അന്ത്യനാളിന്റെ നാമങ്ങൾ

ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസ കാര്യങ്ങളിലെ സുപ്രധാനമായ ഒന്നാണ് അന്ത്യനാളിലുള്ള  വിശ്വാസം. അന്ത്യനാളിനെ വ്യത്യസ്തങ്ങളായ പേരുകളിലായി വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്ത്യനാളിന് വിശുദ്ധ ഖുർആൻ പറഞ്ഞ ചില പേരുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

അന്ത്യനാൾ (الْيَوْمِ الْآخِرِ)

ആ ദിവസത്തിന് ശേഷം മറ്റൊരു ദിവസമില്ലാത്തതിനാലാണ് ആ ദിവസത്തിന് ഈ പേര് ലഭിച്ചിട്ടുള്ളത്.

إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّٰبِـُٔونَ وَٱلنَّصَٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖുർആൻ:5/69)

وَمَاذَا عَلَيْهِمْ لَوْ ءَامَنُوا۟ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَأَنفَقُوا۟ مِمَّا رَزَقَهُمُ ٱللَّهُ ۚ وَكَانَ ٱللَّهُ بِهِمْ عَلِيمًا

അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തു പോയാല്‍ അവര്‍ക്കെന്തൊരു ദോഷമാണുള്ളത്‌? അല്ലാഹു അവരെ പറ്റി നന്നായി അറിയുന്നവനാകുന്നു. (ഖുർആൻ:4/39)

നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ عليه السلام വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّ

നബി ﷺ പറഞ്ഞു: ‘ഈമാന്‍’ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അന്ത്യനാളിലും, വിധിനിര്‍ണയത്തിലും വിശ്വസിക്കലാകുന്നു. (ബുഖാരി:2)

ഖിയാമത്ത് നാൾ (يَوْمَ ٱلْقِيَٰمَة)

لَآ أُقْسِمُ بِيَوْمِ ٱلْقِيَٰمَةِ

ഖിയാമത്തു നാൾ കൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു. (ഖുർആൻ:75/1)

فَٱللَّهُ يَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ

എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഖിയാമത്ത് നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌. (ഖുർആൻ:2/113)

‘യൗമുൽ ഖിയാമ’ എന്നാൽ ‘ഖിയാമത്തിന്റെ ദിവസം’ എന്നാണ്. ‘ഖിയാമത്ത്’ എന്നാൽ ‘നിലവിൽ വരുന്നത്’ എന്നാണർത്ഥം. ‘നിലവിൽ വരുന്ന ദിവസം’ എന്നാൽ ‘അന്ത്യസമയം നിലവിൽ വരുന്ന ദിവസം’ എന്നാണുദ്ദേശം.

وَيَوْمَ تَقُومُ ٱلسَّاعَةُ يُبْلِسُ ٱلْمُجْرِمُونَ

അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ ആശയറ്റവരാകും. (ഖുർആൻ:30/12)

‏ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَتَفَرَّقُونَ

അന്ത്യസമയം നിലവില്‍ വരുന്ന ദിവസം – അന്നാണ് അവര്‍ വേര്‍പിരിയുന്നത്‌. (ഖുർആൻ:30/14)

‘ഖിയാമത്ത് നാൾ’ എന്നാൽ ‘നിൽക്കുന്ന ദിവസം’ എന്നും അർത്ഥമുണ്ട്. അപ്പോൾ ‘മനുഷ്യരും ഇതര സൃഷ്ടികളും അല്ലാഹുവിന്റെ മുന്നിൽ നിൽക്കുന്ന ദിവസം’ എന്നാണ് ‘ഖിയാമത്ത് നാൾ’ കൊണ്ടുള്ള ഉദ്ദേശ്യം.

يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ

അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം. (ഖുർആൻ:83/6)

يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَٰٓئِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَقَالَ صَوَابًا

റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല. (ഖുർആൻ:78/38)

لَآ أُقْسِمُ بِيَوْمِ ٱلْقِيَٰمَةِ

ഖിയാമത്തു നാൾ കൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു. (ഖുർആൻ:75/1)

പ്രതിഫല ദിവസം (يَوْمِ ٱلدِّينِ)

ജനങ്ങള്‍ക്ക് അവരുടെ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കപ്പെടുന്നത് ഈ ദിവസത്തിലായതിനാലാണ് അന്ത്യനാളിന് ഈ പേര് ലഭിച്ചിട്ടുള്ളത്.

مَٰلِكِ يَوْمِ ٱلدِّينِ

പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍. (ഖുർആൻ:1/4)

സൃഷ്ടികളുടെ സകല കര്‍മങ്ങളെയും സംബന്ധിച്ചു വിചാരണ നടത്തി തീരുമാനമെടുക്കുകയും, ഓരോരുത്തനും തക്ക പ്രതിഫലം നല്‍കുകയും ചെയ്യുന്ന ആ മഹാ ദിനമായ ഖിയാമത്തുനാളാണ് പ്രതിഫല ദിവസംകൊണ്ടു വിവക്ഷ. (അമാനി തഫ്സീർ)

وَقَالُوا۟ يَٰوَيْلَنَا هَٰذَا يَوْمُ ٱلدِّينِ

അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്‍റെ ദിനമാണല്ലോ! (ഖുർആൻ:37/20)

هَٰذَا نُزُلُهُمْ يَوْمَ ٱلدِّينِ

ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം. (ഖുർആൻ:56/56)

إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ ‎﴿١٣﴾‏ وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ ‎﴿١٤﴾‏ يَصْلَوْنَهَا يَوْمَ ٱلدِّينِ ‎﴿١٥﴾‏ وَمَا هُمْ عَنْهَا بِغَآئِبِينَ ‎﴿١٦﴾‏ وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ ‎﴿١٧﴾‏ ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ ‎﴿١٨﴾‏ يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ ‎﴿١٩﴾‏

തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.  തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും  പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.  അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.  പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?  വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?  ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിനായിരിക്കും. (ഖുർആൻ:82/13-19)

يَسْـَٔلُونَ أَيَّانَ يَوْمُ ٱلدِّينِ

പ്രതിഫലനടപടിയുടെ ദീവസം  എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു. (ഖുർആൻ:51/12)

ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിവസം (يَوْمُ ٱلْبَعْث)

മരണശേഷമുള്ള ജീവിതവും പുനരുത്ഥാരണവും നടക്കുന്നത് ഈ ദിവസത്തിലായതിനാലാണ് ഈ പേര് ലഭിച്ചിട്ടുള്ളത്.

ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ تُبْعَثُونَ

പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്‌. (ഖുർആൻ:23/16)

وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَٰنَ لَقَدْ لَبِثْتُمْ فِى كِتَٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ ۖ فَهَٰذَا يَوْمُ ٱلْبَعْثِ وَلَٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ

വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാൾ വരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ (അതിനെപ്പറ്റി) മനസ്സിലാക്കിയിരുന്നില്ല. (ഖുർആൻ:30/56)

يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) …… (ഖുർആൻ:22/5)

തീരുമാനത്തിന്‍റെ ദിവസം (يَوْمُ ٱلْفَصْل)

ജനങ്ങളെ നീതി നിഷ്ഠമായി വേര്‍തിരിച്ച് തീരുമാനമെടുക്കുന്നത് ഈ ദിവസത്തിലായതിനാലാണ് ഈ പേര് ലഭിച്ചിട്ടുള്ളത്.

إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ

അവര്‍ ഭിന്നത പുലര്‍ത്തിയിരുന്ന വിഷയങ്ങളില്‍ നിന്‍റെ രക്ഷിതാവ് തന്നെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌; തീര്‍ച്ച. (ഖുർആൻ:32/25)

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ‎﴿٣٧﴾‏ هَٰذَا يَوْمُ ٱلْفَصْلِ ۖ جَمَعْنَٰكُمْ وَٱلْأَوَّلِينَ ‎﴿٣٨﴾

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. (അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. (ഖുർആൻ:77/37-38)

هَٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ

അതെ; നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന (നിര്‍ണായകമായ) തീരുമാനത്തിന്‍റെ ദിവസമത്രെ ഇത്‌. (ഖുർആൻ:37/21)

പരസ്പരം കണ്ടുമുട്ടുന്ന ദിവസം (يَوْمَ ٱلتَّلَاق)

رَفِيعُ ٱلدَّرَجَٰتِ ذُو ٱلْعَرْشِ يُلْقِى ٱلرُّوحَ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ لِيُنذِرَ يَوْمَ ٱلتَّلَاقِ

അവന്‍ പദവികള്‍ ഉയര്‍ന്നവനും സിംഹാസനത്തിന്‍റെ അധിപനുമാകുന്നു. തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സന്ദേശമാകുന്ന ചൈതന്യം അവന്‍ നല്‍കുന്നു. (മനുഷ്യര്‍) പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെപ്പറ്റി താക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ അത്‌. (ഖുർആൻ:40/15)

وَسَمَّاهُ يَوْمَ التَّلاقِ لِأَنَّهُ يَلْتَقِي فِيهِ الْخَالِقُ وَالْمَخْلُوقُ وَالْمَخْلُوقُونَ بَعْضَهَمْ مَعَ بَعْضٍ، وَالْعَامِلُونَ وَأَعْمَالُهُمْ وَجَزَاؤُهُمْ.

‘യൗമുത്തലാക്വ്’ എന്ന് വിളിക്കാൻ കാരണം, ആ ദിവസത്തിലാണ് സൃഷ്ടികൾ സ്രഷ്ടാവിനെ കണ്ടുമുട്ടുന്നതും സൃഷ്ടികൾ പരസ്പരം കണ്ടുമുട്ടുന്നതും എന്നതാണ്, നന്മ പ്രവർത്തിക്കുന്നവർ അവരുടെ പ്രതിഫലം കണ്ടുമുട്ടുന്നതും. (തഫ്സീറുസ്സഅ്ദി)

പരസ്പരം കണ്ടുമുട്ടുന്ന ദിവസം’ (يَوْمَ التَّلاقِ) കൊണ്ടുദ്ദേശ്യം, സൃഷ്ടികള്‍ സൃഷ്ടാവിനെയും, സമസ്ത സൃഷ്ടികള്‍ തമ്മതമ്മിലും കണ്ടുമുട്ടുന്ന ദിവസം – അതായതു ഖിയാമത്തുനാൾ – ആകുന്നു. എല്ലാവരും അന്ന്‌ ക്വബ്റുകളില്‍നിന്നു‌ വെളിക്കു വരുകയും ‘മഹ്ശറി’ല്‍ വന്നു സമ്മേളിക്കുകയും ചെയ്യുന്നു. (അമാനി തഫ്സീർ)

വിചാരണയുടെ ദിവസം (يَوْمِ ٱلْحِسَاب)

ജനങ്ങള്‍ ഐഹിക ലോകത്ത് ചെയ്തിട്ടുള്ള കര്‍മങ്ങളുടെ വിചാരണ നടക്കുന്നത് ഈ ദിവസത്തിലായതിനാലാണ് ഈ പേര് ലഭിച്ചിട്ടുള്ളത്.

وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ

അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്‌. (ഖുർആൻ:38/16)

إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمْ عَذَابٌ شَدِيدُۢ بِمَا نَسُوا۟ يَوْمَ ٱلْحِسَابِ

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌. വിചാരണയുടെ ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്‍റെ ഫലമത്രെ അത്‌. (ഖുർആൻ:38/26)

പരസ്പരം വിളിച്ചുകേഴുന്ന ദിവസം (يَوْمَ ٱلتَّنَاد)

എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം അന്ന് വിളിച്ചുകൂട്ടപ്പെടും. സ്വര്‍ഗക്കാര്‍ നരകക്കാരെയും നരകക്കാര്‍ സ്വര്‍ഗക്കാരെയും വിളിക്കും. അഅ്‌റാഫുകാര്‍ വിളിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഈ ദിവസത്തിന് ഇങ്ങനെയൊരു പേരു വന്നത്.

وَيَٰقَوْمِ إِنِّىٓ أَخَافُ عَلَيْكُمْ يَوْمَ ٱلتَّنَادِ

എന്‍റെ ജനങ്ങളേ, (നിങ്ങള്‍) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. (ഖുർആൻ:40/32)

എല്ലാവരെയും ഒരുമിച്ചു കൂട്ടുന്ന ദിവസം (يَوْمَ ٱلْجَمْع)

മുഴുവന്‍ സൃഷ്ടിജാലങ്ങളെയും വിചാരണ സ്ഥലത്ത് ഒരുമിച്ച് കൂട്ടുന്നത് ഈ ദിവസത്തിലായതിനാലാണ് ഈ പേര് ലഭിച്ചിട്ടുള്ളത്.

كَذَٰلِكَ أَوْحَيْنَآ إِلَيْكَ قُرْءَانًا عَرَبِيًّا لِّتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ ٱلْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِى ٱلْجَنَّةِ وَفَرِيقٌ فِى ٱلسَّعِيرِ ‎

അപ്രകാരം, അറബിഭാഷയിലുള്ള ഒരു ഖുർആൻ നാം നിനക്ക് ‘വഹ്‌യു’ [ബോധനം] നൽകിയിരിക്കുന്നു; ‘ഉമ്മുൽഖുറാ’യെ (അഥവാ രാജ്യങ്ങളുടെ കേന്ദ്രത്തെ)യും, അതിന്റെ ചുറ്റുപാടിലുള്ളവരെയും നീ താക്കീതു ചെയ്‌വാനും, (എല്ലാവരെയും) ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ – അതിൽ യാതൊരു സന്ദേഹവുമില്ല – താക്കീതു ചെയ്‌വാനും വേണ്ടി. (അന്ന്) ഒരു കക്ഷി സ്വർഗ്ഗത്തിലും, ഒരു കക്ഷി ജ്വലിക്കുന്ന നരകത്തിലുമായിരിക്കും. (ഖുർആൻ:42/7)

താക്കീതിന്റെ ദിവസം (يَوْمُ ٱلْوَعِيدِ)

അവിശ്വാസികളോടുള്ള അല്ലാഹുവിന്റെ താക്കീത് പുലരുന്നത് ഈ ദിവസത്തിലായതിനാലാണ് ഈ പേര് ലഭിച്ചിട്ടുള്ളത്.

وَنُفِخَ فِى ٱلصُّورِ ۚ ذَٰلِكَ يَوْمُ ٱلْوَعِيدِ ‎

കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്‍റെ ദിവസം. (ഖുർആൻ:50/20)

{وَنُفِخَ فِي الصُّورِ ذَلِكَ يَوْمُ الْوَعِيدِ} أَيِ: الْيَوْمَ الَّذِي يَلْحَقُ الظَّالِمِينَ مَا أَوْعَدَهُمُ اللَّهُ بِهِ مِنَ الْعِقَابِ، وَالْمُؤْمِنِينَ مَا وَعَدَهُمْ بِهِ مِنَ الثَّوَابِ.

{കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്റെ ദിവസം}അതായത് : അക്രമികള്‍, അവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത ശിക്ഷയിലേക്കും വിശ്വാസികള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്ത പ്രതിഫലത്തിലേക്കും എത്തിച്ചേരുന്ന ദിവസം. (തഫ്സീറുസ്സഅ്ദി)

وَنَادَىٰٓ أَصْحَٰبُ ٱلْجَنَّةِ أَصْحَٰبَ ٱلنَّارِ أَن قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّا ۖ قَالُوا۟ نَعَمْ ۚ فَأَذَّنَ مُؤَذِّنُۢ بَيْنَهُمْ أَن لَّعْنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ

സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് വിളിച്ചു പറയും: ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ യാഥാര്‍ത്ഥ്യമായി കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് (നിങ്ങളോട്‌) വാഗ്ദാനം ചെയ്തത് നിങ്ങള്‍ യാഥാര്‍ത്ഥ്യമായി കണ്ടെത്തിയോ? അവര്‍ പറയും: അതെ അപ്പോള്‍ ഒരു വിളംബരക്കാരന്‍ അവര്‍ക്കിടയില്‍ വിളിച്ചുപറയും: അല്ലാഹുവിന്‍റെ ശാപം അക്രമികളുടെ മേലാകുന്നു. (ഖുർആൻ:7/44)

വിജയത്തിന്റെ / തീരുമാനത്തിന്റെ ദിവസം (يَوْمُ ٱلْفَتْحِ)

فَتْح (ഫത്ഹ്’) എന്നാല്‍  വിജയം, തീരുമാനം എന്നൊക്കെയാണര്‍ത്ഥം.

وَيَقُولُونَ مَتَىٰ هَٰذَا ٱلْفَتْحُ إِن كُنتُمْ صَٰدِقِينَ ‎﴿٢٨﴾‏ قُلْ يَوْمَ ٱلْفَتْحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓا۟ إِيمَٰنُهُمْ وَلَا هُمْ يُنظَرُونَ ‎﴿٢٩﴾

അവര്‍ പറയുന്നു: എപ്പോഴാണ് ഈ വിജയം (അഥവാ തീരുമാനം)? (പറയൂ) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.  (നബിയേ,) പറയുക: അവിശ്വസിച്ചിരുന്ന ആളുകള്‍ക്ക് വിജയത്തിന്റെ (അഥവാ തീരുമാനത്തിന്റെ)ദിവസം തങ്ങള്‍ വിശ്വസിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാവുകയില്ല. അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല. (ഖുർആൻ:32/28-29)

ശാശ്വതവാസത്തിനുള്ള ദിവസം (يَوْمُ ٱلْخُلُود)

ആ ദിവസം മുതലുള്ള ജീവിതം ശാശ്വതവും അനന്തവുമാണ്. അതിനാൽ ഈ പേര് പറയപ്പെട്ടു.

ٱدْخُلُوهَا بِسَلَٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ

(അവരോട് പറയപ്പെടും:) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ച് കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്‌. (ഖുർആൻ:50/34)

{ذَلِكَ يَوْمُ الْخُلُودِ} الَّذِي لَا زَوَالَ لَهُ وَلَا مَوْتَ، وَلَا شَيْءَ مِنَ الْمُكَدِّرَاتِ.

{ശാശ്വതവാസനത്തിനുള്ള ദിവസമാകുന്നു അത്}. അത് നീങ്ങിപ്പോകാത്തതും മരണമോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടാവാത്തതുമാണ്. (തഫ്സീറുസ്സഅ്ദി)

പുറപ്പാടിന്‍റെ ദിവസം ദിവസം (يَوْمُ ٱلْخُرُوجِ)

ജനങ്ങള്‍ അവരുടെ ക്വബ്‌റുകളില്‍ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് പുറപ്പെടുന്നത് ഈ ദിവസത്തിലായതിനാലാണ് ഈ പേര് ലഭിച്ചിട്ടുള്ളത്.

يَوْمَ يَسْمَعُونَ ٱلصَّيْحَةَ بِٱلْحَقِّ ۚ ذَٰلِكَ يَوْمُ ٱلْخُرُوجِ ‎

അതായത് ആ ഘോരശബ്ദം യഥാര്‍ത്ഥമായും അവര്‍ കേള്‍ക്കുന്ന ദിവസം. അതത്രെ (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാടിന്‍റെ ദിവസം. (ഖുർആൻ:50/42)

يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ

അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം. (ഖുർആൻ:70/43)

നഷ്ടം നേരിടുന്ന ദിവസം ദിവസം (يَوْمَ ٱلْخسر)

ആ ദിവസം, സത്യത്തെ തകർക്കാൻ അസത്യത്തെ കൂട്ടുപിടിച്ച ആളുകൾക്ക് നഷ്ടം ഭവിക്കും. അതിനാൽ ഈ പേര് പറയപ്പെട്ടു.

وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَخْسَرُ ٱلْمُبْطِلُونَ

അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികള്‍ക്കു നഷ്ടം നേരിടുന്ന ദിവസം. (ഖുർആൻ:45/27)

നഷ്ടബോധത്തിന്റെ ദിവസം (يَوْمَ ٱلْحَسْرَة)

وَأَنذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلْأَمْرُ وَهُمْ فِى غَفْلَةٍ وَهُمْ لَا يُؤْمِنُونَ

നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല. (ഖുർആൻ:19/39)

പലകാരണങ്ങളാലാണ് അന്ത്യദിനത്തെ കുറിച്ച് നഷ്ടബോധത്തിന്റെ ദിവസം എന്ന് പറയുന്നത്.

1.അല്ലാഹുവിൻറെ സ്വർഗ്ഗം നഷ്ടപ്പെടലാണ് ഏറ്റവും വലിയ നഷ്ടം.

عَنْ أَبِي هُرَيْرَةَ، قَالَ النَّبِيُّ صلى الله عليه وسلم ‏ : لاَ يَدْخُلُ أَحَدٌ الْجَنَّةَ إِلاَّ أُرِيَ مَقْعَدَهُ مِنَ النَّارِ، لَوْ أَسَاءَ، لِيَزْدَادَ شُكْرًا، وَلاَ يَدْخُلُ النَّارَ أَحَدٌ إِلاَّ أُرِيَ مَقْعَدَهُ مِنَ الْجَنَّةِ، لَوْ أَحْسَنَ، لِيَكُونَ عَلَيْهِ حَسْرَةً

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരും സ്വർഗത്തിൽ പ്രവേശിക്കുകയില്ല, അവനിൽ തിൻമയുണ്ടായിരുന്നെങ്കിൽ  നരകത്തിൽ അവന് ലഭിക്കുമായിരുന്ന ഇരിപ്പിടം കാണിച്ചിട്ടല്ലാതെ. അവൻ കൂടുതൽ നന്ദിയുള്ളവനാകുന്നതിന് വേണ്ടായണത്. ആരും നരകത്തിൽ  പ്രവേശിക്കുകയില്ല, അവനിൽ നൻമയുണ്ടായിരുന്നെങ്കിൽ സ്വർഗത്തിൽ അവന് ലഭിക്കുമായിരുന്ന ഇരിപ്പിടം കാണിച്ചിട്ടല്ലാതെ, അത് അവന് നഷ്ടബോധത്തിന് കാരണമായേക്കാം. (ബുഖാരി:6569)

2. ഉപകാരമില്ലാത്ത കാര്യങ്ങളിൽ ഇഹലോക ജീവിതം നശിപ്പിച്ചതിന്റെ പേരിൽ ഉണ്ടാകുന്ന നഷ്ടം. കാരണം ഇനിയൊന്ന് ദുനിയാവിലേക്ക് മടങ്ങിച്ചെന്ന് ജീവിതം നന്നാക്കാനുള്ള അവസരം ഇല്ല. (സഅദി)

നഷ്ടം വെളിപ്പെടുന്ന ദിവസം (يَوْمُ ٱلتَّغَابُن)

يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ

ആ സമ്മേളനദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. (ഖുർആൻ:64/9)

ഇഹത്തില്‍വെച്ചു ജീവപര്യന്തം നടത്തിയ വ്യാപാരങ്ങളുടെയെല്ലാം കണക്കു പരിശോധിച്ച് ആർക്കെല്ലാമാണ്‌ നഷ്ടം പിണഞ്ഞിരിക്കുന്നത്. ആർക്കെല്ലാമാണ്‌ ലാഭം കിട്ടിയിരിക്കുന്നത് എന്നു തിട്ടപ്പെടുത്തുന്ന ദിവസം അന്നാണല്ലോ. അതുകൊണ്ടാണ് ആ ദിവസത്തിനു നഷ്ടം വെളിപ്പെടുത്തുന്ന – അഥവാ ലാഭനഷ്ടം കണക്കു നോക്കുന്ന – ദിവസം (يومُ التَّغَابُنِ) എന്നു പറഞ്ഞത്. (അമാനി തഫ്സീർ)

വാഗ്ദത്തം  ചെയ്യപ്പെട്ട  ദിവസം (يَوْمُ ٱلْمَوْعُودِ)

وَٱلْيَوْمِ ٱلْمَوْعُودِ

വാഗ്ദത്തം  ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം. (ഖുർആൻ:85/2)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ الْيَوْمُ الْمَوْعُودُ يَوْمُ الْقِيَامَةِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘വാഗ്ദത്തം   ചെയ്യപ്പെട്ട ദിവസം’ എന്നത് ‘ഖിയാമത്ത് നാള്‍’ ആണ്.  (തിര്‍മിദി: 3339 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

എല്ലാവരും ഹാജറുണ്ടാകുന്ന ദിവസം (يَوْمُ مَّشْهُودٌ )

പ്രവാചകന്‍മാര്‍, മലക്കുകള്‍, ജിന്നുകള്‍, മനുഷ്യര്‍ തുടങ്ങിയ എല്ലാ സൃഷ്ടികളും സമ്മേളിക്കുന്ന ദിവസമായതിനാലാണ് ഈ പേര് ലഭിച്ചത്.

إِنَّ فِى ذَٰلِكَ لَـَٔايَةً لِّمَنْ خَافَ عَذَابَ ٱلْـَٔاخِرَةِ ۚ ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ ٱلنَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ

നിശ്ചയമായും അതില്‍, പരലോക ശിക്ഷയെ ഭയപ്പെടുന്നവര്‍ക്കു (തക്കതായ) ഒരു ദൃഷ്ടാന്തമുണ്ട്. അതൊരു ദിവസമത്രെ, അന്നേക്കു മനുഷ്യര്‍ (മുഴുവനും) ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. അതു (എല്ലാവരും) ഹാജറുണ്ടാകുന്ന ഒരു ദിവസവുമത്രെ. (ഖുർആൻ:11/103)

ഭാരമേറിയ ദിവസം (يَوْمًا ثَقِيلًا )

إِنَّ هَٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًا ثَقِيلًا

തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്‍റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു. (ഖുർആൻ:76/2703)

ഭയങ്കരമായ സംഭവം (ٱلْقَارِعَة)

കാതുകളെയും ഹൃദയങ്ങളെയും നടുക്കിക്കളയും വിധം ഭയാനകരമായതിനാലാണ് ഈ ദിവസത്തിന് ഈ പേര് ലഭിച്ചിട്ടുള്ളത്.

ٱلْقَارِعَةُ ‎﴿١﴾‏ مَا ٱلْقَارِعَةُ ‎﴿٢﴾‏ وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ ‎﴿٣﴾‏ يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ ‎﴿٤﴾‏ وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ ‎﴿٥﴾

ഭയങ്കരമായ ആ സംഭവം.  ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു? ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!  പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും. (ഖുർആൻ:101/1-5)

{الْقَارِعَةُ} مِنْ أَسْمَاءِ يَوْمِ الْقِيَامَةِ، سُمِّيَتْ بِذَلِكَ، لِأَنَّهَا تُقَرِّعُ النَّاسَ وَتُزْعِجُهُمْ  بِأَهْوَالِهَا

‘അൽഖാരിഅ’ എന്നത് അന്ത്യദിനത്തിന്റെ പേരുകളില്‍ ഒന്നാണ്. അതിന്റെ ഭയാനകത ജനങ്ങളെ ഭീതിപ്പെടുത്തുകയും ആഘാതമേല്‍പിക്കുകയും ചെയ്യുന്നതിനാലാണ് ആ പേര് വന്നത്.  (തഫ്സീറുസ്സഅ്ദി)

കാഹളം ഊതുന്നതുകൊണ്ടും, ലോകമാസകലം തട്ടിത്തകരുന്നതുകൊണ്ടും ഉണ്ടാകുന്ന ഘോരശബ്ദവും, തുടര്‍ന്നുണ്ടാകുന്ന വമ്പിച്ച ഭീകരാവസ്ഥകളും കാരണമായി ഖിയാമത്തിന് ആ പേര്‍ നല്‍കപ്പെട്ടിരിക്കുന്നു. (അമാനി തഫ്സീർ)

വലിയ വിപത്ത് (ٱلطَّآمَّةُ ٱلْكُبْرَى)

എല്ലാറ്റിനെയും അതിജയിക്കുന്ന മഹാവിപത്താണ് അന്നേദിവസം.

فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ

എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം. (ഖുർആൻ:79/34)

എല്ലാവിധ അത്യാപത്തുകളെയും വിസ്മരിപ്പിച്ചു കളയുന്നതും ലോകത്തെ ആകമാനം ബാധിക്കുന്നതുമായ ഏറ്റവും വലിയ വിപത്തായിരിക്കും ഖിയാമത്തു നാളിലെ വിപത്തുകള്‍. അതുകൊണ്ടാണ് അതിന് الطَّامَّةُ الْكُبْرَى (എല്ലാറ്റിനെയും അതിജയിക്കുന്ന ഏറ്റവും വലിയ വിപത്തു) എന്നു പറഞ്ഞിരിക്കുന്നത്. (അമാനി തഫ്സീർ)

ചെകിടടപ്പിക്കുന്ന ശബ്ദം (ٱلصَّآخَّة)

ഭീകരതയാല്‍ ചെവികളില്‍ അലയടിക്കുന്ന അന്ത്യനാളിന്റെ ഘോരശബ്ദം ആണത്.

فَإِذَا جَآءَتِ ٱلصَّآخَّةُ

എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍. (ഖുർആൻ:80/33)

സംഭവം (ٱلْوَاقِعَة)

സംഭവിക്കുമെന്നുറപ്പുള്ളതാണ് ആ സംഭവം.

إِذَا وَقَعَتِ ٱلْوَاقِعَةُ

ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍. (ഖുർആൻ:56/1)

ലോകാവസാനസമയമാകുന്ന ഖിയാമത്തിനെക്കുറിച്ചാണ് ‘സംഭവം’ (الْوَاقِعَةُ) എന്നു പറഞ്ഞിരിക്കുന്നത്. ലോകത്തു സംഭവിക്കുവാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും, അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലക്കുമാണ് അതിനു ഈ പേര്‍ വന്നത്. ‘ആസന്നസംഭവം’ (الازفة), ‘ഭയങ്കര സംഭവം’ (القارعة) എന്നിങ്ങിനെയുള്ള അതിന്റെ മറ്റു പേരുകളെപ്പോലെത്തന്നെ, ഇതും അതിന്റെ ഗൗരവത്തെയും ഭയങ്കരതയെയുമാണ് ചൂണ്ടിക്കാട്ടുന്നത്. (അമാനി തഫ്സീർ)

ആസന്നമായ സംഭവം (يَوْمَ ٱلْـَٔازِفَة)

ആസന്ന ഭാവിയില്‍ ഉറപ്പായും വരാനിരിക്കുന്ന മഹാ വിപത്തായതു കൊണ്ടാണ് അതിന് ഈ പേര്‍ നല്‍കിയിരിക്കുന്നത്.

أَزِفَتِ ٱلْـَٔازِفَةُ

സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു. (ഖുർആൻ:53/57)

لْآزِفَةِ (ആസന്ന സംഭവം) എന്നു പറഞ്ഞതു ഖിയാമത്തു നാളിനെക്കുറിച്ചാകുന്നു. അടുത്ത അദ്ധ്യായത്തിന്റെ ആരംഭത്തില്‍ اقْتَرَبَتِ السَّاعَةُ (അന്ത്യസമയം അടുത്തെത്തി) എന്നു പറയുന്നു. ഖിയാമത്തു നാളിന്റെ നാമവിശേഷണങ്ങളായി الواقعة (ആ സംഭവം), القارعة (ആ ഭയങ്കര സംഭവം), الحاقة (ആ യഥാര്‍ത്ഥ സംഭവം) എന്നൊക്കെ അല്ലാഹു ഖുര്‍ആനിൽ പ്രസ്താവിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒരു നാമമത്രെ ഇതും. (അമാനി തഫ്സീർ)

وَأَنذِرْهُمْ يَوْمَ ٱلْـَٔازِفَةِ إِذِ ٱلْقُلُوبُ لَدَى ٱلْحَنَاجِرِ كَٰظِمِينَ ۚ مَا لِلظَّٰلِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ

ആസന്നമായ ആ സംഭവത്തിന്‍റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. അതായത് ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭം. അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല. (ഖുർആൻ:40/18)

മൂടുന്ന സംഭവം (ٱلْغَٰشِيَة)

ഭീകരത എല്ലാ വസ്തുക്കളെയും ഒന്നടങ്കം ബാധിക്കുകയും മൊത്തത്തില്‍ ജനങ്ങളെ ആവരണം ചെയ്യുകയും ചെയ്യുന്ന ദിവസമായതിനാലാണ് ഈ പേര് ലഭിച്ചിട്ടുള്ളത്.

هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ

(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? (ഖുർആൻ:88/1)

യഥാര്‍ത്ഥ സംഭവം (ٱلْحَآقَّة)

അസത്യത്തിന്റെ വക്താക്കള്‍ക്ക് യാഥാര്‍ഥ്യം ബോധ്യമാകുന്നത് ഈ ദിവസത്തിലാണ്.

ٱلْحَآقَّةُ ‎﴿١﴾‏ مَا ٱلْحَآقَّةُ ‎﴿٢﴾‏

ആ യഥാര്‍ത്ഥ സംഭവം!  എന്താണ് ആ യഥാര്‍ത്ഥ സംഭവം? (ഖുർആൻ:69/1-2)

ക്വിയാമത് നാളാണ് الْحَاقَّةُ (യഥാര്‍ത്ഥ സംഭവം) കൊണ്ട് വിവക്ഷ. യഥാര്‍ത്ഥമായി സംഭവിക്കുന്നതും, വിചാരണ, പ്രതിഫലം മുതലായ കാര്യങ്ങള്‍ യാഥാര്‍ഥ്യങ്ങളായിത്തീരുന്നതുമായ ദിവസമാണല്ലോ ക്വിയാമതു നാള്‍. (അമാനി തഫ്സീർ)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *