ഇസ്തിര്‍ജാഅ് : അര്‍ത്ഥവും ആശയവും

വിപത്തുകൾ ബാധിക്കുമ്പോൾ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ എന്ന് പറയുന്നതിനാണു ഇസ്തിർജാഅ് എന്ന് പറയുന്നത്‌. ‘ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരാണ് ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാണ്’ എന്നാണതിന്റെ അര്‍ത്ഥം.

وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّٰبِرِينَ ‎﴿١٥٥﴾‏ ٱلَّذِينَ إِذَآ أَصَٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ ‎﴿١٥٦﴾‏ أُو۟لَٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُهْتَدُونَ ‎﴿١٥٧﴾

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ (ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്) എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആൻ:2/155-157)

അല്ലാഹുവിങ്കല്‍ നിന്നുളള പരീക്ഷണം രണ്ടുവിധത്തിലുണ്ട്. തിന്‍മ മുഖേനയും നന്‍മ മുഖേനയും? وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً (തിന്മകൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം ഒരു പരീക്ഷണം പരീക്ഷിക്കുന്നതാണ്. (21/35) തിന്മയില്‍ ക്ഷമയും സഹനവും, നന്മയില്‍ നന്ദിയും കൂറും പുലര്‍ത്തുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. (അമാനി തഫ്സീര്‍)

ക്ഷമാലുക്കളുടെ ഒരു നിര്‍വ്വചനമെന്നോണം അവരെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അവര്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരാണ് ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാണ്) എന്ന് അവര്‍ പറയും. വല്ല ആപത്തുകളും നേരിടുമ്പോള്‍ ഈ വാക്ക് പറയുന്നത് നല്ലതാണെന്ന് ഈ വചനത്തില്‍ നിന്നും പല ഹദീഥുകളില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍, നാവ് കൊണ്ട് ഉരുവിട്ടതുകൊണ്ട് മാത്രം പ്രയോജനമില്ല. അതിലടങ്ങിയ ആശയം മനസ്സിലാക്കിക്കൊണ്ടും, ഓര്‍മിച്ചുകൊണ്ടും ആയിരിക്കണം അത്. തങ്ങള്‍ അല്ലാഹുവിന്‍റെ സൃഷ്ടികളാണ് അവന്‍റെ അടിമകളാണ്, തങ്ങളുടെ കൈകാര്യങ്ങളും നിയന്ത്രണങ്ങളുമെല്ലാം അവന്‍റെ കയ്യിലാണ് അവന്ന് തങ്ങളില്‍ എന്തും നടപ്പിലാക്കുവാന്‍ അധികാരവകാശമുണ്ട്, അതിന് വഴങ്ങുന്നത് തങ്ങളുടെ കടമയാണ്, ഞങ്ങള്‍ മരണാനന്തരം അവനിലേക്ക് മടങ്ങിച്ചെല്ലേണ്ടവരുമാണ്. ഇവിടെ വെച്ച് ഞങ്ങള്‍ ചെയ്യുന്ന എല്ലാറ്റിനും അവന്‍റെ മുമ്പില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടിവരും, യാതൊരു നന്‍മയും അവന്‍റെയടുക്കല്‍ ഞങ്ങള്‍ക്ക് പാഴായിപ്പോകുകയില്ല, ഒരു തിന്‍മയും അവന്‍റെ ശ്രദ്ധയില്‍പെടാതെ ഒഴിവാകുകയുമില്ല എന്നൊക്കെയാണ് ആ വാക്യത്തിലടങ്ങിയ ആശയം. ആപത്തുകള്‍ നേരിടുമ്പോള്‍, ഈ ബോധത്തോടുകൂടി ആ വാക്ക് പറഞ്ഞു സ്വയം സമാധാനിക്കുന്ന ക്ഷമാലുക്കള്‍ക്ക് അവരുടെ രക്ഷിതാവിങ്കില്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും കാരുണ്യവും ഉണ്ടായിരിക്കുമെന്ന സന്തോഷവാര്‍ത്ത അറിയിക്കുക മാത്രമല്ല അല്ലാഹു ചെയ്യുന്നത്. അവര്‍ തന്നെയാണ് സന്‍മാര്‍ഗികള്‍ എന്നൊരു സാക്ഷിപത്രംകൂടി അവര്‍ക്ക് നല്‍കിയിരിക്കുയാണ്. ഇതില്‍ നിന്ന് തന്നെ, ഈ വാക്യം വളരെ മഹത്തായ ഒരു ആശയമാണ് ഉള്‍ക്കൊളളുന്നതെന്ന് ഊഹിക്കാമല്ലോ. (അമാനി തഫ്സീര്‍)

عَنْ أُمِّ سَلَمَةَ، زَوْجَ النَّبِيِّ صلى الله عليه وسلم قَالَتْ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ مَا مِنْ عَبْدٍ تُصِيبُهُ مُصِيبَةٌ فَيَقُولُ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ أْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا إِلاَّ أَجَرَهُ اللَّهُ فِي مُصِيبَتِهِ وَأَخْلَفَ لَهُ خَيْرًا مِنْهَا ‏”‏ ‏.‏ قَالَتْ فَلَمَّا تُوُفِّيَ أَبُو سَلَمَةَ قُلْتُ كَمَا أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم فَأَخْلَفَ اللَّهُ لِي خَيْرًا مِنْهُ رَسُولَ اللَّهِ صلى الله عليه وسلم ‏.‏

ഉമ്മുസലമഃ ‎رَضِيَ اللَّهُ عَنْها യിൽ നിന്നു നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ പറയുന്നത് ഞാൻ കേട്ടു: ആപത്ത് ഏൽക്കുകയും, “ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരാണ് ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാണ് (إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ), അല്ലാഹുവേ, എന്റെ യാതനയ്ക്ക് എനിക്ക് നീ പ്രതിഫലം നൽകേണമേ. അതിനേക്കാൾ നന്മയുള്ളത് എനിക്ക് നീ പകരമാക്കേണമേ” എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്ന യാതൊരു ദാസനുമില്ല, അല്ലാഹു അവന്റെ മുസ്വീബത്തിന് പ്രതിഫലം നൽകുകയും അതിനേക്കാൾ ഗുണമുള്ളത് പകരമാക്കുകയും ചെയ്യാതെ. ഉമ്മുസലമഃ ‎رَضِيَ اللَّهُ عَنْها പറയുന്നു: അബൂസലമഃ മരിച്ചപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ എന്നോട് ആജ്ഞാപിച്ചതുപോലെ ഞാൻ പ്രാർത്ഥിച്ചു. തന്നിമിത്തം അബൂസലമഃയേക്കാൾ ഉത്തമനായ അല്ലാഹുവിന്റെ റസൂലി ‎ﷺ നെ എനിക്ക് അല്ലാഹു പകരമായി നൽകി. (മുസ്‌ലിം:918)

عَنْ أَبِي مُوسَى الأَشْعَرِيِّ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِذَا مَاتَ وَلَدُ الْعَبْدِ قَالَ اللَّهُ لِمَلاَئِكَتِهِ قَبَضْتُمْ وَلَدَ عَبْدِي ‏.‏ فَيَقُولُونَ نَعَمْ ‏.‏ فَيَقُولُ قَبَضْتُمْ ثَمَرَةَ فُؤَادِهِ ‏.‏ فَيَقُولُونَ نَعَمْ ‏.‏ فَيَقُولُ مَاذَا قَالَ عَبْدِي فَيَقُولُونَ حَمِدَكَ وَاسْتَرْجَعَ ‏.‏ فَيَقُولُ اللَّهُ ابْنُوا لِعَبْدِي بَيْتًا فِي الْجَنَّةِ وَسَمُّوهُ بَيْتَ الْحَمْدِ ‏”‏ ‏.‏

അബൂമൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു അടിമയുടെ സന്താനം മരണപ്പെട്ടാൽ മലക്കുകളോട് അല്ലാഹു ചോദിക്കും: ‘മലക്കുകളേ, നിങ്ങൾ എന്റെ അടിമയുടെ സന്താനത്തിന്റെ ആത്മാവിനെ പിടികൂടിയോ?’ മലക്കുകള്‍ പറയും:’അതേ’.അല്ലാഹു ചോദിക്കും: ‘നിങ്ങള്‍ അവന്റെ ഹൃദയത്തിന്റെ ഫലം എടുത്തുവോ?’. മലക്കുകള്‍ ‘അതേ’ എന്ന് പറയും.അല്ലാഹു ചോദിക്കും: ‘അപ്പോൾ എന്റെ അടിമയുടെ പ്രതികരണം എന്തായിരുന്നു?’. അവർ പറയും: ‘അദ്ദേഹം നിന്നെ സ്തുതിച്ചിരിക്കുന്നു ( الحمد لله എന്ന് പറഞ്ഞിരിക്കുന്നു). ഇസ്തി൪ജാഉം നടത്തിയിരിക്കുന്നു (إنّا لله وإنّا إليه راجِعون എന്ന് പറഞ്ഞിരിക്കുന്നു)’ . അപ്പോൾ അല്ലാഹു പറയും: അവന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക. അതിന് ‘ബൈത്തുല്‍ ഹംദ്’ (സ്തുതിയുടെ ഭവനം) എന്ന് വിളിക്കുകയും ചെയ്യുക. (തിര്‍മിദി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عن الحسن بن علي العابد ، قال : قال فضيل بن عياض لرجل : كم أتت عليك ؟ قال : ستون سنة ، قال : فأنت منذ ستين سنة تسير إلى ربك توشك أن تبلغ ، فقال الرجل : يا أبا علي إنا لله وإنا إليه راجعون ، قال له الفضيل : تعلم ما تقول ، قال الرجل : قلت : إنا لله وإنا إليه راجعون ، قال الفضيل تعلم ما تفسيره ؟ قال الرجل : فسره لنا يا أبا علي ، قال : قولك إنا لله ، تقول : أنا لله عبد ، وأنا إلى الله راجع ، فمن علم أنه عبد الله ، وأنه إليه راجع ، فليعلم بأنه موقوف ، ومن علم بأنه موقوف فليعلم بأنه مسئول ومن علم أنه مسئول فليعد للسؤال جوابا ، فقال الرجل : فما الحيلة قال : يسيرة ، قال : ما هي ؟ قال : تحسن فيما بقي يغفر لك ما مضى وما بقي ، فإنك إن أسأت فيما بقي أخذت بما مضى وما بقي ” .

ഫുളൈൽ ഇബ്നു ഇയാള്  رحمه الله ഒരാളോട് ചോദിച്ചു: നിങ്ങൾക്ക് എത്ര വയസ്സായി?

അയാൾ പറഞ്ഞു: അറുപത് വയസ്.

ഫുളൈൽ : അറുപത് വർഷമായി നീ നിന്റെ റബ്ബിലേക്ക് സഞ്ചരിക്കുന്നു, നീ അവിടെ എത്താറായി.

അയാൾ : إنا لله وإنا إليه راجعون

ഫുളൈൽ : നീ പറഞ്ഞതിനെ കുറിച്ച് നിനക്ക് അറിയാമോ?

അയാൾ : إنا لله وإنا إليه راجعون

ഫുളൈൽ : അതിന്റെ അര്‍ത്ഥവും ആശയവും അറിയാമോ?

അയാൾ :ഹേ അബു അലി, ഞങ്ങൾക്ക് അത് വിശദീകരിച്ചു തരൂ.

ഫുളൈൽ : “നമ്മൾ അല്ലാഹുവിനുള്ളവരാണ്” എന്ന് പറയുമ്പോൾ, “ഞാൻ അല്ലാഹുവിന്റെ അടിമയാകുന്നു, അല്ലാഹുവിലേക്ക് ഞാൻ മടങ്ങുന്നവനാണ്” എന്നാണ് നിങ്ങൾ പറയുന്നത്.

ഒരാൾ ‘അല്ലാഹുവിലേക്ക് മടങ്ങിപ്പോകും’ എന്ന് തിരിച്ചറിഞ്ഞാൽ അവൻ ‘അല്ലാഹുവിന്റെ മുമ്പിൽ നിര്‍ത്തപ്പെടും’ എന്ന് മനസ്സിലാക്കലാണ്.

ഒരാൾ ‘അല്ലാഹുവിന്റെ മുമ്പിൽ നിര്‍ത്തപ്പെടും’  എന്ന് തിരിച്ചറിഞ്ഞാൽ അവൻ ‘അല്ലാഹുവിന്റെ മുമ്പിൽ ചില ചോദ്യങ്ങൾ ചോദിക്കപ്പെടും’ എന്ന് മനസ്സിലാക്കലാണ്.

ഒരാൾ ‘അല്ലാഹുവിന്റെ മുമ്പിൽ ചില ചോദ്യങ്ങൾ ചോദിക്കപ്പെടും’  എന്ന് തിരിച്ചറിഞ്ഞാൽ അവൻ ആ ചോദ്യത്തിന് ഉത്തരം തയ്യാറാക്കികൊള്ളട്ടേ.

അയാൾ : ഇനി എന്താണ് പരിഹാരം?

ഫുളൈൽ : എളുപ്പമാണത്.

അയാൾ :എന്താണത്?

ഫുളൈൽ : ശേഷിക്കുന്ന ജീവിതം നന്നാക്കുക, കഴിഞ്ഞുപോയതിനും ശേഷിച്ചതിനും നിങ്ങളോട് പൊറുക്കപ്പെടും.

ശേഷിക്കുന്ന ജീവിതത്തിൽ നിങ്ങൾ തെറ്റ് ചെയ്താൽ, കഴിഞ്ഞുപോയതിനും ശേഷിച്ചതിനും നിങ്ങളെ പിടികൂടും. (حلية الأولياء)

 

www.kanzululoom.com