മതവുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങളിൽ മുസ്ലിം ഉമ്മത്തിൽ പെട്ട പിഴച്ച കക്ഷികൾ അതിരു കവിയുകയോ, അലംഭാവം കാണിക്കുകയോ ചെയ്തിട്ടുള്ളതു പോലെ ഈ വിഷയത്തിലും ചില കക്ഷികൾക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്.
ശൈഖ് നാസ്വിറിദ്ദീന്‍ അൽബാനി (റ) പറയുന്നത് നോക്കുക : ‘മനുഷ്യ ശരീരത്തിൽ പിശാച്ച് ബാധിക്കുമെന്നും, അവന് ഉപദ്രവങ്ങൾ ഉണ്ടാക്കുമെന്നും, അവനെ മറിച്ചു വീഴ്ത്തുമെന്നുമുള്ള വിശ്വാസത്തെ ചില ആധുനികർ നിഷേധിച്ചിട്ടുണ്ട്. വേറെ ചിലർ ഈ ശരിയായ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയും, അതിലേക്ക് പലതും കൂട്ടിച്ചേർക്കുകയും, നിഷേധികൾക്ക് (പിടിച്ചു നിൽക്കാനുള്ള ന്യായമുണ്ടാക്കിക്കൊടുത്ത്) അവരെ സഹായിക്കുകയും ചെയ്തു. ജനങ്ങളെ തങ്ങൾക്ക് ചുറ്റും ഒരുമിച്ചു കൂട്ടാനും, അവരെ ബാധിച്ചിട്ടുള്ള ജിന്നിനെ ഒഴിപ്പിച്ചു കൊടുക്കുമെന്ന് വാഗ്ദാനം നൽകി, ജനങ്ങളുടെ സമ്പാദ്യം അന്യായമായി ഭക്ഷിക്കാനുള്ള ഒരു ജോലിയായി അവരതിനെ സ്വീകരിച്ചിരിക്കുന്നു. അവരിൽ ചിലർ (ഇതു കൊണ്ട്) വലിയ സമ്പന്നരാകുന്നത് വരെ കാര്യങ്ങളെത്തിയിരിക്കുന്നു.എന്നാൽ സത്യം ഈ കപടൻമാർക്കും മുൻപ് പറഞ്ഞ നിഷേധികൾക്കും ഇടയിലാണ്.’ (തഹ്‌രീമു ആലാതിത്ത്വർബ് :166)
‘ജിന്ന് ബാധ’ എന്ന വിഷയത്തിൽ കേരളത്തിൽ സംഭവിച്ചതിന്റെ നേർചിത്രം തന്നെയാണ് ശൈഖ് അൽബാനി(റ)യുടെ വാക്കുകളിൽ കാണാൻ സാധിക്കുന്നത്. എന്തൊരു രോഗം വന്നാലും അതെല്ലാം ജിന്ന് ബാധയാണെന്ന് ഉറപ്പിച്ച്, ഭൗതിക ചികിത്സ നിഷിദ്ധമാണെന്ന് ധരിച്ച്, തങ്ങൻമാരുടെയും പുരോഹിതന്‍മാരുടേയും അടുക്കല്‍ സമീപിക്കുന്ന വലിയ വിഭാഗം വരുന്ന അന്ധവിശ്വാസികൾ ഒരു ഭാഗത്ത്. അവരെ ചൂണ്ടി പരിഹസിച്ച്, ജിന്ന് ബാധയെ തന്നെ നിഷേധിക്കുകയും, അതിനെ സ്ഥിരപ്പെടുത്തുന്ന ആയത്തുകളെയും ഹദീഥുകളെയും ദുർവ്യാഖ്യാനിക്കുകയോ നിഷേധിക്കുകയോ ദുർബലമാക്കുകയോ ചെയ്യുന്ന ആധുനികൻമാർ മറ്റൊരു ഭാഗത്ത്. സത്യത്തിന്റെ വക്താക്കൾ ഈ രംഗത്ത് നടക്കുന്ന ചൂഷണങ്ങളെ എതിർത്താൽ പുരോഹിത വർഗം പറയും: ‘നിങ്ങൾക്ക് ജിന്നിൽ തന്നെ വിശ്വാസമില്ല’. ഈ വിഷയത്തിൽ വന്ന സ്വഹീഹായ ഹദീസുകൾ ജനങ്ങളെ ഓർമ്മപ്പെടുത്തിയാൽ ആധുനിക ബുദ്ധി പൂജകർ പറയും : ‘നിങ്ങൾ അന്ധവിശ്വാസത്തിലേക്ക് പിൻവിളി നടത്തുന്നവരാണ് ‘.
ജിന്ന് ബാധയെന്നത് ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. നമ്മുടെ നാട്ടിലുള്ള പല കക്ഷികളും പിശാച് ബാധയെയും, പൈശാചിക ഉപദ്രവങ്ങളെയും വസ്‌വാസിൽ ഒതുക്കി നിർത്താനും, അതിനപ്പുറത്തുള്ള ഉപദ്രവങ്ങൾ പിശാചിന് സാധിക്കില്ലെന്നുമുള്ള പ്രചാരണങ്ങൾ നടത്താൻ വ്യാപകമായി പരിശ്രമിച്ചിട്ടുണ്ട്. പിഴച്ച കക്ഷികളിൽ പെട്ട മുഅതസലികളും റാഫിദികളിൽ പെട്ട ചില കക്ഷികളുമാണ് യഥാർഥത്തിൽ ഈ വിശ്വാസത്തെ നിഷേധിച്ചവരായുള്ളൂ.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ(റ) പറയുന്നു : ‘ജിന്നിന്റെ അസ്തിത്വം ഖുർആനും ഹദീസും കൊണ്ടും, ഈ ഉമ്മത്തിലെ മുൻഗാമികളുടെയും ഇമാമുമാരുടെയും ഇജ്മാഉ കൊണ്ടും സ്ഥിരപ്പെട്ടതാണ്. അഹ്’ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഇമാമുമാരുടെ ഇജ്മാഇനാൽ മനുഷ്യ ശരീരത്തിൽ ജിന്ന് ബാധിക്കുമെന്നതും ഇതേ പ്രകാരം തന്നെ സ്ഥിരപ്പെട്ടിരിക്കുന്നു. മുസ്ലിം ഉമ്മത്തിന്റെ ഇമാമുമാരിൽ ഒരാൾ പോലും മനുഷ്യ ശരീരത്തിൽ ജിന്ന് ബാധിക്കുമെന്ന കാര്യം നിഷേധിച്ചവരായിട്ടില്ല. ആരെങ്കിലും അക്കാര്യം നിഷേധിക്കുകയും, മതം അക്കാര്യം അംഗീകരിക്കുന്നില്ലെന്ന് വാദിക്കുകയുമാണെങ്കിൽ അവൻ ഇസ്ലാമിന്റെ മേൽ കളവ് കെട്ടിച്ചമക്കുകയാണ്. മത പ്രമാണങ്ങളിൽ എവിടെയും ജിന്ന് ബാധയെ നിഷേധിക്കുന്ന ഒരു തെളിവുമില്ല.’ (മജ്മൂഉൽ ഫതാവ : 24/276-277)
കേവലം വസ്‌വാസിനപ്പുറം ജിന്ന് മനുഷ്യ ശരീരത്തിൽ ബാധിക്കുമെന്നും മനുഷ്യരെ ഉപദ്രവിക്കാൻ ജിന്നിന് സാധിക്കുമെന്നും വിശുദ്ധ ഖുർആനും ഹദീസും വ്യക്തമാക്കിയിട്ടുണ്ട്.
…….ٱﻟَّﺬِﻳﻦَ ﻳَﺄْﻛُﻠُﻮﻥَ ٱﻟﺮِّﺑَﻮٰا۟ ﻻَ ﻳَﻘُﻮﻣُﻮﻥَ ﺇِﻻَّ ﻛَﻤَﺎ ﻳَﻘُﻮﻡُ ٱﻟَّﺬِﻯ ﻳَﺘَﺨَﺒَّﻄُﻪُ ٱﻟﺸَّﻴْﻄَٰﻦُ ﻣِﻦَ ٱﻟْﻤَﺲِّ
പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല……..(ഖു൪ആന്‍ : 2/275)
പിശാച് ബാധ ഉണ്ടെന്നും ബാധയുള്ളവനെ പിശാച് മറിച്ച് വീഴ്ത്തുമെന്നും ഈ ആയത്തിന്റെ തഫ്സീറില്‍ ഭൂരിഭാഗം മുഫസ്സിറുകളും വ്യക്തമാക്കിയിട്ടുണ്ട്. ‘ആയത്തുല്‍ മസ്സ് ‘ എന്ന പേരില്‍ മുഹദ്ദിസുകള്‍ക്കും മുഫസ്സിറുകള്‍ക്കുമിടയില്‍ പ്രസിദ്ധമായ ഒരു ആയത്താണിത്.
ഇമാം ഖു൪തുബി(റ) പറയുന്നു. പിശാച് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുകയോ പിശാചില്‍ നിന്ന് ബാധയുണ്ടാവുകയോ ഇല്ലെന്ന് ജല്‍പ്പിക്കുകയും പിശാചിന്റെ ഭാഗത്ത് നിന്നുള്ള മറിച്ച് വീഴ്ത്തലിനെ നിഷേധിക്കുകയും അത് പ്രകൃതിയുടെ പ്രവ൪ത്തനങ്ങളില്‍ പെട്ടതാണെന്ന് വാദിക്കുകയും ചെയ്യുന്നവരുടെ നിഷേധ നിലപാട് തെറ്റാണെന്ന് ഈ ആയത്തില്‍ തെളിവുണ്ട്.(തഫ്സീ൪ ഖുർത്വുബി)
തഫ്സീ൪ ത്വബ്’രിയില്‍ ഇപ്രകാരം കാണാം : يَتَخَبَّطُهُ الشَّيْطَانُ എന്നതിന്റെ അ൪ത്ഥം പിശാച് അവന്റെ അവയവങ്ങളേയും ബുദ്ധിയേയും തകരാറിലാക്കും എന്നതാണ്. മനുഷ്യനെ ശ്വാസംമുട്ടിക്കുകയും അങ്ങനെ അവനെ മറിച്ച് വീഴ്ത്തുകയും ചെയ്യുന്നതാണ് . مِنَالْمَسِّ എന്നതിന്റെ ഉദ്ദേശം ഭ്രാന്ത് നിമിത്തം എന്നാണ്.(ജാമിഉല്‍ ബയാന്‍:6/8)
ഇബ്നു കഥീർ (റ) പറയുന്നു: ‘പലിശ തിന്നുന്നവന്‍ അന്ത്യനാളിൽ എഴുന്നേറ്റ് വരുന്നത് ബാധയേറ്റവന്‍ പിശാച്ച് അവനെ വീഴ്ത്തിയ സമയത്ത് എഴുന്നേറ്റ് വരുന്നത് പോലെയായയിരിക്കും. അതായത് വിഷമകരമായ (അഥവാ കണ്ടാല്‍ വെറുക്കുന്ന) നിലയിലായിരിക്കും എഴുന്നേറ്റ് വരിക.( തഫ്സീ൪ ഇബ്നു കഥീർ )
ഇമാം ശൌകാനിയുടെ ഫത്ഹുല്‍ ക്വദീ൪, ഇമാം റാസിയുടെ തഫ്സീറുല്‍ കബീ൪, ഇമാം ആലൂസിയുടെ റൂഹുല്‍ മആനി, അബൂഹയ്യാന്റെ ബഹ്റുല്‍ മുഹീത്വ് തുടങ്ങി മിക്ക തഫ്സീറുകളിലും ഇപ്രകാരം കാണാവുന്നതാണ്.
ഈ ആയത്തിന്റ വിശദീകരണത്തില്‍ മുഹമ്മദ് അമാനി മൌലവി പറയുന്നു: ‘പിശാച് ആരെയും മറിച്ചു വീഴ്ത്തുന്നില്ല’ എന്ന് ചിലര്‍ പറയുന്നു. പല കാരണങ്ങളാല്‍ ഈ അഭിപ്രായം അപ്പടി ശരിവെക്കുവാന്‍ ന്യായം കാണുന്നില്ല.(അമാനി തഫ്സീ൪:2/275 ന്റെ വിശദീകരണം)
يَتَخَبَّطُهُ الشَّيْطَانُ എന്നത് ആലങ്കാരിക പ്രയോഗമല്ലെന്നും മേല്‍ വിവരിച്ചതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. അഹ്’ലുസുന്നത്തില്‍ നിന്നും പുറത്ത് പോയ മുഅതസിലത്ത്, റാഫിളത്ത്, ക്വദിരിയ്യത്ത് എന്നീ വിഭാഗക്കാരാണ് പിശാച് ബാധയെ മുമ്പേ നിഷേധിച്ചിട്ടുള്ളത്.
അറബികളുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു അന്ധവിശ്വാസത്തെ ഖുർആൻ ഉപമ പറയുന്നതിന് വേണ്ടി എടുത്തു പറയുക മാത്രമാണ് ചെയ്തതെന്ന് ചിലർ ഈ ആയത്തിനെ ദുർവ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതവർക്ക് ലഭിച്ചിട്ടുള്ളതാകട്ടെ മുഅതസലികളുടെ നേതാവായ സമഖ്ഷരിയിൽ നിന്നുമാണ്. അഹ്’ലുസ്സുന്നയുടെ എല്ലാ മുഫസ്സിറുകളും യോജിച്ച തഫ്സീറിനെതിരാണ് ഈ വാദം.
നാളെ പരലോകത്ത് പലിശ തിന്നുന്നവൻ അനുഭവിക്കാനിരിക്കുന്ന ശിക്ഷ ആർക്കും മനസ്സിലാകാത്ത കേവലം അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഖുർആനിൽ അല്ലാഹു അവതരിപ്പിച്ചു എന്നു പറയുന്നത് തന്നെ ശരിയല്ല.
ഇമാം അബുല്‍ ഹസന്‍ അശ്അരി പറയുന്നു.സ്വ൪ഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടതാണെന്ന് നാം അംഗീകരിക്കുന്നു. അതുപോലെ പിശാച് മനുഷ്യനില്‍ ദു൪ബബോധനം നടത്തുമെന്നും അവനില്‍ പ്രവേശിക്കുമെന്നും അവനെ മറിച്ച് വീഴ്ത്തുമെന്നും നാം അംഗീകരിക്കുന്നു.എന്നാല്‍ മുഅതസില, ജഹ്മിയ്യ വിഭാഗങ്ങള്‍ ഇതിനെതിരാണ്.(അല്‍ ഇബാന)
ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ(റഹി) പറഞ്ഞു:ഭ്രാന്തുള്ള ശരീരത്തിലും,അതല്ലാത്ത ശരീരത്തിലും ജിന്ന് പ്രവേശിക്കും എന്നതിനെ നിഷേധിക്കുന്ന ആരും മുസ്‌ലീംകളിലെ ഇമാമീങ്ങളിലില്ല.(മജ്മൂഅ് ഫത്താവ -24/277)
അല്ലാഹു പറയുന്നു:
ﻭَﻗُﻞ ﺭَّﺏِّ ﺃَﻋُﻮﺫُ ﺑِﻚَ ﻣِﻦْ ﻫَﻤَﺰَٰﺕِ ٱﻟﺸَّﻴَٰﻄِﻴﻦِ ﻭَﺃَﻋُﻮﺫُ ﺑِﻚَ ﺭَﺏِّ ﺃَﻥ ﻳَﺤْﻀُﺮُﻭﻥِ
നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ (പിശാചുക്കള്‍) എന്റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു.(ഖു൪ആന്‍ : 23/97-98)
നാസ്വിർ അസ്സഅദി(റ) പറയുന്നു : ‘തിൻമയുടെ എല്ലാ ഇനങ്ങളിൽ നിന്നും അതിന്റെ മൂലകാരണങ്ങളിൽ നിന്നുമുള്ള ശരണം തേടലാണിത്. പിശാചിൽ നിന്നുള്ള എല്ലാ ദുഷ്പ്രേരണകളിൽ നിന്നും പിശാച് ബാധിക്കുന്നതിൽ നിന്നും അവന്റെ ദുർബോധനങ്ങളിൽ (വസ്‌വാസ്) നിന്നുമുള്ള ശരണം തേടൽ ഈ പ്രാർഥന ഉൾക്കൊള്ളുന്നു. ഈ തിൻമകളിൽ നിന്ന് അല്ലാഹു അവന്റെ അടിമയെ സംരക്ഷിക്കുകയും, അവന്റെ പ്രാർഥനക്ക് ഉത്തരം നൽകുകയും ചെയ്താൽ, എല്ലാ തിൻമകളിൽ നിന്നും ആ അടിമ സുരക്ഷിതനാവുകയും, എല്ലാ നൻമകൾക്കുമുള്ള സൗഭാഗ്യം അവന് ലഭിക്കുകയും ചെയ്യും.’ (തഫ്സീറുസ്സഅദി:559)
പിശാചുക്കളുടെ ദുര്‍മന്ത്രങ്ങളില്‍ നിന്നും അവരുടെ സമീപനങ്ങളില്‍ നിന്നും രക്ഷ നല്‍കുവാനായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കണമെന്ന് അല്ലാഹു ഈആയത്തിലൂടെ ഓ൪മ്മിപ്പിക്കുന്നു.
ﻭَٱﺫْﻛُﺮْ ﻋَﺒْﺪَﻧَﺎٓ ﺃَﻳُّﻮﺏَ ﺇِﺫْ ﻧَﺎﺩَﻯٰ ﺭَﺑَّﻪُۥٓ ﺃَﻧِّﻰ ﻣَﺴَّﻨِﻰَ ٱﻟﺸَّﻴْﻄَٰﻦُ ﺑِﻨُﺼْﺐٍ ﻭَﻋَﺬَاﺏٍ
നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.(ഖു൪ആന്‍ : 38/41)
അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, (പിശാച് എനിക്ക് അവശതയും പീഡനവും ഏൽപിച്ചിരിക്കുന്നു) ക്ഷീണവും പ്രയാസവും വേദനയും അനുഭവിക്കുന്ന കാര്യം. അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കാനുള്ള ശക്തി പിശാചിന് ലഭിച്ചിരുന്നു. അവൻ അദ്ദേഹത്തിന്റെ ചർമത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നതുവരെ ഊതി. അത് പിന്നീട് പൊട്ടിയൊലിച്ചു. കാര്യങ്ങൾ കൂടുതൽ വഷളായി. അതുപോലെ തന്റെ കുടുംബവും അദ്ദേഹത്തിന് നഷ്ടമായി. (തഫ്സീ൪ സഅദി)
അവശത കൊണ്ടുള്ള ഉദ്ദേശ്യം തനിക്കുണ്ടായ വേദനകളും രോഗങ്ങളുമാണ്. പീഢനം കൊണ്ടുള്ള ഉദ്ദേശ്യം കുടുംബത്തിന്റേയും സമ്പത്തിന്റേയും നാശമാണ്. അയ്യൂബ് നബി(അ) ഇതെല്ലാം പിശാചിലേക്ക് ചേ൪ത്തി പറയാന്‍ കാര്യം അവനാണ് ഈ പരീക്ഷണത്തിന്റെ കാരണക്കാരന്‍ എന്നത് കൊണ്ടാണ്.(ഫത്ഹുല്‍ ക്വദീ൪-സുബ്ദതുത്തഫ്സീ൪)
ദഹ്ഹാകില്‍ നിന്നും നിവേദനം:എന്റെ ശരീരത്തിലുള്ള രോഗത്തിലൂടെയും സ്വത്തും സന്താനങ്ങളും നഷ്ടപ്പെട്ട ശിക്ഷയിലൂടെയും പിശാച് എന്നെ ബാധിച്ചിരിക്കുന്നു എന്നാണ് അയ്യൂബ് നബി(അ) തന്റെ റബ്ബിനെ വിളിച്ച് സഹായം തേടി പ്രാർഥിച്ചത്.അപ്പോള്‍ നാം അദ്ദേഹത്തിന്റെ പ്രാർഥനക്ക് ഉത്തരം നല്‍കി…(ത്വബ്’രി:26/106)
ﻭَﺃَﻳُّﻮﺏَ ﺇِﺫْ ﻧَﺎﺩَﻯٰ ﺭَﺑَّﻪُۥٓ ﺃَﻧِّﻰ ﻣَﺴَّﻨِﻰَ ٱﻟﻀُّﺮُّ ﻭَﺃَﻧﺖَ ﺃَﺭْﺣَﻢُ ٱﻟﺮَّٰﺣِﻤِﻴﻦَ
അയ്യൂബിനെയും (ഓര്‍ക്കുക.) തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.(ഖു൪ആന്‍ : 21/83)
ഒരു പരീക്ഷണമായി ക്കൊണ്ട് പിശാചിന് അദ്ദേഹത്തിന്റെ (അയ്യൂബ് നബി(അ)യുടെ) ശരീരത്തില്‍ ആധിപത്യം നല്‍കപ്പെട്ടു.അങ്ങനെ പിശാച് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഊതി.അപ്പോള്‍ വലിയ വ്രണങ്ങളുണ്ടാകുകയും നീണ്ട കാലയളവ് അദ്ദേഹം കഴിച്ച് കൂട്ടുകയും ചെയ്തു.പിന്നീട് അദ്ദേഹത്തിന് പരീക്ഷണം കഠിനമാകുകയും കുടുംബാംഗങ്ങള്‍ മരിക്കുകയും സമ്പത്ത് നശിക്കുകയും ചെയ്തു.അപ്പോള്‍ അദ്ദേഹം തന്റെ റബ്ബിനെ വിളിച്ച് തേടി.എന്റെ നാഥാ എനിക്ക് ഇതാ ദുരിതം ബാധിച്ചിരിക്കുന്നു.നീ കരുണ കാണിക്കുന്നവരില്‍ അതി കാരുണ്യവാനാണല്ലോ. (തഫ്സീ൪ സഅദി)
അയ്യൂബ് (അ) തന്നെ ബാധിച്ചതു പൈശാചികമായ ഉപദ്രവമാണെന്ന് ഈ ആയത്തുകൾ വ്യക്തമാക്കുന്നു. തന്റെ രോഗത്തില്‍ പിശാചിന് പങ്കുണ്ടെന്ന അയ്യൂബ് നബി(അ)യുടെ വാക്കിനെ അല്ലാഹു നിഷേധിച്ചിട്ടില്ല.
അയ്യൂബ് (അ) നേരിട്ടത് കേവലം വസ്‌വാസ് മാത്രമായിരുന്നില്ലെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്.
عَنْ أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِقَالَ : « إِنَّ أَيُّوبَ نَبِيَّ اللَّهِ –ﷺ- لَبِثَ فِي بَلَائِهِ ثَمَانِ عَشَرَةَ سَنَةً، فَرَفَضَهُ القَرِيبُ وَالبَعِيدُ إِلَّا رَجُلَيْنِ مِنْ إِخْوَانِهِ .. فَأَقْبَلَ عَلَيْهَاقَدْ أَذْهَبَ اللَّهُ مَا بِهِ مِنَ البَلَاءِ فَهُوَ أَحْسَنُ مَا كَانَفَلَمَّا رَأَتْهُ قَالَتْ : أَيْ بَارَكَ اللَّهُ فِيكَ هَلْ رَأَيْتَ نَبِيَّاللَّهِ هَذَا المُبْتَلَى وَاللَّهِ عَلَى ذَلِكَ مَا رَأَيْتُ أَحَداً كَانَأَشْبَهُ بِهِ مِنْكَ إِذْ كَانَ صَحِيحاً، قَالَ : فَإِنِّي أَنَا هُوَ … »
അനസ്(റ) ഉദ്ദരിക്കുന്ന ഹദീസിൽ നബി ﷺ പറഞ്ഞു : ‘പതിനെട്ട് വർഷത്തോളം അയ്യൂബ് നബി(അ) തനിക്ക് അനുഭവിച്ച പരീക്ഷണം നേരിട്ടു. അദ്ദേഹത്തോട് അടുപ്പമുള്ളവരും അല്ലാത്തവരും അദ്ദേഹത്തെ അകറ്റി നിർത്തി. അദ്ദേഹത്തിന്റെ കൂട്ടുകാരിൽ പെട്ട രണ്ടു പേരൊഴികെ. (രോഗം മാറിയതിന് ശേഷം) അദ്ദേഹം ഭാര്യയുടെ അടുത്തേക്ക് ചെന്നു. അല്ലാഹു അദ്ദേഹത്തിന്റെ മേലുള്ള പരീക്ഷണം നീക്കിയിരുന്നു. മുമ്പുണ്ടായിരുന്നതിനെക്കാൾ ഭംഗി വന്നിട്ടുണ്ട്. അദ്ദേഹത്തെ കണ്ടപ്പോൾ ഭാര്യ പറഞ്ഞു: ‘അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ. അല്ലാഹുവിനാൽ പരീക്ഷിക്കപ്പെട്ട ആ പ്രവാചകനെ താങ്കൾ കണ്ടിട്ടുണ്ടോ? അല്ലാഹുവാണ സത്യം. അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്നപ്പോൾ താങ്കളെക്കാൾ അദ്ദേഹത്തോട് സാദൃശ്യമുള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.’അപ്പോൾ അയ്യൂബ്(അ) പറഞ്ഞു: ‘നിശ്ചയമായും ഞാൻ തന്നെയാണ് ആ പ്രവാചകൻ…’ (ഇബ്നു ഹിബ്ബാന്‍:2887 – ശൈഖ് അല്‍ബാനി(റ)യുടെ സില്‍സിലത്തു സ്വഹീഹ)
عَنْ أَبِي هُرَيْرَةَ، يَقُولُ: قَالَ رَسُولُ ال: إِنَّ عِفْرِيتًا مِنَ الْجِنِّ جَعَلَيَفْتِكُ عَلَيَّ الْبَارِحَةَ، لِيَقْطَعَ عَلَيَّ الصَّلَاةَ، وَإِنَّ اللهَأَمْكَنَنِي مِنْهُ فَذَعَتُّهُ، فَلَقَدْ هَمَمْتُ أَنْ أَرْبِطَهُ إِلَى جَنْبِسَارِيَةٍ مِنْ سَوَارِي الْمَسْجِدِ، حَتَّى تُصْبِحُوا تَنْظُرُونَ إِلَيْهِأَجْمَعُونَ – أَوْ كُلُّكُمْ – ثُمَّ ذَكَرْتُ قَوْلَ أَخِي سُلَيْمَانَ: {رَبِّاغْفِرْ لِي وَهَبْ لِي مُلْكًا لَا يَنْبَغِي لِأَحَدٍ مِنْ بَعْدِي}، فَرَدَّهُاللهُ خَاسِئًا
അബൂ ഹുറൈറ(റ) ഉദ്ദരിക്കുന്ന ഹദീസിൽ നബി ﷺ പറഞ്ഞു : ‘ജിന്നിൽ പെട്ട ഇഫ്‌രീത് എന്റെ നമസ്കാരം തടസ്സപ്പെടുത്തുന്നതിന് വേണ്ടി എന്നെ പിടികൂടാൻ വന്നു. എന്നാൽ അല്ലാഹു എനിക്ക് അവന്റെ മേൽ ശക്തി നൽകുകയും ഞാൻ അവനെ കീഴടക്കുകയും ചെയ്തു. നിങ്ങളെല്ലാവരും കാണത്തക്ക വിധം അവനെ പള്ളിയുടെ തൂണുകളിലൊന്നിൽ കെട്ടിയിടണമെന്ന് ഞാൻ വിചാരിച്ചു. അപ്പോൾ ഞാൻ എന്റെ സഹോദരൻ സുലൈമാൻ(അ)ന്റെ പ്രാർത്ഥന ഓർത്തു : ‘എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാൾക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ.’ അല്ലാഹു അവനെ (പിശാചിനെ) നിന്ദ്യനായി മടക്കി.’ (ബുഖാരി:449, മുസ്ലിം:541.)
‘പിശാച് കേവലം വസ്‌വാസ് മാത്രമേ ഉണ്ടാക്കൂ, ഇനി വല്ല ഒറ്റപ്പെട്ട ശാരീരികമായ ഉപദ്രവവും പിശാചിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അത് തൌഹീദിന്റെ ആളുകളെ ബാധിക്കുന്ന പ്രശ്നമേയല്ല’ എന്നിങ്ങനെ പ്രചരിപ്പിച്ച് പിശാചിനുള്ള വഴി എളുപ്പമാക്കി നൽകുന്ന അവന്റെ കൂട്ടാളികൾക്ക് മേലെ കൊടുത്ത ഹദീഥിൽ വിശദമായ തെളിവുണ്ട്. സൃഷ്ടികളിൽ ഉത്തമനായ നബി ﷺയെ കേവലം വസ്‌വാസ് നടത്താനല്ല ഇഫ്‌രീത് വർഗത്തിൽപെട്ട ആ ജിന്ന് മുതിർന്നത് എന്നതിൽ നിന്ന്, അവിടുത്തെക്കാൾ താഴെയുള്ളവർക്ക് ഇത്തരം ഉപദ്രവങ്ങൾ സംഭവിക്കില്ലെന്ന് പറയാൻ സാധിക്കില്ലെന്ന് വ്യക്തമാണ്.
عَنْ أَبِي الدَّرْدَاءِ، قَالَ قَامَ رَسُولُ اللَّهِ صلى الله عليه وسلم فَسَمِعْنَاهُ يَقُولُ ” أَعُوذُ بِاللَّهِ مِنْكَ ” . ثُمَّ قَالَ ” أَلْعَنُكَ بِلَعْنَةِ اللَّهِ ” . ثَلاَثًا . وَبَسَطَ يَدَهُ كَأَنَّهُ يَتَنَاوَلُ شَيْئًا فَلَمَّا فَرَغَ مِنَ الصَّلاَةِ قُلْنَا يَا رَسُولَ اللَّهِ قَدْ سَمِعْنَاكَ تَقُولُ فِي الصَّلاَةِ شَيْئًا لَمْ نَسْمَعْكَ تَقُولُهُ قَبْلَ ذَلِكَ وَرَأَيْنَاكَ بَسَطْتَ يَدَكَ . قَالَ ” إِنَّ عَدُوَّ اللَّهِ إِبْلِيسَ جَاءَ بِشِهَابٍ مِنْ نَارٍ لِيَجْعَلَهُ فِي وَجْهِي فَقُلْتُ أَعُوذُ بِاللَّهِ مِنْكَ . ثَلاَثَ مَرَّاتٍ ثُمَّ قُلْتُ أَلْعَنُكَ بِلَعْنَةِ اللَّهِ التَّامَّةِ فَلَمْ يَسْتَأْخِرْ ثَلاَثَ مَرَّاتٍ ثُمَّ أَرَدْتُ أَخْذَهُ وَاللَّهِ لَوْلاَ دَعْوَةُ أَخِينَا سُلَيْمَانَ لأَصْبَحَ مُوثَقًا يَلْعَبُ بِهِ وِلْدَانُ أَهْلِ الْمَدِينَةِ
നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ ശത്രുവായ ഇബ്ലീസ് ഒരു തീപന്തവുമായി വന്നു. അത് എന്റെ മുഖത്ത് ഇട്ടു കളയാന്‍ വേണ്ടി.അപ്പോള്‍ ഞാന്‍ മൂന്ന് തവണ ഇങ്ങനെ പറഞ്ഞു. ‘അഊദു ബില്ലാഹി മിന്‍ക’ (ഞാന്‍ നിന്നില്‍ നിന്നും അല്ലാഹുവില്‍ അഭയം തേടുന്നു). എന്നിട്ടും അവന്‍ പിന്നോട്ട് പോയില്ല. പിന്നേയും ഞാന്‍ മൂന്ന് തവണ ഇപ്രകാരം പറഞ്ഞു.അല്ലാഹുവിന്റെ പൂ൪ണ്ണമായ ശാപം കൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു.എന്നിട്ടും അവന്‍ പിന്തിരിഞ്ഞില്ല.പിന്നെ ഞാന്‍ അവനെ പിടികൂടാന്‍ ഉദ്ദേശിച്ചു. അല്ലാഹുവാണെ സത്യം എന്റെ സഹോദരന്‍ സുലൈമാന്റെ പ്രാ൪ത്ഥന ഇല്ലായിരുന്നുവെങ്കില്‍ അവന്‍ മദീനയിലെ കുട്ടികള്‍ക്ക് കളിക്കാവുന്ന തരത്തില്‍ ബന്ധിക്കപ്പെട്ടവനാകുമായിരുന്നു.(മുസ്ലിം :542)
عَنْ أَبِي الْعَلَاءِ، أَنَّ عُثْمَانَ بْنَ أَبِي الْعَاصِ، أَتَى النَّبِيَّ ، فَقَالَ: يَارَسُولَ اللهِ إِنَّ الشَّيْطَانَ قَدْ حَالَبَيْنِي وَبَيْنَ صَلَاتِي وَقِرَاءَتِي يَلْبِسُهَا عَلَيَّ، فَقَالَ رَسُولُا: «ذَاكَشَيْطَانٌ يُقَالُ لَهُ خَنْزَبٌ، فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللهِ مِنْهُ، وَاتْفِلْ عَلَى يَسَارِكَ ثَلَاثًا» قَالَ: فَفَعَلْتُ ذَلِكَفَأَذْهَبَهُ اللهُ عَنِّي
ഉഥ്മാനുബ്നു അബിൽ ആസ്(റ) പറയുന്നു : ‘അദ്ദേഹം നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, പിശാച് എനിക്കും എന്റെ നമസ്കാരത്തിനും ഖുർആൻ പാരായണത്തിനുമിടയിൽ മറയിട്ടിരിക്കുന്നു. (എന്റെ ഖുർആൻ പാരായണത്തിൽ) അവൻ സംശയമുണ്ടാക്കുകയും ചെയ്യുന്നു.’ അപ്പോൾ നബി ﷺ പറഞ്ഞു : ‘ഖിൻസബ് എന്ന് പേരുള്ള ഒരു ശൈത്വാനാകുന്നു അത്. നിനക്ക് അത് അനുഭവപ്പെട്ടാൽ നീ അല്ലാഹുവിനോട് അവനിൽ നിന്ന് ശരണം തേടുകയും, നിന്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക.’ ഉഥ്മാൻ(റ) പറയുന്നു: ‘ഞാൻ അപ്രകാരം ചെയ്തപ്പോൾ അല്ലാഹു അവനെ എന്നിൽ നിന്ന് അകറ്റി.’ (മുസ്ലിം:2203)
ഇമാം നവവി(റ) പറയുന്നു: ‘എനിക്കും നമസ്കാരത്തിനുമിടയിൽ മറയിടുന്നു’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം എന്നെ നമസ്കാരത്തിൽ നിന്ന് തടയുകയും, അതിന്റെ ആസ്വാദനം ഇല്ലാതാക്കുകയും, നമസ്കാരത്തിലെ ഭയഭക്തി ഇല്ലാതാക്കുകയും ചെയ്തു എന്നാണ്. (ശറഹു മുസ്ലിം:14/190.)
സഫിയ്യ (റ) പറയുന്നു : ‘നബി ﷺ ഇഅതികാഫിലായിരിക്കെ ഒരു രാത്രി അദ്ദേഹത്തെ സന്ദർശിക്കാൻ വേണ്ടി ഞാൻ പോയി. അവിടുത്തോട് സംസാരിച്ചതിന് ശേഷം തിരിച്ചു പോകാനായി ഞാൻ എഴുന്നേറ്റു. അപ്പോൾ എന്നെ വീട്ടിൽ തിരിച്ചെത്തിക്കാൻ വേണ്ടി നബി ﷺ യും എന്നോടൊപ്പം എഴുന്നേറ്റു. സഫിയ്യ താമസിച്ചിരുന്നത് ഉസാമത്ത് ബ്നു സൈദിന്റെ വീട്ടിലായിരുന്നു. അപ്പോൾ അൻസ്വാരികളിൽ പെട്ട രണ്ട് പേർ (ഞങ്ങളുടെ അടുത്തു കൂടെ) നടന്നു പോയി.നബി ﷺ അവരെ കണ്ടപ്പോൾ വേഗത്തിൽ (അവരുടെ അടുത്തേക്ക്) നടന്നു. ശേഷം നബി ﷺ പറഞ്ഞു: ‘നിൽക്കൂ, അത് സഫിയ്യ ആണ്.’ അപ്പോൾ അവർ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്, അല്ലാഹുവിന്റെ പ്രവാചകരേ, അപ്പോൾ നബി ﷺ പറഞ്ഞു: ‘നിശ്ചയമായും പിശാച് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും,നിങ്ങളുടെ മനസ്സിൽ അവൻ എന്തെങ്കിലും തി൯മ ഇട്ടുതരുമോ എന്ന് ഞാൻ ഭയന്നു (ബുഖാരി:3281, മുസ്ലിം:2175)
ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ – റഹിമഹുല്ലാഹ് – പറഞ്ഞു: അഹ്’ലുസുന്നത്തിന്റെ ധാരാളം പണ്ഢിതന്‍മാ൪ ഈ ഹദീസ്, പിശാച് മനുഷ്യ ശരീരത്തിൽ പ്രവേശിക്കും എന്നതിന് തെളിവാക്കിയിട്ടുണ്ട്. (മജ്മൂഉൽ ഫതാവ:24/ 276-277)
ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ – റഹിമഹുല്ലാഹ് – പറഞ്ഞു: ഭ്രാന്തുള്ള ശരീരത്തിലും,അതല്ലാത്ത ശരീരത്തിലും ജിന്ന് പ്രവേശിക്കും എന്നതിനെ നിഷേധിക്കുന്ന ആരും മുസ്‌ലീംങ്ങളിലെ ഇമാമീങ്ങളിലില്ല. (മജ്മൂഉൽ ഫതാവ:24/277)
ഇമാം ഖുർത്വുബി(റ) ഈ ഹദീഥ് ഉദ്ദരിച്ചതിന് ശേഷം പറഞ്ഞു : ‘ജനങ്ങളിൽ ധാരാളം പേർ ഈ ഹദീസ് നിഷേധിച്ചിട്ടുണ്ട്. അവർ അതിന് കാരണം പറയുന്നത് ഈ ഹദീസ് ബുദ്ധിക്ക് എതിരാണ് എന്നാണ്. എന്നാൽ ജിന്നുകൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമെന്നത് ബുദ്ധിക്ക് എതിരല്ല’.(തഫ്സീറുല്‍ ഖു൪ത്വുബി: 2/50).
നബി ﷺ ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു : ‘അല്ലാഹുവേ, ഉയരത്തിൽ നിന്ന് വീണുള്ള മരണത്തിൽ നിന്നും, (കെട്ടിടം) തകർന്നു വീണുള്ള മരണത്തിൽ നിന്നും, മുങ്ങി മരിക്കുന്നതിൽ നിന്നും , തീ പിടിച്ചു മരിക്കുന്നതിൽ നിന്നും ഞാൻ നിന്നെ കൊണ്ട് ശരണം തേടുന്നു. മരണവേളയിൽ പിശാച് എന്നെ ഉപദ്രവിക്കുന്നതിൽ നിന്നും (തഖബ്ബുത്) ഞാൻ നിന്നെ കൊണ്ട് ശരണം തേടുന്നു. നിന്റെ മാർഗത്തിൽ (യുദ്ധം ചെയ്യുന്ന വേളയിൽ) പിന്തിരിഞ്ഞോടവേ മരണപ്പെടുന്നതിൽ നിന്നും ഞാൻ നിന്നെ കൊണ്ട് ശരണം തേടുന്നു. വിഷമേറ്റുള്ള മരണത്തിൽ നിന്നും നിന്നെ കൊണ്ട് ഞാൻ ശരണം തേടുന്നു’.(അബൂദാവൂദ്, നസാഇ, ത്വബ്റാനി -ശൈഖ് അല്‍ബാനി(റ)യുടെ സില്‍സിലത്തു സ്വഹീഹ)
ഇമാം ഖുർത്വുബി(റ) പറഞ്ഞു:പിശാച് ശാരീരികമായി ഉപദ്രവമുണ്ടാക്കു-മെന്നതിന് ഈ ഹദീസ് തെളിവാണ്.(തഫ്സീ൪ ഖുർത്വുബി:4/392 )
ഈ ഹദീഥിൽ പറഞ്ഞ തഖബ്ബുത് കൊണ്ടുദ്ദേശം മരണവേളയിലുള്ള വ്യക്തിയെ പിശാച്ച് പരാജയപ്പെടുത്തുക എന്നാണെന്ന് ഭാഷാപണ്ഡിതൻ ഇബ്നു മൻദൂർ(റ) പറഞ്ഞിട്ടുണ്ട്. (ലിസാനുൽ അറബ് :7/280)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ: قَالَ رَسُولُ اللهِ: إِذَا تَثَاءَبَ أَحَدُكُمْ، فَلْيُمْسِكْ بِيَدِهِ عَلَى فِيهِ، فَإِنَّالشَّيْطَانَ يَدْخُلُ
അബൂ സഈദിൽ ഖുദ്രിയ്യ് (റ) വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : ‘നിങ്ങളിലൊരാൾക്ക് കോട്ടുവായ വന്നാൽ അവൻ തന്റെ കൈ കൊണ്ട് അവന്റെ വായ പൊത്തിപ്പിടിക്കട്ടെ. തീർച്ചയായും പിശാച് (അതിലൂടെ) പ്രവേശിക്കും. (മുസ്ലിം:2995)
قَالَ النَّوَوِيُّ : قَالَ العُلَمَاءُ أَمَرَ بِكَظْمِالتَّثَاوُبِ وَرَدِّهِ وَوَضْعِ اليَدِ عَلَى الفَمِ لِئَلَّا يَبْلُغَالشَّيْطَانُ مُرَادَهُ مِنْ تَشْوِيهِ صُورَتِهِ وَدُخُولِهِ فَمَهُ وَضَحْكِهِمِنْهُ وَاللَّهُ أَعْلَم
ഇമാം നവവി (റ) പറഞ്ഞു : ‘പണ്ഡിത൯മാർ പറഞ്ഞു : ‘കോട്ടുവായ അടക്കി നിർത്താനും പിടിച്ചു വെക്കാനും, കൈ വായയുടെ മീതെ വെക്കാനും അവിടുന്ന് കൽപ്പിച്ചു. കോട്ടുവായ ഇടുന്നവന്റെ രൂപം വികൃതമാക്കുകയും, അവന്റെ വായിൽ പ്രവേശിക്കുകയും, അവനെ പരിഹസിച്ച് ചിരിക്കുകയും ചെയ്യുക എന്ന പിശാചിന്റെ ലക്ഷ്യം സാധിക്കാതിരിക്കാൻ വേണ്ടിയാണ് നബി ﷺ അപ്രകാരം പറഞ്ഞത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.” (ശരഹു മുസ്ലിം:5/842.)
‘പിശാച് പ്രവേശിക്കും’ എന്ന് നബി ﷺ പറഞ്ഞത് അതിന്റെ യഥാർഥ അർത്ഥത്തിലോ, പിശാച് അവന്റെ മേൽ അധികാരം ഏറ്റെടുക്കും എന്ന ഉദ്ദേശത്തിലോ ആണെന്നാണ് ഹാഫിദ് ഇബ്നു ഹജർ(റ)യുടെ അഭിപ്രായം. രണ്ട് അർത്ഥമാണെങ്കിലും പിശാചിന് മനുഷ്യരെ വസ്‌വാസിനും അപ്പുറത്ത് ഉപദ്രവമേൽപ്പിക്കാൻ സാധിക്കുമെന്നതിന് ഈ ഹദീഥ് വ്യക്തമായ തെളിവാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ : مَا مِنْ مَوْلُودٍ يُولَدُ إِلاَّ وَالشَّيْطَانُ يَمَسُّهُ حِينَ يُولَدُ، فَيَسْتَهِلُّ صَارِخًا مِنْ مَسِّ الشَّيْطَانِ إِيَّاهُ، إِلاَّ مَرْيَمَ وَابْنَهَا
അബൂ ഹുറൈറ(റ) വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:ജനന സമയത്ത് പിശാച് സ്പ൪ശിക്കാത്തതായി ഒരു കുട്ടിയുമില്ല. പിശാചിന്റെ സ്പ൪ശനത്താലാണ് കുട്ടി അപ്പോള്‍ ഒച്ചയിട്ട് കരയുന്നത്. മറിയം ബീവിയും അവരുടെ പുത്രന്‍ ഈസാനബിയും ഒഴികെ. (ബുഖാരി:4548)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : صِيَاحُ الْمَوْلُودِ حِينَ يَقَعُ نَزْغَةٌ مِنَ الشَّيْطَانِ
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ജനന സമയത്തുള്ള കുട്ടിയുടെ കരച്ചില്‍ പിശാചില്‍ നിന്നുള്ള ഒരു കുത്താണ്.(മുസ്ലിം:2367)
ഈ ഹദീസില്‍ പറഞ്ഞിട്ടുള്ള പിശാചിന്റെ പ്രാവ൪ത്തനം വസ്’വാസല്ലെന്ന് ഉറപ്പാണ്.മുത്തഫക്കുന്‍ അലൈഹിയായ ഈ ഹദീസ് ബുദ്ധിക്കും ശാസ്ത്രത്തിനും എതിരാണെന്ന് പറഞ്ഞ് കേരളത്തിലെ മുഅതസലി പാരമ്പര്യമുള്ള ബുദ്ധി പൂജക൪ തള്ളിക്കളഞ്ഞിട്ടുണ്ട്.
عَنْ جَابِرٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا اسْتَجْنَحَ {اللَّيْلُ} ـ أَوْ كَانَ جُنْحُ اللَّيْلِ ـ فَكُفُّوا صِبْيَانَكُمْ، فَإِنَّ الشَّيَاطِينَ تَنْتَشِرُ حِينَئِذٍ، فَإِذَا ذَهَبَ سَاعَةٌ مِنَ الْعِشَاءِ فَحُلُّوهُمْ وَأَغْلِقْ بَابَكَ، وَاذْكُرِ اسْمَ اللَّهِ، وَأَطْفِئْ مِصْبَاحَكَ، وَاذْكُرِ اسْمَ اللَّهِ، وَأَوْكِ سِقَاءَكَ، وَاذْكُرِ اسْمَ اللَّهِ، وَخَمِّرْ إِنَاءَكَ، وَاذْكُرِ اسْمَ اللَّهِ، وَلَوْ تَعْرُضُ عَلَيْهِ شَيْئًا
ജാബിർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:രാത്രി ആയി കഴിഞ്ഞാല്‍ നിങ്ങള്‍ കുട്ടികളെ (പുറത്ത് വിടാതെ) പിടിച്ച് വെക്കുക.എന്തെന്നാല്‍ ആ സമയത്ത് പിശാചുക്കള്‍ വ്യാപിക്കുന്നതാണ്.ഇശാഇല്‍ നിന്നും ഒരു നാഴിക നേരം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവരെ പുറത്ത് വിടാം.അല്ലാഹുവിന്റെ നാമം ചൊല്ലിക്കൊണ്ട് നിങ്ങള്‍ വാതില്‍ അടക്കുക(ബുഖാരി:3280)
ജിന്ന് ബാധ എന്നത് അന്ധവിശ്വാസമല്ലെന്നും പിശാചിന്റെ ഉപദ്രവം വസ്‌വാസ് മാത്രമല്ല, ശാരീരികമായും ഉണ്ടാകാമെന്നും ഖു൪ആന്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണെന്നും ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.എന്നാല്‍ നമ്മുടെ നാട്ടില്‍ ജിന്ന് ബാധ എന്നത് അന്ധവിശ്വാസമാണെന്നും പിശാചിന്റെ ഉപദ്രവം വസ്‌വാസ് മാത്രമാണ് അതിനപ്പുറം ശാരീരികമായി ആരേയും ഉപദ്രവിക്കാന്‍ കഴിയില്ലെന്നും വാദിക്കുന്നവരുണ്ട്.അവ൪ പ്രമാണങ്ങളേക്കാള്‍ തങ്ങളുടെ ബുദ്ധിക്കും ചിന്തക്കും പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണ് ഇത് അംഗീകരിക്കാന്‍ പ്രയാസമുള്ളത്.ഈ വിഷയത്തിലുള്ള ഹദീസുകള്‍ സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹുല്‍ മുസ്ലിമിലും ഉണ്ടെങ്കിലും ഇത്തരക്കാ൪ അംഗീകരിക്കില്ല.ഇവിടെയാണ് നാം സലഫുകളിലേക്ക് (മുന്‍ഗാമികളിലേക്ക്) നോക്കേണ്ടത്. സലഫുകളായ അഹ്’ലുസ്സുന്നയുടെ പണ്ഢിതന്‍മാ൪ക്കാ൪ക്കും ജിന്ന് ബാധ എന്നത് അന്ധവിശ്വാസമല്ലെന്നും പിശാചിന്റെ ഉപദ്രവം വസ്‌വാസ് മാത്രമല്ല, ശാരീരികമായും ഉണ്ടാകാമെന്നും എന്നുള്ളതിന് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പ്രമാണങ്ങളേക്കാള്‍ തങ്ങളുടെ ബുദ്ധിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഇതിനെയൊക്കെ നിഷേധിക്കുന്നവ൪, അവ൪ പോലും അറിയാതെ പിശാചിന്റെ കെണിയില്‍ പെട്ടിരിക്കുന്നുവെന്ന് പറയുന്നതാണ് വാസ്തവം. ഇതാണ് ഇമാം അഹ്’മദ്(റ) സൂചിപ്പിച്ചിട്ടുള്ളത്.
അബ്ദുല്ലാഹിബ്നി അഹ്’മദ്ബ്നി ഹമ്പല്‍(റ) ഒരിക്കല്‍ ഇമാം അഹ്’മദിനോട്(റ) പറഞ്ഞു:’പിതാവേ ചില൪ ഇവിടെ ഹദീസ് നിഷേധിക്കുന്നുണ്ട്.’ അപ്പോള്‍ ഇമാം അഹ്’മദ്(റ) ചോദിച്ചു. ‘എന്താണവ൪ നിഷേധിച്ചത്?’ അബ്ദുല്ല പറഞ്ഞു:’ശൈതാന്‍ മനുഷ്യരില്‍ പ്രവേശിക്കില്ലെന്നാണ് അവ൪ പറയുന്നത്. നബി ﷺ രക്തം ചലിക്കുന്നിടത്തൊക്കെ ശൈത്വാന്‍ പ്രവേശിക്കുമെന്നല്ലേ പറഞ്ഞത്…?’ അപ്പോള്‍ ഇമാം അഹ്’മദ്(റ) പറഞ്ഞു: ‘അവന്റെ അകത്തുള്ള പിശാചാണ് അവനോട് അത് പറയിപ്പിച്ചത്.’ (രിസാലത്ത് അല്‍ ജിന്ന് : 8)
ഈ വിഷയത്തില്‍ തെളിവുകള്‍ സ്ഥിരപ്പെട്ട് വന്നിട്ടും അത് അംഗീകരിക്കാത്തവരോട് നമുക്ക് പറയാനുള്ളത് ശൈഖ് അല്‍ബാനി(റ) പറയാറുണ്ടായിരുന്ന ഒരു വാക്കാണ് :
قال الشيخ ناصر الدين الألباني رحمه الله : طالب الحق يكفيه دليل، وصاحب الهوى لا يكفيه ألف دليل، الجاهل يُعلّم، وصاحب الهوى ليس لنا عليه سبيل
ശൈഖ് നാസിറുദ്ധീന്‍ അല്‍ബാനി (റഹി)പറയുന്നു : സത്യാന്വേഷിക്ക് ഒരു തെളിവ് മതി, ‘ഹവ’യുടെ ആള്‍ക്ക് ആയിരം തെളിവും മതിയാവില്ല, വിവരമില്ലാതവനെ പഠിപ്പിക്കാം, ‘ഹവ’യുടെ ആളെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല.
ജിന്ന് ബാധ എന്നത് അന്ധവിശ്വാസമല്ലെന്നും പിശാചിന്റെ ഉപദ്രവം വസ്‌വാസ് മാത്രമല്ല, ശാരീരികമായും ഉണ്ടാകാമെന്നും പറയുമ്പോള്‍, ഇതൊന്നും ബാധിക്കാതിരിക്കാനുള്ള വിവിധ മാ൪ഗ്ഗങ്ങളും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ടെന്ന കാര്യം നാം മനസ്സിലാക്കേണ്ടതാണ്. അല്ലാഹുവിലുള്ള യഥാ൪ത്ഥ വിശ്വാസം, ജീവിതത്തില്‍ ഇഖ്’ലാസ് കാത്തു സൂക്ഷിക്കല്‍, തഖ്’വ, തവക്കുല്‍, തൌദീദില്‍ അധിഷ്ഠിതമായ ആരാധനകള്‍, എല്ലായ്പ്പോഴുമുള്ള ദൈവിക സ്മരണ, വിശുദ്ധ ഖു൪ആന്‍ പാരായണം ചെയ്യല്‍, ആയത്തുല്‍ ഖു൪സിയ്യ് പാരായണം ചെയ്യല്‍, നമസ്കാരം യഥാസമയത്ത് കൃത്യമായി സുന്നത്തിന്റെ അടിസ്ഥാനത്തിൽ നി൪വ്വഹിക്കല്‍,നമസ്കാര ശേഷവും രാവിലെയും വൈകുന്നേരവും മറ്റ് പ്രത്യേക സമയത്തുമുള്ള ദിക്റുകള്‍ നിത്യം ചൊല്ലല്‍, പ്രാ൪ത്ഥനകള്‍ അധികരിപ്പിക്കല്‍ അല്ലാഹുവിന്റെ റസൂലിനെ പിന്‍പറ്റല്‍, ബിദ്അത്തില്‍ നിന്ന് സമ്പൂ൪ണ്ണമായി വിട്ടുനില്‍ക്കല്‍, പിശാചിന് ഇഷ്ടമുള്ള കാര്യങ്ങളില്‍ നിന്ന് സമ്പൂ൪ണ്ണമായി വിട്ടു നില്‍ക്കല്‍, കല്‍പ്പിക്കപ്പെട്ടത് പ്രവ൪ത്തിക്കല്‍, വിരോധിക്കപ്പെട്ടത് വെടിയല്‍, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങല്‍, മരണത്തിന് മുമ്പായി ചെറുതും വലുതുമായ ഓരോ കാര്യങ്ങളെ കുറിച്ചും ആത്മ വിചാരണ നടത്തല്‍ എന്നിവ കൊണ്ടെല്ലാം പിശാചിന്റെ ഉപദ്രവത്തില്‍ നിന്നും രക്ഷപെടാന്‍ സാധിക്കും.
മേല്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ നിന്നെല്ലാം നാം വിട്ടു നില്‍ക്കുമ്പോള്‍ ആണ് പിശാചിന് നമ്മുടെ മേല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നത്. ഉദാഹരണത്തിന് നാം എല്ലാ ക൪മ്മളും ഇഖ്’ലാസോടെ (അല്ലാഹുവിന് വേണ്ടി മാത്രം) ചെയ്യുമ്പോള്‍ പിശാചിന് നമ്മെ ഉപദ്രവിക്കാന്‍ കഴിയില്ല.എന്നാല്‍ നമ്മുടെ ക൪മ്മങ്ങളില്‍ ഇഖ്’ലാസില്‍ ചോ൪ച്ച സംഭവിച്ച് ജനങ്ങളെ കാണിക്കാന്‍ വേണ്ടി ചെയ്യുമ്പോള്‍ പിശാചിന് നമ്മുടെ മേല്‍ അധികാരം ലഭിക്കുകയായി.
ﻗَﺎﻝَ ﻓَﺒِﻌِﺰَّﺗِﻚَ ﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ
അവന്‍ (ഇബ്’ലീസ്) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.(ഖു൪ആന്‍ : 38/82-83)
ഇവിടെ ശൈത്വാന്‍ തന്നെ പറയുന്ന കാര്യമാണ് അല്ലാഹുവേ നിന്റെ ഇഖ്’ലാസുള്ള അടിമകളെ ഞാന്‍ ഒന്നും ചെയ്യുകയില്ലെന്ന്.
അതു പോലെ ജീവിത്തില്‍ തവക്കുല്‍ (എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കല്‍) കാത്തു സൂക്ഷിക്കുന്ന ആരേയും പിശാചിന് ഉപദ്രവിക്കാന്‍ കഴിയില്ല.ഇതില്‍ ചോ൪ച്ച സംഭവിക്കുമ്പോള്‍ പിശാചിന് നമ്മുടെ മേല്‍ അധികാരം ലഭിക്കുകയായി.
ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ
വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന്) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കു-ന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു. (ഖു൪ആന്‍ : 16/99-100)
ഇഖ്’ലാസിന്റേയും തവക്കുലിന്റേയും കാര്യം ഉദാഹരണമായി സൂചിപ്പിച്ചെന്ന് മാത്രം.ചുരുക്കത്തില്‍ മേല്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധിച്ച് സൂക്ഷിക്കുന്നവരെ പിശാചിന് ഉപദ്രവിക്കാന്‍ കഴിയില്ലെന്ന് നാം മനസ്സിലാക്കുക.
kanzululoom.com