സൂറത്തുൽ കൗഥർ : പ്രവാചകനുള്ള സ്വർഗ്ഗീയ സമ്മാനവും, വിരോധികൾക്കുള്ള നിത്യനാശവും

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ, വിശുദ്ധ ഖുർആനിലെ ഏറ്റവും ചെറിയ അധ്യായമായ ‘സൂറത്തുൽ കൗഥറി’ന്റെ മഹനീയമായ ആശയങ്ങളും പാഠങ്ങളും ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رَحِمَهُ ٱللّٰهُ നൽകിയ വിശദീകരണത്തിന്റെ (മജ്മൂഉൽ ഫതാവ, വാല്യം 16, തഫ്സീർ സൂറത്തുൽ കൗഥർ) വെളിച്ചത്തിൽ നമുക്ക് പരിശോധിക്കാം. വലുപ്പത്തിൽ ചെറുതാണെങ്കിലും, അർത്ഥതലങ്ങളിൽ ഏറെ സമ്പന്നമായ ഒരു അധ്യായമാണിത്.

ഇമാം ഇബ്‌നു തൈമിയ്യ رَحِمَهُ ٱللّٰهُ പറയുന്നു: “എത്ര മനോഹരമായ സൂറത്താണ് സൂറത്തുൽ കൗഥർ! അതിന്റെ വലിപ്പം ചെറുതാണെങ്കിലും അതിലെ ഉപകാരങ്ങൾ എത്രയധികമാണ്. അല്ലാഹു തന്റെ പ്രവാചകനോട് വിദ്വേഷം വെച്ചുപുലർത്തുന്നവനെ സർവ്വ നന്മകളിൽ നിന്നും മുറിച്ചുമാറ്റുന്നു എന്ന് പ്രഖ്യാപിക്കുന്ന ഇതിന്റെ അവസാന ഭാഗത്തുനിന്നും ഈ അധ്യായത്തിന്റെ ഗൗരവം നമുക്ക് ബോധ്യപ്പെടുന്നതാണ്”.

ഈ അധ്യായം പ്രധാനമായും മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്:

1. അൽ-കൗഥർ: നബി ﷺ ക്ക് നൽകപ്പെട്ട അപാരമായ നന്മകൾ

അല്ലാഹു പറയുന്നു:

إِنَّآ أَعْطَيْنَٰكَ ٱلْكَوْثَرَ ‎

തീർച്ചയായും നിനക്ക് നാം ‘കൗഥർ’ നൽകിയിരിക്കുന്നു. (സൂറ:അൽ കൗഥര്‍ 1)

ഇവിടെ ‘അൽ-കൗഥർ’ (അതിരറ്റ നന്മ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇഹത്തിലും പരത്തിലുമായി അല്ലാഹു നബി ﷺ ക്ക് നൽകിയ വമ്പിച്ച അനുഗ്രഹങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വർഗ്ഗത്തിൽ അവിടുത്തേക്ക് നൽകപ്പെട്ട നദിയാകുന്നു. നബി ﷺ പറഞ്ഞു:

بَيْنَمَا أَنَا أَسِيرُ فِي الجَنَّةِ، إِذَا أَنَا بِنَهَرٍ، حَافَتَاهُ قِبَابُ الدُّرِّ المُجَوَّفِ، قُلْتُ: مَا هَذَا يَا جِبْرِيلُ؟ قَالَ: هَذَا الكَوْثَرُ، الَّذِي أَعْطَاكَ رَبُّكَ، فَإِذَا طِينُهُ – أَوْ طِيبُهُ – مِسْكٌ أَذْفَرُ

അത് (കൗഥർ) എന്റെ റബ്ബ് എനിക്ക് നൽകിയ സ്വർഗ്ഗത്തിലെ ഒരു നദിയാകുന്നു. (അതിന്റെ) ഇരുവശങ്ങളിലും പൊള്ളയായ മുത്തുകളുടെ കൂടാരങ്ങളുണ്ട്. അതിന്റെ മണ്ണ് (അല്ലെങ്കിൽ സുഗന്ധം) കസ്തൂരിയെക്കാൾ വാസനയുള്ളതാണ്. [സ്വഹീഹുൽ ബുഖാരി 6581].

അവിടുത്തെ ഉമ്മത്തിന് ലഭിക്കുന്ന പ്രതിഫലത്തിന് തുല്യമായ പ്രതിഫലം, അവരുടെ പ്രതിഫലത്തിൽ ഒട്ടും കുറവ് വരാതെ തന്നെ അല്ലാഹു നബി ﷺ ക്കും നൽകുന്നതാണ്. കാരണം അവിടുത്തെ പ്രബോധനത്തിലൂടെയും മാർഗ്ഗദർശനത്തിലൂടെയുമാണ് അവർ സന്മാർഗ്ഗം പ്രാപിച്ചത്. അതിനാൽ, നബി ﷺ യുടെ ചര്യകൾ പിൻപറ്റുന്ന ഓരോ വിശ്വാസിക്കും ഈ ‘കൗഥറി’ൽ നിന്നും ഒരു വിഹിതം ലഭിക്കുന്നതാണ്.

2. നമസ്‌കാരവും ബലികർമ്മവും: നന്ദിയുടെ പ്രകടനം

അനുഗ്രഹങ്ങൾ നൽകപ്പെട്ടാൽ അതിന് നന്ദി കാണിക്കേണ്ടത് അനിവാര്യമാണ്. അല്ലാഹു കൽപ്പിക്കുന്നു:

فَصَلِّ لِرَبِّكَ وَٱنْحَرْ

അതുകൊണ്ട് നിന്റെ റബ്ബിന് വേണ്ടി നീ നമസ്‌കരിക്കുകയും, ബലികർമ്മം നടത്തുകയും ചെയ്യുക. (സൂറ:അൽ കൗഥര്‍ 2)

ഇവിടെ നമസ്‌കാരവും ബലികർമ്മവും പ്രത്യേകം എടുത്തുപറയാൻ കാരണമുണ്ട്. ശാരീരികമായ ആരാധനകളിൽ ഏറ്റവും ഉത്തമമായത് നമസ്‌കാരവും, സാമ്പത്തികമായ ആരാധനകളിൽ ഏറ്റവും ഉത്തമമായത് ബലികർമ്മവുമാണ്. അല്ലാഹുവിന് മാത്രമായി ഈ കർമ്മങ്ങൾ നിർവഹിക്കുമ്പോൾ അത്, താൻ അല്ലാഹുവിന് മുമ്പിൽ എളിമയുള്ളവനാണെന്നും, അവനിലാണ് തന്റെ സർവ്വ പ്രതീക്ഷകളെന്നും ഉള്ള വിശ്വാസത്തെ (യഖീൻ) സൂചിപ്പിക്കുന്നു.

അഹങ്കാരികളും പ്രവാചക വിരോധികളുമായ ആളുകൾ ഇതിന് വിപരീതമാണ്. അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കാനോ, ദരിദ്രരെ സഹായിക്കാനോ തയ്യാറാവുകയില്ല. മറിച്ച്, സത്യവിശ്വാസികൾ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ (എന്റെ നിസ്‌കാരവും എന്റെ ബലികർമ്മവും എന്റെ ജീവിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു) [അൽ-അൻആം: 162] എന്ന് പ്രഖ്യാപിക്കുന്നവരാണ്.

3. അൽ-അബ്തർ: വിരോധികൾക്കുള്ള അന്ത്യം

അല്ലാഹു തന്റെ വചനം അവസാനിപ്പിക്കുന്നത് ശക്തമായ ഒരു താക്കീതോടെയാണ്:

إِنَّ شَانِئَكَ هُوَ الْأَبْتَرُ

തീർച്ചയായും നിന്നോട് വിദ്വേഷം വെക്കുന്നവൻ ആരോ അവൻ തന്നെയാണ് വാലറ്റവൻ – അഥവാ സർവ്വ നന്മകളിൽ നിന്നും മുറിഞ്ഞുപോയവൻ. (സൂറ:അൽ കൗഥര്‍ 3)

ഇവിടെ شَانِئَكَ (നിന്നോട് വിദ്വേഷം വെക്കുന്നവൻ) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നബി ﷺ കൊണ്ടുവന്ന സന്ദേശത്തോടോ, അവിടുത്തെ ചര്യയോടോ വെറുപ്പ് വെച്ചുപുലർത്തുന്ന സകല ആളുകളെയുമാണ്.

ഇമാം ഇബ്‌നു തൈമിയ്യ رَحِمَهُ ٱللّٰهُ വ്യക്തമാക്കുന്നു: “നബി ﷺ യോട് വിദ്വേഷം വെക്കുന്ന ‘അയാൾ’ (ശത്രു) എല്ലാ നന്മകളിൽ നിന്നും മുറിച്ചുമാറ്റപ്പെട്ടവനാണ് (അബ്തർ). അയാളുടെ സൽപേര് അല്ലാഹു മായ്ച്ചുകളയുന്നു. പരലോകത്ത് ഉപകരിക്കുന്ന സൽകർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് അല്ലാഹു അയാളെ തടയുന്നു. അയാളുടെ ഹൃദയത്തിന് സത്യം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നു”.

ഇത് കേവലം നബി ﷺ യുടെ കാലത്തുണ്ടായിരുന്ന ശത്രുക്കൾക്ക് മാത്രമല്ല ബാധകമാകുന്നത്. മറിച്ച്, അല്ലാഹുവിന്റെ വിശേഷണങ്ങളെ നിഷേധിക്കുന്നവരും (സിഫത്തുകളെ നിഷേധിക്കുന്നവർ), പ്രവാചക ചര്യയേക്കാൾ സ്വന്തം നേതാക്കന്മാരുടെയോ മദ്ഹബുകളുടെയോ അഭിപ്രായങ്ങൾക്ക് മുൻഗണന നൽകുന്നവരും ഇതിൽ ഉൾപ്പെടുന്നു.

അബൂബക്ർ ഇബ്‌നു അയ്യാശ് رَحِمَهُ ٱللّٰهُ ഒരിക്കൽ പറയുകയുണ്ടായി: “അഹ്‌ലുസ്സുന്നയുടെ (സുന്നത്തിന്റെ ആളുകൾ) മരണം സംഭവിച്ചാലും അവരുടെ സൽപേര് നിലനിൽക്കുന്നു. എന്നാൽ ബിദ്‌അത്തുകാർ (പുത്തൻവാദികൾ) മരിക്കുന്നതോടെ അവരുടെ പേരും അവരോടൊപ്പം മരിക്കുന്നു. കാരണം അഹ്‌ലുസ്സുന്ന പ്രവാചകൻ ﷺ കൊണ്ടുവന്നതിനെ ജീവിപ്പിച്ചു, അതിനാൽ അവർക്ക് പ്രവാചകന്റെ കീർത്തിയിൽ നിന്നും ഒരു ഓഹരിയുണ്ട്. എന്നാൽ ബിദ്‌അത്തുകാർ പ്രവാചകൻ ﷺ കൊണ്ടുവന്നതിനെ വെറുത്തു, അതിനാൽ അവർക്ക് ‘അബ്തർ’ (മുറിഞ്ഞുപോയവൻ) എന്നതിൽ നിന്നും ഒരു ഓഹരിയാണുള്ളത്”.

നമുക്കുള്ള പാഠം

പ്രിയ സഹോദരങ്ങളെ, നബി ﷺയോടുള്ള സ്‌നേഹം കേവലം വാക്കുകളിൽ ഒതുങ്ങേണ്ടതല്ല. മറിച്ച് അവിടുത്തെ സുന്നത്ത് ജീവിതത്തിൽ പകർത്തുകയും, ബിദ്‌അത്തുകളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യുമ്പോഴാണ് നാം ആ സ്‌നേഹം തെളിയിക്കുന്നത്. പ്രവാചക ചര്യയെ വെറുക്കുന്ന ബിദ്‌അത്തുകാരൻ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ നിന്ന് അകറ്റപ്പെടുമ്പോൾ, സുന്നത്തിനെ മുറുകെപിടിക്കുന്നവർക്ക് അല്ലാഹു ഇഹത്തിലും പരത്തിലും ‘കൗഥർ’ നൽകി അനുഗ്രഹിക്കുന്നു.

നാളെ പരലോകത്ത് നബി ﷺയുടെ കൈകളാൽ ഹൗളുൽ കൗഥറിൽ നിന്നും വെള്ളം കുടിച്ച് ദാഹമകറ്റാൻ അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.

 

മുഹമ്മദ് അമീൻ

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *