നമസ്കാരവുമായി ബന്ധപ്പെട്ട 5 ജീവികൾ

നമസ്കാരവുമായി ബന്ധപ്പെട്ട് മുഹമ്മദ് നബി പഠിപ്പിച്ചപ്പോൾ, 5 ജീവികളെ പേരെടുത്ത് പരാമർശിക്കുകയും അവയുടെ ചില പ്രവർത്തികളെ പോലെ നിങ്ങൾ നമസ്കാരം നിര്‍വ്വഹിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

1.കാക്ക

عَنْ عَبْدِ الرَّحْمَنِ بْنِ شِبْلٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ نَقْرَةِ الْغُرَابِ

അബ്ദുറഹ്മാൻ ബ്നു ഷിബ്ൽ رَضِيَ اللَّهُ عَنْهُ പറയുന്നു: കാക്ക കൊത്തുന്നതുപോലെ (നമസ്കാരം)  നിര്‍വ്വഹിക്കുന്നത് അല്ലാഹുവിന്റെ റസൂൽ(സ) വിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്:862)

عَنْ أَبِي عَبْدِ اللَّهِ الأَشْعَرِيِّ، قَالَ: صَلَّى رَسُولُ اللَّهِ صلى الله عليه وسلمَ بِأَصْحَابِهِ، ثُمَّ جَلَسَ فِي طَائِفَةٍ مِنْهُمْ، فَدَخَلَ رَجُلٌ، فَقَامَ يُصَلِّي، فَجَعَلَ يَرْكَعُ وَيَنْقُرُ فِي سُجُودِهِ، فَقَالَ النَّبِيُّ صلى الله عليه وسلم: “أَتَرَوْنَ هَذَا، مَنْ مَاتَ عَلَى هَذَا، مَاتَ عَلَى غَيْرِ مِلَّةِ مُحَمَّدٍ، يَنْقُرُ صَلاتَهُ كَمَا يَنْقُرُ الْغُرَابُ الدَّمَ، إِنَّمَا مَثَلُ الَّذِي يَرْكَعُ وَيَنْقُرُ فِي سُجُودِهِ، كَالْجَائِعِ لا يَأْكُلُ إِلا التَّمْرَةَ وَالتَّمْرَتَيْنِ، فَمَاذَا تُغْنِيَانِ عَنْهُ،

അബൂഅബ്ദുല്ല അല്‍ അശ്അരി رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ്വ) അവിടുത്തെ സ്വഹാബികളുമായി നമസ്കരിച്ച ശേഷം അവരില്‍ ഒരു വിഭാഗത്തോടൊപ്പം ഇരുന്നു. അപ്പോള്‍ ഒരാള്‍ പ്രവേശിക്കുകയും നിന്ന് നമസ്കാരം തുടങ്ങുകയും ചെയ്തു. തുട൪ന്ന് റുകൂഅ് ചെയ്യുകയും സുജൂദില്‍ പറവകള്‍ കൊത്തിപ്പെറുക്കുന്നതു പോലെ പൊടുന്നനെ കുമ്പിട്ട് നിവരുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ഇത് നിങ്ങള്‍ കണ്ടുവോ? ആരെങ്കിലും ഈ അവസ്ഥയിലാണ് മരിക്കുന്നതെങ്കില്‍ മുഹമ്മദ് നബിയുടെ(സ്വ) മില്ലത്തിലല്ല അവന്‍ മരണമടഞ്ഞത്. നമസ്കാരത്തില്‍ കാക്ക രക്തം കൊത്തിപ്പെറുക്കുന്നതുപോലെയാണ് അവന്‍ പെറുക്കുന്നത്. റുകൂഅ് ചെയ്യുകയും സുജൂദില്‍ കൊത്തിപ്പെറുക്കുന്നതു പോലെ പെട്ടെന്ന് കുമ്പിട്ട് നിവരുകയും ചെയ്യുന്നവന്‍ ഒന്നോ രണ്ടോ കാരക്ക തിന്ന് വിശപ്പടക്കുന്ന വിശന്ന് അവശനായവനെ പോലെയാണ്. ആ കാരക്കകള്‍ വിശപ്പില്‍ നിന്ന് എത്രമാത്രം ധന്യക പകരും? (ഇബ്നുഖുസൈമ:1/332)

പാഠം:നമസ്കാരത്തില്‍ അടക്കവും ഒതുക്കവും വേണം. (ത്വുമഅ്‌നീനത്ത്)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم دَخَلَ الْمَسْجِدَ، فَدَخَلَ رَجُلٌ فَصَلَّى فَسَلَّمَ عَلَى النَّبِيِّ صلى الله عليه وسلم فَرَدَّ وَقَالَ ‏”‏ ارْجِعْ فَصَلِّ، فَإِنَّكَ لَمْ تُصَلِّ ‏”‏‏.‏ فَرَجَعَ يُصَلِّي كَمَا صَلَّى ثُمَّ جَاءَ فَسَلَّمَ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ ‏”‏ ارْجِعْ فَصَلِّ فَإِنَّكَ لَمْ تُصَلِّ ‏”‏ ثَلاَثًا‏.‏ فَقَالَ وَالَّذِي بَعَثَكَ بِالْحَقِّ مَا أُحْسِنُ غَيْرَهُ فَعَلِّمْنِي‏.‏ فَقَالَ ‏”‏ إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، وَافْعَلْ ذَلِكَ فِي صَلاَتِكَ كُلِّهَا ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പള്ളിയില്‍ പ്രവേശിച്ചു. അനന്തരം ഒരു മനുഷ്യന്‍ പള്ളിയില്‍ കടന്നു നമസ്കരിക്കുവാന്‍ തുടങ്ങി. നമസ്കാരശേഷം അദ്ദേഹം നബി ﷺക്ക് സലാം ചൊല്ലി. നബി ﷺ സലാമിന്‌ മറുപടി നല്‍കിയിട്ടു പറഞ്ഞു. നീ പോയി വീണ്ടും നമസ്കരിക്കുക. കാരണം നീ നമസ്കരിച്ചിട്ടില്ല. ഉടനെ അദ്ദേഹം തിരിച്ചുപോയി മുമ്പ്‌ നമസ്കരിച്ചപോലെതന്നെ വീണ്ടും നമസ്കരിച്ചു. എന്നിട്ട്‌ നബി ﷺയുടെ അടുത്തുവന്ന്‌ നബി ﷺക്ക് സലാം പറഞ്ഞു. നബി ﷺ അരുളി: നീ പോയി വീണ്ടും നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല. അങ്ങനെ മൂന്നു പ്രാവശ്യം അത്‌ സംഭവിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ്‌ സത്യം. ഇപ്രകാരമല്ലാതെ എനിക്ക്‌ നമസ്കരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട്‌ താങ്കള്‍ എന്നെ പഠിപ്പിക്കുക. അന്നേരം നബി ﷺ അരുളി: നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട്‌ ഖുര്‍ആനില്‍ നിനക്ക്‌ സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. പിന്നീട്‌ റുകൂഇല്‍ നിന്ന്‌ നിന്റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന്‌ നില്‍ക്കുക. പിന്നീട്‌ നീ സൂജുദ്‌ ചെയ്യുകയും അതില്‍ അടങ്ങിയിരിക്കുകയും ചെയ്യുക.ശേഷം (സുജൂദില്‍ നിന്നും) തല ഉയ൪ത്തുകയും നല്ലവണ്ണം അനക്കങ്ങളടങ്ങി ഇരിക്കുകയും ചെയ്യുക. ഇത്‌ നിന്റെ നമസ്കാരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുക. (ബുഖാരി: 757)

عَنْ أَبِي مَسْعُودٍ الْبَدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ‏ لاَ تُجْزِئُ صَلاَةُ الرَّجُلِ حَتَّى يُقِيمَ ظَهْرَهُ فِي الرُّكُوعِ وَالسُّجُودِ ‏‏

അബൂമസ്ഊദ് അൽബദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റുകൂഇലും സുജൂദിലും മുതുക് നേരെയാക്കുന്നതു വരെ നമസ്കാരം ശരിയാകുകയില്ല. (അബൂദാവൂദ് :855 – സ്വഹീഹ് അല്‍ബാനി)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : أسوأ الناس سرقة الذي يسرق صلاته. قالوا: يا رسول الله وكيف يسرقها. قال: لا يتم ركوعها ولا سجودها

നബി ﷺ പറഞ്ഞു: നമസ്കാരത്തിലുള്ള കള്ളത്തരമാണ് ഏറ്റവും വലിയ കളവ്. അവ൪(സ്വഹാബികള്‍) ചോദിച്ചു : നമസ്കാരത്തില്‍ എങ്ങനെയാണ് കളവ് ചെയ്യുന്നത്?നബി(സ്വ) പറഞ്ഞു: റുകൂഉം സുജൂദും പൂ൪ണ്ണമായി നി൪വ്വഹിക്കാതിരിക്കല്‍. (അഹ്മദ്:5/310-സ്വഹീഹുല്‍ ജാമിഅ്:997)

2.നായ

നമസ്കാരത്തിൽ നബി വിരോധിച്ചത് സ്വഹാബികൾ എണ്ണിയതിൽ ഒന്ന് ഇതാണ്:

وإقعاءٍ كإقعاءِ الكلبِ

നായ (കുത്തി) ഇരിക്കുന്നതുപോലെ (നമസ്കാരത്തിൽ) ഇരിക്കുന്നത്. (അഹ്മദ്)

പാഠം: നമസ്കാരത്തിൽ കൈകൾകുത്തി ഇരിക്കരുത്.

عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ اعْتَدِلُوا فِي السُّجُودِ، وَلاَ يَبْسُطْ أَحَدُكُمْ ذِرَاعَيْهِ انْبِسَاطَ الْكَلْبِ ‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ സുജൂദില്‍ മധ്യമാര്‍ഗ്ഗം കൈകൊള്ളുവീന്‍ . നായ അതിന്റെ മുഴം കൈകള്‍ നിലത്തോട്‌ ചേര്‍ത്തുവെക്കുംപോലെ നിങ്ങളും കൈകള്‍ സുജൂദില്‍ നിലത്തോട്ട്‌ ചേര്‍ത്തു വെക്കരുത്‌. (ബുഖാരി. 820)

പാഠം: സുജൂദിൽ ഭൂമിയില്‍ നിന്ന് മുഴംകൈ ഉയ൪ത്തി വെക്കണം.

‏‏عَنِ الْبَرَاءِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ إِذَا سَجَدْتَ فَضَعْ كَفَّيْكَ وَارْفَعْ مِرْفَقَيْكَ‏

ബറാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നീ സുജൂദ് ചെയ്താല്‍ നിന്റെ മുന്‍ കൈകള്‍(നിലത്ത്) വെക്കുക. നിന്റെ മുട്ടു കൈകള്‍ ഉയ൪ത്തുകയും ചെയ്യുക. (മുസ്ലിം:494)

3.ഒട്ടകം

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا سَجَدَ أَحَدُكُمْ فَلاَ يَبْرُكْ كَمَا يَبْرُكُ الْبَعِيرُ وَلْيَضَعْ يَدَيْهِ قَبْلَ رُكْبَتَيْهِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലാരുംതന്നെ സുജൂദ് ചെയ്യുമ്പോള്‍ ഒട്ടകം മുട്ട് കുത്തുന്നതുപോലെ മുട്ട് കുത്തരുത്, പ്രത്യുത കാല്‍മുട്ടുകള്‍ക്ക് മുമ്പായി കൈകള്‍ നിലത്തു വെക്കേണ്ടതാണ്. (അബൂദാവൂദ്:840 – സ്വഹീഹ് അല്‍ബാനി)

പാഠം: സുജൂദിലേക്ക് പോകുമ്പോള്‍ രണ്ട് കാല്‍മുട്ടുകള്‍ക്ക് മുമ്പ് രണ്ട് കൈകള്‍ നിലത്ത് വെക്കണം. സുജൂദിലേക്ക് പോകുമ്പോള്‍ രണ്ട് കാല്‍മുട്ടുകളാണ് ആദ്യം വെക്കേണ്ടതെന്ന് പറഞ്ഞവരുമുണ്ട്. കൂടുതൽ പ്രബലമായത് ആദ്യം പറഞ്ഞതാണ് الله أعلم. ഒട്ടകം പെട്ടെന്ന് പോകുന്നതുപോലെ, പെട്ടെന്ന് സുജൂദിലേക്ക് പോകരുതെന്ന് പറഞ്ഞവരുമുണ്ട്.

عَنْ عَبْدِ الرَّحْمَنِ بْنِ شِبْلٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ نَقْرَةِ الْغُرَابِ وَافْتِرَاشِ السَّبُعِ وَأَنْ يُوَطِّنَ الرَّجُلُ الْمَكَانَ فِي الْمَسْجِدِ كَمَا يُوَطِّنُ الْبَعِيرُ ‏.

അബ്ദുറഹ്മാൻ ബ്നു ഷിബ്ൽ رَضِيَ اللَّهُ عَنْهُ പറയുന്നു: ….. ഒട്ടകം അതിന്റെ സ്ഥാനം ഉറപ്പിക്കുന്നതുപോലെ പള്ളിയിൽ ഒരു സ്ഥലം ഉറപ്പിക്കുന്നത് അല്ലാഹുവിന്റെ റസൂൽ ﷺ വിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്:862)

പാഠം: പള്ളിയിൽ ഒരു പ്രത്യേക സ്ഥലം മാത്രം നമസ്കാരത്തിനായി ഒരാൾ സ്ഥിരമായി നിജപ്പെടുത്തുന്നത് പാടില്ലാത്തതാണ്. പള്ളി എല്ലാവര്‍ക്കും ഉള്ളതാണ്.

4.കുറുക്കൻ

നമസ്കാരത്തിൽ നബി വിരോധിച്ചത് സ്വഹാബികൾ എണ്ണിയതിൽ ഒന്ന് ഇതാണ്:

والْتِفاتٍ كالْتِفاتِ الثعلب

കുറുക്കൻ തിരിഞ്ഞു നോക്കുന്നതുപോലെ (നമസ്കാരത്തിൽ) തിരിഞ്ഞു നോക്കുന്നതിനെയും. (അഹ്മദ്)

പാഠം: നമസ്കാരത്തിൽ തിരിഞ്ഞു നോക്കരുത്. കണ്ണുകളെപ്പോലും സൂക്ഷിക്കുക.

عَنْ أَنَسَ بْنَ مَالِكٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ مَا بَالُ أَقْوَامٍ يَرْفَعُونَ أَبْصَارَهُمْ إِلَى السَّمَاءِ فِي صَلاَتِهِمْ “‏‏. ‏ فَاشْتَدَّ قَوْلُهُ فِي ذَلِكَ حَتَّى قَالَ ‏”‏ لَيَنْتَهُنَّ عَنْ ذَلِكَ أَوْ لَتُخْطَفَنَّ أَبْصَارُهُمْ ‏”‏‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി(സ്വ) പറഞ്ഞു: ചില ആളുകളുടെ സ്ഥിതിയെന്താണ്. അവർ അവരുടെ നമസ്‌കാരങ്ങളിൽ അവരുടെ ദൃഷ്ടികൾ ആകാശത്തേക്ക് ഉയർത്തുന്നു. ആ വിഷയത്തിൽ നബിയുടെ(സ്വ) വാക്കുകൾ ശക്തമായിരുന്നു. എന്നിട്ട് ഇങ്ങിനെ പറഞ്ഞു: “അവർ അത് അവസാനിപ്പിക്കട്ടെ”. അല്ലെങ്കിൽ അവരുടെ കാഴ്ച്ചകൾ റാഞ്ചിയെടുക്കപ്പെടും (കാഴ്ച്ച നഷ്ടപ്പെടും). (ബുഖാരി: 750)

عَنْ عَائِشَةَ، قَالَتْ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ الاِلْتِفَاتِ فِي الصَّلاَةِ فَقَالَ ‏ : ‏ هُوَ اخْتِلاَسٌ يَخْتَلِسُهُ الشَّيْطَانُ مِنْ صَلاَةِ الْعَبْدِ‏

ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറയുന്നു: നമസ്‌കാരത്തിൽ തിരിഞ്ഞു നോക്കുന്നതിനെക്കുറിച്ച് ഞാൻ അല്ലാഹുവിന്റെ റസൂലിനോട്(സ്വ) ചോദിച്ചു. അപ്പോൾ അവിടുന്നു പറഞ്ഞു: അത് ഒരു അടിമയെ തന്റെ നമസ്‌കാരത്തിൽ നിന്ന് പിശാച് തട്ടിയെടുക്കുന്ന രംഗമാണ്. (ബുഖാരി: 751)

5.കുതിര

عَنْ جَابِرِ بْنِ سَمُرَةَ، قَالَ كُنَّا إِذَا صَلَّيْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم قُلْنَا السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ ‏.‏ وَأَشَارَ بِيَدِهِ إِلَى الْجَانِبَيْنِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ عَلاَمَ تُومِئُونَ بِأَيْدِيكُمْ كَأَنَّهَا أَذْنَابُ خَيْلٍ شُمُسٍ إِنَّمَا يَكْفِي أَحَدَكُمْ أَنْ يَضَعَ يَدَهُ عَلَى فَخِذِهِ ثُمَّ يُسَلِّمُ عَلَى أَخِيهِ مَنْ عَلَى يَمِينِهِ وَشِمَالِهِ ‏”‏ ‏.

ജാബി൪ ബ്നു സമുറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങള്‍ അല്ലാഹുവിന്റെ റസൂലിനോടൊപ്പം നമസ്കരിച്ചാല്‍ ഞങ്ങള്‍ ഇങ്ങനെ പറയും: അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്, അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്. അപ്പോള്‍ നബി ﷺ പറഞ്ഞു: കുതിരയുടെ വാല് പോലെ നിങ്ങളെന്തിനാണ് നിങ്ങളുടെ കൈകള്‍ ഇളക്കികൊണ്ടിരിക്കുന്നത്, നിശ്ചയം നിങ്ങളുടെ കൈകള്‍ തുടകളില്‍ വെച്ചാല്‍ മതി. ശേഷം തന്റെ സഹോദരന്റെ ഇടതും വലതും സലാം വീട്ടുക. (മുസ്ലിം:431)

പാഠം: നമസ്കാരത്തിൽ സലാം വീട്ടുമ്പോൾ കൈ ഇളക്കേണ്ടതില്ല. കൈകള്‍ തുടകളില്‍തന്നെ വെക്കുക.

 

 

www.kanzululoom.com

 

One Response

Leave a Reply

Your email address will not be published. Required fields are marked *