ഇസ്ലാം കല്‍പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു മഹത്തായ സ്വഭാവമാകുന്നു സത്യസന്ധത.
اصْدُقُوا إذا حدَّثْتُمْ
നബി ﷺ പറഞ്ഞു: നിങ്ങള്‍ സംസാരിച്ചാല്‍ സത്യം പറയുക. (മുസ്നദു അഹ്മദ് – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി ഹസനുന്‍ ലിഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ إِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَإِنَّ الرَّجُلَ لَيَصْدُقُ حَتَّى يَكُونَ صِدِّيقًا، وَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَإِنَّ الرَّجُلَ لَيَكْذِبُ، حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا ”.
അബ്ദില്ലാഹിബ്നു മസ്ഊദ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും, ദുര്‍വൃര്‍ത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും.” (ബുഖാരി:6094)
عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِيَّاكُمْ وَالْكَذِبَ فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ وَإِنَّ الرَّجُلَ لَيَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا وَعَلَيْكُمْ بِالصِّدْقِ فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ وَإِنَّ الرَّجُلَ لَيَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللَّهِ صِدِّيقًا ” .
അഅബ്ദില്ലാഹിബ്നു മസ്ഊദ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങള്‍ കളവിനെ സൂക്ഷിക്കുക. കാരണം കളവ് നീചവൃത്തികളിലേക്ക് വഴിതെളിയിക്കും. നീചവൃത്തികളാകട്ടെ നരകത്തിലേക്കും നയിക്കും. നിശ്ചയം, ഒരു വ്യക്തി കളവുപറയും; അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ പെരുംകള്ളന്‍ എന്ന് എഴുതപ്പെടും. നിങ്ങള്‍ സത്യസന്ധത പുലര്‍ത്തുക. കാരണം സത്യസന്ധത പുണ്യത്തിലേക്ക് വഴിതെളിയിക്കും. പുണ്യമാകട്ടെ സ്വര്‍ഗത്തിലേക്കും നയിക്കും. നിശ്ചയം, ഒരു വ്യക്തി സത്യം പറയുകയും സത്യസന്ധത പുലര്‍ത്തുവാന്‍ സൂക്ഷ്മത കാണിക്കുകയും ചെയ്യും. അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ സത്യസന്ധന്‍ എന്ന് എഴുതപ്പെടും” (അബൂദാവൂദ്:4989 – സ്വഹീഹ് അൽബാനി)
عن عبدالله بن عمرو قال قال رسول الله ﷺ : أربعٌ إذا كنَّ فيكَ فلا عَليكَ ما فاتَكَ منَ الدُّنيا: حفظُ أمانةٍ، وَصِدْقُ حديثٍ، وحُسنُ خَليقةٍ، وعفَّةٌ في طعمةٍ
നബി ﷺ പറഞ്ഞു: നാലു ഗുണങ്ങൾ ആരിലുണ്ടോ ദുൻയാവിൽ നിന്ന് എന്ത് നഷ്ടപ്പെട്ടാലും അവനത് പ്രശ്നമല്ല ; അമാനത്ത് സൂക്ഷിക്കൽ, സംസാരത്തിലെ സത്യസന്ധത, സൽ സ്വഭാവം, ഭക്ഷണത്തിൽ നിശിദ്ധമായത് കലരാതിരിക്കൽ. [٦٦٥٢ أحمد]
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لا يَجْتَمِعُ الإِيمَانُ وَالْكُفْرُ فِي قَلْبِ امْرِئٍ وَلا يَجْتَمِعُ الْكَذِبُا وَلصِّدْقُ جَمِيعًا وَلا تَجْتَمِعُ الْخِيَانَةُ وَالأَمَانَةُ جَمِيعًا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മനുഷ്യന്റെ ഹൃദയത്തില്‍ ഈമാനും കുഫ്റും(സത്യനിഷേധവും) ഒന്നിക്കുകയില്ല, കളവും സത്യസന്ധതയും ഒന്നിക്കുകയില്ല, വഞ്ചനയും അമാനത്തും ഒന്നിക്കുകയില്ല. (അഹ്മദ്)
സംസാരത്തിൽ മാത്രമല്ല സത്യസന്ധത പാലിക്കേണ്ടത്. പെരുമാറ്റങ്ങളിലും ഇടപാടുകളിലുമെല്ലാം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലുമെല്ലാം സത്യസന്ധതയുടെ അനിവാര്യത അനിഷേധ്യമാണ്. ഇസ്ലാം അല്ലാഹുവിൽ നിന്നുള്ള സത്യമായ ആദർശമാണ്. അത് സ്വീകരിക്കുകയും ഉൾക്കൊള്ളുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട സത്യസന്ധതയിൽ പെട്ടതാണ്. അല്ലാഹു പറയുന്നത് കാണുക:
فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدْقِ إِذْ جَآءَهُۥٓ ۚ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَٰفِرِينَ ﴿٣٢﴾ وَٱلَّذِى جَآءَ بِٱلصِّدْقِ وَصَدَّقَ بِهِۦٓ ۙ أُو۟لَٰٓئِكَ هُمُ ٱلْمُتَّقُونَ ﴿٣٣﴾ لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ۚ ذَٰلِكَ جَزَآءُ ٱلْمُحْسِنِينَ ﴿٣٤﴾ لِيُكَفِّرَ ٱللَّهُ عَنْهُمْ أَسْوَأَ ٱلَّذِى عَمِلُوا۟ وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ ٱلَّذِى كَانُوا۟ يَعْمَلُونَ ﴿٣٥﴾
അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക് വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ള പാര്‍പ്പിടം? സത്യവും കൊണ്ട് വരുകയും അതില്‍ വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാര്‍ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവര്‍. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. അതത്രെ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം. അവര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരില്‍ നിന്ന് മായ്ച്ചുകളയും. അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായതനുസരിച്ച് അവര്‍ക്കവന്‍ പ്രതിഫലം നല്‍കുകയും ചെയ്യും. (ഖുര്‍ആന്‍ :39/32-35)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّٰدِقِينَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക. (ഖുർആൻ:9/119)
{وَكُونُوا مَعَ الصَّادِقِينَ} في أقوالهم وأفعالهم وأحوالهم، الذين أقوالهم صدق، وأعمالهم، وأحوالهم لا تكون إلا صدقا خلية من الكسل والفتور، سالمة من المقاصد السيئة، مشتملة على الإخلاص والنية الصالحة، فإن الصدق يهدي إلى البر، وإن البر يهدي إلى الجنة.
സത്യസന്ധത അവരുടെ വാക്കുകളിലും പ്രവൃത്തികളിലും അവസ്ഥകളിലുമാണ്. അവര്‍ അവരുടെ വാക്കുകളെ സത്യമാക്കുന്നവരാണ്. അവരുടെ പ്രവര്‍ത്തനങ്ങളും അവസ്ഥകളും സത്യസന്ധതയോടെയായിരിക്കും. അത് അലസതയില്‍നിന്നും അശ്രദ്ധയില്‍നിന്നും ഒഴിവായതാണ്. ചീത്ത ലക്ഷ്യങ്ങളില്‍നിന്ന് ഒഴിവായതാണ്. സദുദ്ദേശവും നിഷ്‌കളങ്കതയും ഉള്‍ക്കൊണ്ടതാണ്. തീര്‍ച്ചയായും സത്യസന്ധത പുണ്യത്തിലേക്ക് നയിക്കുന്നു. തീര്‍ച്ചയായും പുണ്യം സ്വര്‍ഗത്തിലേക്ക് നയിക്കുന്നു. (തഫ്‌സീര്‍ സഅദി)
اصدقوا والزموا الصدق تكونوا مع أهله وتنجوا من المهالك ويجعل لكم فرجا من أموركم ، ومخرجا
നിങ്ങള്‍ സത്യസന്ധരാവുക. നിങ്ങള്‍ സത്യത്തിന്റെ കൂടെ നിലകൊണ്ട് അതിന്റെ ആളുകളായിത്തീരുക. എന്നാല്‍ നിങ്ങള്‍ നാശത്തില്‍ നിന്ന് രക്ഷപ്പെടുകയും നിങ്ങളുടെ കാര്യങ്ങള്‍ക്ക് ഒരു എളുപ്പവും വഴിയും ലഭിക്കുകയും ചെയ്യും. (ഇബ്‌നു കസീര്‍)
വിശ്വാസത്തിലും, വാക്കിലും, പ്രവൃത്തിയിലും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുകയും, സത്യത്തിനെതിരില്‍ നേരിടുന്ന ഏതു പ്രതിസന്ധിയിലും ചാഞ്ചല്യമോ പതറലോ വരാതെ സൂക്ഷിക്കുകയും ചെയ്യുന്ന സത്യസന്ധന്മാരാണ് സ്വിദ്ദീക്വുകള്‍ എന്ന് പറയുന്നത്.
വിശുദ്ധ ഖുര്‍ആനില്‍ മുദ്ഖല സ്വിദ്ക്വ്, മുഖ്‌റജ സ്വിദ്ക്വ്, ലിസാന സ്വിദ്ക്വ്, ക്വദമ സ്വിദ്ക്വ്, മക്വ്അദ സ്വിദ്ക്വ് എന്നിവ പറയപ്പെട്ടിട്ടുണ്ട്. താഴെ വരുന്ന വചനങ്ങള്‍ ശ്രദ്ധിക്കുക. മുദ്ഖലസ്വിദ്ക്വും മുഖ്‌റജസ്വിദ്ക്വും അല്ലാഹുവോട് തേടുവാന്‍ അല്ലാഹു തിരുദൂതരോട് കല്‍പിക്കുന്നു:
وَقُل رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍ وَأَخْرِجْنِى مُخْرَجَ صِدْقٍ وَٱجْعَل لِّى مِن لَّدُنكَ سُلْطَٰنًا نَّصِيرًا
എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശനമാര്‍ഗത്തിലൂടെ നീഎന്നെ പ്രവേശിപ്പിക്കുകയും സത്യത്തിന്റെ ബഹിര്‍ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കല്‍നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക. (ഖുര്‍ആന്‍ :17/80)
ലിസാന സ്വിദ്ക്വ് അരുളുവാന്‍ ഇബ്‌റാഹീംനബി عليه السلام അല്ലാഹുവോട് കേഴുന്നു:
وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْـَٔاخِرِينَ
പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ. (ഖുര്‍ആന്‍ :26/84)
ക്വദമ സ്വിദ്ക്വും മക്വ്അദ സ്വിദ്ക്വും തന്റെ ദാസന്മാര്‍ക്ക് ഉണ്ടെന്ന് അല്ലാഹു സന്തോഷവാര്‍ത്ത നല്‍കുന്നു:
أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَآ إِلَىٰ رَجُلٍ مِّنْهُمْ أَنْ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓا۟ أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ ۗ قَالَ ٱلْكَٰفِرُونَ إِنَّ هَٰذَا لَسَٰحِرٌ مُّبِينٌ
സത്യവിശ്വാസികള്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ സത്യത്തിന്റെതായ പദവിയുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക. (ഖുര്‍ആന്‍ :10/2)
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَنَهَرٍ ﴿٥٤﴾ فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرِۭ ﴿٥٥﴾
തീര്‍ച്ചയായും ധര്‍മനിഷ്ഠ പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. സത്യത്തിന്റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്റെ അടുക്കല്‍. (ഖുര്‍ആന്‍ :54/54-55)
മുദ്ഖലസ്വിദ്ക്വ്, മുഖ്‌റജസ്വിദ്ക്വ്, ലിസാനസ്വിദ്ക്വ്, ക്വദമസ്വിദ്ക്വ്, മക്വ്അദസ്വിദ്ക്വ് എന്നിവയുടെ അര്‍ഥങ്ങളിലും തേട്ടങ്ങളിലും വ്യത്യസ്ത സമീപനങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് ഉെണ്ടങ്കിലും സത്യത്തിന്റെ വക്താക്കള്‍ക്കും സത്യസന്ധന്മാര്‍ക്കും ഇഹത്തിലും പരത്തിലുമായി നല്‍കപ്പെടുന്ന ആദരവുകളാണ് ഇവ എന്നത് അവയുടെ പൊരുളാണ്.
സത്യസന്ധതയുട പ്രാധാന്യം
സത്യസന്ധത അല്ലാഹുവിന്റെ വിശേഷണം
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ سَنُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۖ وَعْدَ ٱللَّهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ ٱللَّهِ قِيلًا
എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ നാം താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവെക്കാള്‍ സത്യസന്ധമായി സംസാരിക്കുന്നവന്‍ ആരുണ്ട്. (ഖുര്‍ആന്‍ :4/122)
സത്യസന്ധത പ്രവാചകൻമാരുടെ അടയാളം
وَٱذْكُرْ فِى ٱلْكِتَٰبِ إِبْرَٰهِيمَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا
വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. (ഖുർആൻ:19/41)
وَٱذْكُرْ فِى ٱلْكِتَٰبِ إِدْرِيسَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا
വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. (ഖുർആൻ:19/56)
وَٱذْكُرْ فِى ٱلْكِتَٰبِ إِسْمَٰعِيلَ ۚ إِنَّهُۥ كَانَ صَادِقَ ٱلْوَعْدِ وَكَانَ رَسُولًا نَّبِيًّا
വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം സത്യസന്ധമായി പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. (ഖുർആൻ:19/54)
സത്യസന്ധതയില്‍ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു യൂസുഫ് നബി(അ). മിസ്വ്‌റിലെ രാജാവ് തന്റെ സ്വപ്‌നത്തിനു വ്യാഖ്യാനം ആവശ്യപ്പെട്ടപ്പോള്‍ യൂസുഫ് നബി(അ)യെ വിശേഷിപ്പിച്ചത് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്:
يُوسُفُ أَيُّهَا ٱلصِّدِّيقُ أَفْتِنَا فِى سَبْعِ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعِ سُنۢبُلَٰتٍ خُضْرٍ وَأُخَرَ يَابِسَٰتٍ لَّعَلِّىٓ أَرْجِعُ إِلَى ٱلنَّاسِ لَعَلَّهُمْ يَعْلَمُونَ
(അവന്‍ യൂസുഫിന്റെ അടുത്ത ചെന്നു പറഞ്ഞു:) ഹേ, സത്യസന്ധനായ യൂസുഫ്! തടിച്ച് കൊഴുത്ത ഏഴ് പശുക്കളെ ഏഴ്‌മെലിഞ്ഞ പശുക്കള്‍ തിന്നുന്ന കാര്യത്തിലും ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കള്‍ ഞങ്ങള്‍ക്കു വിധി പറഞ്ഞുതരണം. ജനങ്ങള്‍ അറിയുവാനായി ആ വിവരവുംകൊണ്ട് എനിക്ക് അവരുടെ അടുത്തേക്ക് മടങ്ങാമല്ലോ. (ഖുർആൻ:12/46)
സത്യസന്ധതയുടെയും വിശ്വാസ്യതയുടെയും നിറഞ്ഞ ഉദാഹരണമായിരുന്നു മുഹമ്മദ് നബി ﷺ. അവിടുത്തെ ശത്രുപോലും ഈ വസ്തുത സമ്മതിച്ചിരുന്നു. ഹിറോക്ലിയസ് രാജാവും റോമന്‍ അധിപന്മാരും അബൂസുഫ്‌യാന്‍ അവിശ്വാസിയായിരുന്ന നാളില്‍ അദ്ദേഹവുമായി ഈലിയാ പട്ടണത്തില്‍ സന്ധിച്ചപ്പോള്‍ ഹിറോക്ലിയസ് അബൂസുഫ്‌യാനോട് ഇപ്രകാരം ചോദിച്ചു: ‘മുഹമ്മദ് ഈ കാര്യങ്ങള്‍ സംസാരിക്കുന്നതിന് മുമ്പ്, അദ്ദേഹത്തെ കളവു പറയുന്നവനായി നിങ്ങള്‍ സംശയിക്കുകയെങ്കിലും ചെയ്തിരുന്നോ?’ ‘ഇല്ല’ എന്നായിരുന്നു അബൂസുഫ്‌യാന്റെ പ്രതികരണം.
ഹിര്‍ക്കല്‍ രാജാവിന്റെ കൊട്ടാരത്തില്‍ വെച്ച് നബി ﷺ നിങ്ങളോട് എന്താണ് ആജ്ഞാപിക്കുന്നതെന്ന ചോദ്യത്തിന് അബൂസുഫ്യാന്‍ നല്‍കിയ മറുപടിയില്‍ ഇപ്രകാരമായിരുന്നു: അദ്ദേഹം ഇങ്ങനെ പറയുന്നു: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനിൽ ഒന്നിനേയും പങ്ക് ചേർക്കാതിരിക്കുക. നിങ്ങളുടെ പിതാക്കളുടെ വാദഗതികൾ ഉപേക്ഷിക്കുക. അദ്ദേഹം ഞങ്ങളോട് നമസ്കാരം, സത്യസന്ധത, സദാചാര നിഷ്ഠ, കുടുംബബന്ധം പുലർത്തൽ എന്നിവ കൽപിക്കുകയും ചെയ്യുന്നു.
സത്യസന്ധത സ്വഹാബത്തിന്റെ അടയാളം
مِّنَ ٱلْمُؤْمِنِينَ رِجَالٌ صَدَقُوا۟ مَا عَٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًا
സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്)കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. (ഖുർആൻ:33/23)
لِلْفُقَرَآءِ ٱلْمُهَٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ
അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം) അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍തന്നെയാകുന്നു സത്യവാന്മാര്‍. (ഖുർആൻ:59/8)
സത്യസന്ധത സച്ചരിതരുടെയും അടയാളം
വിശുദ്ധ മര്‍യമിനുള്ള ഒരു വിശേഷണമായി ഈ വചനത്തില്‍ അല്ലാഹു പറയുന്നത് കാണുക:
مَّا ٱلْمَسِيحُ ٱبْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٌ ۖ كَانَا يَأْكُلَانِ ٱلطَّعَامَ ۗ ٱنظُرْ كَيْفَ نُبَيِّنُ لَهُمُ ٱلْـَٔايَٰتِ ثُمَّ ٱنظُرْ أَنَّىٰ يُؤْفَكُونَ
മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്. (ഖുർആൻ:5/75)
സത്യസന്ധത മുഅ്മിനീങ്ങളുടെ അടയാളം
وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦٓ أُو۟لَٰٓئِكَ هُمُ ٱلصِّدِّيقُونَ ۖ وَٱلشُّهَدَآءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ ۖ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَحِيمِ
എന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ അവര്‍ തന്നെയാണ് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ സത്യസന്ധന്മാരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവുമുണ്ടായിരിക്കും. സത്യനിഷേധം കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നരകക്കാര്‍. (ഖുര്‍ആന്‍ :57/19)
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ
അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളുംകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തതാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവന്‍ തന്നെയാകുന്നു സത്യവാന്മാര്‍. (ഖുർആൻ:49/15)
عَنْ أَنَسِ بْنِ مَالِكٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، صِدْقًا مِنْ قَلْبِهِ، إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ
അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന കാര്യം ഹൃദയത്തിൽ നിന്ന് സത്യസന്ധമായി ആരെങ്കിലും സാക്ഷ്യം വഹിക്കുന്നെങ്കിൽ അവന്റെ മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല. (ബുഖാരി:128)
സത്യസന്ധതയുടശ്രേഷ്ടതകൾ
മനഃസമാധാനം ലഭിക്കും
عَنْ الْحَسَنِ بْنِ عَلِيٍّ قَالَ حَفِظْتُ مِنْ رَسُولِ اللَّهِ صلى الله عليه وسلم : دَعْ مَا يَرِيبُكَ إِلَى مَا لاَ يَرِيبُكَ فَإِنَّ الصِّدْقَ طُمَأْنِينَةٌ وَإِنَّ الْكَذِبَ رِيبَةٌ
ഹസൻ ബിൻ അലി رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യിൽ നിന്ന് ഞാൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട് : “സംശയമുള്ളത് ഒഴിവാക്കി സംശയമില്ലാത്തത് മാത്രം സ്വീകരിക്കുക. എന്തുകൊണ്ടെന്നാൽ സത്യം മനഃസമാധാനവും അസത്യം അസ്വസ്ഥതയും ആകുന്നു.” (തിർമിദി : 2518)
പ്രതിസന്ധികളിൽ തുറവി ലഭിക്കും
ഗുഹയില്‍ അകപ്പെട്ട മൂന്നാളുകള്‍ തങ്ങള്‍ ചെയ്തിട്ടുള്ള സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ക്ക് അല്ലാഹു രക്ഷ നല്‍കിയതായി നബി ﷺ പറഞ്ഞ കഥ പ്രസിദ്ധമാണ്. അവരെ ആ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് പടച്ചവന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി സത്യസന്ധമായി അവര്‍ ചെയ്ത പുണ്യകര്‍മങ്ങള്‍ മുന്‍നിറുത്തിയുള്ള അല്ലാഹുവിനോടുള്ള പ്രാര്‍ഥനകളായിരുന്നു. പ്രസ്തുത സംഭവം നബി ﷺ വിവരിക്കുന്നതിന്റെ തുടക്കം കാണുക:
قَالَ رَسُولُ اللَّهِ صلى الله عليه وسلم : بَيْنَمَا ثَلاَثَةُ نَفَرٍ مِمَّنْ كَانَ قَبْلَكُمْ يَمْشُونَ إِذْ أَصَابَهُمْ مَطَرٌ، فَأَوَوْا إِلَى غَارٍ، فَانْطَبَقَ عَلَيْهِمْ، فَقَالَ بَعْضُهُمْ لِبَعْضٍ إِنَّهُ وَاللَّهِ يَا هَؤُلاَءِ لاَ يُنْجِيكُمْ إِلاَّ الصِّدْقُ، فَلْيَدْعُ كُلُّ رَجُلٍ مِنْكُمْ بِمَا يَعْلَمُ أَنَّهُ قَدْ صَدَقَ فِيهِ.
നബി ﷺ പറയുന്നു: നിങ്ങളുടെ പൂര്‍വികരായ മൂന്ന് ആളുകള്‍ ഒരു യാത്ര പുറപ്പെട്ടു. ഒരു രാത്രി അവര്‍ ഒരു ഗുഹയില്‍ വിശ്രമിച്ചു. അവ൪ അതില്‍ പ്രവേശിച്ചപ്പോള്‍ അപ്രതീക്ഷിതമായി മലമുകളില്‍ നിന്നും ഉരുണ്ട് വന്ന ഒരു പാറ ഗുഹാമുഖം മൂടിക്കളഞ്ഞു. അങ്ങനെ അവരിൽ ചിലർ പരസ്പരം പറഞ്ഞു: അല്ലാഹുവിനെ തന്നെയാണെ സത്യം, നിങ്ങളുടെ ജീവിതത്തിലെ സത്യസന്ധതയല്ലാതെ നിങ്ങളെ രക്ഷപെടുത്തുകയില്ല. അതുകൊണ്ട് നിങ്ങൾ ഓരോരുത്തരും ജീവിതത്തിൽ സത്യസന്ധമായി ചെയ്ത കാര്യങ്ങൾ എടുത്തുവെച്ചുകൊണ്ട് പ്രാർത്ഥിക്കുക …….. (ബുഖാരി:3465)
അങ്ങനെ അവരോരോരുത്തരും അവരുടെ ജീവിതത്തിൽ സത്യസന്ധമായി ചെയ്ത കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചപ്പോൾ ഗുഹാമുഖം തുറക്കപ്പെടുകയും അവർ രക്ഷപെടുകയും ചെയ്തു.
പാപമോചനവും മഹത്തായ പ്രതിഫലവും
ﺇِﻥَّ ٱﻟْﻤُﺴْﻠِﻤِﻴﻦَ ﻭَٱﻟْﻤُﺴْﻠِﻤَٰﺖِ ﻭَٱﻟْﻤُﺆْﻣِﻨِﻴﻦَ ﻭَٱﻟْﻤُﺆْﻣِﻨَٰﺖِ ﻭَٱﻟْﻘَٰﻨِﺘِﻴﻦَ ﻭَٱﻟْﻘَٰﻨِﺘَٰﺖِ ﻭَٱﻟﺼَّٰﺪِﻗِﻴﻦَ ﻭَٱﻟﺼَّٰﺪِﻗَٰﺖِ ﻭَٱﻟﺼَّٰﺒِﺮِﻳﻦَ ﻭَٱﻟﺼَّٰﺒِﺮَٰﺕِ ﻭَٱﻟْﺨَٰﺸِﻌِﻴﻦَ ﻭَٱﻟْﺨَٰﺸِﻌَٰﺖِ ﻭَٱﻟْﻤُﺘَﺼَﺪِّﻗِﻴﻦَ ﻭَٱﻟْﻤُﺘَﺼَﺪِّﻗَٰﺖِ ﻭَٱﻟﺼَّٰٓﺌِﻤِﻴﻦَ ﻭَٱﻟﺼَّٰٓﺌِﻤَٰﺖِ ﻭَٱﻟْﺤَٰﻔِﻈِﻴﻦَ ﻓُﺮُﻭﺟَﻬُﻢْ ﻭَٱﻟْﺤَٰﻔِﻈَٰﺖِ ﻭَٱﻟﺬَّٰﻛِﺮِﻳﻦَ ٱﻟﻠَّﻪَ ﻛَﺜِﻴﺮًا ﻭَٱﻟﺬَّٰﻛِﺮَٰﺕِ ﺃَﻋَﺪَّ ٱﻟﻠَّﻪُ ﻟَﻬُﻢ ﻣَّﻐْﻔِﺮَﺓً ﻭَﺃَﺟْﺮًا ﻋَﻈِﻴﻤًﺎ
(അല്ലാഹുവിന്) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവിനെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. (ഖു൪ആന്‍ :33/35)
സ്വർഗം ലഭിക്കും
قَالَ ٱللَّهُ هَٰذَا يَوْمُ يَنفَعُ ٱلصَّٰدِقِينَ صِدْقُهُمْ ۚ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
അല്ലാഹു പറയും: ഇത് സത്യവാന്മാര്ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം. (ഖുര്‍ആന്‍ :5/119)
قال ابن القيم :{والإيمان} : أساسه الصدق .{والنفاق } : أساسه الكذب .فلا يجتمع كذب وإيمان إلا وأحدهما محارب للآخر .وأخبر سبحانه :أنه في يوم القيامة لا ينفع العبد وينجيه من عذابه إلا صدقه.قال تعالى هذا يوم ينفع الصادقين صدقهم )
ഇബ്നുൽ ഖയ്യിം(റഹി)പറഞ്ഞു: ഈമാനിന്റെ അടിസ്ഥാനം സത്യസന്ധതയാണ്. നിഫാഖിന്റെ അടിസ്ഥാനം കളവാണ്. ഈമാനും കളവും[നിഫാഖും] ഒന്നിക്കുകയില്ല ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്താതെ. അല്ലാഹു അറിയിച്ചു : നാളെ അന്ത്യനാളിൽ അവന്റെ ശിക്ഷയിൽ നിന്ന് രക്ഷയോ നേട്ടമോ ഉണ്ടാകില്ല അവനോടുള്ള സത്യസന്ധത കൊണ്ടല്ലാതെ. അല്ലാഹു പറഞ്ഞു:അല്ലാഹു പറയും: ഇത് സത്യവാന്മാര്ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. (ഖു൪ആന്‍:5/119). [مدارج السالكين ٢/٢٥٨]
عن عبادة بن الصامت: اضْمنُوا لِي سِتًّا من أنفسِكمْ أضْمَنُ لكمْ الجنةُ؛ اصْدُقُوا إذا حدَّثْتُمْ، وأوْفُوا إذاوعدتُمْ، وأدًُّوا إذا ائْتُمِنْتُمْ، واحفَظُوا فُروجَكمْ، وغُضُّوا أبْصارَكمْ، وكُفُّوا أيديّكمْ
ഉബാദത്തുബ്നു സ്വാമിതില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആറ് കാര്യങ്ങള്‍ക്ക് (അവ പ്രാവ൪ത്തികമാക്കാം) എന്നതിന് നിങ്ങള്‍ എനിക്ക് മനസ്സാ ജാമ്യം നില്‍ക്കുക. ഞാന്‍ നിങ്ങള്‍ക്ക് സ്വ൪ഗത്തിന് ജാമ്യം നില്‍ക്കാം. നിങ്ങള്‍ സംസാരിച്ചാല്‍ സത്യം പറയുക. നിങ്ങള്‍ കരാര്‍ ചെയ്താല്‍ പൂ൪ത്തീകരിക്കുക. നിങ്ങള്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടാല്‍ അമാനത്ത് നി൪വ്വഹിക്കുക. നിങ്ങള്‍ നിങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുക. നിങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുക. നിങ്ങളുടെ കൈകളെ (തെറ്റുകളില്‍ നിന്ന്) തടുക്കുക. (മുസ്നദു അഹ്മദ് – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി ഹസനുന്‍ ലിഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)
قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَأَزْوَٰجٌ مُّطَهَّرَةٌ وَرِضْوَٰنٌ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرُۢ بِٱلْعِبَادِ ﴿١٥﴾ ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ ﴿١٦﴾ ٱلصَّٰبِرِينَ وَٱلصَّٰدِقِينَ وَٱلْقَٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ ﴿١٧﴾
(നബിയേ) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞു തരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തന്റെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്തുകൂടി നദികളൊഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും). കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ഥിക്കുന്നവരും ക്ഷമ കൈക്കൊള്ളുന്നവരും സത്യം പാലിക്കുന്നവരും ഭയഭക്തിയുള്ളവരും ചെലവഴിക്കുന്നവരും രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍. (ഖുര്‍ആന്‍ :3/15-17)
കച്ചവടത്തിൽ ബറകത്ത് ലഭിക്കും
عَنْ حَكِيمَ بْنَ حِزَامٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : الْبَيِّعَانِ بِالْخِيَارِ مَا لَمْ يَتَفَرَّقَا، فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا، وَإِنْ كَذَبَا وَكَتَمَا مُحِقَتْ بَرَكَةُ بَيْعِهِمَا
ഹകീം ബ്നു ഹിസാമില്‍ (റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: വാങ്ങുന്നവനും വിൽക്കുന്നവനും വിൽക്കുന്നിടത്ത് നിന്ന് വേ൪പിരിയാത്തിടത്തോളം കാലം (സാധനം വാങ്ങാനും വേണ്ടെന്ന് വെക്കാനും) സ്വാതന്ത്ര്യമുളളവരാണ്. രണ്ടാളും സത്യസന്ധത പുല൪ത്തുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്താൽ അവരുടെ കച്ചവടം അനുഗ്രഹമുളളതായി. ഇനി രണ്ടാളും കളളത്തരം കാണിക്കുകയും കുറവുകൾ മറച്ച് വെക്കുകയും ചെയ്താൽ അവരുടെ കച്ചവടം അനുഗ്രഹമറ്റതായി. (ബുഖാരി:2110)
സ്വർഗത്തിൽ സത്യസന്ധന്മാരുടെ കൂടെ
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا
ആര് അല്ലാഹുവിനെയും അവന്റെ ദൂതനേയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്ത സാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും അവര്‍ എത്ര നല്ല കൂട്ടുകാര്‍. (ഖുര്‍ആന്‍ :4/69)
നബി ﷺ പറഞ്ഞു: ‘വിശ്വസ്തനും സത്യസന്ധനും വിശ്വാസിയുമായ കച്ചവടക്കാരന്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ പ്രവാചകന്മാരോടും സത്യവാന്മാരോടും രക്തസാക്ഷികളോടും കൂടെയായിരിക്കും. (ഇബ്‌നുമാജ).
kanzululoom.com