ഫിത്‌നയും മുസ്‌ലിംകളുടെ നിലപാടും

ആമുഖം

സർവസ്തുതിയും അല്ലാഹുവിന്; ഇപ്രകാരം പറഞ്ഞ അല്ലാഹുവിനു തന്നെയാണ് സർവസ്തുതിയും. അവൻ പറഞ്ഞു:

لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَٰزِعُنَّكَ فِى ٱلْأَمْرِ ۚ وَٱدْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ ‎﴿٦٧﴾‏ وَإِن جَٰدَلُوكَ فَقُلِ ٱللَّهُ أَعْلَمُ بِمَا تَعْمَلُونَ ‎﴿٦٨﴾‏ ٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ ‎﴿٦٩﴾

ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. അവർ അതാണ് അനുഷ്ഠിച്ചുവരുന്നത്. അതിനാൽ ഈ കാര്യത്തിൽ അവർ നിന്നോട് വഴക്കിടാതിരിക്കട്ടെ. നീ നിന്റെ രക്ഷിതാവിങ്കലേക്ക് ക്ഷണിച്ചുകൊള്ളുക. തീർച്ചയായും നീ വക്രതയില്ലാത്ത സൻമാർഗത്തിലാകുന്നു. അവർ നിന്നോട് തർക്കിക്കുകയാണെങ്കിൽ നീ പറഞ്ഞേക്കുക: നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. നിങ്ങൾ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അല്ലാഹു നിങ്ങൾക്കിടയിൽ വിധി കൽപിച്ചുകൊള്ളും. (അൽഹജ്ജ്: 67-69)

أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ ۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ ‎﴿٣٦﴾‏ وَمَن يَهْدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّ ۗ أَلَيْسَ ٱللَّهُ بِعَزِيزٍ ذِى ٱنتِقَامٍ ‎﴿٣٧﴾

തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെപറ്റി അവർ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന്ന് വഴികാട്ടാൻ ആരുമില്ല. വല്ലവനെയും അല്ലാഹു നേർവഴിയിലാക്കുന്നപക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?. (അസ്സുമർ 36-37)

അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. തൗഹീദിന്റെ ഈ സാക്ഷ്യവചനം ഒരാളുടെ ഹൃദയത്തിൽ തുളച്ചുകയറുകയാണെ ങ്കിൽ, അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന വാക്കുകളും കർമങ്ങളും അവൻ അതിലൂടെ അറിയും.

മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും അവിടുന്ന് സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

നബി ﷺ സന്തോഷവാർത്ത അറിയിക്കുകയും താക്കീതു നൽകുകയും ചെയ്തു. (മതം) പഠിപ്പിക്കുകയും ചെയ്തു. അവിടുത്തെ ചര്യ പിന്തുടരുകയും അവിടുത്തെ മാർഗദർശനം പിൻപറ്റുകയും ചെയ്യുന്നവർ സന്തോഷമടഞ്ഞുകൊള്ളുക. അല്ലാഹുവിന്റെ രക്ഷയും സമാധാനവും അവിടുത്തെമേലും, അവിടുത്തെ സ്വഹാബികളുടെ മേലും അന്ത്യനാൾവരെ അവിടുത്തെ ചര്യ പിന്തുടരുന്നവരുടെമേലും ഉണ്ടാകട്ടെ.

സഹോദരന്മാരേ! ഫിത്‌നകളിൽനിന്നും അല്ലാഹുവോട് രക്ഷതേടിക്കൊള്ളുക. നിങ്ങളുടെ മതത്തെയും നിങ്ങളുടെ ബുദ്ധിയെയും ശരീരത്തെയും മുഴുവൻ നന്മകളെയും കരിച്ചുകളയുന്ന ഫിത്‌നകളിൽനിന്നും അല്ലാഹുവോട് രക്ഷതേടുക! എന്തെന്നാൽ, ഫിത്‌നയിൽ ഒരിക്കലും ഒരു നന്മയുമില്ല.

നബി ﷺ ഫിത്‌നയിൽനിന്നും അല്ലാഹുവോട് ധാരാളമായി രക്ഷതേടിയിരുന്നു. ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ‘കിതാബുൽ ഫിതൻ’ (ഫിത്‌നകളുടെ അധ്യായം) തുടങ്ങിയത് ഈ അധ്യായംകൊണ്ടാണ്: “ഒരു ഫിത്‌ന വരുന്നത് നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിൽനിന്നുള്ള അക്രമികൾക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായിശിക്ഷിക്കുന്നവനാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക’ എന്ന അല്ലാഹുവിന്റെ വചനവും ഫിത്‌നകൾക്കെതിരിലുള്ള റസൂലിന്റെ താക്കീതും’’ എന്ന അധ്യായം.

എന്തെന്നാൽ, ഒരു ഫിത്‌ന പൊട്ടിപ്പുറപ്പെട്ടാൽ, അത് അക്രമിയെ മാത്രമല്ല ബാധിക്കുക, മുഴുവനാളുകളെയും ബാധിക്കും. അതു വന്നെത്തിയാൽ, സംസാരിക്കുന്നവന് ഒന്നുംതന്നെ സംസാരിക്കാൻ സാധിക്കുകയില്ല. അതിനാൽ അതുവന്നെത്തുന്നതിനു മുമ്പായി അതിനെക്കുറിച്ച് താക്കീതുചെയ്യലും ഫിത്‌നയിലേക്കടുപ്പിക്കുകയോ അതിലേക്ക് നയിക്കുകയോ ചെയ്യുന്ന എല്ലാറ്റിൽനിന്നും ബഹുദൂരം അകന്നുനിൽക്കലും നമ്മുടെ ബാധ്യതയാണ്.

ഫിത്‌ന വർധിക്കുമെന്നുള്ളത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്. നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ട ഒരു ഹദീസിൽ ഇപ്രകാരം കാണാം. നബി ﷺ പറഞ്ഞു:

يتقارب الزمان ,ويقلُّ العمل ,ويلقى الشح, وتكثر-أو قال : تظهر-الفتن

കാലം ധൃതിയിൽ കടന്നുപോകും; കർമങ്ങൾ ചുരുങ്ങും; (ജനങ്ങളുടെഹൃദയങ്ങളിൽ) പിശുക്ക് നിക്ഷേപിക്കപ്പെടും, ഫിത്‌ന വർധിക്കും, അല്ലെങ്കിൽ പ്രത്യക്ഷപ്പെടും. (സ്വഹീഹുൽ ബുഖാരി 88/183).

അതെന്താണെന്നാൽ; ഫിത്‌ന പ്രത്യക്ഷപ്പെട്ടാൽ അതോടൊപ്പം കുഴപ്പങ്ങളുമുണ്ടാകും. കുഴപ്പങ്ങളുണ്ടാകുന്നത് അന്ത്യനാളടുക്കുന്നതിന്റെ ലക്ഷണവുമാണ്.

എല്ലാതരം ഫിത്‌നകളെ തൊട്ടും നബി ﷺ നമ്മെ താക്കീതു ചെയ്തു എന്നുള്ളത് നബി ﷺ നമ്മോടു കാണിച്ച കാരുണ്യത്തിന്റെ ഭാഗമാണ്. അല്ലാഹു നമ്മെ താക്കീതുചെയ്തുകൊണ്ട് പറഞ്ഞു:

وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

ഒരു ഫിത്‌ന വരുന്നത് നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിൽനിന്നുള്ള അക്രമികൾക്ക് പ്രത്യേകമായിട്ടാവുകയില്ല. (അൽഅൻഫാൽ: 25)

ഈ വചനത്തിന്റെ തഫ്‌സീറിൽ ഇബ്‌നു കസീർ رحمه الله പറഞ്ഞു:

هذه الآية؛ وأن كان المخاطب بها هم أصحاب رسول الله صلى الله عليه وسلم ,لكنها عامة لكل مسلم؛لأن النبي صلى الله عليه وسلم كان يحذر من الفتن

ഈ വചനം സ്വഹാബികളെ സംബോധന ചെയ്തുകൊണ്ടു പറഞ്ഞതാണെങ്കിലും ഇതു പൊതുവിൽ എല്ലാ മുസ്‌ലിംകൾക്കും ബാധകമാണ്. കാരണം നബി ﷺ ഫിത്‌നയെക്കുറിച്ചു താക്കീതുചെയ്യാറുണ്ടായിരുന്നു.

ഈ വചനത്തിന്റെ തഫ്‌സീറിൽ അല്ലാമാ ആലൂസി رحمه الله പറഞ്ഞു:

فسرت بأشياء: منها:المداهنة في الأمر بالمعروف والنهي عن المنكر على البدع إذا ظهرت. ومنها: أشياء غير ذلك. قال:  ولكلّ معنى بحسب ما يقتضيه الحال

ഈ വചനത്തിൽ പറഞ്ഞ ഫിത്‌നക്ക് ധാരാളം വ്യാഖ്യാനങ്ങളുണ്ട്. അതിൽപെട്ട ഒന്നാണ്: ബിദ്അത്ത് പ്രത്യക്ഷപ്പെടുമ്പോൾ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിൽ കാണിക്കുന്ന അലംഭാവം. ഇതുകൂടാതെ മറ്റു വ്യാഖ്യാനങ്ങളുമുണ്ട്.’’ തുടർന്ന് അദ്ദേഹം പറഞ്ഞു: “സന്ദർഭം ആവശ്യപ്പെടുന്നതിനനുസരിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ സ്വീകരിക്കപ്പെടും.’’

അതായത്; ഭിന്നതയുടെയും ആശയക്കുഴപ്പങ്ങളുടെയും കാലമാണെങ്കിൽ, അല്ലാഹുവിന്റെ ഈ വചനം കൊണ്ട് നമ്മൾ പരസ്പരം താക്കീത് ചെയ്യണം:

وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

ഒരു ഫിത്‌ന വരുന്നത് നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിൽനിന്നുള്ള അക്ര മികൾക്ക് പ്രത്യേകമായിട്ടാവുകയില്ല. (അൽഅൻഫാൽ 25)

അതായത്, ഭിന്നതയെയും ആശയക്കുഴപ്പങ്ങളെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അവയുടെ സ്വാധീനവും പരിണിതഫലവും അക്രമികളെ മാത്രമായിട്ടല്ല ബാധിക്കുക, പ്രത്യുത മുഴുവനാളുകളെയും അത് ബാധിക്കും. ഇത് ഭിന്നതകൾക്കും ആശയക്കുഴപ്പങ്ങൾക്കും മാത്രം ബാധകമാകുന്നതല്ല. അതിനാൽ, ഈയൊരു വേളയിൽ (ഫിത്‌നയുടെ സന്ദർഭത്തിൽ ഇസ്‌ലാമിക പ്രമാണങ്ങളോടുള്ള മുസ്‌ലിംകളുടെ സമീപനം എന്ന) ഈ വിഷയത്തെക്കുറിച്ച് സ്മരിക്കാൻ നാം ഇഷ്ടപ്പെടുന്നു. സ്വയം ഓർമപ്പെടുത്തുകയാണ്. കാരണം, തൗഹീദിനും അതിന്റെ പ്രചാരണത്തിനും മുന്തിയപരിഗണന നൽകിക്കൊണ്ടള്ള ഒരു ഇസ്‌ലാമിക ജാഗരണം ഇന്ന് ഈ രാജ്യത്ത് (സുഊദി അറേബ്യയിൽ) നാം കാണുന്നു. തൗഹീദീ പ്രബോധനത്തിന് തീരെ പരിഗണന നൽകാത്ത ഒരു കാലഘട്ടത്തിലാണ് ഈ ഒരു ജാഗരണം എന്നോർക്കുക.

അതിനാൽ, ഉപകാരപ്രദമായ അറിവിനെ ആശ്രയിക്കാനും സലഫുസ്സ്വാലിഹുകളുടെയും അഹ്ലുസ്സുന്നത്തിവൽജമാഅത്തിന്റെയും അക്വീദയെ മുറുകെപിടിക്കാനും അവരെയെന്ന പോലെ നമ്മെ സ്വയം ഓർമപ്പെടുത്തേണ്ടതും നമ്മുടെ ബാധ്യതയാണ്. ജനങ്ങൾക്കിടയിലേക്ക് അല്ലാഹുവിന്റെ ദീനിനെ പ്രചരിപ്പിക്കാനും ശരീഅത്തിനോടുള്ള സ്‌നേഹം ഊട്ടിയുറപ്പിക്കാനും അനുഗൃഹീതമായ ഈ ജാഗരണം സഹായകമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതോടൊപ്പം അതു നമ്മെ ഉപകാരപ്രദമായ അറിവിൽ ഉറപ്പിച്ചുനിർത്തുമെന്നും ആശിക്കാം. എന്തെന്നാൽ, ഉപകാരപ്രദമായ അറിവിനെയും അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ വാക്കിനെയുമാണ് ഇന്നത്തെ നമ്മുടെ യുവത അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ, അല്ലാഹുവിന്റെ വചനങ്ങളെയും പ്രവാചക വചനങ്ങളെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള നമ്മുടെ പണ്ഡിതന്മാരുടെയും അഹ്‌ലുസ്സുന്നത്തിന്റെയും വാക്കുകളിൽനിന്നും എനിക്കറിയാവുന്നത് അവരെ അറിയിക്കുകയും ഓർമപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യേണ്ടത് എന്റെ കർത്തവ്യമായി ഞാൻ മനസ്സിലാക്കുന്നു.

ഫിത്‌നകളെ അവഗണിക്കുകയും അതിന്റെ പരിണിതഫലങ്ങളെ തിരസ്‌കരിക്കുകയും സമകാലികവും വരാനിരിക്കുന്നതുമായ ഫിത്‌നകളെ അല്ലാഹുവിന്റെയും തിരുദൂതരുടെയും കൽപനകൾക്കനുസൃതമായി കൈകാര്യം ചെയ്യാനുമുള്ള ഉൾക്കാഴ്ചയും ദീർഘദൃഷ്ടിയും പണ്ഡിതന്മാർക്കില്ലെങ്കിൽ ഭാവിയിൽ സ്ഥിതി വളരെ മോശമാകും.

തത്വങ്ങളും മാർഗനിർദേശങ്ങളും നാം പാലിക്കണം. കാരണം, മാർഗനിർദേശങ്ങളാണ് അബദ്ധങ്ങളിൽ പതിക്കുന്നതിൽനിന്നും നമ്മെ സംരക്ഷിക്കുന്നത്. മാത്രമല്ല, തത്വങ്ങളും മാർഗനിർദേശങ്ങളും നാം പാലിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുകയാണെങ്കിൽ, നാം നന്മയിലായിരിക്കും. പിന്നീടൊരിക്കലും ഖേദിക്കേണ്ടിവരില്ല, إن شاء الله

ഏതൊരു വിഷയത്തിലും അതിന്റെ മാർഗനിർദേശങ്ങൾ അറിഞ്ഞിരിക്കൽ അനിവാര്യമാണ്. അതിന് (ഹൃദയത്തിൽ) പ്രതിഷ്ഠനേടണം. പര്യവസാനം നന്മയിലാണോ അതോ തിന്മയിലോ എന്ന് തിരിച്ചറിയാനാകാത്ത കാര്യങ്ങളിലേക്ക് നയിക്കപ്പെടുന്നതിൽനിന്നും സ്വയം അതിലേക്ക് ചെന്നു പതിക്കുന്നതിൽനിന്നും അത് സംരക്ഷിക്കും.

മുകളിൽ പറഞ്ഞതിൽനിന്നും അഹ്‌ലുസ്സുന്നത്തി വൽജമാഅത്ത് വിശദീകരിച്ചുതന്ന തത്വങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലായി.

തത്വങ്ങളും മാർഗനിർദേശങ്ങളും

മാർഗനിർദേശം: ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള വിധികൾ മനസ്സിലാക്കിത്തരുന്നതാണ് ഒരു വിഷയത്തിലുള്ള മാർഗനിർദേശം എന്നത്. തുടർന്ന്, അതുമായി ബന്ധപ്പെട്ട സകല വിഷയങ്ങളെയും ആ മാർഗനിർദേശത്തിലേക്കാണ് മടക്കുക.

തത്വം: വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരാമർശിക്കപ്പെടുന്ന മൊത്തത്തിലുള്ള ഒരു കാര്യമാണ് ‘തത്വം’ അഥവാ ‘ക്വാഇദ’ എന്നത്. അതിനാൽ, അഹ്‌ലുസ്സുന്നത്തിന്റെ മാർഗനിർദേശ ങ്ങളും തത്വങ്ങളും അറിയൽ നമ്മുടെ ബാധ്യതയാണ്.

قال رسول الله صلى الله عليه وسلم‏:‏ إنه من يعش منكم ؛ فسيرى اختلافا كثيراً؛ فعليكم بستَّني وسنًّة الخلفاء الراشدين المهديِّين من بعدي, تمسَّكوا بها , وعضُّوا عليها بالنواجذ

നബി ﷺ പറഞ്ഞു: നിങ്ങളിൽനിന്നും എനിക്ക് ശേഷം ജീവിച്ചിരിക്കുന്നവർ ധാരാളം ഭിന്നതകൾ കാണും. എന്റെ ചര്യയെയും എനിക്ക് ശേഷമുള്ള സച്ചരിതരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക. അണപ്പല്ലുകൾകൊണ്ട് അതിനെ കടിച്ചുപിടിക്കുകയും ചെയ്യുക.

നബി ﷺ ക്ക് ശേഷം സ്വഹാബികൾ ധാരാളം ഭിന്നതകൾ കണ്ടിട്ടുണ്ട്. എന്നാൽ അവർ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടത് നബിയുടെയും ശേഷം വന്ന സച്ചരിതരായ ഖലീഫമാരുടെയും വ്യക്തമായ മാർ ഗനിർദേശങ്ങളും തത്ത്വങ്ങളും മുറുകെപ്പിടിച്ചതുകൊണ്ടാണ്.

ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളും പാലിക്കുന്നതിന്റെ പ്രയോജനങ്ങൾ;

1. ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളും പാലിക്കുന്നതുമൂലം:

ശരീഅത്തിന്റെ അംഗീകാരമില്ലാത്ത കാര്യങ്ങൾ (ആശയാദർശങ്ങൾ) സ്വാധീനിക്കുന്നതിൽനിന്നും ഒരു മുസ്‌ലിമിന്റെ ചിന്തയും അഭിപ്രായങ്ങളും സംരക്ഷിക്കപ്പെടും. മുസ്‌ലിമിന്റെ ചിന്തകൾ നിയന്ത്രിക്കപ്പെടും.

മുസ്‌ലിമായ ഒരു മനുഷ്യൻ മനനത്തിനുള്ള മാർഗനിർദേശങ്ങളും തത്ത്വങ്ങളുമൊന്നും പരിഗണിക്കാതെ തന്റെ ചിന്തകളെ സ്വതന്ത്രമായി വിടുകയാണെങ്കിൽ, സ്വഭാവം, കുടുംബം, സമൂഹം എന്നിത്യാദി വിഷയങ്ങളിൽ അവന്റെ മനസ്സ് വിവിധ ദിശകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും എന്നത് സുവിദിതമാണ്.

ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളും പാലിക്കുന്നതിന്റെ പ്രാധാന്യം ഇതു നമ്മെ ബോധ്യപ്പെടുത്തി ത്തരുന്നു. കാരണം അത് മുസ്‌ലിമായ ഒരു മനുഷ്യന്റെ ചിന്തയെ നിയന്ത്രിക്കുന്നു. സ്വന്തത്തോടും കുടുംബ ത്തോടും സമൂഹത്തോടുമുള്ള നിലപാടുകൾ മുളച്ചുവരുന്നത് ആ ചിന്തകളിൽനിന്നാണല്ലോ!

2. ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളും അബദ്ധങ്ങളിൽനിന്നും ഒരു മുസ്‌ലിമിനെ സംരക്ഷിക്കുന്നു. കാരണം:

ഫിത്‌നയുടെ അവസരത്തിൽ, അഹ്‌ലുസ്സുന്നത്തിന്റെ മാർഗനിർദേശങ്ങളും തത്ത്വങ്ങളും പരിഗണിക്കാതെ സ്വേഛപ്രകാരം ഒരാൾ ചിന്തിക്കുകയും പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയുമാണെങ്കിൽ അവൻ അബദ്ധത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ്. അബദ്ധത്തിൽ പെട്ടുപോയാൽ, അതിന്റെ അനന്തരഫലം പ്രവചനാതീതമാണ്. അത് പടർന്നുപന്തലിക്കും. ചിലപ്പോൾ അത് വർധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. മാർഗനിർദേശങ്ങളും തത്ത്വങ്ങളും മുറുകെ പിടിക്കുന്നതിന്റെ പ്രയോജനമെന്താണെ ന്നാൽ, അത് അബദ്ധത്തിൽ ചെന്നുചാടുന്നതിൽനിന്നും മനുഷ്യനെ സംരക്ഷിക്കും.

എന്തുകാരണത്താലാണ് മാർഗനിർദേശങ്ങളും തത്ത്വങ്ങളും അബദ്ധത്തിൽ ചെന്നുചാടുന്നതിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്നത്? ആ മാർഗനിർദേശങ്ങളും തത്ത്വങ്ങളും ആരാണ് (നമുക്ക് വേണ്ടി) രൂപപ്പെടുത്തിയത്? അവ പിൻപറ്റാൻ ആരാണ് നമ്മോട് കൽപിച്ചത്?

അതിനുള്ള ഉത്തരം ‘അഹ്‌ലുസ്സുന്നത്തി വൽജമാഅഃ’ എന്നാണ്. (പ്രമാണങ്ങളിൽനിന്നുള്ള) തെളിവുകളെ ആധാരമാക്കിയാണ് അവർ അവയെ രൂപപ്പെടുത്തിയത്. അതിനാൽ, ആ തെളിവുകൾക്ക് പിന്നിൽ സഞ്ചരിക്കുകയും അഹ്‌ലുസ്സുന്നത്തിനെ പിൻപറ്റുകയും ചെയ്യുകയാണെങ്കിൽ, അവൻ പിന്നീടൊരിക്കലും ഖേദിക്കേണ്ടിവരികയില്ല.

3. മുസ്‌ലിമായ ഒരാൾ ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളും പാലിക്കുകയാണെങ്കിൽ, അവൻ പാപത്തിൽനിന്നും സുരക്ഷിതനാകും. കാരണം ഈ മാർഗനിർദേശങ്ങളും തത്ത്വങ്ങളുമൊന്നും പാലിക്കാതെ തനിക്ക് ശരിയെന്നുതോന്നുന്നവ തന്റെ ഹിതത്തിനനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, അവൻ പാപത്തിൽനിന്നും സുരക്ഷിതനാകുകയില്ല. കാരണം, തനിക്ക് ശരിയെന്നു തോന്നുന്ന സ്വന്തം അഭിപ്രായങ്ങൾക്ക് പിറകെ പോയാൽ തന്റെ വാക്കുകളുടെയും കർമങ്ങളുടെയും ഫലമായി ഭാവിയിൽ എന്തു സംഭവിക്കുമെന്ന് അവനറിയില്ല.

എന്നാൽ തെളിവുകളിൽ സ്ഥാപിതമായ പൊതുമാർഗനിർദേശങ്ങളും തത്ത്വങ്ങളും പാലിക്കുകയാണെങ്കിൽ, അവൻ പാപത്തിൽനിന്നും സുരക്ഷിതനാകും; إن شاء الله. തെളിവിനെ പിൻപറ്റിയതുമൂലം അല്ലാഹു അവന് ഒഴികഴിവ് നൽകുകയും ചെയ്യും. മാർഗദർശനത്തിനനുസൃതമായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ വളരെ നല്ലത്.

സഹോദരന്മാരേ! മാർഗനിർദേശങ്ങളും തത്ത്വങ്ങളും സ്വീകരിക്കുന്നതിന്റെ അനിവാര്യത ഈ മൂന്ന് പ്രയോജനങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നു. ആ മാർഗനിർദേശങ്ങളും തത്ത്വങ്ങളുമാണ് ഇനി വിവരിക്കാൻ പോകുന്നത്.

ഈ മാർഗനിർദേശങ്ങളുടെയും തത്ത്വങ്ങളുടെയും ഉറവിടം:

ഇവിടെ വിശദീകരിക്കാനുദ്ദേശിക്കുന്ന ഈ മാർഗനിർദേശങ്ങളുടെയും തത്ത്വങ്ങളുടെയും ഉറവിടം രണ്ടെണ്ണമാണ്:

(ഒന്ന്) ശറഇയായ തെളിവുകൾ: അത് ഒന്നുകിൽ ക്വുർആൻ, അല്ലെങ്കിൽ സുന്നത്ത്. ക്വുർആനിൽനിന്നും സുന്നത്തിൽനിന്നുമുള്ള തെളിവുകൾകൊണ്ട് സ്ഥിരപ്പെട്ടവയാണ് അഹ്‌ലുസ്സുന്നത്ത് സ്വീകരിച്ചത്.

(രണ്ട്) പ്രവാചകാനുചരർ പ്രവർത്തിച്ചുകാണിച്ച പ്രായോഗിക മാതൃക.

ഫിത്‌നയുടെ അവസരങ്ങളിലും മാറിയ സാഹചര്യങ്ങളിലും സ്വഹാബികൾ, താബിഉകൾ, അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ എന്നിവരിൽ പ്രായോഗികമാതൃകയുണ്ട്. (കാരണം:) അവർ ഫിത്‌നകൾ നേരിട്ടിട്ടുണ്ട്. തെളിവുകൾ കൊണ്ടാണ് അവർ മാർഗദർശനം സ്വീകരിച്ചത്.

ആ മാർഗദർശനം അവർ പ്രായോഗികമായി നടപ്പിലാക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട്തന്നെ അവരുടെ കർമങ്ങളെയും അവരുടെ തെളിവുകളെയും അവരുടെ പ്രായോഗിക മാതൃകകളെയും നാം സ്വീകരിക്കുകയാണെങ്കിൽ, നമ്മുടെ കാഴ്ചകളും ചിന്തകളും വ്യതിചലിക്കുകയില്ല.

ഇത് അല്ലാഹു നമ്മോട് കാണിച്ച കാരുണ്യത്തിന്റെ ഭാഗമാണ്. അതായത്, നമുക്ക് പിൻപറ്റാവുന്ന മാതൃകകളുണ്ടാക്കാതെ അവൻ നമ്മെ ഉപേക്ഷിച്ചിട്ടില്ല. അതിനാൽ, അഹ്‌ലുസ്സുന്നത്തിന്റ പണ്ഡിതന്മാർ മനസ്സിലാക്കിയതിലേക്കും അവരുടെ അഭിപ്രായങ്ങളിലേക്കും അവരുടെ വാക്കുകളിലേക്കും നാം മടങ്ങണം. കാരണം അവർ ശരീഅത്ത് പഠിച്ചവരാണ്; മുഴുവൻ നിയമങ്ങളും അടിസ്ഥാനങ്ങളും പഠി ച്ചവരാണ്. അതാണ് അവരെ അബദ്ധങ്ങളിൽനിന്നും വ്യതിയാനങ്ങളിൽനിന്നും സംരക്ഷിച്ചുപോന്നത്.

അതിനാൽ, ഞാൻ വിശദീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ മാർഗ നിർദേശങ്ങളും തത്ത്വങ്ങളും പാലിക്കേണ്ടതിന്റെ അനിവാര്യതയും ആവശ്യകതയും പ്രയോജനവും വ്യക്തമായി. അത് സ്വീകരിച്ചെങ്കിൽ, അതിന്റെ പ്രയോജനങ്ങൾ നിന്റെ സ്വന്തത്തിലും നിന്റെ സമൂഹത്തിലും കാണുമെന്നും വ്യക്തമായി.

ആരെങ്കിലും ഒരു സന്മാർഗിയുടെ (പണ്ഡിതന്റെ) പിന്നാലെ സഞ്ചരിക്കുകയും, അയാളുടെ തെളി വുകളെ പിന്തുടരുകയും ചെയ്യുകയാണെങ്കിൽ അവൻ ഒരിക്കലും ഖേദിക്കേണ്ടിവരില്ല.

ഒന്നാമത്തെ മാർഗനിർദേശം

ഫിത്‌ന വെളിപ്പെടുകയും അവസ്ഥകളിൽ മാറ്റം വരികയും ചെയ്താൽ സൗമ്യതയോടും അവധാനതയോടും വിവേകത്തോടുംകൂടി, എടുത്തുചാടാതെ പ്രവർത്തിക്കണം.

ഇതു വളരെ പ്രധാനപ്പെട്ട ഒരു തത്ത്വമാണ്. സൗമ്യതയും അവധാനതയും വിവേകവും കാണിക്കണം.

1.സൗമ്യത:

നബി ﷺ ഇപ്രകാരം പറഞ്ഞതായി സ്വഹീഹിൽ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്:

ما كان الرفق في شئ؛ إلا زانه, ولا نزع من شئ إلا شانه

ഏതൊരു കാര്യത്തിലും സൗമ്യത അലങ്കാരമാണ്. അത് നീക്കംചെയ്യപ്പെട്ടാൽ ഏതും വികൃതമാണ്. (സ്വഹീഹു മുസ്‌ലിം: 4698)

‘ഏതൊരു കാര്യത്തിലും സൗമ്യത അലങ്കാരമാണ്’ എന്നതിലെ ‘ശൈഅ്’ (شئ) എന്ന പദത്തെ പണ്ഡിതന്മാർ വിശദീകരിച്ചത് ഇപ്രകാരമാണ്:

‘അത് സാർവത്രികമായ ഒരു പദമാണ്. അതിൽ എല്ലാം ഉൾകൊള്ളുന്നുണ്ട്. അതിനാൽ സൗമ്യത എല്ലാ കാര്യത്തിലും സ്തുത്യർഹമാണ്.

സ്വിദ്ദീക്വിന്റെ മകൾ ആഇശ رضى الله عنها  യോട് നബി ﷺ ഇപ്രകാരം പറയുകയുണ്ടായി:

يَا عَائِشَةُ إِنَّ اللَّهَ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ

“ഓ ആഇശാ! നിശ്ചയം, അല്ലാഹു എല്ലാ കാര്യത്തിലും സൗമ്യത ഇഷ്ടപ്പെടുന്നു.’ ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിച്ചത് ‘എല്ലാകാര്യങ്ങളിലും സൗമ്യത’ എന്ന അധ്യായത്തിനു കീഴിലാണ്.

അതിനാൽ, എല്ലാകാര്യങ്ങളിലും നിങ്ങൾ സൗമ്യതയും സമചിത്തതയും കാണിക്കുക. നിങ്ങൾ കോപിക്കരുത്; പരുഷതകാണിക്കുകയുമരുത്. എന്തെന്നാൽ, സൗമ്യത കാണിച്ചതിന്റെപേരിൽ നിങ്ങൾക്കൊരിക്കലും ഖേദിക്കേണ്ടിവരികയില്ല. മാത്രമല്ല, ‘ഏതൊരു കാര്യത്തിലും സൗമ്യത അലങ്കാരമാണ്.’

നിങ്ങളുടെ ചിന്തകളിലും അഭിപ്രായങ്ങളിലും നിങ്ങൾക്ക് മുമ്പിൽ വരുന്ന പ്രശ്‌നങ്ങളിലും നിങ്ങൾ തീർപ്പുകൽപിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിലും നിങ്ങൾ സൗമ്യത കാണിക്കുക. നിങ്ങൾ എടുത്തുചാടരുത്; എടുത്തുചാടുന്നവരോടൊപ്പം ആകുകയും ചെയ്യരുത്; (അനാവശ്യമായി) ധൃതിപ്പെടുന്നവരോടൊപ്പവും ആകരുത്. നിങ്ങൾ സൗമ്യത കാണിക്കുക. ‘ഏതൊരുകാര്യത്തിലും സൗമ്യത അലങ്കാരമാണ്’ എന്ന പ്രവാചകവചനമാണ് നമുക്ക് മാതൃക. അതിനാൽ, നിങ്ങൾ പ്രസന്നതയുള്ളവരാവുക; പ്രസന്നവദനരായി കാര്യങ്ങൾ കൈകാര്യം ചെയ്യുക. നിർദയത്വത്തെ തൊട്ട് നിങ്ങൾ ജാഗരൂകരാകുക. എന്തെന്നാൽ, നിർദയത്വം നിങ്ങളുടെ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും മുഴുവൻ വസ്തുക്കളിൽ നിന്നും കാരുണ്യത്തെ മുറിച്ചുകളയും.

2. അവധാനത:

അശജ്ജ് അബ്ദുൽകൈ്വസ് رَضِيَ اللَّهُ عَنْهُ നോട് ഒരിക്കൽ നബി ﷺ പറഞ്ഞു:

إِنَّ فِيكَ لَخَصْلَتَيْنِ يُحِبُّهُمَا اللَّهُ‏:‏ الْحِلْمُ وَالأنَاةُ‏.‏

‘അല്ലാഹുവിന് ഇഷ്ടമുള്ള രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്. (ഒന്ന്) വിവേകം (രണ്ട്) അവധാനത’ (മുസ്‌ലിം)

അവധാനത സ്തുത്യർഹമായ ഒരു സ്വഭാവമാണ്. അല്ലാഹു പറഞ്ഞു:

‏ وَيَدْعُ ٱلْإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ ۖ وَكَانَ ٱلْإِنسَٰنُ عَجُولًا

മനുഷ്യൻ ഗുണത്തിന് വേണ്ടി പ്രാർഥിക്കുന്നതുപോലെത്തന്നെ ദോഷത്തിന് വേണ്ടിയും പ്രാർഥിക്കുന്നു. മനുഷ്യൻ ഏറെ തിടുക്കംകൂട്ടുന്നവനായിരിക്കുന്നു. (അൽഇസ്‌റാഅ്: 11)

പണ്ഡിതന്മാർ പറഞ്ഞു: ‘തിടുക്കം കൂട്ടുന്ന മനുഷ്യനെ ഇതിലൂടെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. കാരണം ആർക്കെങ്കിലും ഈ ഒരു സ്വഭാവമുണ്ടെങ്കിൽ അവൻ ആക്ഷേപാർഹനാണ്. അതിനാൽ നബി ﷺ ഒരിക്കലും തിടുക്കം കൂട്ടുന്നയാളായിരുന്നില്ല.

3. വിവേകം

ഫിത്‌ന കൊണ്ട് സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ വിവേകം ഒരു പ്രശംസനീയ സ്വഭാവം തന്നെയാണ്. കാരണം, വിവേകമുണ്ടെങ്കിൽ മാത്രമെ കാര്യങ്ങളുടെ യാഥാർഥ്യത്തെ കാണാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ. സൗമ്യതയോടും അവധാനതയോടും വിവേകത്തോടുംകൂടി, എടുത്തുചാടാതെ പ്രവർത്തിക്കണം.

സ്വഹീഹു മുസ്‌ലിമിൽ ഇപ്രകാരം കാണാം:

قَالَ الْمُسْتَوْرِدُ الْقُرَشِيُّ عِنْدَ عَمْرِو بْنِ الْعَاصِ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ تَقُومُ السَّاعَةُ وَالرُّومُ أَكْثَرُ النَّاسِ ‏”‏ ‏.‏ فَقَالَ لَهُ عَمْرٌو أَبْصِرْ مَا تَقُولُ ‏.‏ قَالَ أَقُولُ مَا سَمِعْتُ مِنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ لَئِنْ قُلْتَ ذَلِكَ إِنَّ فِيهِمْ لَخِصَالاً أَرْبَعًا إِنَّهُمْ لأَحْلَمُ النَّاسِ عِنْدَ فِتْنَةٍ وَأَسْرَعُهُمْ إِفَاقَةً بَعْدَ مُصِيبَةٍ وَأَوْشَكُهُمْ كَرَّةً بَعْدَ فَرَّةٍ وَخَيْرُهُمْ لِمِسْكِينٍ وَيَتِيمٍ وَضَعِيفٍ وَخَامِسَةٌ حَسَنَةٌ جَمِيلَةٌ وَأَمْنَعُهُمْ مِنْ ظُلْمِ الْمُلُوكِ ‏.‏

മുസ്തൗരിദ് അൽക്വുറശി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  അദ്ദേഹത്തിനു സമീപം അംറുബ്‌നുൽആസ്വ് رَضِيَ اللَّهُ عَنْهُ വും ഉണ്ടായിരുന്നു. റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു: ‘റോമക്കാർ അധികരിച്ചാലാണ് അന്ത്യനാൾ സംഭവിക്കുക.’ അപ്പോൾ അംറ് رَضِيَ اللَّهُ عَنْهُ  അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കൾ പറയുന്നത് ഉറപ്പാക്കുക!’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് കേട്ടതാണ് ഞാൻ താങ്കളോട് പറയുന്നത്.’ അപ്പോൾ അംറ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അങ്ങനെയാണെങ്കിൽ, അത് റോമക്കാരിലുള്ള നാലു സൽഗുണങ്ങൾ കാരണമായിട്ടാണ്: (ഒന്ന്) ഫിത്‌നയുണ്ടാകുമ്പോൾ ജനങ്ങളോട് ഏറ്റവും വിവേകികളായിരിക്കും. (രണ്ട്) ഒരു ആപത്തിനുശേഷം ദ്രുതഗതിയിൽ പൂർവസ്ഥിതി പ്രാപിക്കും. (മൂന്ന്): ദ്രുതഗതിയിൽ പൂർവസ്ഥിതി പ്രാപിക്കുകയും പരാജയത്തിനു ശേഷം വീണ്ടും അക്രമണം നടത്താൻ കോപ്പുകൂട്ടുകയും ചെയ്യും. (നാല്) അഗതികളോടും അനാഥകളോടും ദുർബലരോടും കാരുണ്യത്തോടെ പെരുമാറും. അഞ്ചാമത്തേത് നല്ലതും സുന്ദരവുമാണ്. അതായത്, രാജാക്കന്മാരുടെ അന്യായങ്ങളിൽ നിന്ന് അവർ ആളുകളെ പ്രതിരോധിക്കുന്നവരാണ്.’ (മുസ്‌ലിം).

പണ്ഡിതന്മാർ പറഞ്ഞു:

هذا الكلام من عمرو بن العاص لا يريد به أن يثني به على الروم والنصارى الكفرة ؛ لا ! ولكن ليبين للمسلمين أن بقاء الروم وكونهم أكثر الناس إلى أن تقوم الساعة لأنهم عند حدوث الفتن هم أحلم الناس ؛ ففيهم من الحلم ما يجعلهم ينظرون إلى الأمور ويعالجونها ؛ لأجل أن لا تذهب أنفسهم , ويذهب أصحابهم

‘അംറുബ്‌നുൽ ആസ്വിന്റെ ഈ വാക്ക് റോമാക്കാരെയും അവിശ്വാസികളായ ക്രിസ്ത്യാനികളെയും പ്രശംസിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. പ്രത്യുത, അവസാന നാളിലുള്ള അവരുടെ ആധിക്യം, ഫിത്‌നയുടെ അവസരത്തിൽ ഏറ്റവും വിവേകത്തോടെ പ്രവർത്തിക്കുന്നത് കാരണമാണ് എന്ന് മുസ്ലിംകൾക്ക് വിശദീകരിച്ചുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് അദ്ദേഹം അതു പറഞ്ഞത്. അവരുടെ വിവേകം കാരണമായി പ്രശ്‌നങ്ങൾ പരിശോധിക്കാനും അവ പരിഹരിക്കാനും അവർക്ക് സാധിക്കുന്നു. അതിലൂടെ, സ്വന്തത്തെയും അവരുടെ ആൾക്കാരെയും രക്ഷിക്കാൻ അവർക്ക് സാധിക്കുന്നു.’

സ്വഹീഹ് മുസ്‌ലിമിന്റെ വിശദീകരണത്തിൽ സനൂസിയും അൽഉബിയും പറയുന്നതാണിത്.

ഇത് പ്രവാചകനിൽനിന്നുള്ള മൃദുലമായ ഒരു താക്കീതാണ്. കാരണം, ജനങ്ങളിൽ ഭൂരിഭാഗവും റോമാക്കാരാകുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല എന്ന് അറിയിക്കുകയാണ്. (അന്ത്യനാളടുക്കുമ്പോൾ റോമാക്കാർ അധികരിക്കുന്നത്) എന്തുകൊണ്ടാണ്?

قال عمرو بن العاص : « لأن فيهم خصالاً أربعاً : الأولى ( وهي التي تهمنا من تلك الخصال ) : أنهم أحلم الناس عند فتنة » ؛ يعني : إذا ظهرت تغير الحال , وظهرت الفتن ؛ فإنهم يحلمون , ولا يعجلون , ولا يغضبون ؛ ليقوا أصحابهم النصارى القتل ويقوهم الفتن ؛ لأنهم يعلمون أن الفتنة إذا ظهرت ؛ فإنها ستأتي عليهم ؛ فلأ جل تلك الخصلة فيهم بقوا أكثر الناس إلى قيام الساعة.

അംറുബ്‌നുൽ ആസ്വ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘കാരണം അവരിൽ നാല് സ്വഭാവസവിശേഷതകളണ്ട്: അവയിൽ ഒന്ന് (ആ സ്വഭാവസവിശേഷതകളിൽ നമ്മെ ആകർഷിക്കുന്നത് ഇതാണ്): ഫിത്‌നയുടെ അവസരത്തിൽ ജനങ്ങളിൽ ഏറ്റവും വിവേകം കാണിക്കുന്നത് അവരാണ്. അതായത്: അവസ്ഥകൾ മാറുകയും ഫിത്‌ന വെളിപ്പെടുകയും ചെയ്താൽ, അവർ വിവേകത്തോടെ പ്രവർത്തിക്കും. അവർ തിടുക്കം കാണിക്കുകയോ കോപിക്കുകയോ ഇല്ല. ക്രിസ്ത്യാനികളായ അവരുടെ ആൾക്കാരെ കൊലക്ക് കൊടുക്കാനും അവരുടെമേൽ കൂടുതൽ ഫിത്‌നകൾ വരുത്തിവെക്കാനും അവർ തയ്യാറല്ല. എന്തെന്നാൽ, ഫിത്‌ന പ്രത്യക്ഷപ്പെട്ടാൽ, തങ്ങൾ തന്നെയാണ് അതിൽ അകപ്പെടുക എന്ന് അവർക്ക് നന്നായറിയാം. ഈയൊരു സ്വഭാവസവിശേഷത കാരണത്താലാണ് അന്ത്യനാളടുക്കുമ്പോൾ ജനങ്ങളിൽ ഭൂരിഭാഗവും അവരായിത്തീരുന്നത്.

അംറുബ്‌നുൽആസ്വ് رَضِيَ اللَّهُ عَنْهُ പ്രശംസിച്ച റോമാക്കാരുടെ ഈ സ്വഭാവസവിശേഷത എന്തുകൊണ്ട് നാം സ്വീകരിക്കുന്നില്ല എന്ന് നാം അത്ഭുതപ്പെടുകയാണ്. കാരണം, അത് പ്രശംസനീയമായ ഒരു സ്വഭാവമാണ്. ഏതൊരു നന്മക്കും ഏറ്റവും അർഹരായവർ നമ്മളാണ്.

വിവേകം ഏതൊരു വിഷയത്തിലും പ്രശംസനീയമാണ്. വിവേകം, സൗമ്യത, അവധാനത എന്നിവയിലൂടെ ബുദ്ധിമാനായ ഒരാളുടെ ചിന്തകൾ പ്രകാശമാനമാകും. ഇത്തരം സ്വഭാവങ്ങൾ ഒരാളുടെ ബുദ്ധിയെയും ജ്ഞാനത്തെയും അറിയിക്കുന്നു.

അപ്പോൾ, ഫിത്‌ന വെളിപ്പെടുകയും അവസ്ഥകൾ മാറുകയും ചെയ്താൽ അഹ്‌ലുസ്സുന്നതി വൽജമാഅ സ്വീകരിക്കുന്ന ഒന്നാമത്തെ മാർഗനിർദേശമാണിത്.

(ഞാൻ ഇവിടെ സൂചിപ്പിച്ചവയിൽ) ചിലത് തത്ത്വങ്ങളും ചിലത് മാർഗനിർദേശങ്ങളുമാണ്. ഞാൻ അവയെ സംയോജിപ്പിച്ചത് ആശയപരമായി ഒന്ന് മറ്റൊന്നുമായി പങ്കുചേരുന്നു എന്നതുകൊണ്ടാണ്.

രണ്ടാമത്തെ മാർഗനിർദേശം

ഫിത്‌ന വെളിപ്പെടുകയോ അവസ്ഥകൾ മാറുകയോ ചെയ്താൽ, വ്യക്തമായി പഠിച്ചു മനസ്സിലാക്കിയ ശേഷമല്ലാതെ ഫിത്‌നയും അവസ്ഥമാറ്റവുമായി ബന്ധപ്പെട്ട ഒരു വിഷയത്തെ കുറിച്ചും തീർപ്പ് നൽകരുത്. അതിനുള്ള കാരണം ഈ ഒരു തത്ത്വമാണ്: ‘ഒരു വിഷയത്തെ സംബന്ധിച്ച തീർപ്പ് ആ വിഷയത്തെ കുറിച്ചുള്ള ധാരണയുടെ ഭാഗമാണ്.’

ഇസ്‌ലാമിന്റെ മുമ്പും ശേഷവും ബുദ്ധിയുള്ള ആളുകൾ ഈ ഒരു മാർഗനിർദേശം പാലിച്ചവരാണ്. നമുക്ക് അതിനുള്ള മതപരമായ തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:

وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ

നിനക്ക് അറിവില്ലാത്ത യാതൊരുകാര്യത്തിന്റെയും പിന്നാലെ നീ പോകരുത്’’ (അൽഇസ്‌റാഅ്: 36).

അതായത്, നിനക്ക് അറിവില്ലാത്തതും നീ പൂർണമായി ഗ്രഹിച്ചിട്ടില്ലാത്തതുമായ കാര്യത്തെ സംബന്ധിച്ച് സംസാരിക്കുന്നത് നീ സൂക്ഷിക്കുക. (അതിനെക്കുറിച്ച് സംസാരിക്കുന്നതുതന്നെ അപകടമാണ്. എന്നാൽ) അതിനെക്കാളെല്ലാം അപകടകരം, നീ ഒരു നേതാവാകുകയും നിന്നെ ആളുകൾ പിന്തുടരുകയും അതിൽ (അന്വേഷിച്ചറിയുന്നതിനുള്ള) വിധികർത്താവാക്കുകയും ചെയ്യുമ്പോഴാണ്.

‘ഒരു വിഷയത്തെ സംബന്ധിച്ച തീർപ്പ് ആ വിഷയത്തെക്കുറിച്ചുള്ള ധാരണയുടെ ഭാഗമാണ്.’

ഈയൊരു തത്ത്വം നിങ്ങളുടെ നിത്യജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്തണം. ഈ തത്ത്വം പാലിക്കുന്നതിന് ധിഷണ അനിവാര്യമാണ്. ഇത് പാലിച്ചാലല്ലാതെ ഒരു പ്രവർത്തനവും ശരിയാകുകയില്ല. കാരണം ഈയൊരു തത്ത്വം പാലിച്ചില്ലെങ്കിൽ അബദ്ധം പറ്റുമെന്ന കാര്യത്തിൽ സംശയമില്ല. മുഴുവൻ തീർപ്പുകളിലും സംസാരങ്ങളിലും ഈ തത്ത്വം സ്വീകരിക്കാൻ ശരീഅത്ത് ആവശ്യപ്പെടുന്നു. ഈ തത്ത്വം മനസ്സിലാകുന്നതിന് ചില ഉദാഹരണങ്ങൾ ഞാൻ പറയാം:

ഉദാ: ഞാൻ നിങ്ങളിൽപെട്ട ഒരാളോട് ചോദിക്കുകയാണ്, ‘മുറാബഹ എന്ന ഇടപാടിനെ സംബന്ധിച്ച ഇസ്‌ലാമികവിധിയെന്താണ്?’ അപ്പോൾ നിങ്ങളിലൊരാൾ പറഞ്ഞേക്കും: ‘ലാഭം (റബ്ഹ്) അനുവദനീയമാണ്. ശരീഅത്തിൽ അതിന് ഒരു കുഴപ്പവുമില്ല. അതുകൊണ്ടുതന്നെ മുറാബഹയിലൂടെയുള്ള കച്ചവടത്തിന് കുഴപ്പമില്ല.’

ഈ വിഷയത്തിലുള്ള അയാളുടെ തീർപ്പ് തെറ്റാണ്. കാരണം ‘മുറാബഹ’ എന്ന ഇടപാടിനെ സംബന്ധിച്ച ഇസ്‌ലാമികവിധി എന്താണ് എന്ന ചോദ്യത്തിനു പിന്നിലുള്ള ചോദ്യകർത്താവിന്റെ ഉദ്ദേശ്യം അയാൾ നേരാംവണ്ണം ഗ്രഹിച്ചിട്ടില്ല.

മുറാബഹ എന്നാൽ കച്ചവടത്തിലുള്ള ലാഭമാണ് എന്ന് അയാൾ ഗ്രഹിച്ചു. ഇതിലുള്ള തെറ്റായ ഈ ഗ്രാഹ്യത നിമിത്തം അയാൾക്ക് തന്റെ മതവിധിയിൽ തെറ്റുപറ്റി.

മതപരമായ ഒരു തീർപ്പ് ശരിയായ ഒരു ഗ്രാഹ്യതയുടെ അടിസ്ഥാനത്തിൽ പടുത്തുയർത്തിയതായിരിക്കണം. അനുവദനീയമല്ലാത്ത ക്രയവിക്രയങ്ങളിൽ പെട്ട ഒന്നാണ് മുറാബഹ. കാരണം, പലിശയെ മറച്ചുവെക്കാനുള്ള ഒരു തന്ത്രമായി ചില ഇസ്‌ലാമിക ബേങ്കുകൾ അതിനെ ഉപയോഗപ്പെടുത്തുന്നു.

അതിന്റെ ശരിയായവശം ഇതാണ്: നിങ്ങൾക്കു വേണ്ടി ഒരു വസ്തു വാങ്ങാൻ നിങ്ങൾ മറ്റൊരാളെ ഉത്തരവാദപ്പെടുത്തും. ഉത്തരവാദപ്പെടുത്തിയശേഷം പൂർത്തീകരിക്കാൻ ബാധ്യസ്ഥമായ ഒരു കരാറുണ്ടാകും. പൂർത്തീകരിക്കാമെന്ന നിലക്കുള്ള ഈ കരാർ ശരീഅത്തിൽ അനുവദനീയമല്ല. അതിനാൽ മുറാബഹ അനുവദനീയമല്ല.

മറ്റൊരു ഉദാഹരണം: ‘ഒരു വിഷയത്തെ സംബന്ധിച്ച തീർപ്പ് ആ വിഷയത്തെ കുറിച്ച് മനസ്സിലാക്കിയതിന്റെ ഭാഗമാണ്’ എന്ന ആ തത്ത്വം മനസ്സിലാക്കാനുതകുന്നതാണ്. ‘യഹോവാസാക്ഷികളെ സംബന്ധിച്ചുള്ള വിധിയെന്താണ്’ എന്ന് നിങ്ങളോട് ചോദിക്കുകയാണെങ്കിൽ നിങ്ങളെന്തു മറുപടി പറയും?

അതിനെപ്പറ്റി നല്ല ധാരണയുള്ള വ്യക്തിയാണെങ്കിൽ, ഇങ്ങനെ പറയും: ‘അത് ഇന്നയിന്ന വിഭാഗമാണ്. അവരെ സംബന്ധിച്ചുള്ള ഇസ്‌ലാമിന്റെ വിധി ഇന്നതാണ്.’

അതല്ലെങ്കിൽ ഇപ്രകാരം പറഞ്ഞെന്നു വരും: ‘യഹോവാസാക്ഷികളെന്ന ഈ വിഭാഗം ഏതാണെന്ന് എനിക്കറിയില്ല. ഇതിനു മുമ്പ് ഞാൻ അവരെക്കുറിച്ച് കേട്ടിട്ടില്ല.’

ഇങ്ങനെയുള്ള അവസ്ഥയിൽ നിങ്ങൾക്ക് അവരെ സംബന്ധിച്ച ഒരു വിധി പറയുക സാധ്യമല്ല. അതിലുള്ള ഇസ്‌ലാമികവിധി വിശദീകരിക്കാനും സാധ്യമല്ല. കാരണം അവരെക്കുറിച്ച ശരിയായ വിവരം നിങ്ങളുടെ പക്കലില്ല. അവർ ആരാണ്, അവരുടെ ആദർശമെന്താണ്, അവർ മുസ്‌ലിംകളാണോ, ക്രൈസ്തവരാണോ, ജൂതന്മാരാണോ എന്നൊന്നും നിങ്ങൾക്കറിയില്ല. അതിനാൽ അവരെക്കുറിച്ച് വിശദമായി അറിഞ്ഞാലല്ലാതെ അവരെ സംബന്ധിച്ച ഒരു വിധി നിങ്ങൾ പറയുകയില്ല.

അത് മനസ്സിലായിക്കഴിഞ്ഞാൽ, ഒരു വിധികർത്താവോ, മുഫ്തിയോ, ശറഇയായ വിഷയങ്ങൾ സംസാരിക്കുന്നവനോ രണ്ടു കാര്യങ്ങൾ പൂർത്തീകരിച്ചെങ്കിലല്ലാതെ സംസാരിക്കാൻ പാടില്ല. സ്വന്തത്തോടും മുഴുവൻ മുസ്‌ലിംകളോടുമുള്ള ബാധ്യത നിർവഹിക്കുന്നതിനും പാപത്തിലകപ്പെടുന്നതിൽ നിന്നും അറിവ് കൂടാതെ അല്ലാഹുവിനെക്കുറിച്ച് പറയുന്നതിൽനിന്നും സ്വന്തത്തെ സംരക്ഷിക്കുന്നതിനും അതാണ് ഉചിതം. ആ രണ്ട് കാര്യങ്ങൾ ഇവയാണ്:

1. തന്റെ മുന്നിലുള്ള വിഷയം നന്നായി മനസ്സിലാക്കണം. മറ്റൊരു വിഷയവുമായി ഇതിനെ കൂട്ടിക്കുഴക്കരുത്. കാരണം, ഒരുപോലുള്ള ചില കാര്യങ്ങളും വിഷയങ്ങൾക്കിടയിലുണ്ടാകാം. അപ്പോൾ, സമാനമായ ഒരു വിഷയത്തിൽ മനസ്സ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റേതെങ്കിലും വിഷയവുമായി കൂട്ടിക്കുഴഞ്ഞ് അബദ്ധം പറ്റാൻ സാധ്യതയുണ്ട്.

2. പ്രസ്തുത വിഷയത്തിലുള്ള അല്ലാഹുവിൽനിന്നും റസൂൽ ﷺ യിൽ നിന്നുമുള്ള വിധിയാണ് അറിയേണ്ടത്. അല്ലാതെ അതിനോട് സാദൃശ്യമുള്ള മറ്റു വിഷയങ്ങളിലുള്ള വിധിയല്ല.

ഇതു സ്ഥിരപ്പെട്ടുകഴിഞ്ഞാൽ, ഇതാ സുപ്രധാനമായ ഒരു ചോദ്യം: “ഈ ഗ്രാഹ്യത എനിക്ക് എങ്ങനെ ലഭിക്കും? ഈ വിഷയത്തെ ഞാൻ എങ്ങനെ മനസ്സിലാക്കും? ആരിൽനിന്നും അത് മനസ്സിലാക്കും?’ കാരണം ചില വിഷയങ്ങൾ തമ്മിൽ സാദൃശ്യമുണ്ട്. മറ്റുചിലത് പ്രയാസമേറിയതാണ്. ചില വിഷയങ്ങളിൽ സത്യവും വ്യക്തവുമായ ഗ്രാഹ്യത നൽകാൻ പര്യാപ്തമായ ഒരാളെ എനിക്ക് കണ്ടെത്താൻ സാധിച്ചില്ലെന്നുവരും.

മറുപടി: ശറഇയ്യായ വിധി പ്രസ്താവിക്കുന്നതിനുള്ള ഗ്രാഹ്യത ലഭിക്കാൻ രണ്ടു മാർഗങ്ങളാണുള്ളത്:

ഒന്ന്: ചോദ്യം ചോദിക്കുന്ന വ്യക്തിയിൽനിന്ന്. കാരണം ചോദ്യകർത്താവാണ് വിഷയം അഭിമുഖീകരിക്കുന്നത്. അതിനാൽ, അവൻ ചോദിക്കുകയും വിശദീകരിക്കുകയും ചെയ്യുകയാണെങ്കിൽ, കൃത്യമായ ഗ്രാഹ്യത ലഭിക്കും. അങ്ങനെ ചോദ്യത്തിനനുസൃതമായ വിധി നൽകാൻ മുഫ്തിക്ക് സാധിക്കും.

രണ്ട്: കൃത്യമായി വിവരിക്കാൻ കഴിവുള്ള വിശ്വസ്തരായ മുസ്‌ലിംകൾ മുഖേനയും വിഷയം മനസ്സിലാക്കാൻ സാധിക്കും. വിവരണം കൃത്യമല്ലെങ്കിൽ വിധിയിൽ അബദ്ധം പിണയാൻ സാധ്യതയുണ്ട്. അതിനാൽ വിശ്വസ്തരും നീതിമാന്മാരുമായ ആളുകളിൽനിന്ന് വിവരം ശേഖരിക്കണം.

അപ്പോൾ, ഫിത്‌ന വെളിപ്പെടുകയും അവസ്ഥകൾ മാറുകയും ചെയ്യുന്ന അവസരത്തിൽ ഒരു കാഫിറിന്റെ വാക്കിനെ ആശ്രയിക്കരുത്. മതപരമായ ഒരു വിധി നൽകുന്നതിന് അതിനെ മാനദണ്ഡമാക്കരുത്. വിശ്വസ്തനും നീതിമാനുമായ ഒരു മുസ്‌ലിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമെ മതവിധി നൽകാൻ പാടുള്ളൂ.

റസൂൽ ﷺ യുടെ ഹദീസുകൾ എല്ലാവരിൽനിന്നും സ്വീകരിക്കുകയില്ല. ആദ്യാവസാനം വിശ്വസ്തരും നീതിമാന്മാരുമായ റിപ്പോർട്ടർമാരുള്ള നിവേദകപരമ്പരയാണെങ്കിൽ മാത്രമെ സ്വീകരിക്കുകയുള്ളൂ. പരമ്പരയിൽ സ്വഭാവദൂഷ്യമുള്ള ഒരു ഫാസിക്വ് (ദുർവൃത്തൻ) ഉണ്ട്, അല്ലെങ്കിൽ ഓർമപ്പിഴവുള്ള ഒരു വ്യക്തിയുണ്ട്, അതുമല്ലെങ്കിൽ റിപ്പോർട്ടുകൾ തമ്മിൽ ആശയക്കുഴപ്പം ഉള്ള ഒരുവനുണ്ട് എങ്കിൽ ആ റിപ്പോർട്ട് സ്വീകരിക്കുകയുമില്ല, അതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഒരു മതവിധി പറയുകയുമില്ല. അതിനാൽ, ഈ തത്ത്വം (എല്ലാവിഷയങ്ങളിലും) പ്രയോഗത്തിൽ വരുത്തേണ്ടത് അനിവാര്യമാണ്.

ചുരുക്കത്തിൽ: ‘ഒരു വിഷയത്തെ സംബന്ധിച്ച തീർപ്പ് ആ വിഷയത്തെകുറിച്ചുള്ള ഗ്രാഹ്യതയുടെ ഭാഗമാണ്’ എന്ന തത്ത്വത്തിന്റെ അടിസ്ഥാനം സമ്പുർണമായ ഗ്രാഹ്യതയാണ്. ശരിയായ ഗ്രാഹ്യത മതപരമായി ശരിയാകണമെങ്കിൽ അത് വിശ്വസ്തനും നീതിമാനുമായ ഒരു മുസ്‌ലിമിൽനിന്നും സ്വീകരിച്ചതായിരിക്കണം. അതല്ലെങ്കിൽ, ചോദ്യകർത്താവിൽനിന്നുതന്നെ ലഭിക്കണം. അവൻ ഫാസിക്വ് ആയാലും ശരി.

മൂന്നാമത്തെ മാർഗനിർദേശം

ഒരു മുസ്‌ലിം എല്ലാകാര്യങ്ങളിലും നീതിയും ന്യായവും പാലിക്കണം:

അല്ലാഹു പറയുന്നു:

وَإِذَا قُلْتُمْ فَٱعْدِلُوا۟

…നിങ്ങൾ സംസാരിക്കുകയാണെങ്കിൽ നീതി പാലിക്കുക… (അൽഅൻആം: 152).

وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ

ഒരു ജനതയോടുള്ള അമർഷം നീതിപാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതിപാലിക്കുക. അതാണ് ധർമനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. (അൽമാഇദ:8)

സംസാരങ്ങളിലും തീരുമാനങ്ങളിലും നീതി പാലിക്കണമെന്ന് നാം വ്യക്തമാക്കി. ഇനി ആരെങ്കിലും സംസാരങ്ങളിലും തീർപ്പുകളിലും നീതിപാലിച്ചിട്ടില്ലെങ്കിൽ; അവൻ (പാപംചെയ്യുന്നതിൽനിന്നും) സ്വന്തത്തെ രക്ഷപ്പെടുത്തുന്ന രൂപത്തിൽ ശരീഅത്ത് പിൻപറ്റിയിട്ടില്ല.

നീതി എന്നാൽ എന്താണ്? ഈ മാർഗനിർദേശത്തിൽ സൂചിപ്പിച്ച ന്യായം എന്താണ്?

നീതി എന്നാൽ; കാര്യങ്ങളിലെ നീതിയും തിന്മയും നിങ്ങൾ കൊണ്ടുവരുന്നു. അതിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന വശവും ഇഷ്ടപ്പെടാത്ത വശവും പരിശോധിക്കും. ശേഷം അവയെ തുലനം ചെയ്ത് ഒരു തീർപ്പുകൽപിക്കും. എന്തെന്നാൽ, ഇരുവശങ്ങളും പരിശോധിച്ചാലല്ലാതെ അല്ലാഹുവിന്റെ കൽപനക്ക് വിരുദ്ധമായ കാര്യങ്ങൾ ശരീഅത്തിലേക്ക് ചേർത്തു പറയുന്നതിൽനിന്നും ഒരാൾക്ക് സുരക്ഷിതനാകാൻ സാധിക്കുകയില്ല.

അതിനാൽ ശറഇയ്യായ വിധി എത്തുംവരെയും ഫിത്‌നയെ സംബന്ധിച്ച നിങ്ങളുടെ വീക്ഷണവും സംസാരവും ധാരണയും അഭിപ്രായവുമെല്ലാം إن شاء الله നിങ്ങളുടെ രക്ഷകനാകുന്നതുവരെയും നന്മയുടെ വശവും തിന്മയുടെ വശവും മനസ്സിൽ പ്രദർശിപ്പിക്കണം.

ഇത് സുപ്രധാനമായ ഒരു വിഷയമാണ്; പ്രായോഗികമാക്കേണ്ടണ്ടഒരു തത്ത്വവുമാണ്. കാരണം ഈ തത്ത്വം പിൻപറ്റാത്തവന്റെ ഹൃദയത്തിൽ ദേഹേച്ഛ പാഞ്ഞുകയറും. മാത്രമല്ല, ദേഹേച്ഛയുടെ വാതിൽ മറ്റുള്ളവർക്ക് അവൻ തുറന്നുകൊടുക്കുകയും ചെയ്‌തേക്കും. നബി ﷺ യുടെ വാക്കുകൾ അതാണ് സൂചിപ്പിക്കുന്നത്:

ومَن سنَّ سنَّة سيئة ؛ فعليه وزرها و وزر مَن عمل بها إلى يوم القيامة

ആരെങ്കിലും ഒരു ചീത്തചര്യ നടപ്പിൽ വരുത്തിയെങ്കിൽ, അതിന്റെ പാപവും അന്ത്യനാൾവരെ അതിനെ പിന്തുടർന്ന് പ്രവർത്തിക്കുന്നവരുടെ പാപവും അവരുടെ പാപം ഒട്ടുംകുറയാതെതന്നെ – അവന് രേഖപ്പെടുത്തും. (മുസ്‌ലിം).

അറിവും സന്മാർഗവും ചേർത്തു പറയപ്പെടുന്നവരിൽനിന്നാണ് ഇത്തരം ചെയ്തികളെങ്കിൽ, ആപത്ത് കൂടുതൽ ഗുരുതരമാണ്. കാരണം, അവരുടെ ചെയ്തികളെ പിന്തുടരാൻ ജാഹിലുകളും അൽപജ്ഞാനികളുമുണ്ടാകും.

അതിനാൽ, നമ്മുടെ മുഴുവൻ കാര്യങ്ങളിലും ഈ തത്ത്വം പിന്തുടരണം. ദേഹേച്ഛയെ പിന്തുടരുന്നതിൽ നിന്നും ആര് സുരക്ഷിതനായോ, അവനെ അല്ലാഹു ഇഹത്തിലും പരത്തിലും രക്ഷപ്പെടുത്തും.

നാലാമത്തെ മാർഗനിർദേശം

അല്ലാഹുവിന്റെ ഈ വചനമാണ് ഈ തത്ത്വത്തിന്റെ അടിസ്ഥാനം:

‏ وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟

നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെപിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്. (ആലു ഇംറാൻ: 103)

ഈ വചനത്തെ നബി ﷺ വിശദീകരിച്ചു:

عَلَيْكُمْ بِالْجَمَاعَةِ وَإِيَّاكُمْ وَالْفُرْقَةَ

നിങ്ങൾ ജമാഅത്തിനോടൊപ്പം നിൽക്കുക. ഭിന്നതയെ സൂക്ഷിക്കുക. (മുസ്‌നദു അഹ്‌മദ്).

ഇമാം അഹ്‌മദിന്റെ പുത്രനായ അബ്ദുല്ല ‘സവാഇദു മുസ്‌നദു അഹ്‌മദി’ൽ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്:

الجماعة رحمة , والفرقة عذاب

ജമാഅത്ത് (സംഘമായി നില കൊള്ളൽ) കാരുണ്യമാണ്, ഭിന്നത ശിക്ഷയുമാണ്.

വാക്കുകളിലും കർമങ്ങളിലും അഭിപ്രായങ്ങളിലുമുള്ള എല്ലാതരം ഭിന്നതയും ശിക്ഷയാണ്. അല്ലാഹുവിന്റെ കൽപനകൾക്ക് എതിര് പ്രവർത്തിക്കുകയും അവന്റെതല്ലാത്ത മാർഗദർശനത്തെ പിൻപറ്റുകയും ചെയ്യുന്നവരെ അവൻ ശിക്ഷിക്കും. അതിനാൽ, അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ കൂടെ നിൽക്കുകയും അതിന്റെ ഇമാമുമാരെയും പണ്ഡിതന്മാരെയും പിന്തുടരുകയും ചെയ്യുന്നവനാണ് ജമാഅത്തിനോടൊപ്പം നിൽക്കുന്നവൻ. അവരിൽനിന്നും വേറിട്ടുപോയവൻ ഭിന്നിക്കുകയും ഇഹത്തിൽവെച്ച് അല്ലാഹുവിന്റെ ശിക്ഷ ലഭിക്കുകയും ചെയ്തവരിൽനിന്നും സുരക്ഷിതനല്ല.

നമ്മെയും നമ്മുടെ മുഴുവൻ സഹോദരന്മാരെയും അവയിൽനിന്നും സംരക്ഷിക്കാൻ അല്ലാഹുവോട് പ്രാർഥിക്കുന്നു.

الجماعة رحمة , والفرقة عذاب

നബി ﷺ പറഞ്ഞു: “ജമാഅത്ത് കാരുണ്യമാണ്, ഭിന്നത ശിക്ഷയുമാണ്.’’

ഏതുതരം സവിശേഷതകളോടുകൂടിയ ജമാഅത്തും, സത്യത്തിലും സന്മാർത്തിലുമാണെങ്കിൽ; അത് കാരുണ്യമാണ്. അതുമൂലം അല്ലാഹു അവന്റെ ദാസന്മാരുടെ മേൽ കരുണ ചൊരിയും. ഭിന്നത ശിക്ഷയാണ്. ഭിന്നിക്കുന്നതിൽ ഒരിക്കലും യാതൊരു നന്മയുമില്ല.

അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്:

‏ وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟

നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെപിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത് (ആലുഇംറാൻ:103)

ശേഷം അല്ലാഹു പറഞ്ഞു:

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽനിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ. (ആലുഇംറാൻ:104).

ശേഷം പറഞ്ഞു:

وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَٰتُ ۚ وَأُو۟لَٰٓئِكَ لَهُمْ عَذَابٌ عَظِيمٌ

വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനുശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവർക്കാണ് കനത്ത ശിക്ഷയുള്ളത്. (ആലുഇംറാൻ:105)

അതെ, വ്യക്തമായ തെളിവുകളും മാർഗദർശനവും വന്നുകിട്ടിയതിന് ശേഷവും വാക്കുകളിലും കർമങ്ങളിലും ഭിന്നിച്ചവർ വ്യതിചലിക്കുന്നതിൽനിന്നും ഭിന്നിക്കുന്നതിൽനിന്നും രക്ഷപ്പെടുന്നവരല്ല. അവർ സന്മാർഗത്തിലൂടെയല്ലാതെ ചരിക്കുന്നതിൽനിന്നും സുരക്ഷിതരുമല്ല.

അതിനാൽ, അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ ജമാഅത്തിനോടൊപ്പം നിൽക്കൽ നമ്മുടെ ബാധ്യതയാണ്. അവരുടെ വാക്കുകൾ നാം സ്വീകരിക്കും. അവരുടെ തത്ത്വങ്ങളെയും മാർഗനിർദേശങ്ങളെയും അവരുടെ പണ്ഡിതന്മാരുടെ തീരുമാനങ്ങളെയും നാം തള്ളിക്കളയുകയില്ല. കാരണം അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ ഉസ്വൂലുകളും ശറഇയായ തെളിവുകളും അവർക്കാണ് നന്നായറിയുക. ജനങ്ങളിൽ പലർക്കും ഇതറിയില്ല. എന്നുമാത്രമല്ല, പാണ്ഡിത്യത്തിലേക്ക് ചേർത്തു പറയപ്പെടുന്നവരിൽ പോലും ഇത് അറിയാത്ത ധാരാളം ആളുകളുണ്ട്. അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ പണ്ഡിതന്മാർ അഗാധപാണ്ഡിത്യവും ദീർഘവീക്ഷണവും അറിവിന്റെ വിഷയത്തിൽ ഉറച്ച പാദങ്ങളുമുള്ളവരാണ്.

അബ്ദുല്ലാഹിബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ ചെയ്ത പ്രവൃത്തിയിലേക്ക് നോക്കുക! ഉസ്മാനുബ്‌നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിനോടൊപ്പം ഹജ്ജിൽ പങ്കെടുത്തപ്പോൾ അദ്ദേഹം എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയുമോ?

മിനായിൽവെച്ച് ഉസ്മാൻ رَضِيَ اللَّهُ عَنْهُ (ക്വസ്ർ ആക്കാതെ) പൂർത്തിയാക്കി നാല് റക്അത്ത് നമസ്‌കരിക്കുമായിരുന്നു. മിനായിൽ നാല് റക്അത്തുള്ള നമസ്‌കാരങ്ങൾ രണ്ട് റക്അത്ത് ആക്കി ചുരുക്കി നമസ്‌കരിക്കൽ ആണല്ലോ നബിചര്യ! എന്നാൽ ഉസ്മാൻ  رَضِيَ اللَّهُ عَنْهُ മനസ്സിലാക്കിയ ശറഈ വ്യാഖ്യാനപ്രകാരം അത് നാല് റക്അത്ത്തന്നെയാണ്. നാല് റക്അത്തുള്ള നമസ്‌കാരങ്ങൾ രണ്ട് റക്അത്തായി നമസ്‌കരിക്കലാണ് പ്രവാചകചര്യയെന്ന് ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയാറുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു:

يا عبد الله بن مسعود ! تقول هذا وأنت تصلي مع عثمان بن عفان أربع ركعات ! لماذا ؟! قال : يا هذا ! الخلاف شر ! الخلاف شر ! الخلاف شر

‘ഓ, അബ്ദുല്ലാഹിബ്‌നു മസ്ഊദ്! നിങ്ങൾ ഇത് പറയുന്നു; എന്നാൽ, എന്തുകൊണ്ടാണ് ഉസ്മാനുബ്‌നു അഫ്ഫാനിനോടൊപ്പം താങ്കൾ നാലുറക്അത്ത് നമസ്‌കരിക്കുന്നത്?’ അദ്ദേഹം പറഞ്ഞു: ‘ഓ ഇന്നവനേ! ഭിന്നത തിന്മയാണ്! ഭിന്നത തിന്മയാണ്! ഭിന്നത തിന്മയാണ്!’’ (അബൂദാവൂദ്)

ശരിയായ തത്ത്വം അവർ മനസ്സിലാക്കിയതിനാലാണ് ഇത്. അതായത്, ഭിന്നതയെ സ്വീകരിച്ചവൻ സ്വയം ഫിത്‌നയിൽനിന്നും സുരക്ഷിതനല്ല; മറ്റുള്ളവരെ അതിൽനിന്നും രക്ഷിക്കുന്നുമില്ല എന്ന തത്ത്വം. ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:الخلاف شر (ഭിന്നത തിന്മയാണ്).

അഞ്ചാമത്തെ മാർഗനിർദേശം

രാഷ്ട്രത്തിന്റെ പതാകയായാലും പ്രബോധകന്മാരുടെ പതാകയായാലും, ഫിത്‌നയുടെ അവസരത്തിൽ ഉയർത്തപ്പെടുന്ന എല്ലാ പതാകകളും ശരിയായ– അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ– തുലാസുവച്ച് തൂക്കി നോക്കണം. ഈ തുലാസിൽവച്ച് ഇത്തരം പതാകകൾ തൂക്കുകയാണെങ്കിൽ, അത് വക്രതയില്ലാത്തവിധം നീതിപൂർണമായ തൂക്കമായിരിക്കും. അതാണ് അല്ലാഹു പറഞ്ഞത്:

وَنَضَعُ ٱلْمَوَٰزِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَٰمَةِ فَلَا تُظْلَمُ نَفْسٌ شَيْـًٔا

ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നീതിപൂർണമായ തുലാസുകൾ നാം സ്ഥാപിക്കുന്നതാണ്. അപ്പോൾ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. (അൽഅമ്പിയാഅ്: 47)

അഹ്‌ലുസ്സുന്നഃയുടെ പക്കൽ നീതിപൂർണമായ തുലാസുകളുണ്ട്. അതിലാണ് അവർ വിവിധവിഷയങ്ങളും അഭിപ്രായങ്ങളും അവസ്ഥകളും സാഹചര്യമാറ്റങ്ങളിലുള്ള വ്യത്യസ്ത പതാകകളും തൂക്കുന്നത്. അഹ്‌ലുസ്സുന്നഃയുടെ ഇമാമുകൾ വിശദീകരിച്ചതുപോലെ, ഈ തുലാസുകൾ രണ്ടു തരമാണ്:

1. ഇസ്‌ലാമിനെ തൂക്കുന്ന തുലാസ്: അതായത്, ഇസ്‌ലാമിക ദഅ്‌വത്തിലെ കൃത്യതയെയാണ് അതു തൂക്കുന്നത്.

ഇസ്‌ലാമിലേക്ക് ചേർത്തുകൊണ്ട് ഉയർന്നുവരുന്ന പതാകകൾ നിരവധിയുണ്ട്. അതിനാൽ ആ പതാകകളെ തൂക്കിനോക്കണം. അത് ഇസ്‌ലാമിക പതാകയാണെങ്കിൽ, അതുമായി ബന്ധപ്പെട്ട ശറഇയ്യായ വിധികൾ നിർധരിച്ചെടുക്കണം. ശേഷം ഈ വിധികൾ മുറുകെ പിടിക്കണം. അല്ലാഹുവും അവന്റെ ദൂതനും അതാണ് കൽപിച്ചത്.

2. ഇസ്‌ലാമിന്റെ പൂർണതയും (പതാകവാഹകരുടെ) സ്ഥൈര്യവും മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള തുലാസ്.

ഒന്നാമത്തെ തുലാസ് കുഫ്‌റിനെ ഈമാനിൽനിന്നും വേർതിരിക്കുന്നു. ആ പതാക മുസ്‌ലിമാണോ മുഅ്മിനാണോ അതല്ല, മറ്റുവല്ലതുമാണോ?

രണ്ടാമത്തെ തുലാസ്, ആ പതാക ഇസ്‌ലാമിക മാർഗദർശനപ്രകാരം അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന രൂപത്തിലാണോ, അതല്ല അതിൽ വല്ല ന്യൂനതയുമുണ്ടോ എന്നു പരിശോധിക്കുന്നതിനുവേണ്ടിയുള്ളതാണ്.

ഇത് വ്യക്തമായിക്കഴിഞ്ഞാൽ, ആ തുലാസിൻമേൽ ശറഇയ്യായ വിധികൾ ക്രമമായിവയ്ക്കും.

ഈമാനിൽനിന്നും കുഫ്‌റിനെ വേർതിരിക്കുന്ന തുലാസിന് മൂന്ന് തട്ടുകളുണ്ട്:

(1) മറ്റാരെയും പങ്കുചേർക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അവസ്ഥ അവരിൽ ഉണ്ടോ, ഇല്ലേ? എന്തെന്നാൽ, അമ്പിയാക്കളുടെയും മുർസലുകളുടെയും മതത്തിന്റെ അടിസ്ഥാനംതന്നെ പങ്കുകാരില്ലാത്തവിധം അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന പ്രബോധനമാണ്. കാര്യങ്ങളുടെ അടിത്തറ തൗഹീദാണ്. കാര്യങ്ങളുടെ തുടക്കവും ഒടുക്കവുമെല്ലാം അതുതന്നെയാണ്.

അതിനാൽ തൗഹീദിന്റെ പതാക വഹിക്കുകയും മറ്റാരെയും പങ്കുചേർക്കാതെ അല്ലാഹുവിന് മാത്രമുള്ള ആരാധന സ്ഥാപിക്കുകയും അല്ലാഹുവിന് പുറമെയുള്ളവരോടുള്ള ആരാധനയെ നിരാകരിക്കുകയും ചെയ്തവനെ മുസ്‌ലിമായും അവന്റെ പതാക മുസ്‌ലിം പതാകയായും തുലാസ് വിധിക്കും. താഴെ പറയുന്ന രണ്ടു തട്ടുകളിൽനിന്നും അനുകൂലമായ പ്രതികരണമുണ്ടാകണമെന്ന് മാത്രം:

ഈ ഒന്നാമത്തെ തട്ടിൽ, ഈ കൊടിക്കീഴിലുള്ളവർ തൗഹീദിന്റെ വക്താക്കളാണോ എന്ന് പരീക്ഷിക്കും. അല്ലാഹുവല്ലാത്തവർക്കുള്ള ആരാധനയുണ്ടോ; അതല്ല, ആ കൊടിക്കീഴിൽ അല്ലാഹുവല്ലാത്തവരെ ആരാധിക്കാതെ അല്ലാഹുവിലേക്ക് മാത്രമാണോ ഹൃദയങ്ങൾ തിരിയുന്നത്?

അല്ലാഹു പറയുന്നു:

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّٰغُوتَ ۖ

തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി). (അന്നഹ്ൽ: 36)

ٱلَّذِينَ إِن مَّكَّنَّٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَٰقِبَةُ ٱلْأُمُورِ

ഭൂമിയിൽ നാം സ്വാധീനം നൽകിയാൽ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും സദാചാരം സ്വീകരിക്കാൻ കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവർ (ആ മർദിതർ). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു. (അൽ ഹജ്ജ്: 41)

ക്വുർആൻ വ്യാഖ്യാതാക്കളിൽ ചിലർ പറഞ്ഞു: ‘സദാചാരം സ്വീകരിക്കാൻ കൽപിക്കും’ എന്നതിനർഥം അവർ തൗഹീദ് സ്വീകരിക്കാൻ കൽപിക്കും എന്നും ‘ദുരാചാരത്തിൽനിന്ന് വിലക്കും’ എന്നതിനർഥം അവർ ശിർക്കിൽനിന്നും വിലക്കും എന്നുമാണ്.’ കാരണം, ഏറ്റവും വലിയ സദാചാരം തൗഹീദും ഏറ്റവും നീചമായ ദുരാചാരം ശിർക്കുമാണല്ലോ. ഇതാണ് ഒന്നാമത്തെ തട്ട്.

(2) ‘മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാണ്’ എന്ന സാക്ഷ്യവചനം എത്രത്തോളം അവർ സാക്ഷാത്കരിക്കുന്നുണ്ട്?

ഇത് സാക്ഷാത്കരിക്കുന്നതിന്റെ നിബന്ധന മുഹമ്മദ് നബി ﷺ കൊണ്ടുവന്ന ശരീഅത്ത് അനുസരിച്ച് വിധിക്കലാണ്. അല്ലാഹു പറയുന്നു:

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا ‎

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല. (അന്നിസാഅ്: 65)

أَفَحُكْمَ ٱلْجَٰهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ

ജാഹിലിയ്യത്തിന്റെ (അനിസ്‌ലാമികമാർഗത്തിന്റെ) വിധിയാണോ അവർ തേടുന്നത്? ദൃഢവിശ്വാസികളായ ജനങ്ങൾക്ക് അല്ലാഹുവെക്കാൾ നല്ല വിധികർത്താവ് ആരാണുള്ളത്? (അൽമാഇദ: 50)

وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَٰٓئِكَ هُمُ ٱلْكَٰفِرُونَ

അല്ലാഹു അവതരിപ്പിച്ചുതന്നതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർതന്നെയാകുന്നു അവിശ്വാസികൾ. (അൽമാഇദ: 44)

ഉയർത്തപ്പെട്ട പതാകയുടെ ആളുകൾ അല്ലാഹുവിന്റെ ശരീഅത്തനുസരിച്ച് വിധിക്കുകയും ജനങ്ങൾക്കിടയിലുള്ള വിഷയങ്ങളിൽ ശരീഅത്തിന് മുൻഗണന കൊടുക്കുകയും ചെയ്യുന്നത് നീ കണ്ടാൽ അത് മുസ്‌ലിം പതാകയാണെന്ന് നീ അറിഞ്ഞുകൊള്ളുക. കാരണം അവർ അല്ലാഹുവിന്റെ ശരീഅത്തുപ്രകാരം വിധിക്കുകയും അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നതിന് ശരീഅഃ കോടതികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു അവതരിപ്പിച്ചതനുസരിച്ചല്ലാതെ വിധിക്കാനോ, ആ വിധിയിൽ തൃപ്തിപ്പെടാനോ ഒരാൾക്കും പാടുള്ളതല്ല.

തങ്ങൾക്കിടയിലുള്ള വിഷയങ്ങളിൽ ജനങ്ങൾ ഭിന്നതയിലായാൽ, അവർക്കിടയിൽ ആരാണ് വിധി നടപ്പാക്കുന്നത്? ക്വാദിയാണ് ഭിന്നതയുള്ള വിഷയങ്ങളെ സംബന്ധിച്ച് വിധിനടപ്പാക്കുന്നത്.

(3) നിഷിദ്ധമായ (ഹറാം) കാര്യങ്ങളെ അവർ അനുവദനീയം (ഹലാൽ) ആക്കുന്നുണ്ടോ? അതല്ലെങ്കിൽ, നിഷിദ്ധം പ്രവർത്തിച്ചാൽ അവിടെ കോപവും വെറുപ്പും നിഷേധവും ഉണ്ടാകുന്നുണ്ടോ? എന്തെന്നാൽ, നിഷിദ്ധമായ ഒരു കാര്യം വെളിപ്പെട്ടാൽ, രണ്ട് അവസ്ഥകളാണ് (മാത്രമാണ്) സാധാരണ ഉണ്ടാവുക:

(ഒന്ന്) ഒന്നുകിൽ അത് അനുവദനീയമായി കണക്കാക്കപ്പെടും. ഇതാകട്ടെ കുഫ്‌റാണ്.–അല്ലാഹുവിൽ ശരണം.

(രണ്ട്) അതിനെ അനുവദനീയമായി കണക്കാക്കുന്നില്ലെങ്കിലും അത് സംഭവിച്ചു. പതാകവാഹകർ അതിനെ നിഷിദ്ധമായി കണക്കാക്കുകയും അതിനെ നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിൽ, ആ പതാക ശറഇയ്യായതും മുസ്‌ലിം പതാകയുമാണ്.

ഇതാണ് നമ്മുടെ ഇമാമുകൾ വിശദീകരിച്ചുതന്ന മൂന്ന് തട്ടുകൾ. ഇത് തുലാസുകളിൽ ഒന്നാമത്തെതാണ്.

രണ്ടാമത്തെ തുലാസാകട്ടെ, അതിലൂടെയാണ് ഇസ്‌ലാമിന്റെ പൂർണത അറിയുന്നത്.

അല്ലാഹുവിൽനിന്നും അവതരിച്ച ഇസ്‌ലാം ദീനിനെ പ്രവാചകൻ പൂർണമായും സ്വീകരിച്ചുൾക്കൊണ്ടു. പിന്തുടരപ്പെടേണ്ട ഒരു മാതൃകാപുരുഷനാണ് അദ്ദേഹം. ആ പ്രവാചകനിൽനിന്നും ലഭിച്ച മതം സച്ചരിതരായ ഖലീഫമാർ പൂർണമായും സ്വീകരിച്ചു. എന്നാൽ, അതിനുശേഷം ഇസ്‌ലാമിനെ സമ്പൂർണമായി ഉൾക്കൊള്ളുന്ന വിഷയത്തിൽ ഒന്നൊന്നായി ചോർച്ച സംഭവിച്ചുകൊണ്ടേയിരുന്നു. അത് നമ്മുടെ ഈ കാലംവരെ തുടർന്നുകൊണ്ടിരിക്കുന്നു. നബി ﷺ അതാണ് പറഞ്ഞത്:

ولا يأتي على الناس زمان إلا والذي بعده شرُّ منه , حتى تلقوا ربَّكم

ശേഷം വരുന്ന ഒരു കാലം ആദ്യത്തേതിനെക്കാൾ മോശമായിട്ടല്ലാതെ ജനങ്ങളുടെമേൽ ഒരു കാലവും കഴിഞ്ഞുപോകുകയില്ല. നിങ്ങളുടെ നാഥനെ നിങ്ങൾ കാണുവോളം ഇത് തുടർന്നുകൊണ്ടേയിരിക്കും. (ബുഖാരി)

രണ്ടാമത്തെ ഈ തുലാസ് താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കും:

ശറഇയ്യായ കാര്യങ്ങൾ പ്രയോഗവത്കരിക്കുന്നതിൽ ഈ പതാക എങ്ങനെ? നമസ്‌കാരത്തിനായി കൽപിക്കുന്ന വിഷയത്തിൽ അതെങ്ങനെ? ദുരാചാരത്തിൽനിന്നും വിലക്കുന്ന വിഷയത്തിൽ അതെങ്ങനെ? നിർബന്ധകാര്യങ്ങളിൽ നന്മകൽപിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുന്നതിൽ അതെങ്ങനെ? നിഷിദ്ധകാര്യങ്ങളിൽ നന്മകൽപിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുന്നതിൽ അതെങ്ങനെ?

അവ സമ്പൂർണമാണെങ്കിൽ, തട്ടുകൾ അതിന്റെ പൂർണത കാണിക്കും. അവയിൽ ന്യൂനതയുണ്ടെങ്കിൽ തട്ടുകൾ അതിന്റെ തോതനുസരിച്ചുള്ള ന്യൂനത അറിയിക്കും.

ഈ തട്ടുകൾ സുപ്രധാനമാണ്. അത് നിങ്ങളുടെ ഹൃദയത്തിലും മസ്തിഷ്‌കത്തിലുമുണ്ടാകണം. അതിനെ ഒരിക്കലും വിട്ടുപിരിയരുത്. വ്യതിചലിക്കുന്ന വേളയിൽ വഴിതെറ്റിക്കാതെയും ക്രമക്കേട് ഉണ്ടാകുമ്പോൾ ആശയക്കുഴപ്പമുണ്ടാക്കാതെയും അത് നിങ്ങളെ പിടിച്ചുനിർത്തും.

ഇത് നിനക്ക് വ്യക്തമാകുകയും മുസ്‌ലിം പതാകയെ മറ്റുള്ളവയിൽനിന്നും വേർതിരിച്ചറിയുകയും ചെയ്താൽ, സത്യത്തോടും സന്മാർഗത്തോടുമൊപ്പം ആ മുസ്‌ലിം പതാകക്ക് കീഴിൽ നിൽക്കൽ നിന്റെ ബാധ്യതയാണ്. കാരണം സത്യവിശ്വാസികളോടൊപ്പം നിൽക്കാൻ അല്ലാഹു കൽപിച്ചിട്ടുണ്ട്. മാത്രമല്ല, അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കാനും ഭിന്നിക്കുന്നതിൽനിന്നും മാറിനിൽക്കാനും അവൻ നമ്മെ പ്രേരിപ്പിച്ചു.

അതിൽ ഒന്നാമത്തേത്: ആ പതാകയോടുള്ള നിങ്ങളുടെ ആഭിമുഖ്യം സത്യസന്ധമായിരിക്കണം. ഇസ്‌ലാമിനെ ശരിയായ നിലയ്ക്ക് ഉയർത്തിക്കാട്ടുന്ന പതാകയോടായിരിക്കണം നിങ്ങളുടെ ആഭിമുഖ്യം. വക്രതയോ സംശയമോ ആശയക്കുഴപ്പങ്ങളോ അതിലുണ്ടാകരുത്. കാരണം അത് ഒന്നുകിൽ ഇസ്‌ലാം അല്ലെങ്കിൽ കുഫ്‌റ് എന്ന നിലയ്ക്കാണ്. ഇസ്‌ലാമാണെന്ന് സ്ഥിരപ്പെട്ടാൽ, പിന്നെ അതിന്മേൽ ശറഇയ്യായ വിധികൾ ബാധകമാക്കേണ്ടതുണ്ട്.

(ഒരു വ്യക്തിയെ ബഹിഷ്‌കരിക്കുന്നതിന് അവന്റെ) പാപത്തെ ഹേതുവാക്കാൻ ഒരു മുസ്‌ലിമിന് പാടുള്ളതല്ല. അങ്ങനെയായാൽ, സത്യവിശ്വാസികളോടും അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നവരോടും വലാഅ് കാണിക്കണം എന്ന അല്ലാഹുവിന്റെയും തിരുദൂതരുടെയും കൽപനകൾ അവൻ പാലിക്കുന്നില്ല എന്നുവരും.

രണ്ടാമത്തേത്: അല്ലാഹു നിനക്ക് പഠിപ്പിച്ചുതന്ന പ്രകാരം ആ പതാകയെ ഗുണകാംക്ഷയോടെ ഉപദേശിക്കുക. ഭിന്നതയെ ഇഷ്ടപ്പെടുന്ന ബിദ്അത്തുകാരോട് അഹ്‌ലുസ്സുന്നതി വൽജമാഅഃ എതിരാണ്. തങ്ങളുടെ ഭരണം ഏൽപിക്കപ്പെട്ടവരിൽ വെറുപ്പുളവാക്കുന്ന വല്ലതും കണ്ടെങ്കിൽ പോലും അവരെ ഗുണകാംക്ഷയോടെ ഉപദേശിക്കുകയും അവർക്കുവേണ്ടി ധാരാളം പ്രാർഥിക്കുകയും ചെയ്യുന്ന വിഷയത്തിലാണ് അഹ്‌ലുസ്സുന്നതി വൽജമാഅഃ ബിദ്അത്തുകാരോട് എതിരായത്.

അവർ ധാരാളമായി അല്ലാഹുവോട് പ്രാർഥിക്കുകയും അവരെ ഉപദേശിക്കുകയും ചെയ്യും. അവരിൽ നിന്നും യാതൊരു പ്രതിഫലവും നന്ദിയും പ്രതീക്ഷിക്കുകയില്ല. അല്ലാഹുവിന്റെ പ്രീതി മാത്രമാണ് അതുമുഖേന അവർ ആഗ്രഹിക്കുന്നത്. ഇത് ഹൃദയത്തിൽ സ്ഥിരപ്പെട്ടു കഴിഞ്ഞാൽ, നാം യഥാർഥത്തിൽ അഹ്‌ലുസ്സുന്നതി വൽജമാഅഃയിൽ പെട്ടവരായി.

അഹ്‌ലുസ്സുന്നതി വൽജമാഅഃ എഴുതിയ അക്വീദാപുസ്തകങ്ങൾ വായിച്ചു നോക്കുക. ഭരണാധികാരിക്ക് പ്രജകളോടും, പ്രജകൾക്ക് ഭരണാധികാരിയോടുമുള്ള ബാധ്യതകൾ വിവരിക്കുന്ന പ്രത്യേക അധ്യായങ്ങൾതന്നെ നിങ്ങൾക്ക് അതിൽ കാണാം. കാരണം അതിലൂടെയാണ് ജമാഅത്ത് സ്ഥാപിതമായതും അതിലൂടെതന്നയാണ് അഹ്‌ലുസ്സുന്നതി വൽജമാഅഃ നിലനിൽക്കുന്നതും.

നബി ﷺ യിൽനിന്നും വന്നതാണിത്. അവിടുന്ന് മുസ്‌ലിംകളായ ഭരണാധികാരികളെയും സാധാരണക്കാരെയും ഉപദേശിക്കാൻ പ്രേരിപ്പിച്ചത് ‘മതം ഗുണകാംക്ഷയാണ്’ എന്ന ഹദീസിൽ കാണാം. ഉപദേശിക്കൽ നിർബന്ധമാണെന്ന് സ്ഥിരപ്പെട്ടാൽ, പിന്നെ അത് ഒരു മുസ്‌ലിമിന്റെ ബാധ്യതയായി മാറി. എന്നാൽ എങ്ങനെയാണ് ഒരാൾ ഉപദേശിക്കുക? ആ സംസാരം എങ്ങനെയാകണം?

അത് നബിചര്യ(സുന്നത്ത്)യിലൂടെസ്ഥിരപ്പെട്ടതാകണം; അല്ലാതെ, അവനവന് തോന്നിയ മാർഗത്തിലൂടെയല്ല.

ഹിശാമിബ്‌നു ഹകീം رَضِيَ اللَّهُ عَنْهُ  യോട് ഇയാദുബ്‌നു ഗനം رَضِيَ اللَّهُ عَنْهُ പറഞ്ഞതായി സ്വഹീഹായ ഒരു ഹദീഥിൽ ഇപ്രകാരം സ്ഥിരപ്പെട്ടു:

ألم تسمع قول رسول الله صلى الله عليه وسلم : مَن أراد أن ينصح لذي سلطان ؛ فلا يبده علانية , ولكن ليأخذ بيده , ثم ليخلُ به , فإن قبل منه ؛ فذاك , وإلاَّ ؛ فإنه أدى الذي عليه

‘തിരുദൂതർ ﷺ പറയുന്നത് നീ കേട്ടിട്ടില്ലേ, ഭരണാധികാരിയെ ഉപദേശിക്കാൻ ആരെങ്കിലും ഉദ്ദേശിച്ചാൽ, അവൻ അത് പരസ്യമായി ചെയ്യരുത്. പകരം, അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ട് ഏകാന്തതയിലേക്ക് പോകട്ടെ. ശേഷം അദ്ദേഹം (ഉപദേശം) സ്വീകരിക്കുകയാണെങ്കിൽ അങ്ങനെ. അതല്ലെങ്കിൽ, അവൻ തന്റെ കടമ നിറവേറ്റി.’

അതിനാൽ, പ്രവാചകചര്യക്കായി ചെവിയോർക്കുക. നിസ്സംശയം, നിങ്ങൾതന്നെയാണ് സുന്നത്തിനെ അനുധാവനം ചെയ്യുന്നതിൽ അതീവതൽപരർ. അഹ്‌ലുസ്സുന്നതി വൽജമാഅഃയും ആ വിഷയത്തിൽ അതീവ തൽപരരായിരുന്നു.

ഇത് (ഉപരിസൂചിത ഹദീസ്) നമുക്ക് ശാന്തത നൽകുകയും നബി ﷺ പറഞ്ഞതിനെ പിൻപറ്റുന്നവരാക്കുകയും ചെയ്യുന്നു. ഇത് പിന്തുടർന്നാൽ, അല്ലാഹുവിന്റെ അനുമതിയോടുകൂടി നാം സുരക്ഷിതരാണ്. ഇത് പിന്തുടരുന്നില്ലെങ്കിൽ, നമ്മിൽ ന്യൂനതയുണ്ടാവുകയും നമ്മുടെ എതിർപ്പിന് ആനുപാതികമായി അഹ്‌ലുസ്സുന്നതി വൽജമാഅഃയുടെ മാർഗത്തോട് നാം എതിര് നിൽക്കുന്നവരാകുകയും ചെയ്യും.

മുകളിൽ പറഞ്ഞ തുലാസുകളുപയോഗിച്ച് മുസ്‌ലിം പതാകയെ മറ്റുള്ളവയിൽനിന്നും വേർതിരിച്ചറിഞ്ഞാൽ, ആ പതാകക്ക് ശറഇയ്യായ വിധികൾ ബാധകമാക്കണം. ആ പതാക മുസ്‌ലിം പതാകയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഇത് സുപ്രധാനമായ ഒരു വിഷയമാണ്. അവസ്ഥകൾ മാറുകയും ഫിത്‌ന വെളിപ്പെടുകയും ചെയ്യുമ്പോൾ അതിന്റെ പ്രാധാന്യം വർധിക്കുകയും ചെയ്യും.

ഈ തുലാസുകളെക്കുറിച്ച് – ഈ വിഷയങ്ങൾ എങ്ങനെ തൂക്കും എന്ന കാര്യത്തിൽ – ഒരു മുസ്‌ലിം ആശയക്കുഴപ്പത്തിലാണെങ്കിൽ, അവൻ പണ്ഡിതന്മാരിലേക്ക് മടങ്ങണം. (കാരണം) അവരാണ് ശരിയായ തുലാസുകളുപയോഗിച്ച് തൂക്കുകയും നേരായ രീതിയിൽ വിലയിരുത്തുകയും ശറഇയ്യായ നിയമങ്ങൾക്കനുസൃതമായി വിധിക്കുകയും ചെയ്യുന്നത്.

അതിനാൽ, ഇസ്‌ലാമിനെ അതല്ലാത്തതിൽ നിന്നുള്ളതിന്റെ വിധിയും, ഈമാനിനെയും കുഫ്‌റിനെയും കുറിച്ചുള്ളവിധിയും (അറിയാൻ) പണ്ഡിതന്മാരിലേക്ക് മടക്കണം. വിദ്യാർഥികളിലേക്ക് മടക്കരുത്. അവർക്ക് ഒരുപക്ഷേ, ചില ഭാഗങ്ങൾ അറിയുകയും മറ്റുചിലത് അറിയാതെയും വരാം. അതല്ലെങ്കിൽ സാമാന്യവത്കരിക്കാൻ പാടില്ലാത്ത ചില സംഗതികളെ അവർ സാമാന്യവത്കരിച്ചു എന്നും വരാം.

അതിനാൽ, ശരിയായ തുലാസുപയോഗിച്ച് തൂക്കാൻ സാധിക്കാത്തവരെ സംബന്ധിച്ചിടത്തോളം, ഇത്തരം വിഷയങ്ങളിലുള്ള വിധികർത്താക്കൾ പണ്ഡിതന്മാരാണ്. ഈമാനിനെയും കുഫ്‌റിനെയും സംബന്ധിച്ചും നാം മുകളിൽ പറഞ്ഞ മറ്റുവിഷയങ്ങളെ സംബന്ധിച്ചുമുള്ള അവരുടെ വാക്കുകളും നിഗമനങ്ങളും നാം സ്വീകരിക്കണം.

അഹ്‌ലുസ്സുന്നതി വൽജമാഅഃ അംഗീകരിച്ചതുപോലെ, പുണ്യവാനായാലും അധർമകാരിയായാലും, ഏതൊരു ഭരണാധികാരിക്ക് കീഴിലും ജിഹാദുണ്ട്. ഏതെങ്കിലും ഒരു കാലത്ത് അല്ലെങ്കിൽ ഏതെങ്കിലും ഒരു അവസരത്തിൽ, ശറഇന് വിരുദ്ധമായി ഭരണാധികാരി വല്ലതും ചെയ്തു എന്ന കാരണത്താൽ ജിഹാദിന്റെ പതാകയിൽനിന്നും വിട്ടുനിൽക്കൽ ഒരാൾക്കും അനുവദനീയമല്ല.

മുസ്‌ലിം ഭരണാധികാരികൾക്ക് ഭരണീയരിൽനിന്നും ലഭിക്കേണ്ട അവകാശത്തിൽ പെട്ടതാണ് ഭരണാധികാരികൾക്ക് വേണ്ടിയുള്ള പ്രാർഥന. സുന്നത്തിന്റെ സഹായകനും അഹ്‌ലുസ്സുന്നതി വൽജമാഅഃയുടെ ഇമാമുമായ ഇമാം ബർബഹാരി തന്റെ ‘അസ്സുന്ന’ എന്ന ഗ്രന്ഥത്തിൽ (ഇത് പ്രസിദ്ധീകരിക്കപ്പെട്ടതും സുലഭവുമാണ്) പറയുന്നു:

إذا رأيت الرجل يدعو للسلطان ؛ فعلم أنه صاحب سنة , وإذا رأيته يدعو على السلطان ؛ فعلم أنه صاحب بدعة

‘ഭരണാധികാരിക്കു വേണ്ടി പ്രാർഥിക്കുന്ന ഒരു മനുഷ്യനെ നീ കണ്ടാൽ, അവൻ സുന്നത്തിന്റെ ആളാണെന്ന് നീ മനസ്സിലാക്കുക. ഭരണാധികാരിക്ക് എതിരിൽ പ്രാർഥിക്കുന്ന ഒരു മനുഷ്യനെ നീ കണ്ടാൽ, അവൻ ബിദ്അത്തിന്റെ ആളാണെന്ന് നീ മനസ്സിലാക്കുക.’

ഫുദൈലുബ്‌നു ഇയാദ് തന്റെ കാലത്തുള്ള ഭരണാധികാരിക്കുവേണ്ടി ധാരാളമായി പ്രാർഥിക്കുമായിരുന്നു. അക്കാലത്തുള്ള അബ്ബാസിയ്യ ഭരണാധിപന്മാരെക്കുറിച്ച് നമുക്ക് നന്നായി അറിയാം. (എന്നിട്ടും) അവർക്കുവേണ്ടി അദ്ദേഹം പ്രാർഥിച്ചിരുന്നു. അദ്ദേഹത്തോടു ചോദിക്കപ്പെട്ടു:

تدعو لهم أكثر من دعائهم لنفسك ؟! قال : نعم ؛ لأنني إن صلحت فصلاحي لنفسي ولمَن حولي , وأما صلاح السلطان ؛ فهو لعامة المسلمين .

‘താങ്കളുടെ സ്വന്തത്തിന് വേണ്ടി പ്രാർഥിക്കുന്നതിനെക്കാളധികം താങ്കൾ ഭരണാധികാരികൾക്കുവേണ്ടി പ്രാർഥിക്കുന്നു?’ അദ്ദേഹം പറഞ്ഞു: ‘അതെ. എന്തെന്നാൽ ഞാൻ നന്നായാൽ അത് എനിക്കും എന്റെ ചുറ്റുമുള്ളവർക്കും മാത്രമാണ്. എന്നാൽ, ഭരണാധികാരി നന്നായാൽ അത് മുഴുവൻ മുസ്‌ലിംകൾക്കുമാണ്.’

അതിനാൽ, മുസ്‌ലിംകൾക്ക് മൊത്തത്തിൽ നന്മ ലഭിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, മുസ്‌ലിം ഭരണാധികാരികളെയും കൈകാര്യകർത്താക്കളെയും നന്നാക്കുവാനും അവർക്ക് അല്ലാഹുവിന്റെ ഗ്രന്ഥത്തിനും തിരുദൂതരുടെ ചര്യയ്ക്കും അനുസൃതമായി കർമങ്ങൾ ചെയ്യാനുള്ള തൗഫീക്വിനായും ആത്മാർഥമായി പ്രാർഥിക്കുക. കിതാബും സുന്നത്തുമനുസരിച്ചുള്ള സന്മാർഗത്തിനും കർമങ്ങൾക്കും ഉപരിയായി നാം ഒന്നുംതന്നെ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. ഹൃദയങ്ങൾ അല്ലാഹുവിന്റെ കൈയിലാണ്. അവനാണ് അതിനെ മാറ്റിമറിക്കുന്നത്‌.

 

ശൈഖ്‌ സ്വാലിഹ് ആലുശൈഖ് حفظه الله

വിവർത്തനം: സിയാദ് കണ്ണൂർ

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *