സൂറ:ഖലമിലെ തോട്ടക്കാരുടെ കഥ

സൂറ:ഖലം 17-33 ആയത്തുകളിൽ ഒരു തോട്ടക്കാരുടെ ചരിത്രം വിവരിക്കുന്നുണ്ട്. ആ ചരിത്രത്തിലൂടെ ….

സൂറ:ഖലമിൽ ഒരു തോട്ടക്കാരുടെ ചരിത്രം നേര്‍ക്കുനേരെ വിവരിക്കുകയല്ല, പ്രത്യുത അല്ലാഹുവിന്റെ വചനങ്ങളും സന്ദേശങ്ങളും ഓതിക്കേള്‍പ്പിക്കുമ്പോള്‍ പരിഹസിക്കുകയും ധിക്കരിക്കുകയും ധാര്‍ഷ്ട്യം കാണിക്കുകയും ചെയ്യുന്ന അഹങ്കാരികളെ അടുത്ത ഭാവിയില്‍ അല്ലാഹു കഠിനമായി ശിക്ഷിക്കുമെന്ന് അറിയിക്കാനായി ഉദാഹരിക്കുകയാണ് ചെയ്തിട്ടുള്ളത്.

إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ ‎﴿١٥﴾ ‏سَنَسِمُهُۥ عَلَى ٱلْخُرْطُومِ ‎﴿١٦﴾‏ إِنَّا بَلَوْنَٰهُمْ كَمَا بَلَوْنَآ أَصْحَٰبَ ٱلْجَنَّةِ …… ‎﴿١٧﴾‏

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ എന്ന്‌. വഴിയെ (അവന്‍റെ) തുമ്പിക്കൈ മേല്‍ നാം അവന്ന് അടയാളം വെക്കുന്നതാണ്‌. ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌ ……. (ഖുര്‍ആൻ:68/15-17)

അല്ലാഹു പറയുന്നു: കളവാക്കിയവരെ നന്മകൾ നല്‍കി, നാം പരീക്ഷിച്ചു. അവര്‍ക്ക് സാവകാശം നല്‍കുകയും ചെയ്തു. ദീര്‍ഘായുസ്സ്, സന്താനങ്ങള്‍, സമ്പത്ത് തുടങ്ങിയ; നാം ഉദ്ദേശിക്കുന്നത് അവര്‍ക്ക് നല്‍കി സഹായിച്ചു. അവര്‍ താല്‍പര്യപ്പെടുന്നത് നല്‍കിയത് അവരോടുള്ള ആദരവുകൊണ്ടല്ല, മറിച്ച് അവരരിയാതെ പടിപടിയായി അവരെ ശിക്ഷിക്കാന്‍. അവര്‍ അതില്‍ വഞ്ചിതരായി. തോട്ടക്കാര്‍ വഞ്ചിതരായതുപോലെ  ………. (തഫ്സീറുസ്സഅ്ദി)

തോട്ടക്കാരുടെ ചരിത്രം ചുരുക്കത്തിൽ

ഈ വചനങ്ങളില്‍ ഉദാഹരിച്ചു പറഞ്ഞ തോട്ടക്കാര്‍ ഏതായിരുന്നുവെന്ന് തിട്ടപ്പെടുത്തിപ്പറയുവാന്‍ നമുക്ക് സാധ്യമല്ല. യമനിലുണ്ടായിരുന്ന ഒരു തോട്ടക്കാരെപ്പറ്റിയാണെന്നും, അറബികള്‍ക്ക് അവരെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നുവെന്നും ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണുന്നു. സംഭവത്തിന്‍റെ സാമാന്യരൂപം ഇപ്രകാരമാകുന്നു: സദ്‌വൃത്തനും ഉദാരശീലനുമായ ഒരാളുടെതായിരുന്നു തോട്ടം, തോട്ടത്തിലെ ഫലങ്ങള്‍ പറിച്ചെടുക്കുമ്പോള്‍ അതില്‍നിന്നു ഒരംശം അദ്ദേഹം സാധുക്കള്‍ക്ക് ദാനം കൊടുക്കുക പതിവായിരുന്നു. ഫലം പറിച്ചെടുക്കുന്ന അവസരത്തില്‍ അതിനുവേണ്ടി പാവങ്ങളും ദരിദ്രന്മാരും ഒരുമിച്ചുകൂടുമായിരുന്നു. അദ്ദേഹം മരിച്ചു. പിതാവിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ മക്കള്‍ രംഗത്തുവന്നു. പിതാവിന്‍റെ നില തുടരുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. രാത്രി വെളുക്കാന്‍ കാലത്ത് ആരും അറിയാതെ ഫലം പറിച്ചെടുക്കുവാന്‍ അവര്‍ ഗൂഢമായി തമ്മില്‍ പറഞ്ഞുറച്ചു. അങ്ങിനെ അവര്‍ തോട്ടത്തില്‍ ചെന്നുനോക്കുമ്പോള്‍ തോട്ടം അതാ ഒരത്യാഹിതം ബാധിച്ച് നിശ്ശേഷം നശിച്ചുപോയിരിക്കുന്നു. അവര്‍ തീരാദുഃഖത്തിലും സങ്കടത്തിലുമായിത്തീര്‍ന്നു. ഇതാണ് ചുരുക്കം. സംഭവത്തിന്‍റെ രൂപവും അതിലടങ്ങിയ പാഠവും ക്വുര്‍ആന്‍റെ വാക്യങ്ങളില്‍ നിന്നുതന്നെ സ്പഷ്ടമാണ്. എന്നിരിക്കെ, തോട്ടം എവിടെയായിരുന്നുവെന്നും മറ്റും അറിയുന്നതില്‍ പ്രത്യേക പ്രയോജനമൊന്നുമില്ല. (അമാനി തഫ്സീര്‍)

തോട്ടക്കാരുടെ ചരിത്രം വിവരിക്കുന്ന ആയത്തുകളിലൂടെ കടന്നുപോയാൽ പല പാഠങ്ങളും നമുക്ക് മനസ്സിലാക്കാനുണ്ട്. അതുകൊണ്ടാണല്ലോ ഈ ചരിത്രം അല്ലാഹു വിശുദ്ധ ഖുര്‍ആനിൽ ഉദ്ദരിക്കുന്നത്.

إِنَّا بَلَوْنَٰهُمْ كَمَا بَلَوْنَآ أَصْحَٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ

ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം. (ഖുര്‍ആൻ:68/17)

അങ്ങനെ തോട്ടത്തിലെ മരങ്ങള്‍ ഫലമുള്ളതാവുകയും പഴങ്ങള്‍ വിളയുകയും പറിച്ചെടുക്കേണ്ട സമയമെത്തുകയും ചെയ്തപ്പോള്‍ അതെല്ലാം അവരുടെ നിയന്ത്രണത്തിലാണെന്നവര്‍ ധരിച്ചു. അതു കൈവശപ്പെടുത്താന്‍ ഒരു തടസ്സവും അവര്‍ കണ്ടില്ല.

وَلَا يَسْتَثْنُونَ

അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല. (ഖുര്‍ആൻ:68/18)

അതുകൊണ്ട്  إن شاء الله  (അല്ലാഹു ഉദ്ദേശിച്ചാല്‍) എന്ന് പോലും പറയാതെ അവരെല്ലാം പറിച്ചെടുക്കുമെന്ന് സത്യം ചെയ്തു പറഞ്ഞു. അതായത് : പ്രഭാതത്തില്‍ പറിച്ചെടുക്കുമെന്ന്. അല്ലാഹു അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും വഴിയെ ശിക്ഷ വന്നെത്തുമെന്നും അത് വേഗത്തിലാവുമെന്നും അവരറിഞ്ഞില്ല. (തഫ്സീറുസ്സഅ്ദി)

രാത്രി അവരെല്ലാം ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വമ്പിച്ച ആപത്ത് തോട്ടത്തിനു ബാധിച്ചു.

فَطَافَ عَلَيْهَا طَآئِفٌ مِّن رَّبِّكَ وَهُمْ نَآئِمُونَ ‎﴿١٩﴾‏ فَأَصْبَحَتْ كَٱلصَّرِيمِ ‎﴿٢٠﴾

എന്നിട്ട് അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു. (ഖുര്‍ആൻ:68/19-20)

അത് വമ്പിച്ച ചുഴലിക്കാറ്റായിരുന്നുവെന്നും, ഇടിത്തീയോ മറ്റോ ആയിരുന്നുവെന്നും പറയപ്പെടുന്നു. അല്ലാഹുവിന്നറിയാം. ഏതായിരുന്നാലും തോട്ടം മുഴുക്കെ നശിച്ചു പോയി. كَالصَّرِيم എന്ന വാക്കിന് മുറിച്ചെടുക്കപ്പെട്ടതു പോലെ എന്നും, ഇരുട്ടിയ രാത്രിപോലെ എന്നും അര്‍ത്ഥം പറയപ്പെട്ടിരിക്കുന്നു. ഫലങ്ങളെല്ലാം നശിച്ചുപോയി എന്ന് ഒന്നാമത്തേതിനും, തോട്ടം കത്തിക്കരിഞ്ഞ് കരിവര്‍ണ്ണമായി എന്ന് രണ്ടാമത്തേതിനും സാരമായിരിക്കുന്നതാണ്. (അമാനി തഫ്സീര്‍)

ഈ ശിക്ഷ സംഭവിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് അറിവില്ലായിരുന്നു. അതുകൊണ്ട് രാവിലെ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു:

فَتَنَادَوْا۟ مُصْبِحِينَ ‎﴿٢١﴾‏ أَنِ ٱغْدُوا۟ عَلَىٰ حَرْثِكُمْ إِن كُنتُمْ صَٰرِمِينَ ‎﴿٢٢﴾‏ فَٱنطَلَقُوا۟ وَهُمْ يَتَخَٰفَتُونَ ‎﴿٢٣﴾‏ أَن لَّا يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُم مِّسْكِينٌ ‎﴿٢٤﴾

അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു: നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക.അവര്‍ അന്യോന്യം മന്ത്രിച്ചു കൊണ്ടു പോയി. ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത് ഒരു സാധുവും കടന്നു വരാന്‍ ഇടയാവരുത് എന്ന്‌. (ഖുര്‍ആൻ:68/21-24)

അല്ലാഹുവിന് നല്‍കേണ്ട അവകാശത്തെ തടസ്സപ്പെടുത്താനുള്ള ചര്‍ച്ചകളുമായി പോയി. അവര്‍ പറയുന്നു: {ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുക്കല്‍ ഒരു സാധുവും കടന്നുവരാന്‍ ഇടയാവരുത്} ജനങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റ് വരുന്നതിനു മുമ്പ് നിങ്ങള്‍ നേരത്തെപ്പോവുക. അതോടൊപ്പം ദരിദ്രര്‍ക്കും സാധുക്കള്‍ക്കും നല്‍കാതിരിക്കാനും അവര്‍ പരസ്പരം ഉപദേശിച്ചു. ആരെങ്കിലും കേള്‍ക്കുകയും എന്നിട്ട് പാവപ്പെട്ടവരെ അറിയിക്കുകയും ചെയ്യുമോ എന്ന് ഭയപ്പെട്ടാണ് അവര്‍ പതുക്കെപ്പറഞ്ഞത്. ഇത് അവരുടെ പിശുക്കിന്റെയും സമ്പത്തിനോടുള്ള ആര്‍ത്തിയുടെയും തീവ്രതയെ അറിയിക്കുന്നു. (തഫ്സീറുസ്സഅ്ദി)

وَغَدَوْا۟ عَلَىٰ حَرْدٍ قَٰدِرِينَ

അവര്‍ (സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത് പുറപ്പെടുകയും ചെയ്തു. (ഖുര്‍ആൻ:68/25)

{അവര്‍ കാലത്ത് പുറപ്പെട്ടു} കരുണയില്ലാത്ത, കഠിനവും നീചവുമായ ഈ അവസ്ഥയില്‍. {അവര്‍ സാധുക്കളെ} തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ. തങ്ങളുടെ കഴിവുകളില്‍ ഉറച്ചുവിശ്വസിച്ച് അല്ലാഹുവിനുള്ള അവകാശത്തെ തടയാന്‍. (തഫ്സീറുസ്സഅ്ദി)

فَلَمَّا رَأَوْهَا قَالُوٓا۟ إِنَّا لَضَآلُّونَ

അങ്ങനെ അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവു പറ്റിയവരാകുന്നു. (ഖുര്‍ആൻ:68/26)

അങ്ങനെ തോട്ടം കണ്ടപ്പോള്‍ അല്ലാഹു വിശേഷിപ്പിച്ചതുപോലെ കൊയ്‌തെടുക്കപ്പെട്ട നിലയിലായി അവര്‍ അത് കണ്ടു. അവര്‍ പരിഭ്രമിക്കുകയും ഭയക്കുകയും ചെയ്തു. ആ തോട്ടത്തില്‍ നിന്ന് നാം തെറ്റിപ്പോയിരിക്കുന്നു. ഒരുപക്ഷേ, ഇത് മറ്റൊരു തോട്ടമായിരിക്കാം. അത് തന്നെയാണെന്ന് സ്ഥിരീകരിച്ചപ്പോള്‍ അവര്‍ക്ക് വീണ്ടുവിചാരമുണ്ടായി. അവര്‍ പറഞ്ഞു:

بَلْ نَحْنُ مَحْرُومُونَ

അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. (ഖുര്‍ആൻ:68/27)

അത് ശിക്ഷയാണെന്ന് അവര്‍ക്ക് ബോധ്യമായി.

قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ

അവരുടെ കൂട്ടത്തില്‍ മദ്ധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ? എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്‌? (ഖുര്‍ആൻ:68/28)

{അവരുടെ കൂട്ടത്തില്‍ മധ്യമ നിലപാടുകാരനായ ഒരാള്‍ പറഞ്ഞു} അതായത്: നീതിമാനും ഏറ്റവും നല്ല മാര്‍ഗം സ്വീകരിച്ചവനുമായവന്‍. {ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ, എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്?} അല്ലാഹുവിനെക്കുറിച്ച് പാടില്ലാത്ത കാര്യങ്ങളില്‍ നിന്ന് നിങ്ങളെന്താണ് അവനെ പരിശുദ്ധനാക്കാതിരുന്നത്? അവന്റെ സഹായമില്ലാതെ തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വതന്ത്രമായി കഴിയുമെന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങള്‍ ഒഴിവാക്കിപ്പറഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. നിങ്ങള്‍ إن شاء الله  (അല്ലാഹു ഉദ്ദേശിച്ചാല്‍) എന്ന് പറഞ്ഞിരുന്നെങ്കില്‍; നിങ്ങളുടെ ഉദ്ദേശ്യം നടക്കാന്‍ അല്ലാഹുവിന്റെ ഉദ്ദേശ്യം കൂടി വേണം എന്ന് വിചാരിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്കിപ്പോള്‍ സംഭവിച്ചത് സംഭവിക്കുമായിരുന്നില്ല. (തഫ്സീറുസ്സഅ്ദി)

قَالُوا۟ سُبْحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ

അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു. (ഖുര്‍ആൻ:68/29)

പിന്നീടവര്‍ തിരിച്ചറിഞ്ഞു. പക്ഷേ, അവരുടെ തോട്ടത്തിന് ബാധിച്ചു കഴിഞ്ഞ ശിക്ഷ ഉയര്‍ത്തപ്പെടുകയില്ല. എന്നാല്‍ അവരുടെ ഈ തസ്ബീഹുകളും തങ്ങള്‍ക്ക് സംഭവിച്ച തെറ്റ് ഏറ്റുപറയലുമെല്ലാം ഒരുപക്ഷേ, കുറ്റത്തിന് ലഘൂകരണവും പശ്ചാത്താപവും ലഭിക്കാന്‍ ഉപകരിച്ചേക്കാം. അതിനാല്‍ അവര്‍ വളരെയധികം ഖേദിച്ചു. (തഫ്സീറുസ്സഅ്ദി)

فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَٰوَمُونَ ‎﴿٣٠﴾‏ قَالُوا۟ يَٰوَيْلَنَآ إِنَّا كُنَّا طَٰغِينَ ‎﴿٣١﴾

അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക് തിരിഞ്ഞു. അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. (ഖുര്‍ആൻ:68/30-31)

അല്ലാഹുവിന്റെയും അവന്റെ അടിമകളുടെയും ബാധ്യതകളില്‍ പരിധി ലംഘിച്ചിരിക്കുന്നുവെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ആ തോട്ടത്തെക്കാളും നല്ല മറ്റൊന്ന് പകരം ലഭിക്കാന്‍ അവരാഗ്രഹിച്ചു. തങ്ങള്‍ അല്ലാഹുവിലേക്ക് ആഗ്രഹിച്ച് ചെല്ലുമെന്ന് അവര്‍ കരാര്‍ ചെയ്തു. അതാണ് തുടര്‍ന്ന് പറയുന്നത്:

عَسَىٰ رَبُّنَآ أَن يُبْدِلَنَا خَيْرًا مِّنْهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ

നമ്മുടെ രക്ഷിതാവ് അതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം തന്നേക്കാം. തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു. (ഖുര്‍ആൻ:68/32)

അവര്‍ പറഞ്ഞതു പോലെ തന്നെയാണ് അവരെങ്കില്‍ ഇഹലോകത്ത് അവര്‍ക്ക് അതിനെക്കാളും ഉത്തമമായത് പകരം നല്‍കും. സത്യസന്ധമായി അല്ലാഹുവോട് ചോദിക്കുന്നവര്‍ക്കും അവനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്കും ചോദിച്ചത് അവന്‍ നല്‍കും. (തഫ്സീറുസ്സഅ്ദി)

സംഭവിച്ചതിന്റെ ഗൗരവത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

كَذَٰلِكَ ٱلْعَذَابُ ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍! (ഖുര്‍ആൻ:68/33)

{അപ്രകാരമാകുന്നു ശിക്ഷ} അവര്‍ അതിക്രമവും ധിക്കാരവും ചെയ്ത വസ്തു അവരില്‍ നിന്നും കവര്‍ന്നെടുത്ത്, ശിക്ഷക്ക് കാരണമുണ്ടാക്കിയവര്‍ക്ക് അല്ലാഹു ഈ ലോകത്ത് ശിക്ഷ നല്‍കി. അവര്‍ ഇഹലോകത്തിനു പ്രാധാന്യം നല്‍കി. അതവന്‍ അവരില്‍ നിന്ന് നീക്കി. ഏറ്റവും ആവശ്യമുള്ള നല്ല സമയത്ത്. (തഫ്സീറുസ്സഅ്ദി)

{പരലോക ശിക്ഷയാകട്ടെ, കൂടുതല്‍ ഗൗരവമുള്ളതാകുന്നു} ഇഹലോക ശിക്ഷയെക്കാള്‍. {അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍} പ്രതിഫലം നഷ്ടപ്പെടുന്നതും ശിക്ഷ നിര്‍ബന്ധമാകുന്നതുമായ കാരണങ്ങിളില്‍ നിന്ന് ഭയന്ന് മാറിനില്‍ക്കല്‍ അതിനെക്കുറിച്ച് ബോധമുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. (തഫ്സീറുസ്സഅ്ദി)

ഇഹത്തില്‍വെച്ച് അവര്‍ക്ക് അനുഭവപ്പെട്ട ദൈവിക ശിക്ഷയാണിത്. ധിക്കാരികള്‍ക്ക് ഇഹത്തില്‍വെച്ച് ലഭിച്ചേക്കാവുന്ന ശിക്ഷ ഇങ്ങിനെയൊക്കെയാണ്. എന്നാല്‍, അതിനെക്കാള്‍ എത്രയോ വമ്പിച്ചതായിരിക്കും പരലോകത്തുവെച്ചു ലഭിക്കുന്ന ശിക്ഷ. ജനങ്ങള്‍ വാസ്തവം മനസ്സിലാക്കിയിരുന്നുവെങ്കില്‍ എത്ര നന്നായേനേ! എന്നാല്‍ അവര്‍ ഒരിക്കലും ഇത്തരം ദുഷ്ചെയ്തികള്‍ക്ക് വശംവദരാകുമായിരുന്നില്ല എന്നു സാരം. (അമാനി തഫ്സീര്‍)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *