മധ്യപൂർവ്വേഷ്യയിൽ ഉടലെടുത്ത സംഘർഷം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. നിരവധി നിരപരാധികളാണ് കൊല്ലപ്പെടുന്നത്. വിശുദ്ധ റമളാനിനേയും പെരുന്നാളിനേയും കേന്ദ്രീകരിച്ച് അക്രമണങ്ങൾ നടത്തുക എന്നത് സാമ്രാജ്യത്വ ശക്തികളുടെ രീതിയാണ്. അശാന്തമായ ഈ സാഹചര്യത്തിൽ വിവേകം കൈവിടാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം. വൈകാരികത പരീക്ഷിക്കപ്പെടുമ്പോൾ വിചാരവും വിവേകവുമാണ് നമ്മെ നിയന്ത്രിക്കേണ്ടത്. റമളാൻ എന്നത് പരീക്ഷണത്തിൻ്റെ മാസം കൂടിയാണ് എന്നത് വിസ്മരിക്കാതിരിക്കുക. ഇത്തരുണത്തിൽ ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്.
1.ലോകത്ത് സംഭവിക്കുന്നതെല്ലാം റബ്ബിൻ്റെ തീരുമാനമാണ് എന്ന് ഉറച്ച് വിശ്വസിക്കുക.
قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്. (ഖു൪ആന്‍:9/51)
ഇതാണ് വിശ്വാസിയുടെ കരുതലും ആശ്വാസവും. നമുക്കറിയാത്ത കാര്യങ്ങൾ അല്ലാഹുവിനറിയാം.
… وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًٔا وَهُوَ شَرٌّ لَّكُمْ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (ഖു൪ആന്‍:2/261)
2.ഫിത്നകളുടെ കാലത്ത് പ്രാർത്ഥനകളും ആരാധനകളും വർധിപ്പിക്കുക.
റബ്ബിനോsള്ള പ്രാർത്ഥനയാണ് വിശ്വാസികളുടെ തകർക്കാനാവാത്ത ആയുധം. പ്രാർത്ഥന ഇല്ലാത്തവനാണ് ഏറ്റവും ദുർബലൻ.
قَالَ رَسُولُ اللَّهِ صلى الله عليه وسلم: الْعِبادَةُ في الهَرْجِ كَهِجْرَةٍ إلَيَّ.
നബി ﷺ പറഞ്ഞു: ഫിത്നയുടെ സമയത്തെ ആരാധന എൻ്റെ അടുത്തേക്കുള്ള ഹിജ്റയുടെ സമാനമാണ്. (മുസ്ലിം:2948)
ഈ നബിവചനം പ്രാവർത്തികമാക്കേണ്ട സന്ദർഭമാണിത്. വിശുദ്ധ റമളാനിലാണല്ലേ നാം ഉള്ളത്. റബ്ബിലേക്കുയരുന്ന കരങ്ങളെ ഒന്നും നൽകാതെ അവൻ മടക്കില്ല. തീർച്ച!
3. നമുക്കറിയാത്ത കാര്യങ്ങളിൽ നാം വ്യപൃതരാവാതിരിക്കുക.
യുദ്ധസമയത്ത് ആദ്യം മരിക്കുന്നത് സത്യം ആയിരിക്കും എന്ന ബോധ്യം നമുക്കുണ്ടാവണം. സത്യസന്ധമായ വാർത്തകൾ യുദ്ധമുഖത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്.അതിനാൽ തന്നെ മീഡിയകളിൽ വരുന്ന വാർത്തകൾ മാത്രം ആധാരമാക്കി അഭിപ്രായങ്ങൾ പറഞ്ഞ് ആവശ്യമില്ലാത്ത കാര്യങ്ങൾ നാം ചെയ്യാതിരിക്കുക.
സ്വന്തം നാട്ടിലെ യുദ്ധ സന്ദർഭങ്ങളിൽ പോലും തികഞ്ഞ അവ്യക്തതകളാണല്ലോ നമ്മുടെ അനുഭവം. മാസങ്ങൾക്ക് മുമ്പ് നടന്ന ഇന്ത്യാ-പാക് യുദ്ധസമയത്ത് കേട്ട വാർത്തകളിൽ പലതും സത്യമായിരുന്നില്ല എന്ന് പിന്നീട് തെളിഞ്ഞല്ലോ.എന്നിരിക്കെ മറ്റു രാജ്യങ്ങളിൽ നടക്കുന്ന യുദ്ധത്തിൻ്റെ കാര്യം പറയണോ.
അമേരിക്കയും ഇസ്രായേലും ബ്രിട്ടനും കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ട് നാം കാണുന്നുണ്ട്.ഇതര രാജ്യങ്ങളിൽ കടന്നു കയറി അവിടുത്തെ ഭരണാധികാരികളെ ബന്ധികളാക്കുകയും വധിക്കുകയും ചെയ്യുന്നത് പുതിയ സംഭവമല്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നതോടൊപ്പം ഈ നരനായാട്ടുകാർ നശിപ്പിക്കപ്പെടുന്ന ദിനം വരാനുണ്ട് എന്ന ആത്മ വിശ്വാസവും നമുക്ക് ഉണ്ടാവണം. റബ്ബിൻ്റെ ഈ വചനങ്ങൾ ശ്രദ്ധിക്കുക:
وَلَا تَحْسَبَنَّ ٱللَّهَ غَٰفِلًا عَمَّا يَعْمَلُ ٱلظَّٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ ٱلْأَبْصَٰرُ
അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്ക് സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. (ഖു൪ആന്‍:14/42)
كُلَّمَآ أَوْقَدُوا۟ نَارًا لِّلْحَرْبِ أَطْفَأَهَا ٱللَّهُ ۚ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا ۚ وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ
അവര്‍ യുദ്ധത്തിന് തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (ഖു൪ആന്‍:5/64)
وَقَدْ مَكَرُوا۟ مَكْرَهُمْ وَعِندَ ٱللَّهِ مَكْرُهُمْ
അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിങ്കലുണ്ട് അവര്‍ക്കായുള്ള തന്ത്രം. (ഖു൪ആന്‍:14/46)
അതിനാൽ നമുക്ക് ചെയ്യാവുന്നത് നാം ചെയ്യുക അത് പ്രാർത്ഥനയാണ്. ബാക്കി കാര്യങ്ങൾ ഇസ്ലാമിക രാജ്യങ്ങളിലെ ഭരണാധികാരികൾ ചെയ്യട്ടെ. നാം അവർക്ക് വേണ്ടിയും പ്രാർത്ഥിക്കുക. നമുക്ക് പ്രാപ്യമല്ലാത്ത പരിസരങ്ങളിൽ ഇടപെടുന്നത് കൊണ്ട് ഒരു നേട്ടവും ഇല്ല. കോട്ടങ്ങൾ നിരവധിയുണ്ട് താനും. ഈ വചനം ശ്രദ്ധിക്കുക.
وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَٰنَ إِلَّا قَلِيلًا
സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു. (ഖു൪ആന്‍:4/83)
4: ഇസ്രായേലിൻ്റെ ബോംബുകൾ അവിശുദ്ധരെ വിശുദ്ധരാക്കുന്നില്ല എന്നത് നാം തിരിച്ചറിയണം.
ജീവിതകാലത്ത് ഇസ്ലാമിനോടും മുസ്ലിംകളോടും തിന്മ മാത്രം ചെയ്തവരുടെ അവിശുദ്ധി ഇസ്രായേലിൻ്റെ ബോംബുകളെ കൊണ്ട് മാറുന്നില്ല. റാഫിളികൾ വിശ്വാസം കൊണ്ടും കർമ്മം കൊണ്ടും തുടക്കം മുതലേ അവിശുദ്ധരാണ്. ഇന്നത്തേതിനേക്കാൾ സങ്കീർണമായ പ്രതിസന്ധികളുടെ കാലഘട്ടങ്ങൾ ഉമ്മത്തിന് കഴിഞ്ഞ് പോയിട്ടുണ്ട്. പ്രതിസന്ധികളിൽ പെട്ട റാഫിളികളെ നമ്മുടെ മുൻഗാമികളാരും വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ല. ആ പാതയാണ് നാം പിന്തുടരേണ്ടത്.
സിറിയ, ഇറാഖ്….. രാജ്യങ്ങളിലെ മുസ്ലിംകളോട് ചോദിച്ചാലറിയാം ഇറാനിലെ റാഫിളീ ഭരണകൂടം അവരോട് ചെയ്ത ക്രൂരതകൾ! കഴിഞ്ഞ ദിവസം സിറിയൻ തെരുവുകളിൽ കണ്ട സന്തോഷ പ്രകടനങ്ങൾ അവർ എത്ര സഹിച്ചിരുന്നു എന്നതിൻ്റെ തെളിവാണ്. സാമ്രാജ്യത്വ ക്രൂരതകൾക്ക് നേരെ മാത്രം കാമറകൾ തിരിച്ച് വെച്ച് റാഫിളീ തെമ്മാടിത്തങ്ങളെ വിസ്മരിക്കുന്നത് നീതിയല്ല. മാത്രവുമല്ല, ഒരാളെ പ്രത്യേകമായി ശഹീദ് എന്ന് വിളിക്കുന്നതിന് വ്യക്തമായ പ്രമാണം ആവശ്യമാണ്. അയാൾ എങ്ങനെ കൊല്ലപ്പെട്ടാലും ശരി!
ഇമാം ബുഖാരി رَحِمَهُ اللَّهُ തൻ്റെ സ്വഹീഹിൽ നൽകിയ ഒരു അധ്യായം ഇപ്രകാരമാണ്:
بَابٌ : لَا يَقُولُ : فُلَانٌ شَهِيدٌ. قَالَ أَبُو هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” اللَّهُ أَعْلَمُ بِمَنْ يُجَاهِدُ فِي سَبِيلِهِ، وَاللَّهُ أَعْلَمُ بِمَنْ يُكْلَمُ فِي سَبِيلِهِ “.
അധ്യായം: “ഇന്നയാൾ രക്തസാക്ഷിയാണ് (ശഹീദാണ്)” എന്ന് പറയരുത്. അബൂഹുറൈറ رضى الله عنه നബി ﷺ യിൽ നിന്ന് നിവേദനം ചെയ്യുന്നു: ”അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നത് ആരെന്ന് അല്ലാഹുവിന് നന്നായറിയാം; അവന്റെ മാർഗത്തിൽ മുറിവേൽക്കുന്നത് ആർക്കാണെന്നും അല്ലാഹുവിന് നന്നായറിയാം.” (كتاب الجهاد والسير)
ഇതിനെ വിശദീകരിച്ച് ഹാഫിള് ഇബ്നു ഹജർ رَحِمَهُ اللَّهُ ഇങ്ങനെ എഴുതി:
قوله: ( باب لا يقال فلان شهيد ) أي على سبيل القطع بذلك إلا إن كان بالوحي،….
فالمراد النهي عن تعيين وصف واحد بعينه بأنه شهيد بل يجوز أن يقال ذلك على طريق الإجمال…..
” من قاتل لتكون كلمة الله هي العليا فهو في سبيل الله ” ولا يطلع على ذلك إلا بالوحي، فمن ثبت أنه في سبيل الله أعطي حكم الشهادة، فقوله: ” والله أعلم بمن يكلم في سبيله ” أي فلا يعلم ذلك إلا من أعلمه الله، فلا ينبغي إطلاق كون كل مقتول في الجهاد أنه في سبيل الله.
അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് (ദിവ്യബോധനം) വഴി ലഭിച്ച അറിവില്ലാതെ ഒരാൾ ഖണ്ഡിതമായും ശഹീദാണെന്ന് വിധിക്കരുത്.
ഇവിടെ ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക വ്യക്തിയെ മാത്രം നിശ്ചയിച്ച് അയാൾ ‘ശഹീദ്’ ആണെന്ന് വിശേഷിപ്പിക്കുന്നത് വിലക്കാനാണ്. എന്നാൽ പൊതുവായ അർത്ഥത്തിൽ (ഉദാഹരണത്തിന്: അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവർ ശഹീദുകളാണ് എന്ന്) പറയാവുന്നതാണ്…
പ്രവാചകൻ ﷺ പറഞ്ഞു: “അല്ലാഹുവിന്റെ വചനം ഉന്നതമാകാൻ വേണ്ടി ആർ പോരാടുന്നുവോ അവൻ അല്ലാഹുവിന്റെ മാർഗത്തിലാണ്.” ഒരാളുടെ മനസ്സിലെ ഈ ഉദ്ദേശ്യം (നിയ്യത്ത്) അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. അതിനാൽ അല്ലാഹു അറിയിച്ചു കൊടുത്തവർക്ക് മാത്രമേ ഒരാൾ അല്ലാഹുവിന്റെ മാർഗത്തിലാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയൂ. (ഫത്ഹുൽ ബാരി )
നബി ﷺ യുടെ മതം ശരിയായി പിന്തുടരുന്നവരെ കുറിച്ച് വരെ ഇതാണ് മതത്തിൻ്റെ നിലപാട് എങ്കിൽ, കുഫ്റൻ വിശ്വാസങ്ങളുടെ പ്രചാരകരും മുസ്ലിംകൾക്ക് നേരെ നിരവധി അക്രമങ്ങൾ നടത്തിയവരുമായവർക്ക് ശഹീദ് പട്ടം നൽകുന്നവർ ഇസ്ലാം പഠിക്കട്ടെ എന്നു മാത്രം ഓർമിപ്പിക്കുന്നു. സാമ്രാജ്യത്വ ബോംബുകൾ അവിശുദ്ധരെ വിശുദ്ധരാക്കുന്നില്ല!
എല്ലാ ഫിത്നകളിൽ നിന്നും ഈ ഉമ്മത്തിനെ റബ്ബ് സംരക്ഷിക്കട്ടെ! അക്രമികളുടെ കരങ്ങളെ റബ്ബ് ദുർബലമാക്കട്ടെ. കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്യുന്ന നിരപരാധികൾക്ക് റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
അബ്ദുൽ മാലിക് സലഫി
www.kanzululoom.com
One Response
മാഷാ അള്ളാ സംയോജിതമായ വിഷയം അല്ലാഹു പരിപൂർണ്ണമായി സ്വീകരിക്കുമാറാകട്ടെ.