്ലാഹു) ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു? അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക. അവന്‍ പറയും: നിങ്ങള്‍ അല്‍പം മാത്രമേ താമസിച്ചിട്ടുള്ളൂ. നിങ്ങളത് മനസ്സിലാക്കുന്നവരായിരുന്നെങ്കില്‍(എത്ര നന്നായിരുന്നേനെ!). (ഖുർആൻ:23/112-114)

يَوْمَ يُنفَخُ فِى ٱلصُّورِ ۚ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍ زُرْقًا ‎﴿١٠٢﴾‏ يَتَخَٰفَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًا ‎﴿١٠٣﴾‏ نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلَّا يَوْمًا ‎﴿١٠٤﴾

അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്‌. അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍ താമസിക്കുകയുണ്ടായിട്ടില്ല എന്ന്‌. അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ ഒരൊറ്റ ദിവസം മാത്രമേ നിങ്ങള്‍ താമസിച്ചിട്ടുള്ളു എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുർആൻ:20/102-104)

നബി ﷺ ഒരിക്കല്‍ തന്റെ അനുചരന്മാരെ അഭിസംബോധന ചെയ്തു പറഞ്ഞു; സൂര്യന്‍ അസ്തമയത്തിനോടടുത്ത സമയമായിരുന്നു അത്:

إنه لم يبقى من الدنيا فيما مضى إلا كما بقي من يومكم هذا فيما مضى منه

നിങ്ങളുടെ ഈ ദിവസത്തില്‍ ഇനി ശേഷിക്കുന്നതെത്ര സമയമാണോ അത്രയേ ഇനിയുള്ളൂ ഈ ഇഹലോകത്തിന്റെ സമയവും. (അഹ്മദ്, തിര്‍മിദി).

അതിനാല്‍ സ്വന്തത്തോട് ഗുണകാംക്ഷയുള്ള വിവേകശാലികളായ ഓരോരുത്തരും ഈ നബിവചനത്തെക്കുറിച്ച് ശരിക്കും ഒന്ന് ചിന്തിക്കട്ടെ! ഈ ചുരുങ്ങിയ കാലയളവില്‍ തനിക്ക് ഉണ്ടായ ഏതുകാര്യവും; അത് സ്ഥായിയല്ല എന്നത് അറിഞ്ഞുകൊള്ളട്ടെ! താന്‍ വഞ്ചനയുടെയും പേക്കിനാവുകളുടെയും ഒരു ലോകത്താണുള്ളതെന്നും ഓര്‍ത്തുകൊള്ളട്ടെ! ശാശ്വതമായ സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും അനുഗ്രഹലോകം തുലോം തുച്ഛമായ, വളരെ നിസ്സാരമായ വിഹിതത്തിനുവേണ്ടി വിറ്റുകളയുകയാണെന്നതും ഓര്‍ക്കുക.

അല്ലാഹുവിനെയും പരലോകത്തെയുമാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അയാള്‍ക്ക് ഇഹലോകത്തെ ആ വിഹിതവും പൂര്‍ത്തീകരിച്ച് കൊടുക്കുന്നതാണ്. ചില മഹദ് വചനങ്ങളില്‍ വന്നത് പോലെ:

ابن آدم بع الدنيا بالآخرة تربحهما جميعا ولا تبع الآخرة بالدنيا تخسرهما جميعا

‘മനുഷ്യ പുത്രാ! പരലോകത്തിന് പകരമായി നീ ഇഹലോകത്തെ വില്‍ക്കുക. എങ്കില്‍ ഇരുലോകത്തും നിനക്ക് ലാഭം കൊയ്യാം. ഇഹലോകത്തിനു പകരമായി നീ പരലോകത്തെ വില്‍ക്കരുത്, കാരണം അങ്ങനെയെങ്കില്‍ ഇരുലോകത്തും നിനക്ക് വലിയ നഷ്ടമായിരിക്കും ഉണ്ടാവുക’ (ഹസനുല്‍ ബസ്വരി رحمه الله യുടെ വാക്കുകളായി അബൂനുഐം رحمه الله ‘ഹില്‍യ’യില്‍ (2:143) ഉദ്ധരിച്ചത്).

സലഫുകളില്‍ ചിലര്‍ പറഞ്ഞു:

ابن آدم أنت محتاج إلى نصيبك من أحوج فإن بدأت بنصيبك من الدنيا أضعت نصيبك من الآخرة وكنت من نصيب الدنيا على خطر وإن بدأت بنصيبك من الآخرة فزت بنصيبك من الدنيا فانتظمته انتظاما

”മനുഷ്യ പുത്രാ! ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് ആവശ്യമാണ്. എന്നാല്‍ പരലോകത്തിലെ നിന്റെ വിഹിതം നിനക്ക് ഇതിലേറെ ആവശ്യമാണെന്നറിയുക. അതിനാല്‍ ദുന്‍യാവിന്റെ വിഹിതം വാരിക്കൂട്ടാനാണ് നീ ആദ്യപരിഗണന നല്‍കുന്നതെങ്കില്‍ പരലോകത്തെ നിന്റെ വിഹിതം തരപ്പെടുത്താനാകാതെ പോകുകയും ദുന്‍യാവിന്റെ വിഹിതത്തിന്റെ കാര്യത്തില്‍ നീ ഭീതിയിലായിരിക്കുകയും ചെയ്യും. എന്നാല്‍ പരലോകത്തെ നിന്റെ വിഹിതം ഒരുക്കുന്നതിലാണ് നിന്റെ പ്രഥമ ശ്രദ്ധയെങ്കില്‍ ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് നേടുവാനും അതിനെ നിനക്ക് ക്രമപ്പെടുത്തുവാനും കഴിയും”(മുആദ് ഇബ്‌നു ജബൽ رَضِيَ اللَّهُ عَنْهُ വിന്റെ വാക്കുകളായി ഇബ്‌നു അബീ ശൈബ ‘മുസ്വന്നഫി’ലും ത്വബ്‌റാനി ‘മുഅ്ജമുല്‍ കബീറി’ലും ഉദ്ധരിച്ചത്).

ഉമറുബ്‌നു അബ്ദില്‍ അസീസ് رحمه الله തന്റെ ഖുത്വുബയില്‍ പറയാറുണ്ടായിരുന്നു:

أيها الناس إنكم لم تخلقوا عبثا ولم تتركوا سدى وإن لكم معادا يجمعكم الله عز و جل فيه للحكم فيكم والفصل بينكم فخاب وشقي عبد أخرجه الله عز و جل من رحمته التي وسعت كل شيء وجنته التي عرضها السموات والأرض وإنما يكون الأمان غدا لمن خاف الله تعالى واتقى وباع قليلا بكثير وفانيا بباق وشقاوة بسعادة ألا ترون أنكم في أصلاب الهالكين وسيخلفه بعدكم الباقون ؟ ألا ترون أنكم في كل يوم تشيعون غاديا رائحا إلى الله قد قضى نحبه وانقطع أمله فتضعونه في بطن صدع من الأرض غير موسد ولا ممهد قد خلع الأسباب وفارق الأحباب وواجه الحساب ؟

”അല്ലയോ ജനങ്ങളേ, നിങ്ങള്‍ വൃഥാ സൃഷ്ടിക്കപ്പെടുകയോ വെറുതെ വിട്ടുകളയപ്പെട്ടിരിക്കുകയോ അല്ല. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു മടക്കസ്ഥാനം നിങ്ങള്‍ക്കുണ്ട്. അവിടെവെച്ചാണ് നിങ്ങളുടെ കാര്യത്തില്‍ നീതിപൂര്‍വകമായ വിധിയും തദടിസ്ഥാനത്തില്‍ നിങ്ങളെ വേര്‍തിരിക്കപ്പെടുന്നതും. അപ്പോള്‍ ഏതൊരുത്തന്‍ അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യത്തില്‍നിന്നും ആകാശഭൂമികളോളം വിശാലമായ അവന്റെ സ്വര്‍ഗത്തില്‍നിന്നും പുറത്താക്കപ്പെടുന്നുവോ അയാള്‍ പരാജയപ്പെടുകയും ദൗര്‍ഭാഗ്യവാനാവുകയും ചെയ്തു. തീര്‍ച്ചയായും നിര്‍ഭയത്വവും സമാധാനവും നാളെയുടെ ലോകത്താണ്. അല്ലാഹുവിനെ ഭയപ്പെട്ടും അവന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചും ധാരാളത്തിനു പകരമായി തുച്ഛമായതിനെയും അനശ്വരമായതിനു ബദലായി നശ്വരമായതിനെയും സൗഭാഗ്യത്തിനു വേണ്ടി ദൗര്‍ഭാഗ്യത്തെയും ബലികഴിച്ചവര്‍ക്കാണ് അതുള്ളത്. നിങ്ങള്‍ മണ്‍മറഞ്ഞുപോയവരുടെ പിന്‍ഗാമികളാണെന്നത് നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഇനി നിങ്ങള്‍ക്ക് ശേഷം മരണമില്ലാത്തവരെ അവന്‍ നിങ്ങളുടെ പിന്‍ഗാമികളാക്കുമോ? (അഥവാ മുന്‍ഗാമികള്‍ മരിച്ചുപോയത് പോലെ അവരുടെ പിന്‍ഗാമികളും മരിച്ചുപോകും) ഓരോ ദിവസവും ഊഴം കഴിഞ്ഞ് അല്ലാഹുവിലേക്ക് യാത്രയായ എത്രയെത്രയാളുകളെ യാത്രയാക്കുന്നതിനു നിങ്ങള്‍ സാക്ഷികളാകുന്നു! അവരുടെ ഈ ലോകത്തെ പ്രതീക്ഷകള്‍ അവസാനിച്ചു. അവരെ നിങ്ങള്‍ ക്വബ്‌റാകുന്ന വിശ്രമമുറിയില്‍ ഭൂമിപിളര്‍ത്തി ഇറക്കിവെക്കുകയും കട്ടിലും തലയണയുമില്ലാതെ അവരെ കിടത്തിപ്പോരുകയും ചെയ്യുന്നത് കാണുന്നില്ലേ? ബന്ധുമിത്രാദികളെയും കൂട്ടുകുടുംബാദികളെയും എല്ലാം വേര്‍പിരിഞ്ഞു വിചാരണയുടെ ലോകത്തേക്ക് അവര്‍ യാത്രയായിരിക്കുകയാണ്” (അബൂനുഐം ‘ഹില്‍യ’യില്‍ ഉദ്ധരിച്ചത്).

അതായത്, അല്ലാഹു ഒരു അടിമയെ ഈ ചുരുങ്ങിയ കാലയളവിലെ ജീവിതത്തില്‍ മേല്‍പറഞ്ഞ ശത്രുക്കള്‍ക്കെതിരില്‍ അവന്റെ സൈന്യങ്ങളെക്കൊണ്ടും സന്നാഹങ്ങള്‍കൊണ്ടുമൊക്കെ സഹായിക്കുന്നതാണ്. തന്റെ ശത്രുവില്‍നിന്ന് തനിക്ക് സുരക്ഷ നല്‍കുന്നതെന്താണെന്നും ആ ശത്രുവിന്റെ പിടിയിലകപ്പെട്ടാല്‍ എങ്ങനെയാണു മോചനം നേടാനാവുകയെന്നും അല്ലാഹു വിശദീകരിച്ചിട്ടുമുണ്ട്.

 

ഇബ്നുല്‍ ഖയ്യിം رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നും

വിവർത്തനം: ശമീര്‍ മദീനി

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *