അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത് നിഷിദ്ധം

‘അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത് ഭക്ഷിക്കാന്‍ പാടില്ല’ എന്ന് മൂന്ന് സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആൻ പറഞ്ഞിട്ടുണ്ട്. (അൽബഖറ:173, മാഇദ:3, അന്നഹ്ൽ:115)

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:2/173)

وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ (അല്ലാഹു അല്ലാത്തവര്‍ക്കായി ശബ്ദം ഉയര്‍ത്തപ്പെട്ടത്) എന്നാൽ ‘അല്ലാഹു അല്ലാത്തവര്‍ക്കായി അറുക്കപ്പെട്ടത്’ എന്നാണ് ഉദ്ദേശ്യം. ഇബ്‌നു ജരീര്‍ رحمه الله പറയുന്നത് കാണുക:

وإنما قيل: ” وما أهِلَّ به “، لأنهم كانوا إذا أرادوا ذبح ما قرَّبوه لآلهتهم، سموا اسم آلهتهم التي قربوا ذلك لها، وجَهروا بذلك أصْواتَهم, فجرى ذلك من أمرهم على ذلك، حتى قيل لكل ذابح، سمَّى أو لم يُسمِّ، جهر بالتسمية أو لم يجهر-: ” مُهِلٌّ”. فرفعهم أصواتهم بذلك هو ” الإهلال ” الذي ذكره الله تعالى فقال: ” وما أهِلَّ به لغير الله “.

مَا أُهِلَّ بِهِ എന്ന് പറയപ്പെടാൻ കാരണം അവര്‍ (മുശ്‌രിക്കുകള്‍) തങ്ങളുടെ ആരാധ്യര്‍ക്ക് വഴിപാടാക്കപ്പെട്ടിരുന്ന വസ്തുക്കളെ അറുക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍, ആ ആരാധ്യരുടെ പേരുകള്‍ പറയുകയും അത് ഉച്ചത്തില്‍ ശബ്ദിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങിനെ പതിവായിപ്പോന്ന് അവസാനം (ദൈവങ്ങളുടെ) പേരുപറഞ്ഞോ പറയാതെയോ, ഉച്ചത്തില്‍ ശബ്ദിച്ചോ അല്ലാതെയോ അറുക്കുന്ന എല്ലാവര്‍ക്കും مُهِلّ (ശബ്ദം ഉയര്‍ത്തുന്നവന്‍) എന്ന് പറയപ്പെട്ടുവന്നു. مَا أُهِلَّ بِهِ لِغَيْرِ اللَّهِ (അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടത്) എന്ന് അല്ലാഹു പറഞ്ഞതിലെ ശബ്ദം ഉയര്‍ത്തല്‍ (إهْلال) കൊണ്ട് വിവക്ഷ ഇതാണ്. (ത്വബ്രി)

ഇബ്‌നു ജരീര്‍ رحمه الله യുടെ പ്രസ്താവനയില്‍ നിന്ന് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും: അറുക്കുമ്പോള്‍ ആരുടെ പേര് പറഞ്ഞുവെന്നല്ല നോക്കേണ്ടത്, ആര്‍ക്ക് വേണ്ടിയാണ് – ആരുടെ പേരിലോ പ്രീതിക്കോ വേണ്ടിയാണ് – അറുക്കപ്പെടുന്നത് എന്നാണ് നോക്കേണ്ടത്. അല്ലാഹു അല്ലാത്ത ആരുടെ പേരിലോ ‘ആരുടെ പ്രീതിക്കോ’ ആര്‍ക്ക് നേര്‍ച്ച വഴിപാടായോ അറുക്കപ്പെട്ടാലും, അതെല്ലാം ഈ വാക്കില്‍ ഉള്‍പ്പെടുന്നതും ഭക്ഷിക്കുവാന്‍ പാടില്ലാത്തതുമാകുന്നു. അല്ലാഹു അല്ലാത്തവരില്‍ വിഗ്രഹങ്ങളും, മഹാന്‍മാരും, ദേവീദേവന്‍മാരും, വിശിഷ്ടന്‍മാരും, നികൃഷ്ടന്‍മാരും എന്നിങ്ങിനെയുള്ള വ്യത്യാസമില്ലാതെ എല്ലാ വസ്തുക്കളും ഉള്‍പ്പെടുന്നതാണ്. (അമാനി തഫ്സീര്‍)

{وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ} أي: ذبح لغير الله, كالذي يذبح للأصنام والأوثان من الأحجار, والقبور ونحوها,

{അല്ലാഹു അല്ലാത്തവര്‍ക്കായി ശബ്ദം ഉയര്‍ത്തപ്പെട്ടത്}അതായത്: അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കപ്പെട്ടത്‌. വിഗ്രഹങ്ങൾ, പ്രതിമകൾ, കല്ലുകൾ, ഖബ്റുകൾ എന്നിവയ്ക്കായി അറുക്കുന്നതു പോലെ. (തഫ്സീറുസ്സഅ്ദി)

അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും – അത് വിഗ്രഹങ്ങളോ മഹാന്‍മാരോ പിശാചുക്കളോ ആരുതന്നെ ആയാലും ശരി – നാമത്തിലോ, അവരുടെ പ്രീതിക്കുവേണ്ടിയോ അറുക്കപ്പെട്ടത് എന്നാണിത് ‌കൊണ്ട് വിവക്ഷ. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയോ വഴിപാടോ ആയി അറുക്കപ്പെട്ടതും, യാഗം, ബലി മുതലായവക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങളില്‍ വെച്ച് അറുക്കപ്പെട്ടതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്. (അമാനി തഫ്സീര്‍)

അലി رضي الله عنه വില്‍ നിന്ന് ഇമാം മുസ്‌ലിം رحمه الله ഉദ്ധരിച്ച ഒരു നബി വചനം കാണുക:

وَلَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ

അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു.

ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി رحمه الله പറയുന്നു: അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക എന്നത് കൊണ്ടുദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കുക എന്നാകുന്നു. അതായത്, വിഗ്രഹത്തിനോ, കുരിശിനോ, മൂസാ عليه السلام ക്കോ, ഈസാ عليه السلام ക്കോ, കഅ്ബഃ മുതലായതിനോ വേണ്ടി അറുക്കുന്നതുപോലെ. ഇതെല്ലാം ഹറാമാകുന്നു. ഈ അറുക്കപ്പെട്ടത് (ഭക്ഷിക്കല്‍) അനുവദനീയവുമല്ല. അറുത്തവന്‍ മുസ്‌ലിമോ, ക്രിസ്ത്യാനിയോ, യഹൂദിയോ ആയിക്കൊള്ളട്ടെ. ശാഫിഈ رحمه الله അത് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. നമ്മുടെ ആള്‍ക്കാര്‍ (പണ്ഡിതന്‍മാര്‍) അതില്‍ യോജിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവല്ലാത്ത ഏതൊന്നിനായി അറുക്കപ്പെട്ടുവോ അതിനെ ബഹുമാനിക്കലും ആരാധിക്കലും കൂടി അതോടൊപ്പം കരുതിയിട്ടുണ്ടെങ്കില്‍ അത് കുഫ്‌റു (അവിശ്വാസവു)മാണ്. അറുത്തവന്‍ മുമ്പ് മുസ്‌ലിമായിരുന്നാല്‍ അവനിപ്പോള്‍ മതഭ്രഷ്ടനാകുകയും ചെയ്തു. (شرح مسلم)

അപ്പോള്‍, അറുക്കുമ്പോള്‍ അല്ലാഹുവിന്റെ പേര് പറഞ്ഞു അറുത്താല്‍തന്നെയും അല്ലാഹു അല്ലാത്ത ഏതെങ്കിലും ആളുടെയൊ വസ്തുവിന്‍റെയോ ബഹുമാനാര്‍ത്ഥം അറുക്കുന്നതും നിഷിദ്ധമാണെന്ന് ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്.

حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ് ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :5/3)

{ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ ْ} أي: ذُكر عليه اسم غير الله تعالى، من الأصنام والأولياء والكواكب وغير ذلك من المخلوقين. فكما أن ذكر الله تعالى يطيب الذبيحة، فذكر اسم غيره عليها، يفيدها خبثا معنويا، لأنه شرك بالله تعالى.

{അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌}അതായത്: അല്ലാഹു അല്ലാത്ത ഒന്നിന്റെ നാമം അതിന് മുകളിൽ പരാമർശിക്കപ്പെട്ടിരുന്നു, (ഉദാഹരണത്തിന്) വിഗ്രഹങ്ങൾ, ഔലിയാക്കൾ, നക്ഷത്രങ്ങൾ, മറ്റ് സൃഷ്ടികൾ എന്നിവയുടെ പേരുകൾ. അറുക്കുന്ന സമയത്ത് അതിന്മേൽ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത് അതിനെ നല്ലതും അനുവദനീയവുമാക്കുന്നതുപോലെ, അവന്റേതല്ലാത്ത എന്തിന്റെയും നാമം ഉച്ചരിക്കുന്നത് അതിനെ അശുദ്ധമാക്കുന്നു, കാരണം അത് അല്ലാഹുവുമായി മറ്റെന്തെങ്കിലും പങ്കുചേർക്കലാണ്. (തഫ്സീറുസ്സഅ്ദി)

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ‎

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ (അല്ലാഹു) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും (ഇവ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍ അതിന് ആഗ്രഹം കാണിക്കുന്നവനോ അതിരുവിട്ട് തിന്നുന്നവനോ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :16/115)

{ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} كالذي يذبح للأصنام والقبور ونحوها لأنه مقصود به الشرك.

{അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത്} വിഗ്രഹങ്ങൾക്ക് വേണ്ടി അറുക്കപ്പെട്ടത്, ഖബ്‌റുകൾ തുടങ്ങിയവ. കാരണം, അതിന്റെ പിന്നിലെ ഉദ്ദേശ്യം അല്ലാഹുവിന് പങ്കാളികളെ ആക്കുക (ശിർക്ക്) എന്നതാണ്. (തഫ്സീറുസ്സഅ്ദി)

قوله تعالى :{وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} ظاهره أنه ما ذبح لغير الله ، مثل أن يقال هذا ذبيحة لكذا ؛ وإذا كان هذا هو المقصود فسواء لفظ به أو لم يلفظ ، وتحريم هذا أظهر من تحريم ما ذبحه النصراني للحم وقال فيه باسم المسيح ونحوه ، كما أن ما ذبحناه نحن متقربين به إلى الله سبحانه كان أزكى وأعظم مما ذبحناه للحم وقلنا عليه باسم الله ؛ فإن عبادة الله سبحانه بالصلاة له والنسك له أعظم من الاستعانة باسمه في فواتح الأمور ، فكذلك الشرك بالصلاة لغيره والنسك لغيره أعظم شركا من الاستعانة باسم هذا الغير في فواتح الأمور ؛ فإذا حرم ما قيل فيه باسم المسيح والزهرة فلأن يحرم ما قيل فيه لأجل المسيح والزهرة ، أو قصد به ذلك أولى … ؛ وعلى هذا فلو ذبح لغير الله متقربا به إليه : لحرم ، وإن قال فيه بسم الله ؛ كما يفعله طائفة من منافقي هذه الأمة الذين يتقربون إلى الأولياء والكواكب بالذبح والبخور ونحو ذلك ، وإن كان هؤلاء مرتدين لا تباح ذبيحتهم بحال ، لكن يجتمع في الذبيحة مانعان … “

وما أهل لغير الله به എന്നതിന്റെ ബാഹ്യംതന്നെ അറിയിക്കുന്നത് അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കപ്പെട്ടത്‌ എന്നാണ്. ‘ഈ ബലിമൃഗം ഇന്നതിന് വേണ്ടിയാണ്’ എന്ന് പറയുന്നതുപോലയാണ് ഈ അറവ്. ഇതാണ് ഉദ്ദേശ്യമെങ്കിൽ അറുക്കുന്ന സമയം അവരുടെ പേര് ഉദ്ദരിച്ചാലും, ഇല്ലെങ്കിലും സമമാണ്. മസീഹിന്റെ പേര് പറഞ്ഞോ മറ്റാരുടെയെങ്കിലും പേര് പറഞ്ഞോ മാംസത്തിന് വേണ്ടി അറുക്കുന്നതിനേക്കാൾ പ്രകടമായ നിഷിദ്ധമാണ് അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക എന്നതിലെ നിഷിദ്ധം . ബിസ്മില്ലാ പറഞ്ഞ് മാംസത്തിന് വേണ്ടി അറുക്കുന്നതിനേക്കാൾ ഏറ്റവും മഹനീയവും സംശുദ്ധവുമാണ് അല്ലാഹുവിന്റെ സാമീപ്യത്തിന് വേണ്ടി അറുക്കുന്നത്. കാര്യങ്ങളുടെ ആരംഭത്തിൽ അല്ലാഹുവിന്റെ നാമത്തിൽ സഹായം തേടുന്നതിനേക്കാൾ മഹത്തരമാണ് അല്ലാഹുവിനോട് പ്രാർത്ഥിച്ചും അവനുവേണ്ടി കർമ്മങ്ങൾ അനുഷ്ഠിച്ചും അവനെ ആരാധിക്കുന്നത്. അതുപോലെ, കാര്യങ്ങളുടെ ആരംഭത്തിൽ അല്ലാഹുവല്ലാത്ത ഒരാളുടെ നാമത്തിൽ സഹായം തേടുന്നതിനേക്കാൾ ഗൗരവമാണ് അല്ലാഹുവല്ലാത്ത ഒരാളോട് പ്രാർത്ഥിച്ചും അവനുവേണ്ടി കർമ്മങ്ങൾ അനുഷ്ഠിച്ചും അവന് പങ്കാളികളെ പങ്കുചേർക്കുന്നത്. ‘മസീഹിന്റെയും ശുക്രന്റെയും പേരിൽ’ എന്ന് പറയുന്നത് നിഷിദ്ധമാണെങ്കിൽ, ‘മസീഹിന്റെയും ശുക്രന്റെയും വേണ്ടി’ ചെയ്യുന്നത് അതിനേക്കാൾ നിഷിദ്ധമാണ്. അതിനാൽ, അല്ലാഹുവിനോട് അടുക്കാൻ ആഗ്രഹിച്ചുകൊണ്ട്, അല്ലാഹുവല്ലാത്തവർക്ക് വേണ്ടി അറുക്കുന്നത് നിഷിദ്ധമാണ്, അവന്‍ ബിസ്മില്ലാ പറഞ്ഞാലും. ഈ ഉമ്മത്തിലെ ചില കപടവിശ്വാസികൾ ചെയ്യുന്നതുപോലെ, അറുക്കുന്നതിലൂടെ അവര്‍ ഔലിയാക്കളുടെയും നക്ഷത്രങ്ങളുടെ അടുപ്പത്തിനായി ശ്രമിക്കുന്നു. [اقتضاء الصراط المستقيم” (260)]

ഇതിൽ നിന്നും ചുരുക്കത്തിൽ ഇപ്രകാരം മനസ്സിലാക്കാം:

1.അല്ലാഹു അല്ലാത്തവർക്ക് അറുക്കൽ കുഫ്റും ശിര്‍ക്കുമാണ്.

2.അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുത്തത് ഭക്ഷിക്കൽ നിഷിദ്ധമാണ്. (ഉദാഹരണം: ഈസാ عليه السلام, മുഹ്‌യിദ്ദീൻ ശൈഖ് رحمه الله എന്നിവരുടെ പേരിൽ അറുത്തത്)

3.അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തത് ഭക്ഷിക്കൽ നിഷിദ്ധമാണ്. (ഉദാഹരണം: ഈസാ عليه السلام, മുഹ്‌യിദ്ദീൻ ശൈഖ് رحمه الله എന്നിവര്‍ക്ക് വേണ്ടി അറുത്തത്.) ഔലിയാക്കളുടെ പ്രീതിയും സാമീപ്യവും ഉദ്ദേശിച്ച് ‘ബിസ്മില്ലാ’ പറഞ്ഞ് അറുത്താലുും ഇതിൽ പെടും.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *