ജസാകല്ലാഹു ഖൈര്‍

ഒരാൾ ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്യുകയാണെങ്കിൽ അയാൾ തിരിച്ച് ‘നന്ദി, ശുക്ർ, Thanks’ തുടങ്ങിയ നന്ദിയുടെ വാക്കുകൾ പറയാറുണ്ട്. ഇത് ഏറ്റവും മാന്യവും ഉദാത്തവുമായ സ്വഭാവമാണ്. എന്നാൽ അവിടെ ശറഅ് പഠിപ്പിച്ച വാക്ക് ആത്മാർത്ഥമായി പറയുകയാണെങ്കിൽ പറയുന്ന വ്യക്തിക്ക് അതൊരു പുണ്യമായി ഭവിക്കുകയും, ആരോടാണോ പറയുന്നത് അയാൾക്കതിന്റെ ബർക്കത്ത് ലഭിക്കുകയും ചെയ്യുന്നതാണ്.

عَنْ أُسَامَةَ بْنِ زَيْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ صُنِعَ إِلَيْهِ مَعْرُوفٌ فَقَالَ لِفَاعِلِهِ جَزَاكَ اللَّهُ خَيْرًا فَقَدْ أَبْلَغَ فِي الثَّنَاءِ.

ഉസാമ ബ്നു സൈദ് رضى الله عنه യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ആർക്കെങ്കിലും (ഒരാൾ) ഒരു നന്മ ചെയ്തുകൊടുത്താൽ (അയാൾക്കായി) ഇപ്രകാരം പ്രാര്‍ത്ഥിക്കുക:

جَزَاكَ اللَّهُ خَيْرًا

ജസാക്കല്ലാഹു ഖൈര്‍

അല്ലാഹു താങ്കള്‍ക്ക് നല്ല പ്രതിഫലം നല്‍കട്ടെ.

അപ്പോള്‍ അത് ആ നന്മക്ക് അര്‍ഹിക്കുന്ന പ്രതിഫലം (പ്രശംസ) ആകുന്നതാണ്. . (തിര്‍മിദി:2035)

സാധാരണ ആളുകൾ പറയുന്ന നന്ദി വാക്ക് ഒരു പ്രശംസയാണെങ്കിൽ جَزَاكَ اللَّهُ خَيْرًا എന്നത് ഒരു പ്രാർത്ഥനയാണ്.

قال عمر بن الخطاب رضي الله عنه: لَوْ يَعْلَمُ أَحَدُكُمْ مَا لَهُ فِي قَوْلِهِ لِأَخِيهِ: جَزَاكَ اللَّهُ خَيْرًا، لَأَكْثَرَ مِنْهَا بَعْضُكُمْ لِبَعْضٍ.

ഉമർ ബ്നു ഖത്വാബ് رضي الله عنه പറഞ്ഞു :തൻറെ സഹോദരനോട് جزاك الله خيرا(അല്ലാഹു താങ്കള്‍ക്ക് നല്ല പ്രതിഫലം നല്‍കട്ടെ) എന്ന് പറയുന്നതിൽ തനിക്കെന്താണ് (നേട്ടം) ഉള്ളതെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, നിങ്ങൾ പരസ്പരം അങ്ങിനെ പറയൽ വർദ്ധിപ്പിക്കുമായിരുന്നു. [المصنف لابن أبي شيبة (26519).]

ഈ അഥര്‍ വിശദീകരിച്ച് ശൈഖ് അബ്ദുറസാഖ് അൽ ബദർ حَفِظَهُ اللَّهُ പറയുന്നു:

ما أعظم هذه الكلمة وأبلغها في الثناء على أهل المعروف والإحسان؛ لما فيها من اعتراف بالتقصير وعجز عن الجزاء وتفويض الجزاء إلى الله ليجزيهم أوفى الجزاء وأتمه، كما قال بعضهم: إذا قصرت يداك بالمكافأة فليطل لسانك بالشكر والدعاء بالجزاء الأوفى.

നന്മയും ഉപകാരവും ചെയ്തു തരുന്നവർക്കുള്ള എത്ര വലിയ പുകഴ്ത്തലാണ്,എത്ര മഹത്തരമാണ് ഈ വാചകം. കാരണം (ആ ഉപകാരത്തിനുള്ള) പ്രത്യുപകാരം ചെയ്യാൻ തനിക്ക് പരിമിതികളുണ്ടെന്ന് സമ്മതിക്കലും ഏറ്റവും പൂർണവും മതിയായ നിലക്കുള്ള പ്രതിഫലം അല്ലാഹുവിലേക്ക് ഏൽപ്പിക്കുകയുമാണതിൽ. ചിലർ പറഞ്ഞത് പോലെ ; വേണ്ട പോലെ പ്രത്യുപകാരം ചെയ്യാൻ നിന്റെ കൈക്ക് സാധിച്ചില്ലെങ്കിൽ നിന്റെ നാവ് കൊണ്ട് നന്ദി പറഞ്ഞും പ്രതിഫലത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടും നീ അത് പരിഹരിക്കുക. (https://www.al-badr.net/muqolat/2965)

ജസാക്കല്ലാഹു ഖൈറൻ എന്ന് പറയുന്നതാണോ ജസാക്കല്ലാഹു അൽഫ ഖൈരിൻ എന്ന് പറയുന്നതാണോ ഏറ്റവും നല്ലത്?

ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: ‘ജസാക്കല്ലാഹു ഖൈറൻ’ എന്നതും ‘ജസാക്കല്ലാഹു അൽഫ ഖൈരിൻ’ എന്നതും പ്രാർത്ഥനയാണ്. ജസാക്കല്ലാഹു ഖൈറൻ എന്ന് പറയുമ്പോൾ, പരിധിയും എണ്ണവും നിശ്ചയിക്കാതെ, ദുനിയാവിലെയും ആഖിറത്തിലെയും എല്ലാ നന്മയും ഉൾപ്പെട്ടു. എന്നാൽ, ജസാക്കല്ലാഹു അൽഫ ഖൈരിൻ എന്നോ അത് പോലുള്ളതോ പറയുമ്പോൾ, ആർക്ക് വേണ്ടിയാണോ പ്രാർത്ഥിക്കുന്നത്, അവർക്ക് ലഭിക്കണമെന്ന് പറയുന്ന നന്മയുടെ പരിധി നിശ്ചയിക്കപ്പെടുകയാണ്. ജസാക്കല്ലാഹു ഖൈറൻ എന്ന് പറയലാണ് പരിധി നിശ്ചയിക്കുന്നതിനേക്കാൾ പരിപൂർണ്ണമായത്. അപ്പോൾ, ഇതു പോലുള്ള കാര്യങ്ങളിൽ ഉപാധി വെച്ച് പ്രാർത്ഥിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് നിരുപാധികം പ്രാർത്ഥിക്കലാണ്. (https://youtu.be/aoYrUWjKhoI)

അത് കേട്ടവന്‍ وانت جزاك الله خيرا (അല്ലാഹു താങ്കള്‍ക്കും നല്ല പ്രതിഫലം നല്‍കട്ടെ) എന്നോ  واياك (താങ്കള്‍ക്കും) എന്നോ മറുപടി പറയാവുന്നതാണ്.

 

 

www.kanzululoom.com

 

One Response

Leave a Reply

Your email address will not be published. Required fields are marked *