ഹിജ്റ എട്ടാം വര്‍ഷം മക്ക ഇസ്‌ലാമിന് കീഴില്‍ വന്നു. മക്ക വിജയിച്ചടക്കിയതോടുകൂടി ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് വരാന്‍ തുടങ്ങി. അങ്ങനെ വിഗ്രഹ മതത്തിന്റെ പതാക നിലംപതിക്കുകയും ചെയ്തു. എന്നാല്‍ ഹവാസിന്‍, സക്വീഫ് ഗോത്രക്കാര്‍ അവരുടെ പഴയ മതത്തില്‍തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഈ രണ്ട് ഗോത്രവും പ്രബല ഗോത്രങ്ങളുമായിരുന്നു. അവര്‍ അവരുടെ വിശ്വാസത്തില്‍ തന്നെ നിലകൊണ്ടു എന്ന് മാത്രമല്ല, അവരുടെ ദുരഭിമാനവും ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള അവരുടെ രോഷവും ദിനംപ്രതി വര്‍ധിച്ചുവന്നു.
ത്വാഇഫും ഹുനയ്‌നും ഉള്‍പ്പെടുന്ന പ്രദേശത്തായിരുന്നു അവരുടെ വാസകേന്ദ്രം. മുസ്‌ലിംകള്‍ മക്ക ജയിച്ചടക്കി, ഇനി മുഹമ്മദ് നമുക്കെതിരിലായിരിക്കും പട നയിക്കുക എന്ന് അവര്‍ സ്വയം കണക്കുകൂട്ടി. അതിനാല്‍ മുഹമ്മദ് നമുക്കെതിരില്‍ തിരിയുന്നതിന് മുമ്പായി അവരോട് സൈനിക നീക്കം നടത്തണം എന്നാണ് അവര്‍ തീരുമാനിച്ചത്. അതിനായി അവര്‍ ആസൂത്രണങ്ങള്‍ നടത്തി. ഈ രണ്ട് ഗോത്രക്കാര്‍ ഇങ്ങനെ ഒരു പടയൊരുക്കം നടത്തുന്നുണ്ട് എന്നറിഞ്ഞ ഗത്വ്ഫാന്‍ ഗോത്രം പോലെയുള്ള ചില ഗോത്രങ്ങള്‍ അവരോട് സഹകരണം അറിയിക്കുകയും ചെയ്തു.
ഹവാസിന്‍ ഗോത്രം മുസ്‌ലിംകള്‍ക്കെതിരില്‍ പതിവില്ലാത്തവിധം ശക്തമായ ഒരു പടയൊരുക്കത്തിന് തയ്യാറെടുത്തു. സാധാരണ സ്വീകരിക്കാറുണ്ടായിരുന്ന തന്ത്രങ്ങളായിരുന്നില്ല അവര്‍ ഈ പടയൊരുക്കത്തിന് സ്വീകരിച്ചിരുന്നത്. എല്ലാവരെയും യുദ്ധത്തിന് കൊണ്ടുവരികയായിരുന്നു അവരുടെ തന്ത്രം. പുരുഷന്മാരുടെ കൂടെ അവരുടെ സ്ത്രീകളെയും കുട്ടികളെയും; ആട്, മാട്, ഒട്ടകങ്ങള്‍, കുതിരകള്‍ എന്നിവയെയുമെല്ലാം അവര്‍ അണിനിരത്തി. പടനായകനായ മാലിക് ഇബ്‌നു ഔഫ് ആണ് ഈ തന്ത്രം സ്വീകരിച്ചത്. (അദ്ദേഹം പില്‍കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായിട്ടുണ്ട്). സ്ത്രീകളും കുട്ടികളും സ്വത്തുമെല്ലാം യുദ്ധരംഗത്ത് കൊണ്ടുവരപ്പെട്ടാല്‍ ആരും യുദ്ധക്കളത്തില്‍നിന്ന് പേടിച്ച് ഓടുകയില്ല, മരണംവരെ പോരാടാന്‍ ഇത് കാരണമാകും എന്നതായിരുന്നു ഈ നീക്കത്തിന്റെ രഹസ്യം. അതിനാല്‍ തങ്ങള്‍ക്ക് മുസ്‌ലിംകളെ പരാജയപ്പെടുത്താനാകുമെന്ന് അവര്‍ കണക്കുകൂട്ടി.
ആ പട്ടാളത്തില്‍ ദുറയ്ദ് എന്ന് പേരുള്ള ഒരാള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അയാള്‍ പറഞ്ഞു: ‘മാലിക്, യുദ്ധം ശക്തിയാകുമ്പോള്‍ ഓടുന്നവര്‍ ഓടും. ഈ തന്ത്രമൊന്നും ആ സമയത്ത് വിലപ്പോകില്ല. അതിനാല്‍ നല്ല കരുത്തുറ്റ സേനയെയും കൊണ്ട് പോയാല്‍ മതി.’
എന്നാല്‍ മാലികിന്റെ തീരുമാനമാണ് സ്വീകരിക്കപ്പെട്ടത്. ഇരുപതിനായിരത്തോളം പടയാളികളുള്ള വന്‍ സൈന്യവുമായി അവര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ പുറപ്പെട്ടു. നബി ﷺ ക്ക് വിവരം ലഭിച്ചു. ശവ്വാല്‍ ആദ്യവാരത്തില്‍ നബി ﷺ മക്കയില്‍ നിന്നും പുറപ്പെട്ടു. മക്ക ജയിച്ചടക്കിയത് റമദാനിലായിരുന്നല്ലോ. അതിന് ശേഷം ഏതാനും ദിവസങ്ങള്‍ മാത്രമാണ് നബി ﷺ യും സ്വഹാബിമാരും അവിടെ തങ്ങിയത്.
നബി ﷺ ഒരു പ്രദേശത്ത് തങ്ങുകയും പിന്നീട് അവിടെനിന്നും പുറപ്പെടുകയം ചെയ്യുമ്പോള്‍ അവിടെ ഒരു പ്രതിനിധിയെ നിശ്ചയിക്കാറുണ്ടായിരുന്നു. പതിവുപോലെ നബി ﷺ മക്കയില്‍ ഇതാബ് ഇബ്‌നു ഉസയ്ദ് رضى الله عنه വിനെ തന്റെ പ്രതിനിധിയായി നിശ്ചയിച്ചു. എന്നിട്ട് നബി ﷺ തന്റെ സേനയുമായി പുറപ്പെട്ടു. പതിവിന് വിപരീതമായി പന്ത്രണ്ടായിരം പേരുള്ള വലിയ സൈന്യം തന്നെയായിരുന്നു നബി ﷺ ക്കും ഉണ്ടായിരുന്നത്. മക്കയിലേക്ക് മദീനയില്‍നിന്ന് പുറപ്പെടുന്ന വേളയില്‍തന്നെ നബി ﷺ യുടെ കൂടെ പതിനായിരത്തോളം ആളുകളുണ്ടായിരുന്നല്ലോ. അവര്‍ക്ക് പുറമെ, മക്ക ജയിച്ചടക്കിയതിന് ശേഷം ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് വന്നിരുന്നു. ആ പുതുമുസ്‌ലിംകളും അവര്‍ക്കു പുറമെ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്തവരും എന്നാല്‍ മുസ്‌ലിംകളോട് നല്ല സഹകരണം കാണിക്കുകയും ചെയ്തിരുന്ന കുറച്ച് അമുസ്‌ലിംകളും അടങ്ങുന്നതായിരുന്നു നബി ﷺ യുടെ സൈന്യം.
ഹുനയ്‌ൻ എന്ന പ്രദേശത്ത് വെച്ചാണ് മുസ്‌ലിംകളും മുശ്‌രിക്കുകളും പരസ്പരം ഏറ്റുമുട്ടിയത്. മക്കയുടെയും ത്വാഇഫിന്റെയും ഇടക്കുള്ള പ്രദേശമാണ് ഹുനയ്‌ൻ. മക്കയില്‍നിന്ന് ത്വാഇഫിലേക്ക് ഏകദേശം തൊണ്ണൂറ് കിലോമീറ്ററാണ് ദൂരം.
ശത്രുസേനയുടെ നീക്കങ്ങള്‍ അറിയാനായി നബി ﷺ ഒരു പട്ടാളക്കാരനെ നിയോഗിച്ചു. ഈ പട്ടാളക്കാരന്‍ അവരുടെ കേന്ദ്രങ്ങളില്‍ എത്തി. അവരുടെ ഓരോ നീക്കവും അദ്ദേഹം മനസ്സിലാക്കുകയും നബി ﷺ യുടെ അടുക്കല്‍ തിരിച്ചുവരികയും അദ്ദേഹം ആ വിവരങ്ങള്‍ നബി ﷺ യോട് പങ്കുവെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ‘പ്രവാചകരേ, അവര്‍ വമ്പിച്ച പട്ടാളമാണ്. ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ സൈന്യമാണ് അവര്‍. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ആട്, മാട്, ഒട്ടകങ്ങള്‍, കുതിരകള്‍ എന്നിവയും അവരുടെ മറ്റു സമ്പത്തുമെല്ലാമായി അവര്‍ സജ്ജരായിരിക്കുകയാണ്.’ നബി ﷺ പേടിച്ചില്ല. അവിടുന്ന് ഇപ്രകാരം പ്രതികരിച്ചു: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ നാളെ മുസ്‌ലിംകളുടെ യുദ്ധാര്‍ജിത സ്വത്താണ് അത്.’
നബി ﷺ മക്കയില്‍നിന്നും ഹുനയ്‌നിലേക്കുള്ള യാത്രക്കിടയില്‍ ചില സംഭവങ്ങള്‍ ഉണ്ടായി. ഈ സൈന്യത്തില്‍ വിശ്വാസം ഉറക്കാത്ത പുതുമുസ്‌ലിംകളും ഉണ്ടല്ലോ. ഇസ്‌ലാമിനെക്കുറിച്ച് അധികമൊന്നും പഠിച്ചിട്ടില്ലാത്തവരാണ് അവര്‍.
عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا خَرَجَ إِلَى خَيْبَرَ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ . فَقَالَ النَّبِيُّ صلى الله عليه وسلم ” سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى : (اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ ) وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ ” .
അബൂ വാക്വിദ് അല്ലയ്‌സി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ ഹുനയ്‌നിലേക്ക് പുറപ്പെടുമ്പോള്‍ ‘ദാതു അന്‍വാത്വ്’ എന്ന് പറയപ്പെടുന്ന മുശ്‌രിക്കുകളുടെ ഒരു വൃക്ഷത്തിന് സമീപത്തുകൂടെ നടക്കുകയുണ്ടായി. അവര്‍ (മുശ്‌രിക്കുകള്‍) അതില്‍ അവരുടെ വാളുകള്‍ തൂക്കിയിടുമായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അവര്‍ക്ക് ഒരു ദാതു അന്‍വാത്വ് ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാതുഅന്‍വാത്വ് നിശ്ചയിക്കുവിന്‍.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു എത്ര പരിശുദ്ധന്‍! അവര്‍ക്ക് ആരാധ്യര്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ആരാധ്യ വസ്തുവിനെ നിശ്ചയിക്കൂ’ (എന്ന്) മൂസാനബി(അ)യുടെ ജനത (അദ്ദേഹത്തോട്) പറഞ്ഞത് പോലെയുണ്ടല്ലോ ഇത്. എന്റെ ആത്മാവ് ആരുടെ കൈയിലാണോ, അവനെക്കൊണ്ടു സത്യം, നിങ്ങള്‍ നിങ്ങളുടെ മുമ്പുള്ളവരുടെ ചര്യകളില്‍ പ്രവേശിക്കുകതന്നെ ചെയ്യുന്നതാണ്. (തുര്‍മുദി).
മൂസാനബി عليه السلام യുടെ ജനത പല ദൃഷ്ടാന്തങ്ങളും അല്ലാഹു തങ്ങള്‍ക്ക് നല്‍കിയ അത്ഭുതകരമായ സഹായങ്ങളും കണ്ടും അനുഭവിച്ചും ജീവിച്ചവരായിരുന്നു. അങ്ങനെയുള്ള ആ ജനതയെയും കൂട്ടി മൂസാ عليه السلام കടല്‍ കടന്ന് പോകുമ്പോള്‍ വിഗ്രഹങ്ങളുടെ മുമ്പില്‍ ഭജനമിരിക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ കാണുകയുണ്ടായി. ആ സമയത്ത് അവര്‍ മൂസാനബി عليه السلام യോട് ചോദിച്ചു: ‘മൂസാ, അവര്‍ക്ക് ഈ ദൈവങ്ങള്‍ ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നിശ്ചയിക്കുമോ?’ അവര്‍ ചോദിച്ചത് ഒരു സ്രഷ്ടാവിനെയോ കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന ഒരു നിയന്താവിനെയോ ആയിരുന്നില്ല. മറിച്ച് അല്ലാഹുവിലേക്ക് അവരെ അടുപ്പിക്കുന്ന ചില രൂപങ്ങളെയും വിഗ്രഹങ്ങളെയും ആയിരുന്നു.
പാഠം 1 : അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി ഏത് രൂപങ്ങളെ ആരാധിച്ചാലും അത് കുഫ്‌റാണ്. അതിന് വേണ്ടി മരണപ്പെട്ടവരുടെ ജാറത്തിൽ പോകുന്നതും ഈ ഗണത്തിൽ പെട്ടതാണ്.
ഇമാം റാസി رحمه الله പറയുന്നു:തീര്‍ച്ചയായും അവര്‍ മൂസാ عليه السلام യില്‍നിന്ന് ആവശ്യപ്പെട്ടത് അല്ലാഹുവിലേക്ക് അവയെ ആരാധിക്കുന്നതിലൂടെ അടുപ്പം ലഭിക്കുന്നവരാകാന്‍ വേണ്ടി ചില വിഗ്രഹങ്ങളെയും രൂപങ്ങളെയും അവര്‍ക്ക് നിര്‍ണയിക്കാനായിരുന്നു. (തഫ്‌സീറുല്‍ കബീര്‍)
പാഠം 2 : അല്ലാഹു ബറകത്ത് നിശ്ചയിച്ചിട്ടുള്ളതില്‍ മാത്രമെ ബറകത്ത് കാണാവൂ. അല്ലാഹു ബറകത്ത് നല്‍കിയിട്ടില്ലാത്തതില്‍നിന്ന് നാം അത് പ്രതീക്ഷിച്ചു കൂടാ. അങ്ങനെ ഒരാളിലോ ഒരു വസ്തുവിലോ സ്വയം ബറകത്ത് നിശ്ചയിക്കുന്നതും പ്രതീക്ഷിക്കുന്നതും ശിര്‍ക്കാണ്. കാരണം, അല്ലാഹുവിന്റെ അധികാരത്തിലാണ് അതിലൂടെ ഇടപെടാന്‍ ശ്രമിക്കുന്നത്. ബറകത്ത് എന്നത് അഭൗതിക മാര്‍ഗത്തിലൂടെ ലഭിക്കുന്ന അനുഗ്രഹമാണ്.
മുശ്‌രിക്കുകള്‍ യുദ്ധത്തിന് പോകുന്ന സമയത്ത് ബറകത്ത് പ്രതീക്ഷിച്ച് ഒരു മരത്തില്‍ അവരുടെ ആയുധങ്ങള്‍ തൂക്കിയിടാറുണ്ടായിരുന്നു. ആ മരത്തില്‍ തൂക്കിയിടുന്നത് അനുഗ്രഹമാണെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ആ മരത്തില്‍ തങ്ങളുടെ വാള്‍ അല്‍പനേരമെങ്കിലും തൂക്കിയാല്‍ യുദ്ധത്തില്‍ പരാജയം സംഭവിക്കില്ല എന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. ഈ സൈന്യത്തില്‍ വിശ്വാസം ഉറക്കാത്ത പുതുമുസ്‌ലിംകളും അതാണ് ചെയ്തത്.
പാഠം 3 : സത്യനിഷേധികളോട് സാദൃശ്യം സ്വീകരിക്കല്‍. സത്യനിഷേധികളോടുള്ള സാദൃശ്യമാണ് ബനൂ ഇസ്റാഈല്യരെയും മുഹമ്മദ് നബി ﷺ യുടെ ചില അനുയായികളെയും ഈ മോശമായ കാര്യം ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത്.
ഇതുതന്നെയാണ് ഇന്നും സമൂഹത്തില്‍ നിലവിലുള്ളത്. ശിര്‍ക്ക് ബിദ്അത്തുകളില്‍ മുസ്ലിംകൾ അന്യമതസ്ഥരെ പിന്‍പറ്റിക്കൊണ്ടിരിക്കയാണ്. ജന്മദിനാഘോഷങ്ങള്‍, ആഴ്ചകള്‍ക്കും ദിവസങ്ങള്‍ക്കും പ്രത്യേകത നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍, മതപരവും അനുസ്മരണപരവുമായ ചടങ്ങുകളുടെ പേരിലുള്ള പ്രവര്‍ത്തനങ്ങള്‍, സ്തൂപങ്ങളും സ്മരണക്കായി ഉണ്ടാക്കപ്പെടുന്ന വസ്തുക്കളും, ജനാസ സംസ്കരണവുമായി ബന്ധപ്പെട്ട നൂതനാചാരങ്ങള്‍, ക്വബ്റിന്‍മേല്‍ കെട്ടിടമുണ്ടാക്കല്‍ തുടങ്ങിയവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.
മുശ്‌രിക്കുകളുടെയും പിഴച്ചുപോയിട്ടുള്ള ഇതര കക്ഷികളുടെയും ആചാര നടപടികള്‍ മുസ്‌ലിംകള്‍ അനുകരിച്ചുകൂടാ. എന്നാല്‍ ഈ സമുദായത്തില്‍ പലരും മുന്‍സമുദായക്കാരായ ജൂത-നസ്വാറാക്കളുടെ മാര്‍ഗം ചാണിനുചാണായി പിന്തുടരുന്നതാണെന്ന് നബി ﷺ നമുക്ക് താക്കീതു നല്‍കിയിട്ടുണ്ട്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ”. قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ” فَمَنْ ”.
അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാല്‍ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാല്‍ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു : അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)
ഏതായിരുന്നാലും ഈ യാത്രയില്‍ തന്റെ അനുചരന്മാരില്‍നിന്നും പ്രകടമായ ഈ വിശ്വാസത്തെ നബി ﷺ തിരുത്തി.
തങ്ങളുടെ സൈന്യത്തിന്റെ അംഗസംഖ്യയുടെ ആധിക്യം മുസ്‌ലിംകളില്‍ ചിലരെ ആശ്ചര്യപ്പെടുത്തി. തങ്ങള്‍ക്ക് വിജയം ഉറപ്പുതന്നെ, ഒരു ശക്തിക്കും പരാജയപ്പെടുത്താന്‍ സാധിക്കില്ല എന്ന് അവര്‍ കണക്കുകൂട്ടുകയും അതിന്റെ പേരില്‍ ഉള്ളില്‍ അല്‍പം അഹങ്കാരം കടന്നുകൂടുകയും ചെയ്തു.
പാഠം 4 : എണ്ണപ്പെരുപ്പമോ ആയുധ ബലമോ അല്ല മുസ്‌ലിംകള്‍ക്ക് ജയപരാജയങ്ങളുടെ മാനദണ്ഡം. അല്ലാഹുവിന്റെ സഹായമാണ് പ്രധാനം. ഹുനൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അല്ലാഹു ആയത്ത് അവതരിപ്പിച്ചു.
لَقَدْ نَصَرَكُمُ ٱللَّهُ فِى مَوَاطِنَ كَثِيرَةٍ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْـًٔا وَضَاقَتْ عَلَيْكُمُ ٱلْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ
തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ (യുദ്ധ) ദിവസത്തിലും (സഹായിച്ചു.) അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം. (ഖു൪ആന്‍:9/25)
എണ്ണം കൊണ്ടും വണ്ണംകൊണ്ടും മുമ്പെന്നത്തെക്കാളും പ്രബലമായ ഒരു സേനയായിരുന്നു അന്ന് മുസ്‌ലിംകളുടേത്. അതില്‍ അവര്‍ അഭിമാനം കൊളളുകയും ഇക്കുറി ഏതായാലും നമുക്ക് തോല്‍വി പിണയുകയില്ലെന്ന് അവര്‍ കണക്കാക്കുകയും ചെയ്‌തിരുന്നു. പക്ഷേ, അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു പരീക്ഷണത്തിന് വിധേയരാകുകയും തിരിഞ്ഞോടേണ്ടിവരികയും ചെയ്‌തു. ആള്‍പെരുപ്പംകൊണ്ടല്ല മുസ്‌ലിംകള്‍ക്ക് വിജയം കൈവരുന്നതെന്ന് അവര്‍ക്ക് ബോധ്യമായി.അവസാനം, അല്ലാഹുവിങ്കല്‍ നിന്നുള്ള ചില പ്രത്യേകാനുഗ്രഹങ്ങള്‍ വഴി യുദ്ധം വമ്പിച്ച വിജയമായി കലാശിച്ചു. (അമാനി തഫ്സീ൪)
എന്നാല്‍ നേതാവായ മുഹമ്മദ് നബി ﷺ യുടെ മനസ്സില്‍ ഒരിക്കല്‍ പോലും ഈ ചിന്ത കടന്നുകൂടിയില്ല. ആള്‍ബലമോ ആയുധബലമോ മാത്രം ഉള്ളതുകൊണ്ട് വിജയം ലഭിച്ചുകൊള്ളണമെന്നില്ലല്ലോ. ആത്യന്തികമായി അല്ലാഹുവിന്റെ സഹായമാണ് വേണ്ടത്. അതിനാല്‍ തന്നെ നബി ﷺ തന്റെ അനുയായികളെ ഉപദേശിക്കുകയും ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്തു: ‘അല്ലാഹുവേ, നിന്നില്‍ ഞാന്‍ ഏല്‍പിക്കുന്നു, നിന്നെക്കൊണ്ട് ഞാന്‍ ആക്രമിക്കുന്നു, നിന്നെക്കൊണ്ട് ഞാന്‍ പോരാടുന്നു.’
മുസ്‌ലിംകളുടെ മുന്നണി സൈന്യം മുന്നോട്ടു നീങ്ങിയപ്പോഴേക്കും ശത്രുക്കളുടെ വമ്പിച്ച ഒരു സൈന്യം അവരെ എതിരിട്ടു. ആക്രമണം നടത്തി. പെട്ടന്നുണ്ടായ ഈ ആക്രമണത്തില്‍ പരിഭ്രാന്തരായ മുസ്‌ലിംകള്‍ പിന്തിരിഞ്ഞ് ഓടാന്‍ തുടങ്ങി. അതോടെ സൈന്യത്തിന്റെ താളം തെറ്റുകയും ചെയ്തു. ഭൂരിഭാഗം പേരും രംഗം വിട്ട് ഓടിപ്പോകുകയുണ്ടായി എന്നാണ് ചരിത്രം പറയുന്നത്.
പാഠം 5: ദുൻയാവിനോടുള്ള അമിത താല്പര്യം പാടില്ല. ഹുനയ്‌ൻ യുദ്ധത്തിന്റെ തുടക്കത്തിലും മുസ്‌ലിംകള്‍ക്ക് വിജയം ലഭിച്ചു. എന്നാല്‍ ഗനീമത്ത് സ്വത്ത് ശേഖരിക്കുന്ന തിരക്കിനിടയില്‍ ശത്രുക്കള്‍ മുസ്‌ലിംകളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു.
عَنْ أَبِي إِسْحَاقَ، سَمِعَ الْبَرَاءَ ـ وَسَأَلَهُ رَجُلٌ مِنْ قَيْسٍ ـ أَفَرَرْتُمْ عَنْ رَسُولِ اللَّهِ صلى الله عليه وسلم يَوْمَ حُنَيْنٍ فَقَالَ لَكِنَّ رَسُولَ اللَّهِ صلى الله عليه وسلم لَمْ يَفِرَّ، كَانَتْ هَوَازِنُ رُمَاةً، وَإِنَّا لَمَّا حَمَلْنَا عَلَيْهِمِ انْكَشَفُوا، فَأَكْبَبْنَا عَلَى الْغَنَائِمِ، فَاسْتُقْبِلْنَا بِالسِّهَامِ، وَلَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم عَلَى بَغْلَتِهِ الْبَيْضَاءِ، وَإِنَّ أَبَا سُفْيَانَ آخِذٌ بِزِمَامِهَا وَهْوَ يَقُولُ {أَنَا النَّبِيُّ لاَ كَذِبْ}.
അബൂഇസ്ഹാക്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാള്‍ ബറാഅ് ഇബ്‌നു ആസിബ് رَضِيَ اللَّهُ عَنْهُ വിനോട് ചോദിച്ചു: ‘ഹുനയ്‌ൻ ദിവസം അല്ലാഹുവിന്റെ ദൂതരില്‍നിന്നും നിങ്ങള്‍ ഓടിയിരുന്നല്ലോ?’ അദ്ദേഹം പറഞ്ഞു: ‘പക്ഷേ, അല്ലാഹുവിന്റെ റസൂല്‍ ﷺ ഓടിയിരുന്നില്ല. തീര്‍ച്ചയായും ഹവാസിനുകാര്‍ അമ്പെയ്‌ത്തുകാരായിരുന്നു. ഞങ്ങള്‍ അവരെ കണ്ടുമുട്ടിയപ്പോള്‍ അവരുടെ മേല്‍ ഞങ്ങള്‍ ആയുധമെടുത്ത് (ശക്തമായി പോരാടി). അപ്പോള്‍ അവര്‍ പിന്തിരിഞ്ഞ് ഓടുകയുണ്ടായി. അപ്പോള്‍ മുസ്‌ലിംകള്‍ ഗനീമത്ത് സ്വത്തിലേക്ക് മുന്നിട്ടു. അപ്പോള്‍ അവര്‍ അമ്പുകൾ കൊണ്ട് ഞങ്ങളെ നേരിട്ടു. (അപ്പോള്‍ ഞങ്ങള്‍ ഓടി). എന്നാല്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ ഓടിയില്ല. അവിടുന്ന് തന്റെ കോവര്‍കഴുതയായ ബയ്ദ്വാഇന്റെ മുകളില്‍ (ഇരിക്കുന്നത്) ഞാന്‍ കണ്ടിരിന്നു. അബൂസുഫ്‌യാന്‍ അതിന്റെ കടിഞ്ഞാണ്‍ പിടിച്ചിട്ടുണ്ട്. നബി ﷺ (ഇപ്രകാരം) പറയുന്നുമുണ്ട്: ‘ഞാന്‍ നബിയാണ്, അത് കളവല്ല. ഞാന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മകനുമാണ്’ (ബുഖാരി:4317)
എന്നാല്‍ നേതാവായ മുഹമ്മദ് നബി ﷺ പതറിയില്ല. അബൂബക്‌ര്‍ رَضِيَ اللَّهُ عَنْهُ വിനെ പോലെയുള്ള പ്രഗത്ഭരായ സ്വഹാബിമാര്‍ നബി ﷺ യുടെ കൂടെ ഉറച്ചുനിന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അസാമാന്യ ധീരതയായിരുന്നു നബി ﷺ അവിടെ കാണിച്ചിരുന്നത്. നബി ﷺ ഇപ്രകാരം വിളിച്ചു പറയുകയും ചെയ്യുന്നുണ്ടായിരുന്നു: ‘‘ഓ, മുസ്‌ലിം സമൂഹമേ, ഞാന്‍ അല്ലാഹുവിന്റെ ദൂതനാകുന്നു, നിങ്ങള്‍ എന്നിലേക്ക് വരുവീന്‍, ഞാന്‍ അല്ലാഹവിന്റെ ദൂതനാകുന്നു, ഞാന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദാകുന്നു, ഞാന്‍ പ്രവാചകനാകുന്നു, (അത്) കളവല്ല, ഞാന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മകനാകുന്നു.”
നബി ﷺ യുടെ വിളി കേട്ടവരില്‍ ചിലര്‍ തിരിച്ചുവന്നു. പലരും പരിഭ്രമവും അങ്കലാപ്പും നിമിത്തം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുനോക്കുകയായിരുന്നു. അവരുടെ പരിഭ്രമവും ഭയവും നിമിത്തം ഓടി രക്ഷപ്പെടാന്‍ പോലും ഇടമില്ലാത്ത വിധത്തില്‍ ഭൂമി അവര്‍ക്ക് കുടുസ്സായത് പോലെ അവര്‍ക്ക് അനുഭവപ്പെട്ടു. മേൽ കൊടുത്ത ആയത്തിൽ അല്ലാഹു പറഞ്ഞതുപോലെ : {അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും, എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമി വിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം}
നബി ﷺ യുടെ പിതൃവ്യന്‍ അബ്ബാസ് رَضِيَ اللَّهُ عَنْهُ വലിയ ശബ്ദത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തോട് നബി ﷺ യുദ്ധരംഗം വിട്ട് ഓടുന്നവരോട് തിരികെ വരാനായി ഉച്ചത്തില്‍ വിളിച്ചു പറയാന്‍ കല്‍പിച്ചു. അബ്ബാസ് رَضِيَ اللَّهُ عَنْهُ അപ്രകാരം ചെയ്തു. അതോടുകൂടി എല്ലാവരും ഓട്ടം നിര്‍ത്തി. ഒരു അത്ഭുതം എന്നതുപോലെ എല്ലാവരുടെയും മനസ്സ് മാറുന്നു. അവരുടെ ഭയം നീങ്ങുന്നു. എല്ലാവരും തിരികെ വന്നു. അല്ലാഹു അവന്റെ റസൂലിന്റെ മേലും വിശ്വാസികളുടെ മേലും അവന്റെ സമാധാനം ഇറക്കി. അങ്ങനെ അവര്‍ നബി ﷺ യുടെ ചുറ്റിനും നിന്നു. മാത്രവുമല്ല, അല്ലാഹു അവര്‍ക്ക് കാണാന്‍ കഴിയാത്ത അവന്റെ സൈന്യത്തെയും ഇറക്കി. മലക്കുകളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ ٱلَّذِينَ كَفَرُوا۟ ۚ وَذَٰلِكَ جَزَآءُ ٱلْكَٰفِرِينَ
പിന്നീട് അല്ലാഹു അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്‍റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. (ഖു൪ആന്‍:9/26)
പാഠം 6 : മലക്കുകളും ജിന്നുകളും നമ്മില്‍ ഇടപെടുന്നുണ്ട് എന്നത് ക്വുര്‍ആന്‍ തന്നെ പലയിടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. മലക്കുകളും ജിന്നുകളും അഭൗതികരാണെന്നും അവര്‍ മുഖേന നമുക്ക് വല്ലതും സംഭവിക്കും എന്ന് വിശ്വസിക്കുന്നത് അഭൗതിക മാര്‍ഗത്തിലൂടെ അല്ലാഹുവിന് മാത്രമെ നമുക്ക് ഗുണവും ദോഷവും വരുത്താന്‍ സാധിക്കുകയുള്ളൂ എന്ന തൗഹീദിന്റെ വിശ്വാസത്തിന് എതിരാണെന്നും വിശ്വസിക്കുന്ന ചിലരുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ അഭൗതികം, അദൃശ്യം, മറഞ്ഞ വഴി എന്നെല്ലാം തൗഹീദിന്റെ നിര്‍വചനം പറയുന്നിടത്ത് പരാമര്‍ശിക്കുന്നതിനെ മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയവരാണ്.
قُلْ أَعُوذُ بِرَبِّ ٱلنَّاسِ ﴿١﴾ مَلِكِ ٱلنَّاسِ ﴿٢﴾ إِلَٰهِ ٱلنَّاسِ ﴿٣﴾ مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ﴿٤﴾ ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ﴿٥﴾ مِنَ ٱلْجِنَّةِ وَٱلنَّاسِ ﴿٦﴾
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (ഖുർആൻ:114/1-6)
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍ മനുഷ്യഹൃദയങ്ങളില്‍ ദുര്‍മന്ത്രണം നടത്തുന്നു എന്ന് ഇതില്‍ പറയുന്നുണ്ട്. മനുഷ്യര്‍ വഴിപിഴപ്പിക്കുന്നത് ഒരു പക്ഷേ നമുക്ക് കണ്ടും കേട്ടും മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ജിന്നുകള്‍ പിഴപ്പിക്കുന്നതോ? അത് നാം കാണുന്നുണ്ടോ? ജിന്നുകള്‍ അഭൗതിക സൃഷ്ടികളാണ് എന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ നമ്മില്‍ ഇടപെടില്ല. ഇടപെടും എന്ന് വിശ്വസിക്കുന്നത് അഭൗതിക മാര്‍ഗത്തില്‍ അല്ലാഹുവിന് മാത്രമെ നമ്മില്‍ ഇടപെടാന്‍ സാധിക്കൂ എന്ന അടിസ്ഥാന തത്ത്വത്തിന് എതിരാകുന്നു. അപ്പോള്‍ ഇവിടെ നാം ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. ജിന്നുകള്‍ നമ്മില്‍ ദുര്‍മന്ത്രം നടത്തുമെന്ന് ക്വുര്‍ആന്‍ പറയുന്നു. ശിര്‍ക്കിന് ഒരിക്കലും ക്വുര്‍ആനില്‍ തെളിവ് കാണില്ലല്ലോ. ജിന്നുകള്‍ നമ്മില്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണെങ്കില്‍ ക്വുര്‍ആനില്‍ തെറ്റ് വന്നോ? ഇല്ല! അഭൗതിക മാര്‍ഗത്തിലൂടെ അല്ലാഹുവിന് മാത്രമെ ഗുണവും ദോഷവും വരുത്താന്‍ സാധിക്കൂ എന്ന തൗഹീദിന്റെ നിര്‍വചനം മനസ്സിലാക്കുന്നിടത്ത് ഇവര്‍ക്ക് പാളിച്ച സംഭവിച്ചിരിക്കുന്നു.
മുസ്‌ലിം സൈന്യത്തിന് ഒരു പുത്തന്‍ ഉണര്‍വ് ലഭിച്ചു. എല്ലാവരും ഉറച്ചു നിന്നു. ശത്രുക്കള്‍ക്കെതിരില്‍ അവര്‍ പോരാട്ടം തുടര്‍ന്നു. യുദ്ധ രംഗത്തിന്റെ ഗതിതന്നെ മാറി. യുദ്ധ ഭൂമി ചൂടുപിടിച്ചു. അനുചരന്മാരോട് ശക്തമായി പോരാടാന്‍ നബി ﷺ ആഹ്വാനം ചെയ്തു. നബി ﷺ ചരല്‍ വാരി ശത്രുക്കളുടെ നേരെ എറിഞ്ഞു. ഒരു അത്ഭുതം സംഭവിച്ചു. ശത്രുക്കളുടെ കണ്ണുകളില്‍ മണ്ണ് നിറയുന്നു. സാധാരണ ഒരു പിടി മണ്ണ് വാരി എറിഞ്ഞാല്‍ എത്ര ദൂരം അത് എത്തും? എത്ര പേരെ അത് ബാധിക്കും? ഇവിടെ നബി ﷺ ഇപ്രകാരം ചെയ്ത സന്ദര്‍ഭത്തില്‍ ശത്രുക്കളുടെ എല്ലാവരുടെയും കണ്ണുകളില്‍ മണ്ണ് നിറയുന്ന അവസ്ഥയുണ്ടായി. ഇത് മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. എറിയുക എന്നതേ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയൂ. അതാണ് നബി ﷺ ചെയ്തത്. ശത്രുക്കളുടെ എല്ലാവരുടെയും കണ്ണുകളില്‍ അത് എത്തിച്ചത് അല്ലാഹുവാണ്. അത് അല്ലാഹുവിന്റെ മാത്രം കഴിവില്‍ പെട്ടതാണ്. സൃഷ്ടികള്‍ക്ക് ആര്‍ക്കും ചെയ്യാന്‍ കഴിയാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ ഒരു കാര്യം (മുഅ്ജിസത്ത്) അല്ലാഹു നബി ﷺ യിലൂടെ പ്രകടമാക്കുകയായിരുന്നു.
നബി ﷺ ശത്രുക്കള്‍ക്ക് നേരെ ചരല്‍ക്കല്ലുകള്‍ എറിയുമ്പോള്‍ അവിടുന്ന് ഇപ്രകാരം പറയുന്നുമുണ്ടായിരുന്നു: ‘കഅ്ബയുടെ നാഥന്‍ തന്നെയാെണ സത്യം, അവര്‍ തോറ്റോടുക തന്നെ ചെയ്യുന്നതാണ്… കഅ്ബയുടെ നാഥന്‍ തന്നെയാണ സത്യം, അവര്‍ തോറ്റോടുക തന്നെ ചെയ്യുന്നതാണ്.’
നബി ﷺ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ശത്രുക്കള്‍ എല്ലാവരും ഓടി രക്ഷപ്പെട്ടു. ദുറയ്ദ് നേരത്തെ പറഞ്ഞതുപോലെ തന്നെയായി കാര്യം. ആരും തങ്ങളുടെ ഭാര്യമാരെയോ മക്കളെയോ സമ്പത്തിനെയോ ശ്രദ്ധിച്ചതേയില്ല. സ്വയം രക്ഷ മാത്രമാണ് ആ സമയം അവര്‍ തേടിയത്.
നൂറു കണക്കിന് ആളുകള്‍ ശത്രുക്കളുടെ ഭാഗത്തുനിന്നും ഈ യുദ്ധത്തില്‍ വധിക്കപ്പെടുകയുണ്ടായി. എന്നാല്‍ മുസ്‌ലിംകളില്‍നിന്ന് വെറും നാലു പേര്‍ മാത്രമാണ് രക്തസാക്ഷികളായത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ യുദ്ധത്തില്‍നിന്ന് പിന്തിരിേഞ്ഞാടുന്ന വേളയില്‍ വീണിട്ടും അമ്പ് കൊണ്ടിട്ടുമെല്ലാമായി ധാരാളം സ്വഹാബിമാര്‍ക്ക് പരിക്കു പറ്റിയിരുന്നു.
ഹുനയ്‌ൻ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ധീര വനിതയായിരുന്നു ഉമ്മു സുലൈം رضي الله عنها. യുദ്ധത്തില്‍ പരിക്ക് പറ്റുന്ന പുരുഷന്മാരെ ശുശ്രൂഷിക്കുന്നതിനും അവര്‍ക്ക് വെള്ളം പോലുള്ളവ എത്തിക്കുന്നതിനും സ്വഹാബ വനിതകളും യുദ്ധസ്ഥലത്തേക്ക് പുറപ്പെടാറുണ്ടായിരുന്നു. അതില്‍ പെട്ട ആളായിരുന്നു ഈ മഹതി.
യുദ്ധഭൂമിയില്‍നിന്നും ഓടിപ്പോയ ശത്രുക്കള്‍ പിന്നീട് പോയത് ത്വാഇഫിലേക്കായിരുന്നു. ത്വാഇഫാകട്ടെ ഇസ്‌ലാമിന്റെ ശത്രുക്കളുടെ കേന്ദ്രമായിരുന്നു. അവിടേക്ക് പോയ ശത്രുക്കളെ മുസ്‌ലിം സൈന്യം പിന്തുടര്‍ന്നു. ത്വാഇഫില്‍ നബി ﷺ യും അനുചരന്മാരും എത്തിയപ്പോള്‍ അവിടെയുള്ളവര്‍ ഭീതിയിലായി. ഇവരോട് നേരിടുക സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കി. അതിനാല്‍ അവര്‍ എതിരിടാന്‍ ഒരുക്കം കൂട്ടിയില്ല. അങ്ങനെ ത്വാഇഫും ഇസ്‌ലാമിന് അധീനമായി.
കഴിഞ്ഞുപോയ യുദ്ധങ്ങളിലൊന്നും ലഭിച്ചിട്ടില്ലാത്തത്ര യുദ്ധാര്‍ജിത സമ്പത്ത് ഇതില്‍ ലഭിക്കുകയുണ്ടായി; മക്കാവിജയത്തിന് ശേഷം ഇസ്‌ലാമിലേക്ക് വന്ന പുതിയ വിശ്വാസികള്‍ക്കാണ് നബി ﷺ സ്വത്തിന്റെ വലിയ ഒരു വിഹിതം മാറ്റിവെച്ചത്. അവരുടെ ഈമാനും ദീനിനോടുള്ള പ്രതിബദ്ധതയും ഉറക്കുവാന്‍ ഇത് കാരണമായി.
عَنِ ابْنِ شِهَابٍ، قَالَ غَزَا رَسُولُ اللَّهِ صلى الله عليه وسلم غَزْوَةَ الْفَتْحِ فَتْحِ مَكَّةَ ثُمَّ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْ مَعَهُ مِنَ الْمُسْلِمِينَ فَاقْتَتَلُوا بِحُنَيْنٍ فَنَصَرَ اللَّهُ دِينَهُ وَالْمُسْلِمِينَ وَأَعْطَى رَسُولُ اللَّهِ صلى الله عليه وسلم يَوْمَئِذٍ صَفْوَانَ بْنَ أُمَيَّةَ مِائَةً مِنَ النَّعَمِ ثُمَّ مِائَةً ثُمَّ مِائَةً . قَالَ ابْنُ شِهَابٍ حَدَّثَنِي سَعِيدُ بْنُ الْمُسَيَّبِ أَنَّ صَفْوَانَ قَالَ وَاللَّهِ لَقَدْ أَعْطَانِي رَسُولُ اللَّهِ صلى الله عليه وسلم مَا أَعْطَانِي وَإِنَّهُ لأَبْغَضُ النَّاسِ إِلَىَّ فَمَا بَرِحَ يُعْطِينِي حَتَّى إِنَّهُ لأَحَبُّ النَّاسِ إِلَىَّ .
ഇബ്‌നു ശിഹാബ് പറഞ്ഞു: ‘മക്കാവിജയമാകുന്ന വിജയത്തിന് അല്ലാഹുവിന്റെ റസൂല്‍ ﷺ പട നയിച്ചു. അതിനുശേഷം അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ കൂടെയുള്ള മുസ്‌ലിംകളുമായി പുറപ്പെടുകയും അങ്ങനെ അവര്‍ ഹുനയ്‌നില്‍ വെച്ച് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തു. അപ്പോള്‍ അല്ലാഹു അവന്റെ മതത്തെയും മുസ്‌ലിംകളെയും സഹായിക്കുകയുണ്ടായി. അല്ലാഹുവിന്റെ റസൂല്‍ ﷺ സ്വഫ്‌വാന്‍ ഇബ്‌നു ഉമയ്യക്ക് നൂറ് ഒട്ടകങ്ങളെയും, പിന്നെ നൂറും പിന്നെ നൂറും (ആയി) നല്‍കുകയും ചെയ്തു.’ ഇബ്‌നു ശിഹാബ് പറഞ്ഞു: ‘എന്നോട് സഈദ് ഇബ്‌നു മുസ്വയ്യിബ് പറഞ്ഞിട്ടുണ്ട്; തീര്‍ച്ചയായും സ്വഫ്‌വാന്‍ رضي الله عنه പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ റസൂല്‍ ﷺ എനിക്ക് നല്‍കിയതെല്ലാം നല്‍കി. തീര്‍ച്ചയായും അദ്ദേഹമായിരുന്നു ജനങ്ങളില്‍ എനിക്ക് ഏറ്റവും വെറുപ്പുണ്ടായിരുന്നത്. എന്നാല്‍ ജനങ്ങളില്‍ അദ്ദേഹം എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാകുന്നതുവരെ അവിടുന്ന് എനിക്ക് നല്‍കിക്കൊണ്ടേയിരുന്നു” (മുസ്‌ലിം:2313)
വിശ്വാസം ഉറക്കുന്നതിന് വേണ്ടിയും മുഹമ്മദ് നബി ﷺ യോട് അങ്ങേയറ്റത്തെ സ്‌നേഹവും ആദരവും ഉണ്ടാകുന്നതിന് വേണ്ടിയും ആയിരുന്നു നബി ﷺ ഇപ്രകാരം ചെയ്തത്.
പാഠം 7 : ഇസ്‌ലാമിലേക്ക് പ്രവേശിച്ചിട്ടില്ലെങ്കിലും ഇസ്‌ലാമിനോട് ചായ്‌വ് കാണിക്കുന്ന, ഇസ്‌ലാമിനോടോ മുസ്‌ലിംകളോടോ എതിര്‍പ്പോ ശത്രുതയോ ഇല്ലാത്ത ആളുകള്‍ക്ക് ശാരീരികമായോ സാമ്പത്തികമായോ സഹായം ചെയ്യുന്നതും നന്മ ചെയ്യുന്നതും ഇസ്‌ലാം വിലക്കിയിട്ടില്ല. ഇസ്‌ലാമിനോട് മാനസികമായി ചായ്‌വ് വെച്ചുപുലര്‍ത്തുന്നവര്‍ സകാത്തിന്റെ അവകാശികളായ എട്ടു വിഭാഗത്തില്‍ ഒരു വിഭാഗമാണെന്ന വസ്തുതകൂടി നാം മനസ്സിലാക്കണം.
ഇസ്‌ലാമിലേക്ക് പ്രവേശിച്ച പുതിയ ആളുകള്‍ക്ക് യുദ്ധാര്‍ജിത സ്വത്തില്‍നിന്നും ധാരാളം നല്‍കി. അങ്ങനെ അവരുടെ ഈമാന്‍ ഉറച്ചു. പിന്നീട് അവര്‍ക്ക് ധനത്തോടോ ഭൗതിക സൗകര്യങ്ങളോട് മോഹം ഇല്ലാതാകുകയും പരലോക മോചനം മാത്രം മുന്നില്‍ കണ്ട് ജീവിക്കുവാന്‍ അവര്‍ പ്രാപ്തരാവുകയും ചെയ്തു.
ഗനീമത്ത് സ്വത്തിൽ നിന്നും അൻസാരികൾ ഒഴികെ ബാക്കി എല്ലാവർക്കും നബി നൽകി. ഇത് അവരുടെ മനസ്സിൽ ചില വിഷമങ്ങൾ ഉണ്ടാക്കി അപ്പോൾ അവരിൽ പുതിയവരായ ആളുകൾ പറഞ്ഞു:
يَغْفِرُ اللَّهُ لِرَسُولِ اللَّهِ صلى الله عليه وسلم يُعْطِي قُرَيْشًا وَيَتْرُكُنَا، وَسُيُوفُنَا تَقْطُرُ مِنْ دِمَائِهِمْ.
അല്ലാഹു മുഹമ്മദ് നബിക്ക് പൊറുത്തു കൊടുക്കട്ടെ. ഖുറൈശികൾക്ക് നൽകുന്നു ഞങ്ങളെ ഒഴിവാക്കുന്നു. ഞങ്ങളുടെ വാളുകളിൽ നിന്നാകട്ടെ രക്തം ഒറ്റിക്കൊണ്ടിരിക്കുകയാണ്. (ബുഖാരി: 4331).
മറ്റുചിലർ ഇപ്രകാരം പറഞ്ഞു:
إِذَا كَانَتْ شَدِيدَةٌ فَنَحْنُ نُدْعَى، وَيُعْطَى الْغَنِيمَةَ غَيْرُنَا.
പ്രയാസ സന്ദർഭങ്ങളിൽ ഞങ്ങളെ വിളിക്കുകയും ഗനീമത്ത് സ്വത്ത് മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്നു (ബുഖാരി: 4337).
ഈ സന്ദര്‍ഭത്തില്‍ നബി ﷺ അവരെ വിളിച്ചു ഒരുമിച്ചു കൂട്ടി. എന്നിട്ട് അവരോട് പറഞ്ഞു:
أَمَّا بَعْدُ، فَوَاللَّهِ إِنِّي لأُعْطِي الرَّجُلَ، وَأَدَعُ الرَّجُلَ، وَالَّذِي أَدَعُ أَحَبُّ إِلَىَّ مِنَ الَّذِي أُعْطِي وَلَكِنْ أُعْطِي أَقْوَامًا لِمَا أَرَى فِي قُلُوبِهِمْ مِنَ الْجَزَعِ وَالْهَلَعِ، وَأَكِلُ أَقْوَامًا إِلَى مَا جَعَلَ اللَّهُ فِي قُلُوبِهِمْ مِنَ الْغِنَى وَالْخَيْرِ،
അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും ഞാന്‍ ചിലര്‍ക്ക് നല്‍കുകയും ചിലരെ ഒഴിവാക്കുകയും ചെയ്യുന്നതാണ്. ഞാന്‍ ഒഴിവാക്കിയവനാണ് ഞാന്‍ നല്‍കിയവനെക്കാള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍. പക്ഷേ, ഞാന്‍ ചിലര്‍ക്ക് നല്‍കിയത് അവരുടെ ഹൃദയങ്ങളില്‍ ഉത്കണ്ഠയും അസ്വസ്ഥതയും ഞാന്‍ കണ്ടതിനാലാണ്. മറ്റുള്ള ആളുകളെ, അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഐശ്വര്യവും നന്മയും ആക്കിയിട്ടുള്ളതിലേക്ക് ഏല്‍പിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. (ബുഖാരി:923)
يَا مَعْشَرَ الأَنْصَارِ أَلَمْ أَجِدْكُمْ ضُلاَّلاً فَهَدَاكُمُ اللَّهُ بِي، وَكُنْتُمْ مُتَفَرِّقِينَ فَأَلَّفَكُمُ اللَّهُ بِي وَعَالَةً، فَأَغْنَاكُمُ اللَّهُ بِي ”. كُلَّمَا قَالَ شَيْئًا قَالُوا اللَّهُ وَرَسُولُهُ أَمَنُّ. قَالَ ” مَا يَمْنَعُكُمْ أَنْ تُجِيبُوا رَسُولَ اللَّهِ صلى الله عليه وسلم ”. قَالَ كُلَّمَا قَالَ شَيْئًا قَالُوا اللَّهُ وَرَسُولُهُ أَمَنُّ. قَالَ ” لَوْ شِئْتُمْ قُلْتُمْ جِئْتَنَا كَذَا وَكَذَا. أَتَرْضَوْنَ أَنْ يَذْهَبَ النَّاسُ بِالشَّاةِ وَالْبَعِيرِ، وَتَذْهَبُونَ بِالنَّبِيِّ صلى الله عليه وسلم إِلَى رِحَالِكُمْ، لَوْلاَ الْهِجْرَةُ لَكُنْتُ امْرَأً مِنَ الأَنْصَارِ، وَلَوْ سَلَكَ النَّاسُ وَادِيًا وَشِعْبًا لَسَلَكْتُ وَادِيَ الأَنْصَارِ وَشِعْبَهَا، الأَنْصَارُ شِعَارٌ وَالنَّاسُ دِثَارٌ، إِنَّكُمْ سَتَلْقَوْنَ بَعْدِي أَثَرَةً فَاصْبِرُوا حَتَّى تَلْقَوْنِي عَلَى الْحَوْضِ ”.
അല്ലയോ അൻസ്വാറുകളേ, നിങ്ങളെ ഞാൻ വഴിപിഴച്ചവരായി കാണുകയും എന്നിലൂടെ അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകുകയും ചെയ്തില്ലേ?! നിങ്ങൾ പരസ്പരം ഭിന്നിച്ചിരുന്നവരായിരിക്കേ എന്നിലൂടെ അല്ലാഹു നിങ്ങളെ ഇണക്കിയില്ലേ? നിങ്ങൾ ദരിദ്രൻമാരായിരിക്കെ എന്നിലൂടെ അല്ലാഹു നിങ്ങൾക്ക് ധന്യത നൽകിയില്ലേ? നബി ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോഴും അല്ലാഹുവും അവന്റെ റസൂലുമാണ് നന്മക്കർഹർ എന്ന് അവർ പറയുന്നുണ്ടായിരുന്നു. നബി ചോദിച്ചു; എന്താണ് അല്ലാഹുവിന്റെ പ്രവാചകനോട് നിങ്ങൾ മറുപടി പറയാത്തത്?…. ശേഷം നബി അവരോട് ഇപ്രകാരം ചോദിച്ചു; ജനങ്ങൾ ആടുകളും ഒട്ടകങ്ങളുമായി പോയപ്പോൾ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നത് അല്ലാഹുവിന്റെ പ്രവാചകനെയും കൊണ്ടാണ്. അത് നിങ്ങൾക്ക് തൃപ്‌തിയല്ലേ? ഹിജ്റ ഇല്ലായിരുന്നുവെങ്കിൽ ഞാനും അൻസ്വാറുകളിൽ പെട്ട ഒരാളാകുമായിരുന്നു. ജനങ്ങൾ എല്ലാവരും ഒരു താഴ്വരയിലൂടെ പ്രവേശിച്ചാലും അൻസാറുകൾ പ്രവേശിച്ച താഴ്വരയിലൂടെ ഞാനും പ്രവേശിക്കും. അൻസ്വാറുകൾ വസ്ത്രമാണ്. ജനങ്ങളാകട്ടെ പുതപ്പുമാണ്. എനിക്കു ശേഷം കുഴപ്പങ്ങൾ നിങ്ങൾ കാണും. ഹൗളിൽ വെച്ച് (ഹൗളുൽ കൗസർ)നിങ്ങളെന്നെ കണ്ടുമുട്ടുന്നത് വരെ ക്ഷമ കൈക്കൊള്ളുക. (ബുഖാരി: 4330)
قَالَ النَّبِيُّ صلى الله عليه وسلم ” فَإِنِّي أُعْطِي رِجَالاً حَدِيثِي عَهْدٍ بِكُفْرٍ، أَتَأَلَّفُهُمْ، أَمَا تَرْضَوْنَ أَنْ يَذْهَبَ النَّاسُ بِالأَمْوَالِ وَتَذْهَبُونَ بِالنَّبِيِّ صلى الله عليه وسلم إِلَى رِحَالِكُمْ، فَوَاللَّهِ لَمَا تَنْقَلِبُونَ بِهِ خَيْرٌ مِمَّا يَنْقَلِبُونَ بِهِ ”. قَالُوا يَا رَسُولَ اللَّهِ قَدْ رَضِينَا.
നബി ﷺ പറഞ്ഞു: അവിശ്വാസം കൊണ്ട് അടുത്ത കാലമായി (നടന്നവരായ) ഈ ആളുകള്‍ക്ക് അവരുടെ (ഹൃദയം) ഇണങ്ങുന്നതിനായി ഞാന്‍ നല്‍കുന്നു. ഈ ജനങ്ങള്‍ സ്വത്തുക്കളുമായി പോകാനും (ആ സ്ഥാനത്ത്) നിങ്ങള്‍ പ്രവാചകന്‍ ﷺ നെയും കൊണ്ട് നിങ്ങളുടെ താവളത്തിലേക്ക് പോകുവാനും നിങ്ങള്‍ തൃപ്തരാകുമോ? അല്ലാഹുവാണെ സത്യം, അവര്‍ ഏതൊന്നുംകൊണ്ട് മടങ്ങുന്നുവോ അതിനെക്കാള്‍ ഉത്തമമായതുംകൊണ്ടാണ് നിങ്ങള്‍ മടങ്ങുന്നത്.” അവര്‍ പറഞ്ഞു: ‘‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ തൃപ്തരാകുന്നു.(ബുഖാരി: 4331)
തീര്‍ച്ചയായും ഞാന്‍ ഒരാള്‍ക്ക് നല്‍കും. അല്ലാഹു അവനെ നരകത്തില്‍ വീഴ്ത്തുന്നതിനെ ഭയപ്പെടുന്നതിനാലാണത്. അവനല്ലാത്തവനാണ് അവനെക്കാള്‍ എനിക്ക് പ്രിയപ്പെട്ടവന്‍. (മുസ്‌ലിം)
അവരുടെ ഇതു കേട്ടതോടെ അൻസ്വാറുകൾ കരയാൻ തുടങ്ങി. താടിരോമങ്ങളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. ഗനീമത്ത് വിഭജനത്തിൻ്റെ വിഷയത്തിൽ അല്ലാഹുവിനെ കൊണ്ടും പ്രവാചകനെ കൊണ്ടും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് അവർ പറയുകയും ചെയ്തു.
എല്ലാം വീതിച്ചുകഴിഞ്ഞ സന്ദര്‍ഭത്തില്‍ ഹവാസിനില്‍ നിന്നും ഒരു സംഘം അവിടേക്ക് വന്നു. ഹുനയ്ന്‍ യുദ്ധത്തിന് ശത്രുസേനക്ക് നേതൃത്വം നല്‍കിയ സംഘമാണത്. എല്ലാവരും നബി ﷺ യുടെ മുമ്പില്‍ എത്തി. എന്നിട്ട് എല്ലാവരും സാക്ഷ്യവചനം പ്രഖ്യാപിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: ‘‘ഞങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഞങ്ങളുടെ സ്വത്തുക്കളും ബന്ധികളെയും ഞങ്ങള്‍ക്കുതന്നെ തിരിച്ചേല്‍പിക്കണം.” അപ്പോള്‍ നബി ﷺ പറഞ്ഞു: ‘‘രണ്ടും നല്‍കാന്‍ കഴിയില്ല. ഒന്നുകില്‍ സ്വത്ത് തരാം. അല്ലെങ്കില്‍ പിടിക്കപ്പെട്ട ബന്ധികളെ നല്‍കാം.” അപ്പോള്‍ അവര്‍ പറഞ്ഞു: ‘‘ഞങ്ങള്‍ക്ക് ഞങ്ങളില്‍നിന്നും ബന്ധികളാക്കപ്പെട്ടവരെ കിട്ടിയാല്‍ മതി.”
ഇതെല്ലാം നേരത്തെ മുസ്‌ലിംകള്‍ക്കിടയില്‍ വീതിച്ചതാണ്. അതെല്ലാം തിരികെ നല്‍കണം എന്ന് പറഞ്ഞാല്‍ അവര്‍ തിരിച്ചു നല്‍കും. ആരും നബി ﷺ യുടെ കല്‍പനയോട് അനുസരക്കേട് കാണിക്കുകയില്ല. എന്നാല്‍ ലോകത്തിന് ഒരു പാഠം പകര്‍ന്നു നല്‍കുകയാണ് നബി ﷺ ചെയ്തത്. ആരെയും നിര്‍ബന്ധിക്കാതെ സ്വഹാബിമാരോട് അഭിപ്രായം ആരാഞ്ഞു.
തീര്‍ച്ചയായും നിങ്ങളുടെ ഈ സഹോദരങ്ങള്‍ പശ്ചാത്തപിക്കുന്നവരായി നമ്മുടെ അടുക്കല്‍ വന്നിരിക്കുന്നു. അവരുടെ കുട്ടികളെ അവരിലേക്ക് മടക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങളില്‍ നിന്ന് ആരെങ്കിലും അത് ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. ഇനി ആരെങ്കിലും തന്റെ വിഹിതത്തില്‍ അല്ലാഹു നമുക്ക് ആദ്യമായി കൈവശപ്പെടുത്തി തന്നതില്‍നിന്ന് അത് മാത്രം നല്‍കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍ അപ്രകാരവും ചെയ്തുകൊള്ളട്ടെ. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അവര്‍ക്ക് നല്ലത് നല്‍കാം.’
സ്വത്ത് വീതിച്ചതോടെ അത് സ്വഹാബിമാരുടെതായല്ലോ. അവരോട് നിര്‍ബന്ധിപ്പിച്ച് കൊടുപ്പിക്കുന്നത് ശരിയല്ല താനും. അതിനാല്‍ നബി ﷺ തന്റെ ഇഷ്ടം എന്താണ് എന്ന് ആദ്യം പറഞ്ഞു. ‘അവരുടെ ബന്ധികളെ അവര്‍ക്ക് വിട്ടുനല്‍കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും അത് നല്ലതായി തോന്നുന്നുവെങ്കില്‍ അവന്‍ അപ്രകാരം പ്രവര്‍ത്തിക്കട്ടെ.’ നബി ﷺ അവരെ നിര്‍ബന്ധിച്ചില്ല. അധികാര സ്വരമോ സ്വേച്ഛാധിപത്യമോ കാണിച്ചില്ല. നബി ﷺ യോട് അവര്‍ എല്ലാവരും നല്ല രൂപത്തില്‍ പ്രതികരിച്ചു. ഞങ്ങള്‍ ഒരുക്കമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. അങ്ങനെ അവര്‍ എല്ലാവരും അവര്‍ക്ക് എല്ലാം തിരിച്ചുനല്‍കി. ഹുനയ്‌നില്‍ ശത്രുക്കളുടെ നേതാവായിരുന്ന മാലിക് ഇബ്‌നു ഔഫും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി എന്ന് ചരിത്രം പറയുന്നു.
www.kanzululoom.com