മനുഷ്യപ്രകൃതിയുടെ തേട്ടം

ബഹുമാന്യ പണ്ഡിതൻ ഹംദുബിനു ഇബ്‌റാഹീം ഉസ്മാൻ രചിച്ച الصوارف عن الحق എന്ന അറബി കൃതിയുടെ ആമുഖ ഭാഗത്തിന്റെ പരിഭാഷയാണിത്.

വിവര്‍ത്തനം : ഡോ. ഷാജി സ്വലാഹി, എടത്തനാട്ടുകര

അല്ലാഹുവിനാകുന്നു സർവസ്തുതിയും. അല്ലാഹുവിന്റെ ദൂതന് രക്ഷയും സമാധാനവും ഉണ്ടാകട്ടെ. അല്ലാഹു തന്റെ മുഴുവൻ സൃഷ്ടികളെയും ശുദ്ധ പ്രകൃതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശുദ്ധ ക്വുർആനിൽ അല്ലാഹു പ്രസ്താവിക്കുന്നത് അപ്രകാരമാകുന്നു:

فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ

അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്.  (ഖുര്‍ആൻ:30/30)

സത്യത്തെ ലക്ഷ്യം വയ്ക്കുന്നതും സ്‌നേഹിക്കുന്നതുമായ സ്വഭാവത്തിലാണ് മനുഷ്യ പ്രകൃതിയുടെ സൃഷ്ടിപ്പ്.

قال شيخ الإسلام ابن تيمية رحمه الله :والقلب خُلِق يُحب الحقَّ ويُريده ويَطلبه

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: സത്യത്തെ സ്‌നേഹിക്കുകയും ലക്ഷ്യം വയ്ക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന രീതിയിലാണ് ഹൃദയത്തിന്റെ സൃഷ്ടിപ്പ്. (മജ്മൂഉൽ ഫതാവാ 10/88)

وقال أيضًا : فإنّ الحق محبوب في الفطرة، وهو أحب إليها وأجلّ فيها، وألذ عندها من الباطل الذي لا حقيقة له، فإنّ الفطرة لا تحب ذلك.

അദ്ധേഹം പറഞ്ഞു: സത്യത്തോടുള്ള സ്‌നേഹം മനുഷ്യപ്രകൃതിയിൽ അന്തർലീനമാണ്. നിരർഥകമായ അസത്യത്തെക്കാൾ അതാണ് അവന്റെ പ്രകൃതിക്ക് കൂടുതൽ ആസ്വാദ്യകരവും മഹത്തരവുമായത്. കാരണം, മനുഷ്യപ്രകൃതിക്ക് ഒരിക്കലും അസത്യത്തോട് താദാത്മ്യം പ്രാപിക്കാൻ കഴിയില്ല.’(മജ്മൂഉൽ ഫതാവാ 16/338)

മനസ്സുകളിൽ വേരൂന്നിയ സത്യത്തോടുള്ള സ്‌നേഹത്തിന് പുറമെ, അവ സ്വാഭാവികമായും സത്യം കണ്ടെത്താൻ ചായ്‌വുള്ളവയാണ്. സർവശക്തനായ ദൈവത്തെക്കുറിച്ച് മൂസാ عليه السلام പറഞ്ഞതുപോലെ;

قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ ‎

അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌. (ഖുർആൻ:20/50)

قال النبي :الإِثْمُ مَا حَاكَ فِي صَدْرِكَ وَكَرِهْتَ أَنْ يَطَّلِعَ عَلَيْهِ النَّاسُ.‏

പ്രവാചകൻﷺ പറഞ്ഞു: പാപം എന്നത് നിങ്ങളുടെ ഹൃദയത്തിൽ ചൊറിച്ചിലുണ്ടാക്കുന്നതും ആളുകൾ അത് അറിയുന്നത് നിങ്ങൾ വെറുക്കുന്നതുമാണ്. (മുസ്‌ലിം:2553)

قال شيخ الإسلام ابن تيمية رحمة الله: في النَّفس ما يوجب ترجيح الحق على الباطل في الاعتقادات والإرادات وهذا كافٍ في كونها ولدت على الفطرة

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: വിശ്വാസ കാര്യങ്ങളിലും ലക്ഷ്യങ്ങളിലും അസത്യത്തെക്കാൾ സത്യത്തിന് മുൻഗണന അനിവാര്യമാക്കുന്ന ഒരു കാര്യം മനുഷ്യമനസ്സിൽ തന്നെയുണ്ട്. ശുദ്ധ പ്രകൃതിയിലാണ് അത് ജന്മം കൊണ്ടിരിക്കുന്നതെന്ന് സൂചിപ്പിക്കാൻ ഇത് പര്യാപ്തമാണ്. (ദറ്ഉ തആറൂദുൽ അക്വ‌്‌ൽ വ നക്വ‌്‌ൽ 3/463)

وقال أيضا : والله – سبحانه وتعالى – خلق عباده على الفطرة التي فيها الحق والتصديق به ومعرفة الباطل والتكذيب به، ومعرفة النافع الملائم والمحبة له ومعرفة الضار المنافي والبغض له بالفطرة.

അദ്ദേഹം ഇങ്ങനെയും പറഞ്ഞു: ‘സത്യം ഉൾക്കൊള്ളാനും അസത്യത്തെ മനസ്സിലാക്കാനും നിഷേധിക്കുവാനും; മനുഷ്യന് അനുയോജ്യമായതും പ്രയോജനകരമായതും തിരിച്ചറിയുവാനും അതിനെ സ്‌നേഹിക്കുവാനും; അവന് വിരുദ്ധവും ദോഷകരവുമായ കാര്യങ്ങളോട് സ്വാഭാവികമായ എതിർപ്പ് പുലർത്തുന്നമായ പ്രകൃതിയിലാണ് അല്ലാഹു തന്റെ ദാസന്മാരെ സൃഷ്ടിച്ചത്.’ (ദറ്ഉ തആറൂദുൽ അക്വ‌്‌ൽ വ നക്വ‌്‌ൽ 3/463.)

ഏതാണോ യഥാർഥത്തിൽ നിലനിൽക്കുന്നത് അതിനെ മനുഷ്യപ്രകൃതി സത്യപ്പെടുത്തുകയും ഏതാണോ യഥാർഥത്തിൽ പ്രയോജനപ്രദമായത് അതിനെ തിരിച്ചറിയുകയും ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നുവോ അതാണ് നന്മ. എന്നാൽ യഥാർഥമല്ലാത്തതും അസത്യവുമായതുമായതിനെ മനുഷ്യപ്രകൃതി വെറുക്കുകയും നിരസിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:

يَأْمُرُهُم بِٱلْمَعْرُوفِ وَيَنْهَىٰهُمْ عَنِ ٱلْمُنكَرِ

അദ്ദേഹം (പ്രവാചകൻ) അവരോട് നന്മ കൽപിക്കുകയും അവരോട് തിന്മ വിലയ്ക്കുകയും ചെയ്യുന്നു. (ഖുർആൻ:7/157)

സത്യത്തെ മനസ്സിലാക്കുകയും ലക്ഷ്യം വയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുക എന്നുള്ളത് മനുഷ്യമനസ്സിൽ വേരുറച്ചതാണ് എന്നുള്ളതിന് മതപരമായ തെളിവുകളുടെ പിൻബലമുള്ള കാര്യമാണ്. അല്ലാഹു പറയുന്നു:

أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِۦ وَيَتْلُوهُ شَاهِدٌ مِّنْهُ

എന്നാല്‍ ഒരാള്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി അതിനെ തുടര്‍ന്ന് വരുകയും ചെയ്യുന്നു. (ഖുർആൻ:11/17)

فالبينة الوحي الذي أنزله الله، والشاهد هو شاهد الفطرة المستقيمة، والعقل الصريح

വ്യക്തമായ തെളിവ് എന്നുവെച്ചാൽ അല്ലാഹു അവതരിപ്പിച്ച ദിവ്യ സന്ദേശമാകുന്നു. എന്നാൽ സാക്ഷി എന്നതുകൊണ്ട് ഉദ്ദേശ്യം ചൊവ്വായ മനുഷ്യപ്രകൃതിയും സുവ്യക്തമായ മനുഷ്യ ബുദ്ധിയുമാകുന്നു. (തൈസീറുൽ കരീമിർറഹ്‌മാൻ, പേജ് 379)

قال العلامة عبد الرحمن السعدي رحمة الله:  فالدين هو دين الحكمة التي هي معرفة الصواب والعمل بالصواب، ومعرفة الحق والعمل بالحق في كل شيء.

അല്ലാമാ അബ്ദുറഹ്‌മാൻ അസ്സഅദി رحمة الله പറഞ്ഞു: ‘ശരി മനസ്സിലാക്കുകയും അത് പ്രവർത്തിക്കുകയും, എല്ലാ കാര്യത്തിലും സത്യം എന്താണെന്ന് തിരിച്ചറിയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നുള്ള യുക്തിയുടെ മതമാണ് നമ്മുടെത്.’ (തൈസീറുല്ലത്വീഫിൽ മന്നാൻ, പേജ് 50)

മനുഷ്യമനസ്സുകൾ ശുദ്ധപ്രകൃതിയിൽ നിലനിൽക്കുകയാണെങ്കിൽ സത്യത്തെയല്ലാതെ അന്വേഷിക്കുകയില്ല. സത്യം വ്യക്തവും ഒരിക്കലും നിഗൂഢത ഇല്ലാത്തതുമാണ്.

قال معاذ بن جبل ـ رضي الله عنه : فإنّ على الحق نورا

മുആദ് ഇബ്‌നു ജബൽ رضي الله عنه പറഞ്ഞു: ‘തീർച്ചയായും സത്യത്തിനുമേൽ പ്രകാശം ഉണ്ടായിരിക്കും.’(ഹാകിം, അൽ മുസ്തതദ്‌റക് 4/460)

ഒരു യഹൂദിയായിരിക്കെ അബ്ദുല്ലാഹിബ്‌നു സലാം رضي الله عنه, ഹിജ്‌റ ചെയ്തു മദീനയിലെത്തിയ പ്രവാചകനെﷺ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം സത്യസന്ധത തുടിക്കുന്നതാണെന്ന് മനസ്സിലാക്കി.

قال عبد الله بن سلام – رضي الله عنه -: «لما قدم النبي ﷺ انجفل الناس عليه فكنت فيمن انجفل، فلما تبينت وجهه عرفت أن وجهه ليس بوجه كذاب، فكان أول شيء سمعته يقول: «أفشوا السلام، وأطعموا الطعام، وصلوا الأرحام، وصلوا والناس نيام تدخلوا الجنة بسلام .

അബ്ദുല്ലാഹിബ്‌നു സലാം رضي الله عنه പറയുന്നു: ‘പ്രവാചകൻﷺ മദീനയിൽ വന്നപ്പോൾ അദ്ദേഹത്തെ കാണുന്നതിനുവേണ്ടി ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ അടുക്കലേക്ക് ധൃതിയിൽ പോയി. ഞാനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന് മുഖം ദർശിക്കാൻ സാധിച്ച മാത്രയിൽ ആ മുഖം ഒരിക്കലും ഒരു കള്ളം പറയുന്നവന്റെതല്ല എന്ന് എനിക്ക് വ്യക്തമായി. എനിക്ക് ആദ്യമായി അദ്ദേഹത്തിൽനിന്ന് കേൾക്കാൻ കഴിഞ്ഞ വചനം ഇതായിരുന്നു: ‘നിങ്ങൾ സലാം വ്യാപിപ്പിക്കുകയും ഭക്ഷണം മറ്റുള്ളവർക്ക് നൽകുകയും കുടുംബബന്ധം ചേർക്കുകയും ജനങ്ങൾ ഉറങ്ങുന്ന വേളയിൽ നമസ്‌കരിക്കുകയും ചെയ്യുക. എങ്കിൽ സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം.’ (അഹ്‌മദ്, അൽമുസ്‌നദ് 5/451, തിർമുദി 5/652, നമ്പർ 485.)

പ്രതാപവാനായ അല്ലാഹുവിന്റെ യുക്തിയാണ് അവൻ ഉദ്ദേശിക്കുന്നവർ വഴികേടിലാകുന്നതും അവന്റെ ഉദ്ദേശ്യത്താൽ നേർവഴിയിലാകുന്നതും. എന്നാൽ അതോടൊപ്പം തന്നെ സൃഷ്ടികൾക്ക് വേണ്ടി തെളിവ് ഇവിടെ നിലനിർത്തുകയും പ്രവാചകന്മാരെ അയക്കുകയും സത്യം വിജയിക്കുകയും ചെയ്യുന്നു.

അതുകൊണ്ട് ഒരു അടിമ തന്റെ സഹജ ഗുണത്തെ നിർബന്ധമായും സ്വീകരിക്കുകയും സത്യത്തിൽ നിന്ന് തന്നെ തടയുകയും തെറ്റിക്കുകയും ചെയ്യുന്ന എല്ലാ കാരണങ്ങളെയും കുറിച്ച് ജാഗ്രത കൈക്കൊള്ളുകയും ചെയ്യുക എന്നുള്ളത് നിർബന്ധമാണ്. അഥവാ ഇനി അവനെ വല്ലതും തെറ്റിച്ചാൽ തന്നെ സത്യത്തിലേക്ക് തിരിച്ചുവരികയും അത് സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. അങ്ങനെ ഒരു അടിമ സത്യത്തെ സ്‌നേഹിക്കുകയും ചെയ്യുക എന്നുള്ളത് ഒരു അടിമക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന മഹത്തായ അനുഗ്രഹത്തിൽ പെട്ടതാണ്.

قال أبو محمد ابن حزم رحمة الله: أفضل نعم الله على العبد أن يطبعه على العدل وحبّه، وعلى الحق وإيثاره.

അബു മുഹമ്മദ് ഇബ്‌നു ഹസം رحمة الله പറഞ്ഞു: ‘അല്ലാഹു ഒരു അടിമയ്ക്ക് നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മികച്ചത്, അവൻ അവന്റെ മേൽ നീതിയും സ്‌നേഹവും സത്യവും അതിനോടുള്ള ഇഷ്ടവും അവന്റെ പ്രകൃതിയിൽ ഊട്ടിയുറപ്പിച്ചു കൊടുക്കുന്നു എന്നതാണ്.’ (മുദാവതുന്നുഫൂസ്, പേജ്:31.)

وقال ابن القيم – رحمه الله -: فإنّ الكمال الإنساني مداره على أصلين : معرفة الحق من الباطل وإيثاره عليه وما تفاوت منازل الخلق عند الله تعالى في الدنيا والآخرة إلا بقدر تفاوت منازلهم في هذين الأمرين، وهما اللذان أثنى الله سبحانه على أنبيائه بهما في قوله تعالى : {وَٱذْكُرْ عِبَٰدَنَآ إِبْرَٰهِيمَ وَإِسْحَٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَٰرِ} [ص: ٤٥]. فالأيدي : القوي في تنفيذ الحق.

ഇബ്‌നുൽ ക്വയ്യിം رحمة الله പറഞ്ഞു: മനുഷ്യന്റെ പൂർണത രണ്ട് തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്: അസത്യത്തിൽ നിന്ന് സത്യത്തെ അറിയുക, അതിന് മുൻഗണന നൽകുക. ഈ രണ്ട് കാര്യങ്ങളിലും സൃഷ്ടികളുടെ സ്ഥാനം വ്യത്യാസപ്പെട്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ലാതെ ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ അടുക്കലും അവരുടെ സ്ഥാനം വ്യത്യാസപ്പെടുകയില്ല. അവന്റെ പ്രവാചകന്മാരെ അല്ലാഹു പുകഴ്ത്തിയ രണ്ട് കാര്യങ്ങളാണിവ: {കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക (38/45)} അപ്പോൾ ‘കൈകൾ’ എന്നാൽ സത്യം നടപ്പിലാക്കാൻ കഴിയുന്ന ശക്തമായവ എന്നർഥം. ‘കാഴ്ചപ്പാടുകൾ’ എന്നാൽ മതപരമായ കാര്യങ്ങളിലുള്ള കാഴ്ചപ്പാടുകൾ എന്നാണർഥം. അപ്പോൾ സത്യം പൂർണമായി മനസ്സിലാക്കാനും അത് നടപ്പിൽ വരുത്തുവാനും കഴിവുള്ളവരായി അല്ലാഹു അവരെ വിശേഷിപ്പിച്ചു. (അൽജവാബുൽ കാഫി, പേജ് 139.)

സത്യത്തോട് ഒട്ടിച്ചേർന്നു നിൽക്കാനുള്ള ഒരു കാരണം, അതിൽനിന്ന് ഒരാളെ പിന്തിരിപ്പിക്കുന്ന കാര്യങ്ങൾ എന്താണെന്ന് അറിയുക എന്നതാണ്. സത്യത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. അവ അറിയുകയും ഒഴിവാക്കുകയും വേണം. സത്യത്തിന്റെ ആളുകളിലും അതിന്റെ വക്താക്കളിലും നമ്മെ ഉൾപ്പെടുത്താനും വഴിതെറ്റലിന്റെയും മാർഗഭ്രംശത്തിന്റെയും കാരണങ്ങളിൽനിന്നും വഴികളിൽനിന്നും നമ്മെ അകറ്റിനിറുത്താനും ഞാൻ സർവശക്തനായ അല്ലാഹുവോട് അപേക്ഷിക്കുന്നു.

സത്യത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ഈ തടസ്സങ്ങളുടെ ആകെത്തുക القصد (ദുരുദ്ദേശ്യം),  الجهل (അജ്ഞത), الظلم (അനീതി), ശരിയായ മാർഗദർശനത്തിന്റെ അഭാവത്തിൽനിന്നുണ്ടാകുന്ന മോശം പെരുമാറ്റം എന്നിവയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയാവുന്നത്.

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *