നാവിന്റെ വിപത്തുകൾ: ഗീബത്ത് (പരദൂഷണം) – ഗൗരവവും പരിഹാരങ്ങളും

ശൈഖ് സഈദ് ബിൻ അലി ബിൻ വഹ്ഫ് അൽ ഖഹ്താനി رَحِمَهُ اللَّهُ യുടെ ‘ആഫാത്തുല്ലിസാൻ’ അവലംബമാക്കി തയ്യാറാക്കിയത്

​മനുഷ്യശരീരത്തിലെ അവയവങ്ങളിൽ വലിപ്പം കൊണ്ട് ചെറുതാണെങ്കിലും, വരുത്തിവെക്കുന്ന വിനകളുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ് നാവിന്റെ സ്ഥാനം. അതുകൊണ്ടാണ് നാവുകൊണ്ടുള്ള പാപങ്ങളെക്കുറിച്ച് ഇസ്ലാം അതീവ ഗൗരവകരമായ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്.

എന്താണ് ഗീബത്ത്?

​ഇമാം നവവി رَحِمَهُ اللَّهُ തന്റെ ‘അൽ അദ്കാർ’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് പ്രകാരം, ഒരു വ്യക്തിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അയാളുടെ അസാന്നിധ്യത്തിൽ പറയുന്നതിനാണ് ഗീബത്ത് (പരദൂഷണം) എന്ന് പറയുന്നത്. അത് അയാളുടെ ശരീരത്തെയോ, മതത്തെയോ, ഐഹിക കാര്യങ്ങളെയോ, സ്വഭാവത്തെയോ, മക്കളെയോ, വസ്ത്രത്തെയോ എന്തിന് അയാളുടെ നടത്തത്തെക്കുറിച്ചോ ഭാവത്തെക്കുറിച്ചോ ആണെങ്കിൽ കൂടി അത് ഗീബത്തായി മാറുന്നു. ഇത് സംസാരത്തിലൂടെ തന്നെയാകണമെന്നില്ല; കണ്ണിറുക്കലിലൂടെയോ, ആംഗ്യത്തിലൂടെയോ, എഴുത്തിലൂടെയോ ഒരാളെ പരിഹസിക്കുന്നതും ഗീബത്തിന്റെ പരിധിയിൽ വരുന്നതാണ്.

പ്രവാചകൻ (ﷺ) ഗീബത്തിനെ കൃത്യമായി നിർവചിച്ചിട്ടുണ്ട്:

​عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ ﷺ قَالَ: «أَتَدْرُونَ مَا الْغِيبَةُ؟» قَالُوا: اللهُ وَرَسُولُهُ أَعْلَمُ، قَالَ: «ذِكْرُكَ أَخَاكَ بِمَا يَكْرَهُ» قِيلَ: أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ؟ قَالَ: «إِنْ كَانَ فِيهِ مَا تَقُولُ، فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ»

അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം: നബിﷺ  ചോദിച്ചു: “എന്താണ് ഗീബത്ത് എന്ന് നിങ്ങൾക്കറിയാമോ?” സ്വഹാബികൾ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക.” നബി (ﷺ) പറഞ്ഞു: “നിന്റെ സഹോദരന് ഇഷ്ടമില്ലാത്ത കാര്യം നീ അവനെക്കുറിച്ച് പറയലാണ്.” അപ്പോൾ ഒരാൾ ചോദിച്ചു: “ഞാൻ പറയുന്നത് എന്റെ സഹോദരനിലുള്ള കാര്യമാണെങ്കിലോ?” പ്രവാചകൻ (ﷺ) മറുപടി നൽകി: “നീ പറയുന്നത് അവനിലുള്ള കാര്യമാണെങ്കിൽ നീ അവനെക്കുറിച്ച് ഗീബത്ത് പറഞ്ഞു. ഇനി അതില്ലെങ്കിലോ, നീ അവനെക്കുറിച്ച് കളവ് (ബുഹ്താൻ) പറഞ്ഞു.” (മുസ്ലിം:2589)

​വിശുദ്ധ ഖുർആനിലെയും സുന്നത്തിലെയും താക്കീതുകൾ

​പരദൂഷണം നിഷിദ്ധമാണെന്ന കാര്യത്തിൽ മുസ്ലിം ഉമ്മത്തിന്റെ ഏകോപിച്ച അഭിപ്രായമാണുള്ളത് . അല്ലാഹുവിന്റെ വചനം നോക്കുക:

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺟْﺘَﻨِﺒُﻮا۟ ﻛَﺜِﻴﺮًا ﻣِّﻦَ ٱﻟﻈَّﻦِّ ﺇِﻥَّ ﺑَﻌْﺾَ ٱﻟﻈَّﻦِّ ﺇِﺛْﻢٌ ۖ ﻭَﻻَ ﺗَﺠَﺴَّﺴُﻮا۟ ﻭَﻻَ ﻳَﻐْﺘَﺐ ﺑَّﻌْﻀُﻜُﻢ ﺑَﻌْﻀًﺎ ۚ ﺃَﻳُﺤِﺐُّ ﺃَﺣَﺪُﻛُﻢْ ﺃَﻥ ﻳَﺄْﻛُﻞَ ﻟَﺤْﻢَ ﺃَﺧِﻴﻪِ ﻣَﻴْﺘًﺎ ﻓَﻜَﺮِﻫْﺘُﻤُﻮﻩُ ۚ ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﺗَﻮَّاﺏٌ ﺭَّﺣِﻴﻢٌ

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍ :49/12)

​അഭിമാനത്തിന് ക്ഷതമേൽപ്പിക്കൽ പലിശ പോലെ:

പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഹദീസാണ് പലിശയുമായി ബന്ധപ്പെട്ടത്. നബി (ﷺ) പറഞ്ഞു:

عَنْ سَعِيدِ بْنِ زَيْدٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ إِنَّ مِنْ أَرْبَى الرِّبَا الاِسْتِطَالَةَ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ

​സഈദ്‌ ഇബ്നു സൈദ് رضى الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും പലിശയിലെ ഏറ്റവും ഗൌരവമേറിയ പലിശ, അന്യായമായി ഒരു മുസ്ലിമിന്റെ അഭിമാനത്തിൽ കൈകടത്തലാണ് (അവനെ ഇകഴ്ത്തലാണ്). (അബൂദാവൂദ്‌: 4876)

​മിഅ്റാജ് രാവിൽ കണ്ട കാഴ്ച:

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لَمَّا عُرِجَ بِي مَرَرْتُ بِقَوْمٍ لَهُمْ أَظْفَارٌ مِنْ نُحَاسٍ يَخْمُشُونَ وُجُوهَهُمْ وَصُدُورَهُمْ، فَقُلْتُ: مَنْ هَؤُلَاءِ يَا جِبْرِيلُ؟ قَالَ: هَؤُلَاءِ الَّذِينَ يَأْكُلُونَ لُحُومَ النَّاسِ، وَيَقَعُونَ فِي أَعْرَاضِهِمْ.

അനസ് رضى الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “എന്നെ വാനലോകത്തേക്ക് കൊണ്ടുപോയപ്പോൾ (മിഅ്റാജ്), ചെമ്പ് കൊണ്ടുള്ള നഖങ്ങളാൽ സ്വന്തം മുഖങ്ങളും നെഞ്ചുകളും മാന്തിപ്പൊളിക്കുന്ന ഒരുകൂട്ടം ആളുകളെ ഞാൻ കണ്ടു. ഞാൻ ചോദിച്ചു: ‘ജിബ്‌രീലേ, ഇവർ ആരാണ്?’ അദ്ദേഹം പറഞ്ഞു: ‘ഇവർ ജനങ്ങളുടെ മാംസം ഭക്ഷിക്കുകയും (പരദൂഷണം പറയുകയും) അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നവരാകുന്നു’.” (അബൂദാവൂദ് 4878

​സമുദ്രത്തെ മലിനമാക്കുന്ന വാക്ക്:

ആയിഷ (رَضِيَ اللَّهُ عَنْهَا) സഫിയ (رَضِيَ اللَّهُ عَنْهَا) യെക്കുറിച്ച് ‘അവർക്ക് പൊക്കം കുറവാണല്ലോ’ എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചപ്പോൾ നബി (ﷺ) പറഞ്ഞു:

لَقَدْ قُلْتِ كَلِمَةً لَوْ مُزِجَتْ بِمَاءِ الْبَحْرِ لَمَزَجَتْهُ

നീ പറഞ്ഞ ആ വാക്ക് സമുദ്രത്തിലെ വെള്ളത്തിൽ കലർത്തുകയാണെങ്കിൽ അത് ആ സമുദ്രജലത്തെ (മലിനമാക്കാൻ) മതിയാകുമായിരുന്നു. (അബൂദാവൂദ്:4875)

​മരിച്ച സഹോദരന്റെ മാംസം തിന്നുന്നതിനേക്കാൾ വലിയ പാപം:

മാഇസ് (رَضِيَ اللَّهُ عَنْهُ) വിനെ വ്യഭിചാരക്കുറ്റത്തിന് ശിക്ഷിച്ചപ്പോൾ, രണ്ടുപേർ അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത് നബി (ﷺ) കേട്ടു. പിന്നീട് ഒരു കഴുതയുടെ ജഡത്തിനരികിലൂടെ നടന്നപ്പോൾ അവരോട് അത് തിന്നാൻ നബി (ﷺ) കൽപ്പിച്ചു. അവർ അത്ഭുതം പ്രകടിപ്പിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:

فَمَا نِلْتُمَا مِنْ أَخِيكُمَا آنِفًا أَشَدُّ أَكْلًا مِنْهُ

നിങ്ങൾ അല്പം മുമ്പ് നിങ്ങളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ ആ വാക്കുകൾ (അവന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചത്), ഈ ജഡം തിന്നുന്നതിനേക്കാൾ ഗൗരവമുള്ളതാണ്. (അബൂദാവൂദ്:4428)

​ഗീബത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ

​ശൈഖ് സഈദ് അൽ ഖഹ്താനി (رَحِمَهُ اللَّهُ) ഇതിനുള്ള പ്രധാന കാരണങ്ങൾ എടുത്തുപറയുന്നു:

1. ​ദേഷ്യം തീർക്കൽ: ഹൃദയത്തിലുള്ള പക ശമിപ്പിക്കാൻ.

2. ​കൂട്ടുകാരോടുള്ള യോജിപ്പ്: സദസ്സിലെ രസം കെടാതിരിക്കാനും കൂട്ടുകാരുടെ പ്രീതിക്കും വേണ്ടി.

3. ​സ്വയം മേന്മ നടിക്കൽ: മറ്റൊരാളെ താഴ്ത്തിക്കെട്ടുന്നതിലൂടെ താൻ അവനേക്കാൾ ഉന്നതനാണെന്ന് വരുത്തിത്തീർക്കാൻ.

4. ​അസൂയ: മറ്റൊരാൾക്ക് ലഭിച്ച അനുഗ്രഹങ്ങളിലും ജനപ്രീതിയിലും അസൂയ പൂണ്ട്, അയാളെ തകർക്കാൻ.

5. ​തമാശയും നേരമ്പോക്കും: ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ന്യൂനതകൾ പറയുന്നത്.

പരിഹാരവും പശ്ചാത്താപവും

ഗീബത്ത് പറഞ്ഞുപോയാൽ അതിനുള്ള പരിഹാരം മൂന്ന് കാര്യങ്ങളാണ്:

1. ​ആ പാപത്തിൽ നിന്ന് ഉടൻ പിന്മാറുക.

2. ​ചെയ്തുപോയതിൽ അതിയായി ഖേദിക്കുക.

3. ​ഇനിയൊരിക്കലും അത് ആവർത്തിക്കില്ലെന്ന് തീരുമാനിക്കുക.

​ഇരയോട് മാപ്പ് ചോദിക്കണോ?

ഇവിടെ ശൈഖ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഉണർത്തുന്നുണ്ട്. നാം ഗീബത്ത് പറഞ്ഞ വിവരം ആ വ്യക്തി അറിഞ്ഞിട്ടുണ്ടെങ്കിൽ, അയാളുടെ അടുത്ത് ചെന്ന് മാപ്പ് ചോദിക്കുകയും പൊരുത്തപ്പെടീക്കുകയും വേണം. എന്നാൽ, നാം ഗീബത്ത് പറഞ്ഞ വിവരം അയാൾ അറിഞ്ഞിട്ടില്ലെങ്കിലോ? അത് അയാളോട് പോയി പറയുന്നത് വഴി കൂടുതൽ പ്രശ്നങ്ങളോ, പകയോ, ഹൃദയത്തിൽ വെറുപ്പോ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ (ഫിത്‌ന ഭയപ്പെട്ടാൽ) അയാളോട് നേരിട്ട് പറയേണ്ടതില്ല. പകരം ചെയ്യേണ്ടത് ഇതാണ്:

▪️ ​ഏതെല്ലാം സദസ്സുകളിൽ വെച്ചാണോ അയാളെ ഇകഴ്ത്തി സംസാരിച്ചത്, അതേ സദസ്സുകളിൽ വെച്ച് അയാളുടെ നല്ല ഗുണങ്ങൾ എടുത്തു പറയുക.

▪️ ​അയാൾക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനത്തിന് (ഇസ്തിഗ്ഫാർ) തേടുക.

▪️ ​അയാളെക്കുറിച്ച് ഗീബത്ത് പറയുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുക (പ്രതിരോധിക്കുക).

ഗീബത്ത് അനുവദനീയമാകുന്ന 6 സന്ദർഭങ്ങൾ

​ഇസ്ലാം ചില പ്രത്യേക സാഹചര്യങ്ങളിൽ, ഒരു വ്യക്തിയുടെ ന്യൂനത പറയുന്നത് ഗീബത്തായി പരിഗണിക്കില്ല.

1. ​പരാതിപ്പെടുമ്പോൾ (التظلم): മർദ്ദിതന് നീതി ലഭിക്കാൻ ന്യായാധിപനോടോ അധികാരിയോടോ “അയാൾ എന്നോട് ഇന്ന ക്രൂരത ചെയ്തു” എന്ന് പറയാം.

2. ​തിന്മ തടയാൻ (الاستعانة على تغيير المنكر): ഒരു തിന്മയെ തടയാൻ കഴിവുള്ള ഒരാളോട്, അത് തിരുത്താൻ വേണ്ടി സഹായം ചോദിക്കുമ്പോൾ.

3. ​ഫത്‌വ ചോദിക്കുമ്പോൾ (الاستفتاء): “എന്റെ ഭർത്താവ്/പിതാവ് എന്നോട് ഇന്ന രീതിയിൽ പെരുമാറി, ഇതിൽ എനിക്ക് അവകാശമുണ്ടോ?” എന്ന് ചോദിക്കാം. (അബൂസുഫിയാൻ (رَضِيَ اللَّهُ عَنْهُ) വിന്റെ ഭാര്യ ഹിന്ദ് (رَضِيَ اللَّهُ عَنْهَا) വിന്റെ സംഭവം ഇതിന് തെളിവാണ്).

4. ​മുന്നറിയിപ്പ് നൽകാൻ (التحذير): വിവാഹാലോചന വരുമ്പോൾ വരന്റെ/വധുവിന്റെ കുഴപ്പങ്ങൾ ചോദിക്കുന്നവരോട് സത്യസന്ധമായി പറയുന്നതും, ഹദീസ് നിവേദകനിലെ ന്യൂനത പറയുന്നതും ഇതിൽ പെടുന്നു.

5. ​പരസ്യമായി തെറ്റ് ചെയ്യുന്നവൻ (المجاهر بالفسق): തന്റെ തെറ്റുകളിൽ നാണക്കേട് തോന്നാതെ, പരസ്യമായി തെമ്മാടിത്തരം കാണിക്കുന്നവനെക്കുറിച്ച്, അവൻ വെളിപ്പെടുത്തിയ ആ തിന്മകളെക്കുറിച്ച് പറയുന്നത് ഗീബത്തല്ല.

6. ​ആളെ തിരിച്ചറിയാൻ (التعريف): ഒരാളെ തിരിച്ചറിയാൻ മറ്റു മാർഗ്ഗങ്ങളില്ലെങ്കിൽ മാത്രം, അയാളുടെ ശാരീരികമായ ഒരു വിശേഷണം (ഉദാഹരണത്തിന്: കാഴ്ചയില്ലാത്തവൻ, മുടന്തൻ) പേരിനൊപ്പം ചേർത്തു പറയുന്നതിൽ തെറ്റില്ല. എന്നാൽ ഇത് പരിഹാസരൂപേണ ആകരുത്.

​നാവിനെ സൂക്ഷിക്കുക എന്നത് സ്വർഗ്ഗപ്രവേശനത്തിന് അനിവാര്യമായ കാര്യമാണ്. നാം പറയുന്ന ഓരോ വാക്കും നാളെ പരലോകത്ത് നമുക്ക് അനുകൂലമോ പ്രതികൂലമോ ആയി വരും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

 

മുഹമ്മദ് അമീൻ

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *