വിശുദ്ധ ഖു൪ആനിലെ ഒന്നാമത്തെ സൂറത്താണ് സൂറ: അല്‍ ഫാതിഹ. മക്കയില്‍ അവതരിക്കപ്പെട്ട ഈ സൂറത്തില്‍ 7 ആയത്തുകളാണുള്ളത്.
സൂറ: അല്‍ ഫാതിഹയുടെ പേരുകൾ
സൂറ: അല്‍ ഫാതിഹ, ഫാതിഹത്തുല്‍ കിതാബ്
വിശുദ്ധ ഖുര്‍ആനില്‍ ആദ്യം വായിക്കപ്പെടുന്നതും മുസ്ഹഫുകളില്‍ ഒന്നാമതായി എഴുതപ്പെടുന്നതുമായ സൂറത്ത് എന്ന നിലക്ക് ഇതിന് سورة الفاتحة (സൂറത്തുല്‍ ഫാതിഹ അഥവാ പ്രാരംഭം) എന്നും, فاتحة الكتاب (ഫാതിഹത്തുല്‍ കിതാബ് അഥവാ വേദഗ്രന്ഥത്തിന്റെ പ്രാരംഭം) എന്നും പേര് പറയപ്പെടുന്നു.
ഉമ്മുല്‍ ഖുര്‍ആന്‍, ഉമ്മുല്‍ കിതാബ്’
ഖുര്‍ആന്റെ മൂലം – അഥവാ കേന്ദ്രം – എന്ന അര്‍ത്ഥത്തില്‍ أم القرآن (ഉമ്മുല്‍ ഖുര്‍ആന്‍) എന്നും, أم الكتاب (ഉമ്മുല്‍ കിതാബ്’) എന്നും ഇതിന് പേരുണ്ട്.
അല്ലാഹുവിന്റെ അത്യുല്‍കൃഷ്ടങ്ങളായ നാമ-വിശേഷണങ്ങള്‍, ഏകദൈവ സിദ്ധാന്തം (തൗഹീദ്) മരണാനന്തര ജീവിതം, പ്രതിഫലനടപടി തുടങ്ങിയ മൗലിക സിദ്ധാന്തങ്ങള്‍, കര്‍മ്മപരവും സാന്മാര്‍ഗ്ഗികവുമായ നിയമ നിര്‍ദ്ദേശങ്ങള്‍, ചരിത്ര സംഭവങ്ങള്‍ ആദിയായ വിഷയങ്ങളാണ് ഖുര്‍ആനിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍. ഇവയുടെയെല്ലാം ഒരു സാരാംശം ഈ സൂറത്തില്‍ അടങ്ങിയിരിക്കുന്നു. ഇതത്രെ ഈ രണ്ട് പേരുകളും സൂചിപ്പിക്കുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } أُمُّ الْقُرْآنِ وَأُمُّ الْكِتَابِ وَالسَّبْعُ الْمَثَانِي
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ എന്ന് തുടങ്ങുന്ന സൂറത്തുൽ ഫാത്തിഹ തന്നെയാണ് ഉമ്മുൽ ഖുർആനും ഉമ്മുൽ കിതാബും സബ്ഉൽ മഥാനിയും. (അബൂദാവൂദ്:1457)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أُمُّ الْقُرْآنِ هِيَ السَّبْعُ الْمَثَانِي وَالْقُرْآنُ الْعَظِيمُ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉമ്മുൽ ഖുര്‍ആൻ എന്നത് ഏഴു ആവർത്തിത്ത വചനങ്ങളും മഹത്തായ ഖുർആനുമാണ്. (ബുഖാരി:4704)
സബ്ഉല്‍ മസാനി
وَلَقَدْ ءَاتَيْنَٰكَ سَبْعًا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ
ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്. ഖു൪ആന്‍:15/87)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } أُمُّ الْقُرْآنِ وَأُمُّ الْكِتَابِ وَالسَّبْعُ الْمَثَانِي
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ എന്ന് തുടങ്ങുന്ന സൂറത്തുൽ ഫാത്തിഹ തന്നെയാണ് ഉമ്മുൽ ഖുർആനും ഉമ്മുൽ കിതാബും സബ്ഉൽ മഥാനിയും. (അബൂദാവൂദ്:1457)
സൂറത്തുല്‍ ഫാത്തിഹഃ ഏഴ് വചനങ്ങളാണെന്നും, അത് നമസ്കാരത്തിലും മറ്റുമായി വളരെയധികം ആവര്‍ത്തിക്കപ്പെടാറുള്ള സൂറത്താണെന്നും വ്യക്തം.
സൂറ: സ്വലാത്ത്
നമസ്കാരത്തില്‍ ഒഴിച്ചുകൂടാത്തതാകയാല്‍ سورة الصلاة (നമസ്കാരത്തിന്റെ അദ്ധ്യായം) എന്ന് ഇതിന് പേരുണ്ട്.
‘നമസ്കാരം’ എന്ന അർത്ഥത്തിലാണ് ‘സ്വലാത്ത്’ എന്ന പദം ഉപയോഗിക്കാറുള്ളത് എന്നാൽ ഫാത്തിഹയെ തന്നെ ‘സ്വലാത്ത്’ എന്ന് അല്ലാഹു വിളിച്ചതായി ഹദീസിൽ കാണാം.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: قَالَ اللَّهُ : قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ الْعَبْدُ:{ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } قَالَ اللَّهُ عَزَّ وَجَلَّ: حَمِدَنِي عَبْدِي، وَإِذَا قَالَ:{ الرَّحْمَنِ الرَّحِيمِ } قَالَ اللَّهُ عَزَّ وَجَلَّ: أَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ:{ مَالِكِ يَوْمِ الدِّينِ } قَالَ اللَّهُ: مَجَّدَنِي عَبْدِي – وَقَالَ مَرَّةً: فَوَّضَ إِلَيَّ عَبْدِي، فَإِذَا قَالَ:{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } قَالَ: هَذَا بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ:{ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ } قَالَ: هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു:അല്ലാഹു പറഞ്ഞു: നമസ്‌കാരത്തെ എനിക്കും എന്റെ അടിമക്കുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. എന്റെ അടിമ എന്താണോ ചോദിക്കുന്നത് അത് അവന് ലഭിക്കുന്നതാണ്. അടിമ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു’.അവന്‍ الرَّحْمَنِ الرَّحِيمِ (അല്ലാഹു കരുണാവാരിധിയും കരുണാനിധിയുമാണ്)എന്ന് പറയുമ്പോള്‍ അല്ലാഹു പറയും : ‘എന്റെ അടിമ എന്നെ വാഴ്ത്തിയിരിക്കുന്നു’. مَالِكِ يَوْمِ الدِّينِ (അല്ലാഹു പ്രതിഫല ദിനത്തിന്റെ ഉടമയാണ്) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു’. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും: ‘ഇത് എനിക്കും എന്റെ അടിമക്കുമിടയിലുള്ളതാണ്, എന്റെ അടിമ ചോദിച്ചത് അവനുണ്ട്. ’. اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അതായ്തത് നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ , നിന്റെ കോപത്തിന് ഇരയായവരുടേയോ പിഴച്ചുപോയവരുടേയോ മാര്‍ഗത്തിലല്ല ഞങ്ങളെ ചേ൪ക്കേണ്ടത്) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഇത് എന്റെ അടിമക്കുള്ളതാണ്, അവന്‍ ചോദിച്ചത് അവനുണ്ട്.’ (മുസ്‌ലിം:395)
സൂറ: ഹംദ്
അല്ലാഹുവിനുള്ള ഹംദ് (സ്തുതി) കൊണ്ട് ആരംഭിക്കുന്നതുകൊണ്ടാണ് ഈ സൂറത്തിന് سورة الحمد (സ്തുതി കീര്‍ത്തനത്തിന്റെ അദ്ധ്യായം) എന്ന പേര് ലഭിച്ചിട്ടുള്ളത്.
സൂറ: ദുആഅ്
ഈ സൂറത്തിന്റെ അവസാനഭാഗം പ്രാര്‍ത്ഥനാ രൂപത്തിലാകയാല്‍ سورة الدعاء (പ്രാര്‍ത്ഥനയുടെ അദ്ധ്യായം) എന്നും ഇതിന് പേരുണ്ട്.
റുഖിയ
മന്ത്രം എന്നര്‍ത്ഥം. രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നതിനും ഹൃദയ രോഗങ്ങളെ സുഖപ്പെടുത്തുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലുമാണ് ഈ പേര് നല്‍കപ്പെട്ടത്.
മേല്‍കണ്ട പേരുകള്‍ക്ക് പുറമെ വേറെയും പല പേരുകള്‍ ഈ സൂറത്തിന് പറയപ്പെട്ടു കാണാം. ഖുര്‍ആനിക വിജ്ഞാനങ്ങളുടെ മൗലികവശങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന നിലക്ക് أساس القران (അസാസുല്‍ ഖുര്‍ആന്‍ – ഖുര്‍ആന്റെ അസ്തിവാരം) എന്നും, മനസ്സിരുത്തി പഠിക്കുകയും വിശദവിവരങ്ങള്‍ തുടര്‍ന്നന്വേഷണം നടത്തുകയും ചെയ്യുന്നവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഈ സൂറത്ത് തന്നെ മതിയാകുമെന്ന അര്‍ത്ഥത്തില്‍ الكافية (കാഫിയ – മതിയായത്) എന്നും, വിജ്ഞാനമൂല്യങ്ങളുടെ നിക്ഷേപം എന്ന ഉദ്ദേശ്യത്തില്‍ الكنز (കന്‍സ് – നിക്ഷേപം) എന്നുമുള്ള പേരുകള്‍ അവയില്‍ ചിലതാകുന്നു.
ഒരു അടിമ അല്ലാഹുവിനോട് അവനെ അഭിമുഖീകരിച്ചു കൊണ്ട് ഈ സൂറത്തിൽ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.) എന്ന പ്രതിജ്ഞ സമര്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ سورة المناجاة (സ്വകാര്യ സംഭാഷണത്തിന്റെ – അഥവാ കൂടിക്കാഴ്ച യുടെ അദ്ധ്യായം ) എന്ന പേരേ കൂടി ഈ സൂറത്തിന് പറയപ്പെട്ടിട്ടുണ്ട്.
നബി ﷺ യുടെ മക്കാ ജീവിതകാലത്തിന്റെ ആദ്യഘട്ടത്തിലാണ് ഈ സൂറത്ത് അവതരിച്ചത് എന്നാണ് ശരിയായ അഭിപ്രായം.
സൂറ: അല്‍ ഫാതിഹയുടെ ശ്രേഷ്ടതകൾ
വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള സൂറത്ത്
قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَالَّذِي نَفْسِي بِيَدِهِ مَا أُنْزِلَتْ فِي التَّوْرَاةِ وَلاَ فِي الإِنْجِيلِ وَلاَ فِي الزَّبُورِ وَلاَ فِي الْفُرْقَانِ مِثْلُهَا وَإِنَّهَا سَبْعٌ مِنَ الْمَثَانِي وَالْقُرْآنُ الْعَظِيمُ الَّذِي أُعْطِيتُهُ
ഉബൈബ്‌നു കഅ്ബി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! തൗറാതിലോ ഇഞ്ചീലിലോ സബൂറിലോ ഖുർആനിലോ ഇതിന് സമാനമായ ഒരു സൂറത് അവതരിപ്പിക്കപ്പെട്ടിട്ടില്ല. തീർച്ചയായും അതാകുന്നു എനിക്ക് നൽകപ്പെട്ട ഏഴ് ആവർത്തന വചനങ്ങളുള്ള മഹത്തരമായ ഖുർആൻ. (തിർമിദി: 2875)
عَنْ أَبِي سَعِيدِ بْنِ الْمُعَلَّى، قَالَ كُنْتُ أُصَلِّي فَدَعَانِي النَّبِيُّ صلى الله عليه وسلم فَلَمْ أُجِبْهُ قُلْتُ يَا رَسُولَ اللَّهِ إِنِّي كُنْتُ أُصَلِّي. قَالَ ” أَلَمْ يَقُلِ اللَّهُ {اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ} ثُمَّ قَالَ أَلاَ أُعَلِّمُكَ أَعْظَمَ سُورَةٍ فِي الْقُرْآنِ قَبْلَ أَنْ تَخْرُجَ مِنَ الْمَسْجِدِ ”. فَأَخَذَ بِيَدِي فَلَمَّا أَرَدْنَا أَنْ نَخْرُجَ قُلْتُ يَا رَسُولَ اللَّهِ إِنَّكَ قُلْتَ لأُعَلِّمَنَّكَ أَعْظَمَ سُورَةٍ مِنَ الْقُرْآنِ. قَالَ ”{الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} هِيَ السَّبْعُ الْمَثَانِي وَالْقُرْآنُ الْعَظِيمُ الَّذِي أُوتِيتُهُ ”.
അബൂസഈദുല്‍മുഅല്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞാന്‍ നമസ്കരിക്കുകയായിരുന്നു.അപ്പോള്‍ നബി ﷺ ﷺ എന്നെ വിളിച്ചു. ഞാന്‍ നബി ﷺക്ക് ഉത്തരം നല്‍കിയില്ല. ഞാന്‍ പറഞ്ഞു:’അല്ലാഹുവിന്റെ റസൂലെ ഞാന്‍ നമസ്കരിക്കുകയായിരുന്നു’. നബി ﷺ പറഞ്ഞു:’അല്ലാഹു പറഞ്ഞിട്ടില്ലേ, നബി നിങ്ങളെ വിളിച്ചാല്‍ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക’. ശേഷം നബി ﷺ ഇപ്രാകരം പറഞ്ഞുകൊണ്ട് എന്റെ കൈ പിടിച്ചു : ‘നീ പള്ളിയിൽ നിന്ന് പുറത്തു പോകുന്നതിനു മുമ്പായി വിശുദ്ധ ഖുർആനിലെ മഹത്തായ ഒരു സൂറത്ത് ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ’ . അങ്ങിനെ ഞങ്ങള്‍ പുറത്ത് പോകാൻ ഉദ്ദേശിച്ചപ്പോൾ ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, വിശുദ്ധ ഖുർആനിലെ മഹത്തായ ഒരു വചനം എനിക്ക് പഠിപ്പിച്ചുതരാമെന്ന് അങ്ങ് എന്നോട് പറഞ്ഞുവല്ലോ’. അപ്പോൾ നബി ﷺ പറഞ്ഞു: ‘വിശുദ്ധ ഖുർആനിലെ മഹത്തായതും ആവർത്തിച്ചു പാരായണം ചെയ്യപ്പെടുന്നതുമായ ഏഴു വചനങ്ങൾ ഉൾക്കൊള്ളുന്ന ഫാതിഹയാണത്.’ (ബുഖാരി:5006)
ഇബ്നു ഹജർ رحمه الله പറഞ്ഞു: മഹത്വമേറിയത് എന്നതിൻ്റെ വിവക്ഷ; അത് പാരായണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലത്തിൻ്റെ മഹത്വമാണ്, ഇതരസൂറതുകൾ അതിനേക്കാൾ ദൈർഘ്യമേറിയതാണെങ്കിലും ശരി.
അല്ലാഹുവിൽ നിന്നുളള പ്രകാശം
عَنِ ابْنِ عَبَّاسٍ، قَالَ بَيْنَمَا جِبْرِيلُ قَاعِدٌ عِنْدَ النَّبِيِّ صلى الله عليه وسلم سَمِعَ نَقِيضًا مِنْ فَوْقِهِ فَرَفَعَ رَأْسَهُ فَقَالَ هَذَا بَابٌ مِنَ السَّمَاءِ فُتِحَ الْيَوْمَ لَمْ يُفْتَحْ قَطُّ إِلاَّ الْيَوْمَ فَنَزَلَ مِنْهُ مَلَكٌ فَقَالَ هَذَا مَلَكٌ نَزَلَ إِلَى الأَرْضِ لَمْ يَنْزِلْ قَطُّ إِلاَّ الْيَوْمَ فَسَلَّمَ وَقَالَ أَبْشِرْ بِنُورَيْنِ أُوتِيتَهُمَا لَمْ يُؤْتَهُمَا نَبِيٌّ قَبْلَكَ فَاتِحَةُ الْكِتَابِ وَخَوَاتِيمُ سُورَةِ الْبَقَرَةِ لَنْ تَقْرَأَ بِحَرْفٍ مِنْهُمَا إِلاَّ أُعْطِيتَهُ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരിക്കല്‍ ജിബ്രീല്‍ -عَلَيْهِ السَّلَامُ- നബി -ﷺ- യോടൊപ്പം ഉള്ള വേളയില്‍ അദ്ദേഹം (ജിബ്രീല്‍) തന്റെ മുകളില്‍ നിന്ന് (വാതില്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്നത് പോലുള്ള) ഒരു ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം തലയുയര്‍ത്തി (നോക്കി). എന്നിട്ട് ജിബ്രീല്‍ പറഞ്ഞു: “ആകാശത്തിലെ ഒരു വാതിലാണ് ഇത്. ഇന്നു വരെ തുറക്കപ്പെടാത്ത ആ വാതില്‍ ഇന്ന് തുറന്നിരിക്കുന്നു.” അപ്പോള്‍ ആ വാതിലില്‍ നിന്ന് ഒരു മലക് ഇറങ്ങി വന്നു. അപ്പോള്‍ ജിബ്രീല്‍ പറഞ്ഞു: “ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരു മലകാണ് ഇത്. ഇതു വരെ ഭൂമിയിലേക്ക് ഇറങ്ങിയിട്ടില്ലാത്ത ഒരു മലകാണ് ഇത്.” മലക് (അവരുടെ അടുക്കല്‍ വന്നു) സലാം ചൊല്ലി. ശേഷം പറഞ്ഞു: “നിനക്ക് മുന്‍പ് ഒരു നബിക്കും നല്‍കപ്പെട്ടിട്ടില്ലാത്ത രണ്ടു പ്രകാശങ്ങള്‍ കൊണ്ട് സന്തോഷിക്കുക. ഫാതിഹയും, സൂറതുല്‍ ബഖറയിലെ അവസാനത്തെ (രണ്ട്) ആയതുകളും ആണ് അവ. അവയിലെ ഓരോ അക്ഷരവും വായിക്കുമ്പോള്‍ (അതില്‍ ചോദിക്കപ്പെടുന്ന കാര്യങ്ങള്‍) നിനക്ക് നല്‍കപ്പെടാതിരിക്കില്ല.” (മുസ്ലിം: 806)
ഓരോ മുസ്ലിമിനും ഫാത്തിഹ പഠിച്ചിരിക്കൽ നിർബന്ധം
ഓരോ മുസ്ലിമിനും ഫാത്തിഹ പഠിച്ചിരിക്കൽ നിർബന്ധമാണ് കാരണം ഫാത്തിഹ ഓതാതെ ഒരാളുടെയും നമസ്കാരം ശരിയാകുകയില്ല
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- قَالَ: مَنْ صَلَّى صَلَاةً لَمْ يَقْرَأْ فِيهَا بِأُمِّ الْقُرْآنِ فَهِيَ خِدَاجٌ. ثَلَاثًا غَيْرُ تَمَامٍ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഉമ്മുല്‍ ഖുര്‍ആന്‍ (ഫാതിഹ) പാരായണം ചെയ്യാതെ നിസ്കരിച്ചാല്‍ അവന്റെ നിസ്കാരം അപൂര്‍ണ്ണമാണ്. (മുസ്ലിം: 395)
عَنْ عُبَادَةَ بْنِ الصَّامِتِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ
ഉബാദത്ത് ബ്നു സ്വമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഫാതിഹ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല. (ബുഖാരി: 756)
അഊദു ചൊല്ലൽ
‘അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം’ എന്നത് ഫാതിഹയിൽ പെട്ടതല്ല. എന്നാൽ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ടാണ് ഖു൪ആന്‍ പാരായണം ആരംഭിക്കേണ്ടത്.
ﻓَﺈِﺫَا ﻗَﺮَﺃْﺕَ ٱﻟْﻘُﺮْءَاﻥَ ﻓَﭑﺳْﺘَﻌِﺬْ ﺑِﭑﻟﻠَّﻪِ ﻣِﻦَ ٱﻟﺸَّﻴْﻄَٰﻦِ ٱﻟﺮَّﺟِﻴﻢِ
നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.(ഖു൪ആന്‍ : 16/98)
രക്ഷതേടല്‍ ഇന്നഇന്ന വാക്കുകളില്‍ തന്നെ ആയിരിക്കണമെന്നില്ലെങ്കിലും, നബി ﷺ യുടെ സുന്നത്തില്‍നിന്നു കൂടുതല്‍ സുപരിചിതമായി അറിയപ്പെടുന്ന വാചകം أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം – ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു) എന്നാകുന്നു. ഈ കല്‍പനയില്‍ അല്ലാഹു ഉപയോഗിച്ച വാചകത്തോടു ഏറ്റവും യോജിക്കുന്നതും അതാണ്. മനുഷ്യന്റെ ആജീവനാന്ത ശത്രുവും, അവന്റെ നന്മയില്‍ ഏറ്റവും കടുത്ത അസൂയാലുവുമാണ് പിശാച്. അവനില്‍ നിന്നുണ്ടാകാവുന്ന എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടലാണ് ഈ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം.
അ൪ത്ഥവും ആശയവും
വചനം :1
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ എന്ന വചനം സൂറത്തുല്‍ ഫാതിഹയിലെ ഒന്നാമത്തെ ആയത്താകുന്നു. മറ്റ് സൂറത്തുകളിലാകട്ടെ ഇത് ഒന്നാമത്തെ ആയത്തെന്ന നിലക്കല്ല വന്നിട്ടുള്ളത്, പ്രത്യുത സൂറത്തുകള്‍ തമ്മില്‍ തിരിച്ചറിയുവാനായി ആരംഭത്തില്‍ കൊടുത്തിട്ടുള്ളതാണ്. ഉതാണ് പ്രബലാഭിപ്രായം. വിശുദ്ധ ഖു൪ആന്‍ സൂറ:തൌബ ഒഴികെ മറ്റ് 113 സൂറത്തുകളും ആരംഭിക്കുന്നത് ‘ബിസ്മില്ലാഹ്’ കൊണ്ടാകുന്നു.
റഹ്മാനും റഹീമും ആയ അല്ലാഹുവിൻറെ നാമത്തിൽ ആരംഭിക്കുന്നു എന്നാണ് ഈ വചനത്തിന്റെ ആശയം . റബ്ബിന്റെ മഹത്തായ 3 നാമങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ വചനമാണ് ഇത്. അല്ലാഹു, റഹ്മാൻ, റഹിം എന്നിവയാണ് പ്രസ്തുത മൂന്നു പേരുകൾ.
റഹ്മാനും റഹീമും ആയ അല്ലാഹുവിൻറെ നാമത്തിൽ ആരംഭിക്കുന്നുവെന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അപ്പോൾ അല്ലാഹു എന്ന പേരാണ് അടിസ്ഥാനം. അഥവാ അല്ലാഹുവിന്റെ നാമങ്ങളുടെ അടിസ്ഥാനം അല്ലാഹു എന്ന നാമമാണ്. മറ്റ് നാമങ്ങളെല്ലാം ഈ നാമത്തിലേക്ക് ചേ൪ത്ത് പറയുകയാണ് ചെയ്തിട്ടുള്ളത്. ഖു൪ആന്‍ പറയുന്നത് കാണുക:
وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. (ഖു൪ആന്‍:7/180)
അഖില ലോകങ്ങളുടെയും സൃഷ്ടാവും, നിയന്താവും പരിപാലകാനും, രക്ഷിതാവും, യജമാനനും ഉടമസ്ഥനുമായ ഏക മഹാശ്ശക്തിയെ മാത്രം കുറിക്കുന്ന ഒരു സംജ്ഞാനാമമത്രെ الله (അല്ലാഹു). ‘അല്ലാഹു’ എന്നുള്ള പേര്‍ അവന്നല്ലാതെ മറ്റാര്‍ക്കും ഉപയോഗിക്കപ്പെട്ടിട്ടില്ല. ഉപയോഗിക്കപ്പെടാവതുമല്ല. ആരാധിക്കപ്പെടുന്ന വസ്തു – അഥവാ ദൈവം എന്ന അര്‍ത്ഥത്തില്‍ സദാ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് إله (ഇലാഹ്). ഈ രണ്ട് വാക്കുകളും തമ്മില്‍ അക്ഷരത്തിലും അര്‍ത്ഥത്തിലും സാമാന്യം യോജിപ്പുണ്ടെന്നതിനെ മുന്‍നിറുത്തി إله എന്ന പദത്തില്‍ ال (അല്‍) എന്ന അവ്യയം ചേര്‍ത്തു പ്രത്യേകിപ്പിച്ചതാണ് الله എന്ന പദമെന്ന്‍ പലരും പ്രസ്താവിക്കുന്നു. ഇതനുസരിച്ച് ആ സംജ്ഞാ നാമത്തിന്റെ അര്‍ത്ഥം, ‘സാക്ഷാല്‍ ദൈവം’ – അഥവാ ആരാധിക്കപ്പെടുവാന്‍ യഥാര്‍ത്ഥ അര്‍ഹതയുള്ളവന്‍ – എന്നായിരിക്കുന്നതാണ്. الله اعلم.
അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. എല്ലാ നാമങ്ങളും അല്ലാഹുവിലേക്കാണ് ചേ൪ത്തി പറയുന്നത്. അല്ലാഹുവിന്റെ രണ്ട് നാമങ്ങളായ റഹ്മാൻ, റഹിം എന്നീ നാമങ്ങളെ കുറിച്ചാണ് തുടര്‍ന്ന് ഈ ആയത്തിൽ പറഞ്ഞിട്ടുള്ളത്.
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ എന്ന വചനം സൂറത്തുല്‍ ഫാതിഹയിലെ ഒന്നാമത്തെ ആയത്തും മറ്റ് സൂറത്തുകളിൽ അത് സൂറത്തുകള്‍ തമ്മില്‍ തിരിച്ചറിയുവാനായിട്ടുള്ളതാണെന്ന് പറഞ്ഞുവല്ലോ. ഏതായിരുന്നാലും അല്ലാഹുവിന്റെ നാമം കൊണ്ടാണ് വിശുദ്ധ ഖുര്‍ആൻ പാരായണം ആരംഭിക്കേണ്ടത്. വിശുദ്ധ ഖുർആനിൽ നബി ﷺ ക്ക് ആദ്യമായി അവതരിച്ച വചനം കാണുക:
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. (ഖു൪ആന്‍ : 96/1)
അല്ലാഹുവിന്റെ നാമത്തില്‍ വായിക്കുക എന്നതാണ് വിശുദ്ധ ഖുർആനിൽ ആദ്യമായി അവതരിച്ച ആയത്തിന്റെ ആശയം.
ഏതൊരു നല്ല കാര്യത്തിന്റെയും തുടക്കം അല്ലാഹുവിന്റെ നാമം കൊണ്ടായിരിക്കുക എന്നത് ഇസ്ലാമിൽ ഏറെ ശ്രേഷ്ടതയുള്ള കാര്യമാണ്. അതായത് ഏതൊരു നല്ല കാര്യവും ബിസ്മില്ലാഹ് (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ശ്രേഷ്ടകരമാണ്.
വചനം :2
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
എല്ലാ സ്തുതിയും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു
حمد (ഹംദ്) എന്നാൽ സ്തുതി എന്നാണത്ഥം. അതില്‍ ال (അല്‍) എന്ന അവ്യയം ചേര്‍ന്നപ്പോള്‍ സ്തുതിയുടെ ഇനത്തില്‍ പെട്ടതെല്ലാം അതിലുള്‍പ്പെടുന്നു. അതുകൊണ്ടാണ് الحمد എന്ന വാക്കിന് ‘സര്‍വസ്തുതിയും, സ്തുതി മുഴുവനും’ എന്നൊക്കെ അര്‍ത്ഥം കല്പിക്കപ്പെടുന്നത്.
എല്ലാ സ്തുതിയും അല്ലാഹുവിന് തന്നെയാണെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ പോരുന്ന അവന്റെ ചില ഉല്‍കൃഷ്ട ഗുണവിശേഷങ്ങളാണ് തുടര്‍ന്ന് ഈ ആയത്തിലും അടുത്ത രണ്ട് ആയത്തുകളിലും പ്രസ്താവിച്ചിരിക്കുന്നത്. رَبِّ الْعَالَمِينَ (ലോകരുടെ രക്ഷിതാവ്) الرَّحْمَـٰنِ (പരമകാരുണികന്‍) الرَّحِيمِ (കരുണാനിധി), مَالِكِ يَوْمِ الدِّينِ (പ്രതിഫലദിവസത്തിന്റെ ഉടമസ്ഥന്‍) ഇവയാണത്. ഈ ഓരോ വിശേഷണങ്ങളിലും അടങ്ങിയിട്ടുള്ള സാരങ്ങളുടെ വൈപുല്യം ആലോചിക്കുന്നപക്ഷം, സ്തുതി മുഴുവനും അല്ലാഹുവിനാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്.
എല്ലാ സ്തുതിയും ‘റബ്ബുൽ ആലമീൻ’ ആയ അല്ലാഹുവിനാണെന്നാണ് പറഞ്ഞിട്ടുള്ളത്. ‘റബ്ബ്’ എന്നാൽ സൃഷ്ടിക്കുകയും പടിപടിയായി വളർത്തിക്കൊണ്ടു വരികയും പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനാണ് എന്നാണ്.
ആലമീൻ (ലോകര്‍) എന്ന് പറഞ്ഞതിൽ അല്ലാഹുവല്ലാത്ത എല്ലാവർക്കും ഉൾപ്പെട്ടു. അല്ലാഹുവല്ലാത്തവരെല്ലാം അവൻറെ പടപ്പുകൾ മാത്രം. അല്ലാഹു എല്ലാവരുടെയും റബ്ബ് ആകുന്നു. ചുരുക്കത്തിൽ അഖില ലോകങ്ങളുടെ റബ്ബ് എന്നത്രെ റബ്ബുൽ ആലമീൻ’ കൊണ്ടുള്ള വിവക്ഷ. മൂസാ നബി عليه السلام യും, ഹാറൂന്‍ നബി عليه السلام യും കൂടി ഫിര്‍ഔനിന്റെ അടുക്കല്‍ ചെന്ന് സംസാരിച്ചതിലെ ഒരു രംഗം ഇപ്രകാരമാണ്. അവര്‍ പറഞ്ഞു: إِنَّا رَسُولُ رَبِّ الْعَالَمِينَ (ഞങ്ങള്‍ റബ്ബുല്‍ ആലമീന്റെ ദൂതന്മാരാണ് -ശുഅറാഅ് 16) ഫിര്‍ഔന്‍ ചോദിച്ചു: وَمَا رَبُّ الْعَالَمِينَ (എന്താണ് റബ്ബുല്‍ ആലമീന്‍ -23) മൂസാ عليه السلام മറുപടി പറഞ്ഞു: رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا (ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയില്‍ ഉള്ളവയുടെയും റബ്ബ് -24)
എല്ലാ നന്ദിയും സ്തുതികളും അല്ലാഹുവിനുള്ളതാണ്. അവനു പുറമെ ആരാധിക്കപ്പെടുന്ന ഒന്നിനും ഹംദിന് (സ്തുതികൾക്ക്) അർഹതയില്ല. കാരണം അടിമകൾ മുഴുവൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളെല്ലാം നൽകിയത് അല്ലാഹു മാത്രമാണ്.
അല്ലാഹുവിനെ സ്തുതിക്കൽ അടിമകളുടെ ബാധ്യതയാണ്. അല്ലാഹു ഹംദ് ഏറെ ഇഷ്ടപ്പെടുന്നു. അല്ലാഹുവിനെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്ത അസ്വദ് ബ്നു സരീഅ് رَضِيَ اللَّهُ عَنْهُ എന്ന സ്വഹാബിയോട് നബി ﷺ പറഞ്ഞു:
أَمَا إِنَّ رَبَّكَ يُحِبُّ الْحَمْدَ
നിൻറെ റബ്ബ് ഹംദ് ഇഷ്ടപ്പെടുന്നു. (അദബുൽ മുഫ്രദ്:859)
അല്ലാഹുവിനെ സ്തുതിച്ചു് കൊണ്ടാണ് പ്രാ൪ത്ഥന ആരംഭിക്കേണ്ടത്. നബി ﷺ പറയുന്നത് കാണുക:
إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللَّهِ وَالثَّنَاءِ عَلَيْهِ
നിങ്ങളിലാരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ അവൻ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുകയും അവനെ സ്തുതിക്കുകയും ചെയ്തുകൊണ്ട് ആരംഭിക്കട്ടെ. (തിർമിദി:3477)
വചനം :3
ٱلرَّحْمَٰنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയും.
അല്ലാഹുവിന്റെ രണ്ട് നാമങ്ങളായ റഹ്മാൻ, റഹിം എന്നീ നാമങ്ങളെ കുറിച്ചാണ് ഈ ആയത്തിൽ പറഞ്ഞിട്ടുള്ളത്.
റഹ്മാൻ എന്നത് അല്ലാഹുവിൻറെ മാത്രം പേരാണ്. അവനല്ലാത്ത മറ്റാർക്കും മറ്റൊരാൾക്കും ഈ പേരിന് അർഹതയില്ല. സമ്പൂർണ്ണമായ റഹ്മത്ത് കാരുണ്യം ഉള്ളവൻ എന്നാണ് ഈ പേരിൻറെ അർത്ഥം. ചെറുതോ വലുതോ, പ്രത്യക്ഷമോ പരോക്ഷമോ, പ്രത്യേകമായതോ പൊതുവെയുള്ളതോ ഐഹികമോ പാരത്രികമോ ആയ സകലവിധ അനുഗ്രഹങ്ങളുടെയും കര്‍ത്താവാണവൻ.
റഹീം എന്നാൽ അടിമകൾക്ക് റഹ്മത്ത് ചെയ്യുന്നവൻ എന്നാണർത്ഥം. നന്മ ചെയ്യുന്നവര്‍ക്ക് പ്രത്യേകമായി സിദ്ധിക്കുവാനിരിക്കുന്ന മഹാനുഗ്രഹങ്ങളുടെ ദാതാവാണവൻ.
ഈ ലോകത്തുള്ള മുഴുവൻ റഹ്മത്തും അല്ലാഹുവിൻറെ റഹ്മത്തിൽ നിന്ന് അവൻ നൽകിയ ചെറിയ ഒരു ഭാഗം മാത്രമാണ്. അവൻറെ പടപ്പുകളുടെ ജീവിതം മുഴുവൻ അവർ അല്ലാഹു കരിഞ്ഞു നൽകിയ റഹ്മത്ത് ആസ്വദിച്ചു അനുഭവിച്ചുമാണ് നീങ്ങുന്നത്. കൂടാതെ റഹീമായ അല്ലാഹു അവൻറെ ഏറ്റവും വലിയ റഹ്മത്ത് പരലോകത്തേക്ക് നീക്കിവെച്ചിരിക്കുന്നു. അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുകയും അവനെ അനുസരിച്ച് ജീവിക്കുകയും ചെയ്ത സത്യവിശ്വാസികൾക്കുള്ളതാണത്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ لِلَّهِ مِائَةَ رَحْمَةٍ أَنْزَلَ مِنْهَا رَحْمَةً وَاحِدَةً بَيْنَ الْجِنِّ وَالإِنْسِ وَالْبَهَائِمِ وَالْهَوَامِّ فَبِهَا يَتَعَاطَفُونَ وَبِهَا يَتَرَاحَمُونَ وَبِهَا تَعْطِفُ الْوَحْشُ عَلَى وَلَدِهَا وَأَخَّرَ اللَّهُ تِسْعًا وَتِسْعِينَ رَحْمَةً يَرْحَمُ بِهَا عِبَادَهُ يَوْمَ الْقِيَامَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറില്‍ ഒരു ഭാഗം മാത്രമാണ് മനുഷ്യ൪ ഉള്‍പ്പടെയുള്ള എല്ലാ ജീവികളിലുമായി അവന്‍ (ഇഹത്തില്‍) നല്‍കിയിരിക്കുന്നത്. എല്ലാവരും പരസ്‌പരം കരുണയും ദയയും കാണിക്കുന്നതും, ദുഷ്‌ട ജന്തുക്കള്‍ അവയുടെ കുട്ടികളോട് ദയ കാണിക്കുന്നതുമെല്ലാം അത് മൂലമാകുന്നു. ബാക്കി തൊണ്ണൂറ്റിഒമ്പത് ഭാഗവും തന്റെ അടിയാന്മാര്‍ക്കിടയില്‍ കരുണ ചെയ്‌വാനായി അവന്‍ ഖിയാമത്തു നാളിലേക്ക് വെച്ചിരിക്കുകയാണ്. (മുസ്ലിം:2752)
‘റഹ്മാന്‍’, റഹീം എന്നീ രണ്ടു രൂപങ്ങളും അല്ലാഹുവിന്റെ അതിരറ്റ കാരുണ്യത്തെ പ്രകാശിപ്പിക്കുന്നവയാണെങ്കിലും, ‘റഹ്മാന്‍’ എന്ന രൂപമാണ് കാരുണ്യത്തിന്റെ അതിവിശാലതയെ കൂടുതല്‍ ദ്യോതിപ്പിക്കുന്നത്. ‘റഹ്മാന്‍’ എന്ന് അല്ലാഹുവിനെ കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ഉപയോഗിക്കപെടാറില്ല. ‘അല്ലാഹു’ എന്ന സംജ്ഞാ നാമത്തെ കഴിച്ചാല്‍ പിന്നെ അവന്റെ നാമവിശേഷണങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുള്ള ഇതര നാമങ്ങളില്‍വെച്ച് കൂടുതല്‍ സ്ഥാനം ഖുര്‍ആനില്‍ കല്പിക്കപ്പെട്ടു കാണുന്നതും ‘റഹ്മാന്‍’ എന്ന നാമത്തിനാകുന്നു. ‘അല്ലാഹു’ എന്ന നാമം പോലെ – മറ്റു വിശേഷണങ്ങളൊന്നും കൂടാതെ – ‘അര്‍-റഹ്മാന്‍’ എന്ന നാമവും അല്ലാഹുവിന് ഉപയോഗിക്കപ്പെട്ടു കാണാം. (ഇസ്രാഉ് 110; സൂഃ റഹ്മാന്‍ 1; ഫുര്‍ഖാന്‍ 59 മുതലായവയും വ്യാഖ്യാനവും നോക്കുക.). അതുകൊണ്ടാണ് – നാമമായോ വിശേഷണമായോ – അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ‘റഹ്മാന്‍’ എന്ന് ഉപയോഗിക്കുവാന്‍ പാടില്ലെന്ന്‍ പണ്ഡിതന്മാര്‍ പ്രസ്താവിക്കുന്നതും. (അമാനി തഫ്സീര്‍)
അല്ലാഹുവിന്റെ നാമത്തില്‍ ഖുര്‍ആന്‍ പാരായണം ആരംഭിക്കുന്നതിലടങ്ങിയ തത്വങ്ങളെ സൂചിപ്പിച്ചു കൊണ്ടായിരുന്നു ബിസ്മിയില്‍ റഹ്മാൻ,റഹിം എന്നീ നാമങ്ങൾ സൂചിപ്പിച്ചത്. ഇവിടെയാകട്ടെ, സ്തുതികീര്‍ത്തനങ്ങളെല്ലാം എന്തു കൊണ്ട് അല്ലാഹുവിന് അവകാശപ്പെട്ടതായി എന്നുള്ളതിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്ന ഗുണ വിശേഷണങ്ങളുടെ കൂട്ടത്തില്‍, അവന്റെ കാരുണ്യത്തിനുള്ള സ്ഥാനം കൂടിഎടുത്തു കാണിച്ചിരിക്കുകയാണ്.
വചനം :4
مَٰلِكِ يَوْمِ ٱلدِّينِ
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍
അടുത്ത വിശേഷണമായി പറഞ്ഞത് مَالِكِ يَوْمِ الدِّينِ (പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍) എന്നാണ്. ദീന്‍ എന്ന പദത്തിന് ആണ് ഇവിടെ ‘പ്രതിഫലം’ എന്നര്‍ത്ഥം കൊടുത്തത്. കൂടാതെ, ‘മതം, നടപടിക്രമം, ആചാരം, വിചാരണ, നിയമനടപടി, അനുസരണം, പതിവ്’ എന്നിങ്ങിനെ സന്ദര്‍ഭമനുസരിച്ച് അതിന് പല അര്‍ത്ഥങ്ങളും വരും. സൃഷ്ടികളുടെ സകല കര്‍മങ്ങളെയും സംബന്ധിച്ചു വിചാരണ നടത്തി തീരുമാനമെടുക്കുകയും, ഓരോരുത്തനും തക്ക പ്രതിഫലം നല്‍കുകയും ചെയ്യുന്ന ആ മഹാ ദിനമായ ഖിയാമത്തുനാളാണ് പ്രതിഫല ദിവസംകൊണ്ടു വിവക്ഷ. مَالِكِ (മാലികി) എന്നതിന്റെ സ്ഥാനത്ത് مَلِكِ (മലികി) എന്നും വായനയുണ്ട്. ‘പ്രതിഫല ദിവസത്തിന്റെ രാജാവ്’ എന്നായിരിക്കും അപ്പോള്‍ വാക്കര്‍ത്ഥം. രണ്ടായാലും ആ ദിവസത്തിലെ സര്‍വ്വാധിപതിയും ഏകാധിപതിയും അല്ലാഹു മാത്രമായിരിക്കുമെന്ന് താല്‍പര്യം. പ്രതിഫലത്തിന്റെ ദിവസമെന്നാലെന്താണ് എന്ന് നിനക്കറിയാമോ? എന്ന് ചോദിച്ചുകൊണ്ട് സൂറത്തുല്‍ ഇന്‍ഫിത്വാറില്‍ അല്ലാഹു പറയുന്നു:
يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ
ഒരാള്‍ക്കും തന്നെ മറ്റൊരാള്‍ക്കുംവേണ്ടി യാതൊന്നും ചെയ്യാന്‍ കഴിയാത്ത ദിവസം! അന്ന്‍ കാര്യം – അഥവാ അധികാരം – അല്ലാഹുവിനായിരിക്കും .(ഖുര്‍ആൻ:82/19)
അന്ന് പ്രത്യക്ഷമായോ പരോക്ഷമായോ, യഥാര്‍ത്ഥമായോ നാമമാത്രമായോ – ഒന്നും തന്നെ – മറ്റാര്‍ക്കും യാതൊരു വിധത്തിലുള്ള ആധിപത്യവും, അധികാരവും ഉണ്ടായിരിക്കുകയുമില്ല. എല്ലാം സര്‍വ്വാധിപതിയായ ഏകനായ അല്ലാഹുവിനുമാത്രം.
يَوْمَ هُم بَٰرِزُونَ ۖ لَا يَخْفَىٰ عَلَى ٱللَّهِ مِنْهُمْ شَىْءٌ ۚ لِّمَنِ ٱلْمُلْكُ ٱلْيَوْمَ ۖ لِلَّهِ ٱلْوَٰحِدِ ٱلْقَهَّارِ
അവര്‍ വെളിക്കു വരുന്ന ദിവസമത്രെ അത്. അവരെ സംബന്ധിച്ച് യാതൊരു കാര്യവും അല്ലാഹുവിന്ന് ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആര്‍ക്കാണ് രാജാധികാരം? ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവിന്. (ഖുര്‍ആൻ:40/16)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : يَقْبِضُ اللَّهُ الأَرْضَ، وَيَطْوِي السَّمَاءَ بِيَمِينِهِ، ثُمَّ يَقُولُ: أَنَا الْمَلِكُ أَيْنَ مُلُوكُ الأَرْضِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ക്വിയാമത്തുനാളില്‍ അല്ലാഹു ഭൂമിയെ കയ്യിലെടുക്കും, ആകാശത്തെ വലങ്കയ്യില്‍ ചുരുട്ടിപ്പിടിക്കുകയും ചെയ്യും. പിന്നീടു പറയും: ഞാനത്രെ രാജാവ്! ഭൂമിയിലെ രാജാക്കള്‍ എവിടെ? (ബുഖാരി: 6519)
ഭൂമിയിലെ വലിയ രാജാക്കന്മാരും അധികാരികളും ജനങ്ങളെ അടക്കിവാണിരുന്നവരും ഒക്കെ പരലോകത്ത് വരും. പക്ഷേ ഒന്നുമില്ലാത്തവരായിട്ടാണ് അവരെല്ലാം വരിക. അന്നത്തെ വിധികർത്താവ് അല്ലാഹു മാത്രമാണ്. ഓരോരുത്തർക്കും അവൻ ചെയ്തു കൂട്ടിയതിനുള്ള പ്രതിഫലം അവൻ നൽകും.
കേവലം മൂന്ന് ചെറു വാക്യങ്ങളിലായി എടുത്തുകാണിച്ച ഈ നാല് വിശേഷണങ്ങളില്‍ (رَبِّ ٱلْعَٰلَمِينَ, ٱلرَّحْمَٰنِ, ٱلرَّحِيمِ, مَٰلِكِ يَوْمِ ٱلدِّينِ) ഓരോന്നും ദ്യോതിപ്പിക്കുന്ന അര്‍ത്ഥ സാരങ്ങളുടെ അഗാധതയും, വൈപുല്യവും മനസ്സിരുത്തുന്നപക്ഷം, എല്ലാ സ്തുതികീര്‍ത്തനങ്ങള്‍ക്കും യഥാര്‍ത്ഥത്തില്‍ അര്‍ഹനായുള്ളവന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നു തികച്ചും ബോധ്യപ്പെടുന്നതാണ്. അല്ലാഹുവിന്റെ ഈ നാല് ഉൽകൃഷ്ട ഗുണങ്ങങ്ങളെയും ഓര്‍മ്മിച്ചുകൊണ്ട് ഒരു അടിമ അവന് സ്തുതി കീര്‍ത്തനം ചെയുമ്പോള്‍, തന്റെ മുമ്പിലും, തന്റെ സമീപത്തും അല്ലാഹു സ്ഥിതി ചെയുന്നുണ്ടെന്നുള്ള ഒരു പ്രതീതി ആ അടിമയുടെ മനസ്സില്‍ പ്രകടമാകുന്നതാണ്.
അങ്ങനെ, അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ട് അടിമ പറയുകയാണ്:
വചനം :5
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു
നിന്നെ മാത്രം ഞങ്ങള്‍ – ഞാനും എന്നെപ്പോലെയുള്ള സത്യവിശ്വാസികളെല്ലാവരും – ആരാധിക്കുന്നു, നിന്നോട് മാത്രം ഞാന്‍ സഹായം തേടുകയും ചെയ്യുന്നു എന്നാണ് ഇതിന്റെ ആശയം. അതെ, മേല്‍ പ്രസ്താവിച്ച അത്യുല്‍കൃഷ്ട ഗുണങ്ങങ്ങളോട് കൂടിയവന്‍ നീയല്ലാതെ ആരുമില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമാണ്. അതുകൊണ്ട് ഞങ്ങളുടെ ആരാധനകളും, സഹായാര്‍ത്ഥനകളും നിന്റെ മുമ്പില്‍ മാത്രമേ ഞങ്ങള്‍ അര്‍പ്പിക്കുകയുള്ളുവെന്ന് ഞങ്ങളിതാ ഉറപ്പിച്ചു പറയുന്നു എന്ന് താല്‍പര്യം.
അങ്ങേ അറ്റത്തെ സ്നേഹബഹുമാനത്തിനും, ഭയഭക്തിക്കും അര്‍ഹനായുള്ള ഏക മഹാശക്തി അല്ലാഹു മാത്രമാണെന്ന് മേല്‍ പ്രസ്താവിച്ച നാല് ഗുണവിശേഷണങ്ങളില്‍ നിന്നും സ്പഷ്ടമായല്ലോ. അതിനെത്തുടര്‍ന്നു ആരാധനക്കും സഹായാര്‍ത്ഥനക്കും യഥാര്‍ത്ഥത്തില്‍ അര്‍ഹനായുള്ളവന്‍ നീ ഒരുവനേയുള്ളുവെന്ന് ഏറ്റുപറയലും മറ്റാരുടെ മുമ്പിലും അതു രണ്ടും ഞങ്ങള്‍ സമര്‍പ്പിക്കുകയില്ലെന്ന പ്രതിജ്ഞയുമാണ് ഈ വചനത്തില്‍ അടങ്ങിയിരിക്കുന്നത്. നമസ്കാരത്തിലും, നമസ്കാരത്തിനു പുറത്തുമായി ഓരോ സത്യവിശ്വാസിയും പല പ്രാവശ്യം ഇതാവര്‍ത്തിച്ചു പറയേണ്ടതുണ്ട്.
മനുഷ്യരെ ഈ ദുനിയാവിലേക്ക് അല്ലാഹു സൃഷ്ടിച്ച് അയച്ചത് അവന് ഇബാദത്ത് ചെയ്യാന്‍ വേണ്ടി മാത്രമാണ്. അതുകൊണ്ട് തന്നെ മനുഷ്യർ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് അതിനാണ്. അപ്പോൾ എന്താണ് ഇബാദത്ത്? പണ്ഢിതൻമാർ ഇബാദത്തിനെ വിശദീകരിച്ച് പഠിപ്പിച്ചിട്ടുണ്ട്:
നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ ‘ഇബാദത്ത്’ (عبادة) എന്ന പദത്തിനു പല അര്‍ത്ഥങ്ങളും കാണാം. ‘അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാട്, താഴ്മ പ്രകടിപ്പിക്കല്‍’ എന്നിങ്ങനെയും, ‘വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍’ എന്നിങ്ങിനെയും അര്‍ത്ഥങ്ങള്‍ കാണും. (*). ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്‍ഭവിച്ചു കാണാം. എന്നാല്‍ ‘ശറഇ’ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ത്ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍വെച്ച് കൂടുതല്‍ അനുയോജ്യമായത് എന്ന നിലക്ക് ‘ആരാധന’ എന്ന് പരക്കെ അതിനു വിവര്‍ത്തനം നല്‍കപ്പെട്ടുവരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (أقصى غاية التذلل و الخشوع) എന്നാണ് മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇസ്‌ലാമിലെ പണ്ഡിത ശ്രേഷ്ഠന്മാരും – വാക്കുകളില്‍ അല്‍പ സ്വല്‍പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും – മുന്‍കാലം മുതല്‍ക്കേ ‘ഇബാദത്തി’നു നല്‍കി വരുന്ന നിര്‍വചനം അതാണ്. (അമാനി തഫ്സീര്‍)
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
الْعِبَادَةُ هِيَ اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ تَعَالَى وَيَرْضَاهُ مِنَ الْأَقْوَالِ وَالْأَعْمَالِ الْبَاطِنَةِ وَالظَّاهِرَةِ.
ഇബാദത് എന്നാല്‍, അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്.
അല്ലാഹുവിന് ഇഷ്ടപ്പെട്ട വാക്കുകളിൽ പെട്ടതാകുന്നു പ്രാർത്ഥന, ദിക്ർ, ഖുർആൻ പാരായണം തുടങ്ങിയവയൊക്കെ. അല്ലാഹുവിന് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ പെട്ടതാകുന്നു നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ, നന്മ കൽപ്പിക്കൽ, തിന്മ വിരോധിക്കൽ, കുടുംബബന്ധം ചേർക്കൽ, റിലീഫ് പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ. ഇതെല്ലാം അതായത് അല്ലാഹുവിന് ഇഷ്ടപ്പെട്ട വാക്കുകളും പ്രവർത്തനങ്ങളും ബാഹ്യമായ ഇബാദത്തുകൾക്ക് ഉദാഹരണങ്ങളാണ്. ‘ബാഹ്യം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശരീരാവയവങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്.
ആന്തരികമായ ഇബാദത്തുകൾക്ക് ഉദാഹരണങ്ങളാണ് അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള ഇഷ്ഠം, അല്ലാഹുവിനോടുള്ള ഭയം, പ്രതീക്ഷ, പശ്ചാതാപം, ക്ഷമ, നന്ദി കാണിക്കൽ, രിളാ (തൃപ്തി), തവക്കുൽ തുടങ്ങിയവയൊക്കെ. ‘ആന്തരികം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനുള്ളിലെ പ്രവര്‍ത്തനങ്ങളാണ്.
‘ഇബാദത്ത്’ എന്നാൽ “അങ്ങേഅറ്റം താഴ്മയും ഭക്തിയുമാണ്” “അങ്ങേയറ്റത്തെ കീഴ്വണക്കവും സ്നേഹവുമാണ്” എന്നൊക്കെ പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്.
മഹബ്ബത്ത് (സ്നേഹം), റജാഅ് (പ്രതീക്ഷ), ഖൗഫ് (ഭയം) എന്നിവ ഇബാദത്തിന്റെ റുക്നുകളായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനെ ഇഷ്ടപ്പെട്ടുകൊണ്ട് മനസംതൃപ്തിയോടെയും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കണമെന്ന പ്രതീക്ഷയോടെയും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ടുമാണ് ഇബാദത്ത് ചെയ്യേണ്ടത്.
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. (ഖു൪ആന്‍:2/165)
ഇബാദത്തിന്റെ ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘പ്രാ൪ത്ഥന’. അപ്പോൾ എന്താണ് പ്രാർത്ഥന? അഭൗതിക മാർഗത്തിൽ അഥവാ കാര്യകാരണ ബന്ധങ്ങൾക്കതീതമായി ഒരു ഗുണ ലബ്ധിയോ, ദുരിത മോചനമോ നേടാനുള്ള അർത്ഥനയാണ് പ്രാർത്ഥന.
عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ : الدُّعَاءُ هُوَ الْعِبَادَةُ ثُمَّ قَرَأَ وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ- (ترمذى)
നുഅ്മാനുബ്‌നു ബശീർؓ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം പ്രാർത്ഥന അതുതന്നെയാണ് ആരാധന. ശേഷം നബി ﷺ ഓതി നിങ്ങളുടെ നാഥൻ അരുളിയരിക്കുന്നു: “എന്നോട് നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. നിശ്ചയം, എനിക്ക് ഇബാദത്തെടുക്കുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.”(ഖു൪ആന്‍ : 40/60) (തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്-സ്വഹീഹ്)
ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്, തീര്‍ച്ച. (ഖു൪ആന്‍ : 40/60)
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു എന്ന് പറയുന്നതോടൊപ്പം إِيَّاكَ نَسْتَعِينُ (നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു) എന്നും പ്രഖ്യാപിക്കുന്നു. സൃഷ്ടികളില്‍ നിന്ന് ലഭ്യമല്ലാത്തതും അല്ലാഹുവിങ്കല്‍ നിന്ന് അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ് ഇവിടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കാം.
ഇസ്തിആനത്ത് (സഹായം തേടൽ) പ്രധാനപ്പെട്ട ഇബാദത്തുകളിൽ ഒന്നാണ്.അല്ലാഹുവേ, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയുള്ളൂ എന്ന് ഓരോ മുസ്ലിമും അല്ലാഹുവിനോട് കരാര്‍ ചെയ്യുന്നു. അത് അല്ലാഹുവല്ലാത്ത ആരോടും പാടില്ല.
عَنِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ “ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ”
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂൽ യുടെ പിന്നിലായിരിക്കെ നബി ﷺപറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി:37/ 2706)
സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും, അദൃശ്യമാര്‍ഗ്ഗത്തിലൂടെ അല്ലാഹുവില്‍നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ആരോട് സഹായം അര്‍ത്ഥിക്കുന്നതും ശിര്‍ക്കാണ്.
إِيَّاكَ نَسْتَعِينُ എന്ന് പറയുന്നതിലൂടെ നമുക്ക് സ്വന്തമായി യാതൊരു കഴിവും ശക്തിയും ഇല്ലെന്ന് നാം പ്രഖ്യാപിക്കുന്നു എല്ലാം റബ്ബിൽ അർപ്പിക്കുന്നു അവനിൽ ഭാരം ഏൽപ്പിക്കുന്നു
മാത്രമല്ല ഇബാദത്തിന്റെ കൂടെ ഇസ്തിആനത്ത് പറയുന്നതിൽ മറ്റൊരു കാര്യം കൂടിയുണ്ട്. അതായത് അല്ലാഹുവിനെ ഇബാദത്ത് ചെയ്ത് ജീവിക്കുക എന്ന കാര്യം ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിന് അവന്റെ സഹായം കൂടിയേ തീരൂ. അവന്റെ തൗഫീഖ് കൂടാതെ ഒരാൾക്കും അത് സാധ്യമല്ല. അതുകൊണ്ട് ഓരോ മുസ്ലിമും പറയുന്നു:നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
സലഫുകളിൽ നിന്ന് ഇപ്രകാരം ഉദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്: ഫാതിഹ ഖുര്‍ആനിന്റെ രഹസ്യമാണ്. ‘ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന’ ഫാതിഹയുടെ രഹസ്യവും.
നമസ്‌കാരത്തില്‍ ഒരാള്‍ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ എന്ന് പറയുമ്പോൾ അല്ലാഹു ഇപ്രകാരം പറയും:
هَذَا بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ
ഇത് എനിക്കും എന്റെ അടിമക്കുമിടയിലുള്ളതാണ്, എന്റെ അടിമ ചോദിച്ചത് അവനുണ്ട്. (മുസ്‌ലിം:395)
നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുന്നുള്ളുവെന്നും, നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളുവെന്നും അല്ലാഹുവിന്റെ മുമ്പില്‍ അവന്റെ അടിയാന്മാര്‍ പ്രതിജ്ഞയെടുക്കുമ്പോള്‍, നിങ്ങള്‍ ലക്ഷ്യംവെക്കുന്ന ഏറ്റവും വലിയ സഹായം എന്താണെന്ന് ഒരു ചോദ്യത്തിന് സ്ഥാനമുണ്ടല്ലോ. ഇതിനുള്ള മറുപടിയാണ് അടുത്ത വാക്യം..
വചനം :6
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
സൂറത്തുൽ ഫാത്തിഹയിലെ ഒരേയൊരു പ്രാർത്ഥനയാകുന്നു ഇത്. അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങളിലായി ഓരോ മുസ്‌ലിമും ചുരുങ്ങിയത് 17 പ്രാവശ്യം അത് ദിനംപ്രതി പാരായണം ചെയ്യേണ്ടതുണ്ട്. ഇതിൻറെ തഫ്സീറിൽ ഇപ്രകാരം കാണാം:
(അല്ലാഹുവേ) നീ തൃപ്തിപ്പെട്ടവരും, നിന്റെ അടിയാന്മാരില്‍ നീ അനുഗ്രഹിച്ചിട്ടുള്ളവരുമായ ആളുകള്‍ക് നീ തൗഫീഖ് ചെയ്തു (സാധിപ്പിച്ചു) കൊടുത്ത വാക്കുകളിലും പ്രവൃത്തികളിലും ഉറച്ചുനില്‍ക്കുവാന്‍ ഞങ്ങള്‍ക്ക് നീ തൗഫീഖ് നല്‍കേണമേ. (തഫ്സീറുത്ത്വബ്രി)
الصِّرَاطَ الْمُسْتَقِيمَ ( സ്വിറാത്വുൽ മുസ്തഖീം) എന്നാല്‍ അല്ലാഹുവും, അവന്റെ റസൂലും നിര്‍ദേശിച്ചുതന്ന മാര്‍ഗ്ഗമാണ്. (ഇബ്നു കസീ൪)
ഹിദായത്ത് നൽകുന്നവൻ അല്ലാഹു മാത്രമാണ്. ഇക്കാര്യത്തിൽ മറ്റാർക്കും യാതൊരു കഴിവും തീരുമാനവുമില്ല. നബി ﷺ യോടായി അല്ലാഹു പറയുന്നു:
لَّيْسَ عَلَيْكَ هُدَىٰهُمْ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ
അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. (ഖുർആൻ:2/272)
الصِّرَاطَ الْمُسْتَقِيمَ (ചൊവ്വായ പാത അഥവാ വളവും വക്രതയുമില്ലാത്ത വഴി) കൊണ്ട് വിവക്ഷിക്കപ്പെട്ടതെന്തെന്ന് തുടര്‍ന്നുള്ള വാക്യങ്ങളില്‍ പറയുന്നു:
വചനം :7
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല
സ്വിറാത്വുൽ മുസ്തഖീം (നേരായ പാത) കൊണ്ടുള്ള വിവക്ഷ എന്താണെന്നും, അതിന്റെ ക്രിയാത്മകവും, നിഷേധാത്മകവുമായ വശങ്ങള്‍ ഏതാണെന്നും ചുരുങ്ങിയ വാക്കുകളില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ (നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവരുടെ പാത) ഇതാണതിന്റെ ക്രിയാത്മക വശം. ഈ അനുഗ്രഹീതര്‍ ആരാണെന്ന് മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നത് കാണുക:
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا
ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍! 4/69
നബിമാര്‍(പ്രവാചകന്മാര്‍), സ്വിദ്ദീക്വുകള്‍ (സത്യസന്ധന്മാര്‍), ശഹീദുകള്‍ (സത്യസാക്ഷികള്‍), സ്വാലിഹുകള്‍ (സദ്‌വൃത്തര്‍) എന്നിവരാണ് അല്ലാഹു അനുഗ്രഹിച്ചവര്‍.മനുഷ്യരില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ട സ്ഥാനമുള്ളവ൪ പ്രവാചകന്മാരാണ്. അവരെക്കഴിച്ചാല്‍ പിന്നീട് ക്രമപ്രകാരം സ്വിദ്ദീക്വുകളും, ശഹീദുകളും, സ്വാലിഹുകളും. വിശ്വാസത്തിലും, വാക്കിലും, പ്രവൃത്തിയിലും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുകയും, സത്യത്തിനെതിരില്‍ നേരിടുന്ന ഏതു പ്രതിസന്ധിയിലും ചാഞ്ചല്യമോ പതറലോ വരാതെ സൂക്ഷിക്കുകയും ചെയ്യുന്ന സത്യസന്ധന്മാര്‍ക്ക് സ്വിദ്ദീക്വുകള്‍(الصديق) എന്നും, സത്യത്തിനുവേണ്ടി ജീവന്‍ പോലും ബലിയര്‍പ്പിക്കുന്നതുവരെയുള്ള ത്യാഗങ്ങള്‍ വഴി സത്യത്തിനു സാക്ഷ്യം വഹിച്ചവര്‍ക്ക് ശഹീദുകള്‍ (الشھيد) എന്നും സാമാന്യമായി പറയാം. സത്യവിശ്വാസം സ്വീകരിച്ചു സന്മാര്‍ഗത്തില്‍ നിലകൊള്ളുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പൊതുവെ പറയപ്പെടുന്ന വാക്കാണ് സ്വാലിഹുകള്‍ (الصالح). ഇവ൪ സഞ്ചരിച്ച മാ൪ഗമാണ് الصِّرَاطَ الْمُسْتَقِيمَ (ചൊവ്വായ പാത). അതില്‍ നയിക്കണേ എന്നാണ് ഈ പ്രാ൪ത്ഥയിലൂടെ നാം റബ്ബിനോട് തേടുന്നത്..
മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: ചൊവ്വായ മാര്‍ഗം സ്വീകരിച്ചവരാണല്ലോ സത്യവിശ്വാസികള്‍. എന്നിരിക്കെ, തങ്ങള്‍ക്ക് സിദ്ധിച്ചു കഴിഞ്ഞ ആ കാര്യത്തിന് വേണ്ടി നമസ്കാരങ്ങളിലും മറ്റും ഈ പ്രാര്‍ത്ഥന പിന്നെയും അവര്‍ ആവര്‍ത്തിക്കുന്നത് എന്തിനാണ്? എന്ന് സംശയിക്കാമല്ലോ. ഇതുപോലെയുള്ള ചില സംശയങ്ങള്‍ വേറെ ചില സന്ദര്‍ഭങ്ങളിലും ചിലര്‍ക്ക് തോന്നുവാന്‍ അവകാശമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഉപകരിക്കുന്ന ഒരു മറുപടി ഈ സംശയത്തിന്ന് ഇബ്നു കഥീര്‍ (رحمه الله) ഇവിടെ നല്‍കിയിരിക്കുന്നു. അതിന്റെ സാരം ഇപ്രകാരമാണ്: ‘സിദ്ധിച്ചു കഴിഞ്ഞ അതേ കാര്യം പിന്നെയും സിദ്ധിക്കുവാനല്ല ഈ പ്രാര്‍ത്ഥന. അല്ലാഹുവില്‍ നിന്നുള്ള ഹിദായത്ത് മനുഷ്യന് സദാ സമയത്തും ലഭിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. അത് കൊണ്ടാണ് ഇങ്ങിനെ പ്രാര്‍ത്ഥിക്കുവാന്‍ കല്പിച്ചിരിക്കുന്നത്. അവന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് വഴിപിഴച്ചു പോകാതെ, സ്ഥിരച്ചിത്തതയോടെ അതില്‍ ഉറച്ചു നില്‍ക്കുവാനും, അതില്‍ അഭിവൃദ്ധിയും വളര്‍ച്ചയും ലഭിച്ചുകൊണ്ടിരിക്കുവാനും അല്ലാഹുവിന്റെ സഹായവും തൗഫീഖും സിദ്ധിച്ചു കൊണ്ടിരിക്കേണ്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ സ്വന്തം ദേഹത്തിനു പോലും ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ മനുഷ്യന് കഴിവില്ല. ആകയാല്‍, അല്ലാഹുവിന്റെ സഹായഹസ്തം എല്ലാ സമയത്തും തന്റെ നേരെ നീട്ടിക്കൊണ്ടിരിക്കുവാന്‍ അവന്‍ അവനോട് അപേക്ഷിച്ചുകൊണ്ടിരിക്കേണ്ടതാണെന്ന് ഇത് മൂലം ഉണര്‍ത്തുന്നു. ഇക്കാരണത്താല്‍ തന്നെയാണ് ഇങ്ങിനെ പ്രാര്‍ത്ഥിക്കുവാനും സത്യവിശ്വാസികളോട് അല്ലാഹു ഉപദേശിച്ചത്:
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ
(ഞങ്ങളുടെ റബ്ബേ! നീ ഞങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയ ശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക് നിന്റെ പക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീ തന്നെയാണ് വലിയ ദാനക്കാരന്‍ (ആലുഇംറാന്‍ : 8) (അമാനി തഫ്സീ൪)
غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (കോപവിധേയരും, വഴിപിഴച്ചവരുമായ ആളുകള്‍ സ്വീകരിച്ചതല്ലാത്ത മാര്‍ഗ്ഗം) എന്നതാണ് ആ പാതയുടെ നിഷേധാത്മക വശം. ‘കോപബാധിതര്‍’ കൊണ്ടുദ്ദേശ്യം യഹൂദികള്‍ ആണെന്നും ‘വഴിപിഴച്ചവര്‍’ കൊണ്ടുദ്ദേശ്യം ക്രിസ്ത്യാനികളാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
عَنْ عَدِيِّ بْنِ حَاتِمٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الْيَهُودُ مَغْضُوبٌ عَلَيْهِمْ وَالنَّصَارَى ضُلاَّلٌ
അദിയ്യ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: യഹൂദികളാണ് (അല്ലാഹുവിന്റെ) കോപത്തിനിരയായവ൪, ക്രിസ്ത്യാനികളാണ് വഴിപിഴച്ചവര്‍. (തി൪മിദി:2954)
കോപവിധേയര്‍ യഹൂദികളും വഴിപിഴച്ചവര്‍ ക്രിസ്ത്യാനികളുമാണെന്ന് വരുവാന്‍ കാരണമെന്താണെന്നും, മനസ്സിലാക്കേണ്ടതുണ്ട്. . യഹൂദികള്‍ക്ക് അറിവ് ഉണ്ടായിരുന്നുവെങ്കില്‍ അവരത് പ്രവര്‍ത്തി പഥത്തിൽ കൊണ്ടുവന്നിട്ടില്ല. അഥവാ സത്യം മനസ്സിലാക്കിയിട്ടും അത് സ്വീകരിക്കുകയോ അതനുസരിച്ച് പ്രവ൪ത്തിക്കുകയോ ചെയ്യാത്തതിനാലാണ് യഹൂദികള്‍ അല്ലാഹുവിന്റെ കോപത്തിനിരയായത്. എന്നാല്‍ ക്രിസ്ത്യാനികളാകട്ടെ, അവ൪ പ്രവ൪ത്തിച്ചവരാണ്. എന്നാല്‍ അവ൪ പ്രവ൪ത്തിച്ചത് അല്ലാഹുവില്‍ നിന്നുള്ള അറിവിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. അതുകൊണ്ടാണ് അവ൪ വഴിപിഴച്ചവരായത്. ഇക്കാര്യം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യും വിശദീകരിച്ചിട്ടുണ്ട്. (اقتضاء الصراط المستقيم )
അല്ലാഹുവിന്റെ കോപത്തിനും, വഴിപിഴവിനും കാരണമാക്കുന്ന ആ കാര്യങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ മാര്‍ഗമെന്താണെന്നും നിശ്ചയമായും പഠിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
ഇബ്നു കഥീര്‍ رحمه الله പറഞ്ഞു: സത്യം അന്വേഷിച്ചറിയുകയും, അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയാണ് അനുഗ്രഹീതരുടെ മാര്‍ഗം. സത്യം അറിഞ്ഞിട്ടും അത് അനുഷ്ഠാനത്തില്‍ വരുത്താതെ പുറം തള്ളിക്കളയുകയാണ് കോപവിധേയരുടെ മാര്‍ഗം. സത്യം മനസ്സിലാക്കാതെ സത്യമാര്‍ഗ്ഗം തെറ്റിപ്പോകുന്നതാണ് വഴിപിഴച്ചവരുടെ മാര്‍ഗ്ഗം. (തഫ്സീര്‍ ഇബ്നുകസീ൪)
നമസ്‌കാരത്തില്‍ ഒരാള്‍ ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ മുതൽ وَلَا ٱلضَّآلِّينَ വരെയുള്ള പ്രാ൪ത്ഥന പ്രാ൪ത്ഥിക്കുമ്പോള്‍ അല്ലാഹു ഇപ്രകാരം പറയും:
هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ
ഇത് എന്റെ അടിമക്കുള്ളതാണ്, അവന്‍ ചോദിച്ചത് അവനുണ്ട്. (മുസ്‌ലിം:395)
ഈ സൂറത്തിന്റെ അവസാനത്തില്‍ آمين (ആമീന്‍) എന്ന് ചൊല്ലേണ്ടതാകുന്നു. ഈ പ്രാര്‍ത്ഥന സ്വീകരിക്കേണമേ എന്നാണ് അതുകൊണ്ടുള്ള ഉദ്ദേശം.
عَنْ وَائِلِ بْنِ حُجْرٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَرَأَ { وَلاَ الضَّالِّينَ } قَالَ “ آمِينَ ” . وَرَفَعَ بِهَا صَوْتَهُ .
വാഇൽ ബ്നു ഹുജ്ര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു:അല്ലാഹുവിൻറെ റസൂൽ وَلاَ الضَّالِّينَ എന്ന് ഓതിയാൽ അവിടുത്തെ ശബ്ദം ഉയർത്തിക്കൊണ്ട് ആമീൻ എന്ന് പറയുമായിരുന്നു.
മഹത്തായ പ്രാർത്ഥന ഉൾക്കൊള്ളുന്നതിനാൽ ഏത് സമയത്തും ഫാത്തിഹക്ക് ശേഷം ആമീൻ ചൊല്ലൽ നല്ലതാണ്. എന്നാൽ അത് നിർബന്ധമല്ല.
നമസ്കാരത്തിൽ ഫാത്തിഹ ഓതിയാൽ ആമീൻ പറയണം. ജമാഅത്ത് നമസ്കാരത്തിൽ ഇമാം ഫാത്തിഹ ഓരിയാൽ മഅ്മൂമീങ്ങൾ ആമീൻ പറയുന്നതിന് ശ്രേഷ്ഠതയുണ്ട്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” إِذَا قَالَ الإِمَامُ (غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ) فَقُولُوا آمِينَ. فَإِنَّهُ مَنْ وَافَقَ قَوْلُهُ قَوْلَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാം غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ എന്ന് പറഞ്ഞാൽ നിങ്ങൾ ആമീൻ ചൊല്ലുവിൻ. കാരണം വല്ലവന്റേയും വചനവും മലക്കിന്റെ വചനവും യോജിച്ചാൽ അവന്റെ പാപങ്ങളിൽ നിന്ന് പൊറുത്തുകൊടുക്കും. (ബുഖാരി:782)
ജമാഅത്ത് നമസ്കാരത്തിൽ ഇമാമിന്റെ ആമീനും മഅ്മൂമീങ്ങളുടെ ആമീനും ഒന്നിച്ച് വരണം. അതിനായി ഇമാം ആമീൻ പറയുമ്പോഴാണ് മഅ്മൂമീങ്ങൾ ആമീൻ പറയേണ്ടത്.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” إِذَا أَمَّنَ الإِمَامُ فَأَمِّنُوا فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ”. وَقَالَ ابْنُ شِهَابٍ وَكَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ ” آمِينَ ”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാം ‘ആമീൻ’ ചൊല്ലിയാൽ നിങ്ങളും ആമീൻ ചൊല്ലുവിൻ. ഒരാളുടെ ആമീൻ ചൊല്ലൽ മലക്കുകളുടെ ആമീൻ ചൊല്ലലുമായി ഒത്തുവന്നാൽ അവൻ ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി: 780)
عَنْ أَبِي مُوسَى عَنِ النَّبِيِّ صلى الله عليه وسلم«إِذَا قَالَ- يَعْنِي الْإِمَامَ- { صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ} فَقُولُوا آمِينَ يُجِبْكُمُ اللَّهُ»
അബൂമൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (ഇമാം) صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَഎന്ന് ഓതിയാൽ നിങ്ങൾ ആമീൻ പറയുക. അല്ലാഹു നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്. (മുസ്ലിം)
യഹൂദികളെ കുറിച്ച് നബി ﷺ പറഞ്ഞതായി ആയിശാ رَضِيَ اللَّهُ عَنْها ഉദ്ധരിക്കുന്നു:
إنّهم لا يَحسُدونا على شيءٍ كما يَحسُدونا على يومِ الجمُعةِ التي هَدانا اللهُ لها، وضَلُّوا عنها، وعلى القِبلةِ التي هَدانا اللهُ لها، وضَلُّوا عنها، وعلى قولِنا خلفَ الإمامِ: آمينَ
നമുക്ക് അല്ലാഹു കാണിച്ചു തരികയും അവരെ അവൻ വഴിതെറ്റിച്ചു കളയുകയും ചെയ്തു. വെള്ളിയാഴ്ചയുടെ വിഷയത്തിലും നമുക്ക് അല്ലാഹു കാണിച്ചു തരികയും അവരെ അവൻ വഴിതെറ്റിച്ചു കളയുകയും ചെയ്ത ഖിബിലയുടെ വിഷയത്തിലും ഇമാമിൻറെ പിന്നിൽ നാം (ഒരുമിച്ച്) ആമീൻ പറയുന്നു എന്നതിലും അവർക്ക് നമ്മോട് അസൂയ ഉള്ളതുപോലെ മറ്റൊരു കാര്യത്തിലും അവർക്ക് നമ്മോട് അസൂയ ഇല്ല. (അഹ്മദ്)
عَنْ عَائِشَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ : مَا حَسَدَتْكُمُ الْيَهُودُ عَلَى شَىْءٍ مَا حَسَدَتْكُمْ عَلَى السَّلاَمِ وَالتَّأْمِينِ
ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സലാം പറയുന്നതിലും ആമീൻ പറയുന്നതിലും യഹൂദികൾക്ക് നിങ്ങളോട് അസൂയ ഉള്ളത് പോലെ മറ്റൊന്നിലും അവർക്ക് നിങ്ങളോട് അസൂയ ഇല്ല. (ഇബ്നുമാജ:856)
kanzululoom.com