ഇസ്തിദ്‌റാജ് : ഭയപ്പെടേണ്ട കാര്യം

നമുക്ക് സമ്പത്തും സന്താനങ്ങളും തുടങ്ങിയ ദുൻയാവിലെ അനുഗ്രഹങ്ങൾ വര്‍ദ്ധിച്ചു വരികയാണെങ്കിൽ അത് അല്ലാഹു നമ്മെ ആദരിച്ചു നൽകിയിരിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലപ്പോൾ അത് ഒരു പരീക്ഷണമായി നൽകിയിരിക്കുന്നതാകാം. അതായത് ഈ അനുഗ്രഹങ്ങൾക്ക് അടിമ നന്ദികാണിക്കുന്നോ നന്ദികേട്കാണിക്കുന്നോ എന്ന് അല്ലാഹു പരീക്ഷിക്കുന്നു. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയുടെ നിലപാട് ഇതായിരിക്കണം.

അല്ലാഹുവിനെ യഥാവിധി സൂക്ഷിച്ച് ജീവിക്കാതെ, തിൻമകളിലും പാപങ്ങളിലും മുഴുകി ജീവിച്ചിട്ടും അനുഗ്രഹങ്ങൾ വര്‍ദ്ധിച്ചു വരുന്നവരെ കാണാം. അവരൊക്കെ വിചാരിച്ചിരിക്കുന്നത്  തങ്ങൾ ചെയ്തു വരുന്ന എന്തെങ്കിലും കര്‍മ്മങ്ങളുടെയോ ആരാധനയുടെയോ ഒക്കെ ഫലമായി അല്ലാഹു തന്നെ ആദരിച്ചിരിക്കുന്നുവെന്നാണ്. ഇത് ആദരവൊന്നുമല്ല. ഇത് ഇസ്തിദ്‌റാജ് ആയിരിക്കാം.

ചിലപ്പോൾ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾ രണ്ട് മാര്‍ഗങ്ങളിലൂടെയായിരിക്കാം.

(ഒന്ന്) പ്രതിഫലത്തിന്റെ ഭാഗമായി

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ

നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌.  (ഖു൪ആന്‍ :14/7)

(രണ്ട്) ഇസ്തിദ്റാജിന്റെ ഭാഗമായി

عَنْ عُقْبَةَ بْنِ عَامِرٍ رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم قَالَ: إِذَا رَأَيْتَ اللَّهَ يُعْطِي الْعَبْدَ مِنْ الدُّنْيَا عَلَى مَعَاصِيهِ مَا يُحِبُّ، فَإِنَّمَا هُوَ اسْتِدْرَاجٌ، ثُمَّ تَلا رَسُولُ اللَّهِ صلى الله عليه وسلم :

ഉഖ്ബത്ത് ബ്‌നു ആമിര്‍ رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അടിമ തന്നെ ധിക്കരിക്കുന്നതില്‍ (പാപങ്ങളില്‍) നിലനില്‍ക്കേതന്നെ ഇഹലോകത്ത് (സുഖസൗകര്യങ്ങളില്‍നിന്നും) അവനിഷ്ടപ്പെടുന്നത് അല്ലാഹു അവന് നല്‍കുന്നതായി നീ കണ്ടാല്‍ അത് ഇസ്തിദ്‌റാജ് മാത്രമാണെന്ന് നീ മനസ്സിലാക്കണം’. ശേഷം അവിടുന്ന് പാരായണം ചെയ്തു:

فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَٰهُم بَغْتَةً فَإِذَا هُم مُّبْلِسُونَ

അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു. (ഖു൪ആന്‍:6/44) (അഹ്മദ്)

അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയും അല്ലാഹുവിനെ യഥാവിധി സൂക്ഷിക്കാതെ, തിൻമകളിലും പാപങ്ങളിലും മുഴുകി ജീവിക്കുന്നവരും ഇസ്തിദ്‌റാജിനെ ഭയപ്പെടട്ടെ.

എന്താണ് ഇസ്തിദ്റാജ് (الاستدراج)

‘അറിയാത്ത വിധത്തിലൂടെ പടിപടിയായി പിടികൂടുക, ശിക്ഷ നല്‍കുക’ എന്നൊക്കെയാണ് ‘ഇസ്തിദ്‌റാജ്’ എന്ന പദത്തിന്റെ ആശയം. പെട്ടെന്ന് പിടികൂടാതെ, ശിക്ഷയാല്‍ ധൃതിപ്പെടാതെ ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുകയും പാപങ്ങളിലും തിന്മകളിലും ആസ്വാദനവും ഉപകാരവും ലഭിക്കാനുള്ള സമയവും സാവകാശവും നല്‍കി പടിപടിയായി ശിക്ഷയിലെത്തി ചേരുകയാണ് ഇതുവഴി സംഭവിക്കുക. ഇസ്തിദ്‌റാജിനെ കുറിച്ച് പണ്ഢിതൻമാര്‍ വിശദീകരിച്ചിട്ടുണ്ട്:

فالاستدراج هو الأخذ بالتدرج، فكلما أذنب العبد زاده الله من النعم وأنساه التوبة، فيدنيه من العذاب قليلا قليلا ثم يصبه عليه صبا.

ഇസ്തിദ്റാജ് എന്നാൽ പടിപടിയായ പിടുത്തം എന്നാണ്. ഒരു അടിമ പാപം ചെയ്യുമ്പോഴെല്ലാം, അല്ലാഹു അവന് അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കുകയും, അവൻ തൗബ മറക്കുകയും ചെയ്യുന്നു, അങ്ങനെ അല്ലാഹു അവനെ പടിപടിയായി ശിക്ഷയിലേക്ക് കൊണ്ടുവരുകയും പിന്നീട് ശിക്ഷ അവന്റെ മേൽ ചൊരിയുകയും ചെയ്യുന്നു.

فإذا رأيت الله تعالى يوسع على إنسان وهو ظالم، ومع ذلك تزداد رتبته وتزداد منزلته وتزداد ثرواته وخيراته، فلا تظن أن ذلك لكرامته على الله، خصوصا إذا كان يزدادُ في الوقت ذاته طغيانا ومعصية، وإنما ذلك من باب الاستدراج.

അക്രമിയായ ഒരു മനുഷ്യന് ദുൻയാവ് വിശാലമാക്കികൊടുക്കുന്നത്, അവന്റെ പദവിയും സ്ഥാനവും  സമ്പത്തും അനുഗ്രഹങ്ങളുൊക്കെ വർദ്ധിക്കുന്നത് നീ കണ്ടാൽ അത് അല്ലാഹുവിന് അവനോടുള്ള ആദരവമ മൂലമാണെന്ന് കരുതരുത്. അവന്റെ അതിര് കവിയലും അനുസരണക്കേടും വര്‍ദ്ധിച്ചുകൊണ്ടിരിക്കെ തന്നെയുള്ള ഈ അനുഗ്രഹങ്ങളൊക്കെ ഇസ്തിദ്റാജിന്റെ ഭാഗമാണ്.

മേൽ കൊടുത്തിട്ടുള്ള ആയത്ത് (6/44) വിശദീകരിച്ച് ഇമാം ഇബ്നുകസീര്‍ رحمه الله പറഞ്ഞു:

(فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِ) أي : أعرضوا عنه وتناسوه وجعلوه وراء ظهورهم (فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ ) أي : فتحنا عليهم أبواب الرزق من كل ما يختارون ، وهذا استدراج منه تعالى وإملاء لهم ، عياذا بالله من مكره ; ولهذا قال : (حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓ) أي : من الأموال والأولاد والأرزاق (أَخَذْنَٰهُم بَغْتَةً) أي : على غفلة ( فَإِذَا هُم مُّبْلِسُونَ) أي : آيسون من كل خير .

{അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍}അതായത്:അവർ അതിനെ അവഗണിക്കുകയും മറക്കുകയും അവരുടെ പിന്നിലേക്ക് വലിച്ചെറിയുകയും ചെയ്തപ്പോൾ. {എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു}അതായത്: അവർ ആഗ്രഹിക്കുന്നതിൽ നിന്ന് ഉപജീവനത്തിന്റെ വാതിലുകൾ നാം അവർക്ക് തുറന്നുകൊടുത്തു. അത് അല്ലാഹുവിങ്കൽ നിന്നുള്ള ഇസ്തിദ്റാജിന്റെ ഭാഗമാണ്. {അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍}അതായത്: സമ്പത്തിലും സന്താനങ്ങളിലും ഉപജീവനമാർഗങ്ങളിലും {പെട്ടെന്ന് നാം അവരെ പിടികൂടി} അതായത്: അവര്‍ അശ്രദ്ധയിലായിരിക്കെ. {അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു}അതായത്: എല്ലാ നൻമകളിലും അവര്‍ നിരാശപ്പെട്ടവരായിത്തീരുന്നു. (ഇബ്നുകസീര്‍)

قال الحسن البصري : من وسع الله عليه فلم ير أنه يمكر به ، فلا رأي له .

ഹസൻ ബസ്വരി رحمه الله പറഞ്ഞു: അല്ലാഹു ഒരുവന് (ദുൻയാവ്) വിശാലമാക്കി കൊടുത്തിട്ട്, അത് അല്ലാഹുവിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്ന് അവന്‍ മനസ്സിലാക്കുന്നില്ലെങ്കിൽ അവന് ബുദ്ധിയില്ല. (ഇബ്നുകസീര്‍)

قال الحسن : مكر بالقوم ورب الكعبة ; أعطوا حاجتهم ثم أخذوا .

ഹസൻ ബസ്വരി رحمه الله പറഞ്ഞു: കഅ്ബയുടെ റബ്ബിനെ തന്നെയാണെ സത്യം, അവൻ ഒരു ജനതക്കെതിരെ തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു, അവരുടെ എല്ലാ ആവശ്യങ്ങളും അവൻ നിറവേറ്റുന്നു, പിന്നെ അവരെ പിടികൂടി (ശിക്ഷിക്കുന്നു)

ഇസ്തിദ്‌റാജ് എന്ന പദം വിശുദ്ധ ഖുര്‍ആൻ സൂചിപ്പിച്ചിട്ടുള്ളത് കാണുക:

وَٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ ‎﴿١٨٢﴾‏ وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ ‎﴿١٨٣﴾‏

എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്‌. അവര്‍ക്കു ഞാന്‍ ഇടകൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം സുശക്തമാണ്‌. (ഖു൪ആന്‍:7/182-183)

فَذَرْنِى وَمَن يُكَذِّبُ بِهَٰذَا ٱلْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ ‎﴿٤٤﴾‏ وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ ‎﴿٤٥﴾‏

ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കുടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം. ഞാന്‍ അവര്‍ക്ക് നീട്ടിയിട്ട് കൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം ശക്തമാകുന്നു. (ഖു൪ആന്‍:68/44-45)

أَيْ: دَعْنِي وَالْمُكَذِّبِينَ بِالْقُرْآنِ الْعَظِيمِ فَإِنَّ عَلَيَّ جَزَاءَهُمْ، وَلَا تَسْتَعْجِلْ لَهُمْ، فَـ سَنَسْتَدْرِجُهُمْ مِنْ حَيْثُ لا يَعْلَمُونَ فَنَمُدُّهُمْ بِالْأَمْوَالِ وَالْأَوْلَادِ، وَنَمُدُّهُمْ فِي الْأَرْزَاقِ وَالْأَعْمَالِ، لِيَغْتَرُّوا وَيَسْتَمِرُّوا عَلَى مَا يَضُرُّهُمْ، وَهَذَا مِنْ كَيْدِ اللَّهِ لَهُمْ، وَكَيْدُ اللَّهِ لِأَعْدَائِهِ، مَتِينٌ قَوِيٌّ، يَبْلُغُ مِنْ ضَرَرِهِمْ وَعُقُوبَتِهِمْ كُلَّ مَبْلَغٍ .

ക്വുര്‍ആനിനെ കളവാക്കുന്നവരെയും എന്നെയും വിട്ടേക്കുക. അവര്‍ക്കുള്ള പ്രതിഫലം എന്റെ ബാധ്യതയാണ്. അവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് നീ ധൃതിപ്പെടേണ്ടതില്ല. അവരറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം. മക്കളും സമ്പത്തും നല്‍കി നാം അവരെ സഹായിച്ചുകൊണ്ടിരിക്കും. ആയുസ്സും ഭക്ഷണവും നാം അവര്‍ക്ക് നല്‍കും. അതിലവര്‍ വഞ്ചിതരാകാനും അവര്‍ക്കു ദോഷകരമായ ഈ അവസ്ഥ തുടരുവാനും ഇത് അവരോടുള്ള അല്ലാഹുവിന്റെ ഒരു തന്ത്രമാണ്. തന്റെ ശത്രുക്കളോടുള്ള അല്ലാഹുവിന്റെ തന്ത്രം ശക്തവും ബലിഷ്ഠവും തന്നെ. അതിന്റെ ദോഷവും ശിക്ഷയും എല്ലാ നിലയ്ക്കും അവരിലേക്കെത്തും. (തഫ്സീറുസ്സഅ്ദി)

സമ്പത്തും സന്താനങ്ങളും ധാരാളം ഉള്ളതിനാല്‍ അതിരുവിടുകയും സത്യത്തെ നിരാകരിക്കുകയും അഹങ്കാരം കാണിക്കുകയും ചെയ്തവരെ പറ്റി അല്ലാഹു പറയുന്നു:

أَن كَانَ ذَا مَالٍ وَبَنِينَ ‎﴿١٤﴾‏ إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ ‎﴿١٥﴾‏سَنَسِمُهُۥ عَلَى ٱلْخُرْطُومِ ‎﴿١٦﴾‏ إِنَّا بَلَوْنَٰهُمْ كَمَا بَلَوْنَآ أَصْحَٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ ‎﴿١٧﴾

അവന്‍ സ്വത്തും സന്താനങ്ങളും ഉള്ളവനായി എന്നതിനാല്‍ (അവന്‍ അത്തരം നിലപാട് സ്വീകരിച്ചു.) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ എന്ന്‌. വഴിയെ (അവന്‍റെ) തുമ്പിക്കൈ മേല്‍ നാം അവന്ന് അടയാളം വെക്കുന്നതാണ്‌. ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം. (ഖു൪ആന്‍:68/14-17)

يَقُولُ تَعَالَى: إِنَّا بَلَوْنَا هَؤُلَاءِ الْمُكَذِّبِينَ بِالْخَيْرِ وَأَمْهَلْنَاهُمْ، وَأَمْدَدْنَاهُمْ بِمَا شِئْنَا مِنْ مَالٍ وَوَلَدٍ، وَطُولِ عُمْرٍ، وَنَحْوِ ذَلِكَ، مِمَّا يُوَافِقُ أَهْوَاءَهُمْ، لَا لِكَرَامَتِهِمْ عَلَيْنَا، بَلْ رُبَّمَا يَكُونُ اسْتِدْرَاجًا لَهُمْ مِنْ حَيْثُ لَا يَشْعُرُونَ فَاغْتِرَارُهُمْ بِذَلِكَ نَظِيرُ اغْتِرَارِ أَصْحَابِ الْجَنَّةِ،

അല്ലാഹു പറയുന്നു: കളവാക്കിയവരെ നന്മകൾ നല്‍കി, നാം പരീക്ഷിച്ചു. അവര്‍ക്ക് സാവകാശം നല്‍കുകയും ചെയ്തു. ദീര്‍ഘായുസ്സ്, സന്താനങ്ങള്‍, സമ്പത്ത് തുടങ്ങിയ; നാം ഉദ്ദേശിക്കുന്നത് അവര്‍ക്ക് നല്‍കി സഹായിച്ചു. അവര്‍ താല്‍പര്യപ്പെടുന്നത് നല്‍കിയത് അവരോടുള്ള ആദരവുകൊണ്ടല്ല, മറിച്ച് അവരരിയാതെ പടിപടിയായി അവരെ ശിക്ഷിക്കാന്‍. അവര്‍ അതില്‍ വഞ്ചിതരായി. (തഫ്സീറുസ്സഅ്ദി)

നമുക്ക് ലഭിച്ചതെല്ലാം നമ്മെ കുറിച്ചുള്ള അല്ലാഹുവിന്റെ തൃപ്തിയുടെയും വാത്സല്യത്തിന്റെയും അടയാളമായി  തെറ്റിദ്ധരിക്കേണ്ടതില്ല. അതേപോലെ അല്ലാഹുവിനെ ധിക്കരിച്ച് ജീവിക്കുന്നവര്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളുടെ കാര്യത്തിൽ നാം വഞ്ചിതരാകേണ്ടതില്ല.

أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ وَبَنِينَ ‎﴿٥٥﴾‏ نُسَارِعُ لَهُمْ فِى ٱلْخَيْرَٰتِ ۚ بَل لَّا يَشْعُرُونَ ‎﴿٥٦﴾

അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌. നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല. (ഖു൪ആന്‍:23/55-56)

فَلَا تُعْجِبْكَ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِى ٱلْحَيَوٰةِ ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَٰفِرُونَ

അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ ആശ്ചര്യപ്പെടുത്താതിരിക്കട്ടെ! അവ മുഖേന ഇഹലോകജീവിതത്തില്‍ അവരെ ശിക്ഷിക്കണമെന്നും, സത്യനിഷേധികളായിരിക്കെതന്നെ അവര്‍ ജീവനാശമടയണമെന്നും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌.(ഖു൪ആന്‍:9/55)

അല്ലാഹുവിന്റെ കൽപ്പനകളെ ധിക്കരിക്കുന്ന അടിമയെ ഉടനെ ശിക്ഷിക്കുവാന്‍ അല്ലാഹുവിന് കഴിയും. പക്ഷേ ഇഹലോക ജീവിതത്തിന്റെ ലക്ഷ്യം തന്നെ പരീക്ഷണമാണല്ലോ. മരണാനന്തര ജീവിതത്തിലെ സ്വര്‍ഗനരകങ്ങളാണ് യഥാര്‍ത്ഥ പ്രതിഫലം. അതുകൊണ്ട് തന്നെ നന്മ ചെയ്യാന്‍ അവസരം നല്‍കപ്പെടുന്നതുപോലെ തന്നെ തിന്മകള്‍ ചെയ്തുകൂട്ടാനും അവസരം നല്‍കപ്പെടേണ്ടതുണ്ട്. അപ്പോഴാണ് ഇഹലോകം ഒരു യഥാര്‍ത്ഥ പരീക്ഷണശാലയായി മാറുക.

وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ

ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (ഖു൪ആന്‍:21/44-45)

ഇത് മനസ്സിലാക്കാതെ, തിൻമകൾ പ്രവര്‍ത്തിക്കുകയും എല്ലാ അനുഗ്രഹങ്ങളുടെ അല്ലാഹുവിന്റെ തൃപ്തിയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നവര്‍ വീണ്ടും തിന്മകളിലേക്കും പാപങ്ങളിലേക്കും എത്തപ്പെടുന്നു. സ്വയംവിചാരണക്കോ വിമര്‍ശനത്തിനോ  അവര്‍ തയ്യാറല്ല.

ഒരു അടിമക്ക് പ്രതിഫലമായി ലഭിക്കുന്ന അനുഗ്രഹങ്ങളെയും ഇസ്തിദ്റാജിന്റെ ഭാഗമായി ലഭിക്കുന്ന അനുഗ്രഹങ്ങളെയും എങ്ങനെ തിരിച്ചറിയാം?

قال العلامة ابن عثيمين  رحمه الله : أن الإنسان إذا كان مستقيما على شرع الله (فالنعم) من باب الجزاء، وإذا كان مقيما على معصية الله مع توالي (النعم) فهي استدراج.

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: അല്ലാഹുവിന്റെ മതനിയമങ്ങൾ പാലിച്ച് നെരെ നിലകൊള്ളുന്ന ഒരു മനുഷ്യന് ലഭിക്കുന്ന അനുഗ്രഹങ്ങൾ പ്രതിഫലത്തിന്റെ ഭാഗമായി ലഭിക്കുന്നതാണ്. ഒരാൾ അല്ലാഹുവിനെ ധിക്കരിച്ച് നിലകൊള്ളുകയും അതിൽ തുടരുകയുമാണെങ്കിൽ അവന് ലഭിക്കുന്ന അനുഗ്രഹങ്ങൾ ഇസ്തിദ്റാജിന്റെ ഭാഗമായി ലഭിക്കുന്നതാണ്. (تفسير القرآن الكريم ١/٥٩)

 

 

www.kanzululoom.com

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.

SIMILAR POSTS