അല്ലാഹുവിനെ രാജാവിനോടും ട്രാൻസ്ഫോമറിനോടും ഉപമിക്കുന്നവരോട്

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

അഭൗതിക മാർഗ്ഗത്തിലുള്ള അഥവാ കാര്യകാരണ ബന്ധങ്ങൾക്കതീതമായുള്ള എല്ലാ സഹായ തേട്ടവും അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നുള്ളത് ഇസ്ലാമിലെ അടിസ്ഥാന കാര്യങ്ങളിൽ പെട്ടതാണ്. ഇത്തരം സഹായ തേട്ടങ്ങൾ മരണപ്പെട്ട മഹാന്മാരോട് പാടില്ലെന്ന് അഹ്ലുസ്സുന്നത്തി വൽ ജമാഅ:യുടെ പണ്ഢിതൻമാര്‍ ആളുകളെ പഠിപ്പിക്കുമ്പോൾ അതിനെ എതിര്‍ക്കുന്ന പുരോഹിതൻമാരുണ്ട്. എന്നാൽ അഭൗതിക മാർഗ്ഗത്തിലുള്ള സഹായ തേട്ടം മരണപ്പെട്ട മഹാന്മാരോട് ആകാമെന്നുള്ളതിന് അവര്‍ക്ക് യാതൊരു തെളിവും ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് കൊണ്ടുവരാൻ കഴ്ഞ്ഞിട്ടില്ല. പിന്നെ ആകെയുള്ളത് ചില യുക്തിവാദങ്ങളാണ്. അവരതുവെച്ച് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവരുടെ രണ്ട് ന്യായങ്ങൾ ഇപ്രകാരമാണ്:

(ഒന്ന്) രാജാവിന്റെ അടുക്കലേക്ക് നേരിട്ട് കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ പറ്റില്ലെന്നത് പോലെ; പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിട്ട് പോയി കണ്ടത് കൊണ്ട് കാര്യമില്ലെന്ന പോലെ; അല്ലാഹുവിന്റെ അടുക്കലും കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിച്ചത് കൊണ്ട് ഉപകാരമില്ല. മറിച്ച് രാജാവിന്റെയും പ്രധാനമന്ത്രിയുടെയുമെല്ലാം അടുപ്പക്കാരെ സമീപിച്ച്, അവരോട് നമ്മുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുകയും, അവര്‍ നമ്മുടെ കാര്യങ്ങള്‍ തങ്ങളുടെ ‘മേലധികാരികളോട്’ അവതരിപ്പിക്കുകയും ചെയ്യും എന്നത് പോലെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കളെയും ഔലിയാക്കളെയും വിളിച്ചു തേടുകയും, അവരോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുക. അവര്‍ നമ്മുടെ കാര്യങ്ങള്‍ അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിക്കുകയും അങ്ങനെ അല്ലാഹു അവ സാധിപ്പിച്ചു തരികയും ചെയ്യും!

(രണ്ട്) ട്രാൻസ്ഫോമറിൽ നിന്ന് നേരിട്ട് കറണ്ട് എടുക്കാൻ കഴിയില്ലല്ലോ. അതിന് ആവശ്യമായ സംവിധാനങ്ങൾ വേണം. ഇതേപോലെ അല്ലാഹുവിനോട് നേരിട്ട് ചോദിച്ചത് കൊണ്ട് കാര്യമില്ല. അമ്പിയാക്കളെയും ഔലിയാക്കളെയും ഇടയാളരാക്കണം.

ഏറെ അപകടം പിടിച്ച വാദങ്ങളാണിത്. ഒന്നാമതായി,അല്ലാഹുവിനെ കുറിച്ച് ഇത്തരക്കാര്‍ക്കുള്ള അങ്ങേയറ്റത്തെ അജ്ഞതയാണ് ഇവരെ കൊണ്ട് ഇത് പറയിക്കുന്നത്. രാജാക്കന്മാരിലേക്ക് മന്ത്രിമാരും ശുപാർശകരും അടുപ്പക്കാരുമില്ലാതെ എത്താനാവില്ല. അവരാണ് പ്രജകളുടെ ആവശ്യം അവരിലേക്കെത്തിക്കുകയും അവരോട് ദയ ചോദിക്കുകയും അവർക്ക് ആവശ്യമുള്ളത് നേടാൻ ആളുകളെ സഹായിക്കുകയും ചെയ്യുന്നത്. അല്ലാഹുവും അതുപോലെയാണെന്ന് അവർ വാദിക്കുന്നു. ദുര്‍ബലരായ മനുഷ്യരുടെ മേല്‍ അധികാരമേറ്റെടുത്തിട്ടുള്ള ദുര്‍ബലരായ രാജാക്കന്മാരോടാണ് അവര്‍ അല്ലാഹുവിനെ ഉപമിച്ചിരിക്കുന്നത് എന്നതില്‍ നിന്ന് മാത്രം അവരുടെ അജ്ഞതയുടെ ആഴം വ്യക്തമാണ്.

രണ്ടാമതായി, അല്ലാഹുവിനെ ഭൂമിയിലെ രാജാക്കന്‍മാരോടോ മറ്റോ തുലനം ചെയ്യൽ പാടില്ലാത്തതാണ്.

فَلَا تَضْرِبُوا۟ لِلَّهِ ٱلْأَمْثَالَ ۚ إِنَّ ٱللَّهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (ഖു൪ആന്‍ : 16/74)

മൂന്നാമതായി, മഹാൻമാര്‍ മുഖേനെ അല്ലാഹുവിനോട് ചോദിക്കുന്നതും, മഹാൻമാരെ മുൻനിര്‍ത്തി അല്ലാഹുവിനോട് ചോദിക്കുന്നതും മക്കയിലെ മുശ്രിക്കുകളുടെ വാദമായിരുന്നു.

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.(ഖു൪ആന്‍:10/18)

‏{‏هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ‏}‏ أي‏:‏ يعبدونهم ليقربوهم إلى الله، ويشفعوا لهم عنده، وهذا قول من تلقاء أنفسهم، وكلام ابتكروه هم

‏{‏ഇവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു‏}:അവരെ അല്ലാഹുവിനോട് അടുപ്പിക്കുന്നതിനും അവനോട് അവർക്കുവേണ്ടി ശുപാർശ ചെയ്യുന്നതിനുമായി അവർ അവർക്ക് ഇബാദത്തുകൾ അർപ്പിക്കുന്നു. ഇത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു വാക്കും അവർ നിർമ്മിച്ചുണ്ടാക്കിയ വാദവുമാകുന്നു. (തഫ്സീറുസ്സഅ്ദി)

أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَٰذِبٌ كَفَّارٌ ‎

അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും നുണയനും നന്ദികെട്ടവനു-മായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:39/3)

സൂറ: അസ്സുമർ -3 ന്റെ വിശദീകരണത്തിൽ ശൈഖ് നാസിര്‍ അസ്സഅദി رحمه الله പറയുന്നു: ഈ സമാനതപ്പെടുത്തൽ വളരെയേരെ അപകടകരമാണ്. അത് സൃഷ്ടിയെയും സ്രഷ്ടാവിനെയും തുല്യരാക്കുകയാണ്. അവ തമ്മിലാവട്ടെ, വലിയ അന്തരമുണ്ട്. ബുദ്ധിയും പ്രമാണവുമെല്ലാം അതിനെ ശരിവെക്കുന്നു. രാജാക്കന്മാർക്ക് പ്രജകൾക്കിടയിൽ മധ്യസ്ഥന്മാർ വേണം. കാരണം അവർക്ക് തങ്ങളുടെ പ്രജകളുടെ അവസ്ഥകൾ അറിയില്ല. അപ്പോൾ പറഞ്ഞുകൊടുക്കാൻ ആളുവേണം. അറിയുമെങ്കിൽ തന്നെ അവർ അവരോട് ദയ കാണിച്ചുകൊള്ളണമെന്നുമില്ല. അപ്പോൾ ദയ കാണിക്കാൻ പറയേണ്ടിവരും. അവർക്കത് നേരെ പറയാൻ ഭയമായിരിക്കും. അപ്പോൾ മധ്യസ്ഥരുടെ വാക്ക് സ്വീകരിച്ച് അവരുടെ ആവശ്യം നിർവഹിക്കപ്പെടും. തങ്ങളുടെ സമ്പത്ത് നഷ്ടപ്പെടുമെന്ന ഭയത്താൽ അവർ സഹായം തടഞ്ഞേക്കാം എന്നതിനാൽ അവർക്കും ആവശ്യമുണ്ട്.

എന്നാൽ അല്ലാഹു പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്. തന്റെ ദാസന്മാരെക്കുറിച്ചു പറഞ്ഞുകൊടുക്കുകയോ അറിയിച്ചുകൊടുക്കുകയോ ചെയ്യാൻ ആരും ആവശ്യമില്ല. അവൻ ഏറ്റവും വലിയ കാരുണ്യവാനും ഔദാര്യവാനുമാണ്. തന്റെ ദാസന്മാരോട് കരുണ ചെയ്യാൻ ആരും പറയേണ്ടതില്ല. അവർക്കും അവരുടെ മാതാപിതാക്കൾക്കും അവരോടുള്ളതിനെക്കാളും കരുണ അവന്റെതാണ്. അവർക്കവന്റെ കരുണ ലഭിക്കാനുള്ള മാർഗങ്ങൾ അവൻതന്നെ അവർക്ക് നിർദേശിച്ചുകൊടുക്കുന്നു. അവർ പോലും അവർക്ക് വിചാരിക്കാത്ത ഗുണങ്ങൾ അവൻ അവർക്ക് വിചാരിക്കുന്നു.

അവൻ ആവശ്യമില്ലാത്തവനും പൂർണമായും സ്വയം പര്യാപ്തനുമാണ്. അവന്റെ പടപ്പുകളിൽ ആദ്യത്തെ ആൾ മുതൽ അവസാനത്തെ ആൾവരെ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടി ചോദിച്ചാലും അങ്ങനെ അവൻ ചോദിച്ചതും ആഗ്രഹിച്ചതും മുഴുവൻ നൽകിയാലും അവന് സ്വന്തമായുള്ളതിൽ യാതൊരു കുറവും വരികയില്ല. -എല്ലാ ശുപാർശകരും അവനെ പേടിക്കുന്നു. അവന്റെ അനുവാദമില്ലാതെ ഒരാളും അവന്റെയടുക്കൽ ശുപാർശ ചെയ്യില്ല. ശുപാർശയുടെ മുഴുവൻ അധികാരവും അവനത്രെ. ഈ വ്യതിരിക്തതകളിൽ നിന്നും അല്ലാഹുവിനെ കുറിച്ച് ബഹുദൈവ വിശ്വാസികൾക്കുള്ള അറിവില്ലായ്മയും ബുദ്ധിശൂന്യതയും മനസ്സിലാകും. അവനെതിരെ അവർക്കുള്ള ധൈര്യവും. (തഫ്സീറുസ്സഅ്ദി)

രാജാവിന് ഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ മന്ത്രിയുടെ സഹായം വേണം.  അതു കൊണ്ട് രാജാവ് മന്ത്രിയെ  സഹായിച്ചേക്കാം, ശുപാര്‍ശകൾ അംഗീകരിച്ചേക്കാം. എന്നാൽ അല്ലാഹു ഇങ്ങനെയല്ലല്ലോ. അല്ലാഹുവിന് ആരുടേയും സഹായം ആവശ്യമില്ല. അവന് സഹായിയോ ശുപാര്‍ശക്കാരോ ഇല്ല.

‏ قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ

അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. (ഖുര്‍ആൻ:34/22)

രാജാവിന് സഹായം ആവശ്യപ്പെട്ട വ്യക്തിയുടെ ആവശ്യത്തെ കുറിച്ച് അറിവില്ലായിരുന്നു. അത് മന്ത്രി പറഞ്ഞപ്പോഴാണ് അറിയാൻ കഴിഞ്ഞത്. അല്ലാഹുവിന് ഇങ്ങനെയൊരു അവസ്ഥ ഇല്ലല്ലോ. അല്ലാഹു എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.

وَهُوَ ٱلسَّمِيعُ ٱلْبَصِيرُ

അവന്‍(അല്ലാഹു) എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍:42/11)

സഹായം ആവശ്യപ്പെട്ട വ്യക്തിയെ സഹായിക്കാൻ രാജാവിന് ഉദ്ദേശമില്ലായിരുന്നു. മന്ത്രി ശുപാര്‍ശ ചെയ്തപ്പോഴാണ് രാജാവ് അതിന് തുനിഞ്ഞത്. എന്നാൽ അങ്ങനെയല്ലല്ലോ. അവൻ നീതിമാനാണ്. കരുണയുള്ളവനും മാപ്പ് നൽകുന്നവനുമാണ്.

നാലാമതായി, അല്ലാഹുവിൽ നിന്ന് അകലാനല്ല, മറിച്ച് എല്ലാ അര്‍ത്ഥത്തിലും അല്ലാഹുവിലേക്ക് നേരിട്ട് അടുക്കാനാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.

فَفِرُّوٓا۟ إِلَى ٱللَّهِ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ ‎

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു. (ഖു൪ആന്‍:51/50)

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.