അതിവാദവും നിഷ്‌ക്രിയത്വവും

അല്ലാഹുവും റസൂലും നിർത്തിയേടത്തുനിന്ന് മനുഷ്യരെ തെറ്റിച്ചു കൊണ്ടുപോവുക എന്നത് പിശാച് കെണിയിൽപ്പെടുത്തുന്ന ഒരു രീതിയാണ്. ഒന്നുകിൽ തീവ്രതകൊണ്ട് പരിധിവിട്ട് നേർമാർഗത്തിൽ നിന്ന് പുറത്തു ചാടിക്കുക, അല്ലെങ്കിൽ നേർമാർഗത്തിന്റെ നന്മകളോട് വിമുഖത കാണിച്ചു പിന്തിരിപ്പിച്ചു കൊണ്ടുപോവുക. ഇത് രണ്ടിൽ ഏതായാലും സന്മാർഗ ഭ്രംശമാണെന്നതിനാൽ പിശാചിന് അവ ഏറെ പ്രിയങ്കരമാണ്.

മഖ്‌ലദുബ്‌നുൽ ഹുസൈൻ رضي الله عنه പറയുന്നു: അല്ലാഹു ഏതൊരു നന്മയിലേക്ക് മനുഷ്യനെ പ്രേരിപ്പിച്ചാലും രണ്ടാലൊരു വഴിയിലൂടെ പിശാച് അതിന് തടസ്സം നിൽക്കും. അതിലേതിലൂടെയാണ് ലക്ഷ്യം നേടുക എന്നത് അവൻ പ്രശ്‌നമാക്കാറില്ല. ഒന്നുകിൽ പരിധിവിട്ടു കൊണ്ടുള്ള അതിവാദത്തിന്റെ രീതി, അതല്ലെങ്കിൽ നന്മയിൽനിന്ന് പിന്തിരിപ്പിച്ച് അതിൽ വീഴ്ച വരുത്തിക്കൽ. (തൽബീസു ഇബ്‌ലീസ്, പേജ് 46)

ഇബ്‌നുൽ ക്വയ്യിം رحمه الله പറയുന്നു: അല്ലാഹു ഏതൊരു കാര്യം കൽപിച്ചാലും പിശാചിന് അതിൽ രണ്ട് സമീപനങ്ങൾ ഉണ്ടായിരിക്കും. ഒന്നുകിൽ അതിരുകവിച്ചിൽ അഥവാ അതിവാദത്തിന്റെത്. അല്ലെങ്കിൽ വീഴ്ച വരുത്തുന്ന നിഷ്‌ക്രിയത്വത്തിന്റെത്. ആളുകളുടെ അഭിപ്രായങ്ങളും ചിന്താഗതികളും മാറ്റിവെച്ച് പ്രവാചക അധ്യാപനങ്ങളെ പിൻപറ്റി അതിന്റെ പിന്നാലെ പോകുന്നവരല്ലാത്ത ഒരാൾക്കും തന്നെ ഈ രണ്ട് ആപത്തുകളിൽനിന്നും രക്ഷപ്പെടുവാൻ സാധിക്കുകയില്ല. (കിതാബുർറൂഹ് , പേജ് 257)

ഉദാഹരണം പറയാം: നിർബന്ധമായ (ഫർദായ) ആരാധനാകർമങ്ങൾക്ക് പുറമെ സുന്നത്തായ കർമങ്ങളിലൂടെയും നമുക്ക് അല്ലാഹുവിലേക്ക് അടുക്കുവാൻ സാധിക്കും. നിർബന്ധവും ഐച്ഛികവുമായ ഇത്തരം ആരാധനാകർമങ്ങൾ നബിﷺ പഠിപ്പിച്ചതും സ്വഹാബത്ത് പ്രയോഗവൽക്കരിച്ചതും എങ്ങനെയെന്ന് പഠിച്ചറിഞ്ഞ് പിൻപറ്റേണ്ടതിനു പകരം, ചിലർ ‘നല്ലതല്ലേ’ എന്ന പേരിൽ മതത്തിന്റെ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട് നബിﷺ പഠിപ്പിക്കാത്തതും സച്ചരിതരായ മുൻഗാമികൾക്ക് പരിചയമില്ലാത്തതുമായ പല കാര്യങ്ങളും മതത്തിൽ കടത്തിക്കൂട്ടി ഭക്തിയാദരപൂർവം കൊണ്ടുനടക്കുന്നതു കാണാം. എന്നാൽ മറ്റു ചിലരാകട്ടെ ഐച്ഛിക കർമങ്ങളുടെ കാര്യം മാത്രമല്ല നിർബന്ധമായ ആരാധനാകർമങ്ങൾ തന്നെയും ഉപേക്ഷിക്കുന്നു. ഇത് രണ്ടും പിശാചിന്റെ കെണികളാണെന്ന് തിരിച്ചറിഞ്ഞ് മതത്തിന്റെ ശരിയായ മാർഗനിർദേശങ്ങൾ പിൻപറ്റുവാനാണ് നാം ശ്രദ്ധിക്കേണ്ടത്.

ഇസ്‌ലാമിക സമൂഹത്തിലെ പല കക്ഷികളിലും ഇതിനു നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. ഖവാരിജുകൾ എന്ന പേരിൽ അറിയപ്പെടുന്ന, ഇസ്‌ലാമിക സമൂഹത്തിലെ ഒന്നാമത്തെ ബിദ്ഈ വിഭാഗം അതിവാദത്തിന്റെ തുടക്കക്കാരാണ്. ആചാരാനുഷ്ഠാനങ്ങളിലും ആരാധനാ കർമങ്ങളിലും നബിﷺ പഠിപ്പിച്ചതും സ്വഹാബത്ത് ചെയ്തതുമൊന്നും പോരാ എന്ന തോന്നൽ ഇതിന്റെ മറ്റൊരു രൂപമാണ്. എന്നാൽ ഇതിന്റെ നേർവിപരീതമായ ആശയമാണ് ‘മുർജിഅ’ എന്ന വിഭാഗത്തിനുള്ളത്. അഥവാ വിശ്വാസം പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ എത്രതന്നെ തിന്മകൾ ചെയ്താലും നന്മകൾ ചെയ്യാതി രുന്നാലും യാതൊരു കുഴപ്പവുമില്ല എന്ന വാദം. അബൂബക്കർ رضي الله عنه വും അബൂജഹലുമൊക്കെ ഒരേപോലെയാണ് എന്നാണ് ഇത്തരക്കാരുടെ വീക്ഷണം. ‘അബൂജഹലിനും അല്ലാഹുവിൽ വിശ്വാസമുണ്ടായിരുന്നു, കർമങ്ങളല്ല മനുഷ്യനെ ശ്രേഷ്ഠനാക്കുന്നത്’ എന്നായിരുന്നു അവരുടെ വാദം. ഇത്തരത്തിലുള്ള നിഷ്‌ക്രിയവാദത്തിന്റെ വക്താക്കളായ മുർജിഅ വിഭാഗക്കാരുടെ ആധുനികമായ പല കോലങ്ങളിൽ ഒന്നാണ് നിർബന്ധവും ഐശ്ചികവുമായ ആരാധനാകർമങ്ങളെയൊക്കെ നിസ്സാരവൽക്കരിച്ച് ഉപേക്ഷിക്കുന്ന ചിലരുടെ രീതി.

നബിﷺയും സ്വഹാബത്തും കറകളഞ്ഞ വിശ്വാസം സ്വീകരിച്ചതിന്റെ കൂടെത്തന്നെ കർമങ്ങൾ കൊണ്ടും സജീവമായിരുന്നു. ആരാധനാകർമങ്ങളിലും മറ്റു നന്മകളിലും അവർ മുൻപന്തിയിൽ ഉണ്ടായിരുന്നു. പരലോക വിജയികളെക്കുറിച്ച് പറയുമ്പോഴൊക്കെയും വിശുദ്ധ ക്വുർആൻ പ്രത്യേകം പരാമർശിച്ച ‘സൽകർമങ്ങൾ അനുഷ്ഠിക്കുന്നവർ’ എന്ന പ്രയോഗം ക്വുർആനിൽ എത്രയോ തവണ ആവർത്തിച്ചത് കാണാൻ കഴിയും. അല്ലാഹു പറയുന്നു:

فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّٰجِدِينَ ‎﴿٩٨﴾‏ وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ ‎﴿٩٩﴾‏

ആകയാല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. (ഖു൪ആന്‍:15/98-99)

ഏതാണ്ടെല്ലാ മേഖലയിലും ഇത്തരം അതിവാദങ്ങളും നിഷേധവും കാണാം. ഇസ്‌ലാമിക വിശ്വാസങ്ങളിൽ സുപ്രധാനമായ വിധിവിശ്വാസത്തിന്റെ കാര്യം ഇതിനൊരു ഉദാഹരണമാണ്. ‘എല്ലാം അല്ലാഹുവിന്റെ വിധിയായതിനാൽ നമ്മൾ എന്തു ചെയ്തിട്ടും യാതൊരു കാര്യവുമില്ല’ എന്ന ഒരു വാദഗതിയും, മറുവശത്ത് ‘എല്ലാം നമ്മൾതന്നെ നിശ്ചയിക്കുന്നതും ഉണ്ടാക്കുന്നതുമാണ്; അതല്ലാതെ വിധിയും രേഖപ്പെടുത്തലും ഒന്നുമില്ല’ എന്ന മറുവാദവും. ആദ്യത്തെത് ‘ജബരിയത്ത്’ എന്ന അതിവാദമാണെങ്കിൽ രണ്ടാമത്തെത് ‘ക്വദരിയത്ത്’ എന്ന നിഷേധമാണ്. ഇവ രണ്ടിനും ഇടയിലാണ് ഇസ്‌ലാം പഠിപ്പിക്കുന്ന മധ്യമ ആശയം; അഥവാ അഹലുസ്സയുടെ ആദർശം. അല്ലാഹുവിന്റെ വിധിയും തീരുമാനവുമൊക്കെ എല്ലാ കാര്യങ്ങളിലുമുണ്ട്. ആത്യന്തികമായ വിധി അവന്റെ നിശ്ചയമാണ്. എന്നാൽ മനുഷ്യൻ ചെയ്യേണ്ടത് ചെയ്യുക എന്നതും അതിന്റെ ഭാഗം തന്നെയാണ്. ഓരോ കാര്യത്തിനും ഓരോ കാരണങ്ങൾ സ്രഷ്ടാവായ അല്ലാഹു പ്രകൃതിയിൽ സംവിധാനിച്ചിട്ടുണ്ട്. അത് ശ്രദ്ധിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാനാണ് മതം പഠിപ്പിക്കുന്നത്. അതിന്റെ ഭാഗമായി യാത്രയിലും ചികിത്സയിലും തൊഴിൽ രംഗത്തുമെല്ലാം സുരക്ഷയുടെയും ജാഗ്രതയുടെയും എല്ലാവിധ മുൻകരുതലുകളും നാം എടുക്കേണ്ടതുണ്ട്. എന്നാൽ അത് മാത്രം പോരാ, അതിനപ്പുറത്ത് പടച്ചവന്റെ സഹായവും അനുഗ്രഹവും നമുക്ക് വേണം. അതിനായി ഓരോ ഘട്ടത്തിലും നമ്മൾ പ്രാർഥിക്കുകയും പടച്ചവനിൽ ഭരമേൽപിക്കുകയും വേണം. ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന തൗഹീദിന്റെയും തവക്കുലിന്റെയും പാഠങ്ങൾ. ‘ഒട്ടകത്തെ കെട്ടിയിട്ട് തവക്കുൽ ചെയ്യുക’ എന്ന പ്രവാചക അധ്യാപനവും അതാണ് പഠിപ്പിക്കുന്നത്.

പിശാച് വ്യതിയാനത്തിന്റെ ഇരുവശങ്ങളിലേക്കും പിടിച്ചുവലിക്കുമ്പോൾ അതിലേക്ക് ചാഞ്ഞു പോകാതെ നേരിന്റെ നേർവഴിയിൽ അടിയുറച്ചു നിൽക്കാൻ നമ്മുടെ കൂടെയുണ്ടാകേണ്ടുന്ന തിരിച്ചറിവിന്റെ ആദർശ ബോധമാണ്; അല്ലാഹു പ്രശംസിച്ചവരും പ്രവാചകനോടൊപ്പം സഹവസിക്കാൻ ഭാഗ്യം ലഭിക്കുകയും ചെയ്ത സച്ചരിതരായ മുൻഗാമികൾ നിലകൊണ്ടമാർഗം ഏതെന്ന് മനസ്സിലാക്കി അവർ നിലകൊണ്ട ആ മാർഗമാണ് സത്യത്തിന്റെ മാർഗം എന്ന ബോധ്യത്തോടെ അത് പിൻപറ്റുവാനുള്ള പരിശ്രമം. അല്ലാതെ, ആളുകളെ നന്നാക്കാൻ എന്ന പേരിൽ നമ്മൾ പുതിയ മാർഗവും രീതിയും കണ്ടെത്തുവാൻ പരിശ്രമിക്കുമ്പോൾ പിശാചിന്റെ വലയിൽ നമ്മളും പെട്ടിരിക്കുന്നു എന്ന കാര്യം പലരും അറിയാതെ പോകുന്നു.

പിശാചുക്കൾ പറയാറുണ്ടത്രെ: സുന്നത്ത് അനുധാവനം ചെയ്യുന്നവനെക്കാൾ നമുക്ക് ശ്രമകരമായത് മറ്റൊന്നുമില്ല. എന്നാൽ ദേഹേഛകളുടെ ആളുകളാകട്ടെ; നമുക്ക് അവരെക്കൊണ്ട് യഥേഷ്ടം കളിക്കുവാൻ സാധിക്കുന്നതാണ്. (തൽബീസു ഇബ്‌ലീസ്, പേജ് 53)

 

ശമീർ മദീനി

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *