ആമുഖം
മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന വാദഗതിയുടെ നിരര്‍ത്ഥകത വിശദമാക്കാനാണ് ഈ ലഘു രചന. അതിന്റെ നിരര്‍ത്ഥകതയുടെ വശങ്ങള്‍ വൈജ്ഞാനികമായ അപഗ്രഥനത്തിലൂടെ വിശദമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം പദപ്രയോഗങ്ങള്‍ ശരിയല്ല. കാരണം അല്ലാഹുവിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട നമ്മുടെ അക്വീദക്ക് അത് പോറലേല്‍പിക്കുന്നതാണ്. ഒരിക്കലും ഉദ്ദേശിക്കാന്‍ പറ്റാത്ത അപകടകരമായ അര്‍ഥമാണതിനുള്ളതെന്ന കാര്യം അത് പറഞ്ഞുവിടുന്നവര്‍ ഗ്രഹിക്കുന്നില്ല.
സത്യവും ശരിയായ വശവും മനസ്സിലാക്കിയ ശേഷവും ആ പ്രയോഗത്തില്‍ തന്നെ ശഠിച്ചു നില്‍ക്കുന്നവരോടായി ഞാന്‍ പറയട്ടെ; ഈ പ്രാര്‍ഥന എന്നോടൊപ്പം നിങ്ങളും ആവര്‍ത്തിക്കുക:
”അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ സത്യം സത്യമായി കാണിച്ചുതരികയും അത് പിന്‍പറ്റാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കുകയും ചെയ്യേണമേ, അസത്യത്തെ അസത്യമായി കാണിച്ച് തരികയും അത് കയ്യൊഴിക്കാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കുകയും ചെയ്യേണമേ, സര്‍വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവേ, നീ സ്‌നേഹിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന നന്മകള്‍ക്കായി ഞങ്ങളെ നീ അനുഗ്രഹിക്കേണമേ…”’
മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ ഖലീഫയാണ്’എന്ന വാദം നിരര്‍ഥകമാണ്.
ഒന്ന്: പൊതുവായ ആമുഖം
മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന വാദം അതിന്റെ ആശയത്തെക്കുറിച്ച് അറിവോ ഉള്‍ക്കാഴ്ചയോ അതിന്റെ അര്‍ഥതലങ്ങളെക്കുറിച്ച ചിന്തയോ ഇല്ലാതെ രൂപപ്പെട്ട് വന്നതാണ്. പിന്നീടത് പ്രചരിച്ചു. അങ്ങനെ അത് ചിലരുടെയടുക്കല്‍ സര്‍വാംഗീകൃതമായ തത്ത്വം പോലെയായിത്തീര്‍ന്നു. മതചിന്തകളുടെ അടിസ്ഥാനാശയത്തിലേക്ക് വരെ ചിലയാളുകളുടെ നാവിലൂടെ അത് എത്തിച്ചേര്‍ന്നു.
സയ്യിദ് റശീദ് രിദാ, മൗദൂദി, സയ്യിദ് ഖുത്വ്ബ് തുടങ്ങിയ പലരുടെയും രചനകളില്‍ ഈ വാചകം നമുക്ക് കാണാം. അവരെ പിന്‍പറ്റിക്കൊണ്ടും അന്ധമായി അനുകരിച്ചുകൊണ്ടും മറ്റുചില പണ്ഡിതന്മാരുടെ നാവുകളിലും അത് സ്ഥാനം പിടിച്ചു. ഈ ചിന്താഗതിയുടെ വേരുകളന്വേഷിക്കാതെയും അതിന്റെ ന്യായാന്യായങ്ങളും മതപരവും ബൗദ്ധികവുമായ യാതൊരു തെളിവുകളും പരിശോധിക്കാതെയാണവര്‍ അങ്ങനെ ചെയ്തത്. അങ്ങനെ ചില സാമ്പത്തിക വിദഗ്ധര്‍ അതിനെ ഒരു അടിസ്ഥാന സിദ്ധാന്തമായി കണ്ടുകൊണ്ട് സാമ്പത്തിക മേഖലയിലെ തങ്ങളുടെ നിരവധി ഗവേഷണങ്ങള്‍ അവതരിപ്പിക്കുകവരെ ചെയ്തു.
തീര്‍ച്ചയായും പ്രത്യക്ഷത്തില്‍ ആകര്‍ഷണീയമായ, മനുഷ്യരെ ആവേശം കൊള്ളിക്കുന്ന ഒരു വാദഗതിയാണത്. പക്ഷേ, സത്യത്തില്‍ അത് നിരര്‍ത്ഥകവും ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധവുമാണ്.
രണ്ട്: വിശദമായ അപഗ്രഥനം
പ്രതിനിധിയെ നിശ്ചയിക്കുക എന്നത്, പ്രതിനിധിയെ നിശ്ചയിക്കുന്നയാളുടേത് മാത്രമായ കാര്യങ്ങള്‍ ആ പ്രതിനിധിക്ക് ഏല്‍പിച്ചുകൊടുക്കുന്നു എന്ന ആശയമാണ് ഉള്‍ക്കൊള്ളുന്നത്. അങ്ങനെ വരുമ്പോള്‍ അല്ലാഹു മനുഷ്യനെ ഭൂമിയിലെ തന്റെ പ്രതിനിധിയാക്കി എന്ന വാദം താഴെ പറയുന്ന വാദഗതികളിലേതെങ്കിലും ഉള്‍കൊള്ളേണ്ടിവരുന്നു.
അതായത് ഒന്നുകില്‍; അതിന്റെ സൃഷ്ടിപ്പിന്റെ ചുമതല എല്‍പിച്ചുവെന്നോ, അല്ലെങ്കില്‍ ഭൂമിയില്‍ വിധികല്‍പിക്കാനും വിരോധിക്കാനുമുള്ള അധികാരം ഏല്‍പിച്ചുകൊടുത്തുവെന്നോ, അതുമല്ലെങ്കില്‍ പ്രപഞ്ചത്തിലെ വസ്തുക്കളിലും സമ്പത്തിലുമൊക്കെ യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള അധികാരം ഏല്‍പിച്ചുകൊടുത്തുവെന്നോ പറയേണ്ടിവരും.
അതായത് വിചാരണയോ പ്രതിഫലമോ കൂടാതെ സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള അവകാശമെന്നര്‍ഥം; ഒരു പരിശോധനയോ ഭേദഗതിയോ ഇല്ലാതെ തന്നെ. ഒരു രാജാവോ നായകനോ തനിക്ക് ഒരു പ്രതിനിധിയെ നിശ്ചയിക്കുമ്പോള്‍ തന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ അയാളെ ഏല്‍പിച്ചുകൊടുക്കുകയാണ് ചെയ്യുക. പിന്നീട് ഖലീഫയുടെ (പ്രതിനിധിയുടെ) നടപടികള്‍ നടപ്പിലാവുകയും ചെയ്യുന്നു. അതിനെ വിമര്‍ശിക്കുകയോ വിചാരണ നടത്തുകയോ ഭേദഗതി വരുത്തുകയോ ഒന്നും ചെയ്യാതെ തന്നെ. ഒരു സ്ത്രീ തന്റെ വിവാഹത്തിനോ വിവാഹ മോചനത്തിനോ ഉള്ള അധികാരം തന്റെ ‘വലിയ്യിനെ ചുമതലപ്പെടുത്തി ഏല്‍പിക്കുമ്പോള്‍ അവള്‍ അയാള്‍ക്ക് അതില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാനുള്ള അവകാശം വകവെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.
പ്രതിനിധി (ഖലീഫ) ഉടമയെ പോലെത്തന്നെ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനാണ്. തനിക്ക് നല്‍കപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം നല്‍കപ്പെട്ട ഒരു പ്രതിനിധിയോട് അയാളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പിന്നീട് വിചാരണ നടത്തുകയില്ല. അയാളില്‍ വിശ്വാസമില്ലെങ്കില്‍ ഉടമ അയാളെ പ്രതിനിധിയാക്കി ഉത്തരവാദിത്തമേല്‍പിക്കുകയില്ല.
അപ്പോള്‍ സൃഷ്ടിപ്പിന്റെ ചുമതല ഏല്‍പിച്ചുകൊടുക്കുക എന്നത് ഉണ്ടാകാവതല്ല. ഇസ്‌ലാമിക വിശ്വാസങ്ങളുടെ ബാലപാഠങ്ങളില്‍ പെട്ട സംഗതിയാണ് സൃഷ്ടിപ്പ് മുഴുവനും അല്ലാഹുവാണ് നടത്തുന്നത് എന്നത്. അല്ലാഹു ഒരാളെയും ഒരു വസ്തുവിനെയും സൃഷ്ടിക്കാന്‍ ഏല്‍പിച്ചിട്ടില്ല. സൃഷ്ടിപ്പിന്റെ കാര്യത്തില്‍ അല്ലാഹുവിന് ഒരു പ്രതിനിധിയും ഇല്ല.
എന്നാല്‍, മരിച്ചവരെ ജീവിപ്പിക്കുക, കളിമണ്ണ് കൊണ്ട് പക്ഷിരൂപമുണ്ടാക്കിയിട്ട് അതില്‍ ഊതുമ്പോള്‍ അത് പക്ഷിയായി മാറുക തുടങ്ങി ഈസാ നബിക്ക് നല്‍കപ്പെട്ട മുഅ്ജിസത്തുകള്‍ (ദൈവിക ദൃഷ്ടാന്തങ്ങള്‍) ഒന്നും തന്നെ സൃഷ്ടിപ്പിന്റെ ചുമതലയേല്‍പിക്കപ്പെട്ട സംഗതികളല്ല. മറിച്ച് തന്റെ ദൂതന്മാരിലൂടെ അല്ലാഹു നടത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളാണ് അവ. ആ ദൂതന്മാര്‍ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഓരോന്ന് ചെയ്യുന്നുവെന്നല്ലാതെ അവരല്ല അത് സൃഷ്ടിക്കുന്നത്. സൂറതുല്‍ മാഇദയില്‍ അല്ലാഹു അത് വ്യക്തമാക്കിയതാണ്:
إِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ٱذْكُرْ نِعْمَتِى عَلَيْكَ وَعَلَىٰ وَٰلِدَتِكَ إِذْ أَيَّدتُّكَ بِرُوحِ ٱلْقُدُسِ تُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ بِإِذْنِى فَتَنفُخُ فِيهَا فَتَكُونُ طَيْرَۢا بِإِذْنِى ۖ وَتُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ بِإِذْنِى ۖ وَإِذْ تُخْرِجُ ٱلْمَوْتَىٰ بِإِذْنِى ۖ وَإِذْ كَفَفْتُ بَنِىٓ إِسْرَٰٓءِيلَ عَنكَ إِذْ جِئْتَهُم بِٱلْبَيِّنَٰتِ فَقَالَ ٱلَّذِينَ كَفَرُوا۟ مِنْهُمْ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ
(ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). മര്‍യമിന്റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും മധ്യവയസ്‌കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്‌റാഈല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക. (ഖുർആൻ:5/110)
ഇത്തരം അത്ഭുത ദൃഷ്ടാന്തങ്ങളൊക്കെ അല്ലാഹുവിന്റെ അനുമതിയോടുകൂടി മാത്രമാണ് നടക്കുന്നത്. അപ്പോള്‍ കാര്യം അങ്ങനെയാണെന്നിരിക്കെ സൃഷ്ടിപ്പ് ഏല്‍പിച്ചുകൊടുക്കുന്ന പ്രശ്‌നമേ അവിടെ ഉത്ഭവിക്കുന്നില്ല.
എന്നാല്‍ കല്‍പിക്കാനും വിരോധിക്കാനും വിധിപറയാനുമുള്ള (വിധികര്‍തൃത്വത്തിനുള്ള) അല്ലാഹുവിന്റെ അധികാരം ഏല്‍പിച്ചുകൊടുക്കുക എന്നത് മതമോ ബുദ്ധിയോ അംഗീകരിക്കുന്നതല്ല. കാരണം വിധികര്‍തൃത്വം (ഹാകിമിയ്യത്ത്) അല്ലാഹുവിന് മാത്രമുള്ളതാണ്. ആര്‍ക്കാണോ സൃഷ്ടിക്കാനുള്ള അധികാരമുള്ളത് അവന്‍ തന്നെയാണ് കല്‍പനാധികാരവുമുള്ളത്. സൂറത്തുല്‍ അഅ്‌റാഫില്‍ അല്ലാഹു പറയുന്നു:
أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ
അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന് തന്നെയാണ് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണനായിരിക്കുന്നു. (ഖുർആൻ:7/54)
പ്രവാചകന്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ആള്‍ മാത്രമാണ്. പ്രവാചകന്‍ ജീവിച്ചിരിക്കുകയും വഹ്‌യ്'(ദിവ്യ വെളിപാട്) നിലയ്ക്കാതിരിക്കുകയും അല്ലാഹുവിന്റെ ഇടപെടലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ നബി ﷺ തന്റെ ഇജ്തിഹാദിലൂടെ (ഗവേഷണം) പറയുന്ന വിധികള്‍, യാതൊരു ഭേദഗതിയും വരുത്താതെ അല്ലാഹു അംഗീകരിക്കുകയും ചെയ്താല്‍ അത് അല്ലാഹുവിന്റെ തന്നെ വിധിയാണ്. അതിനാല്‍ റസൂലിന്റെ വിധി അല്ലാഹുവിന്റെ തന്നെ വിധിയായിട്ടാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.
അപ്പോള്‍ വിധിവിലക്കുകളുടെ ചുമതല ഒരാളെ ഏല്‍പിക്കുക എന്നത്, അല്ലാഹുവിന്റെ ലക്ഷ്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിര് പ്രവര്‍ത്തിക്കാത്ത മഅ്‌സ്വൂമായ (പാപസുരക്ഷിതന്‍) പ്രവാചകനല്ലാതെ മറ്റൊരാള്‍ക്കും ഉണ്ടാകുന്നതല്ല. ഇജ്തിഹാദില്‍ അദ്ദേഹത്തിന് പിഴവ് സംഭവിക്കാമെന്നതിനാല്‍ അല്ലാഹുവിന്റെ ഇടപെടലുകളും ഭേദഗതി വരുത്തലും തെറ്റുതിരുത്തലും ആക്ഷേപവുമൊക്കെ ചിലപ്പോള്‍ ഉണ്ടാകുന്നതാണ്. നബി ﷺ ക്ക് ബദ്‌റിലെ ബന്ധികളുടെ വിഷയത്തില്‍ ഉണ്ടായതുപോലെ. (ബദ്‌റിലെ ബന്ധികളെ സംബന്ധിച്ചും, മുനാഫിക്വുകളെ യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുവദിച്ചതിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളും സൂറഃഅബസയുടെ അവതരണ പശ്ചാത്തലവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉദാഹരണം)
അങ്ങനെ വരുമ്പോള്‍ മനുഷ്യര്‍ക്ക് മൊത്തത്തില്‍ ഇത്തരം ഒരു ഏല്‍പിച്ചുകൊടുക്കല്‍ ഉണ്ടാവുകയില്ല. കാരണം അവരുടെ കൂട്ടത്തില്‍ അവിശ്വാസികളും തെമ്മാടികളും ദുര്‍നടപ്പുകാരുമൊക്കെയുണ്ട്. അവരിലെ സജ്ജനങ്ങള്‍ക്ക് തന്നെ തങ്ങളുടെ ഗവേഷണ നിരീക്ഷണങ്ങളില്‍ വല്ല പിഴവും സംഭവിച്ചാല്‍ അവരെ തിരുത്തുകയും തദ്‌വിഷയകമായുള്ള അല്ലാഹുവിന്റെ ശരിയായ വിധിയെന്ത് എന്ന് വ്യക്തമാക്കുന്ന ഒരു വഹ്‌യും (ദിവ്യബോധം) ഇല്ല. പ്രവാചകത്വവും ദിവ്യബോധനവും മുഹമ്മദ് നബി ﷺ യുടെ മരണത്തോടെ നിലച്ചു.
മനുഷ്യരുടെ നന്മയും എളുപ്പവും പരിഗണിച്ചുകൊണ്ട് അവര്‍ക്ക് തന്നെ വ്യവസ്ഥകളും നടപടിക്രമകങ്ങളും നിശ്ചയിക്കാനായി അല്ലാഹു വിട്ടുകൊടുത്ത പരിമിതമായ മേഖലയില്‍ അവര്‍ക്ക് ഗുണപരമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കുവാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്. അത് അനുവദിച്ചുകൊണ്ടുള്ള മതവിധി അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാതെ സ്വതന്ത്രമായി അവര്‍ക്ക് ഏല്‍പിച്ചുകൊടുത്തതല്ല. പൊതുവായ കാര്യങ്ങളാണെങ്കില്‍ കൂടിയാലോചന നടത്തുവാന്‍ അവരോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികളുടെ കൈകാര്യ കര്‍ത്താക്കളിലെ ഭൂരിഭാഗവും എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് അതിലെ മതപരമായ വിധി. അല്ലാഹുവിനെയോ റസൂലിനെയോ ധിക്കരിക്കാത്ത നിലയില്‍ ഭരണാധികാരികള്‍ കല്‍പിക്കുന്നത് അനുസരിക്കണമെന്നത് അല്ലാഹുവിന്റെ വിധിയിലൂടെ നിര്‍ബന്ധമായതാണ്.
അല്ലാഹു നമുക്ക് അനുവദിച്ചുതന്ന കാര്യങ്ങളില്‍ തന്നെ അല്ലാഹുവിന്റെ വിധി എന്ന നിലയില്‍ ഒരു കാര്യത്തിലും തിടുക്കം കാട്ടാതെ ഏറ്റവും ശരിയും ഉചിതവുമായത് ഗവേഷണ നിരീക്ഷണങ്ങളിലൂടെ തെരഞ്ഞെടുക്കണമെന്ന് നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. കാരണം, അക്കാര്യത്തില്‍ അല്ലാഹുവിന്റെ വിധി കണ്ടെത്തുന്നതില്‍ നാം ശരിയായോ ഇല്ലേ എന്ന കാര്യം നമുക്കറിയില്ലല്ലോ.
ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ബുറൈദ رضي الله عنه വിന്റെ ഹദീഥില്‍ പറയുന്നു: നബി ﷺ വല്ല സൈന്യത്തിനും യാത്രാസംഘത്തിനും നായകനെ നിശ്ചയിച്ചാല്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും (തക്വ്‌വ കൈക്കൊള്ളണമെന്നും) തന്നോടൊപ്പമുള്ള വിശ്വാസികളുടെ കാര്യത്തിലും നന്മകൊണ്ട് ഉപദേശിക്കുമായിരുന്നു.
താഴെ പറയുന്ന കാര്യം ഈ ഉപദേശങ്ങളില്‍ വന്നതാണ്:
”നീ ഒരു കോട്ട വളയുകയും അവരെ ബന്ധികളാക്കുകയും ചെയ്താല്‍ അവരില്‍ അല്ലാഹുവിന്റെ വിധി നടപ്പാക്കാന്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്താല്‍ നീ ധൃതികൂട്ടി അവരില്‍ വിധി നടപ്പാക്കരുത്. മറിച്ച് ആലോചിച്ച ശേഷം സാവകാശത്തില്‍ നീ അവരില്‍ നിന്റെ വിധി നടപ്പാക്കുക. കാരണം, അവരില്‍ അല്ലാഹുവിന്റെ വിധിയിലേക്ക് ശരിയായ വിധത്തില്‍ എത്തിച്ചേരാന്‍ നിനക്ക് സാധിച്ചോ, ഇല്ലേ എന്ന കാര്യം നിനക്കറിയില്ല.”
ഇതില്‍ നിന്ന് തന്നെ ബുദ്ധിയും വിവേകവുമുള്ള ഏതൊരാള്‍ക്കും വ്യക്തമാകുന്ന സംഗതിയാണ്, വിധി കല്‍പിക്കാനുള്ള അധികാരം പാപസുരക്ഷിതനും വഹ്‌യിലൂടെ നിര്‍ദേശങ്ങള്‍ നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഒരു പ്രവാചകനല്ലാതെ മറ്റൊരാള്‍ക്കും നല്‍കപ്പെടുകയില്ല എന്നത്. അത്തരം വാദഗതികള്‍ക്ക് മതപരമായി യാതൊരു ന്യായീകരണവും സ്വീകാര്യതയുമില്ല എന്ന് സാരം.
സൂറതുത്തൗബയില്‍ (9:31) അല്ലാഹു പറഞ്ഞ, ‘ജൂതന്മാരും ക്രിസ്ത്യാനികളും അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ റബ്ബുകളാക്കി’ എന്നതിന്റെ അര്‍ഥം നബി ﷺ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ പണ്ഡിത-പുരോഹതിന്മാരെ ആരാധിക്കുന്നില്ലല്ലോ എന്ന് അദിയ്യൂബ്‌നു ഹാതിമുത്ത്വാഇ رضي الله عنه നബി ﷺ യോട് പറഞ്ഞപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതെ, എന്നാല്‍ പണ്ഡിത-പുരോഹിതന്മാര്‍ അവര്‍ക്ക് അനുവദനീയമായ കാര്യങ്ങള്‍ നിഷിദ്ധമാക്കാറുണ്ട്. നിഷിദ്ധമായവ അനുവദിച്ച് കൊടുക്കാറുമുണ്ട്. അങ്ങനെ അവരെ പിന്‍പറ്റി ഇവരത് ചെയ്യും. അതാണ് ഇവര്‍ അവര്‍ക്ക് ചെയ്ത ആരാധന (ഇബാദത്ത്).” ഇതാണ് വിധിവിലക്കുകളുടെ അധികാരത്തിന്റെ കാര്യം. തെറ്റ് പറ്റിയാല്‍ വഹ്‌യിലൂടെ തിരുത്തിക്കൊടുത്തുകൊണ്ട് അല്ലാഹു ഇടപെടുന്ന പാപസുരക്ഷിതനായ പ്രവാചകന് മാത്രമുള്ളതാണ് അത്. മനുഷ്യരില്‍ മറ്റൊരാള്‍ അത്തരമൊരു അധികാരമോ പദവിയോ ഇല്ലായെന്ന് സാരം.
എന്നാല്‍ കര്‍മങ്ങളിലും ക്രയവിക്രയങ്ങളിലുമുള്ള അധികാരം ഏല്‍പിക്കല്‍ എന്നത്, ‘മനുഷ്യരില്‍ നിന്നുണ്ടാകുന്ന ഏത് കര്‍മവും ഇടപാടുകളും അനുവദനീയമാണ്, മതത്തില്‍ അതിന് യാതൊരു വിരോധമില്ല എന്ന ആശയമാണുള്‍ക്കൊള്ളുന്നത്’ എന്ന വാദം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. ബുദ്ധിയും ബോധവുമുള്ള ഒരാള്‍ അത് അംഗീകരിക്കുകയുമില്ല. എന്നിട്ടല്ലേ, അല്ലാഹുവില്‍ വിശ്വാസമുള്ള ഒരു മുസ്‌ലിമിന് അത് അംഗീകരിക്കാന്‍ സാധിക്കുക!
ഖിലാഫത്തും സ്വതന്ത്രാധികാരവും
തീര്‍ച്ചയായും ഭൗതിക ജീവിതത്തില്‍ മനുഷ്യന്റെ സ്ഥാനം നിയമശാസനകളുടെയും ഉത്തരവാദിത്തങ്ങളുടേതുമാണ്. നിയമങ്ങള്‍ ബാധകമായ ഒരാളെ സംബന്ധിച്ചിടത്തോളം കല്‍പിക്കപ്പെടുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അയാള്‍ ചോദിക്കപ്പെടുന്നതുമാണ്. അതിനനുസരിച്ചാണ് അയാള്‍ക്ക് പ്രതിഫലം നല്‍കപ്പെടുക.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ ﴿٨﴾
അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും. (ഖുർആൻ:99/7-8)
ഈ വചനങ്ങളിലൂടെ ക്വുര്‍ആന്‍ ഇക്കാര്യം ഉണര്‍ത്തുന്നു.
തീര്‍ച്ചയായും ഈ ഭൗതിക ലോകത്ത് പരീക്ഷിക്കപ്പെടുന്ന ഒരു അടിമയാണ് മനുഷ്യന്‍. ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ പ്രതിനിധി(ഖലീഫ)യല്ല അവന്‍. പ്രതിനിധികളെ സ്വീകരിക്കുന്നതിനെ തൊട്ട് പരിശുദ്ധനും എത്രയോ ഉന്നതനുമാണ് അല്ലാഹു!
മനസ്സിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനങ്ങളിലും ഉദ്ദേശ്യങ്ങളിലും വിശ്വാസങ്ങളിലും ചിന്തയിലുമുള്ള നന്മതിന്മകളുടെ തെളിഞ്ഞ വഴികള്‍ക്കിടയില്‍ ഈ ഭൗതിക ലോകത്തിന്റെ സ്ഥിതിഗതികള്‍ക്കനുസരിച്ച് പരീക്ഷണം യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി, തന്നിലുള്ളതും തന്റെ ചുറ്റുപാടിലുള്ളതുമായ ചില സംഗതികളെ അല്ലാഹു മനുഷ്യന് കീഴ്‌പ്പെടുത്തിക്കൊടുത്തിട്ടുണ്ട്. അല്ലാഹുവിന്റെ ക്വളാ-ക്വദ്‌റുകള്‍ക്ക് വിധേയമായി മനുഷ്യന് തന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിന് വേണ്ടി അവന്‍ ചില കാര്യ-കാരണങ്ങളെ നിശ്ചയിക്കുകയും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ മനുഷ്യന് കീഴ്‌പ്പെടുത്തിക്കൊടുത്തിട്ടുള്ള കാര്യങ്ങളിലൂടെ അവന്റെ ലക്ഷ്യങ്ങള്‍ അല്ലാഹുവിന്റെ ക്വളാ-ക്വദ്‌റിന് എതിരായി വരാത്തിടത്തോളം അല്ലാഹു ഉദ്ദേശിക്കുന്നത് അവന് പൂര്‍ത്തീകരിച്ചുകൊടുക്കുന്നു. അപ്പോള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിലൂടെ ഫലം ഉണ്ടാകുന്നു. എന്നാല്‍ അല്ലാഹു മനുഷ്യരെ, അവര്‍ തെരഞ്ഞെടുത്ത കാരണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ വിചാരണ ചെയ്യുകയും പ്രതിഫലം നല്‍കുകയും ചെയ്യും.
ഇത് വ്യക്തമാക്കാനായി ഒരു ഉദാഹരണം പറയാം: കുട്ടികള്‍ക്ക് കളിക്കുവാനായി പാര്‍ക്കുകളിലും മറ്റും സജ്ജീകരിച്ചിട്ടുള്ള ഇലക്ട്രിക് കാറുകളുടേതുപോലെ. കുട്ടികള്‍ അതില്‍ കയറിയിരുന്ന് സ്റ്റിയറിങ്ങ് തിരിക്കുന്നു. എന്നാല്‍ കാറുകള്‍ ഓടുന്നതാകട്ടെ കണ്‍ട്രോളര്‍ വിട്ടുകൊടുക്കുന്ന വൈദ്യുത പ്രവാഹമനുസരിച്ചാണ്. കണ്‍ട്രോളര്‍ അത് നിറുത്താനുദ്ദേശിക്കുമ്പോള്‍ സ്വിച്ച് ഓഫാക്കുകയും കാറുകള്‍ നിശ്ചലമാക്കുകയും ചെയ്യുന്നു. അദ്ദേഹമാണ് കാറുകളെ കുട്ടികള്‍ക്ക് നിയന്ത്രണ വിധേയമാക്കികൊടുക്കുകയും അവയെ ചലിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നത്. കണ്‍ട്രോളറുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും പാലിച്ചോ, ഇല്ലയോ എന്നതിനനുസരിച്ചാണ് വിചാരണയും പ്രതിഫലവും.
മനുഷ്യന് ഈ ഭൗതികലോകത്ത് അതിന്റെ വ്യവസ്ഥിതിക്കനുസരിച്ച് ചില കാര്യങ്ങള്‍ കീഴ്‌പെടുത്തിക്കൊടുത്തുകൊണ്ട് പരീക്ഷിക്കുന്നത് ഒരിക്കലും അവന് സ്വതന്ത്രമായ അധികാരം ഏല്‍പിച്ചുകൊടുക്കലോ അവനെ അല്ലാഹുവിന്റെ പകരക്കാരനായി (പ്രതിവിധിയായി) നിശ്ചയിക്കലോ അല്ല. അല്ലാഹു തന്റെ സൃഷ്ടികളില്‍ അവന് പകരക്കാരനായി വെച്ചിട്ടില്ല.
സര്‍വതിന്റെയും അധികാരവും ഉടമസ്ഥതയും അല്ലാഹുവിന്റെ കയ്യിലാണെന്നിരിക്കെ അവന് എങ്ങനെ ഒരു പകരക്കാരനുണ്ടാകും?
സൂറത്തു യാസീനില്‍ അല്ലാഹു പറയുന്നു:
إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ ﴿٨٢﴾ فَسُبْحَٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ ﴿٨٣﴾
താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍!(ഖുർആൻ:36/82-83)
മനുഷ്യന് കീഴ്‌പെടുത്തിക്കൊടുത്തിട്ടുള്ളവയുടെയും മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം അല്ലാഹുവിന്റെ കയ്യിലാണ്’ എന്ന വ്യാപകാര്‍ഥത്തില്‍ പെടുന്നതു തന്നെയല്ലേ? ഈ സൂക്തമാകട്ടെ എല്ലാത്തിന്റെയും ആധിപത്യം അല്ലാഹുവിന്റെ കയ്യിലാണെന്ന് വ്യക്തമാക്കുന്നു. അതായത്, അവയുടെ പൂര്‍ണമായ ആധിപത്യവും അവയിലെ ക്രയവിക്രയങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യവും അറിവും അനുസരിച്ച് മാത്രമാണ്. അപ്പോള്‍ എവിടെയാണ് അല്ലാഹുവിന് ഒരു പകരക്കാരന്‍? അല്ലാഹു അതില്‍ നിന്നും എത്രയോ ഉന്നതനും പരിശുദ്ധനുമാണ്.
ഇതാണ് സലഫു സ്വാലിഹുകളുടെ വിശ്വാസം. മനുഷ്യരുടെ കര്‍മങ്ങള്‍ നിര്‍ബന്ധിതമായി ചെയ്യുന്നവയാണോ (ജബ്ര്‍) അതല്ല അവര്‍ക്കതില്‍ സ്വാതന്ത്ര്യമുണ്ടോ (ഇഖ്തിയാര്‍) എന്ന വിഷയത്തില്‍ മഹാനായ അലിയ്യുബ്‌നു അബീത്വാലിബ് رضي الله عنه വില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു:
‘നന്മ തെരഞ്ഞെടുക്കാന്‍ അല്ലാഹു കല്‍പിച്ചു. തിന്മയെ തൊട്ട് താക്കീത് ചെയ്തു. ഒരാളും തന്നെ ബലാല്‍ക്കാരമായി തെറ്റ് ചെയ്യുന്നില്ല. ഒരാളെയും നിര്‍ബന്ധിച്ച് നന്മചെയ്യിക്കുന്നുമില്ല. ഒരാള്‍ക്കും പൂര്‍ണമായി അധികാരം ഏല്‍പിച്ച് കൊടുത്തിട്ടുമില്ല. അഥവാ മനുഷ്യന്റെ കര്‍മങ്ങള്‍ അവയ്ക്കിടയിലാണ്. പൂര്‍ണമായി ഏല്‍പിച്ചുകൊടുക്കപ്പെട്ടിട്ടില്ല. നിര്‍ബന്ധിതനായി ചെയ്യുകയുമല്ല. ശേഷിയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അല്ലാഹുവിന്റെ നിയന്ത്രണത്തിന് വിധേയമായി തന്നെ മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു.’ (ശര്‍ഹുല്‍ മക്വാസ്വിദ്, ഭാഗം 2, പേജ് 133, അല്‍ ഇത്ഹാഫ് ശര്‍ഹുല്‍ ഇഹ്‌യാഅ് ഭാഗം 2, പേജ് 52).
മനുഷ്യന്‍ നിര്‍ബന്ധിതനോ, പൂര്‍ണമായി അധികാരമേല്‍പിക്കപ്പെട്ടവനോ അല്ലെന്ന് അലി رضي الله عنه ഇതിലൂടെ വ്യക്തമാക്കുന്നു. അപ്പോള്‍ പിന്നെ എങ്ങനെയാണ് മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധി (ഖലീഫ) യാകുന്നത്? ഖലീഫ എന്നത് ഒരു പ്രവാചകന്‍ അഥവാ ദൂതന്‍ എന്നതിനെക്കാള്‍ ഉന്നതമായ ആശയമാണ് ഉള്‍ക്കൊള്ളുന്നതെന്ന കാര്യം ഇതിനോട് ചേര്‍ന്ന് വായിക്കുക. പ്രവാചകന്‍, ദൈവികമായ സന്ദേശങ്ങള്‍ വഹ്‌യിലൂടെ അറിയിക്കപ്പെടുന്ന വ്യക്തിയാണ്. റബ്ബിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുവാന്‍ ഉത്തരവാദിത്തമേല്‍പിക്കപ്പെട്ട വ്യക്തിയാണ് ഒരു ദൈവ ദൂതന്‍. ദൈവിക കല്‍പനകള്‍ പാലിക്കുന്നതില്‍ ഏറ്റവും ഉന്നത നിലവാരത്തിലായിരിക്കും ദൈവദൂതന്മാര്‍ നിലകൊള്ളുന്നതെന്ന കാര്യം മതപരവും ബുദ്ധിപരവുമായ തെളിവുകള്‍ അറിയിക്കുന്ന സംഗതിയാണ്. അവര്‍ പാപങ്ങളില്‍ നിന്നും ദൈവിക കല്‍പനകളെ ധിക്കരിക്കുന്നതില്‍ നിന്നുമൊക്കെ സുരക്ഷിതരും സൂക്ഷ്മത പുലര്‍ത്തുന്നവരുമായിരിക്കും. കാരണം അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുവാന്‍ ഏല്‍പിക്കപ്പെട്ട അവര്‍ അല്ലാഹുവിന്റെ പേരില്‍ കളവ് പറയാതിരിക്കുക എന്നതും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ നല്ലതല്ലാത്ത ഒന്നിനും അവര്‍ മാതൃകയാകാതിരിക്കുക എന്നതും ആവശ്യമാണല്ലോ.
അല്ലാഹു അവന്റെ ദൂതന്മാരോടൊപ്പം മലക്കുകളാകുന്ന കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ ദൂതന്മാര്‍ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുത്തു എന്ന് അറിയുന്നതിനും അവരെ അനുഗമിക്കുന്നതിനും വേണ്ടിയാണത്.
ഈ ദൈവിക നടപടിക്രമത്തെക്കുറിച്ചാണ് അല്ലാഹു സൂറത്തുല്‍ ജിന്നിലൂടെ പറഞ്ഞത്:
عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا ﴿٢٦﴾ إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ فَإِنَّهُۥ يَسْلُكُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ رَصَدًا ﴿٢٧﴾ لِّيَعْلَمَ أَن قَدْ أَبْلَغُوا۟ رِسَٰلَٰتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَىْءٍ عَدَدَۢا ﴿٢٨﴾
അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്. അവര്‍ (ദൂതന്‍മാര്‍) തങ്ങളുടെ രക്ഷിതാവിന്റെ ദൗത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അവന്‍ (അല്ലാഹു) അറിയാന്‍ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു. (ഖുർആൻ:72/26-28)
അല്ലാഹുവിന്റെ ദൂതന്മാരുടെ കാര്യം പോലും ഇങ്ങനെയാണെന്നിരിക്കെ തന്റെ ചുമതലയേല്‍പിക്കപ്പെട്ട ഖലീഫയുടെ കാര്യമെന്തായിരിക്കും? ഏറ്റവും ചെറിയ കാര്യങ്ങളില്‍ ആണെങ്കില്‍ പോലും അല്ലാഹുവിന് എതിര് പ്രവര്‍ത്തിക്കാതിരിക്കുക എന്നത് അനിവാര്യമാണെന്ന് ആരും സമ്മതിക്കും.
ഒരാള്‍ അല്ലാഹുവിന്റെ ദൂതനാണെന്നും അല്ലാഹുവിന്റെ സന്ദേശങ്ങളുമായി അയക്കപ്പെട്ടവനാണെന്നും അവകാശപ്പെടുകയും അതിനെ സാക്ഷീകരിക്കുന്ന യാതൊരു ദൃഷ്ടാന്തവും (മുഅ്ജിസത്തും) കൊണ്ടുവന്നിട്ടുമില്ല, എങ്കില്‍ നാം പറയും അയാള്‍ അല്ലാഹുവിന്റെ പേരില്‍ കളവ് പറയുകയാണ് എന്ന്. അപ്പോള്‍ അല്ലാഹുവിന്റെ പ്രതിനിധി (ഖലീഫ) യാണെന്ന് വാദിക്കുന്നവന്റെ കാര്യമോ? ഖിലാഫത്താകട്ടെ പ്രവാചകത്വത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണ് താനും. (അല്ലാഹുവിന്റെ സന്ദേശ വാഹകനെക്കാള്‍ ഉന്നതനായിരിക്കണമല്ലൊ അവന്റെ പ്രാതിനിധ്യം വഹിക്കുന്നവന്‍!)
മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി)യാണെന്ന് ഇനിയും ആരെങ്കിലും പറയുമോ? അല്ലാഹുവിന്റെ നിയമം നടപ്പാക്കേണ്ടതിന് വേണ്ടിയുള്ള, അല്ലാഹുവിന്റെ രീതിശാസ്ത്രമനുസരിച്ച് ഭൂമി തിരിക്കേണ്ടതിന് വേണ്ടിയുള്ള ഖലീഫ എന്നും മറ്റും ഇനിയും പറയാന്‍ കഴിയുമോ? അല്ലാഹു സൂറഃ യൂസുഫില്‍ ഇങ്ങനെ പറഞ്ഞിരിക്കെ:
وَمَآ أَكْثَرُ ٱلنَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ
എന്നാല്‍ നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല. (ഖുർആൻ:12/103)
അപ്പോള്‍ പിന്നെ എങ്ങനെ അവര്‍ക്ക് ഈ ഖിലാഫത്ത്’ശരിയാകും? സര്‍വജ്ഞനും യുക്തിജ്ഞാനിയുമായ അല്ലാഹു എങ്ങനെ ഇത്തരക്കാരെ അവന്റെ പ്രതിനിധിയായി നിശ്ചയിക്കും?
അല്ലാഹുവിന്റെ യുക്തിഭദ്രമായ തീരുമാനത്തില്‍പെട്ടതാണ് തന്റെ രിസാലത്ത്’പൂര്‍ണമായി അതിന് അര്‍ഹതപ്പെട്ടവര്‍ക്കല്ലാതെ അത് കൊടുക്കുകയില്ല എന്നത്. അതാകട്ടെ സന്ദേശങ്ങളെത്തിക്കുകയും സല്‍മാതൃകയാവുക എന്ന ദൗത്യമാണ് ഉള്‍ക്കൊള്ളുന്നത്. സൂറഃ അല്‍അന്‍ആമില്‍ അല്ലാഹു പറയുന്നു:
وَإِذَا جَآءَتْهُمْ ءَايَةٌ قَالُوا۟ لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَآ أُوتِىَ رُسُلُ ٱللَّهِ ۘ ٱللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُۥ ۗ سَيُصِيبُ ٱلَّذِينَ أَجْرَمُوا۟ صَغَارٌ عِندَ ٱللَّهِ وَعَذَابٌ شَدِيدُۢ بِمَا كَانُوا۟ يَمْكُرُونَ
അവര്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നാല്‍, അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക് നല്‍കപ്പെട്ടത് പോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുന്നത് വരെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്നായിരിക്കും അവര്‍ പറയുക. എന്നാല്‍ അല്ലാഹുവിന്ന് നല്ലവണ്ണമറിയാം; തന്റെ ദൗത്യം എവിടെയാണ് ഏല്‍പിക്കേണ്ടതെന്ന്. കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവര്‍ക്ക് തങ്ങള്‍ പ്രയോഗിച്ചിരുന്ന കുതന്ത്രത്തിന്റെ ഫലമായി അല്ലാഹുവിങ്കല്‍ ഹീനതയും കഠിനമായ ശിക്ഷയും വന്നുഭവിക്കുന്നതാണ്. (ഖുർആൻ:6/124)
എന്നിരിക്കെ, തനിക്ക് ഒരു ഖലീഫയെ (പ്രതിനിധിയെ) നിശ്ചയിക്കുവാന്‍ അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ആ ഖലീഫയിലും ഇക്കാര്യങ്ങള്‍ അവന്‍ പാലിക്കുകയില്ലേ?
തീര്‍ച്ചയായും അല്ലാഹു ഭൂമിയില്‍ അവനൊരു ഖലീഫയെ നിശ്ചയിക്കുവാനുദ്ദേശിക്കുകയാണെങ്കില്‍ ആ ഖിലാഫത്തിന് എല്ലാ അര്‍ഥത്തിലും യോഗ്യനും അര്‍ഹനുമായ ഒരാളെയായിരിക്കും തെരഞ്ഞെടുക്കുക. സ്വതന്ത്രമായ ഇഛയും സ്വാതന്ത്ര്യവുമുള്ള എല്ലാവര്‍ക്കും അത് പൊതുവായി കൊടുക്കുകയില്ല. (തെറ്റ് ചെയ്യാനും നന്മ ചെയ്യാനും അനുസരിക്കാനും അനുസരണക്കേട് കാണിക്കാനും കഴിയുന്ന അല്ലാഹുവിനെ നിഷേധിക്കാന്‍ വരെ സാധിക്കുന്നതും തദടിസ്ഥാനത്തില്‍ അവരെ പരീക്ഷിക്കുകയും എന്നിട്ട് വിചാരണ നടത്തുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്ന മനുഷ്യര്‍ക്ക്).
ഖിലാഫത്ത് ‘വകാലത്ത്’ അഥവാ പകരം നില്‍ക്കല്‍ എന്ന അര്‍ത്ഥമുള്‍കൊള്ളുന്നു. “അല്ലാഹുവിന്റെ ഖലീഫ” എന്ന് പറയുമ്പോള്‍ അല്ലാഹുവിന്റെ പകരക്കാരന്‍ അല്ലെങ്കില്‍ അധികാരം ഏല്‍പിക്കപ്പെട്ടവന്‍ എന്ന അര്‍ഥമാണ്. കൈകാര്യാധികാരം നല്‍കപ്പെട്ട ഒരാളെ സംബന്ധിച്ചിടത്തോളം തന്റെ അധികാരത്തില്‍ അയാള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതല്ല. മറിച്ച് വഞ്ചന നടത്തുകയോ വീഴ്ച വരുത്തുകയോ ചെയ്താല്‍ അതിനെക്കുറിച്ച് മാത്രമായിരിക്കും ചോദ്യമുണ്ടാവുക.
മതപരമായ പ്രമാണങ്ങള്‍ നമ്മെ അറിയിക്കുന്നത് എല്ലാ കാര്യത്തിന്റെയും ചുമതല ഏറ്റെടുത്ത് നടത്തുന്നവന്‍ (വകീല്‍) അല്ലാഹുവാണെന്നാണ്. തന്റെ റസൂലിനോട് പോലും അല്ലാഹു വ്യക്തമാക്കിയത് അദ്ദേഹം ജനങ്ങളുടെ കാര്യമേല്‍പിക്കപ്പെട്ടവനല്ല എന്നാണ്. മറിച്ച് അല്ലാഹുവിന്റെ ദൂതനും സന്ദേശങ്ങള്‍ എത്തിക്കേണ്ടവനും മാത്രമാണെന്നാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഉല്‍കൃഷ്ടനായ മുഹമ്മദ് നബി ﷺ പോലും ജനങ്ങളുടെ ചുമതലയേല്‍പിക്കപ്പെട്ടയാളല്ല എങ്കില്‍ മറ്റൊരാളും അത്തരമൊരു പദവിക്ക് അര്‍ഹനല്ല തന്നെ.
തെളിവുകള്‍ കാണുക.
(ഒന്ന്) സൂറത്തു ഹൂദിലൂടെ അല്ലാഹു തന്റെ റസൂലിനോട് പറയുന്നു:
فَلَعَلَّكَ تَارِكُۢ بَعْضَ مَا يُوحَىٰٓ إِلَيْكَ وَضَآئِقُۢ بِهِۦ صَدْرُكَ أَن يَقُولُوا۟ لَوْلَآ أُنزِلَ عَلَيْهِ كَنزٌ أَوْ جَآءَ مَعَهُۥ مَلَكٌ ۚ إِنَّمَآ أَنتَ نَذِيرٌ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ وَكِيلٌ
ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്‌തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്റെയും സംരക്ഷണമേറ്റവനാകുന്നു. (ഖുർആൻ:11/12)
‘മുഹമ്മദ് നബി ﷺ താക്കീത് നല്‍കുന്നവനും സന്ദേശമെത്തിക്കുന്നവനും മാത്രമാണ്; ജനങ്ങളുടെ മേല്‍ ഉത്തരവാദിത്തമേല്‍പിക്കപ്പെട്ടവനല്ല. ജനങ്ങളുടെ മേല്‍ അധികാരമുള്ളത് അല്ലാഹുവിന് മാത്രം. അവനാണ് സര്‍വതിന്റെയും ഉത്തരവാദിത്തം. പ്രപഞ്ചത്തിലെ ഓരോന്നിന്റെയും കൈകാര്യകര്‍ത്താവ് അവനാണ്. അവനാണ് എല്ലിത്തിന്റെ മേലും ആധിപത്യമുള്ളവന്‍’ എന്ന് സാരം.
(രണ്ട്) സൂറത്തുസ്സുമറില്‍ അല്ലാഹു പറയുന്നു:
ٱللَّهُ خَٰلِقُ كُلِّ شَىْءٍ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ
അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നു. (ഖുർആൻ:39/62)
എല്ലാത്തിന്റെ മേലും നിരുപാധികമായ അധികാരങ്ങളുള്ളവനാണ് അല്ലാഹു. അവനാണ് അവയെ സൃഷ്ടിച്ചതും. അവയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവനും ഉത്തരവാദിത്തമേറ്റെടുക്കുന്നവനും അവനാണ്. അവയ്ക്ക് കാര്യകാരണങ്ങള്‍ നിശ്ചയിക്കുന്നതും തടസ്സങ്ങള്‍ നീക്കുന്നതും അവയുടെ നിലനില്‍പിനാവശ്യമായവ നല്‍കുന്നതുമൊക്കെ അവനാണ്. നമ്മുടെ കാര്യത്തില്‍ അല്ലാഹു ചെയ്യുന്ന എത്രയോ കാര്യങ്ങളുണ്ട്. അവ എണ്ണിക്കണക്കാക്കാന്‍ പോലും നമുക്ക് സാധ്യമല്ല. അവ അല്ലാഹു ഏറ്റെടുത്ത് നിര്‍വഹിക്കുകയില്ലെങ്കില്‍ ഒരു നിമിഷം പോലും നമുക്കിവിടെ നിലനില്‍ക്കാന്‍ കഴിയാത്തവിധം നാം എന്നേ നാമാവശേഷമാകുമായിരുന്നു.
(മൂന്ന്) സൂറഃ യൂനുസിലൂടെ അല്ലാഹു തന്റെ റസൂലിനോട് കല്‍പിക്കുന്നത് കാണുക:
قُلْ يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنَا۠ عَلَيْكُم بِوَكِيلٍ
പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്റെ ദോഷവും അവന് തന്നെയാണ്. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല. (ഖുർആൻ:10/108)
‘ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തമേല്‍പിക്കപ്പെട്ടവനൊന്നുമല്ല. അതായത്, അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും മറ്റും നിങ്ങളെ രക്ഷിക്കാന്‍ എനിക്ക് കഴിയില്ല. കാരണം ഞാന്‍ നിങ്ങളുടെ മേല്‍ അധികാരം ഏല്‍പിക്കപ്പെട്ടയാളല്ല. എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചുകൊടുക്കുന്നവന്‍ മാത്രമാണ് ഞാന്‍’ എന്ന് വ്യക്തമാക്കുവാനാണ് അല്ലാഹു നബി ﷺ യോട് ആവശ്യപ്പെടുന്നത്.
(നാല്) സൂറത്തുല്‍ അന്‍ആമിലൂടെ അല്ലാഹു അവതരിപ്പിച്ചത് നോക്കുക:
ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَٰهَ إِلَّا هُوَ ۖ خَٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ
അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. (ഖുർആൻ:6/102)
തുടര്‍ന്ന് തന്റെ ദൂതനോട് പറയുന്നത് ശ്രദ്ധിക്കുക:
وَلَوْ شَآءَ ٱللَّهُ مَآ أَشْرَكُوا۟ ۗ وَمَا جَعَلْنَٰكَ عَلَيْهِمْ حَفِيظًا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ (അവനോട്) പങ്കുചേര്‍ക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ മേല്‍ ഒരു കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനുമല്ല. (ഖുർആൻ:6/107)
അതായത്, ‘അല്ലയോ നബിയേ, അവരെ ശിര്‍ക്കില്‍ നിന്ന് തൗഹീദിലേക്ക് മാറ്റേണ്ടതിന്റെ ബാധ്യത നിനക്കില്ല. കാരണം അല്ലാഹു അവരെ പരീക്ഷിക്കുന്നതിന് വേണ്ടി അവര്‍ക്ക് സ്വതന്ത്രമായ ഇഛാസ്വാതന്ത്രം നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം അവരില്‍ നിന്ന് എടുത്തുമാറ്റാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരെ യഥാര്‍ഥ വിശ്വാസത്തിന് നിര്‍ബന്ധിതരാക്കലായിരിക്കും. അപ്പോള്‍ അവര്‍ ബഹുദൈവ വിശ്വാസികളാവുകയില്ല.’
അബ്ദുര്‍റഹ്മാന്‍ ഹസന്‍ ഹബന്നകതുല്‍ മീദാനി
വിവർത്തനം : ശമീര്‍ മദീനി
kanzululoom.com