ഈമാൻ പരീക്ഷിക്കപ്പെടുമ്പോൾ

أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ ‎﴿٢﴾‏ وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَٰذِبِينَ ‎﴿٣﴾‏

ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും. (ഖു൪ആന്‍:29/2-3)

വിശ്വസിച്ചിരിക്കുന്നുവെന്നു വായകൊണ്ട് പറഞ്ഞതിന്റെ പേരില്‍ മാത്രം ഒരാള്‍ വിശ്വാസിയാകുമെന്ന് ആരും ധരിക്കേണ്ടതില്ല. അതിന്റെ അടിസ്ഥാനത്തില്‍ മാതം അയാളെ അല്ലാഹു വിട്ടുകളയുന്നതുമല്ല. വിശ്വാസികള്‍ പലവിധ പരീക്ഷണങ്ങളെയും നേരിടേണ്ടിവരും. മുമ്പുണ്ടായിരുന്ന സത്യവിശ്വാസികളും അങ്ങനെ പരീക്ഷണങ്ങള്‍ക്കു വിധേയരാകേണ്ടി വന്നിട്ടുണ്ട്. പരീക്ഷണത്തില്‍ ക്ഷമയും, സഹനവും, സ്ഥിരചിത്തതയും കൈക്കൊള്ളുന്നതുകൊണ്ടാണ് വിശ്വാസം യഥാര്‍ത്ഥീകരിക്കുന്നതും, അതിനു ദാര്‍ഢ്യം വര്‍ദ്ധിക്കുന്നതും. യഥാര്‍ത്ഥ വിശ്വാസികളും, കപടന്മാരും ആരൊക്കെയാണെന്നും മറ്റുമുള്ള വസ്തുത അല്ലാഹുവിനു മുന്‍കൂട്ടിത്തന്നെ തികച്ചും അറിയാവുന്നതാണ്. എങ്കിലും, പരീക്ഷണങ്ങള്‍ മുഖേന സത്യവാദികളും, അസത്യവാദികളും തമ്മില്‍ വ്യക്തമായി വേര്‍തിരിയുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. (അമാനി തഫ്സീര്‍)

ഹിജ്റ (സ്വരാജ്യം ത്യജിച്ചുപോകല്‍), സമരം, ദേഹേച്ഛകള്‍ വര്‍ജ്ജിക്കല്‍, നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകല്‍, അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കല്‍, ദേഹത്തിലും, ധനത്തിലും, മാനത്തിലും നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ എന്നിങ്ങിനെയുള്ള പല കാര്യങ്ങള്‍ മുഖേനയും സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെടുന്നതാകുന്നു. വിശ്വാസത്തിന്റെ ഏറ്റക്കുറവനുസരിച്ചായിരിക്കും പരീക്ഷണത്തിന്റെ ഏറ്റക്കുറവും. കൂടുതല്‍ പരീക്ഷണത്തിനു പാത്രമാകുന്നവര്‍ക്കു അല്ലാഹു കൂടുതല്‍ പ്രതിഫലം നല്‍കുന്നതുമാകുന്നു. (അമാനി തഫ്സീര്‍)

താൻ ഒരു വിശ്വാസിയാണെന്ന് പറയുകയും തനിക്ക് വിശ്വാസം ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആരും പരീക്ഷണങ്ങളിൽനിന്നും പ്രയാസങ്ങളിൽനിന്നും സുരക്ഷിതരായിരിക്കില്ലെന്നാണ് അല്ലാഹുവിന്റെ യുക്തി. വിശ്വാസത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അവർക്ക് ആശയക്കുഴപ്പങ്ങൾ ഉണ്ടായിരിക്കും. അങ്ങനെയല്ലെങ്കിൽ ആത്മാർഥതയുള്ളവനെയും കള്ളം പറയുന്നവനെയും സത്യത്തെ പിന്തുടരുന്നവനെയും അസത്യത്തിന്റെ വക്താവിനെയും തിരിച്ചറിയാനാവില്ല. പൂർവസമുദായങ്ങളിലും ഈ സമുദായത്തിലും അല്ലാഹുവിന്റെ നടപടിക്രമം സന്തോഷത്തിലും ദുഃഖത്തിലും ആശ്വാസത്തിലും പ്രയാസത്തിലും ഉന്മേഷത്തിലും വെറുപ്പിലും സമ്പന്നതയിലും ദാരിദ്ര്യത്തിലും അവരെ പരീക്ഷിച്ചുകൊണ്ടിരിക്കുക എന്നതാണ്. (തഫ്സീറുസ്സഅ്ദി)

عَنْ مُصْعَبِ بْنِ سَعْدٍ، عَنْ أَبِيهِ، قَالَ قُلْتُ يَا رَسُولَ اللَّهِ أَىُّ النَّاسِ أَشَدُّ بَلاَءً قَالَ ‏ “‏ الأَنْبِيَاءُ ثُمَّ الأَمْثَلُ فَالأَمْثَلُ فَيُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ فَإِنْ كَانَ دِينُهُ صُلْبًا اشْتَدَّ بَلاَؤُهُ وَإِنْ كَانَ فِي دِينِهِ رِقَّةٌ ابْتُلِيَ عَلَى حَسَبِ دِينِهِ فَمَا يَبْرَحُ الْبَلاَءُ بِالْعَبْدِ حَتَّى يَتْرُكَهُ يَمْشِي عَلَى الأَرْضِ مَا عَلَيْهِ خَطِيئَةٌ ‏”‏

മിസ്ബബ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ് നബി ﷺ പറഞ്ഞു: ‘പ്രവാചകന്മാര്‍. ശേഷം അവരോട് അടുത്തവ൪, ശേഷം അവരോട് അടുത്തവ൪,. ഓരോരുത്തരും അവരുടെ മതത്തിന്റെ കണക്കനുസിച്ച് പരീക്ഷിക്കപ്പെടും. ഒരാള്‍ മതത്തില്‍ നല്ല ഉറപ്പിലാണെങ്കില്‍ അവന്റെ (പരീക്ഷണത്തിന്റെ) ശക്തിയും അധികരിക്കപ്പെടും. അവന്‍ മതത്തില്‍ നേരിയ തോതിലാണെങ്കില്‍ അവന് (പരീക്ഷണത്തിന്റെ) ശക്തിയും ലഘൂകരിക്കപ്പെടും. ഒരു ദാസന് ഭൂമിയില്‍ നടക്കുമ്പോള്‍ അവനില്‍ പാപങ്ങളൊന്നും ഇല്ലാത്തവിധം പരീക്ഷണം ഉണ്ടായിക്കൊണ്ടേയിരിക്കും’. (തിര്‍മുദി:2398)

عَنْ خَبَّابِ بْنِ الأَرَتِّ، قَالَ شَكَوْنَا إِلَى رَسُولِ اللَّهِ صلى الله عليه وسلم وَهْوَ مُتَوَسِّدٌ بُرْدَةً لَهُ فِي ظِلِّ الْكَعْبَةِ، قُلْنَا لَهُ أَلاَ تَسْتَنْصِرُ لَنَا أَلاَ تَدْعُو اللَّهَ لَنَا قَالَ ‏ :‏ كَانَ الرَّجُلُ فِيمَنْ قَبْلَكُمْ يُحْفَرُ لَهُ فِي الأَرْضِ فَيُجْعَلُ فِيهِ، فَيُجَاءُ بِالْمِنْشَارِ، فَيُوضَعُ عَلَى رَأْسِهِ فَيُشَقُّ بِاثْنَتَيْنِ، وَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ، وَيُمْشَطُ بِأَمْشَاطِ الْحَدِيدِ، مَا دُونَ لَحْمِهِ مِنْ عَظْمٍ أَوْ عَصَبٍ، وَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ، وَاللَّهِ لَيُتِمَّنَّ هَذَا الأَمْرَ حَتَّى يَسِيرَ الرَّاكِبُ مِنْ صَنْعَاءَ إِلَى حَضْرَمَوْتَ، لاَ يَخَافُ إِلاَّ اللَّهَ أَوِ الذِّئْبَ عَلَى غَنَمِهِ، وَلَكِنَّكُمْ تَسْتَعْجِلُونَ ‏‏.

ഖബ്ബാബ് رَضِيَ اللَّهُ عَنْهُ പറയുന്നു:ഞങ്ങള്‍ക്ക് ഖുറൈശികളുടെ മര്‍ദ്ദനം കഠിനമായിത്തീര്‍ന്നപ്പോള്‍, ഞങ്ങള്‍ക്ക് വേണ്ടി അങ്ങ് പ്രാര്‍ത്ഥിക്കുന്നില്ലേ, രക്ഷ തേടുന്നില്ലേ എന്നൊക്കെ ഞങ്ങള്‍ നബിﷺയോട് സങ്കടപ്പെടുകയുണ്ടായി. നബി ﷺ ഒരു പുതപ്പു തലയണയാക്കിക്കൊണ്ട് കഅ്ബയുടെ നിഴലില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ മുമ്പ് (മുന്‍ സമുദായങ്ങളില്‍) ഒരാളെ പിടിച്ച് ഭൂമിയില്‍ കുഴിവെട്ടി അതില്‍ നിറുത്തി അവന്റെ തലയില്‍ വാളുളി വെച്ച് അവനെ രണ്ടു പൊളിയാക്കുമായിരുന്നു; ഇരുമ്പിന്റെ ചീര്‍പ്പ് കൊണ്ട് അവന്‍റെ മാംസവും എല്ലുമല്ലാത്ത ഭാഗം മുഴുവനും വാര്‍ന്നെടുക്കുകയും ചെയ്‌തിരുന്നു. അതൊന്നുംതന്നെ അവന്‍റെ മതത്തില്‍ നിന്നും അവനെ തടയുമായിരുന്നില്ല. അല്ലാഹുവാണ് സത്യം! ഒരു വാഹനക്കാരന്‍ (യമനിലെ) സ്വന്‍ആഇല്‍ നിന്നു ഹളര്‍മൂത്തിലേക്ക് പോകുമ്പോള്‍ അല്ലാഹുവിനെയും, ആടുകളെ സംബന്ധിച്ച് ചെന്നായയെയും അല്ലാതെ മറ്റൊന്നും പേടിക്കാനില്ലാത്തവണ്ണം ഇക്കാര്യം (ഇസ്‌ലാമിന്‍റെ നില) പരിപൂര്‍ണ്ണമാകുകതന്നെ ചെയ്യും. പക്ഷേ, നിങ്ങള്‍ ധൃതിപ്പെടുകയാണ് ചെയ്യുന്നത്. (ബുഖാരി : 3612)

أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّٰبِرِينَ

അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ? (ഖു൪ആന്‍:3/142)

പരീക്ഷണങ്ങളില്‍ സ്ഥൈര്യവും, സഹനവും അവലംബിക്കുന്നവര്‍ക്കേ ഇഹത്തില്‍ വിജയവും, പരത്തില്‍ സ്വര്‍ഗവും ലഭിക്കുകയുള്ളൂ. (അമാനി തഫ്സീര്‍)

أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ ‎

അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌. (ഖു൪ആന്‍:2/214)

ഒരുവന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി കാര്യങ്ങളിൽ സംശയങ്ങൾ നേരിടുമ്പോൾ പതറാതെ തന്റെ വിശ്വാസം കൊണ്ട് പിടിച്ചുനിൽക്കുക. അതൊന്നും തന്നെ താൻ സ്വീകരിച്ച വിശ്വാസത്തിൽ നിന്ന് പിന്തിരിയാൻ കാരണമായിക്കൂടാ. അല്ലാഹുവും പ്രവാചകനും നിർദേശിച്ച കാര്യങ്ങൾക്ക് വിരുദ്ധമായ തെറ്റുകളിലേക്കും അനുസരണക്കേടിലേക്കും ദേഹേച്ഛകൾ ശക്തമായി ക്ഷണിക്കുമ്പോൾ വിശ്വാസം അനുസരിച്ച് പ്രവർത്തിക്കാനും ദേഹേച്ഛകൾക്കെതിരെ സമരം ചെയ്യാനും കഴിയണം. അതെല്ലാം അവരുടെ വിശ്വാസത്തിന്റെ സത്യതയെയും സ്വീകാര്യതയെയും അറിയിക്കുന്നു. എന്നാൽ ആശയക്കുഴപ്പങ്ങളും സംശയങ്ങളും വരുമ്പോൾ അത് അവന്റെ മനസ്സിനെ സ്വാധീനിക്കുകയും സംശയം ഉണ്ടാക്കുകയും ചെയ്യുകയും അത് തെറ്റുകളിലേക്കും നിർബന്ധ ബാധ്യതകൾ ഉപേക്ഷിക്കുന്നതിലേക്കും നയിക്കുകയും ചെയ്യുന്നുവെങ്കിൽ അത് വിശ്വാസത്തിന്റെ അപര്യാപ്തതയെയും ദുർബലതയെയും അറിയിക്കുന്നു. (തഫ്സീറുസ്സഅ്ദി:29/2,3)

ചുരുക്കത്തിൽ:

  • ഈമാൻ പരീക്ഷിക്കപ്പെടും.
  • പരീക്ഷണത്തിലൂടെ മുഅ്മിനാണോ വ്യാജനാണോ എന്ന് വെളിവാക്കപ്പെടും.
  • പരീക്ഷണത്തിൽ വിജയിക്കുന്നവര്‍ക്കെ ഇഹത്തില്‍ വിജയവും, പരത്തില്‍ സ്വര്‍ഗവും ലഭിക്കുകയുള്ളൂ.
  • ആഗ്രഹങ്ങൾക്കും ദേഹേച്ഛകൾക്കും അടിമപ്പെടുന്നതിൽ നിന്നും ഈമാനിലെ ദൃഢത സുരക്ഷിതത്വം നൽകുന്നു.

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *