മനുഷ്യന്റെ രണ്ട് വന്‍ ശത്രുക്കൾ : ദുൻയാവും ശൈത്വാനും

 يَٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ ‎﴿٥﴾‏ إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ

മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്‌. (ഖുർആൻ:35/5-6)

{ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ} അതിന്റെ ശാരീരികമായ ഇഷ്ടങ്ങളും ദേഹേച്ഛയും ആസ്വാദനങ്ങളും. നിങ്ങൾ സൃഷ്ടിക്കപ്പെട്ടതിന്റെ ലക്ഷ്യത്തിൽനിന്ന് അശ്രദ്ധനാക്കും.

{പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ} ആ വഞ്ചകൻ. {പിശാച്} അവൻ {നിങ്ങളുടെ ശത്രുവാകുന്നു} ശരിക്കും {അവനെ നിങ്ങൾ ശത്രുവായി സ്വീകരിക്കുക} അവനോട് ഏറ്റമുട്ടുന്നതിനെ ഒരു സമയത്തും അവഗണിക്കരുത്. കാരണം, നിങ്ങൾ അവനെ കാണുന്നില്ലെങ്കിലും അവൻ നിങ്ങളെ കാണുന്നു. അവൻ എപ്പോഴും നിങ്ങൾക്കായി കാത്തിരിക്കുന്നു. {അവൻ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവർ നരകക്കാരായിരിക്കാൻ വേണ്ടി മാത്രമാണ്} ഇതാണവന്റെ ലക്ഷ്യം. അവനെ പിൻപറ്റുന്നവരെ കഠിനമായ ശിക്ഷ വാങ്ങിക്കൊടുത്ത് അപമാനിക്കാൻ അവൻ ശ്രമിക്കുന്നു. (തഫ്സീറുസ്സഅ്ദി)

മരണാനന്തര ജീവിതം, വിചാരണ, രക്ഷാശിക്ഷകള്‍ മുതലായവയാണ് അല്ലാഹുവിന്‍റെ വാഗ്ദാനംകൊണ്ടു ഉദ്ദേശ്യം. ഇവയെക്കുറിച്ചുള്ള വിശ്വാസത്തിനും, ഭാവിജീവിതത്തിലേക്കുള്ള മുന്‍കരുതലിനും മനുഷ്യനു വിഘാതമായി നിലകൊള്ളുന്ന രണ്ടു വന്‍ ശത്രുക്കളെക്കുറിച്ചാണ് അല്ലാഹു താക്കീതു ചെയ്യുന്നത്. ഒന്ന്, ഐഹികജീവിതം, മറ്റൊന്നു പിശാച്. ഐഹിക ജീവിതത്തില്‍ നിന്നാണ് മനുഷ്യന്‍ പാരത്രിക ജീവിതത്തിലേക്കു സമ്പാദിക്കേണ്ടതുള്ളത്. പക്ഷേ, ഐഹിക ജീവിതത്തെത്തന്നെ ജീവിതലക്ഷ്യമാക്കുകയോ, അതിനു അതിന്റേതിൽ കവിഞ്ഞ പ്രാധാന്യം നല്‍കുകയോ ചെയ്യുന്ന പക്ഷം, അതു അവന്‍റെ ശത്രുവും നാശഹേതുവുമായി കലാശിക്കുന്നു. പിശാചാണെങ്കില്‍, മനുഷ്യന്‍റെ വര്‍ഗ്ഗശത്രുവാണ്. മനുഷ്യനെ വഴിപിഴപ്പിക്കുകയെന്നതു അവന്‍റെ ലക്ഷ്യം മാത്രമാണ്. അതുകൊണ്ടു രണ്ടിനെക്കുറിച്ചും സദാ ജാഗരൂകരായിരിക്കുവാനും, ശത്രുതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കപ്പെടുവാനില്ലാത്ത പിശാചിന്‍റെ അദൃശ്യവലകളെപ്പറ്റി പ്രത്യേകം സൂക്ഷിച്ചുകൊള്ളുവാനും അല്ലാഹു മനുഷ്യരെ ഉല്‍ബോധിപ്പിക്കുന്നു. പിശാചിനെപ്പറ്റി മഹാവഞ്ചകന്‍ എന്നും, അവന്‍ നിങ്ങള്‍ക്കു ശത്രുവാണെന്നും, അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കണമെന്നും, അവന്‍ തന്‍റെ ആള്‍ക്കാരെ നരകത്തിലേക്കു മാത്രമാണ് ക്ഷണിക്കുന്നതെന്നും അല്ലാഹു ആവര്‍ത്തിച്ചു നല്‍കിയ താക്കീതുകള്‍ നാം പ്രത്യേകം ഓര്‍മ്മവെക്കേണ്ടതുണ്ട്. പിശാചിന്‍റെ വഞ്ചനയുടെ കടുപ്പവും ഗൗരവവുമാണതു ചൂണ്ടിക്കാട്ടുന്നത്. അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീന്‍. (അമാനി തഫ്സീര്‍)

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ وَٱخْشَوْا۟ يَوْمًا لَّا يَجْزِى وَالِدٌ عَن وَلَدِهِۦ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيْـًٔا ۚ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. (ഖുർആൻ:31/33)

അല്ലാഹു അവനെ സൂക്ഷിക്കാൻ ജനങ്ങളോട് കൽപിക്കുന്നു. തക്വ്‌വ എന്നത് അവന്റെ കൽപനകൾ പാലിക്കലും അവന്റെ വിരോധങ്ങളെ ഉപേക്ഷിക്കലുമാണ്. ഉയിർത്തെഴുന്നേൽപിന്റെ നാളിനെ ഭയപ്പെടാനും അവൻ അവരെ ഓർമിപ്പിക്കുന്നു. (തഫ്സീറുസ്സഅ്ദി)

{അതിനാൽ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ} അതിന്റെ അലങ്കാരങ്ങളും ആകർഷണങ്ങളും. അതിലെ പ്രചോദനങ്ങളും പരീക്ഷണങ്ങളും.

{പരമവഞ്ചകനായ പിശാച് അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ} ഇത് എപ്പോഴും മനുഷ്യനെ വഞ്ചിക്കാൻ ശ്രമിക്കുന്ന ശൈത്വാനെ സൂചിപ്പിക്കുന്നു. ഒരു സമയത്തും അവനെക്കുറിച്ച് അശ്രദ്ധനായിക്കൂടാ. അല്ലാഹുവിന് അവന്റെ അടിമകളുടെ മേൽ ബാധ്യതയുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്ന ഒരു നിശ്ചിത സമയം അവൻ നിശ്ചയിച്ചിട്ടുണ്ട്; അവർ അവനോടുള്ള കടമ നിർവഹിച്ചുവോ ഇല്ലയോ എന്ന്. അവൻ വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒരു കാര്യമാണിത്. അത് തന്നെ മുന്നിൽ നിർത്തിയാകണം അവന്റെ പ്രവർത്തനങ്ങൾ മുഴുവനും. പരിശ്രമങ്ങളാകുന്ന അവന്റെ കച്ചവടത്തിന്റെ മൂലധനമാണ് ഈ വിശ്വാസം.

പ്രലോഭിപ്പിക്കുന്ന ഈ ലോകവും അവനോട് മന്ത്രിക്കുകയും അവനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ശൈത്വാനുമാണ് അവൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം. അതു കൊണ്ടുതന്നെ അല്ലാഹു തന്റെ ദാസന്മാരെ ഇഹലോകത്താൽ വഞ്ചനയിൽ അകപ്പെടുന്നതിനെയും കൊടിയവഞ്ചകനായ പിശാച് അല്ലാഹുവിന്റെ കാര്യത്തിൽ നടത്തുന്ന വഞ്ചനയിൽ അകപ്പെടുന്നതിനെയും നിരോധിച്ചു.

يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا

അവൻ അവർക്ക് വാഗ്ദാനങ്ങൾ നൽകുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവർക്ക് നൽകുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. (4/120) (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ടു അവനോടു ഭയഭക്തിയുള്ളവരായിരിക്കുക എന്നത്രെ അല്ലാഹുവിനെ സൂക്ഷിക്കുന്നതുകൊണ്ടുള്ള വിവക്ഷ. മാതാപിതാക്കൾ മക്കൾക്കോ, മക്കൾ മാതാപിതാക്കൾക്കോ യാതൊരു പ്രയോജനവും ചെയ്യാത്ത – അഥവാ എന്തെങ്കിലും ഗുണം ചെയ്യുവാനോ, ദോഷം തടുക്കുവാനോ സാധ്യമാകാത്ത – ദിവസം ക്വിയാമത്തുനാളാണെന്ന് വ്യക്തമാകുന്നു….

അല്ലാഹുവിനെ സൂക്ഷിക്കുന്നതിനും, ക്വിയാമത്തു നാളിനെക്കുറിച്ചു ഭയപ്പാടുണ്ടാക്കുന്നതിനും മനുഷ്യർക്കു വിഘാതമായി നിൽക്കുന്നതു പ്രധാനമായും രണ്ടു കാരണങ്ങളാകുന്നു :

1. ഐഹികജീവിത സുഖങ്ങളിൽ ലയിച്ചുപോകുക. പാരത്രിക ജീവിതത്തിൽ വിശ്വസിക്കാത്തവരുടെ ജീവിതലക്ഷ്യം ഭൗതികസുഖം മാത്രമായിരിക്കുമെന്നു പറയേണ്ടതില്ല. എന്നാൽ, കേവലം പരലോകത്തെക്കുറിച്ചു വിശ്വസിക്കുന്നവരിൽപോലും ഭൗതികജീവിതത്തിനു പ്രാധാന്യം നൽകി ഭാവിജീവിതത്തിന്നു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നവരാണ് മിക്ക മനുഷ്യരും.

بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا

പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. (87/16)

2. പിശാചിന്റെ ദുരുപദേശങ്ങളും വാഗ്ദാനങ്ങളും. അല്ലാഹുവില്‍ വിശ്വാസമില്ലാത്തവരെ സംബന്ധിച്ചിടത്തോളം അവർ, പിശാചിന്റെ പ്രേരണകളും വാഗ്ദാനങ്ങളും മാത്രം ആധാരമാക്കിയാണ് ജീവിതം നയിക്കുകയെന്നു സ്പഷ്ടമാണ്. എന്നാൽ അല്ലാഹുവിലും പരലോകത്തിലും പൊതുവിൽ വിശ്വാസമുള്ളതോടൊപ്പം തന്നെ പിശാചിന്റെ വലയിൽ മനുഷ്യൻ കുടുങ്ങുന്നു. ‘അല്ലാഹു പൊറുക്കുന്നവനാണ്, പരമകാരുണികനാണ്, സൽക്കർമ്മങ്ങൾ ചെയ്‍വാനും, പാപങ്ങളിൽനിന്നു പിൻമടങ്ങുവാനും എനിയും കാലമുണ്ട്. എന്നിങ്ങനെ പലതും പിശാചു തോന്നിപ്പിച്ചുകൊണ്ടിരിക്കും. അതെ, പല വാഗ്ദാനങ്ങളും അവൻ ചെയ്യും; പലതും വ്യാമോഹിപ്പിക്കുകയും ചെയ്യും. പക്ഷെ, എല്ലാം വഞ്ചനമാത്രമായിരിക്കുംതാനും.

يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا ‎

അവന്‍ (പിശാച്‌) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. (4/120)

ഇതു കാരണമായിട്ടാണ് ഐഹികജീവിതവും വഞ്ചകനായ പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ എന്ന് അല്ലാഹു മനുഷ്യരെ താക്കീതു ചെയ്യുന്നത്. പ്രസ്തുത രണ്ടു വഞ്ചനകളിലും അകപ്പെടാതെ അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ. (അമാനി തഫ്സീര്‍)

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *