നരകത്തിന്റെ കാവൽക്കാർ

ഖസനത്തു ജഹന്നം അഥവാ നരകത്തിന്റെ കാവൽക്കാർ

അല്ലാഹു പറയുന്നു:

وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ ءَايَٰتِ رَبِّكُمْ وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَٰذَا ۚ قَالُوا۟ بَلَىٰ وَلَٰكِنْ حَقَّتْ كَلِمَةُ ٱلْعَذَابِ عَلَى ٱلْكَٰفِرِينَ ‎

സത്യനിഷേധികള്‍ കൂട്ടംകൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. ‘നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ’ എന്ന് അതിന്‍റെ (നരകത്തിന്‍റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി. (ഖു൪ആന്‍:39/71-72)

تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌ

കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ല.

നരകത്തിന് കാവൽക്കാരുണ്ട്. അവര്‍ മലക്കുകളാണ്. അവർ ഭീമാകാരന്മാരാണ്. അവർ കഠിന പ്രകൃതക്കാരുമാണ്. അവരെ സൃഷ്ടിച്ച റബ്ബിനെ അവർ ധിക്കരിക്കില്ല, തങ്ങൾ കല്‌പിക്കപെട്ടത് അവർ പ്രാവർത്തികമാക്കുകയും ചെയ്യും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖു൪ആന്‍ :66/6)

നരകത്തിനുള്ള പാറാവുകാരായ മലക്കുകൾ പത്തൊമ്പത് പേരാകുന്നു. അല്ലാഹു പറഞ്ഞു:

سَأُصْلِيهِ سَقَرَ ‎﴿٢٦﴾‏ وَمَآ أَدْرَىٰكَ مَا سَقَرُ ‎﴿٢٧﴾‏ لَا تُبْقِى وَلَا تَذَرُ ‎﴿٢٨﴾‏ لَوَّاحَةٌ لِّلْبَشَرِ ‎﴿٢٩﴾‏ عَلَيْهَا تِسْعَةَ عَشَرَ ‎﴿٣٠﴾

വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌. സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്‌. അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്‌. (ഖു൪ആന്‍:74/26-30)

നരകത്തിന്റെ മേൽനോട്ടത്തിന് പത്തൊമ്പത് മലക്കുകളാണ്. പക്ഷേ, ഇവരിൽ ഒരു മലക്കിനുതന്നെ മുഴുവൻ മനുഷ്യരെയും നേരിടുവാനുള്ള ശക്തിയുണ്ട്.

وَمَا جَعَلْنَآ أَصْحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةً

നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്‌. (ഖു൪ആന്‍:74/31)

അവരുടെ ശക്തിയും പരുഷതയുമാണ് അതിനു കാരണം. (തഫ്സീറുസ്സഅ്ദി)

ഈ വിഷയത്തിലും അവിശ്വാസികൾ പരീക്ഷിക്കപ്പെട്ടു. ഈ ന്യൂനപക്ഷം മലക്കുകളെ തോൽപിക്കുവാനും നരകത്തിൽനിന്ന് രക്ഷപ്പെടുവാനും തങ്ങൾക്കാവുമെന്ന് അവർ ജൽപിച്ചു. അല്ലാഹു പറഞ്ഞു:

وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَٰنًا ۙ وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ وَٱلْمُؤْمِنُونَ ۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ

അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:74/31)

അവരുടെ എണ്ണത്തെക്കുറിച്ച് അല്ലാഹു അറിയിച്ചുതരുന്നത് ആര് അത് സത്യപ്പെടുത്തും, നിഷേധിക്കും എന്നറിയുന്നതിനു വേണ്ടിയാണ്. വേദക്കാര്‍ക്ക് അവരുടെ വേദഗ്രന്ഥങ്ങളോട് യോജിച്ച ആശയങ്ങള്‍ കാണുമ്പോള്‍ സത്യത്തിലുള്ള അവരുടെ വിശ്വാസം വര്‍ധിക്കും. അല്ലാഹുവിന്റെ വചനങ്ങള്‍ ഇറങ്ങുമ്പോഴെല്ലാം സത്യവിശ്വാസികള്‍ അത് അംഗീകരിക്കുകയും അവരുടെ വിശ്വാസം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ സംശയങ്ങളും ആശയക്കുഴപ്പങ്ങളും നീങ്ങുകയും ചെയ്യും. കളവാക്കുന്നവരെയും സത്യവാന്മാരെയും തിരിച്ചറിയുന്നതിന് വേണ്ടിയുമാണത്.

നരകത്തിന്റെ കാവൽക്കാരായ മലക്കുകളെയാണ് ‘ഖസനത്തുജ ഹന്നം’ എന്ന് അല്ലാഹു പേരുവിളിച്ചത്. അല്ലാഹു പറഞ്ഞു:

وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُوا۟ رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ ٱلْعَذَابِ

നരകത്തിലുള്ളവര്‍ നരകത്തിന്‍റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ. (ഖു൪ആന്‍:40/49)

മാലിക് എന്ന മലക്ക് ഖാസിനു ജഹന്നം

മാലിക് എന്ന് പേരുള്ള മലക്ക് നരകത്തിന്റെ കാവലാളുകൾക്ക് നേതാവാണ്. മാലിക് എന്ന മലക്കിന്റെ പേരും പ്രകൃതവും ജോലിയും വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും പ്രസ്‌താവിക്കപ്പെട്ടിട്ടുണ്ട്.

നരകവാസികൾ മാലിക് എന്ന മലക്കിനോട് തങ്ങളെ മരിപ്പിക്കുവാൻ അല്ലാഹുവോട് ശുപാർശ പറയുവാൻ വിളിച്ചുകേഴുന്നതിനെ കുറിച്ച് അല്ലാഹു പറഞ്ഞു:

وَنَادَوْا۟ يَٰمَٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّٰكِثُونَ ‎

അവര്‍ വിളിച്ചുപറയും; ഹേ, മാലിക്‌! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേല്‍ (മരണം) വിധിക്കട്ടെ. അദ്ദേഹം (മാലിക്‌) പറയും: നിങ്ങള്‍ (ഇവിടെ) താമസിക്കേണ്ടവര്‍ തന്നെയാകുന്നു. (ഖു൪ആന്‍:43/77)

അതായത് അല്ലാഹു ഞങ്ങളെ മരിപ്പിക്കട്ടെ. അപ്പോൾ ഞങ്ങൾക്ക് ആശ്വാസമാകും. കാരണം ഞങ്ങൾ കഠിനമായ ദുഃഖത്തിലും വേദനയിലുമാണ്. ഞങ്ങൾക്കത് സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ മാലിക് പറയുന്നതോ? നരകത്തിൽ നിന്ന് ഒരുകാലത്തും പുറത്തുപോകാതെ അതിൽതന്നെ താമസിക്കേണ്ടവരാണ് നിങ്ങൾ എന്നാണ്.

സമുറഃ ഇബ്നു‌ജുൻദുബിൽനിന്ന് നിവേദനം ചെയ്യുന്ന, ഇമാം ബുഖാരി رحمه الله റിപ്പോർട്ട് ചെയ്‌ത ഹദീഥിൽ ബർസഖീ ലോകത്തെ ചില രംഗങ്ങൾ നബി ﷺ ക്ക് കാണിക്കപ്പെട്ടതായി ഉണ്ട്. അതിൽ മാലികിനെ കണ്ടതായും ഉണ്ട്.

قَالَ فَانْطَلَقْنَا فَأَتَيْنَا عَلَى رَجُلٍ كَرِيهِ الْمَرْآةِ كَأَكْرَهِ مَا أَنْتَ رَاءٍ رَجُلاً مَرْآةً، وَإِذَا عِنْدَهُ نَارٌ يَحُشُّهَا وَيَسْعَى حَوْلَهَا ـ قَالَ ـ قُلْتُ لَهُمَا مَا هَذَا قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.

………. നബി ﷺ പറയുന്നു : ഞങ്ങള്‍ വീണ്ടും നടന്ന് വിരൂപിയായ ഒരു മനുഷ്യന്റെ അരികിലെത്തി. അദ്ദേഹത്തിന്റെ സമീപം അഗ്നിയുണ്ട്. അദ്ദേഹം അത് കത്തിക്കുകയും അതിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാന്‍ ചോദിച്ചു: ഇത് ആരാണ് ? കൂട്ടുകാ൪ എന്നോട് പറഞ്ഞു: യാത്ര തുടരട്ടെ ………

وَأَمَّا الرَّجُلُ الْكَرِيهُ الْمَرْآةِ الَّذِي عِنْدَ النَّارِ يَحُشُّهَا وَيَسْعَى حَوْلَهَا، فَإِنَّهُ مَالِكٌ خَازِنُ جَهَنَّمَ،

…….. തീ കത്തുകയും അതിന് ചുറ്റും കറങ്ങിത്തിരിയുകയും ചെയ്തിരുന്ന വിരൂപിയായ മനുഷ്യന്‍ നരകത്തെ കാക്കുന്ന മാലിക് എന്ന മലക്കാണ് ……… (ബുഖാരി:7047)

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *