സഹായമനസ്കത

സഹോദരന്റെ പ്രയാസങ്ങള്‍ പരിഹരിക്കുന്ന മാര്‍ഗേണ സഹായഹസ്തം നീട്ടുവാനുള്ള ത്വര ഏറെ ശ്ലാഘനീയമാണ്. മതപരമായ ശാസനകളും പ്രോത്സാഹനങ്ങളും സഹായസഹകരണങ്ങളുടെ വിഷയത്തില്‍ ഏറെയാണ്. അല്ലാഹു പറഞ്ഞു:

وَإِنِ ٱسْتَنصَرُوكُمْ فِى ٱلدِّينِ فَعَلَيْكُمُ ٱلنَّصْرُ إِلَّا عَلَىٰ قَوْمِۭ بَيْنَكُمْ وَبَيْنَهُم مِّيثَٰقٌ

ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുമായി കരാറിലേര്‍പ്പെട്ടു കഴിയുന്ന ജനതക്കെതിരായി (നിങ്ങളവരെ സഹായിക്കുവാന്‍) പാടുള്ളതല്ല. (ഖു൪ആന്‍ :8/72)

وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ

പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. (ഖു൪ആന്‍ :5/2)

عن عبد الله بن عمر قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَحَبُّ الناسِ إلى اللهِ أنفعُهم للناسِ، وأَحَبُّ الأعمالِ إلى اللهِ عزَّ وجلَّ سرورٌ تُدخِلُه على مسلمٍ، تَكشِفُ عنه كُربةً، أو تقضِي عنه دَيْنًا، أو تَطرُدُ عنه جوعًا، ولأَنْ أمشيَ مع أخٍ في حاجةٍ؛ أَحَبُّ إليَّ من أن اعتكِفَ في هذا المسجدِ يعني مسجدَ المدينةِ شهرًا، ومن كظم غيظَه ولو شاء أن يُمضِيَه أمضاه؛ ملأ اللهُ قلبَه يومَ القيامةِ رِضًا، ومن مشى مع أخيه في حاجةٍ حتى يَقضِيَها له؛ ثبَّتَ اللهُ قدمَيه يومَ تزولُ الأقدامُ

അബ്ദുല്ലാഹ് ഇബ്‌നുഉമര്‍ رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ജനങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവരാണ്. പ്രവൃത്തികളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, ഒരു മുസ്‌ലിമിന്റെ മനസ്സിലേക്ക് പ്രവേശിപ്പിക്കുന്ന സന്തോഷമാണ്. അല്ലെങ്കില്‍ അവനില്‍നിന്ന് ഒരുപ്രയാസം നീക്കുകയോ, അവന്റെ കടം വീട്ടിക്കൊടുക്കുകയോ, അവന്റെ വിശപ്പ് ശമിപ്പിക്കുകയോ ചെയ്യലാണ്. ഒരു സഹോദരനോടൊപ്പം ഒരു ആവശ്യം വീട്ടുന്നതുവരെ ഞാന്‍ അതിനുവേണ്ടി നടക്കലാണ് എനിക്ക് ഈ പള്ളി (മസ്ജിദുന്നബവി) യില്‍ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനെക്കാള്‍ ഏറെ ഇഷ്ടകരം… ഒരാള്‍ തന്റെ മുസ്‌ലിമായ സഹോദരനോടൊപ്പം അദ്ദേഹത്തിന്റെ ഒരാവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതുവരെ നടന്നു പോവുകയാണ്, എങ്കില്‍ അയാളുടെ കാല്‍പാദങ്ങളെ അല്ലാഹു, കാലുകള്‍ പതറുന്ന നാളില്‍ (അന്ത്യനാളില്‍) ഉറപ്പിച്ചുനിര്‍ത്തും. (ത്വബ്‌റാനി, അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ انْصُرْ أَخَاكَ ظَالِمًا أَوْ مَظْلُومًا ‏”‏‏.‏ فَقَالَ رَجُلٌ يَا رَسُولَ اللَّهِ  ، أَفَرَأَيْتَ إِذَا كَانَ ظَالِمًا كَيْفَ أَنْصُرُهُ قَالَ ‏”‏ تَحْجُزُهُ أَوْ تَمْنَعُهُ مِنَ الظُّلْمِ، فَإِنَّ ذَلِكَ نَصْرُهُ ‏”‏‏.‏

അനസ് رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “നിന്റെ സഹോദരനെ അവന്‍ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക.” അപ്പോള്‍ ഒരാള്‍ ചോദിച്ചു: ”തിരുദൂതരേ, അക്രമിക്കപ്പെട്ടവനാണെങ്കില്‍ എനിക്കവനെ സഹായിക്കാം. അവന്‍ അക്രമിയാണെങ്കില്‍ ഞാന്‍ എങ്ങനെ അവനെ സഹായിക്കും?” ”നീ അവനെ അക്രമത്തില്‍ നിന്ന് തടയണം. നിശ്ചയം അതാണ് അവനുള്ള സഹായം” (ബുഖാരി)

ജാബിര്‍ رضي الله عنه വില്‍നിന്നുള്ള മറ്റൊരു ഹദീഥില്‍ ഇപ്രകാരമാണുള്ളത്:

സഹോദരന്‍ അക്രമിക്കപ്പെട്ടവനാണെങ്കില്‍ അവനെ സഹായിക്കണം. അവന്‍ അക്രമിയാണെങ്കില്‍ അവനെ അക്രമത്തില്‍നിന്ന് തടയണം. (ബുഖാരി).

عَنِ الْبَرَاءِ بْنِ عَازِبٍ ـ رضى الله عنهما ـ قَالَ أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم بِسَبْعٍ بِعِيَادَةِ الْمَرِيضِ، وَاتِّبَاعِ الْجَنَائِزِ، وَتَشْمِيتِ الْعَاطِسِ، وَنَصْرِ الضَّعِيفِ، وَعَوْنِ الْمَظْلُومِ، وَإِفْشَاءِ السَّلاَمِ، وَإِبْرَارِ الْمُقْسِمِ،

ബര്‍റാഅ് ഇബ്‌നുആസിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  രോഗസന്ദര്‍ശനം, ജനാസയെ അനുഗമിക്കല്‍, തുമ്മിയവനെ തശ്മീത്ത് ചെയ്യല്‍, ദുര്‍ബലനെ സഹായിക്കല്‍, മര്‍ദിതനെ തുണക്കല്‍, സലാം വ്യാപിപ്പിക്കല്‍, സത്യം ചെയ്തത് നിറവേറ്റല്‍ എന്നീ ഏഴു കാര്യങ്ങള്‍കൊണ്ട് തിരുദൂതന്‍ ഞങ്ങളോടു കല്‍പിച്ചു. (ബുഖാരി)

അന്യരെ സഹായിക്കുന്നതിന്റെ മഹത്ത്വമറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്.

നബി ﷺ പറഞ്ഞു:അല്ലാഹു ഒരു അടിമയുടെ സഹായിയാണ്; അയാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം… (മുസ്‌ലിം)

ഒരാള്‍ സ്വസഹോദരനെ അവന്റെ അസാന്നിധ്യത്തില്‍ സഹായിച്ചാല്‍ അല്ലാഹു അവനെ ഇഹത്തിലും പരത്തിലും സഹായിക്കും. (സുനനുല്‍ ബയ്ഹക്വി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

തിരുനബി ﷺ യുടെ സവിശേഷ സ്വഭാവമായിരുന്നു അഗതികളെയും അശരണരെയും സഹായിക്കല്‍. വഹ്‌യു ലഭിച്ച ആദ്യനാളില്‍ ഭയന്നും പനിപിടിച്ചും ഭാര്യ ഖദീജ رضى الله عنها യുടെ അടുക്കലെത്തിയ നബി ﷺ യെ സമാശ്വസിപ്പിച്ച് അവര്‍ പറഞ്ഞു:

كَلاَّ أَبْشِرْ، فَوَاللَّهِ لاَ يُخْزِيكَ اللَّهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَصْدُقُ الْحَدِيثَ، وَتَحْمِلُ الْكَلَّ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الْحَقِّ‏

ഒരിക്കലും ഭയപ്പെടേണ്ട. താങ്കള്‍ സന്തോഷിക്കുക. അല്ലാഹുവാണേ, അല്ലാഹു താങ്കളെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കള്‍ കുടുംബ ബന്ധം ചാര്‍ത്തുന്നു. വര്‍ത്തമാനത്തില്‍ സത്യസന്ധത പുലര്‍ത്തുന്നു. ഭാരം പേറുന്നവന്റെ ഭാരം താങ്ങുന്നു. ധനം നിഷേധിക്കപ്പെട്ടവന് നേടിക്കൊടുക്കുന്നു. അഥിതിയെ സല്‍കരിക്കുന്നു. ആപത്തുകളില്‍ സഹായം നല്‍കുകയും ചെയ്യുന്നു. (ബുഖാരി)

ക്വിബ്ത്വികളുടെ മര്‍ദനങ്ങളിലും പരിഹാസങ്ങളിലും പൊറുതിമുട്ടുന്നവരായിരുന്നു ഇസ്‌റാഈല്യര്‍ ഈജിപ്തില്‍. അന്നാളുകളില്‍ മൂസാനബി عليه السلام യോട് സഹായമഭ്യര്‍ഥിക്കുകയും അദ്ദേഹം സഹായിക്കുവാനൊരുങ്ങുകയും ചെയ്ത ഇസ്‌റാഈല്യരുടെ കഥ വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്:

وَلَمَّا بَلَغَ أَشُدَّهُۥ وَٱسْتَوَىٰٓ ءَاتَيْنَٰهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ‎﴿١٤﴾‏ وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَٰذَا مِنْ عَمَلِ ٱلشَّيْطَٰنِ ۖ إِنَّهُۥ عَدُوٌّ مُّضِلٌّ مُّبِينٌ ‎﴿١٥﴾‏

അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു. അപ്പോള്‍ അവിടെ രണ്ടു പുരുഷന്മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു. (ഖു൪ആന്‍ :28/14-15)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *