ധൃതി കാണിക്കുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവമാണ്. അല്ലാഹു പറയുന്നത് കാണുക:
خُلِقَ ٱلْإِنسَٰنُ مِنْ عَجَلٍ ۚ سَأُو۟رِيكُمْ ءَايَٰتِى فَلَا تَسْتَعْجِلُونِ
ധൃതികൂട്ടുന്നവനായിട്ടാകുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്റെ ദൃഷ്ടാന്തങ്ങള്‍ വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്. അതിനാല്‍ നിങ്ങള്‍ എന്നോട് ധൃതികൂട്ടരുത്. (ഖു൪ആന്‍:21/37)
وَكَانَ ٱلْإِنسَٰنُ عَجُولًا
മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു. (ഖു൪ആന്‍:17/11)
മൂസാനബി(അ)യുടെയും ഖദിറി(അ)ന്റെയും ചരിത്രം വിവരിക്കുന്ന ഹദീസില്‍ മൂസാനബി(അ) ധൃതിപിടിച്ചില്ലായിരുന്നുവെങ്കില്‍ ഇനിയും പല കഥകളും നമുക്ക് കേള്‍ക്കാമായിരുന്നു എന്ന് നബി ﷺ പറഞ്ഞതായി കാണാം.
ധൃതി വെടിയലും സാവകാശം കൈക്കൊള്ളലും കാര്യങ്ങള്‍ അവധാനതയോടെ ഉറപ്പാക്കലും തീര്‍പ്പാക്കലും നിയന്ത്രിക്കലും സല്‍സ്വഭാവങ്ങളില്‍ പെട്ടതാണ്. ഒരു വ്യക്തിയുടെ മികച്ച ബുദ്ധിയും ഹൃദയസമാധാനവുമാണ് അയാളുടെ അവധാനത വിളിച്ചറിയിക്കുന്നത്. വഴികേടില്‍ നിന്നും തെറ്റുകളില്‍നിന്നും ദുര്‍ഗുണങ്ങളില്‍ നിന്നും പൈശാചിക തന്ത്രങ്ങള്‍, ആധിപത്യം എന്നിവയില്‍ നിന്നും അത് മനുഷ്യനെ സംരക്ഷിക്കും. അല്ലാഹുവിന്റെ പ്രീതിയും ഇഷ്ടവും അത് മനുഷ്യന് നേടിക്കൊടുക്കുകയും ചെയ്യും.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : الأَنَاةُ مِنَ اللَّهِ وَالْعَجَلَةُ مِنَ الشَّيْطَانِ
നബി ﷺ പറഞ്ഞു:സാവകാശം അല്ലാഹുവില്‍ നിന്നാണ്. ധൃതി പിശാചില്‍ നിന്നുമാണ്. (സുനനുത്തുര്‍മുദി :2012 – സ്വഹീഹ് അല്‍ബാനി)
സാവകാശം അല്ലാഹുവില്‍ നിന്നാണ് എന്നു പറഞ്ഞാല്‍ അവന്‍ ഇഷ്ടപ്പെടുകയും പ്രതിഫലമേകുകയും ചെയ്യുന്ന കാര്യമാണത് എന്നാണ്. ധൃതി പിശാചില്‍ നിന്നാണ് എന്നാല്‍ വസ്‌വാസിലൂടെ ധൃതി കാണിക്കുവാന്‍ പ്രേരണയേകുന്നത് പിശാചാണെന്നാണ്; കാരണം ധൃതി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പര്യവസാനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും തടയിടുന്നു.
ചിന്തിച്ചും അവധാനതയോടും കൂടിയാലോചിച്ചുമുള്ള മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് വിജയത്തില്‍ എത്തുക. ധൃതിപിടിച്ച നീക്കങ്ങളും കൂടിയാലോചിക്കാതെയുള്ള മുന്നേറ്റങ്ങളും ലക്ഷ്യപ്രാപ്തിയില്‍ എത്തുകയില്ലെന്നുമാത്രമല്ല പലപ്പോഴും അതിന്റെ പരിണിതി ദുരന്തപൂര്‍ണവുമായിരിക്കും.
عَنْ عَبْدِ اللَّهِ بْنِ سَرْجِسَ الْمُزَنِيِّ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : السَّمْتُ الْحَسَنُ وَالتُّؤَدَةُ وَالاِقْتِصَادُ جُزْءٌ مِنْ أَرْبَعَةٍ وَعِشْرِينَ جُزْءًا مِنَ النُّبُوَّةِ ”
അബ്ദില്ലാഹിബ്നു സ൪ജിസല്‍ മുസനിയ്യില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നല്ല നേര്‍ക്കുനേരെയുള്ള നടപടി, സാവകാശശീലം, മിതവ്യയം എന്നിവ പ്രവാചകത്വത്തിന്റെ ഇരുപത്തിനാല് അംശത്തില്‍ ഒരംശമാകുന്നു. (തി൪മിദി:2010)
പ്രവര്‍ത്തനങ്ങളില്‍ ധൃതി പാടില്ല എന്നു പറയുമ്പോള്‍ ഉന്മേഷവും ഉണര്‍വും ഊര്‍ജസ്വലതയും ഇല്ലാതെ, അലസതയോടും ബലഹീനത കാണിച്ചും മടുപ്പോടുകൂടിയും ആയിരിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അതിന്റെ വരുംവരായ്മകള്‍ എന്തെല്ലാമായിരിക്കും എന്ന് ആലോചിച്ച്, ഭംഗിയായി, ഉന്മേഷത്തോടെ നിര്‍വഹിക്കുകയാണ് വേണ്ടത്. എടുത്തുചാട്ടവും ധൃതിപിടിച്ച നീക്കങ്ങളും ഖേദത്തിനിടയാക്കും.
ഹിജ്‌റ എട്ടാം വര്‍ഷത്തില്‍ അറേബ്യന്‍ ഉപദീപിന്റെ കിഴക്കെ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന അല്‍അഹ്‌സാ പ്രദേശത്ത് നിന്ന് (പഴയപേര് ബഹ്‌റൈന്‍) അബ്ദുല്‍ഖൈസ് കുടുംബത്തിലെ ഒരു സംഘം വിശ്വാസികള്‍ നബി ﷺ യെ കാണാനായി മദീനയിലേക്ക് പുറപ്പെട്ടു. ഇസ്‌ലാം സ്വീകരിക്കാനുള്ള ആഗ്രഹമാണവരെ ഈ യാത്രക്ക് പ്രേരിപ്പിച്ചത്. അശജ്ജ് അബ്ദുല്‍ഖൈസ് എന്ന് പേരുള്ള ഒരാളായിരുന്നു സംഘത്തലവന്‍. കൂട്ടത്തില്‍ വിരൂപിയാണെങ്കിലും ചടുലതയും വൈഭവവുമുള്ള വ്യക്തിയായിരുന്നു അശജ്ജ്. നബി ﷺ അവരെ പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു.
ഇരുപതോളം പേരടങ്ങുന്ന സംഘം മദീനയിലെത്തി. തങ്ങളെ കാത്തിരിക്കുന്ന നബി ﷺ യെ കണ്ടപ്പോള്‍ അവര്‍ ആവേശഭരിതരായി വാഹനപ്പുറത്തുനിന്ന് ചാടിയിറങ്ങി, യാത്രാവസ്ത്രം മാറ്റുകയോ വാഹനങ്ങളെ കെട്ടിയിടുകയോ ചെയ്യാതെ ഓടിവന്നു നബി ﷺ യെ കെട്ടിപ്പിടിക്കാനും കൈയും കാലും പിടിച്ചു ചുംബിക്കാനും തുടങ്ങി.
എന്നാല്‍ നേതാവായ അശജ്ജ് സാവകാശം വാഹനത്തെ ഒരിടത്ത് തളച്ചശേഷം പൊടിപുരണ്ട ശരീരം തട്ടിവൃത്തിയാക്കി, ഭാണ്ഡത്തില്‍നിന്ന് വൃത്തിയുള്ള വസ്ത്രമെടുത്തു ധരിച്ച് സാവധാനം നബി ﷺ യുടെ അടുത്തേക്കുവന്നു. സംഘത്തിന്റെ ഓരോ ചലനവും സാകൂതം നോക്കിനിന്ന നബി ﷺ പള്ളിയില്‍ അവരെ സല്‍ക്കരിച്ചിരുത്തി. ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു. പിന്നീട് എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. അശജ്ജിന് കുടുതല്‍ നല്‍കിയിട്ടു പറഞ്ഞു:
إِنَّ فِيكَ لَخَصْلَتَيْنِ يُحِبُّهُمَا اللَّهُ الْحِلْمُ وَالأَنَاةُ
നിശ്ചയം താങ്കളില്‍ രണ്ട് സ്വഭാവങ്ങളുണ്ട്. അവ രണ്ടും അല്ലാഹു ഇഷ്ടപ്പെടുന്നു. ക്ഷമയും അവധാനതയും. (മുസ്‌ലിം)
പ്രവാചകനോടുള്ള സ്‌നേഹവും ആവേശവുമായിരുന്നു സംഘത്തിലുള്ളവരെ ഓടിവന്ന് നബിയെ ആലിംഗനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ആ ആവേശത്തെ നബി ﷺ അംഗീകരിച്ചു. അവര്‍ക്കെല്ലാവര്‍ക്കും സമ്മാനവും നല്‍കി. അശജ്ജിന്ന് കൂടുതല്‍ വിലപ്പെട്ട സമ്മാനത്തിന്നു പുറമെ, വിശ്വാസികളില്‍ എന്നുമുണ്ടായിരിക്കേണ്ട രണ്ട് മഹിതമാതൃകയുടെ പ്രശംസാപത്രവും നല്‍കി; ക്ഷമയും അവധാനതയും.
നമ്മുടെ സംസാരങ്ങളില്‍ വരെ ഈ നി൪ദ്ദേങ്ങള്‍ പാലിക്കപ്പെടണം. നബി ﷺ യുടെ സംസാര മര്യാദയെ കുറിച്ച് ആഇശ(റ) പറയുന്നു:
നബി ﷺ സംസാരിക്കുമായിരുന്നു. എണ്ണുന്ന ഒരാള്‍ അത് എണ്ണിയിരുന്നുവെങ്കില്‍ അതിനെ തിട്ടപ്പെടുത്താമായിരുന്നു. (അബൂദാവൂദ് – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).
ചില കാര്യങ്ങളില്‍ ധൃതി കാണിക്കരുതെന്ന് നബി ﷺ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. അതില്‍ പെട്ടതാണ് പ്രാ൪ത്ഥനക്ക് ഉത്തരം പ്രതീക്ഷിക്കുന്നതില്‍. ഞാൻ പ്രാർത്ഥിച്ചിട്ട് ഉത്തരം കിട്ടുന്നില്ലെന്ന് പറഞ്ഞുകൊണ്ട്, പ്രാ൪ത്ഥിച്ച വിഷയത്തില്‍ തിരക്ക് കൂട്ടാന്‍ പാടില്ല.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يُسْتَجَابُ لأَحَدِكُمْ مَا لَمْ يَعْجَلْ يَقُولُ دَعَوْتُ فَلَمْ يُسْتَجَبْ لِي
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാനെത്ര പ്രാർത്ഥിച്ചിട്ടും എനിക്കുത്തരം ലഭിച്ചില്ല എന്ന് പറയാതിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെടും. (ബുഖാരി: 6340)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ” لاَ يَزَالُ يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ مَا لَمْ يَسْتَعْجِلْ ” . قِيلَ يَا رَسُولَ اللَّهِ مَا الاِسْتِعْجَالُ قَالَ ” يَقُولُ قَدْ دَعَوْتُ وَقَدْ دَعَوْتُ فَلَمْ أَرَ يَسْتَجِيبُ لِي فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘തിന്മക്ക് വേണ്ടിയോ കുടുംബ ബന്ധം മുറിക്കുവാനോ അല്ലാത്ത പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കും; അവന്‍ ധ്യതി കാണിച്ചില്ലെങ്കില്‍.’ സ്വഹാബിമാര്‍ ചോദിച്ചു: ‘എന്താണ് നബിയേ ധൃതി കാണിക്കുക എന്നാല്‍?’ നബി ﷺ പറഞ്ഞു: ‘ഒരാള്‍ പറയും: ഞാന്‍ ധാരാളം പ്രാര്‍ഥിച്ചു; പക്ഷേ, എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല’ എന്ന്. അങ്ങനെ നിരാശനായി പ്രാര്‍ഥന തന്നെ അവന്‍ ഒഴിവാക്കുകയും ചെയ്യും.’ (മുസ്ലിം:2735)
ഒരു അടിമയുടെ പ്രാര്‍ഥന അല്ലാഹു മൂന്ന് രൂപത്തിലാണ് സ്വീകരിക്കുക. ഒന്നുകില്‍ ആ പ്രാര്‍ഥനക്ക് ഉടന്‍ തന്നെ ഉത്തരം ലഭിക്കും. അല്ലെങ്കില്‍ അതിനെക്കാള്‍ വലിയ ഒരു പ്രയാസം അല്ലാഹു അവനില്‍ നിന്നും അകറ്റും. അതുമല്ലെങ്കില്‍ നാളെ പരലോകത്തേക്ക് ആ പ്രാര്‍ഥന അല്ലാഹു സൂക്ഷിച്ചുവെക്കും അഥവാ അതിന് പരലോകത്ത് പ്രതിഫലം ലഭിക്കുന്നു അതുകൊണ്ടുതന്നെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം കിട്ടുവാന്‍ ധൃതി കാണിക്കുവാനോ നിരാശരാകുവാനോ പാടില്ല.
നമസ്‌കാരത്തിലേക്ക് പോകുമ്പോള്‍ സാവകാശവും സമാധാനവും പാലിക്കല്‍ കല്‍പിക്കപ്പെട്ട കാര്യമാണ്. ധൃതിയും തിരക്കുകൂട്ടലും വിരോധിക്കപ്പെട്ടതുമാണ്.
അബൂക്വത്വാദ(റ) പറയുന്നു:”നബിയോടൊപ്പം ഞങ്ങള്‍ നമസ്‌കരിച്ചുകൊണ്ടിരിക്കവെ ആളുകളുടെ കോലാഹലം നബി ﷺ കേട്ടു. നബി ﷺ നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ചോദിച്ചു: ‘നിങ്ങളുടെ കാര്യം എന്താണ്?’ അവര്‍ പ്രതികരിച്ചു: ‘നമസ്‌കാരത്തിലേക്ക് ധൃതികാണിച്ചതാണ്.’ തിരുമേനി ﷺ പറഞ്ഞു: ‘നിങ്ങള്‍ ധൃതി കാണിക്കരുത്. നിങ്ങള്‍ നമസ്‌കാരത്തിലേക്ക് വരികയായാല്‍ നിങ്ങളില്‍ സമാധാനമുണ്ടാകണം. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങള്‍ പൂര്‍ത്തിയാക്കുക”(മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
നമസ്‌കാരത്തിലെ ഓരോ റുക്‌നുകളും നിര്‍വഹിക്കുമ്പോഴും അത് പൂര്‍ത്തിയാക്കുമ്പോഴും അതിലുടനീളം അടക്കവും ഒതുക്കവും പാലിക്കല്‍ നമസ്കാരത്തിന്റെ റുക്നുകളില്‍ പെട്ടതാണ്.
كان النبي صلى الله عليه وسلم يطمئن في صلاته
നബി ﷺ തന്റെ നമസ്കാരത്തില്‍ അടങ്ങിഒതുങ്ങി നില്‍ക്കുമായിരുന്നു.
ഒരിക്കല്‍ ധൃതിയില്‍ നമസ്‌കരിച്ച ഒരാളോട് മൂന്നു തവണയാണ് മടക്കി നിര്‍വഹിക്കുവാന്‍ നബി ﷺ ആവശ്യപ്പെട്ടത്! അത് നമസ്‌കാരമായിട്ടില്ല എന്നാണ് നബി ﷺ പറഞ്ഞത്. ഇതിലപ്പുറം നന്നായി നമസ്‌കരിക്കുവാന്‍ എനിക്ക് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ നബി ﷺ അദ്ദേഹത്തിന് നമസ്‌കാര രൂപം ഓരോന്നോരോന്നായി പഠിപ്പിച്ചു കൊടുത്തു. ഓരോ കര്‍മത്തിലും അടക്കവും ഒതുക്കവും ശാന്തതയും വേണമെന്ന് പ്രത്യേകമായി പറഞ്ഞുകൊടുത്തു. ‘കോഴി ധാന്യം കൊത്തുന്നത് പോലെ’ ധൃതിയില്‍ നമസ്‌കരിക്കരുത് എന്ന് നബി ﷺ പറഞ്ഞതായി കാണാം.
വാര്‍ത്തകള്‍ വരുമ്പോഴും കേര്‍ക്കുമ്പോഴും അവധാനത കാണിക്കലും ഉറപ്പാക്കലും സ്ഥിരീകരിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. ഒരു കാര്യത്തിന്റെ നിജസ്ഥിതി അറിയുന്നതിനു മുമ്പേ അതിനെ സംബന്ധിച്ച് മുന്‍ധാരണയിലെത്തി അത് പ്രചരിപ്പിക്കുന്നതും ധൃതിപിടിച്ച പ്രവര്‍ത്തനം തന്നെയാണ്. സോഷ്യല്‍ മീഡിയകളിലടെ പലരും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ അത്തരം വാര്‍ത്തകളുടെ ഉറവിടവും സത്യതയും പരിശോധിക്കാതെ ധൃതിപിടിച്ച് ഫോര്‍വേഡ് ചെയ്യുമ്പോള്‍ വരാനിരിക്കുന്ന ആപത്ത് പലരും ആലോചിക്കാതെ പോകുന്നു. ഇവിടെയെല്ലാം അവധാനത കാണിക്കലും ഉറപ്പാക്കലും സ്ഥിരീകരിക്കലും വിശ്വാസിയുടെ ബാധ്യതയാണ്.അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَٰدِمِينَ
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(ഖു൪ആന്‍:49/6)
മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പണ്ഡിതന്മാരും നേതാക്കളും തീരുമാനമെടുക്കുന്നതിനു മുമ്പായി സ്വന്തം അഭിപ്രായ പ്രകാരം ധൃതി കാട്ടി എടുത്തുചാടുകയും വികാര പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന ചിലരുണ്ട്. ഇത് പലപ്പോഴും സമുദായത്തിന് ചീത്തപ്പേര് മാത്രമെ സമ്മാനിക്കുകയുള്ളൂ. അല്ലാഹു പറയുന്നത് കാണുക:
وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَٰنَ إِلَّا قَلِيلًا
സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു. (ഖു൪ആന്‍:4/83)
വിജ്ഞാനം നുകരുമ്പോഴും അറിവ് അഭ്യസിക്കുമ്പോഴും ധൃതി വെടിയലും സാവകാശം കൈക്കൊള്ളലും അനിവാര്യമാണ്. ജിബ്രീല്‍ (അ) ഖുര്‍ആനിന്‍റെ വഹ്യുമായി വരുമ്പോള്‍, അദ്ദേഹം സ്ഥലം വിടുന്നതിനു മുമ്പുതന്നെ അത് മനഃപാഠമാക്കുവാനും, മറന്നു പോകാതിരിക്കുവാനും വേണ്ടി നബി ﷺ അത് ധൃതിയില്‍ നാവിളക്കി ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു. ഇതിനെ കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:
لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ • إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ
നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദ്യസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്റെ നാവു ചാലിപ്പിക്കെണ്ടതില്ല. തീര്‍ച്ചയായും അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. (ഖു൪ആന്‍:75/16-17)
പൊതുവെ എല്ലാ കാര്യങ്ങളിലും അവധാനത കാണിക്കണം എന്നാണ് സൂചിപ്പിച്ചത്. എന്നാല്‍ ചില കാര്യങ്ങളിലൊക്കെ അല്‍പം ധൃതികാണിക്കല്‍ നല്ലതാണ്. നന്‍മകള്‍ ചെയ്യുന്ന വിഷയത്തില്‍ സാവകാശം കാണിക്കേണ്ടതില്ല. അല്ലാഹുവിന്റെയും അവന്റെ അവന്റെ റസൂലിന്റെയും വിളിക്ക് ഉത്തരം നല്‍കാന്‍ അമാന്തം കാണിക്കരുത് എന്നര്‍ഥം.
മൂസാനബി(അ) തന്റെ ജനതയെ സഹോദരന്‍ ഹാറൂനിനെ(അ) ഏല്‍പിച്ചിട്ടാണ് തൗറാത്ത് സ്വീകരിക്കാനായി സീനാപര്‍വതത്തിലേക്ക് പോയത്. അവിടെ എത്തിയപ്പോള്‍ നിന്റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണെന്ന് അല്ലാഹു മൂസാ നബിയോട്(അ) ചോദിച്ചു. ‘എന്റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത് ‘ എന്നാണ് മൂസാ നബി(അ) മറുപടി നല്‍കിയത്.
وَمَآ أَعْجَلَكَ عَن قَوْمِكَ يَٰمُوسَىٰ – قَالَ هُمْ أُو۟لَآءِ عَلَىٰٓ أَثَرِى وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ
(അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്‍റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്? അദ്ദേഹം പറഞ്ഞു: അവരിതാ എന്‍റെ പിന്നില്‍ തന്നെയുണ്ട്. എന്‍റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്. (ഖു൪ആന്‍ :20/83-84)
അല്ലാഹുവിന്റെ തൃപ്തി എത്രയും പെട്ടെന്ന് ലഭിക്കുവാനുള്ള അതിയായ ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ധൃതിപ്പെട്ട് ചെന്നത്. മൂസാനബിയുടെ(അ) ഈ മറുപടിയെ പണ്ഡിതന്മാര്‍ ധാരാളം വിവരിച്ചിട്ടുണ്ട്. ഇത് റബ്ബിനോടുള്ള സ്‌നേഹത്തിന്റെ ലക്ഷണമാണ്. തഫ്‌സീറുസ്സഅദിയില്‍ മൂസാനബിയുടെ(അ) മറുപടിയെ വിവരിക്കുന്നിടത്ത് ഇപ്രകാരം കാണാം:
يا رب طلبا لقربك ومسارعة في رضاك، وشوقا إليك
രക്ഷിതാവേ, ഞാന്‍ നിന്നിലേക്ക് ധൃതിപ്പെട്ടത് നിന്റെ സാമീപ്യം ആഗ്രഹിച്ചും നിന്റെ തൃപ്തി പെട്ടെന്ന് ലഭിക്കുന്നതിന് വേണ്ടിയും അടങ്ങാനാകാത്ത മോഹം കൊണ്ടുമാകുന്നു. (തഫ്‌സീറുസ്സഅദി)
ഈ വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നിടത്ത് ഇപ്രകാരം കാണാം: ‘അല്ലാഹുവിന്റെ തൃപ്തി തേടുക എന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് ധൃതികൂട്ടുന്നതിലൂടെയാണ് എന്ന് ഈ വചനം അറിയിക്കുന്നുണ്ട്. അതിനാലാണ് ശറഇയ്യായ വിധികള്‍ നമ്മോട് ആവശ്യപ്പെടുന്നതിനായി മുന്നോട്ട് വരിക, മുന്‍കടന്ന് വരിക, ധൃതിപ്പെട്ട് മുന്നേറുക, വേഗതയില്‍ ആക്കുക എന്നീ (അര്‍ഥങ്ങള്‍ വരുന്ന) പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറഞ്ഞത് പോലെ:
فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ
അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരിക. (ഖു൪ആന്‍ :62/9)
سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുങ്കടന്നു വരുവിന്‍. (ഖു൪ആന്‍ :57/21)
وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. (ഖു൪ആന്‍ :3/133)
فَٱسْتَبِقُوا۟ ٱلْخَيْرَٰتِ
നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക (ഖു൪ആന്‍ :5/48)
عَنْ سَعْدٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : التُّؤَدَةُ فِي كُلِّ شَىْءٍ إِلاَّ فِي عَمَلِ الآخِرَةِ
സഅദ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്തേക്കുള്ള കർമങ്ങളിലൊഴികെ ഏത് കാര്യത്തിലും സാവകാശം കാണിക്കാവുന്നതാണ്. (അബൂദാവൂദ്: 4810 – സ്വഹീഹ് അല്‍ബാനി)
തെറ്റ് ചെയ്തുപോയ മനുഷ്യന്‍ പശ്ചാത്തപിക്കുവാനും അല്ലാഹുവിലേക്ക് അടുക്കുവാനും ഒരിക്കലും അമാന്തം കാണിക്കാന്‍ പാടില്ല. അല്ലാഹു പറയുന്നു:
إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَٰلَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُو۟لَٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:4/17)
അതുപോലെ മനുഷ്യരുമായി സാമ്പത്തികമോ മറ്റോ ആയ വല്ല ബാധ്യതകളും തീര്‍ക്കാന്‍ ഉണ്ടെങ്കില്‍ അത് പിന്നെ ആകാമെന്ന ചിന്തയോടെ മനഃപൂര്‍വം നീട്ടിവെക്കുവാന്‍ പാടില്ല. കാരണം മരണം ഏത് നിമിഷവും സംഭവിക്കാമല്ലോ. കടം വീട്ടാത്ത അവസ്ഥയില്‍ മരണപ്പെടുകയാണെങ്കില്‍ അത് ആരെങ്കിലും കൊടുത്ത് വീട്ടുന്നത് വരെ അവന് അതിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കടം വീട്ടുന്നതുവരെ സത്യവിശ്വാസിയുടെ ആത്മാവ് അതുമായി ബന്ധിക്കപ്പെടും. (തിര്‍മിദി:1078)
തുറക്കാന്‍ സമയമായാല്‍ ധൃതിയിൽ നോമ്പ് തുറക്കുന്നതിനെ നബി ﷺ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. നോമ്പ് തുറക്കാന്‍ സമയമായിക്കഴിഞ്ഞാല്‍ സ്വല്‍പം കൂടി കഴിയട്ടെ എന്ന ചിന്ത ശരിയല്ല.
عَنْ سَهْلِ بْنِ سَعْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ
സഹ്ല്‍ ബ്നു സഅ്ദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി:1957)
മരണപ്പെട്ട വ്യക്തിയുടെ ജനാസ സംസ്‌കരിക്കുന്നതിലും ധൃതികാണിക്കുവാന്‍ കല്‍പനയുണ്ട്. മയ്യിത്ത് മറവുചെയ്യാതെ അനാവശ്യമായി വെച്ചുകൊണ്ടിരിക്കുവാന്‍ പാടില്ല.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: أَسْرِعُوا بِالْجِنَازَةِ، فَإِنْ تَكُ صَالِحَةً فَخَيْرٌ تُقَدِّمُونَهَا {إِلَيْهِ}، وَإِنْ يَكُ سِوَى ذَلِكَ فَشَرٌّ تَضَعُونَهُ عَنْ رِقَابِكُمْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ജനാസയെ ധൃതിയിൽ കൊണ്ടുപോകുക. കാരണം, അത് സുകൃതം ചെയ്ത ജനാസയാണങ്കിൽ കൂടുതൽ നന്മയിലേക്കാണ് നിങ്ങൾ അതിനെ നയിക്കുന്നത്.ഇനി, മറിച്ചാണങ്കിലോ, ഒരു തിന്മയെ നിങ്ങളുടെ ചുമലുകളിൽ നിന്നും നിങ്ങൾ ഇറക്കിവെക്കുന്നു. (ബുഖാരി: 1315)
പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനുള്ള സാമ്പത്തികവും ശാരീരികവും കുടുംബപരവുമായ സൗകര്യങ്ങള്‍ ഒത്തിണങ്ങിവന്നിട്ടും വാര്‍ധക്യമെത്തിയിട്ടാകാമെന്നോ മറ്റോ പറഞ്ഞ് നീട്ടിവെക്കുന്നതും നല്ലതല്ല.
قال حاتم الأصم رحمه الله : العجلة من الشيطان إلا في خمسة فإنها من سنة رسول الله ﷺ :
إطعام الضيف ، وتجهيز الميت ، وتزويج البكر ، وقضاء الدين ، والتوبة من الذنب .
ഹാതിം അൽ അസം (റഹി) പറഞ്ഞു: ധൃതികൂട്ടൽ ശൈത്ത്വാനിൽ നിന്നുള്ളതാണ്, അഞ്ചു കാര്യങ്ങളിലൊഴികെ, തീർച്ചയായും അവ നബി ﷺ യുടെ സുന്നത്തിൽ പെട്ടവയാണ് : അതിഥിക്കു ഭക്ഷണം നൽകൽ, മയ്യിത്ത് പരിപാലനം, കന്യകയെ വിവാഹം കഴിപ്പിക്കൽ, കടം വീട്ടൽ, തിന്മയിൽ നിന്നും തൗബ ചെയ്യൽ. ( كتاب رواحة القلوب)
kanzululoom.com