കണ്ണേറ് യാഥാ൪ത്ഥ്യമോ ?

കണ്ണേറിനെ പറ്റി അല്‍പ്പം സംഗതികള്‍ ഇവിടെ പറയാം. കണ്ടതും കേട്ടതുമൊക്കെ കണ്ണേറിന്റെ ഫലമാണെന്ന് ധരിക്കുകയും അതിന് വേണ്ടി മന്ത്രവാദം നടത്തുകയും ചെയ്യുന്ന ചിലരുണ്ട്. അപ്രകാരം തന്നെ, കണ്ണേറിനെ തന്നെ നിഷേധിക്കുകയും അങ്ങനെയൊന്നുണ്ടെന്ന് പറയുന്നവരെ വിഢികളാക്കി ഗണിക്കുകയും ചെയ്യുന്നവരുമുണ്ട്. എന്നാല്‍ കണ്ണേറ് ഉണ്ടെന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ നാം കണ്ടുകഴിഞ്ഞു. അതിനാല്‍ ഹദീസില്‍ വിശ്വസിക്കുന്നവ൪ക്കാ൪ക്കും തന്നെ അങ്ങനെയൊന്ന് ഇല്ലെന്ന് പറഞ്ഞുകൂടാ. മുഹമ്മദ് അമാനി മൌലവി(റഹി) തന്റെ ‘ഇസ്ലാമിക ജീവിതം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ വരികളാണിവ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയതാണെങ്കിലും ഇന്നലെ എഴുതിയ ലേഖനം പോലെ തോന്നുന്ന ഇതിലെ ഓരോ വാചകത്തിനും വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്

അമാനി മൌലവി പറഞ്ഞതുപോലെ കേരളത്തിലെ മുസ്ലിംകളില്‍ ഒരു വിഭാഗം കണ്ണേറിന്റെ കാര്യത്തില്‍ എക്കാലത്തും അതിരു കടന്നിട്ടുണ്ട്. എന്ത് സംഭവിച്ചാലും അത് കണ്ണേറ് മൂലമാണെന്ന് പറയുക, ചിലരെ എല്ലായ്പ്പോഴും കണ്ണേറിന്റെ ആളുകളായി ചിത്രീകരിക്കുക, കണ്ണേറ് സംഭവിക്കാതിരിക്കാന്‍ കോലങ്ങള്‍ നാട്ടുക, കണ്ണേറ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റുന്നതിനായി ശി൪ക്കിന്റെ ആളുകളെ സമീപിക്കുക തുടങ്ങി കണ്ണേറിന്റെ കാര്യത്തില്‍ ഒരുവിഭാഗം തെറ്റിദ്ധാരണ വെച്ചു പുല൪ത്തുന്നുണ്ട്. മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം കണ്ണേറ് എന്ന് കേള്‍ക്കുമ്പോഴേക്കും അതെല്ലാം അന്ധവിശ്വാസമാണ്. യഥാ൪ത്ഥത്തില്‍ ഇരുകൂട്ടരും സത്യത്തില്‍ നിന്നും ബഹുദൂരം പിന്നിലാണെന്നതാണ് വാസ്തവം.

കണ്ണേറ് യാഥാര്‍ഥ്യമാണെന്നും അതിന് സ്വാധീനമുണ്ടെന്നുമാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

عَنِ ابْنِ عَبَّاسٍ رضي الله عنهما ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: الْعَيْنُ حَقٌّ

ഇബ്നു അബ്ബാസിൽ(റ) നിന്നും നിവേദനം: നബി(സ്വ)പറഞ്ഞു:കണ്ണേറ് (ബാധിക്കുമെന്നത്) സത്യമാണ്. (മുസ്‌ലിം:2188 )

عَنْ أُمِّ سَلَمَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لِجَارِيَةٍ فِي بَيْتِ أُمِّ سَلَمَةَ زَوْجِ النَّبِيِّ صلى الله عليه وسلم رَأَى بِوَجْهِهَا سَفْعَةً فَقَالَ: بِهَا نَظْرَةٌ فَاسْتَرْقُوا لَهَا

ഉമ്മുസലമയില്‍(റ) നിന്ന് നിവേദനം നബി(സ്വ) അവരുടെ വീട്ടില്‍ ഒരു പെണ്‍കുട്ടിയെ അവളുടെ മുഖത്തിന് നിറം മാറ്റമുള്ളതായി കണ്ടു. അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു : നിങ്ങള്‍ ഇവള്‍ക്ക് മന്ത്രം ചെയ്യിക്കുക. അവള്‍ക്ക് കണ്ണേറ് ബാധിച്ചിട്ടുണ്ട്.(ബുഖാരി :5739 – മുസ്ലിം :2197)

عَنْ عُبَيْدِ بْنِ رِفَاعَةَ الزُّرَقِيِّ، قَالَ قَالَتْ أَسْمَاءُ يَا رَسُولَ اللَّهِ إِنَّ بَنِي جَعْفَرٍ تُصِيبُهُمُ الْعَيْنُ فَأَسْتَرْقِي لَهُمْ قَالَ ‏ “‏ نَعَمْ فَلَوْ كَانَ شَىْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ ‏”‏ ‏.‏

അസ്മാഉ ബിന്‍ത് ഉമൈസ്(റ) നബി(സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ, ജഗ്ഫറിറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിച്ചിരിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ്വ) മറുപടി പറഞ്ഞു: അതെ (മന്ത്രം ചെയ്തു കൊള്ളുക). അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു. (ഇബ്‌നുമാജ:3639)

അല്ലാഹുവിന്റെ വിധിയെ മറികടക്കാന്‍ യാതൊരു കാര്യത്തിനും കഴിയില്ല. അതിനെ മറികടക്കാന്‍ വല്ല കാര്യത്തിനും കഴിയുമായിരുന്നുവെങ്കില്‍ കണ്ണേറ് അതിനെ മറികടക്കുമായിരുന്നുവെന്ന് പറഞ്ഞത് അതിന്റെ സ്വാധീന ശക്തിയെയാണ് സൂചിപ്പിക്കുന്നത്.

عن جابر رضي الله عنه أن النبي صلى الله عليه وسلم قال: العين تدخل الرجل القبر، وتدخل الجمل القدر.

ജാബി൪(റ) പറഞ്ഞു : കണ്ണേറ് മനുഷ്യനെ ഖബറിലെത്തിക്കുമെന്നും ഒട്ടകത്തെ (പാചകം ചെയ്യുന്ന) പാത്രത്തിലുമെത്തിക്കുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. (ശൈഖ് അല്‍ബാനി ഹസനെന്ന് പറഞ്ഞു)

കണ്ണേറ് ബാധിച്ച് ഒരാള്‍ രോഗിയാകുകയും രോഗം മാറാതെ മരണപ്പെട്ട് ഖബ്റിലെത്തുമെന്നും അതേപോലെ ഒരു ഒട്ടകം കണ്ണേ൪ ബാധിച്ച് രോഗിയാകുകയും രോഗം മാറാത്തതിനാല്‍ അത് അറുക്കപ്പെടുകയും അങ്ങനെ പാചകം ചെയ്യുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുമെന്ന൪ത്ഥം. കണ്ണേറ് യാഥാര്‍ഥ്യമാണെന്നും അതിന് സ്വാധീനമുണ്ടെന്നും ഈ ഹദീസില്‍ നിന്നും വ്യക്തമാണ്.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:  الْعَيْنُ حَقٌّ، تَسْتَنْزِلُ الْحَالِقَ

ഇബ്നു അബ്ബാസിൽ(റ) നിന്നും നിവേദനം: നബി(സ്വ)പറഞ്ഞു: കണ്ണേറ് യാഥാർത്ഥ്യമാണ് അത് നിന്നെ മലയിൽ നിന്ന് മറിച്ചിടും. (സ്വഹീഹുൽ ജാമിഅ്:4146)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم أَوْ أَمَرَ أَنْ يُسْتَرْقَى مِنَ الْعَيْنِ

ആഇശ(റ) പറയുന്നു: കണ്ണേറ് ബാധിച്ചാൽ മന്ത്രിക്കാൻ അല്ലാഹുവിന്റെ റസൂൽ(ﷺ) എന്നോട് നിർദ്ദേശിച്ചിട്ടുണ്ട്. (ബുഖാരി: 5738)

വിശുദ്ധ ഖു൪ആനിലും കണ്ണേറിലേക്കുള്ള സൂചന കാണാവുന്നതാണ്.

ﻭَﻗَﺎﻝَ ﻳَٰﺒَﻨِﻰَّ ﻻَ ﺗَﺪْﺧُﻠُﻮا۟ ﻣِﻦۢ ﺑَﺎﺏٍ ﻭَٰﺣِﺪٍ ﻭَٱﺩْﺧُﻠُﻮا۟ ﻣِﻦْ ﺃَﺑْﻮَٰﺏٍ ﻣُّﺘَﻔَﺮِّﻗَﺔٍ ۖ ﻭَﻣَﺎٓ ﺃُﻏْﻨِﻰ ﻋَﻨﻜُﻢ ﻣِّﻦَ ٱﻟﻠَّﻪِ ﻣِﻦ ﺷَﻰْءٍ ۖ ﺇِﻥِ ٱﻟْﺤُﻜْﻢُ ﺇِﻻَّ ﻟِﻠَّﻪِ ۖ ﻋَﻠَﻴْﻪِ ﺗَﻮَﻛَّﻠْﺖُ ۖ ﻭَﻋَﻠَﻴْﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺘَﻮَﻛِّﻠُﻮﻥَ

അദ്ദേഹം( യഅക്കൂബ് നബി) പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കേണ്ടത്.(ഖു൪ആന്‍ 12/67)

യഅക്കൂബ് നബിയുടെ(അ) മക്കള്‍ ഈജിപ്തിലെ രാജസന്നിധിയിലേക്ക് പുറപ്പെട്ടു പോകുമ്പോള്‍ അവരോട് അവിടേക്ക് ഒരേ വാതിലിലൂടെ പ്രവേശിക്കരുതെന്നും, വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ പ്രവേശിക്കണമെന്നും യഅഖൂബ് (അ) ഉപദേശിച്ചിരുന്നു. ഒരേ വാതിലില്‍കൂടി പ്രവേശിക്കരുതെന്ന് അദ്ദേഹം മക്കളെ ഉപദേശിച്ചതിന്റെ കാരണമെന്തായിരുന്നുവെന്ന് ഖു൪ആനില്‍ വ്യക്തമാക്കിയിട്ടില്ല.

ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീ൪(റഹി) പറയുന്നു :

فإنه كما قال ابن عباس ، ومحمد بن كعب ، ومجاهد ، والضحاك ، وقتادة ، والسدي : إنه خشي عليهم العين ، وذلك أنهم كانوا ذوي جمال وهيئة حسنة ، ومنظر وبهاء ، فخشي عليهم أن يصيبهم الناس بعيونهم; فإن العين حق ،

അത് (വ്യത്യസ്ത വാതിലിലൂടെ പ്രവേശിക്കണമെന്ന് പറഞ്ഞത്) അദ്ദേഹം (യഅക്കൂബ് നബി) മക്കളുടെ മേല്‍ കണ്ണേറ് ബാധിക്കുന്നതിനെ ഭയപ്പെട്ടത് കൊണ്ടാണ്. എന്തെന്നാല്‍ അവ൪(മക്കള്‍) സൌന്ദര്യവും ആകാരഭംഗിയും പ്രഭാവവും ഉള്ളവരായിരുന്നു. അതിനാല്‍ ജനങ്ങള്‍ അവ൪ക്ക് കണ്ണേറ് ഏല്‍പ്പിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. കാരണമെന്തെന്നാല്‍ കണ്ണേറ് യാഥാ൪ത്ഥ്യമാണ്. ഇബ്നു അബ്ബാസ്, മുഹമ്മദ്ബ്നു കഅബ്, മുജാഹിദ്, ദ്വഹ്ഹാക്ക്, ക്വതാദ, സുദ്ദീ മുതലായ മുഫസ്സ്വിറുകള്‍ ഈ അഭിപ്രായക്കാരാണ്.(ഇബ്നു കസീ൪ :4/502)

ഇതു സംബന്ധിച്ചു മൂന്ന് അഭിപ്രായങ്ങള്‍ മുഹമ്മദ് അമാനി മൌലവി(റഹി) തന്റെ ഖു൪ആന്‍ വിശദീകരണ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുണ്ട്. അതില്‍ രണ്ടാമത്തെ അഭിപ്രായമായി അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തുന്നു : സൗന്ദര്യവും, പ്രഭാവവും മുറ്റി നില്‍ക്കുന്ന ഒരു സംഘം ആളുകള്‍ അതും ഒരേ പിതാവിന്റെ മക്കള്‍ ഒരേ വഴിക്ക് പ്രവേശിക്കുമ്പോള്‍ അത് കണ്ണേറ് (കരിങ്കണ്ണ്) ബാധിക്കുവാന്‍ കാരണമായേക്കും. അതില്‍നിന്നു ഒഴിവാകുവാന്‍ വേണ്ടിയായിരുന്നു അത്. ഇബ്നുഅബ്ബാസ്‌, മുഹമ്മദുബ്നു കഅബ്, മുജാഹിദ്, ള്വഹ്ഹാക്ക്, ഖത്താദ, സുദ്ദീ (റ) മുതലായവരില്‍ നിന്ന് ഇത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്നത് ഇതാകുന്നു. (കണ്ണേറിനെ ഭയന്നാണ് യഅഖൂബ് നബി (അ) അങ്ങിനെ പറഞ്ഞതെന്നുള്ളതിന് തെളിവുകാണുന്നില്ലെങ്കിലും കണ്ണേറ് സ്ഥാപിക്കുന്ന ബലപ്പെട്ട ഹദീസുകള്‍ കാണാവുന്നതാണ്)(അമാനി തഫ്സീ൪)

ഒരാള്‍ തന്റെ സഹോദരനില്‍ വല്ല നന്മയോ ഗുണകരമായതോ കാണുന്ന സന്ദര്‍ഭത്തില്‍ അസൂയയോടെയോ ആശ്ചര്യത്തോടെയോ നോക്കുമ്പോള്‍ ആ വ്യക്തിയില്‍ അല്ലാഹു ഉദ്ദേശിക്കുകാണെങ്കില്‍ മാത്രം ചില ഉപദ്രവങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇതിനെയാണ് കണ്ണേറ് എന്നു പറയുന്നത്. അല്ലാഹുവിന്റെ വിധി ഒത്തു വന്നാല്‍ മറ്റ് കാര്യങ്ങളെ പോലെ തന്നെ കണ്ണേറും ഫലിക്കും.

ഇബ്നു ഹജ൪ അസ്ഖലാനി (റ) പറയുന്നു: ചീത്തപ്രകൃതിയുള്ളവരില്‍ നിന്ന് അസൂയയുടെ കല൪പ്പോടെ നന്‍മ തോന്നിപ്പിക്കുന്ന നോട്ടമുണ്ടാകുന്നു. ഇത് കാരണം നോക്കപ്പെടുന്ന വസ്തുവിന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിനാണ് കണ്ണേറ് എന്നു പറയുന്നത്.(ഫത്ഹുല്‍ബാരി)

ഇമാം നവവി (റ) പറയുന്നു:കണ്ണേറുകാരന്‍ അത് ഏല്‍ക്കുന്നവനോട് അഭിമുഖമാകുമ്പോള്‍ അല്ലാഹു ഉണ്ടാക്കുന്ന കെടുതി മാത്രമാണ് അവിടെ സംഭവിക്കുന്നത്. (ശറഹു മുസ്ലിം)

കണ്ണേറ് സംഭവിക്കുന്നതിന് പിന്നിലുള്ള യുക്തി അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. ഈ പ്രപഞ്ചത്തില്‍ നടക്കുന്ന ഏതൊരു കാര്യങ്ങള്‍ക്കും അതിന്റെ പിന്നില്‍ അല്ലാഹു നിശ്ചയിച്ച ഒരു കാരണം ഉണ്ടാകും. ആ കാരണങ്ങളില്‍ ചിലത് മനുഷ്യന് അവന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ കഴിയില്ല. അതേപോലെ തന്നെയാണ് കണ്ണേറിന്റെ കാര്യവും. ഇത് ഗയ്ബില്‍ പെട്ട (മറഞ്ഞത്) കാര്യമാണ്. നബി(സ്വ) പറഞ്ഞുതന്നിട്ടുള്ളത് വിശ്വസിക്കുകയും സത്യപ്പെടുത്തുകയുമാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.

ഇവിടെ കണ്ണെറിയുന്നവന് അഥവാ അസൂയ വെക്കുന്നവന് ആ വ്യക്തിയില്‍ എന്തെങ്കിലും ഉപദ്രവമോ പ്രയാസമോ ഉണ്ടാക്കാന്‍ സാധ്യമല്ല. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതിന് ഇവന്റെ കണ്ണേറ് ഒരു കാരണമായെന്ന് മാത്രം.

അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആളുകള്‍ കണ്ണേറിനെ അംഗീകരിക്കുന്നവരാണ്. ഇമാം മാസൂരി പറഞ്ഞതുപോലെ ബിദ്അത്തുകാരില്‍ പെട്ട പല കക്ഷികളും കണ്ണേറ് ഫലിക്കുമെന്നതിനെ നിഷേധിച്ചിട്ടുണ്ട്.

എങ്ങനെയാണ് കണ്ണേറ് ബാധിക്കുന്നതില്‍ നിന്നും രക്ഷപെടുന്നതെന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. കണ്ണെറിയാന്‍ സാധ്യതയുള്ളവരുടെ അഥവാ അസൂയാലുക്കളുടെ മുമ്പില്‍ നമ്മുടെ നന്മകളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. വിശുദ്ധ ഖു൪ആനില്‍ സൂറത്തുല്‍ ഫലഖില്‍ അസൂയക്കാരന്‍ അസൂയപ്പെടുമ്പോള്‍ അവന്റെ ഉപദ്രവത്തില്‍ നിന്ന്’ രക്ഷ തേടാന്‍ അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്.

ﻭَﻣِﻦ ﺷَﺮِّ ﺣَﺎﺳِﺪٍ ﺇِﺫَا ﺣَﺴَﺪَ

(പറയുക)അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്ന് (ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു). (ഖു൪ആന്‍:113/5)

അതോടൊപ്പം കണ്ണേറ് ബാധിക്കാതിരിക്കുന്നതിന് വേണ്ടി അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചിട്ടുള്ള മാ൪ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ

നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവൻ നിന്നെ സംരക്ഷിച്ചുകൊള്ളും. നീ അല്ലാഹുവിനെ സൂക്ഷിക്കുക. നിനക്കവനെ നിന്റെ മുന്നിൽ കാണാം. (തി൪മിദി: 37/2706)

عَنْ جُنْدَبًا الْقَسْرِيَّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ مَنْ صَلَّى صَلاَةَ الصُّبْحِ فَهْوَ فِي ذِمَّةِ اللَّهِ

ജുന്‍ദുബ് ഇബ്നു അബ്ദുല്ലയില്‍ (റ) നിന്നും നിവേദനം: നബി(സ്വ)പറഞ്ഞു:ആരെങ്കിലും സുബ്ഹി നമസ്കരിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്…..(മുസ്ലിം:657)

عن عائشة – رضي الله عنها – قالت : قال رسول الله صلى الله عليه وسلم : استعيذوا بالله من العين فإن العين حق

ആയിശയില്‍(റ) നിന്ന് നിവേദനം : നബി(സ്വ) അരുളി : നിശ്ചയം, കണ്ണേറ് യഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് എപ്പോഴും കണ്ണറില്‍ നിന്ന്‍ അല്ലാഹുവില്‍ രക്ഷ തേടുക.(മുസ്ലിം:2187 – സില്‍സിലത്തു സ്വഹീഹ :737)

കണ്ണേറ് ബാധിക്കാതിരിക്കുന്നതിന് വേണ്ടി നബി(സ്വ) അല്ലാഹുവിനോട് കാവല്‍ ചോദിക്കുമായിരുന്നു.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ ‏ “‏ إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ، أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ ‏”‏‏.‏

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം : ഹസന്‍ (റ), ഹുസൈന്‍ (റ) എന്നിവര്‍ക്ക് വേണ്ടി നബി(സ്വ) ഇപ്രകാരം ശരണം തേടിയിരുന്നു:

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ

എല്ലാ പിശാചില്‍ നിന്നും, എല്ലാ വിഷജന്തുക്കളില്‍ നിന്നും ദുഷ്ടക്കണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ പരിപൂര്‍ണ വചനങ്ങള്‍ മുഖേന ഞാന്‍ നിങ്ങള്‍ക്ക് ശരണം തേടുന്നു.

അവിടുന്ന് ഇങ്ങനെ പറയുകയും ചെയ്തിരുന്നു : നിങ്ങളുടെ പിതാവ് (ഇബ്രാഹിം നബി തന്റെ മക്കളായ) ഇസ്മാഈലിനും(റ) ഇസ്ഹാഖിനും(റ) ഇപ്രകാരം ശരണം തേടിയിരുന്നു. (ബുഖാരി:3371)

സൂറത്തുല്‍ ഫലഖും , നാസും ധാരാളമായി പാരായണം ചെയ്യുന്നത് കണ്ണേറ് ബാധിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ മാ൪ഗ്ഗങ്ങളില്‍ പെട്ടതാണ്. ഓരോ ഫ൪ള് നമസ്കാര ശേഷവും രാവിലെയും വൈകുന്നേരവും ഉറങ്ങുന്നതിന് മുമ്പും ഈ സൂറത്തുകള്‍ പ്രത്യേകം പാരായണം ചെയ്യുന്നത് സുന്നത്താണെന്ന കാര്യം സാന്ദ൪ഭികമായി ഓ൪ക്കേണ്ടതാണ്.

عَنْ أَبِي سَعِيدٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَتَعَوَّذُ مِنْ عَيْنِ الْجَانِّ وَأَعْيُنِ الإِنْسِ فَلَمَّا نَزَلَتِ الْمُعَوِّذَتَانِ أَخَذَهُمَا وَتَرَكَ مَا سِوَى ذَلِكَ

അബൂസഈദ് (റ) പറഞ്ഞു:റസൂല്‍(സ്വ) ജിന്നിന്റെ കണ്ണേറില്‍ നിന്നും പിന്നെ മനുഷ്യരുടെ കണ്ണേറില്‍ നിന്നും അഭയം തേടുന്ന ചില വാക്യങ്ങള്‍ ചൊല്ലി പ്രാ൪ത്ഥിക്കാറുണ്ടായിരുന്നു. എന്നാല്‍ ‘മുഅവ്വിദത്താനി’ (സൂറത്തുല്‍ ഫലഖും , നാസും ) അവതരിപ്പിച്ചപ്പോള്‍ അത് രണ്ടു എടുക്കുകയം ബാക്കിയെല്ലാം ഒഴിവാക്കുകയും ചെയ്തു.(ഇബ്നുമാജ:3511)

കണ്ണേറ് ബാധിക്കാതിരിക്കുന്നതിന് വേണ്ടി ചില കോലങ്ങള്‍ നാട്ടിവെക്കുന്നതും ഏലസ്സ് ഉറുക്ക് എന്നിവ അണിയുന്നതും മന്ത്രവാദം നടത്തുന്നതും ഇസ്ലാമികമല്ല.കണ്ണേറ് ബാധിക്കാതിരിക്കുന്നതിന് അല്ലാഹുവിനോട് അടുക്കുകയും അവനില്‍ ഭരമേല്‍പ്പിക്കുകയും അവനോട് പ്രാ൪ത്ഥിക്കുകയും അല്ലാഹുവിന്റെ റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുള്ള ദിക്റുകള്‍ പ്രാവ൪ത്തികമാക്കുകയുമാണ് വേണ്ടത്.

അതേപോലെകണ്ണേറ് ബാധിച്ച വ്യക്തിക്ക് നബി(സ്വ) പഠിപ്പിച്ച ദിക്റുകളും മന്ത്രങ്ങളും നടത്തിയും ഖുര്‍ആന്‍ പാരായണം ചെയ്തും ചികില്‍സിക്കാവുന്നതാണ്.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم أَوْ أَمَرَ أَنْ يُسْتَرْقَى مِنَ الْعَيْنِ

ആഇശ(റ) പറയുന്നു: കണ്ണേറ് ബാധിച്ചാൽ മന്ത്രിക്കാൻ അല്ലാഹുവിന്റെ റസൂൽ(ﷺ) എന്നോട് നിർദ്ദേശിച്ചിട്ടുണ്ട്. (ബുഖാരി: 5738)

عَنْ عُبَيْدِ بْنِ رِفَاعَةَ الزُّرَقِيِّ، قَالَ قَالَتْ أَسْمَاءُ يَا رَسُولَ اللَّهِ إِنَّ بَنِي جَعْفَرٍ تُصِيبُهُمُ الْعَيْنُ فَأَسْتَرْقِي لَهُمْ قَالَ ‏ “‏ نَعَمْ ‏”‏ ‏.‏

അസ്മാഉ ബിന്‍ത് ഉമൈസ്(റ) നബി(സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ, ജഗ്ഫറിറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിച്ചിരിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ്വ) മറുപടി പറഞ്ഞു: അതെ (മന്ത്രം ചെയ്തു കൊള്ളുക)…….. (ഇബ്‌നുമാജ:3639)

عَنْ أَبِي سَعِيدٍ، أَنَّ جِبْرِيلَ، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا مُحَمَّدُ اشْتَكَيْتَ فَقَالَ ‏ “‏ نَعَمْ ‏”‏ ‏.‏ قَالَ بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ ‏.‏

അബൂസഈദ് (റ) വിൽ നിന്ന് നിവേദനം: ജിബ്രീൽ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു: മുഹമ്മദ്, താങ്കൾക്ക് അസുഖം വന്നോ? നബി(സ്വ) പറഞ്ഞു: അതെ. ജിബ്രീൽ(അ) മന്തിച്ചു:

بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ

അ‌ല്ലാ‌ഹു‌വി‌ന്റെ നാ‌മ‌ത്തിൽ ഞാൻ താ‌ങ്കൾ‌ക്ക്‌ മ‌ന്ത്രി ക്കു‌ന്നു. താ‌ങ്കൾ‌ക്ക്‌ ഉ‌പ‌ദ്ര‌വ‌മു‌ണ്ടാ‌ക്കു‌ന്ന എ‌ല്ലാ വ‌സ്‌‌തു‌ക്ക‌ളിൽ‌നി‌ന്നും, എ‌ല്ലാ (മ‌നു‌ഷ്യ, ജി‌ന്ന്‌) ആ‌ത്മാ‌വു‌ക‌ളു‌ടെ‌യും തി‌ന്മ‌ക‌ളിൽ നി‌ന്നും, എ‌ല്ലാ അ‌സൂ‌യാ‌ലു‌ക്ക‌ളു‌ടെ‌യും ക‌ണ്ണേ‌റിൽ നി‌ന്നും അ‌ല്ലാ‌ഹുവി‌ന്റെ നാ‌മ‌ത്തിൽ ഞാൻ താ‌ങ്കളെ മ‌ന്ത്രി‌ക്കു‌ന്നു. അ‌ല്ലാ‌ഹു താ‌ങ്കൾ‌ക്ക്‌ രോ‌ഗ‌ശ‌മ‌നം നൽ‌ക‌ട്ടെ. അ‌ല്ലാ‌ഹുവി‌ന്റെ നാ‌മ‌ത്തിൽ ഞാൻ താ‌ങ്കളെ മ‌ന്ത്രി‌ക്കു‌ന്നു. (മുസ്ലിം:2186)

അല്ലാഹുവിന്റെ റസൂൽ ﷺ രോഗിയായി കിടക്കുന്ന അവസരത്തിൽ പോലും ജിബ്‌രീൽ(അ) മന്ത്രിച്ച മന്ത്രം നമുക്ക് ഹദീസുകളിൽ കാണാം: അല്ലാഹുവിന്റെ നാമത്തിൽ താങ്കൾക്കിതാ ഞാൻ മന്ത്രം നടത്തുന്നു. താങ്കളെ ബുദ്ധിമുട്ടിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും എല്ലാ വിധത്തിലുള്ള ഉപദ്രവങ്ങളിൽനിന്നും അസൂയാലുവിന്റെ കണ്ണിന്റെ ഉപദ്രവത്തിൽനിന്നും അല്ലാഹു താങ്കൾക്ക് ശമനം നൽകുമാറാവട്ടെ.’

കണ്ണേറ് ബാധിച്ചുവെന്ന് സംശയം തോന്നിയാലും ഇപ്രകാരമാണ് ചെയ്യേണ്ടത്. കണ്ണേറ് ആരില്‍ നിന്നാണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാന്‍ കഴിയാതെ വരുമ്പോഴാണ് ഇപ്രകാരമുള്ള ചികില്‍സ (റുഖ്’യ) അത്യാവശ്യമായി വരുന്നത്. എന്നാല്‍ അത് ആരില്‍ നിന്നാണ് സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലായാല്‍ അയാളുടെ ശരീര ഭാഗം കഴുകിയതോ, അയാള്‍ വുദുവെടുക്കാന്‍ ഉപയോഗിച്ചതോ ആയ വെള്ളം ശേഖരിക്കുകയും, കണ്ണേറ് ബാധിച്ച വ്യക്തിയുടെ ശരീരത്തില്‍ ഒഴിക്കുകയും ചെയ്താല്‍ കണ്ണേറ് മാറുന്നതാണ്.

കണ്ണേറ് സത്യമാണ് ‘ എന്ന് പറയുന്ന മുസ്ലിമിലെ ‘ഹദീസിന്റെ അവസാനത്തില്‍ وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا ‘നിങ്ങളോട് ആരെങ്കിലും കണ്ണേറ് ബാധിച്ചവനെ (ചികില്‍സിക്കാന്‍ വേണ്ടി) തന്റെ അവയവങ്ങള്‍ കഴുകികൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ കഴുകികൊടുക്കണം’ എന്ന് വന്നിട്ടുണ്ട്.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ الْعَيْنُ حَقٌّ وَلَوْ كَانَ شَىْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا

ഇബ്നു അബ്ബാസിൽ(റ) നിന്നും നിവേദനം: നബി(സ്വ)പറഞ്ഞു:കണ്ണേറ് (ബാധിക്കുമെന്നത്) യാഥാർത്ഥ്യമാണ്. ഖദ്റിനെ എന്തെങ്കിലും മുൻ കടക്കുമായിരുന്നെങ്കിൽ കണ്ണേറ് മുൻകടക്കുമായിരുന്നു. അതിനാൽ നിങ്ങളോട് വുളൂഅ് ചെയ്ത് കൊടുക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ ചെയ്ത് കൊടുക്കുക.(മുസ്‌ലിം:2188)

عَنْ عَائِشَةَ، رضى الله عنها قَالَتْ كَانَ يُؤْمَرُ الْعَائِنُ فَيَتَوَضَّأُ ثُمَّ يَغْتَسِلُ مِنْهُ الْمَعِينُ ‏.‏

ആയിശ(റ) പറഞ്ഞു: കണ്ണേറ്കാരനോട് നബി ﷺ വുളൂഅ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു. (വുളൂഅ് ചെയ്ത വെള്ളം പാത്രത്തിൽ ശേഖരിക്കും) അതുകൊണ്ട് കണ്ണേറ് ബാധിച്ചയാൾ കുളിക്കുകയും ചെയ്യും.(അബൂദാവൂദ് : 3880)

عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ، قَالَ مَرَّ عَامِرُ بْنُ رَبِيعَةَ بِسَهْلِ بْنِ حُنَيْفٍ وَهُوَ يَغْتَسِلُ فَقَالَ لَمْ أَرَ كَالْيَوْمِ وَلاَ جِلْدَ مُخَبَّأَةٍ ‏.‏ فَمَا لَبِثَ أَنْ لُبِطَ بِهِ فَأُتِيَ بِهِ النَّبِيَّ ـ صلى الله عليه وسلم ـ فَقِيلَ لَهُ أَدْرِكْ سَهْلاً صَرِيعًا ‏.‏ قَالَ ‏”‏ مَنْ تَتَّهِمُونَ بِهِ ‏”‏ ‏.‏ قَالُوا عَامِرَ بْنَ رَبِيعَةَ ‏.‏ قَالَ ‏”‏ عَلاَمَ يَقْتُلُ أَحَدُكُمْ أَخَاهُ إِذَا رَأَى أَحَدُكُمْ مِنْ أَخِيهِ مَا يُعْجِبُهُ فَلْيَدْعُ لَهُ بِالْبَرَكَةِ ‏”‏ ‏.‏ ثُمَّ دَعَا بِمَاءٍ فَأَمَرَ عَامِرًا أَنْ يَتَوَضَّأَ فَيَغْسِلَ وَجْهَهُ وَيَدَيْهِ إِلَى الْمِرْفَقَيْنِ وَرُكْبَتَيْهِ وَدَاخِلَةَ إِزَارِهِ وَأَمَرَهُ أَنْ يَصُبَّ عَلَيْهِ ‏.‏ قَالَ سُفْيَانُ قَالَ مَعْمَرٌ عَنِ الزُّهْرِيِّ وَأَمَرَهُ أَنْ يَكْفَأَ الإِنَاءَ مِنْ خَلْفِهِ ‏.‏

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: ഒരിക്കല്‍ സഹ്‌ലുബ്‌നു ഹുനൈഫ്(റ) (കുപ്പായമഴിച്ച്) കുളിച്ചുകൊണ്ടിരിക്കെ ആമിറുബ്‌നു റബീഅത്ത്(റ) സഹ്‌ലിനടുത്ത് കൂടെ കടന്നുപോയി. സഹ്‌ല്‍ വെളുത്ത് സുന്ദരനായിരുന്നു.(സഹ്‌ലിനെ കണ്ടപ്പോള്‍) ആമി൪(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം, ഇന്നത്തെപ്പോലെ ഒരു ദിവസം ഞാന്‍ കണ്ടിട്ടില്ല. ഇതുപോലൊരു കന്യകയുടെ തൊലിയും. . അപ്പോള്‍ തന്നെ സഹ്ല്‍(റ) തള൪ന്നു മറിഞ്ഞുവീണു. അദ്ദേഹത്തെ (താങ്ങിയെടുത്ത്) നബിയുടെ(സ്വ) അടുക്കല്‍ കൊണ്ടു വരപ്പെട്ടു. നബി(സ്വ) പറയപ്പെട്ടു: സഹ്ല്‍ ഇതാ ബോധമറ്റവനായി കാണപ്പെടുന്നു. നബി(സ്വ)ചോദിച്ചു: നിങ്ങള്‍ ആരെയെങ്കിലും സംശയിക്കുന്നുണ്ടോ? അവ൪ പറഞ്ഞു: അതെ, ആമിറുബ്‌നു റബീഅയെ. അപ്പോള്‍ നബി(സ്വ) അദ്ദേഹത്തെ വിളിപ്പിച്ച് ദേഷ്യത്തോടെ പറഞ്ഞു: എന്തിന് വേണ്ടിയാണ് നിങ്ങളിലൊരുവന്‍ തന്റെ സഹോദരനെ കൊല്ലാന്‍ ഒരുമ്പെടുന്നത്? നിങ്ങളിലൊരാള്‍ തന്റെ സഹോദരനില്‍ നിന്നും തനിക്ക് കൌതുകം തോന്നുന്ന വല്ലതും കണ്ടാല്‍ അപ്പോള്‍ അവന് ബ൪ക്കത്തിന് (അഭിവൃദ്ധിക്ക്) വേണ്ടി ദുആ ചെയ്യട്ടെ. (മറ്റൊരു റിപ്പോ൪ട്ടില്‍ ‘കണ്ണേറ് സത്യമാണ് ‘ എന്നുകൂടി നബി ആമിറിനോട് പറഞ്ഞു എന്നുണ്ട്) ശേഷം നബി(സ്വ) വെള്ളം കൊണ്ടുവരാന്‍ പറയുകയും എന്നിട്ട് ആമിറിനോട് (അതുകൊണ്ട്) വുളുവിന്റെ അവയവങ്ങള്‍ കഴുകാന്‍ കല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ ആമിര്‍(റ) തന്റെ മുഖവും രണ്ട് കൈകളും മുട്ടുള്‍പ്പടെയും രണ്ട് കാല്‍മുട്ടുകളും തന്റെ മുണ്ടിന്റെ ഉള്‍ഭാഗവും (മുണ്ട് മുറുക്കി ഉടുക്കുന്ന ഊരയുടെ ഭാഗം) (ഒരു പാത്രത്തിലേക്ക്) കഴുകി. എന്നിട്ട് ആ വെള്ളം സഹ്‌ലിന്റെ മേല്‍ ഒഴിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. അതോടെ സഹ്ല്‍ എഴുന്നേറ്റ് റസൂലിന്റെ കൂടെ നടക്കാറായി.(മറ്റൊരു റിപ്പോ൪ട്ടില്‍ പാത്രത്തിലെ വെള്ളം രോഗിയുടെ പിന്‍ഭാഗത്തുകൂടെ ഒഴിക്കാനാണ് നബി(സ്വ) അയാളോട് കല്‍പ്പിച്ചത് എന്നാണുള്ളത്) (ഇബ്നുമാജ : 3509 – സില്‍സ്വിലത്തു സ്വഹീഹ : 2572 – ഇബ്നുമാജ : 2828)

കണ്ണേറുകാരന്റെ ശരീരം കഴുകിയതോ, അയാള്‍ വുദുവെടുക്കാന്‍ ഉപയോഗിച്ചതോ ആയ വെള്ളം കണ്ണേറ് ബാധിച്ച വ്യക്തിയുടെ ശരീരത്തില്‍ ഒഴിക്കുമ്പോള്‍ എങ്ങനെയാണ് കണ്ണേറ് നീങ്ങുന്നതെന്ന് നമുക്ക് അറിഞ്ഞുകൂടാ. ബുദ്ധികൊണ്ട് ചിന്തിച്ച് കണ്ടെത്താന്‍ കഴിയുന്ന ഒരു വിഷയമല്ല അത്. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നത് വിശ്വസിക്കുക മാത്രമെ നിവ൪ത്തിയുള്ളൂ.

അതേപോലെ നമ്മില്‍ നിന്നും മറ്റൊരാള്‍ക്ക് കണ്ണേറ് സംഭവിക്കാനുള്ള സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. നമ്മുടെ സഹോദരനില്‍ വല്ല നന്മയോ നേട്ടമോ കണ്ടാല്‍ അവനില്‍ അസൂയ വെക്കാതിരിക്കുക തന്നെയാണ് ഇക്കാര്യത്തില്‍ ഒന്നാമതായി ചെയ്യേണ്ടത്. അത്തരം സന്ദ൪ഭങ്ങളില്‍ അല്ലാഹുവിന്റെ ബറക്കത് (അനുഗ്രഹം) വര്‍ദ്ധിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതാണ്. بَارَك الله فيه (ബാറക്കല്ലാഹു ഫീഹി – അല്ലാഹുവിന്റെ അനുഗ്രഹം അതില്‍ ഉണ്ടാവട്ടെ) وَبَارَكَ اللهُ لَكَ (ബാറക്കല്ലാഹു ലക – അല്ലാഹുവിന്റെ അനുഗ്രഹം താങ്കളില്‍ ഉണ്ടാവട്ടെ) എന്നൊക്കെ പ്രാ൪ത്ഥിക്കാവുന്നതാണ്.

عن عبد الله بن عامر بن ربيعة عن أبيه رضي الله عنه قال رسول الله صلى الله عليه وسلم : إِذَا رَأَى أَحَدُكُم مِن نَفسِهِ وَأَخِيهِ مَا يُعجِبُهُ فَلْيَدعُ بِالبَرَكَةِ ، فَإِنَّ العَينَ حَقٌّ

നബി(സ്വ) അരുളി : നിങ്ങളിലൊരാള്‍ തന്നില്‍ തന്നെയോ, തന്റെ ധനത്തിലോ തന്റെ സഹോദരനിലോ ആശ്ചര്യപ്പെടുത്തുന്ന നന്മ വല്ലതും കണ്ടാല്‍ അവന്‍ അതില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ, തീ൪ച്ചയായും കണ്ണേറ് യാഥാ൪ത്ഥ്യമാണ്. (സ്വഹീഹ് ജാമിഅ് :556)

ഇസ്ലാഹീ പ്രസ്ഥാനം എക്കാലത്തും കണ്ണേറിനെ അംഗീകരിച്ചിട്ടുണ്ടെന്ന് മാത്രമല്ല ഒരു കാലത്തും കണ്ണേറിനെ നിഷേധിച്ചിട്ടില്ല . ഇതെല്ലാം അന്ധവിശ്വാസമാണെന്ന് ഇന്ന് ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പേരില്‍ ചില൪ പ്രചരിപ്പിക്കാറുണ്ട്. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന കെ.എം. മൌലവി(റഹി) അമാനി തഫ്സീറിനെ കുറിച്ച് ഇപ്രകാരം എഴുതിയിട്ടുണ്ട്: ‘ഈ പരിഭാഷയും ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം സലഫീങ്ങളുടെ മാതൃകയനുസരിച്ച് കൊണ്ടുള്ളതാണെന്ന് എനിക്ക് തീ൪ച്ചയായും പറയാന്‍ കഴിയുന്നതാണ്.’ (അമാനി തഫ്സീറിന്റെ അവതാരികയില്‍ നിന്ന്) ഇതേ അമാനി തഫ്സീറിലാണ് വിശുദ്ധ ഖു൪ആന്‍ 12/67 ന്റെ വിശദീകരണത്തില്‍ അമാനി മൌലവി ഇപ്രകാരം എഴുതിയിട്ടുള്ളത് : ‘കണ്ണേറിനെ ഭയന്നാണ് യഅഖൂബ് നബി (അ) അങ്ങിനെ പറഞ്ഞതെന്നുള്ളതിനു തെളിവുകാണുന്നില്ലെങ്കിലും കണ്ണേറു സ്ഥാപിക്കുന്ന ബലപ്പെട്ട ഹദീസുകള്‍ കാണാവുന്നതാണ്.’ ഹസന്‍ (റ), ഹുസൈന്‍ (റ) എന്നിവര്‍ക്ക് കണ്ണേറില്‍ നിന്നുള്ള രക്ഷക്ക് വേണ്ടി നബി(സ്വ) അല്ലാഹുവിനോട് കാവല്‍ ചോദിച്ചത് സൂറത്തുല്‍ ഫലഖിന്റെ വിശദീകരണത്തില്‍ കൊടുത്തിട്ടുണ്ട്. അമാനി മൌലവിയുടെ ഇസ്ലാമിക ജീവിതം എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഉദ്ദരണിയും മേലെ കൊടുത്തിട്ടുണ്ട്. ഈ വിഷയത്തില്‍‌ അഹ്’ലു സുന്നത്തി വല്‍ ജമാഅത്തിന്റെ നിലപാട് തന്നെയാണ് ഇസ്ലാഹീ പ്രസ്ഥാനത്തിനുമുള്ളത്. അതിനപ്പുറത്തുള്ളതൊന്നും ഇസ്ലാഹീ പ്രസ്ഥാനത്തിന്റേതല്ല.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *