ഐഹിക ജീവിതം

  • വിവാഹം കഴിഞ്ഞിട്ട് വ൪ഷങ്ങള്‍ കഴിഞ്ഞു.എന്നിട്ടും ആ ദമ്പതികള്‍ക്ക് കുട്ടികളായില്ല.അവ൪ ഒരു കുഞ്ഞിനായി കാത്തിരുന്നു…..
  • നിരന്തരമായ പ്രാ൪ത്ഥനകള്‍ , ചികില്‍സകള്‍ …..
  • 25 വ൪ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഭാര്യ ഗ൪ഭം ധരിച്ചു.പരിശോധനയില്‍ ഇരട്ടക്കുട്ടികളാണെന്ന് മനസ്സിലായി.വ൪ഷങ്ങള്‍ക്ക് ശേഷം കുടുംബത്തില്‍ സന്തോഷം അലയടിച്ചു…..
  • അങ്ങനെ ഭാര്യ പ്രസവിച്ചു.ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും.പക്ഷേ പെണ്‍ കുട്ടി പ്രസവത്തോടെ മരിച്ചു.കുടുംബത്തില്‍ വീണ്ടും ദു:ഖം.എങ്കിലും എല്ലാവരും സമാധാനിച്ചു.ഒരു ആണ്‍ കുട്ടിയെ കിട്ടിയല്ലോ…..
  • അവന്‍ മിടുക്കനായി വള൪ന്നു.പഠിത്തത്തിലും കളിയിലും മല്‍സരങ്ങളിലും എല്ലാം ഒന്നാമന്‍.കഷ്ടപ്പാടിലും മാതാപിതാക്കള്‍ അവനെ പഠിപ്പിച്ചു.SSLC ക്ക് റാങ്കോടെ ഉയ൪ന്ന മാ൪ക്ക്.മെ‍ഡിക്കല്‍ എന്‍ഡ്രന്‍സില്‍ ഒന്നാം റാങ്ക്.MBBS ഉം PG യും കഴിഞ്ഞു…..
  • അവന് നല്ല വിവാഹാലോചനകള്‍ വന്നു തുടങ്ങി.അങ്ങനെ നല്ലൊരു കുടുംബത്തില്‍ നിന്നുള്ള ഡോക്ടറായ യുവതിയുമായി അവന്റെ വിവാഹം നിശ്ചയിച്ചു.കുടുംബത്തില്‍ എല്ലാവ൪ക്കും സന്തോഷം.സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍…..
  • പക്ഷേ വിവാഹത്തിന്റെ രണ്ട് ദിവസം മുമ്പ് ഒരു വാഹനാപകടത്തില്‍ അവന്‍ മരിച്ചു.

 

ഇത്രേയുള്ളൂ ഐഹിക ജീവിതം.

 

ﺇِﻧَّﻤَﺎ ﻣَﺜَﻞُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻣِﻤَّﺎ ﻳَﺄْﻛُﻞُ ٱﻟﻨَّﺎﺱُ ﻭَٱﻷَْﻧْﻌَٰﻢُ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﺧَﺬَﺕِ ٱﻷَْﺭْﺽُ ﺯُﺧْﺮُﻓَﻬَﺎ ﻭَٱﺯَّﻳَّﻨَﺖْ ﻭَﻇَﻦَّ ﺃَﻫْﻠُﻬَﺎٓ ﺃَﻧَّﻬُﻢْ ﻗَٰﺪِﺭُﻭﻥَ ﻋَﻠَﻴْﻬَﺎٓ ﺃَﺗَﻰٰﻫَﺎٓ ﺃَﻣْﺮُﻧَﺎ ﻟَﻴْﻼً ﺃَﻭْ ﻧَﻬَﺎﺭًا ﻓَﺠَﻌَﻠْﻨَٰﻬَﺎ ﺣَﺼِﻴﺪًا ﻛَﺄَﻥ ﻟَّﻢْ ﺗَﻐْﻦَ ﺑِﭑﻷَْﻣْﺲِ ۚ ﻛَﺬَٰﻟِﻚَ ﻧُﻔَﺼِّﻞُ ٱﻻْءَﻳَٰﺖِ ﻟِﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ

നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാം അവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.(ഖു൪ആന്‍:10/24)

ഐഹിക ജീവിതത്തിന്റെ ഏറ്റവും നല്ല ഉപമയാണ് അല്ലാഹു പറഞ്ഞു തരുന്നത്. ആകാശത്ത്‌ നിന്ന്‌ ഒരു മഴ പെയ്‌തു ഭൂമിയില്‍ നാനാതരം സസ്യലതാദികള്‍ തഴച്ചു വളരുകയും, ഭൂമിക്ക്‌ ഭംഗിയും മോടിയും കൂടുകയും, ഫലമെടുക്കുമാറായെന്ന്‌ ഉടമസ്ഥന്‍മാര്‍ കരുതിക്കൊണ്ടിരിക്കുകയും ചെയ്‌ത ഘട്ടത്തില്‍, ഓര്‍ക്കാപുറത്ത്‌ പെട്ടെന്ന്‌ വല്ല അത്യാഹിതവും ബാധിച്ച് , അവിടെ മുമ്പ്‌ വിളയൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ തോന്നുമാറ്‌ അതിലെ വിള മുഴുവന്‍ നശിച്ചുപോയി. ഇതുപോലെയാണ്‌ ഐഹികജീവിതത്തിന്‍റെ സ്ഥിതി. സുഖസൗകര്യങ്ങളും അലങ്കാര ഭൂഷണങ്ങളും കണ്‍മുമ്പില്‍ കാണുമ്പോള്‍ അത്‌ വളരെ ആകര്‍ഷകവും കാമ്യവുമായിത്തോന്നും. സമ്പൂര്‍ണമാണ്‌, ശാശ്വതമാണ്‌ എന്നൊക്കെ ആള്‍ക്കാര്‍ കരുതിക്കൊണ്ടിരിക്കെ, പെട്ടെന്നൊരിക്കല്‍ അതെല്ലാം അപ്പാടെ നഷ്‌ടപ്പെട്ടുപോകുകയായി. ഒന്നുകില്‍ വിഭവങ്ങളും സമ്പത്തും നശിക്കുന്നു, അല്ലെങ്കില്‍ ഉടമസ്ഥന്‍ നശിക്കുന്നു. രണ്ടായാലും ഫലം ഒന്നാണല്ലോ. ഐഹികമായ സുഖസൗകര്യങ്ങള്‍ എത്ര മഹത്തരമായിരുന്നാലും അതിന്‌ നിലനില്‍പില്ല. താല്‍ക്കാലികവും നശ്വരവുമാണത്‌. ആകയാല്‍ അതിന്‌ അമിതമായ വില കല്‍പിക്കുകയോ, അതിനുവേണ്ടി അനശ്വരവും അത്യുത്തമവുമായ പരലോകജീവിതം നഷ്‌ടപ്പെടുത്തുകയോ ചെയ്യരുത്‌ എന്ന്‌ സാരം.

ﻭَٱﺿْﺮِﺏْ ﻟَﻬُﻢ ﻣَّﺜَﻞَ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻓَﺄَﺻْﺒَﺢَ ﻫَﺸِﻴﻤًﺎ ﺗَﺬْﺭُﻭﻩُ ٱﻟﺮِّﻳَٰﺢُ ۗ ﻭَﻛَﺎﻥَ ٱﻟﻠَّﻪُ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﻣُّﻘْﺘَﺪِﺭًا

(നബിയേ,) നീ അവര്‍ക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.(ഖു൪ആന്‍:18/45)

ഐഹിക ജീവിതവും അതിലെ സുഖസന്തോഷങ്ങളുമെല്ലാം താല്‍ക്കാലികമത്രെ. ആ നിലക്കുള്ള വില മാത്രമെ അതിനു കല്‍പിക്കാവൂ. ധനവും സന്താനങ്ങളും നല്ല മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്താത്തപക്ഷം, അതുകൊണ്ടു ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. സല്‍ക്കര്‍മ്മങ്ങളായി ഈ ലോകത്തുവെച്ചു എന്ത് ചെയ്യുന്നുവോ അതിനു മാത്രമേ നിലനില്‍പും യഥാര്‍ത്ഥ ഫലവും ലഭിക്കുകയുള്ളു. ഈ യാഥാര്‍ഥ്യങ്ങളെ വ്യക്തമാക്കുന്ന ഒരു ഉപമയാണ് നാം ഈ വചനത്തില്‍ കാണുന്നത്. ഹൃദയാകര്‍ഷകങ്ങളായ ഭൗതിക കാഴ്ചപ്പാടുകളുടെ ഉള്ളുകള്ളി വേണ്ടതുപോലെ പരിശോധിച്ചാല്‍ ഈ വാസ്തവം ആര്‍ക്കും മനസ്സിലാക്കാം. പ്രപഞ്ചകര്‍ത്താവായ സര്‍വ്വശക്തന്‍ നിശ്ചയിച്ചുവെച്ച സമയം വന്നുകഴിഞ്ഞാല്‍ പിന്നെ, ഒരു നിമിഷ നേരവും അതിനു ശേഷിപ്പില്ല. അത് എപ്പോഴാണ്, എങ്ങിനെയാണ്, എന്നൊന്നും ആര്‍ക്കും അറിഞ്ഞു കൂടാത്തതാകുന്നു.

ٱﻋْﻠَﻤُﻮٓا۟ ﺃَﻧَّﻤَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ﻟَﻌِﺐٌ ﻭَﻟَﻬْﻮٌ ﻭَﺯِﻳﻨَﺔٌ ﻭَﺗَﻔَﺎﺧُﺮٌۢ ﺑَﻴْﻨَﻜُﻢْ ﻭَﺗَﻜَﺎﺛُﺮٌ ﻓِﻰ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻭْﻟَٰﺪِ ۖ ﻛَﻤَﺜَﻞِ ﻏَﻴْﺚٍ ﺃَﻋْﺠَﺐَ ٱﻟْﻜُﻔَّﺎﺭَ ﻧَﺒَﺎﺗُﻪُۥ ﺛُﻢَّ ﻳَﻬِﻴﺞُ ﻓَﺘَﺮَﻯٰﻩُ ﻣُﺼْﻔَﺮًّا ﺛُﻢَّ ﻳَﻜُﻮﻥُ ﺣُﻄَٰﻤًﺎ ۖ ﻭَﻓِﻰ ٱﻻْءَﺧِﺮَﺓِ ﻋَﺬَاﺏٌ ﺷَﺪِﻳﺪٌ ﻭَﻣَﻐْﻔِﺮَﺓٌ ﻣِّﻦَ ٱﻟﻠَّﻪِ ﻭَﺭِﺿْﻮَٰﻥٌ ۚ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ

നിങ്ങള്‍ അറിയുക: ഐഹിക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌. ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:57/20)

ഐഹിക ജീവിതത്തിന്റെ ആകെത്തുകയും അതിന്റെ യഥാ൪ത്ഥ നിലപാടും അല്ലാഹു ഈ വചനത്തില്‍ വിശദീകരിച്ചിരിക്കുന്നു.ഭൌതിക ജീവിതത്തിന്റെ പ്രാധാന്യം ബാഹ്യ ദൃഷ്ടിയില്‍ എന്തു തന്നെ ആയിരുന്നാലും യഥാ൪ത്ഥത്തില്‍ അത് നശ്വരവും ക്ഷണികവുമാണ്.പിന്നീടുള്ളത് ശാശ്വതമായ പരലോക ജീവിതവുമാണ്.അവിടെയാണെങ്കില്‍ ഒന്നുകില്‍ കഠിന ശിക്ഷ, അല്ലെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും അഥവാ ഐഹികജീവിതം വഞ്ചിതരായവ൪ക്ക് കഠിന ശിക്ഷയും അതില്‍ വഞ്ചിതരാകാതെ രക്ഷപെട്ടവ൪ക്ക് പാപമോചനവും പ്രീതിയുമായിരിക്കും.

مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ ٱللَّهِ بَاقٍ

നിങ്ങളുടെ അടുക്കലുള്ളത് തീര്‍ന്നുപോകും. അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ. (ഖു൪ആന്‍:16/96)

ഭൗതിക വിഭവങ്ങള്‍ പരലോകത്തെ അപേക്ഷിച്ച് വളരെ തുച്ഛമാണ്:

قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌ وَٱلْـَٔاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ

പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മതപാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. (ഖു൪ആന്‍:4/77)

ഇഹലോകത്തെ വിഭവ സമൃദ്ധി കണ്ട് അന്ധാളിക്കുന്നവരോടായി ഖുര്‍ആന്‍ പറഞ്ഞു

ﺇِﻧَّﻤَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ﻟَﻌِﺐٌ ﻭَﻟَﻬْﻮٌ ۚ ﻭَﺇِﻥ ﺗُﺆْﻣِﻨُﻮا۟ ﻭَﺗَﺘَّﻘُﻮا۟ ﻳُﺆْﺗِﻜُﻢْ ﺃُﺟُﻮﺭَﻛُﻢْ ﻭَﻻَ ﻳَﺴْـَٔﻠْﻜُﻢْ ﺃَﻣْﻮَٰﻟَﻜُﻢْ

ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കുള്ള പ്രതിഫലം അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്‌. നിങ്ങളോട് നിങ്ങളുടെ സ്വത്തുക്കള്‍ അവന്‍ ചോദിക്കുകയുമില്ല.(ഖു൪ആന്‍:47/36)

ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻌِﺐٌ ﻭَﻟَﻬْﻮٌ ۖ ﻭَﻟَﻠﺪَّاﺭُ ٱﻻْءَﺧِﺮَﺓُ ﺧَﻴْﺮٌ ﻟِّﻠَّﺬِﻳﻦَ ﻳَﺘَّﻘُﻮﻥَ ۗ ﺃَﻓَﻼَ ﺗَﻌْﻘِﻠُﻮﻥَ

ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങളെന്താണ് ചിന്തിക്കാത്തത്‌ ? (ഖു൪ആന്‍:6/32)

ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍(ഖു൪ആന്‍:29/64)

വിശ്വാസികളെ ഭൗതികതയില്‍ വിരക്തരാക്കുകയും പാരത്രിക സുഖത്തില്‍ ആകൃഷ്ടരാക്കുകയും ചെയ്തുകൊണ്ടുള്ള പ്രവാചക തിരുമൊഴികളും ധാരാളമാണ്.

عَنْ مُسْتَوْرِدًا،قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَاللَّهِ مَا الدُّنْيَا فِي الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ هَذِهِ – وَأَشَارَ يَحْيَى بِالسَّبَّابَةِ – فِي الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ

മുസ്‌തൗരിദി(റ)വില്‍ നിന്ന്‌ നിവേദനം: പരലോകത്തെ അപേക്ഷിച്ച്‌ ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്‌. (അതില്‍ നിന്ന്‌) അവന്‍ എന്തുമായി മടങ്ങിയെന്ന്‌ അവന്‍ നോക്കട്ടെ. (മുസ്‌ലിം:2858)

അബൂ സഈദില്‍ഖുദ്‌രി(റ)യില്‍നിന്നു നിവേദനം. തിരുദൂതര്‍ ﷺ പറഞ്ഞു: നിശ്ചയം ഭൗതികലോകം മധുരവും പച്ചപ്പുള്ളതുമാണ്. നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നു എന്നു നോക്കുന്നതിനു വേണ്ടി അല്ലാഹു നിങ്ങളെ അതില്‍ പിന്മുറക്കാരാക്കുന്നു. അതിനാല്‍ നിങ്ങള്‍ ദുനിയാവിനെ സൂക്ഷിക്കുക. സ്ത്രീകളെയും സൂക്ഷിക്കുക…” (മുസ്‌ലിം).

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْكِبِي فَقَالَ ‏ : كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ

അബ്ദില്ലാഹിബ്നു ഉമറില്‍ നിന്നും നിവേദനം : അദ്ദേഹം പറഞ്ഞു: നബി(സ്വ) എന്റെ തോളില്‍ പിടിച്ചുകൊണ്ടു പറഞ്ഞു:ദുനിയാവില്‍ നീ ഒരു അപരിചിതനെപോലെ അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെ പോലെ ആകുക. (ബുഖാരി:6416)

وَكَانَ ابْنُ عُمَرَ يَقُولُ إِذَا أَمْسَيْتَ فَلاَ تَنْتَظِرِ الصَّبَاحَ، وَإِذَا أَصْبَحْتَ فَلاَ تَنْتَظِرِ الْمَسَاءَ، وَخُذْ مِنْ صِحَّتِكَ لِمَرَضِكَ، وَمِنْ حَيَاتِكَ لِمَوْتِكَ‏.‏

ഈ വസ്വിയ്യത്തില്‍ ആകൃഷ്ടനായി ഇബ്‌നു ഉമര്‍(റ) പറയുമായിരുന്നു: ‘നീ പ്രദോഷത്തില്‍ പ്രവേശിച്ചാല്‍ പ്രഭാതത്തെ പ്രതീക്ഷിക്കരുത്. പ്രഭാതത്തില്‍ പ്രവേശിച്ചാല്‍ പ്രദോഷത്തേയും പ്രതീക്ഷിക്കരുത്. നീ ആരോഗ്യനാളുകളില്‍നിന്ന് രോഗത്തിന്റെ നാളുകളിലേക്കും ജീവിതത്തില്‍നിന്ന് മരണാനന്തര ജീവിതത്തിനും പുണ്യങ്ങള്‍ സ്വീകരിക്കുക’ (ബുഖാരി)

തുര്‍മുദിയുടെ നിവേദനത്തില്‍ അദ്ദേഹം പറഞ്ഞതായി ഇപ്രകാരവുമുണ്ട്: ‘താങ്കളെ ക്വബ്‌റാളികളില്‍ ഒരാളായി താങ്കള്‍ തന്നെ എണ്ണുക.’

عَنْ عَبْدِ اللَّهِ، قَالَ نَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ فَقُلْنَا يَا رَسُولَ اللَّهِ لَوِ اتَّخَذْنَا لَكَ وِطَاءً ‏.‏ فَقَالَ ‏ “‏ مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا ‏”

അബ്ദുല്ലാഹ്‌ ബ്നു മസ്‌ഊദ്‌ رضي الله عنه ഉദ്ധരിക്കുന്നു , അദ്ധേഹം പറഞ്ഞു :  റസൂൽ ﷺ ഒരു പായയിൽ കിടന്നുറങ്ങി , അദ്ധേഹം എണീറ്റപ്പോൾ അദ്ധേഹത്തിൽ ശരീരത്തിൽ പാടുകൾ കാണാമായിരുന്നു , ഞങ്ങൾ അദ്ധേഹത്തോട്‌ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ , ഞങ്ങളൊരു കിടക്കയുണ്ടാക്കി തരട്ടെയോ ? അപ്പോൾ അദ്ധേഹം പറഞ്ഞു : ‘ ഞാനും ഈ ദുനിയാവും തമ്മിലെന്ത്‌ ? ഈ ദുനിയാവിൽ മരത്തണലിൽ വിശ്രമിക്കാനിരിക്കുന്ന ഒരു വഴിയാത്രക്കാരനെ പോലെയാണു , പിന്നെയത്‌ അവൻ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നു ‘(തിർമിദി)

عَنْ خَبَّابِ بْنِ الأَرَتِّ قال‏‏ قال رسول الله صلى الله عليه وسلم ‏: إِنَّما يَكْفِي أحدَكَمْ، ما كان في الدنيا، مثلُ زادِ الرّاكِبِ

ഖബ്ബാബ് ബ്നു അൽഅറത്ത് رضي الله عنه വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഈ ലോകത്ത് ഏതൊരാൾക്കും ഒരു യാത്രക്കാരന് വേണ്ട പാഥേയം മാത്രം മതി. (സ്വഹീഹുൽ ജാമിഅ്)

ഇബ്നുറജബ് (റഹി) പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് അനുയോജ്യമായ കാര്യമല്ല, ദുനിയാവിനെ സമാധാനമടയാനുള്ള ഒരു സ്‌ഥലമൊ, വീടൊ ആയി സ്വീകരിക്കുകായെന്നത്. എന്നാല്‍ അവന് അനിവാര്യമായിട്ടുള്ളത്, യാത്രക്ക് വേണ്ടി തന്‍റെ സാമഗ്രികള്‍ തയ്യാറാക്കുന്ന ഒരു യാത്രയുടെ ചിറകിന്‍മേലായവനെപോലെ ദുനിയാവില്‍ ആകുകായെന്നതാണ്. ജാമിഉൽ ഉലൂമി വൽ ഹികം:2/377)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ بِالسُّوقِ دَاخِلاً مِنْ بَعْضِ الْعَالِيَةِ وَالنَّاسُ كَنَفَتَهُ فَمَرَّ بِجَدْىٍ أَسَكَّ مَيِّتٍ فَتَنَاوَلَهُ فَأَخَذَ بِأُذُنِهِ ثُمَّ قَالَ ‏”‏ أَيُّكُمْ يُحِبُّ أَنَّ هَذَا لَهُ بِدِرْهَمٍ ‏”‏ ‏.‏ فَقَالُوا مَا نُحِبُّ أَنَّهُ لَنَا بِشَىْءٍ وَمَا نَصْنَعُ بِهِ قَالَ ‏”‏ أَتُحِبُّونَ أَنَّهُ لَكُمْ ‏”‏ ‏.‏ قَالُوا وَاللَّهِ لَوْ كَانَ حَيًّا كَانَ عَيْبًا فِيهِ لأَنَّهُ أَسَكُّ فَكَيْفَ وَهُوَ مَيِّتٌ فَقَالَ ‏”‏ فَوَاللَّهِ لَلدُّنْيَا أَهْوَنُ عَلَى اللَّهِ مِنْ هَذَا عَلَيْكُمْ ‏”‏.‏

ജാബിര്‍(റ)വില്‍ നിന്ന്‌ നിവേദനം: നിശ്ചയം, റസൂല്‍(സ) ഒരിക്കല്‍ അങ്ങാടിയിലൂടെ നടന്നുപോയി. അവിടുത്തെ ഇരുപാര്‍ശ്വങ്ങളിലും കുറെ ജനങ്ങളുമുണ്ട്. അങ്ങനെ ചെവി മുറിക്കപ്പെട്ട ഒരു ചത്ത ആടിന്റെ അരികിലൂടെ നടന്നുപോകാനിടയായി. അതിന്റെ ചെവി പിടിച്ചുകൊണ്ട് (പ്രവാചകന്‍) പറഞ്ഞു. നിങ്ങളിലാരാണ്‌ ഒരു ദിര്‍ഹമിന്‌ ഇത്‌ മേടിക്കാനിഷ്‌ടപ്പെടുന്നത്‌? അവര്‍ പറഞ്ഞു. യാതൊന്നും കൊടുത്ത്‌ അതു വാങ്ങാന്‍ ഞങ്ങളിഷ്‌ടപ്പെടുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ എന്തുചെയ്യാനാണ്‌? വീണ്ടും നബി(സ) ചോദിച്ചു. എന്നാല്‍ ഒരു പ്രതിഫലവും കൂടാതെ നിങ്ങള്‍ക്കത്‌ ലഭിക്കുന്നത്‌ നിങ്ങള്‍ ഇഷ്‌ടപ്പെടുമോ? അവര്‍ പറഞ്ഞു. അല്ലാഹുവാണ്‌ അത്‌ ചെവി മുറിക്കപ്പെട്ടതുകൊണ്‌ട്‌ ജിവഌള്ളപ്പോള്‍ തന്നെ ന്യൂനതയുള്ളതാണല്ലോ. ചത്തുകഴിഞ്ഞാല്‍ പിന്നെ പറയാനുമുണ്ടോ? അപ്പോള്‍ നബി(സ) പറഞ്ഞു. ഇത്‌ നിങ്ങള്‍ക്ക്‌ എത്ര നിസ്സാരമാണോ അതിലുപരി ഇഹലോകം അല്ലാഹുവിങ്കല്‍ നിസ്സാരമാണ്‌. (മുസ്‌ലിം:2957)

عَنْ سَهْلِ بْنِ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَوْ كَانَتِ الدُّنْيَا تَعْدِلُ عِنْدَ اللَّهِ جَنَاحَ بَعُوضَةٍ مَا سَقَى كَافِرًا مِنْهَا شَرْبَةَ مَاءٍ

സഹ്‌ല്‌ (റ)വില്‍ നിന്ന്‌ നിവേദനം: തിരുദൂതന്‍ (സ) അരുളി: ഇഹലോകം അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിന്റെ അത്രയും വിലയുള്ളതായിരുന്നെങ്കില്‍ ധിക്കാരികള്‍ക്ക്‌ അതില്‍ നിന്ന്‌ ഒരു മുറുക്ക്‌ വെള്ളം കൂടി കുടിപ്പിക്കുകയില്ലായിരുന്നു.(അത്രയും നിസ്സാരമായതു കൊണ്ടാണ്‌ ധിക്കാരികള്‍ക്ക്‌ അല്ലാഹു അത്‌ പ്രദാനം ചെയ്യുന്നത്‌.) (തിര്‍മിദി:2320)

ഐഹിക ജീവിതത്തില്‍ മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങളും, ഉപാധികളുമായി പലതുണ്ടെങ്കിലും, അവയുടെ ആകെത്തുക പരിശോധിച്ചു നോക്കിയാല്‍ വെറും കളിവിനോദമാണെന്നു കാണാം. ഒന്നിനും നിലനില്‍പില്ല. എല്ലാം ക്ഷണഭംഗുരങ്ങളാണ്. ഭാവിയിലേക്കു നേട്ടമുണ്ടാക്കുന്നതോ, ശാശ്വതമായി നിലകൊള്ളുന്നതോ ഒന്നുംതന്നെ അതിലില്ല. അനശ്വരമായ പാരത്രിക ജീവിതമാണ് അവനെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമായ ജീവിതം. അതുകൊണ്ട് ആ ജീവിതത്തിലേക്ക് ഉപയോഗപ്രദമായി തീരുന്നതെന്തോ അതു സമ്പാദിക്കുവാന്‍ ശ്രമിക്കുകയാണ് അവന്‍ ഇവിടെവെച്ച് ചെയ്യേണ്ടത്.

ഐഹിക ജീവിതം കളിയും വിനോദവുമാണ്‌ ,പരലോക ജീവിതമാണ്‌ സാക്ഷാല്‍ ജീവിതവും കാര്യപ്പെട്ടതും എന്ന്‌ പറയുമ്പോള്‍, ഐഹിക ജീവിതത്തില്‍ വെച്ച്‌ ഒന്നും നേടുവാനില്ലെന്ന്‌ ധരിക്കേണ്ടതില്ല. പരലോകത്ത്‌ വിജയവും മോക്ഷവും ലഭിക്കുവാനുള്ള മാര്‍ഗങ്ങളെല്ലാം സമ്പാദിക്കേണ്ടത്‌ ഇഹത്തില്‍ വെച്ചാണല്ലോ. പക്ഷേ, പാരത്രിക ജീവിത യാഥാര്‍ത്ഥ്യങ്ങളെ അപേക്ഷിച്ചു ഐഹിക ജീവിതം വെറും കളിയും വിനോദവും മാത്രമാണ്‌. അതിന്‌ സ്ഥിരതയോ സാക്ഷാല്‍ക്കാരമോ ഇല്ല, അതുകൊണ്ട്‌ പരലോക ജീവിതത്തിനാണ്‌ ഐഹിക ജീവിതത്തെക്കാള്‍ വിലകല്‍പിക്കേണ്ടത്‌ എന്നാണുദ്ദേശ്യം.

ٱﻟْﻤَﺎﻝُ ﻭَٱﻟْﺒَﻨُﻮﻥَ ﺯِﻳﻨَﺔُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ ﻭَٱﻟْﺒَٰﻘِﻴَٰﺖُ ٱﻟﺼَّٰﻠِﺤَٰﺖُ ﺧَﻴْﺮٌ ﻋِﻨﺪَ ﺭَﺑِّﻚَ ﺛَﻮَاﺑًﺎ ﻭَﺧَﻴْﺮٌ ﺃَﻣَﻼً

സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.(ഖു൪ആന്‍:18/46)

ആദം നബിയേയും (അ) ഹവ്വയേയും (അ) സ്വര്‍ഗത്തില്‍ നിന്ന്‌ ഭൂമിയിലേക്ക്‌ അയച്ചപ്പോള്‍,അവ൪ക്കവിടെ ജീവിത സൌകര്യങ്ങളുമുണ്ടെന്നും യഥേഷ്‌ടം അവിടെ താമസിക്കാമെന്നും അതിലെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും അല്ലാഹു പറഞ്ഞു. എന്നാല്‍, നിങ്ങള്‍ക്കവിടെ ഒരു കാലാവധിവരെയുള്ള ജീവിതമേയുള്ളൂ. അതാകുന്നു ഐഹിക ജീവിതം. അത്‌ കഴിഞ്ഞാല്‍ നിങ്ങള്‍ രണ്ടാമതും അല്ലാഹുവിങ്കലേക്ക്‌ തിരിച്ചു കൊണ്ടുവരപ്പെടും.

ﻗَﺎﻝَ ٱﻫْﺒِﻄُﻮا۟ ﺑَﻌْﻀُﻜُﻢْ ﻟِﺒَﻌْﺾٍ ﻋَﺪُﻭٌّ ۖ ﻭَﻟَﻜُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻣُﺴْﺘَﻘَﺮٌّ ﻭَﻣَﺘَٰﻊٌ ﺇِﻟَﻰٰ ﺣِﻴﻦٍ ﻗَﺎﻝَ ﻓِﻴﻬَﺎ ﺗَﺤْﻴَﻮْﻥَ ﻭَﻓِﻴﻬَﺎ ﺗَﻤُﻮﺗُﻮﻥَ ﻭَﻣِﻨْﻬَﺎ ﺗُﺨْﺮَﺟُﻮﻥَ

അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ (സ്വ൪ഗ്ഗത്തില്‍ നിന്ന്) ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക് ഭൂമിയില്‍ വാസസ്ഥലമുണ്ട്‌. ഒരു നിശ്ചിതസമയം വരെ ജീവിത സൌകര്യങ്ങളുമുണ്ട്‌. അവന്‍(അല്ലാഹു) പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന് തന്നെ നിങ്ങള്‍ പുറത്ത് കൊണ്ട് വരപ്പെടുകയും ചെയ്യും.(ഖു൪ആന്‍:7/24-25)

ആദം സന്തതികളുടെ ജീവിതത്തിന്‌ നാല്‌ ഘട്ടങ്ങളുണ്ട്‌.

  • ഗര്‍ഭധാരണം നടന്നതു മുതല്‍ പ്രസവം വരെയുള്ളത്‌
  • ജനനം മുതല്‍ മരണം വരെയുള്ളത്‌
  • മരണം മുതല്‍ ലോകാവസാനം വരെയുള്ളത്‌
  • ലോകാവസാനം മുതല്‍ അനന്തമായ കാലഘട്ടം

ജനനം മുതല്‍ മരണം വരെയുള്ളത്‌ രണ്ടാം ഘട്ടത്തെയാണ് ഐഹിക ജീവിതം എന്ന് പറയുന്നത്.ഇത് ഒരു ഇടത്താവളം മാത്രമാകുന്നു.ഒരു വഴി യാത്രക്കാരനെ പോലെ മാത്രമാണ് ഇവിടെ കഴിയേണ്ടത്. കുറച്ച് കാലം കഴിഞ്ഞ് നമുക്ക് ഇവിടെ നിന്ന് പോകേണ്ടി വരും. ഇഹലോകം കര്‍മ വേദിയാണ്‌. നന്മയും തിന്മയും ചെയ്യാന്‍ അവസരമുള്ള കര്‍മ വേദി.

ഐഹിക ജീവിതം നാം തുടങ്ങുന്നതും അത്‌ മുന്നോട്ട്‌ നീങ്ങുന്നതും അത്‌ അവസാനിക്കുന്നതും നമ്മുടെ തീരുമാനങ്ങള്‍ക്കനുസരിച്ചല്ല. ഐഹിക ജീവിതം ക്ഷണികവും നശ്വരവുമാണ്‌. അനശ്വരമായ പാരത്രിക ജീവിതത്തിന്‌ വേണ്ടി അധ്വാനിക്കാനുള്ളതാണ്‌ ഈ ലോക ജീവിതം. ഈ യാഥാർത്ഥ്യം വിസ്മരിച്ചു കൊണ്ട്‌ ഭൗതിക സുഖങ്ങളിൽ ആമഗ്നരായി കഴിയുന്നവർക്ക്‌ ശാശ്വത ശാന്തിയുടെ ലോകം നഷ്ടമാകും.

ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമാണെന്ന് അല്ലാഹു പറയുന്നു.

ﻛُﻞُّ ﻧَﻔْﺲٍ ﺫَآﺋِﻘَﺔُ ٱﻟْﻤَﻮْﺕِ ۗ ﻭَﺇِﻧَّﻤَﺎ ﺗُﻮَﻓَّﻮْﻥَ ﺃُﺟُﻮﺭَﻛُﻢْ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ۖ ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ (വഞ്ചനയുടെ വിഭവമല്ലാതെ) മറ്റൊന്നുമല്ല. (ഖു൪ആന്‍:3/185)

ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ….

….ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ (വഞ്ചനയുടെ വിഭവമല്ലാതെ) മറ്റൊന്നുമല്ല..(ഖു൪ആന്‍:57/20)

ഈ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെയെന്നും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻥَّ ﻭَﻋْﺪَ ٱﻟﻠَّﻪِ ﺣَﻖٌّ ۖ ﻓَﻼَ ﺗَﻐُﺮَّﻧَّﻜُﻢُ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ۖ ﻭَﻻَ ﻳَﻐُﺮَّﻧَّﻜُﻢ ﺑِﭑﻟﻠَّﻪِ ٱﻟْﻐَﺮُﻭﺭُ

മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.(ഖു൪ആന്‍:35/5)

ഐഹികജീവിതം കബളിപ്പിക്കുന്ന വിഭവമാണെന്നും വഞ്ചനയുടെ വിഭവമാണെന്നും അല്ലാഹു പറഞ്ഞു തന്നിട്ടുണ്ടങ്കിലും അധികമാളുകളും ഐഹിക ജീവിതത്തിന്റെ കബളിപ്പിക്കലിലും വഞ്ചനയിലും അകപ്പെട്ടു പോകുകയാണ് ഉണ്ടായിട്ടുള്ളത്.

മനുഷ്യജീവിതത്തിന്റെ നാല് ഘട്ടങ്ങളിലെ രണ്ടാം ഘട്ടമാണല്ലോ ഐഹിക ജീവിതം എന്ന് പറയുന്നത്.ലോകാവസാനം മുതലുള്ള അനന്തമായ കാലമാണല്ലോ നാലാം ഘട്ടം.ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളില്‍ നാം കുറച്ച് കാലം മാത്രമാണ് ജീവിക്കുന്നത്.നാലാം ഘട്ടത്തിലാണ് നാം അനശ്വര ജീവിതം നയിക്കുന്നത്.അനശ്വര ജീവിതത്തില്‍ രക്ഷയും ശിക്ഷയും ഉണ്ട്.രണ്ടാം ഘട്ടമായ ഐഹിക ജീവിതത്തിലെ പരീക്ഷയില്‍ ജയിക്കുന്നവ൪ക്കാണ് നാലാം ഘട്ടത്തിലെ അനശ്വര ജീവിതത്തില്‍ രക്ഷ ലഭിക്കുന്നത്‌.ഐഹിക ജീവിതത്തിലെ പരീക്ഷയില്‍ തോല്‍ക്കുന്നവ൪ക്കാണ് നാലാം ഘട്ടത്തിലെ അനശ്വര ജീവിതത്തില്‍ ശിക്ഷ ലഭിക്കുന്നത്‌.

മരണത്തോടുകൂടി മനുഷ്യജീവിതം അവസാനിക്കുന്നില്ല. ഒടുക്കമില്ലാത്ത മറ്റൊരു ജീവിതത്തിലേക്കുള്ള പ്രയാണമാണ് ഐഹിക ജീവിതം. ആ ജീവിതത്തിലേക്കുള്ള പ്രവേശനമാണ് മരണം. ആ ജീവിതം സുഖകരമാകുന്നതിന് ആവശ്യമായ സമ്പത്ത് തയ്യാറാക്കുകയത്രെ ഈ താല്‍ക്കാലിക ജീവിതത്തിന്റെ ലക്ഷ്യമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. അതേ, ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടി അല്ലാഹു സംവിധാനിച്ചിട്ടുള്ളതാണ്.

ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)

അപ്പോള്‍, മരണവും ജീവിതവും ഏര്‍പ്പെടുത്തിയിരിക്കുന്നത് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്ന്‍ പരിശോധിക്കുവാന്‍ വേണ്ടിയാണെന്ന് അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യം വ്യക്തംതന്നെ.

ﻛُﻞُّ ﻧَﻔْﺲٍ ﺫَآﺋِﻘَﺔُ ٱﻟْﻤَﻮْﺕِ ۗ ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ

ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35)

قال ابن عباس رضي الله عنه: نبتليكم بالشدة والرخاء، والصحة والسقم، والغنى والفقر، والحلال والحرام، والطاعة والمعصية، والهدى والضلالة

ഇബ്നു അബ്ബാസ്  رضي الله عنه  പറഞ്ഞു : നാം നിങ്ങളെ ക്ഷാമവും ക്ഷേമവും കൊണ്ടും, ആരോഗ്യവും അനാരോഗ്യവും കൊണ്ടും, സമ്പത്തും ദാരിദ്ര്യവും കൊണ്ടും, അനുവദനീയവും അനനുവദനീയവും കൊണ്ടും, അനുസരണവും ധിക്കാരവും കൊണ്ടും, നേർമാർഗ്ഗവും ദുർമാർഗ്ഗവും കൊണ്ടും പരീക്ഷിക്കുന്നതാണ്. [തഫ്സീറു ത്വബ്‌രി: (25/17 )]

തിന്മയില്‍ ക്ഷമയും സഹനവും, നന്മയില്‍ നന്ദിയും കൂറും പുലര്‍ത്തുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.അനുഗ്രഹത്തിലും സന്തോഷത്തിലും നന്ദിയെന്നപോലെ, പരീക്ഷണങ്ങളിലും വിഷമങ്ങളിലും ക്ഷമ കൈക്കൊള്ളല്‍ സത്യവിശ്വാസിയുടെ സ്വഭാവമായിരിക്കേണ്ടതാണ്.

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)

മനുഷ്യനില്‍ ഇടക്കിടെ അനുഭവപ്പെട്ടേക്കാവുന്ന വിപത്തുകള്‍ മുഖേനയുണ്ടാകുന്ന പരീക്ഷണങ്ങളെ കുറിച്ചും, അവയില്‍ ക്ഷമ കൈക്കൊള്ളേണ്ടതിനെ കുറിച്ചും ഈ വചനങ്ങളില്‍ അല്ലാഹു പ്രസ്താവിക്കുകയാണ്.

അഞ്ച് തരം പരീക്ഷണങ്ങളെയാണ് അല്ലാഹു ഇവിടെ എടുത്തു പറഞ്ഞത്.

ഭയം : യുദ്ധം, കലഹം, ശത്രുക്കള്‍ തുടങ്ങിയ എല്ലാ കാരണത്താലും ഏര്‍പ്പെടുന്ന ഭയം ഇതില്‍ ഉള്‍പ്പെടുന്നു.
വിശപ്പ് : ക്ഷാമം കൊണ്ടോ ദാരിദ്ര്യാധിക്യം കൊണ്ടോ, മറ്റ് കാരണം കൊണ്ടോ ഉണ്ടാകുന്ന പട്ടിണിയെന്നര്‍ത്ഥം.
ധന നഷ്ടം : ഉള്ള ധനത്തിന് നാശ നഷ്ടം പിണഞ്ഞും, വരവ് കുറഞ്ഞും ഉണ്ടാകുന്ന എല്ലാതരം നഷ്ടങ്ങളും.
ആള്‍ നഷ്ടം : രോഗം പകര്‍ച്ച വ്യാധികള്‍, അപകടങ്ങള്‍, യുദ്ധങ്ങള്‍, അത്യാഹിതങ്ങള്‍ എന്നിങ്ങിനെയുള്ള ഏതെങ്കിലും കാരണത്താല്‍ സ്വന്തം കുടുംബങ്ങളിലും ബന്ധു മിത്രങ്ങളിലും ഉണ്ടാകുന്ന എല്ലാ ജീവനാശങ്ങളും.
ഫലങ്ങളുടെ കുറവ് : കൃഷിയുല്‍പന്നങ്ങള്‍, കായ്കനികള്‍ മുതലായവയില്‍ ഏര്‍പ്പെടുന്ന ഉല്‍പാദനക്കുറവ്.

ഇവയെല്ലാം പലപ്പോഴും ഉണ്ടാകാറുള്ള വിപത്തുകളാണല്ലോ. ബാഹ്യമായ കാര്യകാരണ ബന്ധങ്ങളെ മുന്‍നിറുത്തി ഇവക്കെല്ലാം ചില കാരണങ്ങള്‍ മനുഷ്യന് പലപ്പോഴും പറയുവാനുണ്ടായിരിക്കും. എങ്കിലും അവയൊക്കെ വാസ്തവത്തില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ചില പരീക്ഷണങ്ങളാകുന്നു. അവയില്‍ ക്ഷമ കൈക്കൊള്ളുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് മഹത്തായ അനുഗ്രഹങ്ങളും നന്‍മകളും ലഭിക്കുന്നതാണെന്നും അവരാണ് സന്‍മാര്‍ഗം പ്രാപിച്ച ഭാഗ്യവാന്‍മാരെന്നും അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നു. നേരെ മറിച്ച് അക്ഷമയും വേവലാതിയുമായി കഴിയുന്നവരെ സംബന്ധിച്ചിടത്തോളം, ഇഹത്തില്‍ ആപത്തുകളുടെ ഗൗരവം വര്‍ദ്ധിക്കലും, പരത്തില്‍ അല്ലാഹുവിന്റെ അപ്രീതി സമ്പാദിക്കലും മാത്രമായിരിക്കും അനുഭവം. മേല്‍ പറഞ്ഞ അഞ്ച് കാര്യങ്ങളെക്കൊളും പരീക്ഷണം നടത്തും എന്ന് പറയാതെ അവയില്‍ അല്‍പം വല്ലതും കൊണ്ട് പരീക്ഷണം നടത്തും ( وَلَنَبْلُوَنَّكُم بِشَيْءٍ ) എന്നത്രെ അല്ലാഹു പറഞ്ഞ വാക്ക്. ഇവയില്‍പെട്ട ഏതെങ്കിലും ചിലതൊക്കെ ചിലപ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടെന്ന് വരും. അപ്പോള്‍ അതിന്റെ പേരില്‍ ക്ഷമകേടും നിരാശയും ബാധിക്കരുത്. നേരെമറിച്ച് ക്ഷമ അവലംബിച്ചുകൊണ്ട് അവ നിങ്ങള്‍ക്ക് ഗുണകരമായി കലാശിക്കുവാന്‍ ശ്രമിക്കേണ്ടതാണ്.

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബില്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു:സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)

ﺇِﻧَّﺎ ﺟَﻌَﻠْﻨَﺎ ﻣَﺎ ﻋَﻠَﻰ ٱﻷَْﺭْﺽِ ﺯِﻳﻨَﺔً ﻟَّﻬَﺎ ﻟِﻨَﺒْﻠُﻮَﻫُﻢْ ﺃَﻳُّﻬُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ﻭَﺇِﻧَّﺎ ﻟَﺠَٰﻌِﻠُﻮﻥَ ﻣَﺎ ﻋَﻠَﻴْﻬَﺎ ﺻَﻌِﻴﺪًا ﺟُﺮُﺯًا

തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി.തീര്‍ച്ചയായും അതിന്‍മേലുള്ളതെല്ലാം നശിപ്പിച്ച് നാം തന്നെ അതൊരു മൊട്ടയായ ഭൂപ്രദേശമാക്കി മാറ്റിക്കളയുന്നതുമാണ്‌. (ഖു൪ആന്‍:18/7-8)

ഭൂതലത്തില്‍ കാണുന്ന വസ്തു വിഭവങ്ങളും നമ്മെ വഞ്ചിച്ച് കളഞ്ഞ അവയുടെ നിറ പകിട്ടുകളുമെല്ലാം ക്ഷണികമായ ഒരു അലങ്കാരം മാത്രമാണ്.ഇതൊക്കെയും നമ്മെ പരീക്ഷിക്കാന്‍ വേണ്ടി അല്ലാഹു ഒരുക്കൂട്ടിയിരിക്കുകയാണ്. എന്നാല്‍ ഇതൊക്കെ നമ്മുടെ സുഖാനന്ദത്തിനായി മാത്രം തയ്യാറാക്കിയിരിക്കുകയാണെന്ന വ്യാമോഹത്തില്‍ പെടാന്‍ പാടില്ല.അങ്ങനെ ആയാല്‍ സുഖത്തിന്റെ മുന്തിരിച്ചാ൪ ആകോളം നുകരുന്നതില്‍ അപ്പുറത്തുള്ള ഒരു ജീവിത ലക്ഷ്യത്തെ പറ്റി ചിന്തിക്കാന്‍ കഴിയാതെ വരും. ആ അലങ്കാര വസ്തുക്കളെക്കുറിച്ചു വേണ്ടപോലെ ചിന്തിച്ചു അതില്‍ അനുവദനീയമായവ ഉപയോഗപ്പെടുത്തുന്നവന് പുണ്യഫലവും അശ്രദ്ധ കാണിക്കുന്നവന് ശിക്ഷയും അല്ലാഹു നല്‍കും. അഥവാ, ജയാപജയം പരിശോധിക്കുന്നതിനുള്ള ഒരു പരീക്ഷണാലയമായിട്ടാണ് ഈ ലോകം കണക്കാക്കപ്പെട്ടിട്ടുള്ളത്

ﺯُﻳِّﻦَ ﻟِﻠﻨَّﺎﺱِ ﺣُﺐُّ ٱﻟﺸَّﻬَﻮَٰﺕِ ﻣِﻦَ ٱﻟﻨِّﺴَﺎٓءِ ﻭَٱﻟْﺒَﻨِﻴﻦَ ﻭَٱﻟْﻘَﻨَٰﻄِﻴﺮِ ٱﻟْﻤُﻘَﻨﻄَﺮَﺓِ ﻣِﻦَ ٱﻟﺬَّﻫَﺐِ ﻭَٱﻟْﻔِﻀَّﺔِ ﻭَٱﻟْﺨَﻴْﻞِ ٱﻟْﻤُﺴَﻮَّﻣَﺔِ ﻭَٱﻷَْﻧْﻌَٰﻢِ ﻭَٱﻟْﺤَﺮْﺙِ ۗ ﺫَٰﻟِﻚَ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ ﻭَٱﻟﻠَّﻪُ ﻋِﻨﺪَﻩُۥ ﺣُﺴْﻦُ ٱﻟْﻤَـَٔﺎﺏِ ﻗُﻞْ ﺃَﺅُﻧَﺒِّﺌُﻜُﻢ ﺑِﺨَﻴْﺮٍ ﻣِّﻦ ﺫَٰﻟِﻜُﻢْ ۚ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ﻭَﺃَﺯْﻭَٰﺝٌ ﻣُّﻄَﻬَّﺮَﺓٌ ﻭَﺭِﺿْﻮَٰﻥٌ ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﺑَﺼِﻴﺮٌۢ ﺑِﭑﻟْﻌِﺒَﺎﺩِ

ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്‌) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.(ഖു൪ആന്‍:3/14-15)

സ്ത്രീകള്‍ തുടങ്ങി മേല്‍ പറഞ്ഞ വസ്തുക്കളെല്ലാം മനുഷ്യര്‍ക്ക് വളരെ കാര്യമായി തോന്നുന്നവയാണ്. അവയോടുള്ള പ്രേമം തങ്ങള്‍ക്ക് ഒരു അലങ്കാരമായി അവര്‍ കരുതുന്നു. വാസ്തവത്തില്‍ അവയെല്ലാം താല്‍ക്കാലികവും നശ്വരവുമായ ഐഹിക സുഖങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ അവയോടല്ല മനുഷ്യന് പ്രേമമുണ്ടായിരിക്കേണ്ടത്. അവയെക്കാള്‍ എത്രയോ ഉന്നതവും അനശ്വരവുമായ സ്വര്‍ഗീയ അനുഗ്രഹങ്ങളാണ് അല്ലാഹുവിങ്കലുള്ളത്. എല്ലാറ്റിലും ഉപരിയായതത്രെ അല്ലാഹുവിന്റെ പ്രീതി. ഇവയോടെല്ലാമാണ് മനുഷ്യന്‍ പ്രേമം കാണിക്കേണ്ടത്. അവക്കു വേണ്ടിയാണ് അവന്‍ പരിശ്രമിക്കേണ്ടതും എന്ന് സാരം.

മേല്‍ പറഞ്ഞതൊന്നും ഉപയോഗപ്പെടുത്തിക്കൂടാ എന്നല്ല ഇപ്പറഞ്ഞതിന്റെ താല്പര്യം. അവക്ക് അമിതമായ വില കല്‍പിക്കുക, പരലോകാനുഗ്രഹങ്ങളെക്കാള്‍ മുന്‍ഗണന അവക്ക് നല്‍കുക, അവയില്‍ ശ്രദ്ധപതിപ്പിച്ചും മുഴുകിയും കൊണ്ട് പരലോക കാര്യം വിസ്മരിക്കുക ഇതൊക്കെയാണ് ആക്ഷേപിക്കപ്പെടുന്നത്. കൈവന്ന സുഖങ്ങളില്‍ അല്ലാഹുവിനോട് നന്ദികാണിക്കുകയും അല്ലാഹുവിനെയും പരലോകത്തെയും കുറിച്ചുള്ള ബോധത്തിന് അത് ഉലച്ചില്‍ വരുത്താതിരിക്കുകയും ചെയ്യുന്ന പക്ഷം അവ ദോഷകരമാവുകയില്ല. നേരെ മറിച്ച് ഗുണകരമായിരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു.

قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ

(നബിയേ,) പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? (ഖു൪ആന്‍:7/32)

ആരെല്ലാമാണ് ഭൗതിക സുഖസൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്, അവയെ ജീവിത ലക്ഷ്യമാക്കുന്നത്, ദുരുപയോഗപ്പെടുത്തുന്നത്, ആരൊക്കെയാണ് അവയെ മിതവും നിയമാനുസൃതവുമായ രീതിയില്‍ കയ്യാളുന്നത്, പരലോകാനുഗ്രഹങ്ങള്‍ക്കും അല്ലാഹുവിന്റെ പ്രീതിക്കും അവയെക്കാള്‍ വില കല്‍പിക്കുന്നത് എന്നിത്യാദി കാര്യങ്ങളെല്ലാം അല്ലാഹുവിന് ശരിക്കും അറിയാമെന്നും ഓരോരുത്തനും അര്‍ഹിക്കുന്ന പ്രതിഫലം അവന്‍ കൊടുക്കുകയും ചെയ്യുമെന്നുമാണ് ‘അല്ലാഹു അവന്റെ അടിയാന്‍മാരെപ്പറ്റി കണ്ടറിയുന്നവനാണ് ‘എന്ന അവസാന വാക്യം മുഖേന ഉണര്‍ത്തുന്നത്.

ഐഹിക ജീവിതത്തെ അനശ്വര ജീവിതാവസരമായി കാണുന്നവ൪ ഇവിടെ പരമാവധി ആസ്വദിക്കുവാനാണ് ശ്രമിക്കുന്നത്.സമ്പത്ത്‌ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിരന്തര മത്സരങ്ങളിലേര്‍പ്പെടാനും ഈ മാര്‍ഗത്തില്‍ ചതിയും വഞ്ചനയും നടത്താനും ശ്രമിക്കും.അവസാനം അനുഗ്രഹ ദാതാവായ അല്ലാഹുവിനെ മറന്നുകൊണ്ട്‌ ജീവിക്കുകയും ഈ ഐഹിക ജീവിതത്തില്‍ മാത്രം തന്റെ ലക്ഷ്യങ്ങളെയും സ്വപ്‌നങ്ങളെയും കേന്ദ്രീകരിക്കുകയും ചെയ്യും.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـقَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: لاَ يَزَالُ قَلْبُ الْكَبِيرِ شَابًّا فِي اثْنَتَيْنِ فِي حُبِّ الدُّنْيَا، وَطُولِ الأَمَلِ

അബൂഹുറൈറ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ(ﷺ) പറയുന്നത് ഞാൻ കേട്ടു. രണ്ടു കാര്യത്തിൽ വൃദ്ധന്റെ ഹൃദയം യുവത്വത്തിലായിരിക്കും. ഐഹികലോകത്തോടുള്ള ഇഷ്ടത്തിലും, ദീർഘായുസ്സിന്റെ വിഷയത്തിലും…(ബുഖാരി: 6420)

ഐഹിക ജീവിതാലങ്കാരങ്ങളില്‍ മതിമറന്നുപോയവര്‍ പറയുന്നത്‌ ഖുര്‍ആന്‍ വരച്ചുകാട്ടുന്നതിങ്ങനെയാണ്‌.

ﻭَﻗَﺎﻟُﻮا۟ ﻣَﺎ ﻫِﻰَ ﺇِﻻَّ ﺣَﻴَﺎﺗُﻨَﺎ ٱﻟﺪُّﻧْﻴَﺎ ﻧَﻤُﻮﺕُ ﻭَﻧَﺤْﻴَﺎ ﻭَﻣَﺎ ﻳُﻬْﻠِﻜُﻨَﺎٓ ﺇِﻻَّ ٱﻟﺪَّﻫْﺮُ ۚ ﻭَﻣَﺎ ﻟَﻬُﻢ ﺑِﺬَٰﻟِﻚَ ﻣِﻦْ ﻋِﻠْﻢٍ ۖ ﺇِﻥْ ﻫُﻢْ ﺇِﻻَّ ﻳَﻈُﻨُّﻮﻥَ

അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു.നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.(ഖു൪ആന്‍:45/24)

അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

ﺑَﻞْ ﺗُﺆْﺛِﺮُﻭﻥَ ٱﻟْﺤَﻴَﻮٰﺓَ ٱﻟﺪُّﻧْﻴَﺎ ﻭَٱﻻْءَﺧِﺮَﺓُ ﺧَﻴْﺮٌ ﻭَﺃَﺑْﻘَﻰٰٓ

പക്ഷെ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.(ഖു൪ആന്‍:87/16-17)

ﺃَﺭَﺿِﻴﺘُﻢ ﺑِﭑﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻣِﻦَ ٱﻻْءَﺧِﺮَﺓِ ۚ ﻓَﻤَﺎ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻓِﻰ ٱﻻْءَﺧِﺮَﺓِ ﺇِﻻَّ ﻗَﻠِﻴﻞٌ.

…പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.(ഖു൪ആന്‍:9/38)

ﻣَّﻦ ﻛَﺎﻥَ ﻳُﺮِﻳﺪُ ٱﻟْﻌَﺎﺟِﻠَﺔَ ﻋَﺠَّﻠْﻨَﺎ ﻟَﻪُۥ ﻓِﻴﻬَﺎ ﻣَﺎ ﻧَﺸَﺎٓءُ ﻟِﻤَﻦ ﻧُّﺮِﻳﺪُ ﺛُﻢَّ ﺟَﻌَﻠْﻨَﺎ ﻟَﻪُۥ ﺟَﻬَﻨَّﻢَ ﻳَﺼْﻠَﻰٰﻫَﺎ ﻣَﺬْﻣُﻮﻣًﺎ ﻣَّﺪْﺣُﻮﺭًا ﻭَﻣَﻦْ ﺃَﺭَاﺩَ ٱﻻْءَﺧِﺮَﺓَ ﻭَﺳَﻌَﻰٰ ﻟَﻬَﺎ ﺳَﻌْﻴَﻬَﺎ ﻭَﻫُﻮَ ﻣُﺆْﻣِﻦٌ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻛَﺎﻥَ ﺳَﻌْﻴُﻬُﻢ ﻣَّﺸْﻜُﻮﺭًا

ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌.ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.(ഖു൪ആന്‍:17/18-19)

ഐഹിക ജീവിതത്തിലെ പരീക്ഷയില്‍ തോല്‍ക്കുന്നവ൪ക്ക് നാലാം ഘട്ടത്തിലെ അനശ്വര ജീവിതത്തില്‍ നരകമാണ് ലഭിക്കുന്നത്‌.

ﻭَﻧَﺎﺩَﻯٰٓ ﺃَﺻْﺤَٰﺐُ ٱﻟﻨَّﺎﺭِ ﺃَﺻْﺤَٰﺐَ ٱﻟْﺠَﻨَّﺔِ ﺃَﻥْ ﺃَﻓِﻴﻀُﻮا۟ ﻋَﻠَﻴْﻨَﺎ ﻣِﻦَ ٱﻟْﻤَﺎٓءِ ﺃَﻭْ ﻣِﻤَّﺎ ﺭَﺯَﻗَﻜُﻢُ ٱﻟﻠَّﻪُ ۚ ﻗَﺎﻟُﻮٓا۟ ﺇِﻥَّ ٱﻟﻠَّﻪَ ﺣَﺮَّﻣَﻬُﻤَﺎ ﻋَﻠَﻰ ٱﻟْﻜَٰﻔِﺮِﻳﻦَ ٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﺩِﻳﻨَﻬُﻢْ ﻟَﻬْﻮًا ﻭَﻟَﻌِﺒًﺎ ﻭَﻏَﺮَّﺗْﻬُﻢُ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ۚ ﻓَﭑﻟْﻴَﻮْﻡَ ﻧَﻨﺴَﻰٰﻫُﻢْ ﻛَﻤَﺎ ﻧَﺴُﻮا۟ ﻟِﻘَﺎٓءَ ﻳَﻮْﻣِﻬِﻢْ ﻫَٰﺬَا ﻭَﻣَﺎ ﻛَﺎﻧُﻮا۟ ﺑِـَٔﺎﻳَٰﺘِﻨَﺎ ﻳَﺠْﺤَﺪُﻭﻥَ

നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ,അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ!അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്‌.(അതായത്‌) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌.അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ,നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.

അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാതെ ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവ൪ക്ക് നരകമാണ് ലഭിക്കുന്നതെന്ന് അല്ലാഹു പറയുന്നു.

إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ عَنْ ءَايَٰتِنَا غَٰفِلُونَ ‎﴿٧﴾‏ أُو۟لَٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ ‎﴿٨﴾

നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ, അവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായിട്ടത്രെ അത്‌. (ഖു൪ആന്‍:10/7-8)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *