മുഹമ്മദ് നബി ﷺ ലോകര്‍ക്ക് കാരുണ്യമായിട്ടാണ് അയക്കപ്പെട്ടത് എന്നത് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്.
وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ
ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (ഖുര്‍ആന്‍ :21/107)
‘ആലമീന്‍’ എന്നാൽ ‘ലോകര്‍’ എന്നാണര്‍ഥം. ഇതില്‍ അല്ലാഹുവിന്റെ എല്ലാ പടപ്പുകളും ഉള്‍പ്പെടുന്നതാണ്. മനുഷ്യരോടും മൃഗങ്ങളോടും പറവകളോടും വൃക്ഷങ്ങളോടും എല്ലാറ്റിനോടും കാരുണ്യമായിരുന്നു മുഹമ്മദ് നബി ﷺ ക്ക്. അതിനുള്ള പല ഉദാഹരണങ്ങളും അവിടുത്തെ ജീവിതത്തിൽ കാണാം.
നബി ﷺ യെ ദ്രോഹിച്ച അനവധി ആളുകളുണ്ടായിരുന്നു. അവര്‍ക്കെതിരില്‍ എപ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല മുഹമ്മദ് നബി ﷺ . അവിടുന്ന് അല്ലാഹുവിനോട് തേടിയാല്‍ ഉത്തരം ഉറപ്പാണല്ലോ. എന്നാലും കാരുണ്യത്തിന്‍റെ തിരുദൂതന്‍ അല്ലാഹുവിനോട് അവര്‍ക്കെതിരില്‍ തേടുന്നവനായിരുന്നില്ല. ചില പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് നബി ﷺ ശത്രുവിനെതിരില്‍ പ്രാര്‍ഥിച്ചിട്ടുള്ളത്. ശത്രുവിനെതിരില്‍ ശാപവര്‍ഷം നടത്തുവാനോ, അവരുടെ നാശത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവനോ ആയിട്ടല്ല മുഹമ്മദ് നബി ﷺ നിയോഗിക്കപ്പെട്ടത്. മറിച്ച്, എല്ലാവരോടും കാരുണ്യം കാണിക്കുന്ന, ശത്രുവിനോട് പോലും ഗുണകാംക്ഷയോടെ പെരുമാറിയ, എല്ലാവരിലും നന്മയെ അഭിലഷിക്കുന്ന, കാരുണ്യത്തിന്‍റെ പ്രതിബിംബമായിരുന്നു മുഹമ്മദ് നബി ﷺ .
عَنْ أَبِي هُرَيْرَةَ، قَالَ قِيلَ يَا رَسُولَ اللَّهِ ادْعُ عَلَى الْمُشْرِكِينَ قَالَ : إِنِّي لَمْ أُبْعَثْ لَعَّانًا وَإِنَّمَا بُعِثْتُ رَحْمَةً
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പറയപ്പെട്ടു: അല്ലാഹുവിന്‍റെ ദൂതരേ, മുശ്രിക്കുകള്‍ക്കെതിരില്‍ അവിടുന്ന് ദുആ ചെയ്താലും. നബി ﷺ പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ശപിക്കുന്നവനായി അയക്കപ്പെട്ടവനല്ല, നിശ്ചയമായും കാരുണ്യമായിട്ട് മാത്രമാണ് അയക്കപ്പെട്ടത്. (മുസ്ലിം:2599)
നബി ﷺ യില്‍ വിശ്വസിച്ചവര്‍ക്കും അവിശ്വസിച്ചവര്‍ക്കും ഈ കാരുണ്യം പ്രവാചകനാല്‍ നല്‍കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശ്വസിക്കുന്നവര്‍ക്ക് ആ കാരുണ്യം ഇരുലോകത്തും നല്‍കപ്പെടുന്നു. അവിശ്വസിക്കുന്നവര്‍ക്ക് എങ്ങനെയാണ് നബി ﷺ മുഖേന കാരുണ്യം നല്‍കപ്പെടുന്നത്? എല്ലാ പ്രവാചകന്മാരും അവരുടെ ജനതയെ അല്ലാഹുവിലേക്ക് ക്ഷണിച്ചപ്പോള്‍ അവരില്‍ അധികപേരും അവിശ്വസിക്കുകയും കളവാക്കുകയും കളിയാക്കുകയുമാണ് ചെയ്തത്. അക്കാരണത്താല്‍ തന്നെ അതാത് ജനതയെ ഭൂമിയില്‍നിന്ന് പലവിധത്തിലുള്ള കെടുതികളിലൂടെ ഉന്മൂലനം ചെയ്യുകയാണ് ചെയ്തത്.
നൂഹ് നബി(അ)യുടെ ജനതയെപ്പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക:
فَكَذَّبُوهُ فَأَنجَيْنَٰهُ وَٱلَّذِينَ مَعَهُۥ فِى ٱلْفُلْكِ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمًا عَمِينَ
എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു. (ഖുര്‍ആന്‍ :7/64)
ഹൂദ്നബി(അ)യുടെ ജനതയെ നശിപ്പിച്ചതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
فَأَنجَيْنَٰهُ وَٱلَّذِينَ مَعَهُۥ بِرَحْمَةٍ مِّنَّا وَقَطَعْنَا دَابِرَ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا ۖ وَمَا كَانُوا۟ مُؤْمِنِينَ
അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യംകൊണ്ട് നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു. (ഖുര്‍ആന്‍ :7/72)
സ്വാലിഹ് നബി(അ)യുടെ ജനതയെ നശിപ്പിച്ചതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَٰثِمِينَ ﴿٧٨﴾ فَتَوَلَّىٰ عَنْهُمْ وَقَالَ يَٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّى وَنَصَحْتُ لَكُمْ وَلَٰكِن لَّا تُحِبُّونَ ٱلنَّٰصِحِينَ ﴿٧٩﴾
അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമീഴ്ന്നുവീണ് കിടക്കുന്നവരായിരുന്നു. അനന്തരം സ്വാലിഹ് അവരില്‍നിന്ന് പിന്തിരിഞ്ഞുപോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും ആത്മാര്‍ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷേ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല” (ഖുര്‍ആന്‍ :7/78-79)
ലൂത്വ്(അ)ന്‍റെ ജനതയെ നശിപ്പിച്ചതിനെ പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക:
فَأَنجَيْنَٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَٰبِرِينَ ﴿٨٣﴾ وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُجْرِمِينَ ﴿٨٤﴾
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞു നിന്നവരുടെ കൂട്ടത്തിലായിരുന്നു. നാം അവരുടെമേല്‍ ഒരുതരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക. (ഖുര്‍ആന്‍ :7/838-84)
എന്നാല്‍ മുഹമ്മദ് നബി ﷺ യില്‍ അവിശ്വസിക്കുന്ന ആളുകളെ ഉന്മൂലനം ചെയ്യുമാറുള്ള ശിക്ഷ അവരെ പിടികൂടുകയില്ല. മുഹമ്മദ് നബി ﷺ യെ അവിശ്വസിച്ച, കളവാക്കിയ, നിഷേധിച്ച, പരിഹസിച്ച, വെല്ലുവിളിച്ച നാട്ടുകാരെ മുഴുവനായും അല്ലാഹു പിടികൂടുക എന്ന സമ്പ്രദായം അല്ലാഹു മുഹമ്മദ് നബി ﷺ യുടെ സമുദായത്തില്‍നിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്. ഇത് നബി ﷺ യിലൂടെ അവിശ്വാസികള്‍ക്ക് കിട്ടുന്ന കാരുണ്യമാണ്. ഈ കാര്യം മുകളില്‍ കൊടുത്തിരിക്കുന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബ്രി(റ) ഇപ്രകാരം പറയുന്നതായി കാണാം:
عن ابن عباس ، في قول الله في كتابه ( وَمَا أَرْسَلْنَاكَ إِلا رَحْمَةً لِلْعَالَمِينَ ) قال: من آمن بالله واليوم الآخر كُتب له الرحمة في الدنيا والآخرة ، ومن لم يؤمن بالله ورسوله ، عوفي مما أصاب الأمم من الخسف والقذف.
ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലെ “ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” എന്ന വാക്കിനെക്കുറിച്ച് അദ്ദേഹം പറയുന്നു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന് ഇഹലോകത്തിലും പരലോകത്തിലും കാരുണ്യം രേഖപ്പെടുത്തപ്പെടും. അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കാത്തവന് (മുന്‍)സമുദായങ്ങള്‍ക്ക് ബാധിച്ചിട്ടുള്ള ആഴ്ത്തിക്കളയുന്നതില്‍നിന്നും നശിപ്പിക്കുന്നതില്‍നിന്നും ആശ്വാസം നല്‍കപ്പെട്ടിരിക്കുന്നു. (ജാമി ഉല്‍ബയാന്‍)
ഈ ആയത്തിലെ ‘റഹ്മത്ത്’ എന്ന പദത്തെ വിവരിച്ചുകൊണ്ട് ക്വാദീ ഇയാദ്(റഹി) പറയുന്നത് കാണുക:
قال القاضي عياض رحمه الله : للمؤمن رحمة بالهداية ، وللمنافق رحمة بالأمان من القتل ، ورحمة للكافرين بتأخير العذاب
ക്വാദീ ഇയാദ്(റഹി) പറയുന്നു: വിശ്വാസികള്‍ക്ക് ഹിദായത്തിന് കാരണമായതിനാല്‍ (അവിടുന്ന്) കാരുണ്യമായവനായി, കപടവിശ്വാസിക്ക് (അവരെ) കൊന്നുകളയുന്നതില്‍നിന്ന് നിര്‍ഭയത്വത്തിന് കാരണമായതിനാലും (അവിടുന്ന്) കാരുണ്യവാനായി, (പാടെ ഉന്മൂലനം ചെയ്യുന്ന) ശിക്ഷ പിന്തിപ്പിക്കുന്നതിന് കാരണമായതിനാല്‍ അവിശ്വാസികള്‍ക്കും (അവിടുന്ന്) കാരുണ്യവനായി (അയക്കപ്പെട്ടിരിക്കുന്നു). (അശ്ശിഫാ)
قال أبو نعيم في رحمه الله : إن الله تعالى جعل بعثته للعالمين رحمة، فقال: وما أرسلناك إلا رحمة للعالمين، فأمن أعداؤه من العذاب مدة حياته عليه السلام فيهم ، وذلك قوله تعالى : ” وَمَا كَانَ اللَّهُ لِيُعَذِّبَهُمْ وَأَنْتَ فِيهِمْ ” [ الأنفال : 33 ] ، قلم يعذبهم مع استعجالهم إياه تحقيقا لما نعته به
അബൂനുഐം അല്‍അസ്വ്ബഹാനിയ്യ്(റഹി) പറയുന്നു: … തീര്‍ച്ചയായും അല്ലാഹു അവിടുത്തെ നിയോഗം ലോകര്‍ക്ക് കാരുണ്യമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: ‘ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.’ അപ്പോള്‍ നബി ﷺ ജീവിച്ചിരിക്കുന്ന കാലമത്രയും കടുത്ത ശിക്ഷയില്‍നിന്ന് നബി ﷺ യുടെ ശത്രുക്കളെ അല്ലാഹു രക്ഷപ്പെടുത്തിയിരിക്കുന്നു. അതാണ് അല്ലാഹുവിന്‍റെ ആ വചനം: ‘എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല'(അന്‍ഫാല്‍ 33).നബി ﷺ അവര്‍ക്ക് വിവരിച്ചുകൊടുത്ത സത്യമായ (ആ ശിക്ഷക്ക്) അവര്‍ ധൃതിയില്‍ ആവശ്യപ്പെടുമ്പോഴും അല്ലാഹു അവരെ ശിക്ഷിച്ചില്ല. (ദലാഇലുന്നുബുവ്വ)
ചുരുക്കത്തില്‍ നബി ﷺ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കപട വിശ്വാസികള്‍ക്കും എല്ലാവര്‍ക്കും അനുഗ്രഹവും കാരുണ്യവുമാണ്.
kanzululoom.com