ഇസ്‌ലാമും ക്രൈസ്തവതയും

മുസ്ത്വഫ ലുത്വുഫി അൽമൻഫലൂത്വി

വിവര്‍ത്തനം: ഇ.യൂസുഫ് സാഹിബ് നദ്‌വി, ഓച്ചിറ

ബ്രിട്ടീഷ് നയതന്ത്രജ്ഞനായിരുന്ന ലോർഡ് ക്രോമർ (1841-1917) തന്റെ Modern Egypt എന്നപുസ്തകത്തിലൂടെ ഇസ്‌ലാമിനെ അതീവ പക്ഷപാതപരമായാണ് വിലയിരുത്തിയത്. ഇസ്‌ലാം മാറ്റങ്ങളെ ഉൾക്കൊള്ളാത്ത, തികച്ചും നിശ്ചലമായ ഒരു മതമാണെന്നും ആധുനിക നാഗരികതയുമായി ചേർന്നുപോകാൻ അതിന് ഒരിക്കലും സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം. പരിഷ്‌കരിക്കപ്പെട്ട ഇസ്‌ലാം എന്നത് ഇസ്‌ലാം അല്ലാതായി മാറുമെന്നും ശാസ്ത്രീയ പുരോഗതിക്കും സാമൂഹിക വളർച്ചയ്ക്കും ഇസ്‌ലാമിക നിയമങ്ങൾ തടസ്സമാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥയ്ക്കും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും കാരണം ഇസ്‌ലാമാണെന്ന് വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അടിസ്ഥാനപരമായി ക്രൈസ്തവത പുരോഗമനപരവും ഇസ്‌ലാം ഭരണപരമായും സാമൂഹികമായും പരാജയവുമാണെന്ന ഒരു കൊളോണിയൽ മനോഭാവമാണ് ക്രോമർ തന്റെ എഴുത്തുകളിലുടനീളം പുലർത്തിയിരുന്നത്. ഈ ആരോപണങ്ങൾക്കുള്ള യുക്തിഭദ്രമായ മറുപടിയാണ് മൻഫലൂത്വി തന്റെ ലേഖനത്തിൽ അവതരിപ്പിക്കുന്നത്. (വിവർത്തകൻ)

ഇസ്‌ലാമിനെക്കുറിച്ച് ലോർഡ് ക്രോമർ എഴുതിയ കാര്യങ്ങൾ കണ്ട് ഇത്രയധികം അത്ഭുതപ്പെടുന്ന ആളുകളെ കാണുന്നതിലപ്പുറം മറ്റൊരു അത്ഭുതവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഇസ്‌ലാമിതര മതവിശ്വാസിയായ, തന്റെ ആത്മാവിനെക്കാളും സമ്പത്തിനെക്കാളും തന്റെ മതത്തെ മുറുകെപ്പിടിക്കുന്ന ഒരാൾ, ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തെ അംഗീകരിക്കുമെന്നോ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ സത്യപ്പെടുത്തുമെന്നോ നിസ്‌കാരം നിലനിർത്തുകയും സകാത്ത് നൽകുകയും സാധ്യമെങ്കിൽ ഹജ്ജ് കർമം നിർവഹിക്കുകയും ചെയ്യുമെന്നോ ഇവർ പ്രതീക്ഷിച്ചിരുന്നോ?

യേശുക്രിസ്തുവിന്റെ മാർഗത്തിൽ ഉറച്ചുനിൽക്കുന്ന ഏതൊരു ക്രിസ്ത്യാനിയെയും പോലെ ലോർഡ് ക്രോമറും വിശ്വസിക്കുന്നത്, ഇസ്‌ലാം എന്നത് ഒരു മനുഷ്യനിർമിത മതമാണെന്നാണ്. ജീവിതത്തിൽ ഒരു പത്രം പോലും വായിച്ചിട്ടില്ലാത്ത, ഒരു വിദ്യാലയത്തിലും പോയിട്ടില്ലാത്ത, ഗ്രീക്ക് തത്ത്വചിന്തകൾ കേട്ടിട്ടില്ലാത്ത, റോമൻ നാഗരികത കണ്ടിട്ടില്ലാത്ത, നിയമസംഹിതകളോ സാമൂഹിക ശാസ്ത്രമോ അഭ്യസിച്ചിട്ടില്ലാത്ത ഒരു അക്ഷരജ്ഞാനമില്ലാത്ത അറേബ്യൻ മരുഭൂവാസി ചമച്ചുണ്ടാക്കിയ ഒന്നാണ് ഈ മതം എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

ഇതാണ് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ആഴമെങ്കിൽ, താൻ നിർമിച്ചെടുത്ത നിയമങ്ങളിലും വിധികൾക്കുമപ്പുറം ഇസ്‌ലാമിനെ ചർച്ച ചെയ്യാനോ സംവദിക്കാനോ തിരുത്താനോ താൻ അശക്തനാണെന്ന് അദ്ദേഹം എങ്ങനെ കരുതും? അല്ലാഹുവിങ്കൽനിന്നുള്ള വഹ്‌യ് (ദിവ്യബോധനം) ലഭിക്കുന്ന, മുന്നിലൂടെയോ പിന്നിലൂടെയോ യാതൊരുവിധ അസത്യവും കടന്നുകൂടാത്ത വിശുദ്ധ ഗ്രന്ഥം ലഭിച്ച പ്രവാചകനായി ഒരു മുസ്‌ലിം ഇസ്‌ലാമിനെ കാണുന്ന അതേ കണ്ണിലൂടെ വീക്ഷിക്കാൻ അദ്ദേഹത്തിന് എങ്ങനെ സാധിക്കും?

പാശ്ചാത്യരായ ചില ക്രിസ്ത്യൻ പണ്ഡിതർ ഇസ്‌ലാമിനെ മനോഹരമായി വർണിക്കുന്നതോ അതിന്റെ നിയമങ്ങളെ പുകഴ്ത്തുന്നതോ നാം കാണാറുണ്ട്. അവർ ചരിത്രത്തോട് നീതിയും സത്യസന്ധതയും പുലർത്തിയ ചരിത്രകാരന്മാരായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. മതപരമായ അന്ധമായ പക്ഷപാതിത്വം അവരുടെ എഴുത്തുകളെ സ്വാധീനിച്ചിട്ടില്ല. ക്രിസ്തീയ ആവേശം അവരുടെ തൂലികകളെ വഴിതെറ്റിച്ചിട്ടുമില്ല. എന്നാൽ ലോർഡ് ക്രോമർ അക്കൂട്ടത്തിൽ പെട്ടവനല്ല എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ ‘മോഡേൺ ഈജിപ്ത്’ (Modern Egypt)എന്ന പുസ്തകം വായിക്കുന്നവർക്ക് തോന്നും, തന്റെ തൊപ്പിയും വസ്ത്രവും ധരിച്ച്, അരപ്പട്ടയിൽ കുരിശും തൂക്കി മഠത്തിനുള്ളിലിരുന്ന് സംസാരിക്കുന്ന ഒരു പുരോഹിതന്റെ ശബ്ദമാണ് തങ്ങൾ കേൾക്കുന്നതെന്ന്.

അങ്ങനെയൊരാൾ, ഇസ്‌ലാമിനെയും അതിന്റെ വിശ്വാസങ്ങളെയും നിയമങ്ങളെയും ഇവാഞ്ചലിക്കൽ മിഷണറിമാരുടെ പുസ്തകങ്ങളിലും മാസികകളിലും കാണാറുള്ളതുപോലെ ആക്ഷേപിക്കുന്നത് കണ്ട് ഏതെങ്കിലും മുസ്‌ലിം അത്ഭുതപ്പെടുന്നതിൽ അർഥമുണ്ടോ?

ക്വുർആൻ ഏറ്റവും ശുദ്ധമായ അറബി ഭാഷയിലാണെന്നും അത് സംസാരിച്ചത് അറബികളിലെ ഏറ്റവും വലിയ വാഗ്മിയാണെന്നും സമ്മതിക്കുമ്പോൾ തന്നെ, ക്വുർആനിൽ വ്യാകരണപ്പിശകുണ്ടെന്ന് വിധിക്കാൻ മാത്രം ഈ മിഷണറിമാരുടെ മതഭ്രാന്ത് വളർന്നിരിക്കുന്നു. വാസ്തവത്തിൽ വ്യാകരണവും പിശകും എന്നത് കേവലമായ ഒരു യുക്തിചിന്തയല്ല. മറിച്ച്, അറബികൾ എങ്ങനെ സംസാരിച്ചു എന്നതാണ് അതിന്റെ മാനദണ്ഡം. അവർ കർതൃപദത്തിന് (Subject)‘നസ്ബും’ (Accusative) കർമപദത്തിന് (Object)‘റഫ്ഉം’ (Nominative) ആണ് നിശ്ചയിച്ചിരുന്നതെങ്കിൽ അതിന്റെ വിപരീതം പിശകായേനെ. എന്നാൽ അറിവില്ലാത്ത ഈ മിഷണറിമാർ ഇത്തരം അടിസ്ഥാന കാര്യങ്ങൾ ഗ്രഹിക്കുന്നില്ല.

അറബി ഭാഷാ പണ്ഡിതർ ക്വുർആനിലെ പ്രയോഗങ്ങളും ശൈലികളും അപഗ്രഥിച്ചാണ് വ്യാകരണ നിയമങ്ങൾ തന്നെ ക്രോഡീകരിച്ചത്. അവിടെ ക്വുർആനാണ് വ്യാകരണത്തിന് പ്രമാണം, അല്ലാതെ വ്യാകരണമല്ല ക്വുർആന് പ്രമാണം. ക്വുർആനിലെ ഏതെങ്കിലും പ്രയോഗം വ്യാകരണ നിയമങ്ങൾക്ക് വിരുദ്ധമായി കണ്ടാൽ, ആ നിയമങ്ങൾ ക്രോഡീകരിച്ചവർക്ക് അറബി ഭാഷാ പ്രയോഗങ്ങൾ പൂർണമായി മനസ്സിലാക്കുന്നതിൽ വീഴ്ചപറ്റി എന്നേ അർഥമുള്ളൂ. എന്നാൽ പണ്ഡിതന്മാർ അങ്ങനെയൊന്നും വിട്ടുകളഞ്ഞിട്ടില്ല, അപൂർവമായ പ്രയോഗങ്ങൾ പോലും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ, ക്വുർആനിൽ പിശകുകളില്ല, പണ്ഡിതന്മാർക്ക് വീഴ്ച പറ്റിയിട്ടുമില്ല, മറിച്ച് മിഷണറിമാർ വിവരമില്ലാത്തവരാണ് എന്നു മാത്രം. ഇത്രയും പരിഹാസ്യമായ വിടുവായത്തങ്ങൾ പറയാൻ മതഭ്രാന്ത് അവരെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ, അവരെപ്പോലെ ചമഞ്ഞുനടക്കുന്ന ഈ മനുഷ്യൻ ഇസ്‌ലാമിക നിയമങ്ങളെ അധിക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.

ലോർഡ് ക്രോമറോടും അദ്ദേഹത്തെപ്പോലെ ഇസ്‌ലാമിനെ ആക്ഷേപിക്കുന്നവരോടും അവരുടെ വിശ്വാസത്തിന്റെ കാര്യത്തിൽ ഞങ്ങൾ തർക്കത്തിനില്ല. എന്നാൽ ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിൽ അവർ ഞങ്ങളോട് തർക്കിക്കരുതെന്നും അവർക്ക് അവർ നൽകുന്ന അത്രയും സ്വാതന്ത്ര്യം ഞങ്ങൾക്കും നൽകണമെന്നും മാത്രമെ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ.

ലോർഡ് ക്രോമർ പറയുന്നു: ‘ഇസ്‌ലാം മതം നിശ്ചലമാണ്, അതിന് മാനുഷിക നാഗരികതയെ ഉൾക്കൊള്ളാൻ കഴിയില്ല, അത് സാമൂഹിക വ്യവസ്ഥിതിക്ക് അനുയോജ്യമല്ല.’ അദ്ദേഹം വീണ്ടും പറയുന്നു: ‘ഇസ്‌ലാമിന് യോജിച്ചതെല്ലാം ക്രിസ്തീയതയ്ക്കും യോജിക്കും.’ മുസ്‌ലിംകളെ നോക്കി ഇസ്‌ലാമിനെയും ക്രിസ്ത്യാനികളെ നോക്കി ക്രിസ്തീയതയെയും വിലയിരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഹേ, ചരിത്ര തത്ത്വചിന്തകാ! ക്രിസ്തുമതം എപ്പോഴാണ് ശാസ്ത്രത്തിന്റെയും അറിവിന്റെയും നാഗരികതയുടെയും ഉറവിടമായി മാറിയത്? ഓർത്തഡോക്‌സുകാരും കത്തോലിക്കരും തമ്മിലും, കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലും മനുഷ്യത്വം നടുങ്ങുന്ന രീതിയിൽ രക്തരൂക്ഷിതമായ യുദ്ധങ്ങൾ നടന്ന കാലത്തോ? അതോ, അറിവില്ലാത്ത ഒരു പുരോഹിതന്റെ ഇച്ഛയ്ക്കനുസരിച്ച് ഒരു ക്രിസ്ത്യാനിയുടെ ചിന്തകൾ അടിമപ്പെട്ട കാലത്തോ? അന്ന് പുരോഹിതൻ പഠിപ്പിക്കുന്നത് മാത്രമായിരുന്നു അറിവ്. താൻ വിശ്വാസിയാണോ അവിശ്വാസിയാണോ, മനുഷ്യനാണോ മൃഗമാണോ എന്ന് സ്വയം തീരുമാനിക്കാൻ പോലും അന്ന് വിശ്വാസിക്ക് അനുവാദമില്ലായിരുന്നു. പുരോഹിതൻ ഒരാളോട് ‘നീ ഒരു നായയാണ്’ എന്ന് പറഞ്ഞാൽ, തനിക്ക് വാലും നീളമുള്ള മൂക്കുമുണ്ടെന്നും താൻ നാലുകാലിലാണ് നടക്കുന്നതെന്നും അയാൾക്ക് തോന്നുന്നത്ര കഷ്ടമായിരുന്നു അക്കാലത്തെ അവസ്ഥ.

അതോ, ഒരു ധനികൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണെന്ന് ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്ന കാലത്തോ? അതോ, ബൈബിളല്ലാതെ മറ്റൊരു പുസ്തകവും വായിക്കരുതെന്നും ചർച്ച് സ്‌കൂളുകളല്ലാതെ മറ്റൊരു വിദ്യാലയത്തിലും പഠിക്കരുതെന്നും മാർപ്പാപ്പ വിലക്കിയ കാലത്തോ? വാലുള്ള ഒരു നക്ഷത്രം (ധൂമകേതു) പ്രത്യക്ഷപ്പെട്ടപ്പോൾ ചകിതരായ ക്രിസ്ത്യാനികൾ മാർപ്പാപ്പയോട് പരാതിപ്പെടുകയും അദ്ദേഹം അതിനെ ആകാശത്തുനിന്ന് ആട്ടിയോടിച്ചുവെന്ന് വിശ്വസിക്കുകയും ചെയ്ത കാലത്തോ?

അതോ, ഹാറൂൺ അൽറഷീദ് ചക്രവർത്തി ഷാർലമെയ്ൻ രാജാവിന് ഒരു ക്ലോക്ക് സമ്മാനമായി നൽകിയപ്പോൾ, അതിന്റെ ശബ്ദം കേട്ട് അതിനുള്ളിൽ ജിന്നും പിശാചുമാണെന്ന് കരുതി ക്രിസ്തീയ ജനത പേടിച്ചോടിയ കാലത്തോ? അതോ, ശാസ്ത്ര ഗവേഷണങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ചെയ്യാൻ ‘ഇൻക്വിസിഷൻ’ കോടതികൾ സ്ഥാപിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ മൂന്ന് ലക്ഷത്തിനാൽപതിനായിരത്തോളം പേ രെ ജീവനോടെ ചുട്ടുകൊല്ലുകയും കുരിശിലേറ്റുകയും ചെയ്ത കാലത്തോ? ഗണിതവും തത്ത്വചിന്തയും അഭ്യസിച്ചു എന്ന കാരണത്താൽ ഒരു സുന്ദരിയായ യുവതിയുടെ മാംസം അസ്ഥിയിൽനിന്ന് വേർപെടുത്തി ക്രിസ്തീയ ജനത അവളെ ചുട്ടുകൊന്ന കാലത്തോ?

ഹേ, ചരിത്ര തത്ത്വചിന്തകാ! ക്രൈസ്തവ കാലഘട്ടങ്ങളിലെ അറിവിനെയും സംസ്‌കാരത്തെയും നാഗരികതയെയും കുറിച്ചുള്ള ചരിത്രത്തിൽനിന്ന് ഞങ്ങൾക്ക് അറിയാവുന്നത് ഇത്രയുമാണ്. ഇങ്ങനെയൊക്കെയായിരുന്ന, ഇത്രമാത്രം ഇടുങ്ങിയ ചിന്താഗതി വെച്ചുപുലർത്തിയിരുന്ന ആ ക്രൈസ്തവത താങ്കളുടെ കാഴ്ചപ്പാടിൽ ശരിയാണോ തെറ്റാണോ എന്ന് ഞങ്ങൾക്ക് അറിയില്ല.

താങ്കൾ ഇസ്‌ലാമിനെക്കുറിച്ച് ശരിയായ അറിവില്ലാതെ, മുസ്‌ലിംകളെ നോക്കി ഇസ്‌ലാമിനെ വിലയിരുത്തിയതുപോലെ, ക്രൈസ്തവതയുടെ യാഥാർഥ്യം ഞങ്ങൾക്ക് അന്യമാണെങ്കിലും ക്രിസ്ത്യാനികളെ നോക്കി ഞങ്ങൾ ആ മതത്തെ വിലയിരുത്തുകയാണ്. എന്നാൽ ഞങ്ങളുടെ വിലയിരുത്തൽ ശരിയും താങ്കളുടെത് തെറ്റുമാണ്. കാരണം, യൂറോപ്പിൽ ആധുനിക നാഗരികത പ്രവേശിച്ചത് അവിടെനിന്ന് ക്രൈസ്തവതയെ നീക്കം ചെയ്തതിന് ശേഷമാണ്. ഒരു ഗ്ലാസ്സിലെ വായുവിനെ പുറന്തള്ളിയാലല്ലാതെ അതിൽ വെള്ളത്തിന് പ്രവേശിക്കാൻ കഴിയില്ലല്ലോ. ഇവ രണ്ടും ഒരേസമയം ഒരിടത്ത് സമ്മേളിക്കുകയില്ല.

ഇന്ന് യൂറോപ്പിലെ ചില സാധാരണക്കാരുടെ കുടിലുകളിൽ ക്രൈസ്തവതയുടെ എന്തെങ്കിലും അടയാളങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ, അത് നാഗരികത അവരോട് കാണിച്ച ദയ മാത്രമാണ്. അതൊരു വിശുദ്ധ മതമായി ആദരിക്കപ്പെടേണ്ടതാണ് എന്നതുകൊണ്ടല്ല, മറിച്ച് അറിവില്ലാത്തവരുടെ മനസ്സിലെ അക്രമാസക്തതയെ നിയന്ത്രിക്കാൻ സർക്കാരുകൾക്ക് ഉപയോഗിക്കാവുന്ന ഒരു മാനസിക തടസ്സമായി അതിനെ നിലനിർത്തുന്നു എന്ന് മാത്രം. അതിനാൽ പാശ്ചാത്യ നാഗരികതയും ക്രൈസ്തവതയും തമ്മിൽ യാതൊരു ബന്ധവുമില്ല. ഏകദേശം പത്തൊമ്പത് നൂറ്റാണ്ടുകളോളം യൂറോപ്പ് മനുഷ്യബുദ്ധിക്ക് ചിന്തിക്കാൻ കഴിയാത്തവിധം അജ്ഞതയിലും ക്രൂരതയിലും മുങ്ങിക്കിടന്നപ്പോൾ ഈ ക്രൈസ്തവതയോ പുരോഹിത വർഗമോ അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ലല്ലോ.

എന്നാൽ ഇസ്‌ലാമിക നാഗരികതയാകട്ടെ, ഇസ്‌ലാമിനൊപ്പം ഒരേ ആകാശത്ത് ഒരേ ഉദയസ്ഥാനത്തുനിന്നും ഒരേസമയം ഉദിച്ചുയർന്നതാണ്. അത് ഇസ്‌ലാമിനോടൊപ്പം തോളോടുതോൾ ചേർന്ന് സഞ്ചരിച്ചു. അവ പരസ്പരം നിഷേധിച്ചില്ല. പള്ളിയിൽ ആരാധന നടത്തുന്നവനും, പാഠശാലയിലെ കർമ്മശാസ്ത്ര പണ്ഡിതനും,

ഗ്രന്ഥശാലയിലെ പരിഭാഷകനും, വിദ്യാലയത്തിലെ ഗണിതശാസ്ത്രജ്ഞനും, ലബോറട്ടറിയിലെ രസതന്ത്രജ്ഞനും, കോടതിയിലെ ജഡ്ജിയും, വേദികളിലെ പ്രസംഗകനും, ആസ്‌ട്രോലേബിന് (astrolabe) മുന്നിലെ ജ്യോതിശാസ്ത്രജ്ഞനും, എഴുത്തുകാരനുമെല്ലാം പരസ്പരം സ്‌നേഹിക്കുന്ന സഹോദരങ്ങളായിരുന്നു. അവർ പരസ്പരം കലഹിക്കുകയോ കൊല്ലുകയോ ചെയ്തില്ല. ഒരാൾ മറ്റൊരാളെ കാഫിർ (അവിശ്വാസി) എന്ന് വിളിച്ചില്ല. ആരും ആരെയും അടിച്ചമർത്തിയതുമില്ല.

ഹേ, ചരിത്ര തത്ത്വചിന്തകാ! ഫലത്തെ നോക്കിയാണ് കാരണത്തെ വിലയിരുത്തേണ്ടതെങ്കിൽ, ഇന്നത്തെ പാശ്ചാത്യ നാഗരികത എന്നത് ഇന്നലത്തെ ഇസ്‌ലാമിന്റെ ഫലമാണ്. ഇന്നത്തെ മുസ്‌ലിംകളുടെ അധഃപതനമാകട്ടെ ക്രൈസ്തവത ആദ്യമേൽപിച്ച ആഘാതങ്ങളുടെ ഫലവുമാണ്. അതിന്റെ വിശദീകരണം താഴെ നൽകുന്നു:

മനുഷ്യവംശത്തിന് അവരുടെ ഐഹികവും പാരത്രികവുമായ ജീവിതത്തിന്, വ്യക്തിപരമായോ സാമൂഹികമായോ ആവശ്യമായ സകല കാര്യങ്ങളും ഇസ്‌ലാം നൽകി. ബഹുദൈവാരാധനയാലും ശിലകളെ വണങ്ങുന്നതിനാലും മതമേധാവികൾക്ക് മുന്നിൽ തലകുനിക്കുന്നതിനാലും ദുഷിച്ചുപോയ മനുഷ്യന്റെ വിശ്വാസത്തെ അത് സംസ്‌കരിച്ചു. പങ്കുകാരില്ലാത്ത ഏകദൈവത്തിലുള്ള വിശ്വാസത്തിലേക്ക് അത് അവനെ നയിച്ചു. പ്രപഞ്ചത്തിന്റെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാനും ദൈവത്തിന്റെ കഴിവിനെയും സൃഷ്ടിവൈഭവത്തെയും തിരിച്ചറിഞ്ഞ് വിശ്വാസം വർധിപ്പിക്കാനും തന്റെ ബുദ്ധിയെയും ദർശനത്തെയും പ്രപഞ്ചത്തിലേക്ക് തിരിച്ചുവിടാനും അത് നിർദേശിച്ചു. ഇത് കേവലം അന്ധമായ അനുകരണമല്ല, മറിച്ച് ഹൃദയത്തിൽ തട്ടുന്ന ബോധ്യമായിരിക്കണം എന്ന് അത് നിഷ്‌കർഷിച്ചു.

തിന്മകളെ അകറ്റാനും ദൈവത്തെ സ്മരിക്കാനുമായി ആരാധനാകർമങ്ങൾ നിശ്ചയിച്ചു നൽകി. വാക്കിനും പ്രവൃത്തിക്കും അത് സ്വാതന്ത്ര്യം നൽകി. ദൈവത്തിൽ പങ്കുചേർക്കുന്നതിനും മറ്റുള്ളവരെ ദ്രോഹിക്കുന്നതിനും മാത്രമാണ് അത് വിലക്കേർപ്പെടുത്തിയത്. അതുവരെ തനിക്ക് അന്യമായിരുന്ന സ്വന്തം വ്യക്തിത്വത്തിന്റെ വില അത് മനുഷ്യനെ പഠിപ്പിച്ചു. മനുഷ്യത്വത്തിൽ ദരിദ്രനെന്നും ധനികനെന്നും താഴ്ന്നവനെന്നും ഉയർന്നവനെന്നും വ്യത്യാസമില്ലെന്ന് അത് പഠിപ്പിച്ചു. രാജാവും പ്രജയും, കുലീനനായ ഹാഷിമിയും കറുത്ത വർഗക്കാരനായ അടിമയും ദൈവത്തിന് മുന്നിലും സത്യത്തിന് മുന്നിലും സമന്മാരാണ്. ആജ്ഞാപിക്കുന്നതും നിരോധിക്കുന്നതും, അനുവദിക്കുന്നതും വിലക്കുന്നതും, ഉപകാരവും ഉപദ്രവവും, പ്രതിഫലവും ശിക്ഷയും, കരുണയും മാപ്പും നൽകുന്നതെല്ലാം അല്ലാഹുവിന്റെ മാത്രം അധികാരമാണ്. പ്രവാചകന്മാർക്കോ മലക്കുകൾക്കോ അതിൽ പങ്കില്ല.

മനുഷ്യന്റെ സ്വഭാവഗുണങ്ങളെ അത് നന്നാക്കിത്തീർത്തു. തിന്മകളിൽനിന്ന് അവനെ തടഞ്ഞു. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഉറങ്ങാനും നടക്കാനും ഇരിക്കാനും സംസാരിക്കാനും സലാം പറയാനുമുള്ള മര്യാദകൾ പോലും അത് പഠിപ്പിച്ചു. കുടുംബജീവിതത്തിൽ മകൻ അച്ഛനോടും, അച്ഛൻ മകനോടും, സഹോദരൻ സഹോദരിയോടും എങ്ങനെ പെരുമാറണമെന്നും ഭാര്യയും ഭർത്താവും തമ്മിലുള്ള സ്‌നേഹവും കടമകളും എന്താണെന്നും അത് വിശദീകരിച്ചു.

സാമൂഹിക കാര്യങ്ങളിൽ സകാത്ത് നിർബന്ധമാക്കി. അത് കൃത്യമായി ശേഖരിച്ച് വിതരണം ചെയ്യുകയാണെങ്കിൽ ലോകത്ത് ഒരു ദരിദ്രൻ പോലും ഉണ്ടാകുമായിരുന്നില്ല. ദാനധർമങ്ങൾക്കും അശരണരെ സഹായിക്കാനും അത് പ്രോത്സാഹിപ്പിച്ചു. ക്രയവിക്രയങ്ങൾ, കച്ചവടം, പാട്ടം, വസ്തു കൈമാറ്റം, ദാനം, വസ്വിയ്യത്ത്, അനന്തരാവകാശം തുടങ്ങിയ ഐഹിക ഇടപാടുകൾക്കായി നിയമങ്ങൾ നിർമിച്ചു. ഇതിലൂടെ ഓരോരുത്തർക്കും അവരവരുടെ അവകാശങ്ങൾ ലഭിക്കാനും ആരും വഞ്ചിക്കപ്പെടാതിരിക്കാനും അത് വഴിയൊരുക്കി. കുറ്റകൃത്യങ്ങൾ തടയാൻ കർക്കശമായ ശിക്ഷാവിധികൾ നടപ്പിലാക്കി. രാഷ്ട്രീയ കാര്യങ്ങളിൽ ഖിലാഫത്ത്, നീതിന്യായ വ്യവസ്ഥ, ഭരണാധികാരത്തിന്റെ പരിധികൾ എന്നിവ നിശ്ചയിച്ചു. ഇതര മതസ്ഥരോടുള്ള പെരുമാറ്റം, യുദ്ധം, സമാധാനം എന്നിവയുടെ നിയമങ്ങളും അത് വ്യക്തമാക്കി.

ചുരുക്കത്തിൽ, ചെറുതും വലുതുമായ ഒരു കാര്യവും വിട്ടുകളയാതെ കൃത്യമായി ഇസ്‌ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജീവിതമാകുന്ന പോർക്കളത്തിൽ, തൊട്ടിൽ മുതൽ ചുടലവരെ മനുഷ്യന്റെ ഓരോ ചുവടിലും ആ മതം അവന് കൈത്താങ്ങാവുകയും, അവന്റെ പാതകളിൽ വെളിച്ചം പകരുകയും, നേർവഴിയിലേക്ക് അവനെ നയിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ഉദയസൂര്യൻ അറേബ്യൻ മണ്ണിൽ ഉദിച്ചുയർന്നപ്പോൾ പ്രപഞ്ചമാകെ പ്രകാശപൂരിതമായി. ആ പ്രകാശത്തെ അംഗീകരിക്കുന്നവരും അതിന്റെ നിലനിൽപ്പിനെ നിഷേധിക്കുന്നവരും എന്നിങ്ങനെ ജനങ്ങൾ രണ്ട് പക്ഷത്തായി. എങ്കിലും, ആ വെളിച്ചത്തിൽനിന്ന് ഗുണങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ അവരെല്ലാം ഒരുപോലെയായിരുന്നു. എന്നാൽ ആ പ്രകാശത്തിന്റെ സ്വീകാര്യതയിലും പ്രയോഗത്തിലും അവർക്കിടയിൽ വ്യത്യാസങ്ങളുണ്ടായിരുന്നു എന്ന് മാത്രം.

ഈ ഉദയസൂര്യൻ ഉദിച്ചുയരുകയും അതിന്റെ വെള്ളിരശ്മികൾ സ്‌പെയിൻ, ദക്ഷിണ ഇറ്റലി, ഫ്രാൻസ് എന്നിവ വഴി യൂറോപ്പിലേക്ക് പടരുകയും ചെയ്തു. ബുദ്ധിമാന്മാരായ ഏതാനും ചില പാശ്ചാത്യർ ആ വെളിച്ചം കാണുകയും തങ്ങളുടെ ദീർഘനിദ്രയിൽനിന്ന് ഉണരുകയും ചെയ്തു. ഇസ്‌ലാമിക ദർശനങ്ങളുടെ സൗന്ദര്യവും, പ്രപഞ്ച നിയമങ്ങളും, സാമൂഹിക ക്രമങ്ങളും, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും തത്ത്വങ്ങളും കണ്ടപ്പോൾ, തളർന്നു കിടക്കുന്ന പാശ്ചാത്യ സമൂഹവും ഉണർന്നു പ്രവർത്തിക്കുന്ന പൗരസ്ത്യ സമൂഹവും തമ്മിലുള്ള താരതമ്യം അവരെ ഇരുത്തിച്ചിന്തിപ്പിച്ചു. അവർ സ്വയം ചോദിച്ചു: ‘ഒരു രാജാവിനും അടിമപ്പെടാതെ, ഒരു പുരോഹിതനും കീഴ്‌പ്പെടാതെ ഈ ഭൂമിയിൽ മനുഷ്യന് സ്വതന്ത്രനായി ജീവിക്കാൻ കഴിയുമോ? പീഡനയന്ത്രങ്ങളെയോ ആരാച്ചാരുടെ വാളിനെയോ ഭയക്കാതെ, ഒരു രാത്രിയെങ്കിലും സമാധാനമായി ഉറങ്ങാൻ മനുഷ്യന് സാധിക്കുമോ? പ്രപഞ്ച വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാനും ശാസ്ത്രപഠനങ്ങളിൽ ഏർപ്പെടാനും മനുഷ്യന്റെ ആത്മാവിന് സ്വാതന്ത്ര്യം ലഭിക്കുമോ? ഇസ്‌ലാമിക നാഗരികതയുടെ ഈ ഉദയം ഈ പാശ്ചാത്യ സമൂഹത്തിന് മേൽ പതിക്കുമോ? ദീർഘകാലത്തെ അന്ധകാരം കാരണം കാഴ്ച മങ്ങിപ്പോയ, പരസ്പരം കാണാൻ കഴിയാത്ത ഈ ഇരുട്ടിനെ അത് മായ്ച്ചുകളയുമോ?’

ആ ബുദ്ധിമാന്മാരുടെ മനസ്സിൽ ഉദിച്ച ഈ ചിന്തകളാണ് യൂറോപ്പ് നാഗരികതയുടെ പാതയിൽ വെച്ച ആദ്യ ചുവടുകൾ. യൂറോപ്പിലെ മുസ്‌ലിംകളുമായുള്ള സമ്പർക്കത്തിലൂടെയും അവരുടെ ഗ്രന്ഥങ്ങൾ വായിച്ചും അവരുടെ നാഗരികതയെ അടുത്തറിഞ്ഞും മനസ്സിലാക്കിയ ഇസ്‌ലാമിക നിയമങ്ങളുടെ ഗുണഫലമായിരുന്നു അത്. പിന്നീട് അവർ ഈ ആശയങ്ങൾ രഹസ്യമായി ജനങ്ങളെ പഠിപ്പിക്കുകയും തങ്ങളുടെ ശിഷ്യന്മാരിലേക്ക് പകരുകയും ചെയ്തു. ഇതിനായി അവർക്ക് വലിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. അറിവും അജ്ഞതയും തമ്മിലുള്ള ഈ പോരാട്ടം നൂറ്റാണ്ടുകളോളം തുടർന്നു; ഒടുവിൽ ഫ്രഞ്ച് വിപ്ലവത്തിലൂടെയാണ് പഴയകാലത്തെ ആ കാടത്തത്തിനും ക്രൂരതയ്ക്കും അന്ത്യം കുറിച്ചത്.

ഹേ, ചരിത്ര തത്ത്വചിന്തകാ! താങ്കൾക്ക് ഇക്കാര്യങ്ങൾ തീർച്ചയായും അറിയാമായിരിക്കും. കാരണം ഒരു ചരിത്രകാരൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങളാണിവ. ഇസ്‌ലാമിക നാഗരികതയ്ക്ക് മറ്റുള്ളവരെ ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ, അതിന് സ്വന്തം അനുയായികളെ ഉൾക്കൊള്ളാൻ കഴിയില്ലേ? പക്ഷേ, താങ്കളുടെ മതഭ്രാന്ത് അത്രമേൽ വർധിച്ചിരിക്കുന്നു. താങ്കളോട് ഉപകാരം ചെയ്തവന്റെ നന്ദി നിഷേധിച്ചത് പോരാഞ്ഞിട്ട്, അവന് അവനോടുതന്നെയുള്ള സദ്ഗുണങ്ങളെപ്പോലും താങ്കൾ നിഷേധിക്കുകയാണോ?

ഇസ്‌ലാമിക നാഗരികതയെക്കുറിച്ച് താങ്കൾക്ക് വിവരിച്ചുതരേണ്ട കാര്യമില്ല. ഭൗതികശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, സസ്യശാസ്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, തത്ത്വചിന്ത, നൈതികത, സാമൂഹികശാസ്ത്രം എന്നിവയിൽ മുസ്‌ലിം പണ്ഡിതന്മാരും ദാർശനികരും രചിച്ച ഗ്രന്ഥങ്ങളോ അവരുടെ പേരുകളോ ഞാൻ എണ്ണിപ്പറയേണ്ടതില്ല. കിഴക്കും പടിഞ്ഞാറുമുള്ള വിദ്യാലയങ്ങളെയും നക്ഷത്രബംഗ്ലാവുകളെയും (Observatories)കുറിച്ചോ, ആഡംബരപൂർണമായ നഗരങ്ങളെയും അന്നത്തെ സമൃദ്ധിയെയും പ്രതാപത്തെയും കുറിച്ചോ താങ്കളോട് പറയേണ്ടതില്ല. താങ്കൾ അവകാശപ്പെടുന്നതുപോലെ ഒരു ചരിത്രകാരനാണെങ്കിൽ ഇതെല്ലാം താങ്കൾക്ക് അറിയാവുന്നതാണ്.

എങ്കിലും, കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി മുസ്‌ലിംകൾക്ക് സംഭവിച്ച ദൗർബല്യത്തെയും തളർച്ചയെയും അവരുടെ ഐക്യം തകർന്നതിനെയും ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ, താങ്കൾ തെറ്റിദ്ധരിച്ചതുപോലെ അതിന് കാരണം ഇസ്‌ലാമല്ല. മറിച്ച്, മുസ്‌ലിം വേഷധാരികളായ ചിലർ വഴി ക്രിസ്തീയതയിൽനിന്നുള്ള ചില പ്രവണതകൾ അവരിലേക്ക് പടർന്നതാണ് അതിന് കാരണം. അവർ ഇസ്‌ലാമിന്റെ വേഷം ധരിച്ച് മുസ്‌ലിം നാടുകളിൽ പ്രവേശിക്കുകയും അവിടുത്തെ ദുർബലരായ രാജാക്കന്മാരെയും വിവരമില്ലാത്ത അമീറുമാരെയും സ്വാധീനിക്കുകയും ചെയ്തു. തങ്ങളുടെ തെറ്റായ ആശയങ്ങളും അന്ധവിശ്വാസങ്ങളും മുസ്‌ലിംകൾക്കിടയിൽ പ്രചരിപ്പിക്കാൻ അവർ ആ അധികാരം ഉപയോഗിച്ചു. അങ്ങനെ അവർ വിശ്വാസങ്ങളെ മലിനമാക്കുകയും അവർക്കിടയിൽ ഭിന്നതയുണ്ടാക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ യഥാർഥ കരുത്തിൽനിന്നും ചൈതന്യത്തിൽനിന്നും അവർ മുസ്‌ലിംകളെ അകറ്റിക്കളഞ്ഞു. അതിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന അവസ്ഥ.

വിധിവിശ്വാസത്തിലും (ക്വദ്ർ), തവക്കുലിലും (ദൈവത്തിലുള്ള ഭരമേല്പിക്കൽ) മുസ്‌ലിംകൾക്കിടയിൽ ഇന്ന് കാണുന്ന ആശയക്കുഴപ്പങ്ങൾ, ക്വബ്‌റുകൾ കെട്ടിപ്പൊക്കുന്നതും അവ അലങ്കരിക്കുന്നതും അവിടെ പോയി മുഖംകുത്തി വീഴുന്നതും, ആരാധനകളുടെ അന്തഃസത്തയെ വിസ്മരിച്ച് കേവല രൂപങ്ങൾക്ക് പ്രാധാന്യം നൽകുന്നതും, മതനേതാക്കൾക്ക് ലാഭനഷ്ടങ്ങൾ വരുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നതുമെല്ലാം പൗരാണിക ക്രൈസ്തവതയുടെ സ്വാധീനമാണ്, അല്ലാതെ ഇസ്‌ലാമിന്റെതല്ല.

ഹേ, ചരിത്ര തത്ത്വചിന്തകാ! ഞങ്ങളെ മതഭ്രാന്തന്മാർ എന്ന് വിളിക്കരുത്. താങ്കൾ ഞങ്ങളെയും ഞങ്ങളുടെ മതത്തെയും അധിക്ഷേപിച്ചപ്പോൾ, സത്യം വിളിച്ചുപറഞ്ഞുകൊണ്ട് അതിനെ പ്രതിരോധിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റു വഴികളില്ലായിരുന്നു. ഇതിൽ ഞങ്ങൾക്ക് യാതൊരു ലജ്ജയുമില്ല. ശത്രുക്കളിൽനിന്ന് തങ്ങളെത്തന്നെ സംരക്ഷിക്കാനും, തങ്ങളുടെ സമൂഹത്തെ കാത്തുസൂക്ഷിക്കാനും, മതം അല്ലാഹുവിന്റെത് മാത്രമാകുന്നത് വരെ അതിന്റെ പ്രതാപം ഉയർത്താനും മുസ്‌ലിംകൾ കൈകോർക്കുന്നതിനെയാണോ നിങ്ങൾ മതഭ്രാന്ത് എന്ന് വിളിക്കുന്നത്?

‘ആലു മുഹമ്മദിനെ (പ്രവാചക കുടുംബത്തെ) സ്‌നേഹിക്കുന്നത് ഒരു കുറ്റമാണെങ്കിൽ, ഞാൻ അത്തരമൊരു കുറ്റവാളിയാണെന്ന് ലോകം മുഴുവൻ സാക്ഷ്യം വഹിക്കട്ടെ’

(ഇമാം ശാഫിഈ رحمه الله യുടെ വരികൾ ഉദ്ധരിച്ചുകൊണ്ട് മൻഫലൂത്വി തന്റെ ലേഖനം അവസാനിപ്പിക്കുന്നു)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *